അപ്പനിലെ ഞൂഞ്ഞ് പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞുപോയ ആണും മറ്റ് ആണുങ്ങള്‍ തങ്ങള്‍ ആണുങ്ങളാണെന്ന് സ്ത്രീകള്‍ കല്പിച്ചുനല്‍കുന്ന സ്ഥാനത്തെവച്ച് പ്രശ്‌നങ്ങളെ നേരിടാന്‍ മറുവഴികള്‍ തേടുന്നവരുമാണ്. എന്നാല്‍ സ്ത്രീകളാവട്ടെ, ഒരു കൂസലുമില്ലാതെ അവസാനം വരെ ഉറച്ച മനസ്സോടെ നില്‍ക്കാന്‍ കഴിയുന്നവരാണ്. പ്രശ്‌നങ്ങളെ നേരിടാനും സമചിത്തതയോടെ സമീപിക്കാനും മറുവഴികള്‍ തേടുന്നവരാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശക്തമായ സ്ത്രീപക്ഷസിനിമയാണ് അപ്പന്‍.
5 Nov 2022, 10:55 AM
വെകിളി പിടിച്ചോടുന്ന മൃഗത്തിനുമുന്നില്‍ ചെന്നുനിന്ന് അതിനെ അടക്കാന്‍ ശ്രമിക്കുന്നയാള്‍ മൂഢനും അതിന്റെ പുറകെ ചെന്ന് കുരുക്കിട്ട് വീഴ്ത്തി കെട്ടിയിടുന്നയാള്‍ യുക്തിശാലിയുമാണ്. ആ ഓട്ടം ആണത്തത്തിന്റെയും ആണ്‍പെരുമയുടെയും വിഡ്ഢിത്തവും മാനസികവൈകല്യവുമാകുന്നത് ജല്ലിക്കെട്ടില്‍ (2019, സംവി: ലിജോ ജോസ് പെല്ലിശ്ശേരി) കണ്ടതാണ്. ഒരുപക്ഷേ, വ്യക്തിവൈകല്യങ്ങളേക്കാള്‍ സമൂഹമെന്ന മാസിന്റെ യുക്തിഹീനമായ പ്രവൃത്തികളെ പിന്തുടരാന്‍ എളുപ്പമാണ് എന്ന ബോധ്യപ്പെടുത്തലാണ് അവിടെ കണ്ടത്.
നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുക എന്നതിനപ്പുറം, ധാരണകളെയും മൂല്യങ്ങളെയും രൂപപ്പെടുത്തുക കൂടിയാണ് സിനിമ ചെയ്യുന്നത്. വെകിളി പിടിച്ച മൃഗത്തിനു മുന്നിലെത്തുന്ന മൂഢന്മാരും കുരുക്കിട്ടു പുറകിലെത്തുന്ന യുക്തിശാലികളും എന്ന ദ്വന്ദ്വമാണിവിടെ പ്രവര്‍ത്തിക്കുന്നത്. ആണുങ്ങള്‍ വെകിളി പിടിച്ച മൃഗവും മൂഢന്മാരും സഹകാരികളുമാകുമ്പോള്‍ സ്ത്രീകള്‍ യുക്തിശാലികളായ കേന്ദ്രമാകുന്നു. വെര്‍ജിനിയ വൂള്‍ഫ് തനിക്കു മുന്നിലുള്ള ലോകത്തെ പുരുഷന്മാരുടെയും സ്ത്രീകളുടെയും എന്ന് കല്പിക്കപ്പെട്ട വ്യത്യാസങ്ങളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതു വ്യക്തം.
സ്ത്രീപക്ഷ സിനിമയാകുന്നത്...
ആണധികാരകേന്ദ്രം അതിന്റെ ദൗര്‍ബ്ബല്യങ്ങളെ മറച്ചുവയ്ക്കാനായി ശരീരകേന്ദ്രിതമായ സങ്കല്പങ്ങളിലേക്ക് പോകുന്നതും സ്ത്രീയെ വിവരമില്ലാത്തവളാക്കുന്നതും നവലോകക്രമത്തിലും പഥ്യം. അങ്ങനെയായതിനാല്‍ ഒരു സിനിമയുടെ കാതലായ വശമേതെന്ന് ആലോചിച്ചു കുഴങ്ങേണ്ടതില്ല. അപ്പന്‍ (2022, സംവി: മജു) എന്ന സിനിമയിലെ ഞൂഞ്ഞ് പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞുപോയ ആണും മറ്റ് ആണുങ്ങള്‍ തങ്ങള്‍ ആണുങ്ങളാണെന്ന് സ്ത്രീകള്‍ കല്പിച്ചുനല്‍കുന്ന സ്ഥാനത്തെവച്ച് പ്രശ്‌നങ്ങളെ നേരിടാന്‍ മറുവഴികള്‍ തേടുന്നവരുമാണ്. എന്നാല്‍ സ്ത്രീകളാവട്ടെ, ഒരു കൂസലുമില്ലാതെ അവസാനം വരെ ഉറച്ച മനസ്സോടെ നില്‍ക്കാന്‍ കഴിയുന്നവരാണ്. പ്രശ്‌നങ്ങളെ നേരിടാനും സമചിത്തതയോടെ സമീപിക്കാനും മറുവഴികള്‍ തേടുന്നവരാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശക്തമായ സ്ത്രീപക്ഷസിനിമയാണ് അപ്പന്‍.
കേന്ദ്രകഥാപാത്രമായ അപ്പന്‍ കേവലം ഒരു വ്യക്തിയല്ല. സമൂഹം കല്പിച്ചു നല്കിയ വികലധാരണകളിലെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന കഥാപാത്രമാണ്. അപ്പന്‍ നമുക്കു ചുറ്റുമുള്ള പുരുഷഭാവനകളിലെ അനേകരുടെ സ്വത്വത്തെയാണ് എടുത്തുകാണിക്കുന്നത്. അതുകൊണ്ടുതന്നെ അപ്പനെന്ന കഥാപാത്രം ഒളിഞ്ഞും തെളിഞ്ഞും അങ്ങനെ ചിന്തിക്കുന്നവരെ അസ്വസ്ഥരാക്കും. പ്രേക്ഷകരായി വരുന്ന അത്തരക്കാര്‍ അപ്പനെന്ന വ്യക്തിയെ തങ്ങളുടെ മാനസികഭാവത്തോട് ചേര്‍ക്കുകയും ആ വസ്തുതയെ ഉള്‍ക്കൊള്ളാനാവാതെ (അഥവാ അത് വെളിപ്പെടുന്നതില്‍) വേവലാതിപ്പെടും. സിനിമയാവട്ടെ, ഏറ്റവും സമര്‍ത്ഥമായി അപ്പനിലെ വ്യക്തിഭാവത്തെ മൂര്‍ത്തവല്‍ക്കരിക്കുകയും അതിലേക്ക് ആരും വരാതിരിക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. ഇതെങ്ങനെയെന്ന് ദൃശ്യഭാഷയുമായി ബന്ധപ്പെടുത്തി പിന്നീട് വിശദീകരിക്കുന്നു.
മലയാളത്തിലെ സമാന്തര/മധ്യവര്‍ത്തി സിനിമകളുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രത്യേകതകളാണ് യഥാതഥമായ അവതരണവും ആധുനികതയുടെ കാഴ്ചപ്പാടുകളും. സമാന്തരസിനിമകള്‍ അഥവാ കലാസിനിമകള്‍ എന്നു വിളിക്കുന്നവയുടെ സംവിധായകര്‍ ആധുനികമായ ആശയങ്ങള്‍ക്കൊപ്പമാണ് റിയലിസ്റ്റ് കാഴ്പ്പാടുകളും ഉയര്‍ത്തിക്കാണിച്ചത്. മുഖ്യധാരയിലേക്ക് ഇവ ആശയങ്ങള്‍ നല്‍കിയെന്നതാണ് പിന്നീടു പല തലങ്ങളിലും കണ്ടിട്ടുള്ള മാറ്റങ്ങള്‍ കാണിക്കുന്നത്. സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവും കലാപരവുമായ ആധുനികവല്‍ക്കരണമാണ് സിനിമകള്‍ മൊത്തത്തില്‍ നടത്തിയിട്ടുള്ളത്. സാമൂഹികമാറ്റവും ആശയങ്ങളുടെ നവീകരണവും സിനിമകള്‍ താല്പര്യപ്പെടുന്ന മേഖലകളാണ്. എന്നാല്‍ അവ എത്രത്തോളം പ്രാവര്‍ത്തികമാക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്.
