കേരളത്തിൽ ഒരു ജനാധിപത്യ സർക്കാർ രൂപീകൃതമായ 1957-ൽ തന്നെ കേരള സ്കൂൾ കലോത്സവവും ആരംഭിച്ചു. എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ 12 ഇനങ്ങളുമായി ആരംഭിച്ച സ്കൂൾ കലോത്സവം ഇതിനകം ഏഷ്യയിലെ തന്നെ ഏറ്റവും സുസംഘടിതവും വിപുലമായ സാംസ്കാരികോത്സവങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ജനകീയ പിന്തുണയും വിദ്യാർത്ഥി പങ്കാളിത്തവും കൊണ്ട് അനന്യമായ ഒന്ന്.
കാലത്തിൻ്റെ കുത്തൊഴുക്കിൽ മൺമറഞ്ഞു പോകുമായിരുന്ന നിരവധി കലാരൂപങ്ങളുടെ ഏറ്റവും സജീവമായ വീണ്ടെടുപ്പ് സ്കൂൾ കലോത്സവത്തിലൂടെ സാധ്യമായി. സാമുദായികവും മതപരവുമായ വേരുകളുടെയും വേലിക്കെട്ടുകളുടെയും പരിമിതിയുണ്ടായിരുന്ന കലാരൂപങ്ങളെ മതേതര കേരളത്തിൻ്റെ പൊതുമണ്ഡലത്തിലേക്ക് ഇളക്കി പ്രതിഷ്ഠിക്കാൻ കേരള സ്കൂൾ കലോത്സവത്തിന് സാധിച്ചു.
ഇതിൽ ഏറെ ആഹ്ലാദകരമായ ചുവടുവെപ്പാണ് ഈ വർഷം മുതൽ മംഗലം കളി, പണിയ നൃത്തം, പളിയ നൃത്തം, ഇരുള നൃത്തം തുടങ്ങിയ ഗോത്ര കലാരൂപങ്ങൾ കൂടി കലോത്സവത്തിന്റെ ഭാഗമാക്കിയത്. ഇങ്ങനെ ജനാധിപത്യപരവും നവോത്ഥാനപരവുമായ ഒരു നിശ്ശബ്ദ നൈതിക വിപ്ലവം തന്നെ സ്കൂൾ കലോത്സവങ്ങൾ സാധ്യമാക്കിയിട്ടുണ്ട്.
യേശുദാസ്, ജയചന്ദ്രൻ, മഞ്ജു വാര്യർ, വിനീത് തുടങ്ങി മലയാളത്തിന്റെ കലാലോകത്തിന് പ്രിയപ്പെട്ട നിരവധി താരങ്ങൾ സ്കൂൾ കലോത്സവങ്ങൾ മലയാളത്തിൻ്റെ സാംസ്കാരിക ജീവിതത്തിന് പകർന്നുനൽകിയ അഭിമാനകരമായ ഈടുവെയ്പുകളാണ്.
‘‘വിദ്യാഭ്യാസമെന്നത് കേവലം അറിവുല്പാദനപ്രക്രിയ മാത്രമല്ല. കുട്ടികളിൽ അന്തർലീനമായ സർഗവാസനകളുടെ പരിപോഷണത്തിലൂടെ മാത്രമേ വിദ്യാഭ്യാസമെന്ന മഹത്തായ ദൗത്യം പൂർത്തീകരിക്കപ്പെടുകയുള്ളൂ. നമ്മുടെ പൊതുവിദ്യാലയങ്ങൾ അടുത്തകാലത്തായി നേടിയെടുത്തിട്ടുള്ള പുതിയ ഉണർവിന്റെ പ്രധാനഘടകങ്ങളിലൊന്ന് കേവലം പാഠ്യപദ്ധതിയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ പൊതുവിദ്യാഭ്യാസം വിദ്യാർത്ഥികളുടെ വളർച്ചയിൽ അവരുടെ സിദ്ധികൾക്കും സാധനകൾക്കുമുള്ള പ്രാധാന്യം കൂടി അഭിസംബോധന ചെയ്യുന്നു എന്നുള്ളതാണ്. അറിവുല്‌പാദകരോ വിവരസമ്പാദകരോ മാത്രമാകാതെ പാഠപുസ്‌തക പഠനത്തോടൊപ്പം കലാധിഷ്ഠിതമായ നൈതികജീവിതത്തിന്റെ മാതൃകാ മാർഗങ്ങളെയും പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്കു പ്രദാനം ചെയ്യുന്നു’’.
