ചിത്രകാരൻ ജി. ഉണ്ണികൃഷ്ണൻ

മരിച്ചുപോയ സുഹൃത്തിന്റെ,
ജീവിതത്തെക്കുറിച്ചുള്ള രേഖകൾ

അന്തരിച്ച ചിത്രകാരൻ ജി. ഉണ്ണികൃഷ്ണന്റെ നൂറ്റമ്പതോളം ചിത്രങ്ങൾ സുഹൃത്തുക്കളായ മനോജ് വൈലൂരും ഷിജോ ജേക്കബും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ ക്യുറേറ്റ് ചെയ്തു. ആ പ്രദർശനത്തിന്റെ കാഴ്ച.

ണ്ടു ചിത്രകാര സുഹൃത്തുക്കൾ, മരിച്ചുപോയ സുഹൃത്തിന്റെ ചിത്രങ്ങളിലേക്ക് നമ്മളെ ക്ഷണിക്കുന്നു. ജി. ഉണ്ണികൃഷ്ണൻ ചെയ്ത നൂറ്റമ്പതോളം ക്യാൻവാസുകൾ മനോജ് വൈലൂരും ഷിജോ ജേക്കബും ചേർന്നാണ് കൊച്ചി ദർബാർ ഹാളിൽ "GATHERINGS AND DEPARTURES" (കൂടിച്ചേരലുകളും വേർപെടലുകളും) എന്ന പേരിൽ ക്യുറേറ്റ് ചെയ്തത്. നൂറ്റിയ്ക്കു തൊണ്ണൂറും ഡ്രോയിംഗുകൾ.

നിറയെ കുഞ്ഞുകുഞ്ഞു വരകൾ. അവ പല പടങ്ങളായിരിക്കുന്നിടത്തോളം നീളമുള്ള ഒറ്റപ്പടവുമാണ്. ഓരോന്നിന്റെയും ഉള്ളിലും ഇടതു പുറത്തും വലതു പുറത്തും മനുഷ്യാകാരങ്ങൾ നിൽക്കുകയും ഇരിക്കുകയും നടക്കുകയും ഓടുകയും കിടക്കുകയും പ്രവർത്തിക്കുകയും പറയുകയും പാടുകയും വെറുതെയിരിക്കുകയുമാണ്.

വരച്ച പതിറ്റാണ്ടുകളുടെ അപ്പുറവും ഇപ്പുറവും എന്നപോലെ. അദ്ദേഹം വരച്ച നാട്ടിൻപുറ കഥാപാത്രങ്ങൾ നമ്മുടെയും വരച്ചയാളുടെയും മേക്കപ്പുകൾ അഴിച്ചുമാറ്റുന്നു. സ്ഥലത്തിലും കാലത്തിലും തുടർന്നു തുടർന്നുപോകുന്ന ജീവിതമാണ് വരയപ്പെടുന്നത്. ഫ്രെയിമതിരുകൾ കടന്നുനടക്കുന്ന പാത്രങ്ങളെപ്പോലെ മരണത്തിന്റെ വരയെ തുടച്ചുകളയുന്നു കലാകാരന്റെ ഈ മരണാനന്തര കല.

ജി. ഉണ്ണികൃഷ്ണന്റെ ചിത്രങ്ങൾ.
ജി. ഉണ്ണികൃഷ്ണന്റെ ചിത്രങ്ങൾ.