മാറിവരുന്ന ഭാവുകത്വത്തിന് പുരുഷ- സ്ത്രീ കാഴ്ചപ്പാടുകളെ വ്യക്തമായ ധാരണയോടെ സമീപിക്കാന്‍ സാധിക്കുന്നുണ്ട്. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഇടംതേടുന്ന ഓരോരുത്തരും അത് വെളിപ്പടുത്താന്‍ ബാധ്യസ്ഥരാണ്. കാലാകാലങ്ങളായി, സാമ്പ്രദായിക ധാരണകളെന്നോണം നിലനിന്ന മൂല്യവ്യവസ്ഥയെ, അതിലെ ഇരുണ്ട കോണുകളെ തുറന്നുകാണിക്കാന്‍ അവര്‍ തയ്യാറാകുന്നു. വായനയില്‍നിന്ന് അകന്നുപോയവര്‍ മാത്രമാണ് ഇതിലേക്കെത്താത്തത്.
ഗാഡ്ജറ്റുകളിലെ വായനക്കാര്‍ -തലക്കെട്ടുകളിലൂടെ വായന ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍- വെറും വായനക്കാര്‍ മാത്രമാകുന്നതും കമ്പോടു കമ്പ് മറുപടികള്‍ മാത്രം പ്രതീക്ഷിക്കുന്നവരും വൈറലുകളെ പ്രണയിക്കുന്നവരുമാണ്. അങ്ങനെ വൈറലാകുമ്പോള്‍, വാര്‍ത്തയാകുമ്പോള്‍ അതുമാത്രം ലക്ഷ്യമാക്കി പുതിയ ചാനല്‍സ്വപ്നങ്ങള്‍ കാണുന്നവരാണ്. അവരെ കാണാനും കേള്‍ക്കാനും വരുന്ന കൂട്ടുത്തരവാദികളെ തല്ലുമാല (2022, സംവി: ഖാലിദ് റഹ്‌മാന്‍)യില്‍ കണ്ടു. നവലോകം പ്രശ്‌നഭരിതമാകുന്നത് ഇത്തരം വിഷയങ്ങളില്‍മാത്രമാണ്. അതിന്റെ അടിത്തട്ടില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് അവ ബോധ്യപ്പെടുത്തുന്നു. എന്നാല്‍ പ്രണയത്തിന്റെയും പകയുടെയും വെറുപ്പിന്റെയും സ്വാര്‍ഥതയുടെയും വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ വന്നുപോകുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ കാണാതിരുന്നുകൂടാ. ഇവയ്ക്ക് ഈ മാനസികാവസ്ഥയോട് ചാര്‍ച്ചയുണ്ട്. അതേക്കുറിച്ച് ഇവിടെ വിശകലനം ചെയ്യാന്‍ ഇടംപോരാ.
കോണുകള്‍ അളവിന്റെയും കൃത്യതയുടെയും സാധ്യതകളെ കാണിച്ചു തരുന്നു. അതിലെ ഡിഗ്രികളെ നമുക്കാവശ്യമുള്ള തോതില്‍ വിന്യസിക്കാന്‍ സാധിക്കും. എവിടെനിന്ന് എവിടേക്കാണ് നോട്ടമെത്തേണ്ടതെന്ന് അത് ക്രമീകരിക്കുന്ന ആള്‍ക്കറിയാം. എന്നാല്‍ ഇവിടെ വ്യക്തിയെന്ന നിലയില്‍ ഓരോരുത്തരും ഓരോ കോണുകളാണ്. കോണുകളില്‍ മാത്രം നില്‍ക്കുന്നവര്‍. ആ കോണുകളെ പരസ്പരം ബന്ധിച്ചു നിര്‍ത്തുന്നത് സമൂഹമാണ്. കോണുകള്‍ക്കും