അതിദുരിത ജീവിതം തുടരുന്നവരിൽ നിന്നുള്ള 'അറിയിപ്പ്'

അതീവ റിയലിസ്റ്റിക് രീതിയാണ് ചിത്രത്തിനായി മഹേഷ് നാരായണൻ സ്വീകരിച്ചിരിക്കുന്നത്. സംഭാഷണത്തിലും കഥാപാത്രങ്ങളുടെ രൂപീകരണത്തിലും ക്യാമറയുടെ ചലനങ്ങളിൽ പോലും അത് കൊണ്ടുവരാൻ സംവിധായകനായിട്ടുണ്ട്. അടുത്തുനിന്ന് കാര്യങ്ങൾ കാണുന്നത്രയും അടുപ്പം കഥാപാത്രങ്ങളോടും പരിസരത്തോടും തോന്നിക്കുന്നതിൽ ഈ രീതി വിജയിച്ചിട്ടുണ്ട്.

രു കയ്യുറ ഫാക്ടറിയിലെ പ്രൊഡക്ഷൻ ലൈനിൽ നിരനിരയായി നീങ്ങുന്ന നൂറുകണക്കിന്ന് ഡമ്മി കൈകളുടെ യാന്ത്രികമായ ചലനമാണ് അറിയിപ്പിലുടനീളം കാണാനാവുക. ഏകതാനമായ ആ താളത്തിൽ തന്നെയാണ് ഹരീഷും (കുഞ്ചാക്കോ ബോബൻ) രശ്മിയും (ദിവ്യപ്രഭ) അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. നിരനിരയായി ഓരോ യൂണിറ്റിലേക്ക് കൺവേയർ ചെയിൻ എത്തുമ്പോൾ മറിച്ചൊരു ചോദ്യമോ ചിന്തയോ പോലും പ്രൊഡക്ഷന്റെ താളം തെറ്റിക്കും. ചോദ്യങ്ങളും ചിന്തകളും പാടില്ല, എല്ലാവരും ഒരേ താളത്തിൽ അവരവരുടെ ജോലി ചെയ്തുകൊണ്ടേയിരിക്കണം. ഫാക്ടറിയിലും ജീവിതത്തിലുമായി തുടരുന്ന ഈ അതിയാന്ത്രികതയ്ക്ക് പെട്ടെന്നുണ്ടാവുന്ന ഒരു ഡിസ്റ്റർബൻസാണ് അറിയിപ്പ് എന്ന ചിത്രം.

രശ്മി കയ്യിലൊരു മോതിരമണിഞ്ഞിട്ടുണ്ട്. ഫാക്ടറി ജോലിക്ക് അതൊരു പ്രശ്‌നമാണ്. സത്യസന്ധമായി ജോലിചെയ്യാൻ ആ മോതിരം തുടക്കത്തിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആ വിവാഹമോതിരം ഇതേ പ്രശ്‌നം രശ്മിയുടെ ജീവിതത്തിലും ആവർത്തിക്കുന്നിടത്തേക്കാണ് സിനിമ കാഴ്ചക്കാരെ നയിക്കുന്നത്.

വിദേശത്ത് പോയി രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ ഒരുപാട് പ്രാരാബ്ദങ്ങളുമായി കേരളം വിട്ടവരാണ് ദമ്പതിമാരായ ഹരീഷും രശ്മിയും. ഡൽഹിയിൽ പോയി അവിടെ നിന്ന് ട്രാവൽ ഏജൻസി മുഖേനെ ഏതെങ്കിലും രാജ്യത്തേക്ക് പോവാമെന്നായിരുന്നു പദ്ധതി. എന്നാൽ അവിചാരിതമായി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതോടെ അവർ ഡൽഹിയിൽ പെട്ടുപോവുന്നു. ഗ്ലൗസ് ഫാക്ടറിയിൽ ജോലിയുമായി അതിദുരിതപൂർണമായ ജീവിതം ഡൽഹിയിൽ തുടരേണ്ടിവരുന്നു. അതിനിടെ ട്രാവൽ ഏജൻസിയിൽ കൊടുക്കാനായി ഫാക്ടറിയിൽ വച്ച് ഹരീഷ് ഷൂട്ട് ചെയ്ത രശ്മിയുടെ "സ്‌കിൽ വിഡിയോ'യ്‌ക്കൊപ്പം ലൈംഗികദൃശ്യങ്ങൾ കൂടി കൂട്ടിച്ചേർത്ത് ആരോ പുറത്തുവിടുന്നു. വിഡിയോ പുറത്തുവരുന്നതോടെ ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന വൈകാരികപ്രശ്‌നങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

അതീവ റിയലിസ്റ്റിക് രീതിയാണ് ചിത്രത്തിനായി മഹേഷ് നാരായണൻ സ്വീകരിച്ചിരിക്കുന്നത്. സംഭാഷണത്തിലും കഥാപാത്രങ്ങളുടെ രൂപീകരണത്തിലും ക്യാമറയുടെ ചലനങ്ങളിൽ പോലും അത് കൊണ്ടുവരാൻ സംവിധായകനായിട്ടുണ്ട്. അടുത്തുനിന്ന് കാര്യങ്ങൾ കാണുന്നത്രയും അടുപ്പം കഥാപാത്രങ്ങളോടും പരിസരത്തോടും തോന്നിക്കുന്നതിൽ ഈ രീതി വിജയിച്ചിട്ടുണ്ട്. സനു വർഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വളരെ മിനിമലായ സുഷിൻ ശ്യാമിന്റെ സംഗീതവും കഥാപരിസരത്തോട് ചേർന്നുനിന്നു.

