പെണ്ണുങ്ങളിലൂടെ
ആത്മാഭിമാനത്തോടെ സഞ്ചരിക്കുന്ന
‘അറിയിപ്പ്’
പെണ്ണുങ്ങളിലൂടെ ആത്മാഭിമാനത്തോടെ സഞ്ചരിക്കുന്ന ‘അറിയിപ്പ്’
കേരളത്തില്‍ നിന്ന് വിദേശജോലി സ്വപ്നം കണ്ട് നോര്‍ത്തിന്ത്യയിലേക്ക് ചേക്കേറുന്ന നവദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മെഡിക്കല്‍ ഗ്ലൗസ് നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ട് വിദേശത്തേക്കുള്ള വിസക്ക് വേണ്ടി ശ്രമിക്കുന്ന അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങള്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നു.
20 Dec 2022, 02:00 PM
"സംവിധായകര്‍ തങ്ങളുടെ ഓരോ സിനിമയ്ക്കും ശേഷം പുതുക്കപ്പെടുന്നു' എന്ന് ഗോദാര്‍ദ് പറയുന്നത് അന്വര്‍ഥമാക്കുന്ന രീതിയിലാണ് കേരളത്തിന്റെ ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച രണ്ടു മലയാള ചിത്രങ്ങളില്‍ ഒന്നായ മഹേഷ് നാരായണന്റെ "അറിയിപ്പ്' (Declaration) ആഖ്യാനത്തിലും അവതരണത്തിലും വ്യത്യസ്തത കൊണ്ട് സഹൃദയരെ ചിന്തിപ്പിക്കുന്നത്. കലാമൂല്യത്തോടൊപ്പം വാണിജ്യപരമായും വിജയം കൈവരിച്ച സിനിമകളുടെ സംവിധായകന്‍ ഇത്തവണ തന്റെ ഏറ്റവും പുതിയ സിനിമ അവതരിപ്പിക്കുന്നത് അടിമുടി പുതുമ നിറച്ചുകൊണ്ടാണ്. മിലി (2015), ടേക്ക് ഓഫ് (2017), സീ യു സൂണ്‍ (2020), മാലിക് (2021) തുടങ്ങി കൃത്യമായ രാഷ്ട്രീയം വെള്ളിത്തിരയില്‍ എത്തിക്കുന്ന മഹേഷിന്റെ ശക്തമായ അവതരണരീതി ഈ സിനിമയിലും കാണാന്‍ സാധിക്കുന്നു. ആത്മാഭിമാനത്തിന്റെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തെ പരിചയപ്പെടുത്തുന്നതില്‍ സിനിമ, പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. നാനാത്വത്തിന്റെ പ്രശ്‌നം നിഴലിക്കുന്ന ഇന്ത്യന്‍ പ്രാദേശികഭാഷാ സിനിമകള്‍ക്ക് ധ്യാനാത്മകമായ ഒരു ഉദാഹരണമായ ഈ ചിത്രം നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മഹേഷ് നാരായണന്‍ അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമയുടെ അന്താരാഷ്ട്ര നിലവാരം ഒരു ഭംഗിവാക്കിനുമപ്പുറം നില്‍ക്കുന്ന യാഥാര്‍ഥ്യമാണെന്ന് സിനിമ അടിവരയിടുന്നുണ്ട്.
