ജീവിത ചോദനകളെ അമര്‍ത്തിവച്ച് ഈ ലോകം വിട്ടു പോകാന്‍ കഴിയാത്ത പിതൃ അധികാരി. അയാളുടെ കാമനാജീവിതത്തേയും അയാള്‍ക്കു ചുറ്റുമുള്ള ലോകത്തേയും ആവിഷ്‌കരിച്ച് അതു മികവുറ്റ സിനിമാനുഭവമാക്കി തീര്‍ത്തിരിക്കുന്നു സംവിധായകന്‍ മജു.
31 Oct 2022, 10:56 AM
അപ്പന്റെ മരണം കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ മലയാളി സാമാന്യബോധത്തിന് സമ്മതിച്ചു തരാന്‍ വിഷമമുള്ള ദൃശ്യമാണ്. എന്നാല്‍ ഈ പൊതുബോധത്തെ ഞെട്ടിച്ച് അട്ടിമറിക്കുന്നതാണ് മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന പുതിയ ചിത്രം. ഇട്ടി എന്ന മനുഷ്യന്റെ അസാധാരണാമാം വിധം ഒടുങ്ങാത്ത ജീവിത കാമനകളെ ചിത്രീകരിക്കുകയാണ് ചിത്രം ചെയ്യുന്നത്. ഇട്ടി എന്ന അപ്പന്റെ കൊടിയ ദുര്‍വൃത്തികളുടെ ഫലം അനുഭവിക്കുന്നത് ആത്മസംഘര്‍ഷത്തിന്റേയും ആത്മനിന്ദയുടേയും മാനസികനിലകളില്‍ തളച്ചിടപ്പെട്ട അയാളുടെ കുടുംബാംഗങ്ങളാണ്. മക്കളെയോ പങ്കാളിയേയൊ സ്‌നേഹിക്കുക എന്നത് അറിഞ്ഞുകൂടാത്ത തന്നിഷ്ടക്കാരനായ പ്രജാപതിയാണ് ഇട്ടി. ജീവിത ചോദനകളെ അമര്‍ത്തിവച്ച് ഈ ലോകം വിട്ടു പോകാന്‍ കഴിയാത്ത പിതൃ അധികാരി. അയാളുടെ കാമനാജീവിതത്തേയും അയാള്‍ക്കു ചുറ്റുമുള്ള ലോകത്തേയും ആവിഷ്‌കരിച്ച് അതു മികവുറ്റ സിനിമാനുഭവമാക്കി തീര്‍ത്തിരിക്കുന്നു സംവിധായകന്‍ മജു.
മനുഷ്യജീവിതം രേഖീയമായി ഒരിക്കലും ചരിക്കുന്നില്ല. അതു വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുക. സങ്കീര്‍ണമാണ് അതിന്റെ ഒഴുക്കുവഴികള്‍. ഭാവനയെ വെല്ലുന്ന ജൈവചോദനകളാണ് അതിനെ പലപ്പോഴും നയിക്കുന്നത്. ആ ചോദനകള്‍ ഒരു ജീവിയുടെ അതിജീവന പിടച്ചില്‍ കൂടിയാണ്. മനുഷ്യന്‍ എന്ന ഒരിക്കലും പിടിതരാത്ത ജന്തുവിന്റെ പിടച്ചില്‍. ഒരു ജീവിതത്തിന്റെ തനതായ അസ്തിത്വം എന്ന നിലയില്‍ കൂടെയുള്ളവര്‍ക്ക് അതിനെ അനുതാപത്തോടെയേ നോക്കാനാവൂ. എന്നാല്‍ അതിര്‍ത്തികള്‍ ഭേദിച്ചുള്ള കാമനകളുടെ പകര്‍ന്നാട്ടത്തെ കുടുംബത്തിനോ സമുദായത്തിനോ സഹിക്കാനാവില്ല. സദാചാരത്തേയോ കുടുംബ ബന്ധങ്ങളേയോ പരിഗണിക്കാതെ കുതിക്കുന്ന അതിനെ പിടിച്ചുകെട്ടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്ന നിമിഷങ്ങളുണ്ട്. ഭ്രാന്തു പിടിപ്പിക്കുന്ന സംഘര്‍ഷാവസ്ഥയാണത്. ഈ സംഘര്‍ഷാവസ്ഥയാണ് അപ്പന്‍ എന്ന ചിത്രത്തില്‍ സൂക്ഷ്മതലത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. ആ മുഹൂര്‍ത്തങ്ങളിലെ വഴിവിട്ടുള്ള മനുഷ്യരുടെ പ്രതികരണങ്ങള്‍ സ്വാഭാവികമായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. ആദര്‍ശതലത്തില്‍ ജനങ്ങള്‍ മനസ്സിലാക്കിവച്ച ധാരണകളെ അട്ടിമറിച്ചുകൊണ്ടല്ലാതെ ഈ അവസ്ഥ റിയലിസ്റ്റിക്കായി ചിത്രീകരിക്കാനാവില്ല. അതു പ്രേക്ഷകര്‍ക്ക് ഞെട്ടലുളവാക്കുന്നുണ്ടെങ്കില്‍ ഇവിടെ ആര്‍ടിസ്റ്റ് എന്ന നിലയില്‍ സംവിധായകന്‍ വിജയിക്കുന്നു.
കുടുംബത്തെക്കുറിച്ചുള്ള അയഥാര്‍ത്ഥവും ആദാര്‍ശാത്മകവുമായ നിര്‍മിതികളെ തച്ചുടയ്ക്കുന്നുണ്ട് സിനിമ. യാഥാര്‍ത്ഥ്യത്തെ മറച്ചും ഓരങ്ങളിലേയ്ക്ക് വകഞ്ഞുമാറ്റിയും സമുദായം ഉണ്ടാക്കിവച്ച് കൈമാറുന്ന സങ്കല്‍പങ്ങളെ പിഴുതെറിയുന്നു എന്ന അര്‍ത്ഥത്തില്‍ അതു അത്രയും വിപ്ലവപരമാണ്. കൂടെയുള്ളവരെ ജീവച്ഛവമാക്കുന്ന, കൂടെ പെട്ടുപോയവരുടെ ജീവിതം നരകതുല്യമാക്കുന്ന പാട്രിയാര്‍ക്കല്‍ പ്രയോഗതലങ്ങളെ സിനിമ ദയാരഹിതമായി തുറന്നുകാട്ടുന്നുണ്ട്. ഭാര്യയായും മകളായും മരുമകളായും വീട്ടകങ്ങളില്‍ കഴിയുന്ന സ്ത്രീജന്മങ്ങള്‍ക്ക് കാണാതടറവകള്‍ തീര്‍ക്കുന്ന അപ്പനധികാരിയുടെ വാഴ്ച അതിന്റെ സകല സങ്കീര്‍ണതകളോടെയും ഭീകരതകളോടെയും ദൃശ്യവത്കരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ സമാന പ്രമേയങ്ങളോടെ വന്ന മുന്‍കാല സിനിമകളില്‍ (ഇരകള്‍, ജോജി ) നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ബ്ലാക്ക് കോമഡി എന്ന നിലയില്‍ നര്‍മത്തെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതു കൃത്രിമമാവുകയാല്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായി അനുഭവപ്പെടുന്നുണ്ട്.

