ചരിത്രത്തിന്റെ ചില ദശാസന്ധികളിൽ ചിലർ ജനിക്കുകയും അനിവാര്യരായി ജീവിക്കുകയും മരണാനന്തരം അനശ്വരരാവുകയും ചെയ്യും. അങ്ങനെയുള്ള ചില ജന്മങ്ങൾ കേരളത്തിൽ ഉണ്ടാകുകയും പല കാലങ്ങളിൽ അവർ ഒരിടത്ത് സംഗമിക്കുകയും ചെയ്യുന്നു. ആ സംഗമ കേന്ദ്രം ആഗോളതലത്തിൽ വിശ്രുതമാകുന്നു. കലാസ്ഥാപനത്തിന്റെ മേൽവിലാസം കലാകാരന്മാർക്ക് ഗുണഘടകമാകുന്നു. ചെറുതായി തുടങ്ങി ക്രമമായി വളരുകയും പൂർണതയിലെത്തുകയും ചെയ്ത കലാസ്ഥാപനം വിശിഷ്ട ജന്മങ്ങൾ ഓർമ്മയയായതോടെ അനന്തര തലമുറകളിലൂടെ പുതിയ കാലഗതിക്കനുസരിച്ച് നിലനിൽക്കുകയും ചെയ്യുന്നു. നവോത്ഥാന കാലം കേരളത്തിന് നൽകിയ കലാമണ്ഡലത്തിന്റെ കഥാസംഗ്രഹം ഇതാകുന്നു.
കൽക്കട്ടയിൽ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനം (1901), മദിരാശിയിൽ രുക്മണിദേവി അരുൺഡേലിന്റെ കലാക്ഷേത്രം (1927) എന്നിവയുടെ തുടർച്ചയായിരുന്നു 1930 നവംബറിൽ ഔദ്യോഗികമായി ആരംഭിച്ച കലാമണ്ഡലം.
കലാമണ്ഡലം സ്ഥാപിച്ചത് ആര് എന്ന ക്വിസ് മത്സര ചോദ്യത്തിന് ഉത്തരം വള്ളത്തോൾ എന്നാണ്. കുഞ്ഞുണ്ണിത്തമ്പുരാൻ, മഹാകവി വള്ളത്തോൾ, മുകുന്ദ രാജാ എന്നീ മൂന്നു മഹാന്മാരുടെ അപൂർവമായ സൗഹൃദ സംയോഗത്തിന്റെ മധുര ഫലമായിരുന്നു കേരള കലാമണ്ഡലം എന്ന ആശയം എന്ന് കലാമണ്ഡലം ചരിത്രം എഴുതിയ ലീലാ നമ്പൂതിരിപ്പാട് സാക്ഷ്യപ്പെടുത്തുന്നു (കേരള കലാമണ്ഡലം ചരിത്രം, ഒന്നാം പതിപ്പ്, 1990, കലാമണ്ഡലം പ്രസിദ്ധീകരണം, പുറം 18). വള്ളത്തോൾ സ്ഥാപിച്ചതാണ് കലാമണ്ഡലം എന്നു പറയുന്നതിനോടൊപ്പം തന്നെ മുകുന്ദരാജാ സ്ഥാപിച്ചതാണ് കലാമണ്ഡലം എന്നും വേണം പറയാൻ എന്ന് ലീലാ നമ്പൂതിരിപ്പാട് എഴുതുന്നുണ്ട്. (പുറം 18). വള്ളത്തോൾ ഏറെ കഷ്ടപ്പെട്ട് കലാമണ്ഡലത്തെ വളർത്തി. വള്ളത്തോളിന്റെ കവിതകളിൽ കഥകളി ബിംബങ്ങൾ നന്നേ കുറവാണ്. കവിതയിൽ സ്വയം നിഷേധിച്ച കഥകളിയെ കലാമണ്ഡലത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു വള്ളത്തോൾ.

