സാഹിത്യത്തിന് അതിദൃശ്യതയും അതിസ്വീകാര്യതയും ഉണ്ടായിരുന്ന നാട്ടിൽ ചിത്രകലയ്ക്ക് ഒരുപക്ഷെ അതിനെ അവഗണിക്കുക മാത്രമായിരുന്നിരിക്കാം ആദ്യം ഉണ്ടായിരുന്ന വഴി. ‘ഇത് അതല്ല’ എന്നു പറയാനാണെന്നു തോന്നുന്നു കേരളത്തിലെ ആദ്യകാല ചിത്രകാരസമൂഹം ഏറെ പണിപ്പെട്ടിട്ടുള്ളത്. വലിയൊരളവ് അവർ അതിൽ വിജയിച്ചിട്ടുമുണ്ട്. അവരുണ്ടാക്കിയ സ്ഥലത്തു നിന്ന് അരക്ഷിതത്വ ബോധം ലവലേശമില്ലാതെ ഭാഷയെ, സാഹിത്യത്തെ, ആഖ്യാനരീതികളെ കളിയ്ക്കാൻ വിളിക്കാൻ കേരളത്തിലെ ചിത്രകലയ്ക്ക് ഇന്ന് കുറച്ചെങ്കിലും സാധിക്കുന്നുണ്ട്.
അങ്ങനെ ആത്മജയുടെ കാമുകി വിളിച്ചപ്പോൾ ബഷീർ ചെന്നതാണ് ഘോരം ഘോരം ഒരു കാമുകിയായി മാറിയത് എന്നാണ് ഞാൻ കരുതുന്നത്. ഒരുപക്ഷെ ബഷീറിയൻ ഹാസത്തിനു മാത്രമാണ് തലയിൽ ആണിയടിക്കണമെന്നോ കഴുത്തിൽ താലി കെട്ടണമെന്നോ ഉള്ള വ്യഗ്രതകൾ ഇല്ലാതെ കാമുകിയുടെ ഒപ്പമിരിക്കാൻ കഴിയുക. ഭാഷയിൽ അർത്ഥത്തിനും മുന്നേ ശബ്ദമെത്തുന്ന സ്ഥലങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടു കൂടിയാണ് ബഷീർ ഇത് സാധ്യമാക്കിയിരുന്നത്. ഇവിടെ ബഷീറിനെ കൂട്ടുപിടിച്ച് ആമിയും ചെയ്യുന്നത് ഇത് തന്നെയാണ്. പ്രത്യേകിച്ച് ഒരർത്ഥവും ഉള്ളിൽ വഹിക്കാതെ ശബ്‍ദമായി പെരുക്കുന്ന ഘോഷം എന്ന ഗണത്തിൽ പെട്ട അക്ഷരമാണ് ഘ. ഘ ആവർത്തിച്ചുപയോഗിച്ച് സംഘട്ടനസമാനമായ ശബ്ദപ്രതലം സൃഷ്ടിച്ച് കാമുകിയെ ആനയിക്കുന്ന ‘ഘോരം ഘോരം ഒരു കാമുകി’ എന്ന ഈ ടൈറ്റിൽ തന്നെയാണ് ഈ ഷോയിലേക്കുള്ള ഏറ്റവും മികച്ച വാതിൽ.