ഇട്ടി അപ്പനാണ്. ചോദനയ്ക്കനുസരിച്ച്, സ്വന്തം ആനന്ദം ലക്ഷ്യമിട്ട് ജീവിച്ച ഒരാള്‍. മൂല്യങ്ങളെ വിലവെയ്ക്കാത്ത പെണ്‍വേട്ടക്കാരന്‍. കൂടെ നില്‍ക്കുന്നവരെന്നോ എതിരാളിയെന്നോ നോക്കാതെ തന്റെ സ്വാര്‍ത്ഥത മാത്രം നടപ്പാക്കുന്ന അധികാര ദാഹി. ഏതു നിര്‍ണായക മുഹൂര്‍ത്തത്തിലും തന്റേ ഇനിയും അസ്തമിക്കാത്ത ആഗ്രഹജീവിത്തിനുവേണ്ടി ആരേയും ഒറ്റുന്ന ഒരാള്‍. തന്നെ സ്‌നേഹിച്ചതിനു ശേഷം അടുത്തതായും തന്നെ മാത്രം സ്‌നേഹിക്കുന്ന കേവലജന്തു. ആ ജന്തുത്വം മറയില്ലാതെ പ്രകടിപ്പിക്കുന്ന ആള്‍. ജീവിക്കാനുള്ള അതിയായ ചോദനയില്‍ ഭാര്യയോ മകളോ മകനോ അത്തരം നേരങ്ങളില്‍ അയാളുടെ ലോകത്തില്ല. ഇതൊന്നുമില്ലാതെ കോഴികള്‍ ജീവിക്കുന്നത് അയാള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇട്ടിയെ സംബന്ധിച്ച് ജീവി എന്നത് ജീവി മാത്രമാണ്. പട്ടിയ്ക്ക് പട്ടി എന്നല്ലാതെ വേറെ പേരിടുന്നത് എന്തിനെന്ന് അയാള്‍ ചോദിയ്ക്കുന്നുണ്ട്.പുറത്തിറങ്ങി തന്റെ വേട്ടജീവിതം തുടരാനാകാതെ വീട്ടിനകത്ത് കിടന്നു പോയതോടെ അപ്പനില്‍ മുരള്‍ച്ച അതിന്റെ പാരമ്യത്തില്‍ എത്തുന്നു. അയാളുടെ അലറലുകള്‍ ഒരു മനുഷ്യേതരജീവിയുടെ സാന്നിദ്ധ്യമായാണ് ചുറ്റിലുമുള്ളവര്‍ക്ക് അനുഭവഭേദ്യമാകുന്നത്.
ഇട്ടിയെന്ന ജീവിയെ ആരായിരിക്കും ഇല്ലാതാക്കുക എന്ന ആകാംക്ഷയില്‍ സിനിമ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മരണത്തിനായുള്ള കാത്തിരിപ്പ് ഇട്ടിയടക്കം എല്ലാവരുടേതുമായി മാറുന്നുണ്ട്. എല്ലാ പൂതിയും തീര്‍ത്തു മരിക്കാനാണ് ഇട്ടി എന്ന അപ്പന്‍ ആശിക്കുന്നത്. അയാള്‍ക്കിനിയും ജീവിക്കാനുണ്ട്. അയാളിലെ ചെന്നായ ഉണരുമ്പോഴും നിസ്സഹായരായി കൂടെയുള്ളവര്‍ക്ക് നില്‍ക്കേണ്ടി വരുന്നു. ബന്ധങ്ങള്‍ നിസ്സാരമായി അറുത്തുകളയുക എളുപ്പമല്ല. ഇഴപിരിച്ചെടുക്കാന്‍ വിഷമമുള്ള സന്നിഗ്ദാവസ്ഥയാണത്. ആ അവസ്ഥയിലൂടെ അയാളുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും കടന്നുപോകുന്നുണ്ട്. ആള്‍ തീര്‍ന്നുകിട്ടാന്‍ ആഗ്രഹിക്കുന്നത് മക്കള്‍ മാത്രമല്ല. ബന്ധുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍ എല്ലാവരുമാണ്. ഈ ലോകം മറച്ചുവയ്ക്കലുകളിലൂടെ കെട്ടിയുണ്ടാക്കിയ ഒരു ലോകമാണ്. മനുഷ്യരുടെ പെരുമാറ്റമായാലും അവരുണ്ടാക്കുന്ന കുടുംബമായാലും ഏറിയും കുറഞ്ഞുമുള്ള നുണകളാണ് അതിന്റെ ഇഷ്ടികകള്‍. ഇരകള്‍ വേട്ടക്കാര്‍ക്കു വേണ്ടി നടത്തേണ്ടി വരുന്ന മറകള്‍ തീര്‍ത്തതാണ് ഉദ്‌ഘോഷിക്കപ്പെടുന്ന കുടുംബങ്ങളുടേയും ബന്ധങ്ങളുടേയും അകത്തളങ്ങള്‍.