അവയെ ബന്ധിക്കുന്ന വരകള്‍ക്കുമിടയില്‍ നിരവധി അടരുകളുണ്ട്. അവയോരോന്നിലും പുരുഷന്‍ എന്ന ധാര്‍ഷ്ട്യം കര്‍തൃത്വമായി അടയാളപ്പെടുന്നുണ്ടെങ്കിലും അതിനെ മറികടക്കുന്ന സ്ത്രീകളുടെ നിയന്ത്രണമാണ് പ്രധാനം എന്നുകാണിക്കുന്ന സ്ത്രീപക്ഷസിനിമയാണ് അപ്പന്‍. കര്‍തൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ചുറ്റുപാടുകളിലേക്കാണ് ഞൂഞ്ഞ് വളര്‍ന്നുവീഴുന്നത്. അപ്പന്റെ രീതികള്‍ അപ്പനെ അപ്പനായിക്കാണാന്‍ അനുവദിക്കുന്ന ഒന്നല്ല. സമാനമായ ചുറ്റുപാടുകളോ അപ്പനോ അവന് അറിയാവുന്ന ഇടത്തെവിടെയും ഇല്ല. ഇവ രണ്ടും കാരണങ്ങളാണ്. ഏറ്റവും വെറുക്കപ്പെടുന്ന ആളായി അപ്പനെ കാണുന്നവരില്‍നിന്നും തന്നെ ബന്ധിക്കുന്ന അപ്പനിലേക്ക് ഏറെ ദൂരമുണ്ട് എന്ന തിരിച്ചറിവാണ് ഞൂഞ്ഞിന്റെ ആശയക്കുഴപ്പത്തിന് പ്രസക്തിയുണ്ടാക്കുന്നത്. അയാളില്‍ ചോര്‍ന്നുപോയ ധൈര്യത്തിന്റെയും തീരുമാനമെടുക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്നതിന്റെയും അംശങ്ങള്‍ ഏറെയുണ്ട്.
നേരത്തേ സൂചിപ്പിച്ച കോണുകളെ ബന്ധിക്കുന്ന വരകളെ പ്രതിനിധീകരിക്കുന്നത് വീടാണ്. ദൃശ്യതലത്തിലെ ഈ സാധ്യതയെ പ്രയോജനപ്പെടുത്താന്‍ വീടിന്റെ ഘടനയ്ക്ക് സാധിക്കുന്നുണ്ട്. കോണോടുകോണ്‍ ചേര്‍ന്ന് നില്‍ക്കുന്ന വീട്. എല്ലാ വശത്തുനിന്നും കാഴ്ചയെത്തുന്ന പഴയ കെട്ടിടത്തിന്റെ ജീവനുള്ള ഘടനയില്‍ കഥാപാത്രങ്ങള്‍ക്ക് ഇടപെടുന്നതിനും സംവദിക്കുന്നതിനും മറ്റൊരാശ്രയംവേണ്ട. എന്നിട്ടും പുറത്തുനിന്നൊരാള്‍ക്കു കടന്നുവരാന്‍ അനുവാദം വേണ്ടിവരുന്ന കെട്ടുറപ്പ് അവിടെയുണ്ട്. ആ അനുമതി നല്‍കാനും ശരിയായി പാലിക്കുന്നുണ്ടോ എന്ന് നോക്കാനും സ്ത്രീകള്‍തന്നെ വേണം. പുരുഷന്റെ ഓരോ ആക്രോശത്തെയും അവര്‍ അടക്കിനിര്‍ത്തുന്നു. അതില്‍ ഉറച്ച ശബ്ദമുണ്ട്, കരച്ചിലുണ്ട്, തേങ്ങലുണ്ട്, ഉത്തരവാദിത്തബോധത്തോടെയുള്ള പെരുമാറ്റമുണ്ട്, സ്വാര്‍ത്ഥതയുണ്ട്. ഇവയോരോന്നും ഓരോ കഥാപാത്രങ്ങളുടേതായല്ല, ഓരോരുത്തരിലും ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നവയാണ്.
ജനലിനപ്പുറം ജീവിതം പോലെയീ ...