(കലോത്സവ മാന്വൽ ആമുഖം.)
കലോത്സവവേദികളുടെ വർണ്ണപ്പൊലിമകൾക്ക് പിറകിൽ യുദ്ധസമാനമായി പെരുകുന്നുണ്ട്, മത്സരബോധം.
എന്നാൽ ഈ മാന്വൽ തന്നെ കലോത്സവത്തിൽ കടന്നുകൂടിയ അനാരോഗ്യകരമായ ചില പ്രവണതകൾ നിശിതമാംവിധം വിലയിരുത്തുന്നു:
‘‘അടുത്ത കാലത്തായി കണ്ടുവരുന്ന ചില പ്രവണതകൾ കലോത്സവത്തിൻ്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന അപകടസ്ഥിതി സംജാതമാക്കിയിരിക്കുന്നു. കലയുടെ വാണിജ്യവത്കരണം കലോത്സവങ്ങളെയും ബാധിച്ചിരിക്കുന്നു. അനാരോഗ്യകരമായ ബാഹ്യ ഇടപെടലുകളും അമിതാഡംബരങ്ങളും ഗ്രേസ് മാർക്കിൻ്റെ ആകർഷണീയതയും രക്ഷാകർത്താക്കളുടെ വികലമായ ഉത്കണ്ഠകളും ധനദുർവിനിയോഗവുമെല്ലാം കലോത്സവത്തെക്കുറിച്ചുള്ള വിപരീത ചിന്തകൾക്കു കാരണമായിത്തീർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടത്തിപ്പിനെ സംബന്ധിച്ചൊരു വീണ്ടുവിചാരം അനിവാര്യമായിരിക്കുന്നു’’.
(ആമുഖം; കലോത്സവ മാന്വൽ )
കഴിഞ്ഞദിവസം ഒരു ജില്ലാ കലോത്സവവേദിയിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ താളം പിടിച്ചു പാടുന്നതിനിടയിൽ കുപ്പിവള പൊട്ടി കൈത്തണ്ട മുറിഞ്ഞ് വസ്ത്രം മുഴുവൻ ചോര വാർന്ന് പടർന്നിട്ടും മത്സരാവസാനം വരെ തുടരുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി നമ്മളെല്ലാം കണ്ടതാണ്. ആ കുട്ടിയോട് ഇത് നിർത്തൂ എന്നുപറയാൻ വേദിയിലും സദസ്സിലുമുള്ള അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന ആർക്കും സാധിക്കുന്നില്ല എന്ന ഒറ്റയനുഭവം മതി കലോത്സവത്തിന്റെ മത്സരോത്സുകത എത്രമേൽ അനാരോഗ്യകരമായി നമ്മെയൊക്കെ സ്വാധീനിച്ചിരിക്കുന്നു എന്നറിയാൻ. ഒട്ടും പ്രോത്സാഹിപ്പിക്കാവുന്നതല്ല, കലോത്സവവേദികളുടെ വർണ്ണപ്പൊലിമകൾക്ക് പിറകിൽ യുദ്ധസമാനമായി പെരുകുന്ന ഈ മത്സര ബോധം.
ഔദ്യോഗിക പ്രഖ്യാപനം ഇല്ലാത്ത പല സ്ഥാനങ്ങളും കണക്കുകൂട്ടിയെടുക്കുകയും അവ മാധ്യമങ്ങളിൽ നൽകി സ്വയം മേനി നടിക്കുകയും ചെയ്യുന്ന വിദ്യാലയങ്ങളും മത്സരസംഘങ്ങളും ഇപ്പോഴുമുണ്ട്.
ഫസ്റ്റ്, സെക്കൻ്റ്, തേഡ് എന്ന് സ്ഥാനനിർണയം ഒഴിവാക്കി ഗ്രേഡ് മാത്രം പ്രഖ്യാപിക്കുന്ന രീതിയും കലാപ്രതിഭ- കലാതിലകം പട്ടങ്ങൾ ഒഴിവാക്കിയതുമെല്ലാം ഈ തീവ്രമത്സര പ്രവണത ഒഴിവാക്കാൻ വേണ്ടിയാണ്.
