അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട അതേ സ്ഥലത്ത് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ബാബറി മസ്ജിദ് നശിപ്പിക്കപ്പെട്ടശേഷം ഇന്ത്യയിൽ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങളുടെ ആകെത്തുകയാണ് അയോധ്യയിലെ രാമക്ഷേത്രം. കഴിഞ്ഞ രണ്ടു ദശാബ്ദത്തിലധികമായി ഇന്ത്യൻ ജനജീവിതത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഹിന്ദുത്വശക്തികൾ നടത്തുന്ന അധീശത്വപരമായ ഇടപെടലുകളുടെ ഫലമാണ് ഈ നിർമിതിയെന്നു നിസ്സംശയം പറയാം. 1980-കൾക്കു ശേഷം ഇന്ത്യൻ രാഷ്ട്രീയം വർഗ്ഗീയമായി വിഭജിക്കപ്പെടുകയും സാമൂഹ്യനീതിയിലധിഷ്ഠിതമായ മണ്ഡൽ രാഷ്ട്രീയത്തെ നേരിടുന്നതിനായി കമണ്ഡൽ രാഷ്ട്രീയവുമായി ഹിന്ദുത്വശക്തികൾ കടന്നുവരുകയും ചെയ്തു. ബാബറി മസ്ജിദിന്റെ തകർച്ചയിലേക്കു നയിക്കുന്ന പുതിയൊരു രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്ന പശ്ചാത്തലമിതാണ്. ഇന്ത്യൻ ജനജീവിതത്തെ സാരമായി ബാധിച്ച ഇത്തരം സന്ദർഭങ്ങൾ ദൃശ്യകലയിൽ ഏതേതുനിലയിലുള്ള ഇടപെടലുകൾ നടത്തിയെന്നു സാമാന്യമായി വിശദീകരിക്കുകയാണ് ഇവിടെ.
ഹൈന്ദവതയിലധിഷ്ഠിതമായ പൗരാണിക ഭൂതകാലത്തെ പുനഃസൃഷ്ടിക്കുന്നതിനായി ഹിന്ദുത്വ ശക്തികൾ നടത്തിയ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലേക്ക് കലാകൃത്തുക്കളെ തള്ളിവിട്ടു.
1990-കളിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്നുണ്ടായ പുതിയ ലോകക്രമവും അത് സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിച്ച ചലനങ്ങളും കലാലോകത്ത് (art world) പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ആഗോളവത്കരണത്തിന്റെ ഫലമായി ഉണ്ടായിവന്ന സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക മാറ്റങ്ങളും ഹൈന്ദവതയിലധിഷ്ഠിതമായ പൗരാണിക ഭൂതകാലത്തെ പുനഃസൃഷ്ടിക്കുന്നതിനായി ഹിന്ദുത്വ ശക്തികൾ നടത്തിയ പ്രവർത്തനങ്ങളും വലിയ പ്രതിസന്ധിയിലേക്ക് കലാകൃത്തുക്കളെ തള്ളിവിട്ടു. ഇന്ത്യൻ കലയുടെ മതേതരമുഖത്തെ ഇല്ലാതാക്കുകയും കലാകൃത്തിന്റെ സ്വത്വത്തെ മുൻനിർത്തി കലാകൃതിയെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ഉടലെടുക്കുന്നത് ഇക്കാലത്താണ്. കലാവിഷ്കാരങ്ങളെ മതപരമായ ഉള്ളടക്കത്തോടെ കാണുന്ന കാഴ്ചാകോൺ ഈ ഘട്ടത്തിൽ വികസിച്ചുവന്നു. എം.എഫ്. ഹുസൈനെതിരെ ഹിന്ദുത്വശക്തികൾ നടത്തിയ ആക്രമണങ്ങൾ ഇവിടെയോർക്കാം. ഏകശിലാത്മകമായ ഹിന്ദുത്വ ദേശീയത സ്ഥാപിക്കുന്നതിനു നടത്തിയ ശ്രമങ്ങൾ ദൃശ്യങ്ങളുടെ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. രാമായണം സീരിയലടക്കമുള്ള ആവിഷ്കാരങ്ങൾ സാധാരണക്കാരിൽ ചെലുത്തിയ സ്വാധീനം രാമജന്മഭൂമി പ്രക്ഷോഭത്തിനു കരുത്താക്കിമാറ്റാൻ ഹിന്ദുത്വ ശക്തികൾക്ക് എളുപ്പം സാധിച്ചു. തൊണ്ണൂറുകളുടെ തുടക്കംമുതൽ വളർച്ച പ്രാപിച്ച വന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനു ഊർജ്ജമായത് ഇത്തരം കലാവിഷ്കാരങ്ങൾ കൂടിയാണ്.