കേരളത്തില്‍ നിന്ന് വിദേശജോലി സ്വപ്നം കണ്ട് നോര്‍ത്തിന്ത്യയിലേക്ക് ചേക്കേറുന്ന നവദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മെഡിക്കല്‍ ഗ്ലൗസ് നിര്‍മാണ കമ്പനിയില്‍ ജോലിചെയ്തുകൊണ്ട് വിദേശത്തേക്കുള്ള വിസയ്ക്കുവേണ്ടി ശ്രമിക്കുന്ന അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങള്‍ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നു. കോവിഡ് കാലത്തെ കൃത്യമായി രേഖപ്പെടുത്തുന്ന ഈ ചിത്രം മെഡിക്കല്‍ രംഗത്തെ അറിയപ്പെടാത്ത വശങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും അവിടെ നിലനില്‍ക്കുന്ന നിഷേധാത്മക പ്രവൃത്തികളെ സൂചിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെ ഫാക്ടറി തൊഴിലാളികളുടെ കോവിഡനന്തര ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ സംവിധായകന്‍ തന്റെ റിയലിസ്റ്റിക് സമീപനംകൊണ്ട് കാണികളിലേക്ക് ആശയവിനിമയം നടത്തുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അണിനിരത്തി ശ്രദ്ധേയനായ സംവിധായകന്‍ ആത്മാഭിമാനത്തിന്റെ പ്രതീകമായ മറ്റൊരു സ്ത്രീ കഥാപാത്രത്തെക്കൂടി തിരശ്ശീലയിലേക്ക് കണ്ണി അടരാത്തവിധം ഇണക്കിച്ചേര്‍ത്തിരിക്കുന്നു. "അറിയിപ്പി'ലെ സ്ത്രീകള്‍ പരസ്പരം ആശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ശക്തിയുടെയും ഉറവിടങ്ങളായി മാറുന്നുണ്ട്. ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിന്റെ വില എന്താണെന്നും അതിനെ സമൂഹവും വ്യക്തിയോട് ഏറെ അടുത്തുനില്‍ക്കുന്ന ജീവിതപങ്കാളിയും ഏതുരീതിയിലാണ് സമീപിക്കുന്നത് എന്നും പ്രാധാന്യം നല്‍കുന്നത് എന്നും ഈ ചിത്രം വ്യത്യസ്തമായി പറഞ്ഞുവെക്കുന്നു. ആ വ്യക്തി ഒരു സ്ത്രീ തന്നെയാകുമ്പോള്‍ അവളുടെ അനുഭവങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയും അനുഭവങ്ങളുടെ അവതരണത്തില്‍ സിനിമ ശക്തി കൈവരിക്കുകയും ചെയ്യുന്നു.
സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഒരു വിഷയത്തെ അവതരിപ്പിക്കുന്നതിലുമപ്പുറം അതിനോട് സഗൗരവം നീതിപുലര്‍ത്തുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ട് സിനിമ. എല്ലാത്തിനും അപ്പുറമായി തന്റെ ആത്മബോധത്തിന് ഏറ്റവും വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ചിത്രമായി മാറിയ ഒരു സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമയുടെ രൂപീകരണം എന്ന് സംവിധായകന്‍ തന്നെ പറയുന്നുണ്ട്. ഫാക്ടറിയിലെ യന്ത്രത്തിന്റെ ഓരോ സൂക്ഷ്മപ്രവര്‍ത്തനവും മനുഷ്യജീവിതത്തോട് സാമ്യമുള്ള പ്രതീകങ്ങളായി മാറുന്നു. യന്ത്രങ്ങളുടെയും വാഹനത്തിന്റെയും ശബ്ദങ്ങള്‍ മുതല്‍ മനുഷ്യാവയവങ്ങളുടെ കൂട്ടി ഉരസല്‍ ശബ്ദങ്ങള്‍ വരെ നീളുന്ന പശ്ചാത്തലസംഗീതം മറ്റൊരു അനുഭവലോകമാണ് തീര്‍ക്കുന്നത്. ക്യാമറനോട്ടങ്ങളുടെ പൊസിഷനുകള്‍ മുതല്‍ അതിന്റെ സഞ്ചാരപഥത്തിലെ ഓരോ ചലനവും അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നതും കലാമൂല്യമുള്ളതുമായ സാങ്കേതികതയെ സൂചിപ്പിക്കുന്നു.