ഒരേ തലത്തിൽ നിരവധി വർഷങ്ങൾ ആവർത്തിച്ച് വിധികർത്താവായി ഇരിക്കുന്നതും ഒരു ഉപജില്ലയിൽ വിധി കർത്താവായി ഇരുന്നയാൾ അതേ ജില്ലയിൽ ജില്ലാ തലത്തിൽ വിധികർത്താവാകുന്നതും വിലക്കിയിട്ടുണ്ട്.
എന്നാൽ അത്തരം ഉദ്ദേശ്യശുദ്ധികൾ മറികടന്ന്, ഔദ്യോഗിക പ്രഖ്യാപനം ഇല്ലാത്ത പല സ്ഥാനങ്ങളും കണക്കുകൂട്ടിയെടുക്കുകയും അവ മാധ്യമങ്ങളിൽ നൽകി സ്വയം മേനി നടിക്കുകയും ചെയ്യുന്ന വിദ്യാലയങ്ങളും മത്സരസംഘങ്ങളും ഇപ്പോഴുമുണ്ട്. പരാതികളില്ലാതെ ഒരു മത്സരഫലവും പ്രഖ്യാപിക്കാൻ കഴിയുന്നില്ല. അപ്പീലുകളുടെ എണ്ണം ഓരോ മേളകളിലും പെരുകിക്കൊണ്ടേയിരിക്കുന്നു.
ഇത്തവണ ഉൾപ്പെടുത്തിയ ഗോത്രകലാരൂപമായ ഇരുള നൃത്തത്തിൻ്റെ വിധിനിർണ്ണയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പ് നോക്കൂ:
‘‘ആദിവാസി ഗോത്രകലകൾ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി മാറിയപ്പോൾ ഏറെ സന്തോഷിച്ചു. എന്നാൽ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഒരു വേദിയിൽ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇരുള ഗോത്ര നൃത്തം മത്സരയിനമായി അവതരിപ്പിക്കപ്പെട്ടിരുന്നു. മൂന്ന് സ്കൂളുകൾ മത്സരിച്ചിരുന്നു. വിധിനിർണ്ണയത്തിലെ അപാകതകളും, വിധികർത്താക്കളുടെ യോഗ്യതക്കുറവും ഫലം മാറ്റിമറിച്ച അനുഭവമുണ്ടായി. ഞങ്ങളുടെ ഗോത്ര നൃത്തം സ്കൂൾ കലോത്സവ വേദിയിൽ ആദരിക്കപ്പെടുകയല്ല, അവഹേളിക്കപ്പെടുകയാണെന്ന് ബോധ്യപ്പെട്ടപ്പോൾ വേദിയിൽ കയറി മൈക്ക് എടുത്ത് അനീതി ചോദ്യം ചെയ്യുക തന്നെ ചെയ്തു. വിധികർത്താക്കളിൽ ഇരുള നൃത്തത്തെയോ, ഗോത്ര സമൂഹത്തെയോ, ഗോത്രകലകളെയോ പറ്റി പാണ്ഡ്യത്യപരിജ്ഞാനമുള്ള ആരും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി കാണികൾക്കു മുന്നിൽ ബോധ്യപ്പെടുത്തി. ഏറെ വികാരത്തോടെ, വിമർശനത്തോടെ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചു. നാടൻപാട്ട് കലാകാരനായിരുന്നു ഇരുള നൃത്ത മത്സരങ്ങൾക്ക് വിധികർത്താവ്. ഇത് ചോദ്യം ചെയ്തപ്പോൾ, യൂറ്റ്യൂബ് നോക്കി ഇരുള നൃത്തത്തെ മനസിലാക്കാൻ ശ്രമിക്കുന്ന വിധികർത്താവിനെയും കണ്ടു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി മത്സരവേദികളിൽ ആദിവാസി കലാകാരൻമാരെ വിധികർത്താക്കളാക്കി ഇരുത്തുന്ന കലാവിപ്ലവം സാധ്യമാകുമോ..?’’
വളരെ ഗൗരവത്തോടെ സമീപിക്കേണ്ട മത്സരയിനങ്ങളെ ഇത്ര ലാഘവബുദ്ധിയോടെ സമീപിക്കുന്ന രീതി തിരുത്തപ്പെടുക തന്നെ വേണം.