മലയാളി ആധുനികതയ്ക്ക് മെരുക്കാനാവാത്ത എന്തോ ഒന്ന് കാമുകിയിലുണ്ട്. എവിടെയും ഒഴുകി പരക്കാവുന്ന ശരീരം മാത്രമായ പെണ്ണുങ്ങൾ തൊട്ട്, മരണം വരെയും പ്രണയം ചെയ്യും എന്ന് ദൃഢപ്രതിജ്ഞ എടുത്ത ആധുനിക പ്രണയിനിയിനിയിൽ വരെ ഇല്ലാത്ത എന്തോ ഒന്ന് കാമുകിയിൽ ഉണ്ട്. പ്രണയിനി പിന്നീട് ഭാര്യയും അമ്മയും ആവും, ഹൗസിങ് ലോൺ, കാർ ലോൺ എന്നിവയുടെ തിരിച്ചടവിന് സഹായിക്കുകയും ചെയ്യും എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. കാമുകിയുമായി ചേർന്ന് ആരും ഹൗസിംഗ് ലോൺ എടുത്തതായി അറിയില്ല. വാസനയും ചോദനയും ഇടകലർന്ന ഒന്ന് പാലപ്പൂ മണം പോലെ അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും എന്നാൽ ഒരു ഹൗസിംഗ് ലോണിലേക്ക് ഒതുങ്ങുകയും ചെയ്യാത്ത ഒരു സ്‌ത്രീ സങ്കൽപ്പത്തെ ഘോരം ഘോരം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കും എന്ന് ആർക്കും തോന്നിപ്പോകും ഈ ചിത്രങ്ങൾ ഒരുമിച്ചു കാണുമ്പോൾ.

മറ്റൊരു വാതിൽ കിത്രചാരി എന്ന പേരിൽ ചിത്രകാരിയെ സ്വയം ദൃശ്യപ്പെടുത്തുന്ന ചിത്രങ്ങളാണ്. ഉട്ടോപ്പിയയിൽ നിന്ന് തിരിച്ചു വരുന്ന കിളി ഏത് ചില്ലയിൽ വിശ്രമിക്കും എന്ന് കെ.ജി. ശങ്കരപ്പിള്ള ഒരു കവിതയിൽ ചോദിക്കുന്നത് കേരളത്തിന് പുറത്ത് കല പഠിക്കാൻ പോയവരെ കുറിച്ചാണ് എന്ന ന്യായമായും സംശയിക്കാവുന്ന രീതിയിലാണ് കേരളത്തിലെ കലാലോകം ക്രമപ്പെട്ടിരിക്കുന്നത്. കേരളമെന്നത് ചെന്നിരിക്കാൻ ഭൂമിയോ പറന്നു പറ്റാൻ മരങ്ങളോ ഇല്ലാത്ത ഊഷരഭൂമി. അത് അവിടെ വണ്ടിയിറങ്ങുന്ന അനുശീലനം സിദ്ധിച്ച ആർട്ടിസ്റ് ആണുങ്ങൾക്കേ രക്ഷയില്ലാത്ത ഒരിടം, പിന്നെയല്ലേ പെണുങ്ങൾക്ക്! അവിടെയാണ് ആമി കിത്രചാരി എന്നൊരിടം ഉണ്ടാക്കി ചിത്രകാരിയെ ഒരു ബഹുവർണക്കുട പോലെ ചാരിവെക്കുന്നത്. സ്ത്രീകൾക്ക് സാമൂഹ്യ ജീവിതമേ സാധ്യമാകാത്ത ഒരു നാട്ടിൽ നിന്ന് കലാപ്രവർത്തനം നടത്താൻ തീരുമാനിക്കുന്ന ഏത് ചിത്രകാരിയും ഒരിക്കൽ എങ്കിലും കേട്ടിട്ടുള്ള ചോദ്യമാകും ‘എന്തു കണ്ടിട്ടാണ് നാട്ടിലേക്ക് തിരിച്ചു പോകുന്നത്’ എന്നത്. കേരളത്തെ ഒരു അടഞ്ഞ സഥലമായി, ഒരു ഓണ്ടോളജിക്കൽ കെണിയായി ചിത്രീകരിക്കുന്നതിൽ പുറത്തുപോയി കലയും ചിന്തയും പഠിച്ചുവന്ന ആളുകൾക്ക് വലിയ പങ്കുണ്ട്. ഈ പറച്ചിലിൽ സത്യമില്ലേ എന്ന് ചോദിച്ചാൽ ഇല്ലാതെയുമില്ല. കോമാളിച്ചിരിയും കാൻവാസിനെ തന്നെ ദൃശ്യപ്പെടുത്തുന്ന അതി- കഥനം പോലൊരു സാഹിത്യ -ആഖ്യാന മാതൃകയും അതിസുന്ദരമായി ഉപയോഗിച്ചുകൊണ്ട് ആമി ചിത്രകാരിക്ക് ജീവിക്കാൻ പറ്റാത്ത ഇടത്തേക്ക് കിത്രചാരിയെ ഇറക്കിവിടുന്നു. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന എല്ലാ പെണ്ണുങ്ങൾക്കും വേണ്ടിയാണ് കിത്രചാരിയിങ്ങനെ വീഴാതെ ചാരിനിൽക്കുന്നത്. അവളെ പോലെ ചിലർ ചാരിനിൽക്കുന്നതുകൊണ്ടു കൂടിയാണ് പേരുകേട്ട ആ ചുമർ ഇടിഞ്ഞുവീണ് ചിത്രകാരികൾ ചാവാത്തതും.