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സന്ദര്‍ശനം എന്ന കവിതയിലെ താഴെക്കൊടുത്തിരിക്കുന്ന ആറു വരികള്‍ ഈ സിനിമയെ പൂര്‍ത്തീകരിക്കുന്നുണ്ട്. ഈ വരികളില്‍ അപ്പനെന്ന സിനിമയുണ്ട്. സിനിമയെ വായിക്കാനുള്ള പഴുതുകളുണ്ട്. കവിതപോലെ ആഴമുള്ള, അര്‍ത്ഥപരിണാമങ്ങള്‍ക്ക് സാധ്യതയുള്ള അവതരണമാകുന്ന സിനിമ. സിനിമയെ കവിതപോലെ കാണുക എന്നു പറയുമ്പോള്‍ ദൃശ്യാഖ്യാനത്തിലെ തലങ്ങളെ ഒഴിവാക്കി, വാക്കുകളുടെ അര്‍ത്ഥവിശകലനമാണ് നോക്കേണ്ടത് എന്നര്‍ത്ഥമില്ല. എന്നാല്‍ ആത്മവേദനകളെ, മൗഢ്യങ്ങളെ, പേടിയുടെ തുരുത്തുകളെ ദൃശ്യാഖ്യാനത്തിലേക്ക് എത്തിക്കാനുള്ള കഴിവ് കവിതയുമായുള്ള സാമ്യത്തെ കാണിച്ചുതരുന്നു. ഈ രീതി സ്വീകരിച്ചാല്‍ Cinema of Poetry എന്ന് പിയര്‍ പൗലോ പസോളിനിയുടെ സിനിമകളുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്ന വരികള്‍ അപ്പനെന്ന സിനിമയ്ക്കുചേരും. അതുകൊണ്ടാണ് സന്ദര്‍ശനത്തിലെ വരികള്‍ ഇവിടെ കടന്നുവരുന്നത്.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേയ്‌ക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നുപോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.
ഇതിനെ സിനിമയുമായി ചേര്‍ത്ത് ഒരു വിശദീകരണം നല്‍കണമെന്നില്ല. എന്നാല്‍ കാവ്യാനുഭവത്തെ (അതിലെ ഒരു സന്ദര്‍ഭത്തെ) സ്വീകരിച്ചുകൊണ്ട് സിനിമാനുഭവത്തിലേക്ക് ചേര്‍ക്കാനുള്ള ശ്രമമായി കണ്ടാല്‍മതി.
ജനലിനപ്പുറവും ഇപ്പുറവും കഥാപാത്രങ്ങള്‍ സംവദിക്കുകയാണ്. അപ്പന്റെ ജീവിതത്തിലെ ഒരേടുപോലും മറ്റുള്ളവരുടെ സംഭാഷണത്തിലൂടെയല്ലാതെ സിനിമയില്‍ നേരിട്ടുവരുന്നില്ല. അയാള്‍ കൊല്ലപ്പെടേണ്ടവനാണെന്ന ബോധ്യം എല്ലാ നിയമങ്ങള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കുമപ്പുറം മുഴച്ചുനില്‍ക്കുന്നു.
പകല്‍വെളിച്ചം പൊലിയുമ്പോഴാവട്ടെ, ഇരുണ്ട മഞ്ഞനിറത്തിലുള്ള വെളിച്ചം കഥാപാത്രങ്ങളുടെ മാനസികാവസ്ഥപോലെ തെളിഞ്ഞുവരുന്നു. അവിടെ ഉറക്കം നഷ്ടപ്പെട്ടവരും പരസ്പരം പ്രാകുന്നവരും തമ്മില്‍ത്തല്ലുന്നവരും വേദനകളില്‍ അമരുന്നു. ഓരോ അമര്‍ച്ചയിലും അസ്വസ്ഥതയേറ്റുന്ന ദൃശ്യമായി മഞ്ഞവെളിച്ചം മാറുകയാണ്. കൂട്ടിലേക്ക് ഓര്‍മ്മകളുടെ കിളികള്‍ പറക്കുകയാണ്. അവ ചിറകടിശബ്ദങ്ങളില്ലാതെ നിശ്ശബ്ദം തേങ്ങുകയാണ്. ചിറകു പൂട്ടുവാനുള്ള പറക്കല്‍. എന്നാല്‍ അതൊരിക്കലും സാധ്യമാവുന്നില്ലതാനും. ആശയക്കുഴപ്പത്തിന്റെയും പരിസരബോധത്തിന്റെയും ഇടയില്‍ നഷ്ടപ്പെടുന്നവര്‍. ഓരോ രാത്രിയും ഉറക്കമില്ലാതെ നഷ്ടപ്പെടുന്നവര്‍. മറ്റെങ്ങോട്ടെങ്കിലും മാറാനോ പുതിയൊരിടത്തെ അറിയാനോ ഒരിക്കലും സാധ്യതയില്ലാത്തവര്‍. അവരുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുംമേല്‍ ഏറ്റവും വെറുക്കപ്പെടുന്ന ഒരാളെ ഉപേക്ഷിക്കാനാവാത്ത സന്ദിഗ്ധത. വെറുപ്പിന്റെ അങ്ങേത്തലയോളം പോകുമ്പോഴും മറ്റെന്തെല്ലാമോ പിന്‍വലിക്കുന്നവര്‍. അത്, സമൂഹമെഴുതിയ പാഠങ്ങളുടെ ആവര്‍ത്തനത്തോട് ബന്ധപ്പെടുന്നു. ആരെയും എതിര്‍ക്കാനാവാതെ, എന്നാല്‍ എതിര്‍പ്പുകളെ തമസ്‌കരിക്കാനാവാതെ എന്തൊക്കെയോ കാണിച്ചുകൂട്ടുമ്പോഴും പുറകോട്ടു വലിക്കുന്ന മറ്റൊരു ഐഡന്റിറ്റി പോലുമില്ലാത്തവന്റെ നിസ്സഹായത. അത് ദയയായും സ്‌നേഹമായും വിലാപമായും നിറഞ്ഞുനില്‍ക്കുന്നു.