വിധികർത്താക്കളെ നിർണയിക്കുന്നതിൽ പലപ്പോഴും സംഘാടകർ വേണ്ടത്ര ഗൗരവം കാണിക്കാറില്ല. അത് ടീമുകളും സംഘാടകരും തമ്മിൽ വലിയ സംഘർഷങ്ങളിലേക്ക് നയിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. വിധിനിർണ്ണയത്തിലെ അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെടുകയും അയോഗ്യരാക്കപ്പെടുകയും ചെയ്ത വിധികർത്താക്കളുണ്ട്. തങ്ങൾക്ക് ഹിതകരമല്ലാത്ത വിധികളുടെ പേരിൽ വിധികർത്താക്കളെ കായികമായി നേരിടാൻ ശ്രമിച്ച രക്ഷിതാക്കളും വിദ്യാലയ അധികൃതരും കുറവല്ല. ഇങ്ങനെ ആകെ കലാപകലുഷിതവും സ്വാർത്ഥ താൽപര്യങ്ങൾ നിറഞ്ഞതുമായ ഒരു സമാന്തര അധോലോകം കൂടി കലോത്സവത്തിന്റെ വെള്ളിവെളിച്ചങ്ങൾക്കപ്പുറം ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.
ജനപ്രീതിയുള്ളതും ചെലവേറിയതുമായ ഇനങ്ങളിൽ ലഭിക്കുന്ന ശ്രദ്ധയും ജാഗ്രതയും പലപ്പോഴും രചനാമത്സരങ്ങൾ, പദ്യപാരായണം, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ ഉണ്ടാവാറില്ല. അതുപോലെ ഇനങ്ങൾ തരം തിരിച്ച് ഗ്രൂപ്പുകളാക്കി, അതിൽ ഇത്രയിനങ്ങളിൽ മാത്രമേ ഒരു സ്കൂളിൽ നിന്ന് പങ്കെടുക്കാവൂ എന്ന നിബന്ധനയുണ്ട്. എല്ലാ ഇനങ്ങളിലും എല്ലാ സ്കൂളുകൾക്കും പങ്കാളിത്തം നൽകുക എന്നത് പ്രായോഗികമാവണമെന്നില്ല. എന്നാൽ, എല്ലാ ഭാഷകളിലെയും പദ്യപാരായണത്തിൽ നിന്ന് മൂന്നെണ്ണം മാത്രമേ സബ്ജില്ലാതലത്തിൽ ഒരു സ്കൂളിന് പങ്കെടുക്കാൻ അനുവദിക്കൂ എന്നത് സങ്കടകരമാണ്.
ശാസ്ത്രീയ കലകളോട് അഗാധമായ ഇഷ്ടമുള്ള, അഭിരുചിയുള്ള സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതല്ല പരിശീലനത്തിനും അവതരണത്തിനും വേണ്ടിവരുന്ന ചെലവുകൾ.
ശാസ്ത്രീയ പരിശീലനം വേണ്ടതും ചെലവേറിയതുമായ ഇനങ്ങൾക്ക് സ്കൂൾതലത്തിൽ ചുരുങ്ങിയ കുട്ടികളെ ഉണ്ടാവൂ. എന്നാൽ പദ്യപാരായണം പോലുള്ള ഇനങ്ങളിൽ കുറെ കൂടി വിശാലമായ സമീപനം ഉണ്ടെങ്കിൽ ഒരു സ്കൂളിലെ നിരവധി കുട്ടികൾക്ക് സബ്ജില്ലാ കലോത്സവത്തിന്റെ അരങ്ങിൽ എത്തിച്ചേരാൻ സാധിക്കും. നാട്ടിൻപുറങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിൽ പലതും ശാസ്ത്രീയ നൃത്തം പോലുള്ള ചെലവേറിയ ഇനങ്ങളിൽ പല ഗ്രൂപ്പുകളിലും ഒരു കുട്ടിയെ പോലും പങ്കെടുപ്പിക്കാനുണ്ടാവില്ല. അപ്പോഴാണ് അവർക്ക് പ്രസംഗം, പദ്യംചൊല്ലൽ പോലുള്ള ഇനങ്ങളും വിഭാഗത്തിലെ എണ്ണത്തിന്റെ പേര് പറഞ്ഞ് നിഷേധിക്കപ്പെടുന്നത്. ഇതും മറ്റെന്തെങ്കിലും രീതിയിൽ പുനഃക്രമീകരിക്കേണ്ടതുണ്ട്. ശാസ്ത്രീയ കലകളോട് അഗാധമായ ഇഷ്ടമുള്ള, അഭിരുചിയുള്ള സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതല്ല പരിശീലനത്തിനും അവതരണത്തിനും വേണ്ടിവരുന്ന ചെലവുകൾ.