ചിത്രങ്ങളിൽ തുളുമ്പിനിൽക്കുന്ന ജനങ്ങൾ ഒരു ജനായത്ത അനുഭവമാണ്. വിശേഷപ്പെട്ട മനുഷ്യരുടെ വിശേഷപ്പെട്ട ജീവിതങ്ങളിൽ നിന്ന് സാധാരണ മനുഷ്യരുടെ ജീവിത സാധാരണത്തത്തിലേക്ക് സൈക്കിളിലും ഓട്ടോറിക്ഷയിലുമുള്ള സഞ്ചാരമാണ് ഉണ്ണികൃഷ്ണന്റെ കല. ചില മനുഷ്യർ ഇവിടെ ചില ചിത്രങ്ങളുടെ കേന്ദ്രമാകുന്നുണ്ട്. അവരുടെ രൂപങ്ങൾ വളരെ വലുതാകുന്നുണ്ട്. പക്ഷേ അതവർ അസധാരണക്കാരായതു കൊണ്ടല്ല. ചിത്രസന്ദർഭമാകുന്ന ആരുടെയും കഥ ഉണ്ണികൃഷ്ണൻ എടുത്തുപറയുന്നു എന്നേയുള്ളൂ. കാഴ്ചയ്ക്ക് കിട്ടുന്നത് കറുപ്പിലും വെളുപ്പിലുമാണെങ്കിലും കാണുന്ന ആളുടെ മനസ്സിലേക്ക് പടങ്ങൾ തന്നെ ചായങ്ങളും നൽകുന്നുണ്ട്. അഥവാ അവർക്കു പൂശാനുള്ള ചായങ്ങൾ നമ്മുടെ കൈവശമുണ്ട്.

ഉണ്ണികൃഷ്ണന്റെ ചിത്രങ്ങളിൽ നാടൻ അങ്ങാടികൾ ധാരാളമുണ്ട്. ചരിത്രത്തിന്റെ ചിത്രണം ഈ പരപ്പൻ അങ്ങാടികളിലുണ്ട്. പുത്തനങ്ങാടികളായ ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ ഒക്കെയും ഇവിടെ വരയ്ക്കാതെ വരയുന്നു. വർണ്ണങ്ങൾ കോരിയൊഴിച്ചു വരച്ചയൊന്നിനെ മറ്റൊരാൾ നേരിയ പെൻസിൽ രേഖകളുടെ തുടിപ്പോടെ പകരം വയ്ക്കുന്നതു പോലെ. ഹൈപ്പർ മാർക്കറ്റുകളെ നഗ്നമാക്കിക്കാട്ടുന്ന നാട്ടുചന്തകൾ.

ചിത്രത്തിലുള്ളവർക്ക് വിറ്റു ജീവിക്കാൻ കിട്ടിയത് മാങ്ങയോ മുട്ടയോ മീനോ പഴമോ തുണിയോ നെല്ലോ ആണ്. ആ കാണുന്നതേ അവർക്കുള്ളൂ എന്ന് വിൽക്കാനിരിക്കുന്നവരെ കാണുമ്പോൾ നമുക്ക് മനസ്സിലാകും. വിൽപ്പനക്കാരെ പോലെ തന്നെ ജീവിക്കാൻ ആവശ്യമുള്ളതു വാങ്ങുന്നവരുടെ പച്ചവർത്തമാനങ്ങളും ക്യാൻവാസിൽ നമുക്കു കേൾക്കാം. വർത്തമാന കാലത്തും വില്പനയും വാങ്ങലും ഉണ്ട്. നമ്മുടെ ആവശ്യങ്ങൾ പരിണമിക്കുന്ന ക്രമത്തിൽ കമ്പോളത്തിലെ വസ്തുക്കളും സേവനങ്ങളും പരിണമിക്കുന്നുണ്ട്.