ഹിന്ദുത്വ ദേശീയതയെ സ്ഥാപിക്കുന്നതിന് നടന്ന ശ്രമങ്ങൾക്ക് കലാരംഗത്തുനിന്നുതന്നെ നിരവധി പ്രതിരോധങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 1989 ജനുവരി ഒന്നിന് സഫ്ദർ ഹാഷ്മിയുടെ കൊലപാതകത്തെത്തുടർന്ന് രൂപീകൃതമായ സഹ്മത് (SAHMAT-SAFDAR HASHMI MEMORIAL TRUST) കൂട്ടായ്മയുടെ പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനം. കലാകൃത്തുക്കളെ കൂടാതെ എഴുത്തുകാർ, ഫോട്ടോഗ്രാഫർമാർ, ഗവേഷകർ, മാധ്യമപ്രവർത്തകർ, കവികൾ എന്നിങ്ങനെ സാംസ്കാരികരംഗത്ത് ഇടപെടുന്ന പല വിഭാഗം മനുഷ്യർ സഹ്മത്തിന്റെ ഭാഗമായിരുന്നു. പുരോഗമന ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള നിലപാടുകളും പ്രതീക്ഷകളും പങ്കുവയ്ക്കുമ്പോൾ തന്നെ വ്യക്തിപരമായ സർഗ്ഗാത്മകവാസനകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഈ കൂട്ടായ്മയ്ക്കുണ്ടായിരുന്നതായി കാണാം. ഹിന്ദുത്വ രാഷ്ട്രീയത്തിനു വഴങ്ങാത്ത സാംസ്കാരിക ഇടത്തെ (cultural space) നിർമിക്കുകയെന്നതായിരുന്നു സഹ്മതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ബഹുസ്വരവും മതനിരപേക്ഷവുമായ മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ടാണ് കൂട്ടായ്മ പ്രവർത്തിച്ചത്. Image and words (1991), Hum sab Ayodhya (1993), the making of India (2004), making history our own (2007), Gift for M.F Husain(2009), forms of activism(2014) തുടങ്ങിയ പ്രദർശനങ്ങൾ സഹ്മത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് വിഷയത്തിൽ നേരിട്ടിടപെടുന്ന പ്രദർശനമായിരുന്നു ഹം സബ് അയോധ്യ (നമ്മൾ എല്ലാവരും അയോധ്യയാണ്). ഇന്ത്യയിലെ പതിനാറ് നഗരങ്ങളിലാണ് ഒരേസമയം ഈ പ്രദർശനം നടന്നത്. അയോധ്യയുടെ സങ്കീർണ്ണമായ ഭൂതകാലത്തെ ആവിഷ്കരിക്കുകയായിരുന്നു പ്രദർശനത്തിന്റെ ലക്‌ഷ്യം. അയോധ്യയുടെ ഭൂമിശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ പരിണാമങ്ങളെക്കുറിച്ചു ഈ പ്രദർശനം ചർച്ചചെയ്തു. ബുദ്ധമത- ജൈനമതത്തിലേയ്ക്കു നീളുന്ന അയോധ്യയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ ചരിത്രത്തെ പ്രദർശനത്തിൽ സൂക്ഷ്മമായി ആവിഷ്കരിക്കാൻ കലാകൃത്തുക്കൾക്ക് സാധിച്ചു. പ്രദർശനത്തെ ഹിന്ദുത്വശക്തികൾ ശക്തമായി എതിർക്കുകയും ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഇതിനുപുറമേ, തുടർച്ചയായ നിയമനടപടികളും സഹ്മത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.