അക്കാലം കഥകളിൽ പ്രബലമായിരുന്ന ആറു ചിട്ടകളിൽ കല്ലുവഴിച്ചിട്ടയാണ് കഥകളിയുടെ വ്യാകരണത്തിനും തുടർകാഴ്ചയ്ക്കും അനുയോജ്യം എന്ന് തിരിച്ചറിയാൻ വള്ളത്തോളിന് സാധിച്ചില്ല. കല്ലുവഴിച്ചിട്ടയുടെ ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോനെ വള്ളത്തോൾ കലാമണ്ഡലത്തിൽ വേഷാധ്യാപകനായി നിയമിച്ചു (1931 കാലം). മൈസൂർ രാജസഭയിൽ എഡിറ്റ് ചെയ്ത് കഥകളി അവതരിപ്പിച്ചതിൽ അരങ്ങത്ത് പ്രതിഷേധിച്ച പട്ടിക്കാംതൊടിയുടെ കഥയും കലാ ചരിത്രത്തിലുണ്ട്. പതിഞ്ഞ കാലത്തിൽ പാടേണ്ട പദം മുറുകിയ കാലത്തിൽ വെങ്കിടകൃഷ്ണ ഭാഗവതർ പാടിയതിൽ ക്രുദ്ധനായി ദുര്യോധന വേഷം കെട്ടിയ രാവുണ്ണിമേനോൻ കത്തി വേഷത്തിൽ കൈകൊട്ടിക്കളിച്ചു. ചിട്ട തെറ്റിക്കുന്നതിൽ വികടനായിരുന്നു അദ്ദേഹം. സ്ഥാപനനിയമത്തിന് വിധേയനാവാത്ത രാവുണ്ണി മേനോനെ കലാമണ്ഡലത്തിൽ നിന്ന് പിരിച്ചുവിട്ടു. അധികാരസ്ഥാനവും കലാകാരനിലയും തമ്മിലുള്ള സംഘർഷങ്ങൾ അക്കാലം മുതൽ ആരംഭിക്കുന്നു.
തുടർ കാലങ്ങളിൽ ആത്മകലാകലാപവും സ്ഥാപനനിയമങ്ങളുടെ ലംഘനവുമായി മഹാകലാകാരന്മാർ സസ്പെൻഷനും പിരിച്ചുവിടലിനും വിധേയമായ ചരിത്രവും കലാമണ്ഡലത്തിനുണ്ട്. സെക്രട്ടറിയുടെ ഔദ്യോഗിക കൽപ്പനകളിലെ കലാബോധമില്ലായ്മക്കെതിരെ പരസ്യമായി പ്രതികരിച്ച കലാഭിമാനിയായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ ജോലിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. മാപ്പ് എഴുതിക്കൊടുത്താൽ പുനർനിയമനം നൽകാം എന്ന വ്യവസ്ഥ അംഗീകരിക്കാതെ വിട്ടു നിന്ന ഏക കലാകാരനും കൃഷ്ണൻകുട്ടി പൊതുവാളായിരുന്നു. കലാമണ്ഡലം കളരിയിൽ വള്ളത്തോളിന്റെ ഇടപെടൽ ഇഷ്ടപ്പെടാത്ത രാവുണ്ണി മേനോനെയും ലീലാ നമ്പൂതിരിപ്പാട് അവതരിപ്പിക്കുന്നുണ്ട്. 1933- ൽ വള്ളത്തോൾ രാവുണ്ണി മേനോനെ തിരിച്ചുവിളിച്ചു.
കഥകളിക്ക് നഷ്ടമാകുകയും നൃത്തത്തിന് ലാഭമാകുകയും ചെയ്ത ആദ്യ ബാച്ച് വേഷം വിദ്യാർത്ഥികളുടെ കലാനീതിയിൽ നിന്നു തുടങ്ങണം കലാമണ്ഡലത്തിന്റെ കലാവിചാരം. ഇവർ കഥകളിയിൽ ഉറച്ചുനിന്നിരുന്നുവെങ്കിൽ കഥകളിയുടെ മുഖം മറ്റൊന്നാവുമായിരുന്നു.