കഥ പറയാൻ തിരഞ്ഞെടുത്ത സ്ഥലവും കാലവും കൂടി ചിത്രത്തിൽ പ്രധാനമാണ്. കോവിഡ് ഭീതിയുടെ പശ്ചാത്തലം കഥാപാത്രങ്ങളുടെ മാനസിക സമ്മർദങ്ങൾക്ക് ഒരു എക്‌സ്ട്രാ ലെയർ നൽകുന്നുണ്ട്. ഉത്തരേന്ത്യയിലെ പൊലീസിങ് രീതി, ആളുകളുടെ പെരുമാറ്റം ഒക്കെ ഈ ഇമോഷൻസിനെ ലിഫ്റ്റ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ വളരെ ഡീറ്റൈൽഡ് ആയിട്ടുള്ള പരിണാമം തിരക്കഥാകൃത്ത് എഴുതി ഫലിപ്പിച്ചിട്ടുണ്ട്. പതുക്കെ പുരോഗമിക്കുന്ന കഥയിൽ ഓരോ ഘട്ടത്തിലും ഹരീഷും രശ്മിയും പെരുമാറുന്ന രീതി രസകരമാണ്. സ്‌കാൻഡൽ വീഡിയോ പുറത്തുവരുന്നതോടെ ആദ്യം തകരുന്നത് രശ്മിയാണ്. രശ്മി അതിൽ നിന്ന് അത്രയും പെട്ടെന്ന് തന്നെ മുക്തയാവുന്നുണ്ട്. എന്നാൽ തന്റെ "അഭിമാനത്തിനേറ്റ' ക്ഷതത്തിൽ നിന്ന് രക്ഷപ്പെടാനാവാത്ത ഹരീഷിനെയാണ് സിനിമയിൽ പിന്നീട് കാണാനാവുക. "അഭിമാനം' തിരിച്ചുപിടിക്കാൻ ഹരീഷ് നടത്തുന്ന ശ്രമങ്ങൾ കാരണം തന്നെ രശ്മി വീണ്ടും ഇരയാവേണ്ടിവരുന്നതും ചിത്രത്തിൽ കാണാം. ഇരുവരുടെയും ജീവിതകഥയ്ക്ക് സമാന്തരമായി ഫാക്ടറി കേന്ദ്രീകരിച്ച് മറ്റൊരു കഥയും സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഇരുകഥകളെയും ചിലയിടങ്ങളിൽ പ്രതീകാത്മകമായി കൂട്ടിയോജിപ്പിക്കുന്നത് മികച്ച സിനിമാനുഭവം നൽകുന്നു.

മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്റെയും ദിവ്യപ്രഭയുടെയും റിയലിസ്റ്റിക്ക് പ്രകടനത്തിന്റെ മികവാണ് ചിത്രത്തെ ഉടനീളം മുന്നോട്ട് കൊണ്ടുപോവുന്നത്. പട, നായാട്ട്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ പരിചയപ്പെട്ട പുതിയ കുഞ്ചാക്കോ ബോബന്റെ കൂടുതൽ മെച്ചപ്പെട്ട പ്രകടനം അറിയിപ്പിൽ കാണാം. ദുരിതജീവിതത്തിന്റെ നിസ്സഹായതയും ദുരഭിമാനത്തിൽ നിന്നുണ്ടാവുന്ന മെയിൽ ഈഗോയുമൊക്കെ അതിസ്വാഭാവികമായി അവതരിപ്പിക്കാൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ ഓരോ ഘട്ടത്തിലും പരിണമിച്ചുവരുന്ന, വ്യത്യസ്ത വൈകാരികഘട്ടങ്ങളിലൂടെ കടന്നുപോവുന്ന രശ്മിയുടെ കഥാപാത്രത്തെ ദിവ്യപ്രഭയും മികച്ച രീതിയിൽ അവതരിപ്പിച്ചു. സംഭാഷണത്തിലെ കയ്യടക്കവും ദിവ്യപ്രഭയുടെ കഥാപാത്രത്തെ രസകരമാക്കി.

വളരെക്കുറഞ്ഞ സമയത്തേക്ക് മാത്രം സ്‌ക്രീനിലെത്തിയ രശ്മിയുടെ സുഹൃത്തായെത്തിയ അതുല്യ ആഷാഡം, കണ്ണൻ അരുണാചലം, സൈഫുദ്ദീൻ, ലൊവീന മിശ്ര തുടങ്ങിയ മറ്റ് അഭിനേതാക്കളും ശ്രദ്ധേയമാണ്.

ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണന്റെ നാലാമത്തെ ചിത്രമാണ് അറിയിപ്പ്. ലൊക്കാർണോ ഫിലിം ഫെസ്റ്റിവൽ, ബി.എഫ്.ഐ. ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.കെ. തുടങ്ങിയ അന്താരാഷ്ട്ര മേളകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശിപ്പിച്ചതിന് ശേഷമാണ് അറിയിപ്പ് ഇപ്പോൾ നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തിരിക്കുന്നത്.

Comments