നമ്മുടെ ആയാസങ്ങൾക്ക് ആശ്വാസമാകുന്നതും ജീവിതത്തിന് ഭംഗിയേറ്റുന്നതും കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട് കമ്പോളം. എന്നാൽ ഉണ്ണികൃഷ്ണന്റെ അങ്ങാടിയിലേക്ക് സൂക്ഷിച്ചുനോക്കുമ്പോൾ നമ്മളെ കുടിച്ചുവളർന്ന് പന്തലിക്കുന്ന ഇന്നത്തെ കമ്പോളത്തെയും നമുക്ക് കാണാം. കാണപ്പെടുന്ന വസ്തുക്കളേക്കാൾ മൂലധനത്തിനു വേണ്ടി നിർമ്മിക്കപ്പെട്ട ആവശ്യങ്ങളാണ് സൂപ്പർ മാർക്കറ്റിലെ പ്രധാന വിനിമയ വസ്തുക്കൾ. ഉൽപ്പന്നങ്ങൾക്ക് വേണ്ടി ക്രമീകരിക്കപ്പെടുന്ന നിസ്സഹായരായ വെറും വാങ്ങൽ യന്ത്രങ്ങളാകുന്നുവോ നമ്മൾ? ഒച്ചയുടെയും നിറത്തിന്റെയും വെട്ടത്തിന്റെയും ധൂർത്തിൽ നമ്മളെ വിനോദിപ്പിക്കുകയെന്നു തോന്നിപ്പിക്കുന്ന കമ്പോളത്തിന് ഏത് ലോക നഗരത്തിലും ഒരേ രുചിയും മണവുമാണ്. ഒരു നാടിന്റെയും തനതിനെ എവിടെയും തിരിച്ചറിയാൻ കഴിയില്ല. ലോക മൂലധന കേന്ദ്രങ്ങൾ നമുക്കു നിശ്ചയിച്ചു തരുന്ന വെറും വാങ്ങൽ ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ ഒരുപക്ഷേ ഉണ്ണികൃഷ്ണന്റെ നാട്ടങ്ങാടികൾ പ്രേരണയാവുന്നു.

പുരാവൃത്തങ്ങളും സമകാലവും ഉണ്ണികൃഷ്ണന്റെ കുഞ്ഞൻ വരകൾ പോലെ കയറിയും ഇറങ്ങിയും നമ്മുടെ ജീവിതത്തിൽ കിടപ്പുണ്ട്. ആയിരം പുരാണകഥകളിലൂടെ നടന്നുവരുന്നതാണ് ഇന്ത്യൻ ജീവിതദശകൾ. ഒരാൾ ഏതൊക്കെ നാട്ടിലാണ് ഏതൊക്കെ കാലത്താണ് ജീവിക്കുന്നതെന്ന് അറിയാതെ പെട്ടുപോകാറുണ്ട്. മനുഷ്യകുലത്തെയാകെ ഭൂമിക്ക് മേലെ ഇഴഞ്ഞ് നീങ്ങുന്ന ഒരു ആമയായി ഒരു പടം ദർശിക്കുന്നുണ്ട്. തന്നുള്ളിലേക്ക് വലിയുന്ന സങ്കോചവും ചന്ദ്രക്കലയിലേക്കുള്ള മോഹനോട്ടവും പ്രപഞ്ചത്തിലേക്ക് പരക്കാനുള്ള കൗതുകവുമായി ഈ ചിത്രത്തിൽ മനുഷ്യകുലം പരിണമിക്കുന്നു.

പല മതവസ്ത്രങ്ങളും പല മതചമയങ്ങളും പല മതരീതികളും പല മതദേവസ്ഥാനങ്ങളും ഇടകലരുന്നുണ്ട്. തംബുരുവിൽ ശ്രുതിയിട്ട് മേൽ വസ്ത്രം ധരിക്കാതെ താടി നീട്ടി വളർത്തിയ ഒരാൾ തെരുവിലിരുന്ന് പാടുന്നത് ഒരുപക്ഷേ ചിത്രകാരൻ കണ്ട ദൃശ്യം ആയിരിക്കണമെന്നില്ല. കേട്ട ഏതോ പാട്ടുകളെ വരച്ചതാവാം. മകനെ ചേർത്തുനിർത്തിയ അമ്മ കേന്ദ്ര കഥാപാത്രമായ ആ ചിത്രത്തിൽ മറ്റൊരിടത്ത് ഒരാൾ മുട്ടിൽ നിന്നുകൊണ്ട് വയലിൻ വായിക്കുന്നുണ്ട്. കണ്ണ് നിറഞ്ഞൊഴുകുന്ന ഒരു സൂഫി ഗായകൻ. വായ്പാട്ടുകാരെയും ഉപകരണങ്ങളുമായി പാടുന്നവരെയും നാട്ടിലുള്ള തോതിലേറെ ഉണ്ണികൃഷ്ണന്റെ ചിത്രങ്ങളിൽ കാണാം. ജീവിതത്തിൽ അറിഞ്ഞും അറിയാതെയുമുള്ള സംഗീതങ്ങളാണ് വരയ്ക്കപ്പെടുന്നത്.

