ക്രൂരഹിംസയിൽ കാലുറപ്പിച്ച് കേവല സാമ്പത്തികഭാവി മാത്രം ദുരാഗ്രഹിച്ച് ഏച്ചുകൂട്ടിയ പുതിയ മതപര ഭൂപടനിർമാണങ്ങൾ ഉന്നം വച്ച് അരാജക വ്യാമോഹത്തിന്റെ മറപിടിച്ചുനിൽക്കുന്ന നവ- ക്രിമിനൽ ലോകക്രമത്തിനു മുന്നിൽ മനുഷ്യജീവികൾ എത്ര നിസ്സഹായരാണെന്നത് പാലസ്തീനിലെ കൂട്ടഹത്യകളിലിരയാക്കപ്പെട്ട കുഞ്ഞുമക്കളുടെ നിലവിളിയായിവന്ന് നമ്മെ ഭയപ്പെടുത്തുന്നു.
സമാധാനത്തിന്റേതെന്ന മറവിൽ സംഹാരായുധങ്ങളുടെ കച്ചവടത്തിനായി ഒരിടത്തുള്ള കൂട്ടായ്മയെയും നല്ലതിനേയും വിശ്വാസത്തേയും സംസ്കാരത്തെയും പരസ്പര - പൊരുത്തത്തെയും ടെക്‌നോളജി വച്ചും പണം കൊണ്ടും മതത്തെ കൂട്ടുപിടിച്ചും വെട്ടിനിരത്തി അവിടത്തെ ഭൂമിയുടെ മക്കളെ, അഭയം കൊടുത്തവരെ, ആദിമ നിവാസികളെ, അവിടം പരിപാലിക്കുന്നവരെ, ജനാധിപത്യ മനസുകളെ, സ്വാതന്ത്ര്യത്തിനുവേണ്ടി സമരത്തിലേർപ്പെടുന്നവരെ എന്നു തുടങ്ങി അവിടം പാർപ്പിടമാക്കുന്നവരെയൊക്കെ ശത്രുവായിക്കണ്ട് അവരുടെ ഉൽപ്പത്തിസ്മരണകളെയൊക്കെ അതിക്രൂരമായി തകർത്തെയെറിയാനുള്ള പുതു മേലാളവാസന അതിക്രമിച്ചതിക്രമിച്ച് മാനവ രാശിയുടെ ചെറുത്തുനിൽപ്പു സാധ്യതകളെ ആകെയും തകർത്തുകളയുന്നു. ഈ നവ- ക്രിമിനൽ മേലാളമൗലികവാദികൾ ഏറ്റെടുത്തിട്ടുള്ള പുതിയ അജണ്ടകളും മത- ഭൂപട സങ്കൽപ്പങ്ങളും ആർക്കും സങ്കൽപ്പിക്കാവുന്നതിലും അപ്പുറം ജീവിതപ്രതിന്ധികളെ ഏണികയറ്റിയേറ്റും. എല്ലാ മാനുഷിക മുന്നേറ്റങ്ങളേയും പുറകോട്ടൊതുക്കും.
എപ്പോൾ വേണമെങ്കിലും ഉടഞ്ഞുതകരാമെന്ന നിലയിലിൽ നിൽക്കുന്ന നമ്മുടെയൊക്കെ നിലതന്നെ ഉഗ്രവും തീക്ഷ്ണവുമായ അക്രമാസക്തിക്കുമുന്നിൽ മുന്നോട്ടിനി ഉടഞ്ഞുതകരുകയല്ലാതൊരു ഗതിയില്ലെന്നറിഞ്ഞു നിൽക്കുന്നതുപോലെയാവുന്നു ഇപ്പോൾ.
അകാലത്തിൽ മണ്ണടിയേണ്ടിവന്നവർ തിരിച്ചുവരാതിരിക്കില്ല, ഒരുനാൾ.