മാധവൻ, ശങ്കരൻ, കേളു, ശിവശങ്കരൻ, കുഞ്ചുണ്ണി, ശിവരാമൻ, ഗോപിനാഥ് എന്നിവർ കലാമണ്ഡലത്തിലെ ആദ്യസംഘ വിദ്യാർത്ഥികളായിരുന്നു. വേഷം പഠിക്കാനെത്തിയവർ പിൽക്കാലത്ത് കഥകളി വേഷക്കാരായില്ല എന്നതാണ് ചരിത്രകൗതുകം. ഉദയശങ്കറിന്റെ ക്ഷണത്തിൽ വിദേശത്ത് പോയി തിരിച്ചെത്തിയ മാധവൻ നൃത്തഗുരുവായി. ശങ്കരൻ ജയശങ്കറായി നർത്തകനായി. ശിവരാമൻ ആനന്ദശിവറാം എന്ന നർത്തകനായി. ഗോപിനാഥ് ഗുരു ഗോപിനാഥ് എന്ന നൃത്ത സംവിധായകനായി. കേളു കൊൽക്കത്ത വിശ്വഭാരതിയിൽ നർത്തകനും ഗുരുവുമായി. കഥകളിക്ക് നഷ്ടമാകുകയും നൃത്തത്തിന് ലാഭമാകുകയും ചെയ്ത ആദ്യ ബാച്ച് വേഷം വിദ്യാർത്ഥികളുടെ കലാനീതിയിൽ നിന്നു തുടങ്ങണം കലാമണ്ഡലത്തിന്റെ കലാവിചാരം. ഇവർ കഥകളിയിൽ ഉറച്ചുനിന്നിരുന്നുവെങ്കിൽ കഥകളിയുടെ മുഖം മറ്റൊന്നാവുമായിരുന്നു. കഥകളി സമ്പൂർണമായി ഉപേക്ഷിച്ച് കലാമണ്ഡലത്തെയും കഥകളിയെയും കബളിപ്പിച്ചവർ എന്ന് ഇവരെ വിലയിരുത്തിക്കൂടാ. കാരണം അവർക്കു മുന്നിൽ ജീവിതമായിരുന്നു. അസ്തിത്വത്തിന്റെ പ്രശ്നമായിരുന്നു. അതിജീവനമായിരുന്നു. ആദ്യബാച്ച് വിദ്യാർത്ഥികൾക്ക് കഥകളിയോടുള്ള ഭക്തിക്കുറവിൽ ഉത്കണ്ഠപ്പെട്ട് വള്ളത്തോൾ ശ്ലോകം എഴുതിയിട്ടുണ്ട്.

റഷ്യാനൃത്തത്തിലത്രെ രസികത ശിവരാമന്നു
ഹാ കേളു നാനാ -
കേളീ ലോലൻ, ഹസിപ്പൂ കഥകളിയെമുദാ
മാധവൻ മദ്യഭക്തൻ
കൃഷ്ണൻ നിഷ്ണാതനായി ഗോഷ്ടിയി -
ലറുമടിയപ്പിള്ളരി അഭ്യസിച്ചോർ
സച്ഛിഷ്യാപാദനത്തിൽ കലാഭിരുചി
കലാമണ്ഡലം തോറ്റുപോമോ?
കവി ക്രാന്തദർശി കൂടിയാണല്ലോ. തുടർബാച്ചിൽ വന്നവർ കൃഷ്ണൻ നായർ (1933), രാമൻകുട്ടി നായർ (1936), പത്മനാഭൻ നായർ (1937) എന്നിവർ വള്ളത്തോൾ ഭയന്ന തോൽവി തിരുത്തുകയായിരുന്നു. തുടർന്ന് സംഗീതത്തിൽ നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണക്കുറുപ്പ്, ഗംഗാധരൻ, ശങ്കരൻ എമ്പ്രാന്തിരി, ഹൈദരാലി, വെണ്മണി ഹരിദാസ്, വിനോദ്, ബാബു നമ്പൂതിരി, ചെണ്ടയ്ക്ക് കൃഷ്ണൻകുട്ടിപ്പൊതുവാൾ, കേശവൻ, കൃഷ്ണദാസ്, ഉണ്ണികൃഷ്ണൻ, മദ്ദളത്തിന് അപ്പുകുട്ടിപ്പൊതുവാൾ, നാരായണൻ നമ്പീശൻ, ശങ്കരവാരിയർ, നാരായണൻ നായർ, വേഷത്തിൽ കലാമണ്ഡലം ഗോപി, വാസു പിഷാരോടി, ബാലസുബ്രഹ്മണ്യൻ, രാജശേഖരൻ, കൃഷ്ണകുമാർ, ഫൽഗുനൻ, ആദിത്യൻ, ചുട്ടിയിൽ ഗോവിന്ദവാര്യർ, രാംമോഹൻ, ശിവരാമൻ തുടങ്ങി ഇക്കാലം വരെ കലാമണ്ഡലം സർഗസമ്പന്നമായി.
കൃഷ്ണൻനായരുടെ പച്ചയും രാമൻകുട്ടിനായരുടെ കത്തിയും നാണുനായരുടെ ചുവന്ന താടിയും കണ്ട കണ്ണുകൾക്ക് അത് മങ്ങലാകുന്നുവെങ്കിൽ കണ്ണട മാറ്റാൻ സമയമായി.
ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, കരിയാട്ടിൽ കോപ്പൻ നായർ, അമ്പുപ്പണിക്കർ, വാഴേങ്കട കുഞ്ചുനായർ, കീഴ്പ്പടം കുമാരൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, മടവൂർ വാസുദേവൻ നായർ (വേഷം), വെങ്കിടകൃഷ്ണ ഭാഗവതർ, കാവശ്ശേരി സാമിക്കുട്ടി ഭാഗവതർ (പാട്ട്), മൂത്തമന കേശവൻ നമ്പൂതിരി (ചെണ്ട), വെങ്കിച്ചൻ സ്വാമി (മദ്ദളം), മാണി മാധവചാക്യാർ, പൈങ്കുളം രാമചാക്യാർ, ശിവൻ നമ്പൂതിരി, പൈങ്കുളം ചെറിയ രാമചാക്യാർ (കൂടിയാട്ടം വേഷം), പി.കെ നാരായണൻ നമ്പ്യാർ, ഈശ്വരനുണ്ണി (മിഴാവ്), ശൈലജ, ഗിരിജ (നങ്ങ്യാർകൂത്ത് / കൂടിയാട്ടം, വേഷം), കലാമണ്ഡലം സത്യഭാമ, തോട്ടശ്ശേരി ചിന്നമ്മു അമ്മ, ലീലാമ്മ, ഹൈമവതി (മോഹിനിയാട്ടം), മലബാർ രാമൻനായർ, ഗീതാനന്ദൻ (തുള്ളൽ), ചന്ദ്ര മന്നാടിയാർ, അച്യുണ്ണിപ്പൊതുവാൾ, ബലരാമൻ (കഥകളി, ചെണ്ട), അന്നമനട പരമേശ്വരമാരാർ, ചെർപ്പുളശ്ശേരി ശിവൻ, കോങ്ങാട് മധു (പഞ്ചവാദ്യം), കുട്ടികൃഷ്ണമാരാർ (സാഹിത്യം), അപ്പുണ്ണിത്തരകൻ (അണിയറ) എന്നീ അതികായർ പല കാലങ്ങളിലായി കലാമണ്ഡലത്തിൽ ഗുരുനാഥന്മാരായി. കലാമണ്ഡലത്തിന്റെ സൂപ്രണ്ടായി കലാമർമ്മജ്ഞനായിരുന്ന കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടും പ്രവർത്തിച്ചു. മേജർ സെറ്റ്, മൈനർ സെറ്റ് എന്നീ രണ്ടു കഥകളി സംഘങ്ങളുണ്ടായി. മൈനർ സെറ്റ് കഥകളിയിലെ നായകൻ കലാമണ്ഡലം ഗോപിയായിരുന്നു. കലാമണ്ഡലം കഥകളി സംഘം സഞ്ചരിക്കുന്ന ബസ് പ്രതാപികളായ കലാകാരന്മാരെക്കൊണ്ട് നിറഞ്ഞ കാലമുണ്ടായിരുന്നു.