പലതവണ ചർച്ചകളിൽ പലരും ചൂണ്ടിക്കാട്ടിയിട്ടും മാന്വൽ തന്നെ തിരിച്ചറിഞ്ഞിട്ടും നമുക്കിപ്പോഴും ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിക്കാനായില്ലെന്ന് മാത്രമല്ല, സങ്കുചിത താല്പര്യങ്ങൾ ഉണ്ടാക്കുന്ന പലതരം വിവാദങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ഇത് കലോത്സവത്തിന്റെ സദുദ്ദേശ്യവും സൽപ്പേരും ചെറുതല്ലാത്തവിധം കളങ്കപ്പെടുത്തുന്നു. അതിനായി ചെലവഴിക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ നിസ്വാർത്ഥ മനുഷ്യാദ്ധ്വാധത്തിൻ്റെ ഒരു പങ്ക് എങ്കിലും നിഷ്ഫലമാകുന്നു.
മാന്വൽ ചൂണ്ടിക്കാണിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ആദ്യം വേണ്ട നടപടി കലോത്സവത്തെ സ്കൂളിലെ കലാവിദ്യാഭ്യാസവുമായി കണ്ണി ചേർക്കുകയാണ്. കുറച്ചു വർഷങ്ങളായി കലാപഠനത്തിന് നിയതമായ സിലബസും പാഠപുസ്തകങ്ങളും ആവിഷ്കരിക്കാൻ നമുക്കായിട്ടുണ്ട്. അത് ഒന്നുകൂടി ശക്തമാക്കാൻ സാധിക്കണം.
നിലവിൽ ആത്മാർത്ഥവും ശാസ്ത്രീയവുമായ കലാപഠനത്തിൻ്റെ സ്വാഭാവികമായ അരങ്ങേറ്റം എന്ന നിലയിലോ അഭ്യസിച്ചതിന്റെ രംഗപാഠം എന്ന നിലയിലോ ഉള്ള ഇനങ്ങളല്ല മത്സരവേദിയിൽ എത്തുന്നത്. മറിച്ച്, കലോത്സവത്തിനുവേണ്ടി മാത്രമായി രൂപകല്പന ചെയ്യപ്പെടുകയും അതിനുവേണ്ടി മാത്രമായി അഭ്യസിക്കുകയും ചെയ്യുന്ന സവിശേഷ ഉൽപ്പന്നങ്ങൾ മാത്രമാണ്. ഏതെങ്കിലും ഒരു കലാരൂപത്തിൻ്റെ അക്കാദമികമോ സൗന്ദര്യശാസ്ത്രപരമായ വളർച്ചയിൽ ഒരു സംഭാവനയും അവ നൽകുന്നില്ല. അതുകൊണ്ടുതന്നെ യാന്ത്രികമായി പരിശീലിപ്പിക്കപ്പെടുകയും അവതരിപ്പിക്കുകയും അവതരണം കഴിഞ്ഞാൽ മറന്നുപോവുകയും ചെയ്യുന്ന നിലയിൽ, അങ്ങേയറ്റം തമ്മിൽ അന്യവൽക്കരിക്കപ്പെട്ട നിലയാണ് കുട്ടിയും കലാരൂപവും നിൽക്കുന്നത്.
വിവിധ സ്കൂളുകളിൽ ഒരേ ഇനത്തിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിരലണ്ണാവുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുക.
അപൂർവ്വം ചിലർ തങ്ങൾ പെർഫോം ചെയ്ത കലയുടെ മേഖലയിൽ അഭിരുചിയും താല്പര്യവും തുടരുകയും മികച്ച പ്രതിഭകളായി മാറുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം കാണാതെയല്ല ഇത് പറയുന്നത്. പക്ഷേ കലോത്സവവേദിയിൽ എത്തുന്ന മഹാഭൂരിഭാഗം കുട്ടികൾക്കും പഠനത്തിന്റെയും പരീക്ഷയുടെയും സമ്മർദ്ദങ്ങളേക്കാൾ വലിയ സമ്മർദ്ദമാണ് ഈ മത്സരങ്ങൾ നൽകുന്നത്.
ഗ്രേസ് മാർക്കാണ് കലോത്സവങ്ങളിലെ വലിയൊരു ആകർഷക ഘടകം. ഗ്രേസ് മാർക്കിനെ എതിർത്തും അനുകൂലിച്ചുമുളള സമീപനങ്ങൾ വിദ്യാഭ്യാസ ചർച്ചകളിൽ ഉയരാറുണ്ട്. ഗ്രേസ് മാർക്ക് എന്ന ആശയത്തെ പൂർണ്ണമായി തള്ളിക്കളയാനാവില്ല. അധ്യയന സമയത്തിൽ വലിയൊരു പങ്ക് പരിശീലനത്തിന് ചെലവഴിക്കുന്ന കുട്ടികൾക്ക് ആശ്വാസം എന്ന നിലയിലാണ് ഗ്രേസ് മാർക്ക് എന്ന ആശയം വരുന്നത്. പക്ഷേ കലോത്സവത്തിന്റെ കാര്യത്തിൽ വിവിധ സ്കൂളുകളിൽ ഒരേ ഇനത്തിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിരലണ്ണാവുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുക. സത്യത്തിൽ കലയിൽ ആർജിക്കുന്ന നേട്ടങ്ങൾക്ക് മറ്റു വിഷയങ്ങളിൽ വീതിച്ച് മാർക്ക് നൽകുന്നതിനേക്കാൾ നല്ലത്, കലാനൈപുണ്യത്തെ സവിശേഷമായ മേഖലയായി കണ്ട്, അത് പഠിക്കുന്ന കുട്ടികൾക്ക് ഗ്രേഡ് നിർണയിച്ച് നൽകുകയാവും. അപ്പോൾ അതിന്റെ ഗുണം എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുകയും ചെയ്യും. നിലവിലുള്ള പാറ്റേണിൽ നൽകുന്ന ഗ്രേസ് മാർക്ക് ഒഴിവാക്കിയാൽ തന്നെ ഒരു പരിധി വരെയുള്ള യുദ്ധം ലഘൂകരിക്കാൻ സാധിക്കും. പ്രൈമറി തലത്തിലെങ്കിലും മത്സരം ഒഴിവാക്കി പ്രദർശനങ്ങൾ എന്ന നിലയിൽ പരിപാടികൾ നടത്തുന്നത് അഭികാമ്യമായിരിക്കും.
വിവിധ കലകളിൽ അഭിരുചി തെളിയിക്കുന്ന, സാമ്പത്തികശേഷിയില്ലാത്തവരും സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുമായ വിദ്യാർഥികൾക്ക് കലാപഠനത്തിന് ഗ്രാൻഡ് നൽകാൻ സാധിച്ചാൽ ആ മേഖലയിലെ അസമത്വം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.
സർക്കാരിൻ്റെ നികുതിപ്പണവും പൊതുസമൂഹത്തിൽ നിന്ന് വിവിധ കമ്മിറ്റികൾ കണ്ടെത്തുന്ന വരുമാനവും കുട്ടികളുടെയും അധ്യാപകരുടെയും വിഹിതവുമടക്കം കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും കലോത്സവങ്ങൾക്ക് ചെലവഴിക്കുന്നത്. ഈ പണത്തിൽ ഒരു പങ്ക് സ്കൂളുകളിലെ കലാവിദ്യാഭ്യാസത്തിൻറെ പുരോഗതിക്ക് വിനിയോഗിക്കാനായാൽ ആ പഠനമേഖല കുറേക്കൂടി സൃഷ്ടിപരമായി കരുത്താർജിക്കും.
നമ്മുടെ കുട്ടികളുടെ താല്പര്യവും അഭിരുചിയും കൂടി മനസ്സിലാക്കി റീൽ നിർമാണം, വീഡിയോ എഡിറ്റിംഗ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ന്യൂജെൻ ഇനങ്ങളെ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തണം.
കോവിഡിന് ശേഷം പൊതുവേ കണ്ടുവരുന്ന രീതി ഹൈസ്കൂൾ / ഹയർസെക്കൻഡറി കലോത്സവങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വളരെയേറെ കുറഞ്ഞുവരുന്നതാണ്. ഹൗസുകൾ തമ്മിൽ പഴയ വീറും വാശിയും ഒന്നുമില്ല. എന്തെങ്കിലും വിധത്തിൽ പരിപാടികൾക്ക് പേരു നൽകിയവരല്ലാതെ മിക്കവാറും വിദ്യാർത്ഥികൾ അന്ന് സ്കൂളുകളിൽ വരാറില്ല. പല ഇനങ്ങളും രക്ഷിതാക്കൾ മുൻകൈയെടുത്ത് പരിശീലിപ്പിച്ച വിദ്യാർത്ഥികളല്ലാതെ മറ്റു വിദ്യാർത്ഥികൾ മൈൻഡ് ചെയ്യുന്നില്ല. ഇതിനർത്ഥം കുട്ടികളിൽ സർഗാത്മകതയും കലാഭാവനയും വരണ്ടുപോയി എന്നൊന്നുമല്ല. അവരുടെ ഇഷ്ടമേഖലകൾ നിലവിലെ കലോത്സവങ്ങളിൽ ഇല്ല എന്ന് മാത്രമാണ്. നന്നായി റീൽ നിർമിക്കുന്ന, സിനിമാറ്റിക് ഡാൻസ് ചെയ്യുന്ന, പോസ്റ്ററുകൾ ഡിസൈൻ ചെയ്യാൻ അറിയാവുന്ന, നിരവധി കുട്ടികൾ സ്കൂളിലുണ്ട്. വെൽക്കം പാർട്ടി, സെൻറ് ഓഫ്, സ്റ്റഡി ടൂർ, ഓണാഘോഷം തുടങ്ങി, തങ്ങളുടേതായ പരിപാടികളെ സ്വന്തം ഡിസൈനും കോൺസെപ്റ്റും വെച്ച് ഏറ്റവും മനോഹരമായി നടത്തുകയും അവ റീലുകളായി സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നുണ്ട് നമ്മുടെ കുട്ടികൾ. അതുകൊണ്ട് നമ്മുടെ കുട്ടികളുടെ താല്പര്യവും അഭിരുചിയും കൂടി മനസ്സിലാക്കി റീൽ നിർമാണം, വീഡിയോ എഡിറ്റിംഗ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ന്യൂജെൻ ഇനങ്ങളെ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തണം.
വ്യത്യസ്ത കലാവിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് തങ്ങൾ ഒരു വർഷം കൊണ്ട് ആർജിച്ചെടുത്ത നൈപുണിയും അഭിരുചിയും ജ്ഞാനവും സ്വതന്ത്രമായി പ്രകടിപ്പിക്കാവുന്ന ഇടങ്ങളായി മേളകൾ മാറണം. പ്രശസ്ത ആർട്ടിസ്റ്റുകളും വിദഗ്ധരും നേതൃത്വം നൽകുന്ന ശില്പശാലകളും ഡെമോൺസ്ട്രേഷനുകളും അത്തരം മേളകളുടെ ഭാഗമായി സംഘടിപ്പിക്കാൻ സാധിക്കും. SPIC MACAY പോലുള്ള നെറ്റ് വർക്കുകൾ ഉപയോഗപ്പെടുത്തുകയോ അത്തരം സംഗതികൾ രൂപവൽക്കരിക്കുകയോ ചെയ്യാം. ജ്ഞാനാർജ്ജനത്തിന്റെയും അത് പങ്കുവെക്കുന്നതിന്റെയും ആഹ്ലാദമായിരിക്കും അപ്പോൾ മേളകളുടെ അന്തരീക്ഷം നിർണയിക്കുക. നിലവിൽ വിദ്യാരംഗത്തിൻ്റെ ശില്പശാലകൾ ഇതിനൊരു നല്ല മാതൃകയാണ്. വെറും പ്രദർശനവും പ്രകടനവും മാത്രമല്ല ഓരോ തലത്തിലുമുള്ള മെച്ചപ്പെടുത്തൽ അവസരങ്ങൾ കൂടി കുട്ടികൾക്ക് ലഭിക്കും.
കലയുടെ പേരിൽ നടക്കുന്ന കൊലവിളികളും കുട്ടികൾ മരിച്ചുവീണാലും പിൻമാറാത്ത മത്സര യുക്തിയും അവസാനിക്കണം. പകരം കല പകർന്നു തരുന്ന ആനന്ദത്തിനും സൗന്ദര്യാത്മക അന്തരീക്ഷത്തിനും പ്രാധാന്യം കൈവരണം.