ഉണ്ണികൃഷ്ണൻ നോക്കുന്ന ആംഗിളുകളിൽ ജനലയമാണ് കാണുന്നത്. മനുഷ്യർ നിറയുമ്പോൾ ചെടികൾക്ക് പോലും കൊടുക്കാൻ ഇടമില്ല, ഒറ്റ തിരിഞ്ഞുള്ള മരങ്ങളൊഴികെ. വഴിയിലും പറമ്പിലും എണ്ണിത്തീരാതെ മനുഷ്യരാണ്. ഉയർന്നവരും താഴ്ന്നവരുമായ മനുഷ്യരല്ല തിരശ്ചീനരായ, തുല്യരായ മനുഷ്യാരം. മനുഷ്യജീവിതങ്ങളോടൊപ്പം ഇതര ജീവികളായി ഉണ്ടാവുക അവരെ ചുറ്റിപ്പറ്റിയുള്ള പൂച്ചയോ നായയോ ആടോ കാളയോ കഴുതയോ എരുമയോ പക്ഷിയോ ഒക്കെയാണ്. ഒഴിഞ്ഞ ഇടങ്ങൾ തീരെ കുറവാണ്. മണ്ണിലേക്ക് മറഞ്ഞുപോയ ചിത്രകാരന്റെ ചിത്രത്തിൽ മനുഷ്യർക്കിടയിലാണ് അല്പം മണ്ണ് കാണുവാൻ കഴിയുക.

ഒരു ചിത്രത്തിൽ കാമുകിയുടെ മടിയിൽ കിടക്കുന്ന കാമുകൻ, ഉന്തുവണ്ടിയിലെ ശവപ്പെട്ടി, വിഷമം പങ്കുവെച്ച് ഭാര്യയും ഭർത്താവും, ചെടിയെ തലോടി നിൽക്കുന്നയാൾ, പഴമാങ്ങയോ പേരയ്ക്കയോ സപ്പോട്ടയോ വിൽക്കുന്ന ആളും വാങ്ങുന്ന സ്ത്രീയും, ഗാന്ധിത്തൊപ്പി വെച്ച അപ്പൂപ്പനും കൊച്ചുമോളും, പെൺകുട്ടിയെയും ആൺകുട്ടിയെയും തോളത്തെടുത്തു നിൽക്കുന്ന അച്ഛൻ, ആടിന് പ്ലാവില കൊടുക്കുന്നയാൾ, പ്രേമിക്കുന്നവർ, ചുംബിക്കുന്നവർ, സ്ത്രീയെ ശല്യപ്പെടുത്തുന്നയാൾ, പൂച്ചയുമായി കളിക്കുന്ന കുട്ടികൾ, അമ്മയാടും കുട്ടിയാടുകളുമായി ഉരുമ്മി നിന്ന് സംസാരിക്കുന്ന മനുഷ്യർ, പടയണിക്കോലം, ഓട്ടോറിക്ഷയിലെ ആളുകൾ, കൂട്ടിലെക്കിളികൾ, ഫോട്ടോയിലെ മനുഷ്യർ... ഇനിയും തീരാത്ത മനുഷ്യരിങ്ങനെ പിണഞ്ഞുപിണഞ്ഞാണ് ഒരു കഥ പോകുന്നത്.