ഭാഷയിലും ബോധത്തിലുമുള്ള ഈ മറിച്ചിടൽ കിത്രചാരിയിൽ മാത്രം ഒതുങ്ങുന്നില്ല. മരണത്തെ രമണമാക്കുന്നിടത്തും ഇത് കാണാം. സംഘടിത മതങ്ങളും ക്ലാസിക്കൽ ചിന്തയും രമിച്ചാൽ മരിക്കും എന്നത് ശാപം പോലെ ആവർത്തിച്ച കാലത്തു തുടങ്ങുന്നു ഇത്. ഏതാണ്ട് കുമാരനാശാന്റെ കാലം മുതൽ ഫ്രോയ്ഡ് അറിഞ്ഞോ അറിയാതെയോ രമണത്തെ മരണവുമായി നമ്മൾ ചേർത്തുവെച്ച് പോന്നു. തൊട്ടാൽ തട്ടിപ്പോകുന്ന നായികമാരായിരുന്നു നളിനിയിലും ലീലയിലുമെങ്കിൽ കരചരണങ്ങൾ ഭേദിക്കപ്പെട്ട് ചുടലക്കാട്ടിൽ എത്തിപ്പെടുമ്പോൾ മാത്രം കിട്ടുന്ന കിട്ടാക്കനിയായിരുന്നു വാസവദത്തയ്ക്ക് രമണം. ഇങ്ങനെ ആധുനികതയിൽ മരണവാഞ്ഛയായി വെളിപ്പെട്ടതിനെ എത്ര ലാഘവത്തോടെയാണ് ആമി രമണമാക്കുന്നത്! മരപ്പൊത്തും സർപ്പവും ഒക്കെ ഉണ്ടെങ്കിലും പാപബോധം തീരെയില്ലാത്ത ഒരു ചിത്രമാണ് 'രമണത്തിനു തൊട്ടരികിൽ'. മരണം ആയാലും രമണം ആയാലും 'തൊട്ടരികിൽ' എന്നത് ഒരു ത്രെഷോൾഡ് ആണ്. പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരിടം. കൃത്യമായും ആ സ്ഥലത്താണ് ഈ ചിത്രം എത്തുന്നതും.

നഗരവാസിയും ലോകസഞ്ചാരകുതുകിയും മുന്തിയ ഇനം ഇടങ്ങളിൽ മാത്രം കാണപ്പെടുന്ന കലാതത്പരക്ഷിയും ആയ ആഗോളവ്യക്തിക്ക് മനസിലായാലും ഇല്ലെങ്കിലും ഒരു ചുക്കുമില്ലെന്ന മട്ടിൽ തീർത്തും ലോക്കൽ ആയ റഫറൻസുകളിലൂടെ ഒരു ലോകം ആമി സൃഷ്ടിക്കുന്നുണ്ട്. കലയ്ക്ക് മാത്രം സാധ്യമായ രീതിയിൽ ഈ റഫൻസുകളിലൂടെ സാർവ്വലൗകികമായ ഒരു ലോകം തെളിഞ്ഞു വരുന്നുമുണ്ട്. ഉരഗം എന്ന് മാത്രം വിളിക്കാൻ പറ്റുന്ന പാമ്പുകൾ അത്തരത്തിലുള്ള ഒരു റഫറൻസ് ആണ്.