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്റെ മിനിമലിസ്റ്റ് സമീപനം എടുത്തുപറയേണ്ടതാണ്. തന്റെ വാണിജ്യസിനിമയുടെ ഭാഗമായ ചില ഘടകങ്ങളെ സംവിധായകന്‍ പൂര്‍ണമായും ഈ ചിത്രത്തില്‍ ഒഴിവാക്കി നിര്‍ത്തുന്നത് ബോധപൂര്‍വം തന്നെയായിരിക്കാം. ക്യാമറ ഷോട്ടുകളുടെ ദൈര്‍ഘ്യത്തിലും സ്വഭാവത്തിലും അത് കൃത്യമായി പ്രകടമാണ്. ഈ മാറിനടത്തത്തില്‍ സംവിധായകന്‍ വിജയിക്കുന്നുമുണ്ട്. കെട്ടുറപ്പുള്ളതും സൂക്ഷ്മവുമായ തിരക്കഥയും കഥാപാത്രങ്ങളുടെ ആഴവും പെണ്ണിന്റെ ആത്മാഭിമാനത്തെ മുറുകെപ്പിടിക്കുന്ന പ്രധാന കഥാപാത്രമായ രശ്മിയെ അവതരിപ്പിച്ച ദിവ്യപ്രഭയുടെ പ്രകടനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.
"പാന്‍ ഇന്ത്യന്‍ സിനിമ' എന്ന വിശേഷണം കൃത്യമായി ചേരുന്ന സിനിമകളുടെ കൂടെ ഇടംപിടിക്കുന്നതാണ് "അറിയിപ്പ്' എന്ന് നിസ്സംശയം പറയാം. ആണ്‍ പെണ്‍ ആത്മബോധങ്ങളുടെ വിനിമയം സമൂഹത്തില്‍ ഏതുരീതിയിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നു സിനിമ എടുത്തുകാണിക്കുന്നു. അതിനു വിലകല്‍പ്പിക്കുന്നതില്‍ തരംതിരിവ് കാണിക്കുന്ന സമൂഹത്തിന്റെ ചില പിന്തിരിപ്പന്‍ നിലപാടുകളോടുള്ള പ്രതിഷേധമായാണ് ഈ "അറിയിപ്പ്' രേഖപ്പെടുത്തപ്പെടുന്നത്. മലയാള സിനിമ മറച്ചുവെക്കുന്ന ചില ലൈംഗിക വികാരങ്ങളെ സിനിമ അവതരിപ്പിക്കുന്നുണ്ട്. ബലാത്കാരമായുള്ള ഒരു ലൈംഗികബന്ധം ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് സ്ത്രീയുടെ കണ്ണുകളിലെ ഭാവങ്ങളെ കേന്ദ്രീകരിച്ചാണ്. ഈ ചിന്താവ്യതിയാനം സിനിമയില്‍ അടിമുടി പുതുമ സൃഷ്ടിക്കുന്നു. മാത്രമല്ല അതിന്റെ പ്രശ്‌നവത്കരണം സ്ത്രീയെ മാത്രം എങ്ങനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നും അതിന് ഒരു രീതിയിലുള്ള മാറ്റവും ഉണ്ടായിട്ടില്ല എന്നും സിനിമ കാണിച്ചുതരുന്നു. വിവാഹബന്ധത്തിന് വേണ്ടി ശക്തമായി കെട്ടിച്ചേര്‍ത്ത താലിച്ചരടിന്റെ ബന്ധനത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ അഭിമാനത്തിന് കോട്ടം തട്ടുന്ന ഏതുനിമിഷവും പൊട്ടിച്ചെറിയാമെന്ന് പറഞ്ഞുകൊണ്ട് സധൈര്യം മുന്നോട്ട് വരുന്ന രശ്മിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. രശ്മിയെ അവതരിപ്പിച്ച ദിവ്യപ്രഭ തന്റെ അഭിനയത്തിലെ സൂക്ഷ്മത കൊണ്ടും സംഭാഷണവിന്യാസം കൊണ്ടും പ്രേക്ഷകരെ വലിയ അനുഭവത്തിലേക്ക് എത്തിച്ചേര്‍ക്കുന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു ഭാഷകള്‍ ഈ സിനിമയില്‍ മുഴുനീളം സംഭാഷണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. സിനിമയിലെ ഏറ്റവും രസകരമായ രംഗങ്ങളില്‍ ഒന്ന് ഒരു മുറിയില്‍ നാല് കഥാപാത്രങ്ങള്‍ പരസ്പരം മൂന്നു ഭാഷകളില്‍ സംസാരിക്കുന്നതാണ്. അവരില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക സാമ്പത്തിക പദവിയുള്ള വ്യക്തി ഹിന്ദി ഭാഷകനായ ഫാക്ടറി ഉടമ മറ്റുള്ളവരുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കുന്നില്ല എന്നതുകൊണ്ട് അവിടെ ആശയവിനിമയം സുഗമമായി സാധ്യമാകുന്നു. ഇത് ഉത്തരേന്ത്യയിലെ യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കുന്നതല്ല എങ്കിലും സിനിമയില്‍ ഇതിന്റെ ആവശ്യകത പ്രേക്ഷകര്‍ക്ക് കഥയുടെ നിര്‍ണായകഘട്ടത്തില്‍ ബോധ്യമാകുന്നുമുണ്ട്. എന്നാല്‍ വിഷയത്തില്‍ മാത്രം ശ്രദ്ധചെലുത്തിയതുകൊണ്ടാണോ ചില ഉത്തരേന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ സിനിമ കണ്ടില്ലെന്നു നടിക്കുന്നത് എന്നത് ഗുരുതരമായ ഒരു വീഴ്ചയാണെന്ന് പറയാതിരിക്കാന്‍ വയ്യ.