പരസ്പരം മറന്ന് മിഴികളില്‍ നഷ്ടപ്പെടുന്നവരാണ് കഥയിലെ ഓരോരുത്തരും. അവരുടെ ഓര്‍മ്മകളിലെങ്കിലും മറ്റുള്ളവര്‍ ഛിന്നഭിന്നമായ സത്യങ്ങളാണ്. ആരെക്കുറിച്ചും ഏതുസമയത്തും മറുവാക്കുകള്‍ പറയാന്‍ വ്യക്തികള്‍ തയ്യാറാണെന്നു ബോധ്യപ്പെടുത്തുന്ന നിമിഷങ്ങള്‍. ഇരുണ്ട വെളിച്ചത്തില്‍മാത്രം നിര്‍ത്തിയിരിക്കുന്ന ചുറ്റുപാടുകളാണ് എല്ലായിടത്തും. കഥാസന്ദര്‍ഭത്തിലെങ്ങും അങ്ങനെയൊരു ടോണ്‍ മാത്രമേ കാണാനാവൂ. പ്രത്യക്ഷത്തില്‍ വെളിച്ചമെത്തിയാലും വാക്കുകളിലും വികാരങ്ങളിലും ഇരുണ്ട നിറത്തെത്തന്നെ ആവിഷ്‌കരിക്കുന്നു.
മിഴികളില്‍ നഷ്ടപ്പെടുന്നത് പ്രേക്ഷകരാണ്. അവരെ മാറ്റി നിര്‍ത്തിയിരിക്കുന്നു. അവര്‍ ഒരിടത്തും കഥയുടെ ഉള്ളിലേക്കുവരേണ്ടവരല്ല. അവര്‍ അവരുടേതായ ഇടത്ത് മാറിനിന്ന് കണ്ടാല്‍മാത്രം മതി. ഇതിലെ ഒരു സാഹചര്യത്തെപ്പോലും പകര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. അങ്ങനെ മാത്രമേ സന്ദര്‍ഭങ്ങളോരോന്നും തോന്നിക്കൂ.