സാരി, ബ്ലൗസ്, മുഴുക്കൈ ബ്ലൗസ്, ലുങ്കി, ബനിയൻ, മുണ്ട്, ഷർട്ട്, ജൂബ, മേൽവസ്ത്രമില്ലാതെ, പാവാട- ബ്ലൗസ്, ട്രൗസർ, വള്ളിനിക്കർ ഇതൊക്കെയാണ് ഈ ചിത്രങ്ങളിലെ തുണികൾ. ഇതൊക്കെയായിരുന്നു തൊണ്ണൂറുകൾ വരെയുള്ള മലയാളി ധരിച്ചത്. കാരിയറിൽ അരിച്ചാക്ക് വച്ച് പഴയ മണ്ണെണ്ണ വിളക്ക് മുമ്പിൽ തൂക്കിയ സൈക്കിളിൽ തലയിൽകെട്ടുമായി റോഡിന് നടുവിലൂടെ ലാഘവത്തോടെ ഒരാൾ സൈക്കിൾ ചവിട്ടി പോകുമ്പോൾ അത് പഴയൊരു കേരളകാലമാണ്. ക്യാൻവാസുകളിലെ കഥാപാത്രങ്ങൾ വ്യാപകമായി തമ്മിൽ നേരിൽ സംസാരിക്കുന്നുണ്ട്. ആ കാലത്തെയാണ് ഉണ്ണികൃഷ്ണൻ ഏറെയും സാക്ഷ്യപ്പെടുത്തുന്നത്, മരിക്കുന്നത് 2023ൽ 64-ാം വയസ്സിലായിരുന്നെങ്കിലും. കൂരകളും കുടിലുകളും ചെറുവീടുകളുമാണ് ഈ പടങ്ങളിൽ. എൺപതുകൾക്ക് ശേഷമാവണം കുടിലുകൾ ഏതാണ്ട് പൂർണ്ണമായി വീടുകളായി മാറിയത്. പിന്നെ, പാർക്കാനായി വീടുകളേക്കാൾ സൗധങ്ങളും ഹർമ്മ്യങ്ങളും പണിയാനായി നമുക്ക് കമ്പം. ചിത്രത്തിൽ കാണുന്നതുപോലെ ഉപയോഗിക്കപ്പെടുന്ന പൊതുക്കിണറുകൾ ഇന്ന് കേരളത്തിൽ ഉണ്ടാവില്ല. ഇന്ന് വെള്ളം എല്ലാ വീട്ടിലും എത്തിയത് ഒരു കുറവല്ല. നല്ല കാര്യമാണ്. അതദ്ദേഹം പറയാതിരിക്കുന്നില്ല. എങ്കിലും പൊതുക്കിണറിലെ അന്യോന്യ ജീവിതം കൂടി ഉണ്ണികൃഷ്ണൻ വരയ്ക്കുന്നുണ്ട്.

മുറികൾക്കുള്ളിലെ കാഴ്ചകൾ തീരെ വരഞ്ഞിട്ടില്ല. സ്വകാര്യമായത് പരകാര്യമാവേണ്ടതില്ല. ചുംബനങ്ങളും ആലിംഗനങ്ങളുമൊക്കെ ഇവിടെ പൊതുവിടങ്ങളിലാണ്. അതൊരു പട്ടണ രീതിയാണെങ്കിലും പട്ടണം ഒട്ടുമില്ല ചിത്രങ്ങളിൽ. ഉൾനാടാണ്. മകനെ ചേർത്തുപിടിച്ച അമ്മയും തെരുവിലാണ്, വീടിനകത്തല്ല. വീടുകളുടെ ഉള്ളിനെ അതാര്യമാക്കി നിർത്തിയിരിക്കുന്നു. കവാടമുള്ള ഗ്രാമം ചിത്രകാരന്റെ സങ്കല്പമാവാം, ഒരു ഇഷ്ടമാകാം. കുടിലുകൾ കവാടത്തിനകത്തും ആളുകൾ അകത്തും പുറത്തും ഒരുപോലെയും. ഓട്ടോറിക്ഷയാണ് പരമാവധി വലിയ വാഹനം. ഏതുകാലത്തെയും സാധാരണക്കാരുടെ ജീവിതത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ.