വളരെ റിയലിസ്റ്റാക്കായാണ് ഇട്ടിക്കു ചുറ്റുമുള്ള ലോകം സിനിമയില്‍ ആവിഷ്‌കൃതമാകുന്നത്. കുടുംബവും ബന്ധുക്കളും പ്രത്യക്ഷപ്പെടുന്നത്. അതു സമുദായം കാപട്യപൂര്‍ണമായി ഉള്ളിലൊതുക്കുന്ന അനേകം അടരുകളെ വെളിവാക്കുന്നു. ഭര്‍ത്താവിന്റെ അഴുക്കുകളെപ്പറ്റി പിടിപാടുള്ളവള്‍ തന്നെയാണ് അയാളുടെ ഭാര്യ കുട്ടിയമ്മ. പക്ഷേ, അതിന്റെ രൂക്ഷത പൂര്‍ണമായും അവര്‍ക്കു പോലും തിട്ടമില്ല. കൂടെ ജീവിച്ച കാലത്തിന്റെ ഒരിക്കലുമൊടുങ്ങാത്ത ദുരിതപ്പെയ്ത്തിനിരയെങ്കിലും ആത്യന്തികമായി അയാളെ ഉപേക്ഷിക്കാന്‍ അവര്‍ക്കാവില്ല. പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുന്ന പൂന്തിങ്കളാകുന്ന ഭാര്യയായതുകൊണ്ടല്ല അത്. മനുഷ്യന്‍ ആയതു കൊണ്ടാണ്. പെണ്ണ് ആയതു കൊണ്ടാണ്. സഹജീവിയെ കൈവിടാതിരിക്കാനുള്ള കരുതലും അലിവും ഉള്ളതുകൊണ്ടാണ്. നിസ്സഹായമായ പിടച്ചിലിനകത്തും കാത്തുസൂക്ഷിക്കുന്ന ഒരു നീതിബോധമാണത്. പൗളി വല്‍സന്‍ ആണ് ഇട്ടിയുടെ ഭാര്യ കുട്ടിയമ്മ ആയി അഭിനയിച്ചത്. എത്രയും സ്വാഭാവികമായിട്ടുണ്ട് ആ വേഷപ്പകര്‍ച്ച.

അകപ്പെട്ടുപോയ മകനാണ് ഞ്ഞൂഞ്ഞ്. അപ്പന്റെ ദുര്‍വൃത്തികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ആള്‍. അയാള്‍ ഒരു കൊച്ചുകുട്ടിയുടെ അച്ഛനുമാണ്. സംത്രാസം അനുനിമിഷം അനുഭവിക്കുന്ന മകന് നില തെറ്റിപ്പോവുന്ന മുഹൂര്‍ത്തങ്ങള്‍ ധാരാളം. അപ്പനെ കൊല്ലാന്‍ പല തവണ ആഗ്രഹിച്ചുപോവുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന അയാള്‍ക്ക് പക്ഷേ, മറ്റൊരാള്‍ അച്ഛനെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ തടുക്കാതെ വയ്യ. പ്രേക്ഷകര്‍ പോലും ഇട്ടി മരിക്കാന്‍ ആഗ്രഹിച്ചുപോവുന്ന ഒരു കാഴ്ചാ സന്ദര്‍ഭത്തിലാണ് മകന്‍ അപ്പനെ രക്ഷിക്കാനൊരുങ്ങുന്നത്. ജന്മബന്ധങ്ങളുടെ മുറുക്കം . അതിനെ ചെറുക്കുക എളുപ്പമല്ല. ഒരു പിതാവു കൂടിയായ മകനനുഭവിക്കുന്ന മാനസിക സംഘര്‍ഷം സണ്ണി വെയ്ന്‍ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. നിസ്സഹായതയും ആത്മരോഷവും ആത്മനിന്ദയും ആഴത്തില്‍ അനുഭവിക്കുന്ന കഥാപാത്രമാണ് ഇട്ടിയുടെ മകന്‍ ഞ്ഞൂഞ്ഞ്.

ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിപ്പെട്ട് അയാളുടെ അപ്പന്റെ കലി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരില്‍ അയാളുടെ മകന്റെ ഭാര്യ റോസിയുമുണ്ട്. അവള്‍ക്ക് അവിടെ നിന്നും പുറത്തു കടക്കുക എളുപ്പമല്ല. അവള്‍ കാര്യങ്ങള്‍ അറിയാവുന്നവളാണ്. ഇട്ടിയെ അറിയാം. ഞ്ഞൂഞ്ഞിനെ അറിയാം. ആ അറിവുകള്‍ അവളുടെ സംഘര്‍ഷവും നിസ്സഹായാവസ്ഥയും കൂട്ടുന്നു. തന്റെ ഭര്‍ത്താവ് കടുംകൈകള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും അവളുടെ കടമയായി മാറുന്നു. കാരണം അവര്‍ക്കു ജീവിതം മുന്നിലുണ്ട് .അതു ഭര്‍ത്താവും മകനുമൊത്ത് അല്‍പ്പം സമാധാനത്തോടെ ജീവിച്ചു തീര്‍ക്കണമെങ്കില്‍ ഇട്ടി ഇല്ലാതാവണം താനും. ഒരിടവേളയ്ക്കു ശേഷം അഭിനയരംഗത്തെത്തുന്ന അനന്യയാണ് റോസിയെ അവതരിപ്പിച്ചത്. പുറത്തു കാണിക്കാന്‍ പറ്റാത്ത മനോവ്യാപരങ്ങളുമായാണ് ഇതുപോലെ ആ വീട്ടിലെ എല്ലാവരും കഴിയുന്നത്. എത്ര മറച്ചാലും ഉയര്‍ന്നു വരുന്ന ജീവിത വാസ്തവങ്ങള്‍. അപ്പനെ നന്നായി അറിയാവുന്ന വിവാഹിതയായ മകളാണ് മറ്റൊരു കഥാപാത്രം. അപ്പന്റെ സ്വത്ത് അവള്‍ക്കെല്ലാം ആവശ്യമുണ്ട്. ബന്ധങ്ങളുടെ ഉള്ളുകള്ളികള്‍ നന്നായറിയാവുന്ന മകള്‍ കാത്തുസൂക്ഷിക്കുന്ന പുച്ഛം സ്വാഭാവികമാണ്. സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള പ്രോയോഗികതയും അവള്‍ ഭര്‍ത്താവിനൊപ്പം തേടുന്നുണ്ട്.മകളായി ഗ്രേസ് ആന്റണി വേഷമിടുന്നു.