അലൻസിയറും സണ്ണി വെയ്നും
അപ്പനെ സാക്ഷാത്കരിക്കാന്‍ അലന്‍സിയറെപ്പോലെ വേറൊരാളില്ലെന്നും മകനെ അവതരിപ്പിക്കാന്‍ സണ്ണി വെയ്‌നല്ലാതെ മറ്റൊരാള്‍ക്കാവില്ലെന്നും തോന്നിച്ച സിനിമ കൂടിയാണിത്. ഓരോ കഥാപാത്രത്തിനും പകരംവയ്ക്കാന്‍ ആളില്ല എന്നതാണ് ഇതിന്റെ വിജയം. അല്ലെങ്കില്‍ മറ്റൊരാളെ ആ സ്ഥാനത്തേക്ക് സങ്കല്പിച്ചുനോക്കാന്‍ സാധിക്കാത്ത രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഈ അപ്പനെന്തൊരപ്പനാണെന്ന് സ്വന്തം അപ്പനോടും അമ്മയോടും ചോദിച്ചു പോകുന്ന പ്രേക്ഷകനെ ഓരോ തവണയും ലോംഗ്‌ഷോട്ടിലേക്കു മാറ്റി, അവിടെ നിന്ന് കണ്ടാല്‍മതി എന്ന് സംവിധായകന്‍ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും ഇങ്ങനെയുണ്ടെങ്കില്‍, അല്ലെങ്കില്‍ ഉണ്ടാവില്ല, ഉണ്ടാവരുത് എന്ന അഭ്യര്‍ത്ഥന കൂടി വിഷ്വല്‍ പ്രസന്‍സില്‍ കൊണ്ടുവരുന്നതാണ് സിനിമയുടെ വിജയം. സിനിമാഖ്യാനത്തില്‍ വിഷ്വലിലേക്ക് താദാത്മീകരിക്കപ്പെടുന്ന കാഴ്ചക്കാരന്‍ ഇപ്പോള്‍ വെറും മിഥ്യ! കഥാപാത്രങ്ങളിലേക്കോ രംഗങ്ങളിലേക്കോ ചേര്‍ക്കാതെ അന്യവല്‍ക്കരിക്കുന്ന മികവ്. അത്രമാത്രം കൈയൊതുക്കത്തോടെയും ശ്രദ്ധയോടെയും ഓരോ രംഗവും ഓര്‍മ്മിച്ചെടുക്കാനാവും. കഥയെയല്ല, സിനിമയെയാണ് കാണേണ്ടത് എന്ന് അപ്പന്‍ ഓര്‍മ്മിപ്പിക്കുന്നു.
സിനിമയുടെ ആദ്യരംഗത്തുതന്നെ പകല്‍ കത്തിനില്‍ക്കുന്ന വീടിന്റെ മുകളിലെ ബള്‍ബ് കാണുന്നുണ്ട്. അത് കത്തിക്കിടക്കുന്നതിനു കാരണം കേടായ സ്വിച്ചാണ്. അതിലേക്ക് നോട്ടമെറിഞ്ഞാണ് കഥ മുന്നോട്ടുപോകുന്നത്. കോണോടു കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന വീട്ടിലെ കത്തുന്ന ബള്‍ബ് ഓരോ രാത്രിയും പകലും മാറ്റിയിടുന്നുണ്ട്. ഓരോ സന്ദര്‍ഭത്തിലും പശ്ചാത്തലത്തില്‍ ഈ കാഴ്ച കാണാം. അതുപോലെത്തന്നെയാണ് ജീവിച്ച ജീവിതവും ഭീതിയും മരണവും നിരാശയും കഥാപരിസരത്തില്‍ നിറഞ്ഞ സാന്നിദ്ധ്യമാകുന്നത്. കേടായ സ്വിച്ച് പോലും മാറ്റാനാവാത്ത, മാറ്റാന്‍ സമയമില്ലാത്ത അവസ്ഥ; ഇവിടെ സ്വിച്ചിനെയല്ല, മനുഷ്യനെത്തന്നെയാണ് പകലും രാത്രിയുമായി തുടര്‍ച്ചകളോടെ ആവിഷ്‌കരിക്കുന്നത്.
ഓരോ കഥാപാത്രവും അടയാളപ്പെടുന്ന സന്ദര്‍ഭം മറ്റൊരു സിനിമയിലും ഇത്രമാത്രം ശക്തമായി കാണാനാവില്ല. അമ്മയും ഭാര്യയും സഹോദരിയും ഭര്‍ത്താവും കാമുകിയും കൂട്ടിക്കൊടുപ്പുകാരനും വില്ലനും നാട്ടുകാരനും മന്ത്രവാദിയും കുട്ടിയും എന്തിന്, ലെക്‌സിയെന്ന നായവരെ കഥയിലെ സാന്നിദ്ധ്യമാകുന്നു. നിറവാകുന്നു. അപ്പനെ, ആ സ്വഭാവരീതിയെ വല്ലാതെയങ്ങ് ഓര്‍മ്മിക്കാന്‍, അനുഭവിക്കാന്‍ എനിക്കാവതില്ലേ എന്നാണ് സിനിമ പറയാതെ പറയുന്നത്.
മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ മലയാള വിഭാഗം അധ്യാപകന്‍, ചലച്ചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുതുന്നു. ചലച്ചിത്രത്തിന്‍റെ ആഖ്യാനം, സിനിമയുടെ വ്യാകരണം, ചലച്ചിത്ര സിദ്ധാന്തങ്ങള്‍, ആഖ്യാനശാസ്ത്രം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch