1948 ജനുവരി 30, 5.17 PM,
...എന്നിട്ട് ഗാന്ധി പറഞ്ഞു, ‘മരണം, മരണം, മരണം…’

5.17 P.M ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പോസ്റ്റ് മെറിഡിയം നിമിഷമായിരുന്നു;​ വാതിൽപ്പടിയിലെ മൂവന്തിനേരം: അകത്തിനും പുറത്തിനും, വിശ്രമത്തിനും പ്രാർത്ഥനയ്ക്കും, ജീവിതത്തിനും മരണത്തിനും, വെളിച്ചത്തിനും ഇരുളിനും, ഇവിടത്തിനും അതിനപ്പുറത്തിനും ഇടയിലെ. കാലമാത്രയിൽ ഘനീഭവിച്ച ഒരു നിമിഷത്തിനു രൂപം നൽകിക്കൊണ്ട് ചരിത്രവും ഓർമ്മയും പിടഞ്ഞുമിന്നുന്ന ഡിജിറ്റൽ ഇൻസ്റ്റലേഷൻ അവതരിപ്പിക്കുകയാണ് റിയാസ് കോമു.

Installation: Riyas Komu, 2024

… and Gandhi said, Death, Death, Death

Medium: Digital, Length: 140 sec loop,
Size: 8ft x 2.25 ft (2 digital monitors)

സ്ഥലരാശിയെയും പ്രവൃത്തിയെയും ചേർത്തുനിർത്തി നമ്മൾ എങ്ങനെ ചിന്തിക്കുന്നു എന്നിടത്താണ് ഒരു ജനത എന്ന നിലയിൽ നമ്മുടെ ചരിത്രം ആലേഖനം ചെയ്യപ്പെടുന്നത്. നമുക്കു മേലേ അധികാരച്ചിലന്തി നെയ്തുകൂട്ടുന്ന വലയങ്ങൾ പുതുപുത്തൻ രൂപങ്ങളിൽ ഗ്ലാനിയും ശൂന്യതയും ഉണ്ടാക്കിത്തീർത്ത്, ഈ ആലേഖനങ്ങളുടെ സ്ഥലകാല സ്മരണകളെ അദൃശ്യമാക്കുന്നു. നമ്മുടെ ഇന്നത്തെ പ്രതിസന്ധി, സ്ഥാനഭ്രംശം വന്ന മനുഷ്യർ, വിശ്വാസങ്ങൾ, ഭരണഘടന, ആവാസ വ്യൂഹങ്ങൾ, ആശയങ്ങൾ, ആദർശങ്ങൾ, ലോകവീക്ഷണങ്ങൾ, വസ്തുക്കൾ എന്നിവയിലൊക്കെ അതിവേഗം കടങ്കഥകൾ നിറച്ച് അസ്ഥാനത്തും അസാന്ദർഭികമായും സ്ഥല- ജീവരാശികളിൽ തിരുകിക്കയറ്റി ആഗോളതലത്തിൽ പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ്.

കഴിഞ്ഞ നൂറ്റാണ്ട് ഇത്തരം ഉരിഞ്ഞുമാറ്റലുകളുടെ അല്ലെങ്കിൽ ഉന്മൂലനങ്ങളുടെ വിവിധ രൂപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അജ്ഞാത താവളങ്ങളിൽ നിന്നുള്ള പേരില്ലാത്ത കൂട്ടിക്കൊടുപ്പുകാർ തനിക്കാക്കുന്നതിനും വെടക്കാക്കുന്നതിനും വേണ്ടി ‘സ്വതന്ത്രമാക്കാൻ’ എന്നു വരുത്തിത്തീർത്ത്, എല്ലാറ്റിനെയും അവയുടെ ഉറവിടങ്ങളിൽ നിന്ന് പിഴുതെറിയുന്നു.

ഉദാഹരണത്തിന്, നമ്മുടെ കാലഘട്ടത്തിൽ, 20-ാം നൂറ്റാണ്ടിലെ പ്രത്യേക ചരിത്ര സന്ദർഭങ്ങളിൽ നിന്ന് ഉയർന്നുവന്ന ആശയങ്ങളും ആദർശബിംബങ്ങളും ആ സന്ദർഭങ്ങളിൽനിന്ന് ശൂന്യമാക്കപ്പെടുകയും പുതിയതും നിഷേധാത്മകവുമായ അർത്ഥങ്ങൾ ഉപയോഗിച്ച് മാറ്റിയെഴുതപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ ഭിന്നത തന്നെ അതുണ്ടാക്കുന്ന തമ്മിൽ തെറ്റിക്കുന്നതും ദുർബലപ്പെടുത്തുന്നതുമായ അക്രമത്തെ അട്ടിമറിക്കാൻ ഭാവനയുടെ പുതിയ സഞ്ചാരപഥങ്ങൾ തുറക്കുന്നുണ്ട് ... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകവിനാശന ശക്തികൾ അടിച്ചേൽപ്പിക്കുന്ന ഓർമ്മക്കുറവുകൾ, നവ നവ ലോകങ്ങൾ സൃഷ്ടിക്കുന്നതിനും ലോകം പുതുഭാഷകളിൽ സംസാരിക്കുന്നതിനും പ്രതിരോധത്തിന്റെ ഒരു പുത്തൻ കോട്ട പണിതുയർത്തുന്നതിനുമുള്ള സാധ്യതയും നൽകുന്നുണ്ട്.

നിശ്ശൂന്യമായ ഈ ലോകത്ത് പിരിച്ചകറ്റപ്പെട്ട ആളുകളെയും ഓർമകളെയും സ്ഥലങ്ങളെയും ആശയങ്ങളെയും പരിസ്ഥിതികളെയും കൂട്ടിയിണക്കാനും നിശ്ശബ്ദമാക്കുന്ന ശക്തികളോട് മറുത്തുപറയാനും അല്ലെങ്കിൽ നമ്മുടെ സ്വന്തം നിശ്ശബ്ദതയുടെ മാനങ്ങൾ കേട്ടറിയാനും പ്രേരകമാവാൻ കലയ്ക്ക് കഴിയും. അഥവാ, ചിതറിപ്പോയ അടയാളങ്ങളും രൂപകങ്ങളും വാക്കുകളും രൂപങ്ങളും കുടിയിടങ്ങളും വിനീതമായ കലാപ്രവർത്തനങ്ങളിലൂടെ കുഴിച്ചെടുത്തും വീണ്ടെടുത്തും തിരികെ കൊടുത്തും നിർബന്ധിത വിഘടനത്തിന്റെ മുറിപ്പാടുകൾ മായ്‌ക്കാൻ അതിനു കഴിയും. നിരന്തരമായ മായ്‌ക്കലിലൂടെ വിസ്മൃതിയിലേക്ക് തള്ളിയകറ്റപ്പെട്ട നിലമകളെ ലോകത്തിലേക്ക് വീണ്ടും വരച്ചുചേർക്കാനും, ഓർമകളുടെ കുഴിമാടങ്ങളിൽ നിന്നും ഉയർത്തെടുക്കാനും, അവയെ പ്രതിരോധത്തിനുള്ള ഒരു ഈടുവയ്പ്പായും ഉപകരണമായും ഭാവനയുടെ അതിജീവന സഞ്ചിയായും വർത്തമാനകാലത്തേക്ക് തിരികെ കൊണ്ടുവരാനും കലയ്ക്കാവതുണ്ട്.

ഈയൊരു പശ്ചാത്തലത്തിൽ, 5.17 P.M എന്ന കലാരചന നമ്മുടെ സാമൂഹിക അന്തരീക്ഷത്തിൽ വ്യാപിച്ചുനിൽക്കുന്ന ഭയത്തിന്റെ സാന്നിധ്യമായി ഗാന്ധിവധത്തിന്റെ ഓർമ്മയെ കൊണ്ടുവരുന്നു, എന്നാൽ ഒപ്പം തന്നെ, നിരവധി ചെറുത്തുനിൽപ്പുകളുടെയും നമ്മുടെ ഭരണഘടനയുടെ നിർമ്മാണത്തിന്റെയും ഒരു മതേതര സമൂഹമെന്ന നിലയിൽ നാം ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രതീക്ഷകളുടെയും ഓർമ്മപ്പെടുത്തുലുമാവുന്നു.

ഈ കുറിപ്പ് 5.17 P M എന്ന രചനയുടെ ആശയരേഖയോടെ അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കും .

“...എന്നിട്ട് ഗാന്ധി പറഞ്ഞു, മരണം, മരണം, മരണം…”

ഹെൻറി കാർട്ടിയർ ബ്രെസ്സൺ പകർത്തിയ ഒരു ശവമഞ്ചത്തിന്റെ ഫോട്ടോ നോക്കിക്കൊണ്ടാണ് ഗാന്ധിജി അങ്ങനെ പറഞ്ഞത്. ഓരോ ഫോട്ടോഗ്രാഫും ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നതും ഒപ്പം മരണത്തെ പേറിനടക്കുന്നതുമായ മരവിച്ച ഒരു നിമിഷമാണ്, വീണ്ടെടുക്കാനാവായ്മയുടെ നിമിഷമാണ്.

നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് വെളിച്ചം അണഞ്ഞുപോയ’ ആ മാരകമായ ഞൊടിയിടക്ക് 90 മിനിറ്റുമുമ്പ് ബ്രെസ്സൺ ഗാന്ധിയുടെ ഫോട്ടോ എടുക്കുകയുണ്ടായി. സമയവും ഫ്രെയിമിംഗും അരങ്ങും ഒത്തുചേരുന്ന ഒന്നായിരുന്നു ബ്രെസ്സണെ സംബന്ധിച്ച് ഫോട്ടോഗ്രാഫിയിലെ ആ ഒരു ‘നിർണ്ണായക നിമിഷം’. ഗാന്ധിയുടെ വാക്കുകൾ അതിനു ശബ്ദം കൊടുക്കുന്നു. ആ വാക്കുകൾ ഒരു ഫോട്ടോഗ്രാഫിനോടുള്ള പ്രതികരണത്തോടൊപ്പം ഒരു മുന്നറിയിപ്പുമായിരുന്നു.
അതെ, മരണത്തിന് അപരിചിതനല്ലായിരുന്നു ഗാന്ധി…

5.17 P.M ഇന്ത്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പോസ്റ്റ് മെറിഡിയം നിമിഷമായിരുന്നു: വാതിൽപ്പടിയിലെ മൂവന്തിനേരം: അകത്തിനും പുറത്തിനും, വിശ്രമത്തിനും പ്രാർത്ഥനയ്ക്കും, ജീവിതത്തിനും മരണത്തിനും, വെളിച്ചത്തിനും ഇരുളിനും, ഇവിടത്തിനും അതിനപ്പുറത്തിനും ഇടയിലെ.

കാലമാത്രയിൽ ഘനീഭവിച്ച ഒരു നിമിഷത്തിനു രൂപം നൽകിക്കൊണ്ട് ചരിത്രവും ഓർമ്മയും പിടഞ്ഞുമിന്നുന്നതാണ് ഈ ഡിജിറ്റൽ ഇൻസ്റ്റലേഷൻ

(വിവര്‍ത്തനം: ബൈജു നടരാജന്‍)


Summary: 5:17 PM, Installation by Riyas Komu about the assassination of Mahatma Gandhi.


റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

Comments