വാഴേങ്കട കുഞ്ചുനായർ, രാമൻകുട്ടിനായർ, പത്മനാഭൻനായർ, ഗോപി (വേഷം), കൃഷ്ണൻകുട്ടിപ്പൊതുവാൾ, അപ്പുക്കുട്ടിപ്പൊതുവാൾ, അച്യുണ്ണിപ്പൊതുവാൾ, ചന്ദ്ര മന്നാടിയാർ, നാരായണൻ നമ്പീശൻ (മേളം), നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണക്കുറുപ്പ്, ഗംഗാധരൻ (സംഗീതം), ഗോവിന്ദവാര്യർ, രാംമോഹൻ (ചുട്ടി), അപ്പുണ്ണിത്തരകൻ (അണിയറ), അതിഥിവേഷമായി കോട്ടയ്ക്കൽ ശിവരാമൻ ചിലപ്പോൾ- ഇതായിരുന്നു കഥകളിയുടെ സമ്പൂർണ്ണ സുവർണ്ണ കലാമണ്ഡലകാലം. അവരുടെ ശിഷ്യർ പിന്നീട് കലാമണ്ഡലത്തിൽ അദ്ധ്യാപകരായി. അവരുടെയും ശിഷ്യരാണിപ്പോൾ വിവിധ വകുപ്പുകളിൽ കലാകാരന്മാർ. കൂടിയാട്ടത്തിൽ ജാതീയതയെ തിരുത്തി ചാക്യാർഇതര സമുദായങ്ങളെ പഠിപ്പിച്ച പൈങ്കുളം രാമചാക്യാർ, മിഴാവിൽ നമ്പ്യാർ സമുദായത്തിന് പുറത്തുള്ളവരെ പഠിപ്പിച്ച പി.കെ. നാരായണൻ നമ്പ്യാർ, പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ കലയിൽ തിരുത്തുമായി കലാമണ്ഡലം നിലനിന്നു.

കഥകളി അതിന്റെ ആഹാര്യശോഭയുടെ സമഗ്രതയിലും തികവിലുമാണ് ഇന്ന് പുലരുന്നത്. ഇത് അത്രയൊന്നും ആകർഷകമല്ലാത്ത കാലത്താണ് വിദേശികൾ അതിൽ ആകൃഷ്ടരാകുന്നത്. ഇന്ന് നോക്കിക്കാണുമ്പോൾ അന്നത്തെ കഥകളിക്ക് ഭംഗി കുറവാണ്. കൊട്ടും പാട്ടും ഇന്ന് എത്രയോ വളർന്നു. എന്നിട്ടും അക്കാലത്തെ കഥകളിയെയും കലാമണ്ഡലത്തെയും ആസ്വാദകർ വരവേറ്റു. കലാമണ്ഡലം കൃഷ്ണൻനായർ കലാമണ്ഡലത്തിൽ അദ്ധ്യാപകനായില്ല എങ്കിലും കലാമണ്ഡലത്തിന്റെ പ്രസിദ്ധിയും പ്രസക്തിയും തന്നിലേക്ക് ആവാഹിച്ച കലാകാരനായിരുന്നു. കലാമണ്ഡലക്കാർ പട്ടിക്കാംതൊടി സ്കൂളിനെ ബഹുമാനിച്ചപ്പോൾ കൃഷ്ണൻനായർ കുഞ്ചുക്കുറുപ്പിന്റെ വഴി പിന്തുടർന്നു. തിരുവിതാംകൂറിൽ കഥകളി ഭ്രാന്തന്മാർ 'കലാമണ്ഡലം ഒണ്ടോ' എന്ന് അന്വേഷിക്കുമ്പോൾ കൃഷ്ണൻനായർ ഉണ്ടോ എന്ന തരത്തിലുള്ള വ്യക്തിപ്രഭാവം അദ്ദേഹം നേടിയെടുത്തു.
പേരു കേൾക്കേ തിരിച്ചറിയപ്പെടുക, പുതുക്കിയെഴുത്തിലൂടെ പുതുപരീക്ഷണങ്ങൾ സാർത്ഥകമാക്കുക, ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞുനിൽക്കുക, തുല്യനിലയിൽ സ്വീകരിക്കപ്പെടുക, പുതുതലമുറയെ വാർത്തെടുക്കുക തുടങ്ങി കലാമണ്ഡലം ചരിത്രവിശകലനത്തിലും വർത്തമാനകാല നിരീക്ഷണത്തിലും കണ്ടെടുക്കാനും വീണ്ടെടുക്കാനും പ്രാപ്തരായവർ ആരെല്ലാമാണ്?
കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘം, പത്തിരിപ്പാല ഗാന്ധിസേവാസദനം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം എന്നീ കഥകളി കേന്ദ്രങ്ങൾ കലാമണ്ഡലത്തിന് സമാന്തരമായി പുലർന്നു. അവിടെയും മികച്ച കലാകാരന്മാരുണ്ടായി. കലാമണ്ഡലത്തിൽ നിന്ന് പതിറ്റാണ്ടുകളായി പല തലമുറകൾ പഠിച്ചിറങ്ങി. ഇവരിൽ കലാരംഗത്ത് നിസ്തുലമുദ്ര പതിപ്പിച്ചവർ ആരെല്ലാമാണ്? പേരു കേൾക്കേ തിരിച്ചറിയപ്പെടുക, ആത്മകലാരംഗത്ത് പുതുക്കിയെഴുത്തിലൂടെ പുതുപരീക്ഷണങ്ങൾ സാർത്ഥകമാക്കുക, ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞുനിൽക്കുക, തുല്യനിലയിൽ സ്വീകരിക്കപ്പെടുക, കളരിയിലൂടെ പുതുതലമുറയെ വാർത്തെടുക്കുക തുടങ്ങി കലാമണ്ഡലം ചരിത്രവിശകലനത്തിലും വർത്തമാനകാല നിരീക്ഷണത്തിലും കണ്ടെടുക്കാനും വീണ്ടെടുക്കാനും പ്രാപ്തരായവർ ആരെല്ലാമാണ്? കലാമണ്ഡലത്തിന്റെ സംഭാവന എന്നു പറയാൻ സമഗ്രസംഭാവന നൽകിയവർ ആരെല്ലാമാണ്?

കലാമണ്ഡലം കൃഷ്ണൻകുട്ടിനായർ, രാമൻകുട്ടി നായർ, പത്മനാഭൻനായർ, ഗോപി (വേഷം), കൃഷ്ണൻകുട്ടിപ്പൊതുവാൾ (ചെണ്ട), അപ്പുക്കുട്ടിപ്പൊതുവാൾ (മദ്ദളം), നാരായണൻ നമ്പീശൻ, നീലകണ്ഠൻ നമ്പീശൻ, ഗംഗാധരൻ, ശങ്കരൻ എമ്പ്രാന്തിരി, ഹൈദരാലി, വെൺമണി ഹരിദാസ് (സംഗീതം), രാംമോഹൻ, ശിവരാമൻ (ചുട്ടി), ഈശ്വരനുണ്ണി (മിഴാവ്), സത്യഭാമ, ക്ഷേമാവതി, ലീലാമ്മ (മോഹിനിയാട്ടം), രാമചാക്യാർ, ശിവൻ നമ്പൂതിരി, ശൈലജ, സതി (കൂടിയാട്ടം), പരമേശ്വരൻ (തിമില), ഗീതാനന്ദൻ (തുള്ളൽ) തുടർന്നുള്ള പേരുകൾ രണ്ടാം കാലത്തിൽ വരും. കുലപതികളുടെ കാലത്തിൽനിന്ന് ശിഷ്യരുടെ കാലത്തിലെത്തുമ്പോൾ, അവരുടെയും ശിഷ്യരുടെ കാലമെത്തുമ്പോൾ ആധുനിക ലോകമായി. അച്ഛൻ കണ്ട കഥകളിയല്ല മകൻ കാണുക, കാണേണ്ടതും വേറെ കളിയല്ല. വാഴ്ത്തപ്പെട്ടവരുടെ പ്രകടനങ്ങൾ ഇന്ന് അൽപ്പമാത്രമായെങ്കിലും യൂ ട്യൂബിൽ കാണുമ്പോൾ അത്രമേൽ അക്കാലം ആഘോഷിക്കപ്പെട്ടത് ഇതായിരുന്നുവോ എന്ന സന്ദേഹം സ്വാഭാവികം. അക്കാലത്ത് അത് ഗംഭീരമായിരുന്നു. വികാസപരിണാമം കഴിഞ്ഞുള്ള ഇന്നത്തെ കാലത്തുനിന്ന് അതു നോക്കുമ്പോഴുള്ള പ്രശ്നമാണത്. തകഴിയുടെ കഥകൾ ഇന്ന് എപ്രകാരം വായിക്കപ്പെടും. പക്ഷേ തകഴിയുടെ കഥാകാലം ഉണ്ടായിരുന്നുവല്ലോ. ഇന്നത്തെ വൈവിധ്യവികാസത്തിന് ആധാരശില അന്നത്തെ കലയായിരുന്നു.