ഭാഷയെ അതിജീവിക്കുക എന്നതിനപ്പുറം എല്ലാ ഭാഷയെയും ചേര്‍ത്തുനിര്‍ത്തുന്ന ഒരു ഐക്യബോധത്തിന്റെ സാധ്യതയാണ് ചിത്രത്തിലെ ഭാഷാരീതിയുടെ ചിന്തയും അവതരണവും എന്ന് സംവിധായകന്‍ പ്രദര്‍ശനത്തിനുശേഷം അഭിപ്രായപ്പെട്ടിട്ടുണ്ട്.
തുടക്കത്തില്‍, പുരുഷ അഹംഭാവത്തിനുള്ള മറുപടിയായി മുന്നേറും എന്ന് കരുതുന്ന സിനിമയെ പെട്ടെന്ന് തന്നെ ഫാക്ടറി ജീവിതത്തിന്റെ മറ്റു വശങ്ങളിലേക്കും പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്ന രീതി പ്രശംസനീയമാണ്. സഹകഥാപാത്രങ്ങള്‍ക്ക് സിനിമ നല്‍കുന്ന പ്രാധാന്യവും അവരുടെ തെരഞ്ഞെടുപ്പ് മികവ് പുലര്‍ത്തുന്നതും സിനിമയോട് ഇഴയടുത്തു നില്‍ക്കുന്നതാണ്. ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുമാത്രം കഥ പറയുന്ന രീതിയെ പൂര്‍ണമായും തിരസ്‌കരിച്ചുകൊണ്ട് വ്യത്യസ്ത വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന നവീനസമീപനരീതി സിനിമ മുഴുനീളം കൈവിടാതെ പിന്‍തുടരുന്നു.
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വയം മാറ്റങ്ങള്‍ കൊണ്ടുവരുന്ന കുഞ്ചാക്കോ ബോബന്‍ ഈ സിനിമയിലും തന്റെ അഭിനയത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു. ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, സിദ്ധാര്‍ത്ഥ്, ഡി.പി. മിശ്ര, അതുല്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ വിഷ്ണു ഗോപന്റെയും ശ്രീശങ്കറിന്റെയും ശബ്ദമിശ്രണം മികവിന്റെ മറ്റൊരു ഉദാഹരണമായി മാറുന്നുണ്ട്. രശ്മിയുടെയും ഗിരീഷിന്റെയും കഥയെ ഒരിഞ്ച് മാത്രം അകലം നിശബ്ദരായി നിന്ന് കാണുന്നതായാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുക. അഴിമതിയും അന്യവത്കരണവുമായി കൂട്ടിമുട്ടുന്ന പെണ്ണിന്റെ അഭിമാനം വിജയിച്ചിരിക്കുന്നു എന്ന "അറിയിപ്പു'മായാണ് ചിത്രം പൂര്‍ണമാകുന്നത്.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
റിന്റുജ ജോണ്‍
Feb 18, 2023
4 Minutes Watch
വി.കെ. ബാബു
Feb 17, 2023
8 minutes read