ഭൂപൻ ഖക്കർ, വിവാൻ സുന്ദരം, ഗുലാംമുഹമ്മദ് ഷെയ്ഖ്, അലക്സ് മാത്യു, സുരേന്ദ്രൻ നായർ തുടങ്ങിയ കലാകൃത്തുക്കൾ ഹം സബ് അയോധ്യയുടെ ഭാഗമായിരുന്നു. ചാർക്കോളിൽ ചെയ്ത സുരേന്ദ്രൻ നായരുടെ khwaja Khujand, അലക്സ് മാത്യുവിന്റെ graves and graves തുടങ്ങിയ കൃതികൾ സ്വത്വസംഘർഷങ്ങളുടെ സവിശേഷമായ ആവിഷ്കാരമാകുന്നു. വിവാൻ സുന്ദരത്തിന്റെ മെമ്മോറിയൽ എന്ന പ്രതിഷ്ഠാപനമാണ് പ്രദർശനത്തിലെ ശ്രദ്ധേയമായ മറ്റൊരു നിർമിതി. ഒരു മുറിയുടെ വലുപ്പത്തിലാണ് പ്രതിഷ്ഠാപനം (room-sized installation) ഒരുക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചുവന്ന ഹോഷി ലാലെടുത്ത മുസ്‍ലിം പുരുഷന്റെ മൃതശരീരത്തിന്റെ ചിത്രമായിരുന്നു കൃതിഘടകങ്ങളിലൊന്ന്. പ്രതിഷ്ഠാപനത്തിലെ മറ്റു കൃതിഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതും അവയ്ക്ക് സവിശേഷമായ അർത്ഥം നൽകുന്നതും ഈ ഫോട്ടോഗ്രാഫുകളാണ്. ഇതോടൊപ്പം, ഡൽഹിയിലെ സ്മാരകങ്ങളുടെയും മുഗൾ നിർമിതികളുടെയും ശ്മശാനങ്ങളുടെയും രൂപപരമായ സാധ്യതകളെ പ്രതിഷ്ഠാപനത്തിന്റെ ഭാഗമാക്കി മാറ്റാൻ കലാകൃത്ത് ശ്രമിക്കുന്നുണ്ട്. വലിയ സ്റ്റീൽ ബാരിക്കേഡുകളെ മറികടന്നാണ് പ്രതിഷ്ഠാപനത്തിലേക്കു പ്രവേശിക്കേണ്ടത്. എതിർവശത്തായി ട്രങ്ക് പെട്ടികൾ ക്കൊണ്ട് നിർമിച്ച കവാടം കാണാം. കവാടത്തിന്റെ മുകൾ ഭാഗം ശവമഞ്ചത്തിന്റെ മാതൃകയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനുമുകളിലായി നിയോൺ ഉപയോഗിച്ച് ‘ഫോളൻ മോർട്ടൽ’ എന്നെഴുതിയിരിക്കുന്നു. ബാരിക്കേഡുകളെയും കവാടത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാന്റ്സ്റ്റോൺ ഉപയോഗിച്ചു നിർമ്മിച്ച ചവിട്ടുവഴികളും പ്രതിഷ്ഠാപനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. പിരമിഡ് ആകൃതിയിൽ ഗ്ലാസ് ഉപയോഗിച്ചുണ്ടാക്കിയ നിർമിതിക്കുള്ളിൽ തല കുത്തനെ കിടക്കുന്ന മൃതശരീരത്തിന്റെ മാതൃക കാണാം.
ഈ വിധത്തിൽ സ്മൃതിരേഖകൾ എന്നു വിളിക്കാവുന്ന നിരവധി ഓർമകളെ പ്രതിഷ്ഠാപനത്തിന്റെ ഭാഗമാക്കുന്നതിലൂടെ 1990-കളിൽ ഇന്ത്യയിൽ നടന്ന കലാപങ്ങളുടെ ഓർമയെ പ്രതിഷ്ഠാപനത്തിലേയ്ക്ക് ചേർത്തുവയ്ക്കുകയാണ് കലാകൃത്ത് ചെയ്യുന്നത്. മാർബിൾ, സ്റ്റീൽ, ഗ്ലാസ്, ദാരു, കോൺക്രീറ്റ്, ഇങ്ക്ജെറ്റ് പ്രിന്റ്, ഫോട്ടോഗ്രാഫ് എന്നിങ്ങനെ വ്യത്യസ്ത സ്വഭാവത്തിലുള്ള നിരവധി മാധ്യമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഈ പ്രതിഷ്ഠാപനം ഏറ്റവും തീവ്രമായി കാണികളെ തൊടുന്നുണ്ട്. സവിശേഷമായൊരു ചരിത്രസന്ദർഭത്തോടുള്ള പ്രതികരണമെന്ന നിലയിൽ വിവാൻ സുന്ദരത്തിന്റെ കല ഒരു രാഷ്ട്രീയ പ്രസ്താവനകൂടിയായി മാറുന്നു.
ഏകശിലാത്മകവും ബ്രാഹ്ണികാധീശത്വപരമുമായ ഒരു ഭൂതകാലം സാങ്കല്പികമായി സൃഷ്ടിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുളള ശ്രമത്തിനെതിരെ ഒരുപറ്റം കലാകൃത്തുകൾ ഉയർത്തിയ പ്രതിരോധത്തിന് തുടർച്ചകളുണ്ടാവേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരമായ സാംസ്കാരിക സവിശേഷതകളെ മുൻനിർത്തി ഹിന്ദുത്വത്തിന്റെ ഏകപാഠത്തെ പ്രതിരോധിക്കാൻ കലാലോകത്തിനു ബാധ്യതയുണ്ട്. സഹ്മത് ഒരു മാതൃകയാണ്. അതിൽനിന്ന് ഊർജം സ്വീകരിച്ചു മുന്നോട്ടുവരാൻ ആരൊക്കെയുണ്ടാകും?