കലാമണ്ഡലത്തിൽ വെങ്കിടകൃഷ്ണഭാഗവതരുടെ പാട്ട്, മൂത്തമനയുടെയും വെങ്കിച്ചൻ സ്വാമിയുടെയും കൊട്ട്, രാവുണ്ണി മേനോന്റെ വേഷം- ഇതിന്റെ പലകാല വികാസത്തുടർച്ചയാണ് ഇന്നത്തെ കഥകളി. കലാമണ്ഡലത്തിലല്ലാതെ വാഴേങ്കട കുഞ്ചു നായർ കോട്ടക്കൽകാലത്ത് പഠിപ്പിച്ച കോട്ടക്കൽ ശിവരാമനിൽ സ്ത്രീവേഷശക്തി കുടികൊണ്ടു. ഇവരുടെ ദർശനങ്ങളെ കാലാനുസൃതമായി തിരുത്തിപ്പുതുക്കിയുള്ള ആത്മാവിഷ്കാരങ്ങളാണ് കഥകളിയിൽ ഇന്നും കാണുന്നത്. തുള്ളലിലും കൂടിയാട്ടത്തിലും കലാമണ്ഡലം ശൈലിക്കുതന്നെ പ്രാബല്യം. അമ്മന്നൂർ മാധവചാക്യാരും അൽപകാലം കലാണ്ഡലത്തിൽ ക്ലാസ്സെടുത്തിട്ടുണ്ട്.

പല്ലാവൂർ അപ്പുമാരാർ, കോട്ടക്കൽ ശിവരാമൻ, തൃത്താല കേശവൻ എന്നീ പ്രതിഭകളാണ് കലാമണ്ഡലത്തിൽ അധ്യാപകരാവാതെ വിട്ടുനിന്നവർ. കലാമണ്ഡലം സർക്കാറിന്റെ ഭാഗമായപ്പോൾ ഭരണനിർവഹണവും കലാ നിർവഹണവും രണ്ടായി മാറി. കലാകാരന്മാർക്ക് സ്ഥാപനനിയമങ്ങൾക്കനുസൃതമായി അസ്വാതന്ത്ര്യങ്ങളുണ്ടായി. കലാഭിമുഖ്യമുള്ള ഭരണാധികാരികളുടെ അഭാവം കലാമണ്ഡലത്തെ ബാധിച്ചിട്ടുണ്ട്. കലാസ്നേഹികൾ അമരക്കാരായ ചരിത്രവും ഉണ്ട്. അക്കാലങ്ങളിൽ അതിന്റെ ഗുണം ഉണ്ടായിട്ടുമുണ്ട്.

കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയായപ്പോൾ ആധുനിക വിദ്യാഭ്യാസ പ്രക്രിയകളുടെ പരിപ്രേക്ഷ്യത്തിലൂടെ മുന്നോട്ടു പോകാനുള്ള സാഹചര്യങ്ങൾ നിലവിൽ വന്നു. നാലാം ക്ലാസ്സ് വിദ്യാഭ്യാസത്തിൽ കലാമണ്ഡലത്തിൽ ചേർന്നിരുന്ന പഴയ തലമുറ മാറി. പിഎച്ച്.ഡി നേടി കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങാനുള്ള അവസരം വരെ കലാവിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
കളിയോഗങ്ങളും കഥകളി കളരികളും സാർവത്രികമായ കാലമുണ്ടായിരുന്നു. കുന്നംകുളത്ത് ആത്മപോഷിണിയുടെ പത്രാധിപരായി കഴിയുന്ന കാലത്താണ് വള്ളത്തോൾ മഠപ്പാട്ട് കളിയോഗവുമായും കക്കാട് കാരണവപ്പാട്, മുകുന്ദരാജ എന്നിവരുമായും അടുത്ത സൗഹൃദമാകുന്നത്. പ്രഭുകുടുംബങ്ങളിലെ ധനസ്ഥിതി കുറഞ്ഞാൽ കഥകളിയും ക്ഷയിക്കുമെന്ന് തിരിച്ചറിഞ്ഞ ഇവരുടെ കൂട്ടുചിന്തയിൽ നിന്നാണ് കലാമണ്ഡലം എന്ന ആശയം ഉത്ഭവിക്കുന്നത്. ‘‘വള്ളത്തോൾ കലാമണ്ഡലത്തിന്റെ ഹൃദയവും മനസുമായിരുന്നെങ്കിൽ മുകുന്ദരാജ സർഗശക്തിയും അംഗങ്ങളും മാംസാസ്ഥിമഞ്ജകളുമായിരുന്നു എന്ന് കലാമണ്ഡലം ചരിത്രത്തിൽ (പുറം 18) ലീലാ നമ്പൂതിരിപ്പാട് എഴുതുന്നുണ്ട്. ‘മഹാകവി കഥകളിയെ രക്ഷിച്ചു, കഥകളി മഹാകവിയെയും’ എന്ന് പി. കുഞ്ഞിരാമൻ നായർ കവിയുടെ കാൽപ്പാടുകളിൽ എഴുതുന്നുണ്ട്. വള്ളത്തോൾ പുരസ്കാരം കഥകളി കലാകാരന്മാർക്കും ബാധകമല്ലേ എന്ന് കലാമണ്ഡലം ഹൈദരാലി സംശയിച്ചതും സത്യം.