ബിംബങ്ങളോ രൂപകങ്ങളോ പ്രതിനിധാനങ്ങളോ അല്ല, ചിത്രങ്ങളിലുള്ളവർ അവരെത്തന്നെ ആവിഷ്കരിക്കുകയാണ്. മരത്തിന്റെ തുറന്ന (ആരോ തുരന്ന) ഹൃദയത്തോട് സംസാരിക്കുന്ന പെൺകുട്ടിയ്ക്കരികിൽ തന്നെ വെട്ടിയിട്ട മറ്റൊരു മരവും കിടപ്പുണ്ട്. അവൾ പ്രണയം പറയുകയാവാം… മാപ്പ് ചോദിക്കുകയാവാം. വായനയിൽ ലയിച്ചു കിടക്കുന്ന കുട്ടി, പെൺ സൈക്കിൾ അഭ്യാസി, പെണ്ണിൻറെ കാലുപിടിച്ച് പ്രേമാഭ്യർത്ഥന നടത്തുന്നയാൾ, ഏകാകികൾ, ജലശയ്യയിൽ സമൃദ്ധമായി ഉറങ്ങുന്ന ഒരു നഗ്നൻ, പുസ്തകങ്ങൾ വായിക്കുന്ന പല പ്രായത്തിലുള്ള പെണ്ണുങ്ങൾ, പല പ്രായ പ്രണയങ്ങൾ, പലകപ്പുറത്തെ കരുക്കളുടെ കളി കളിക്കുന്ന വൃദ്ധൻ, പൂച്ചയെ ഉമ്മ വയ്ക്കുന്ന പെൺകുട്ടി, കണ്ണാടിയിൽ നോക്കുന്ന പെൺകുട്ടി, ഉമ്മ വയ്ക്കുന്ന കഴുത, താൻ തന്നെ വഞ്ചി പോലെ തുഴഞ്ഞൊഴുകുന്ന പെൺകുട്ടി... വരയ്ക്കപ്പെട്ട പൊതുസ്ഥലങ്ങളിൽ പെൺജനസംഖ്യ ആൺജനസംഖ്യയെക്കാൾ ഉയർന്നുനിൽക്കുന്നു.

ആണ് പെണ്ണിനെ ഊട്ടുകയും പെണ്ണ് ആണിനെ ഊട്ടുകയും ചെയ്യുന്നുണ്ട്. ഒരാൾ ഓടക്കുഴൽ വായിക്കുമ്പോൾ ഓടക്കുഴലിന്റെ വലിപ്പമാണ് അയാൾക്കും. മറ്റൊരാൾ ചുമട് എടുക്കുമ്പോൾ ചുമടിന് അയാളുടെ വലിപ്പമാണ്. ചുറ്റും കാണുന്ന സ്നേഹം കൊണ്ടാവാം ഒരമ്മ എളിയിലിരിക്കുന്ന കുട്ടിക്ക് വാങ്ങിയ ബലൂണുകളെല്ലാം ഹൃദയ രൂപമുള്ളവയായത്. ഒരുപാട് ബലൂണുകളുണ്ട് അവരുടെ കയ്യിൽ. പല പ്രായക്കാരെയും ജീവികളെയും മരങ്ങളെയും വസ്തുക്കളെപ്പോലും ഒരുമിച്ച് സ്വീകരിക്കുന്ന ബുദ്ധൻ. ഇലകളിൽ തെളിയുന്ന ബുദ്ധന്റെ മൗന മന്ദഹാസം. മനുഷ്യരുടെയും മറ്റെല്ലാവരുടെയും ചേരലിന്റെ പേരാണോ ബുദ്ധൻ എന്ന് ആ ചിത്രം സംശയിപ്പിക്കും.