വാഴത്തോപ്പിന്റെ ക്രമീകൃത ജൈവസമൃദ്ധിയുടെ വിളുമ്പിൽ മുട്ടുകുത്തിയിരിക്കുന്ന കാമുകി - കാമുകിയുടെ ഒറ്റമുണ്ടിന്റെ കരയിലേക്ക് കര കവിയുന്ന ടാറിട്ട റോഡോ ടാറിട്ട റോഡിലേക്ക് കര കവിയുന്ന മുണ്ടിന്റെ കരയോ എന്ന് സന്ദേഹമുണ്ടാക്കുന്ന ഈ ചിത്രത്തിലാണ് ബാധയായി വെളിപ്പെടാവുന്ന സാംസ്കാരികമായ ഓർമകൾ, മറുഭാഷാ പറയാൻ കെൽപ്പുള്ള പെൺപാരമ്പര്യം എന്നിവയെ ആമി കാണിച്ചു തരുന്നത്. 'ഒരു കാമുകിയുടെ പതനം' എന്ന് പേരിട്ടുള്ള ഈ ചിത്രത്തിൽ നിന്നുള്ള വിച്ഛേദമാണ് തുടർന്നുവരുന്ന ചിത്രങ്ങളിലെ കാമുകി. നിറങ്ങളുടെ സമൃദ്ധിയിലും ഫ്രിദ ബാധിച്ച സർപ്പശിരസ്സിലും ഉറക്കെ സംസാരിക്കുന്ന ചിത്രങ്ങൾ നാക്കെറങ്ങിപ്പോയ അവസ്ഥയിലെത്തുന്നത് വീണ്ടും കാമുകി ദൃശ്യമാകുന്ന സ്ഥലത്താണ്.

കാമുകി വരച്ച കളത്തിൽ ആമി ചെന്നിരിക്കുന്നത് എന്നു തോന്നുന്ന നാലു ചിത്രങ്ങളുണ്ട് ഈ കൂട്ടത്തിൽ. മനസ്സ്, ആന്തരികത, ആന്തരികതയെ തന്നെ ലക്ഷ്യം വെക്കുന്ന ഇന്ദ്രിയബദ്ധമായ കാമം ഇവയെ ആശ്രമവാസിയുടെ ആശയടക്കത്തോടെ തിരിച്ചുനോക്കുകയാണ് ഈ കാമുകി. പ്രണയിനിയെ പോലെ പൂർവ മാതൃകകൾ ഇല്ലാത്തയാളാണ് കാമുകി എന്നതുകൊണ്ട്, ഇടത്തുനിന്ന് ഇടത്തോട്ടോ ഇടത്തുനിന്ന് വലത്തോട്ടോ കാണാവുന്ന നാല് ചിത്രങ്ങളിൽ നാല് അവസ്ഥാന്തരങ്ങളിൽ കാമുകി പ്രത്യക്ഷപ്പെടുന്നു.