കേരള കലാമണ്ഡലത്തോളം ലോകാന്തരങ്ങളിൽ കീർത്തി കേട്ട കലാസ്ഥാപനം ഇല്ല. ആദ്യ ബാച്ചിലെ കഥകളി വിദ്യാർത്ഥികൾ നർത്തകരായി മാറി. കാലം നൂറ്റാണ്ടു കടന്നപ്പോൾ ആദ്യത്തെ ചാൻസലറായി വിശ്രുത നർത്തകി മല്ലികാ സാരാഭായി വരുന്നു എന്നത് കാലത്തിന്റെ കൗതുകനീതിയാകുന്നു. പഴയ കലാമണ്ഡലം എന്ന സ്ഥാപനം ഇന്നും ഉണ്ട്. കേരളീയ കലകൾ ആടിയും പാടിയും കൊട്ടിയും ഉണർന്നുയർന്ന സ്ഥാപനം ചെറുതുരുത്തിപ്പാലം കഴിഞ്ഞാൽ ഭാരതപ്പുഴയുടെ തീരത്തുണ്ട്. വള്ളത്തോൾ മണ്ണിലലിഞ്ഞതും അവിടെത്തന്നെ.
കലാമണ്ഡലത്തിന്റെ പഴയ പ്രതാപപ്രൗഢിയുടെ മാനദണ്ഡത്തിൽ ഇന്നത്തെ കലാനിലാപരിശോധന അപ്രസക്തമാണ്. ആരോഹണം കലയാവുന്നത് അവരോഹണത്തോടു കൂടിയാണ്. നവോത്ഥാന കാലത്തിന്റെ പ്രതീകമായ കലാമണ്ഡലത്തിൽ നവോത്ഥാന സാധ്യത തെളിഞ്ഞുവരുന്നു. ഇന്നും നിത്യേന ധാരാളം കഥകളികൾ നടക്കുന്നു. പുതുതലമുറ നിറഞ്ഞാടുന്നു, പാടുന്നു, കൊട്ടുന്നു. കൃഷ്ണൻനായരുടെ പച്ചയും രാമൻകുട്ടിനായരുടെ കത്തിയും നാണുനായരുടെ ചുവന്ന താടിയും കണ്ട കണ്ണുകൾക്ക് അത് മങ്ങലാകുന്നുവെങ്കിൽ കണ്ണട മാറ്റാൻ സമയമായി. അന്ധവിശ്വാസം ഭക്തിയിലേക്കാൾ കൂടുകൾ കലകളിൽ കുടികൊള്ളുന്നു. പുതിയ പാട്ടും കൊട്ടും കേൾക്കാൻ ഇ. എൻ. ടി സർജനെ കാണുന്നതും അഭികാമ്യം. കണ്ണിന്റെയും കാതിന്റെയും കല കൂടിയാണല്ലോ കഥകളി. പഴയ കഥ പറയാതെ പുതിയ കളി കാണുക. പുതിയ കലാമണ്ഡലക്കാർ പറയുന്നതും അതായിരിക്കും.