ഒരാൾ മറ്റൊരാളിൽ നിന്ന് വേർപ്പെടുന്നത് എവിടെവച്ചാണ് എന്ന് നമുക്കറിയാൻ കഴിയുന്നില്ല. ഒരുപാട് പേർ ചേർന്നാണ് ഏതൊരാളും ഉണ്ടാകുന്നത് എന്ന് തോന്നും. മനുഷ്യൻ നിറം ചേർത്ത ഒരു ഷർട്ടിന് ചുറ്റും നിറമില്ലാത്ത ചിറകളുമായി നിറം തേടിവരുന്ന തുമ്പികളെ കാണാം. ജലശയ്യയിൽ സമൃദ്ധമായി ഉറങ്ങുന്ന ഒരു നഗ്നൻ. കന്യാസ്ത്രീ മുട്ടുകുത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഒരുപക്ഷേ കുരിശടിക്ക് മുന്നിലല്ല, അതിനു പുറകിലുള്ള കുടിലുകളെ നോക്കിയാണെന്ന് തോന്നും. മരച്ചുവട്ടിലിരുന്ന് കുട്ടിയെ പുസ്തകം പഠിപ്പിക്കുന്ന അപ്പൂപ്പന് താടിയില്ലെങ്കിലും അതൊരു ടാഗോർ കാഴ്ചയാണ്. ചിലയിടങ്ങളിൽ ഗാന്ധി ഇരിപ്പുണ്ട്. ഗാന്ധിയുള്ള ചിത്രത്തിൽ എല്ലാവരും അവരവരുടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എല്ലാ ചെയ്തികളിലും ഗാന്ധി തൊട്ടു നിൽക്കുന്നതുപോലെ.

മറ്റേത് വസ്ത്രങ്ങളെക്കാളും ഇസ്ലാമിക വസ്ത്രങ്ങളാണ് ഉണ്ണികൃഷ്ണന്റെ കഥാപാത്രങ്ങൾക്കിഷ്ടം. തട്ടമിടലും ഇടത്തോട്ടുള്ള മുണ്ടുടുപ്പും നിസ്കാരത്തൊപ്പിയും ഒക്കെ നോർമൽ ആയതിൽ നിന്നുള്ള വ്യതിയാനം ആയി കാണുന്ന ഒരു പൊതുബോധമുണ്ട്. ഇന്നത് കൂടുകയാണ്. ചിത്രകാരൻ അതിനെ തിരിച്ചുടുപ്പിക്കുന്നു. ഈ പടങ്ങളിൽ നിരത്തിലും മുറ്റത്തും തട്ടമിട്ട സ്ത്രീകളെയും ഇസ്ലാം ജീവിതത്തിൽ സഹജമായ ആടുകളെയും ഒരുപാട് കാണാം. സ്ത്രീയെയും ഇസ്ലാമിനെയും തൻറെ സമൂഹത്തിൽ സ്വാഭാവികമായി സന്നിഹിതമാക്കുന്നതിൽ ഒരു സമബോധമുണ്ട്.

മഴക്കാലത്ത് മുറ്റവും തെരുവും തന്നെ വെള്ളംപോലെ ഒഴുകുന്നു. ചില തലയോട്ടി മനുഷ്യർ, പുറത്ത് കത്തിച്ചുവച്ച മെഴുകുതിരിയുമായി പോകുന്ന ആമ, കുടിലുകൾ നിരത്തി പായയാക്കി നീണ്ടുകിടന്ന് ഉറങ്ങുന്ന നഗ്നൻ തുടങ്ങിയവ ജി ഉണ്ണികൃഷ്ണൻ നമ്മുടെ കൽപ്പനയ്ക്ക് വിടുന്നു. സാഹിത്യമോ സിനിമയോ സംഗീതമോ പോലെ മൂന്നുകാലം ചിത്രകലയിലില്ല. ഏക നിമിഷമാണത്. പക്ഷേ ഈ നിമിഷത്തിൽ ഇവിടെ വരെയുള്ള നിമിഷങ്ങളുണ്ട്. വരാനുള്ളവയുടെ ചേരുവയും ഇതിലുണ്ട്. അങ്ങനെയത് പോയകാലത്തെയും വരുംകാലത്തെയും ഈ കാലത്തോട് ഒപ്പമാക്കുന്നു.

Comments