തീർത്തും വിരാഗിയായി രാഗത്തെ മുഖാമുഖം നോക്കുന്ന തേഞ്ഞൊട്ടിയ ഈ സ്ത്രീയായിരുന്നോ കാമുകി എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും പതിയെ പതിയെ ആ കാമുകിയുടെ തീവ്രത എല്ലു തുളച്ചു കേറുന്നതു നമ്മൾക്കറിയാൻ പറ്റും. പേടിച്ചരണ്ട കാമുകി അല്പം പേടി മാറിയപ്പോൾ അവൾ എന്നിങ്ങനെ പല രീതിയിൽ പേരുകളിലൂടെ അവൾ സ്വയം വെളിവാക്കുന്നുണ്ട്. കൊല്ലാനാണോ വളർത്താനാണോ എന്നുറപ്പിക്കാൻ കഴിയാത്ത വിധം അവൾ ഒരു കയ്യിൽ പിടിച്ചിരിക്കുന്ന കിളി, ആ കിളിയുടെ ഭക്ഷണമാവാൻ വെമ്പുന്ന മറുകയ്യിലെ പുഴു ഇങ്ങനെ സ്വയം വെളിവാകുന്ന ചൂണ്ടയായി കാമുകി ഈ ചിത്രങ്ങളിൽ വെളിപ്പെടുന്നു. മറ്റു ചിത്രങ്ങളിൽ നിന്ന് തീത്തും വ്യത്യസ്‍തമായി നിറങ്ങളിലും അവയുടെ വിന്യാസത്തിലും കഠിനമായ ആത്മനിയന്ത്രണം പാലിച്ചും സ്വയം ഉണ്ടാക്കിയ ശാസനകൾ അനുസരിച്ചും ഇല്ലായ്മയുടെ പെരുക്കത്തിൽ തീവ്രത അനുഭവിപ്പിക്കുന്നുണ്ട് ഈ കാമുകി. കൊതിപ്പിക്കുന്നതോ ത്രസിപ്പിക്കുന്നതോ ആയ ഒന്നുമില്ലാതെ ചോരയും നീരുമില്ലാതെ ഈ കാമുകി രാഗമേത് മാംസമേത് എന്നൊക്കെ നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നു.

ഒരൊറ്റ ആളിലേക്ക് ചിന്തയും ആശയും എല്ലാം സമർപ്പിച്ച കാമുകിയെ നമ്മൾക്ക് പരിചയമുണ്ട്. പക്ഷെ അങ്ങനെ വല്ലോം ചെയ്യേണ്ടിവരുമോ കാമുകിയായിപ്പോയാൽ എന്നോർത്ത് അവിടെ കേറാതെ എന്നാൽ ആ ചിന്തയിൽ തന്നെ നിമഗ്നയായി ആ ഇരിപ്പിൽ ചുറ്റും പൂവിരിഞ്ഞു, ആ പൂവെടുത്ത് കയ്യിൽപ്പിടിച്ചുനിൽക്കുന്ന കാമുകിയെ നമുക്ക് അത്ര പരിചയമില്ല. "അസ്ത്രങ്ങൾ അയക്കുന്നുണ്ടെന്നു കരുതി എനിക്ക് ലക്ഷ്യങ്ങൾ ഉണ്ടെന്ന് കരുതരുത് മിത്രമേ നീ" എന്ന് എൻ. ബൈജു ഒരു കവിയതയിൽ എഴുതിയതിനെ ഓർമ്മപ്പിയ്ക്കുന്നു ഈ കാമുകി. ഭാഷയിൽ കളിച്ചു തുടങ്ങുന്ന ആമി ഭാഷാതീതമായ ഒരു സ്ഥലം കാണിച്ചുതരുന്നതും ഇവിടെയാണ്. ഭാഷാതീതം എന്നത് ഭാഷയ്ക്ക് മുൻപുള്ള ഇടമല്ല. ഭാഷയാൽ നിർണ്ണയിക്കപ്പെടുന്ന ഇടവുമല്ല. മറിച്ച്, ഭാഷയിൽ നിന്ന് പാളി വീഴുന്ന ഇടമാണ്. അതുകൊണ്ടാണ് ഏറ്റവും സംസ്കാരമുദ്രിതമായ ശരീരങ്ങൾ വരയ്ക്കുമ്പോഴും ആമി 'മലയാളി ആർട്ടിസ്റ്റ് ' എന്ന ഗണത്തിൽ ഒതുങ്ങാത്തത്. ഏറ്റവും പ്രാദേശികമായതിനെ വരച്ചുകൊണ്ട് ഏറ്റവും സാർവലൗകികമായ ഒന്നിലേക്ക് എത്തിപ്പെടുന്നത് കലയ്ക്ക് സാധ്യമായ ഏറ്റവും സുന്ദരമായ കാര്യങ്ങളിൽ ഒന്നാണല്ലോ.