സ്ത്രീ കഥാപാത്രങ്ങള്‍ തമ്മില്‍ പതിയെ രൂപപ്പെടുന്ന ഒരു പാരസ്പര്യമുണ്ട് സിനിമയില്‍. പരസ്പരമുള്ള മനസ്സിലാക്കലുകളും തിരിച്ചറിയലുളുമാണ് അതിനാസ്പദം. ചിത്രത്തിലെ ഹൃദ്യമായതും പ്രാധാന്യമുള്ളതുമാണ് പെണ്ണുങ്ങള്‍ തമ്മില്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമെന്നോണം പിറവിയെടുക്കുന്ന ഈ ബന്ധം. പരസ്പരം പോരടിക്കേണ്ടുന്നവരാണ് പരാമ്പരാഗത രീതിയനുസരിച്ച് അവര്‍. കുട്ടിയമ്മയും മരുമകളും തമ്മില്‍ പോരിനുപകരം ഊഷ്മളമായ ബന്ധമാണ് തുടക്കം മുതല്‍. ഇട്ടി എവിടെ നിന്നോ തന്റെ കാമപൂര്‍ത്തീകരണത്തിനായി കൊണ്ടുവന്ന് തന്റെ വീടിനോപ്പമുള്ള റബര്‍ തോട്ടത്തില്‍ കൂരകെട്ടി പാര്‍പ്പിക്കപ്പെട്ടവളാണ് ഷീല (രാധിക രാധാകൃഷ്ണന്‍). അവള്‍ ദുര്‍നടപ്പുകാരിയും അഭിസാരികയുമാണ് സമുദായത്തിന്റെ നോക്കുപാടില്‍. ഇട്ടിയുടെ നിര്‍ബന്ധപ്രകാരം കുടുംബവീട്ടില്‍ താമസം തുടങ്ങിയ ആദ്യനാളുകളില്‍ ഉണ്ടായ പോര് സാവധാനം അലിഞ്ഞില്ലാതാവുകയാണ്. പലവിധം ഇരയാക്കപ്പെടുന്ന പെണ്ണുങ്ങളുടെ ഒരു കൂട്ടായ്മ അതോടെ അവിടെ രൂപപ്പെടുകയാണ്. അവസാനം എല്ലാവര്‍ക്കും വേണ്ടി , തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മകന്‍ ഞ്ഞൂഞ്ഞുവിനെ ബലിയാടാക്കി കൊലയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ യാചിക്കുന്ന വഞ്ചകനായ ഇട്ടിയെ വെട്ടിക്കൊല്ലുന്നത് ഹതഭാഗ്യയായ ഷീലയാണ്.

അലന്‍സിയറുടെ ഇട്ടി മികച്ച അവതരണമായിട്ടുണ്ട്. അലന്‍സിയറുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇട്ടി അംഗീകരിക്കപ്പെടുമെന്നുറപ്പാണ്. നിരാശയും കോപവും സന്തോഷവും ദുഃഖവും എല്ലാം ക്ഷണനേരത്തിനുള്ളില്‍ ആ ശരീരമാകെയും മാറി മാറി പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. കിടന്നുള്ള അവസ്ഥയില്‍ തന്റെ ശരീരത്തിന്റെ ഒരോ അണുവും ഉപയോഗപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത് എന്നു കാണാം. അതുപോലെ ഞ്ഞൂഞ്ഞ് ആയി ജീവിച്ച സണ്ണി വെയ്‌നും അംഗീകരിക്കപ്പെടേണ്ടതുണ്ട്.
2018 ല്‍ പുറത്തിറങ്ങിയ ഫ്രഞ്ചു വിപ്‌ളവം ആണ് മജു സംവിധാനം ചെയ്ത ആദ്യചിത്രം. മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഡോണ്‍ വിന്‍സന്റ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ സതീഷ് കുറുപ്പും എഡിറ്റിംഗ് കിരണ്‍ദാസുമാണ് കൈകാര്യം ചെയ്തത്. വിനോദ് ഇല്ലംപിള്ളിയും പപ്പുവും ചേര്‍ന്നാണ് ഛായാഗ്രഹണം. ടൈനി ഹാന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവരും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണനിര്‍വഹണം. സോണി ലിവ് ഒ.ടി.ടി. യില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാണ്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read