ആമി കേരളത്തിൽ ജീവിച്ചുവരയ്ക്കാൻ തീരുമാനിക്കുമ്പോൾ കലാലോകം ബ്ലൂചിപ്പ് ആർട്ടിസ്റ്റുകളുടെതുതന്നെയായിരുന്നു. സോഷ്യൽ മീഡിയ റെഡ് ചിപ്പ് ആർട്ടിസ്റ്റിന്റെ നിർമിക്കും മുൻപ് ബ്ലൂ- ചിപ്പ് അല്ല എന്ന് തീരുമാനിച്ച ആളാണ് ആമി. അറിഞ്ഞുകൊണ്ട് അങ്ങനെ ആയതല്ല. അറിഞ്ഞു കൊണ്ട് ഒരബദ്ധത്തിലും ചെന്നുചാടുന്ന ആളല്ല ആമിയിലെ കലാകാരി. ഒരു വ്യവഹാരത്തിന്റെ പ്രതിവ്യവഹാരം കൂടി ചേർന്നാണ് ആ വ്യവഹാരം പൂർണമാകുന്നത് എന്ന് നല്ല ബോധ്യമുള്ള ആളാണ് ആമിയിലെ കലാകാരി. അതുകൊണ്ടാണ് 'ബദൽ', 'പ്രതിരോധം', 'സമാന്തരം' തുടങ്ങി മലയാളിയ്ക്ക് പ്രിയതരമായ കടത്തിണ്ണകളിൽ ഒന്നും ആമി കയറിനിൽക്കാത്തതും. എന്നാൽ പ്രതിഭയ്ക്ക് മാത്രം സാധ്യമായ ചിലതുണ്ട്. കലാരംഗത്ത് പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും പ്രതിഭ എന്ന പദം പുരുഷസത്തയെ കുറിക്കുന്നു. പെണ്ണുങ്ങളെ പറ്റി പറയുമ്പോൾ സ്‌ത്രീപ്രതിഭ എന്ന് എടുത്തുപറയും. സ്ത്രീയാണെങ്കിലും പ്രതിഭ എന്നാണ് അതിന്റെ വിവക്ഷ.

എന്തായാലും സത്താപരമായ ഈ പുരുഷപ്രതിഭ പ്രേമിച്ചും പ്രതിരോധിച്ചും ഒരു വഴിയ്ക്കാക്കിയ കേരളത്തിൽ ജീവിച്ചും വരച്ചും മുദാ സംഹരിച്ചും ആനന്ദമാർഗേ ചരിച്ചും ആമി സൃഷ്ടിക്കുന്ന കലാലോകം കേരളത്തിൽ ജീവിക്കുന്ന മനുഷ്യർക്ക്, പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് വലിയൊരു ഊർജ്ജമാണ് നൽകുന്നത്. കാലുകുത്താനിടമില്ലാത്ത ഒരിടത്തു നിന്ന് അവളവൾ പടുത്തുയർത്തുന്ന ഈ മിനാരങ്ങൾക്കു തിളക്കമേറും. മരണമായാലും രമണമായാലും വരച്ചിരിക്കും എന്ന ആത്മജയുടെ ധീരധീരമായ നിശ്ചയത്തിനോട് കേരളത്തിലെ കലാലോകം കടപ്പെട്ടിരിക്കുന്നു. എന്നാൽ കേവല ധീരതയ്ക്കപ്പുറം പോകുന്ന കാമ്പുള്ള കലാപ്രവർത്തനം തന്നെയാണ് സമകാലിക ഇന്ത്യയിലെ ഒരു പ്രധാന ശബ്ദമായി ആമിയെ മാറ്റുന്നതും എന്ന് ഞാൻ കരുതുന്നു.

