കവിയും ചിത്രകാരനും അടച്ചിരിപ്പിൽ സൃഷ്ടിച്ച പുറപ്പാടിന്റെ പുസ്തകം

ചിത്രങ്ങൾ: കെ.എം. മധുസൂദനൻ / കവിത: സബിത സച്ചി.

കെ.എം. മധുസൂദനൻ
കെ.എം. മധുസൂദനൻ

ഒറ്റയ്ക്ക് /മധുസൂദനൻ

ഫെബ്രുവരി - മാർച്ച് - ഏപ്രിൽ 2020

ചൂട് കനത്തു കൊണ്ടിരുന്നു. കൊറോണ വൈറസുകൾ കേരളത്തിലും വ്യാപിക്കുകയാണ്.

പുലർ വെളിച്ചത്തിൽ ഒന്നും വ്യക്തമായി കാണുവാൻ വയ്യ. ചെറിയ, മങ്ങിയ വെളിച്ചത്തിൽ എനിക്കെന്റെ സ്റ്റുഡിയോ മാത്രം കാണാം. അവിടെ ഇളം തണുപ്പും പുസ്തകങ്ങളും മഷിയും നിറങ്ങളും പേനകളുമുണ്ട്. ദൃശ്യകഥകൾ പറയാനായി കാത്തിരിക്കുന്ന ഒസുവും ബ്രെസോണും തർക്കോവ്സ്കിയുമുണ്ട്.

പുലർച്ചെ നാലിനും ഏഴിനുമിടയ്യ്ക്കുള്ള സമയമാണ് സ്റ്റുഡിയോയിൽ നല്ല സമയം. പോൾ ക്ലേ പറഞ്ഞതു പോലെ രേഖകൾ നടക്കാനിറങ്ങുന്ന സമയം.

സ്റ്റുഡിയോയിൽ സൂര്യവെളിച്ചം നിറഞ്ഞപ്പോൾ ഒരു ചിത്രം വരച്ചുതീർന്നു.

ഗ്യാലറികളിൽ പ്രദർശനങ്ങൾ നിലച്ചിരിക്കുകയാണ്. ചിത്രങ്ങൾ ആരാണ് കാണുന്നത്?

പകർപ്പെടുത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് വാട്ട്സപ്പിലൂടെ അയച്ചുകൊടുത്തു കെ. ജി. എസ്സിനും, സനിലിനും, ബോസിനും സബിതയ്ക്കും, സച്ചിദാനന്ദനും...

പിറ്റേന്ന് പുലർച്ചയ്ക്ക് വരക്കാനായി എഴുന്നേൽക്കുമ്പോൾ വാട്ട്സപ്പ്മെസ്സേജുകളുടെ മറുപടികൾ വന്നു. ഗോവയിൽ നിന്ന് കവിയും ക്യൂറേറ്ററുമായ സബിതയുടേത് ഒരു കവിതയായിരുന്നു. "ചിത്രകാരന്റെ വിരലുകൾ'.

ദീപവും അഞ്ചപ്പവും.

പൂർണവെളിച്ചത്തിലേയ്ക്കു വിരലുകളുടെ, രേഖകളുടെ പ്രഭാതസവാരി...

ഓരോ ചിത്രത്തിനും മറുപടിയായി സബിതയുടെ ഇനിയും എഴുതാനിരിക്കുന്ന കവിതകൾ...

സ്റ്റുഡിയോയ്ക്കു പുറത്തു വേനലിൽ ആദ്യത്തെ മഴപെയ്യുന്നത് ജാലകത്തിലൂടെ കാണാം.

വൈറസുകളെ പേടിച്ചു മനുഷ്യർ വീടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോൾ അന്വേഷിച്ചു വന്ന ഭൂമിയുടെ അവകാശികളുടെ ശബ്ദം സിനിമയിലെ ശബ്ദരേഖപോലെ പശ്ചാത്തലത്തിൽ മുഴങ്ങുന്നു.

സബിത സച്ചി.
സബിത സച്ചി.

വീട്ടിൽ നിന്നകലെ / സബിത സച്ചി

ലോകം ഇന്ന് അസ്വസ്ഥമാണ്. ഇക്കാലത്തിന് ഒരു അടിയന്തിരസ്വഭാവമുണ്ട്. കുത്തനെയുള്ള ഒരു കുന്നിൻ ചെരിവിൽ ജീവിക്കും പോലെ. അനിശ്ചിതമായ ജീവിതങ്ങൾ നയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ പറയാൻ വയ്യാത്ത ദുരിതങ്ങളുടെ കാലം.

ഒരു കലാപദ്ധതി ക്യൂറേറ്റ് ചെയ്യുവാനായി പത്തു ദിവസത്തേയ്ക്കു മാത്രമായി ഗോവയിൽ വന്നെത്തിയപ്പോഴാണു പെട്ടെന്ന് പൂട്ടിയിടലിന്റെ അറിയിപ്പ് വരുന്നത്. ഗോവയിൽ എന്റെ സ്റ്റുഡിയോവിൽ എഴുത്തുമുറിയുടെ തടവിലിരിക്കുമ്പോൾ പോലും വാർത്താചിത്രങ്ങൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു – യമുനാതീരത്ത് ചീഞ്ഞഴുകിയ പഴങ്ങൾക്കിടയിൽ ഭക്ഷിക്കാവുന്നത് തിരഞ്ഞന്വേഷിക്കുന്ന തൊഴിലാളികൾ. ക്രൂരമായ വിദ്വേഷത്തോടെ അകറ്റി നിർത്തപ്പെടുകയും മർദ്ദിക്കപ്പെടുകയും ചെയ്യുന്ന മുസ്ലീം സഹോദരങ്ങൾ സുരക്ഷിതരായി “വീട്ടിലിരിക്കാനായി”-പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പോലെ- നൂറുകണക്കിനു നാഴികകൾ നടന്നു തളർന്നു വീഴുന്ന ഇത്തരസംസ്ഥാനങ്ങളിൽ നിന്നുള്ള ജോലിക്കാർ.

വീണ്ടും വാർത്തകളും ചിത്രങ്ങളുമുണ്ടായിരുന്നു: ഇറാനിലും സിറിയയിലും കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധി നേരിടാനായി ഇറങ്ങിപ്പുറപ്പെട്ട ധീരരായ ക്യൂബൻ ഡോക്ടർമാർ; ലക്ഷക്കണക്കിന്നാളുകൾ പുതുതായി തൊഴിലില്ലാത്തവരായി രെജിസ്റ്റർ ചെയ്യാൻ ക്യൂ നിൽക്കുമ്പോഴും ഗാലൻക ണക്കിനു പാൽ ചാലിലൊഴുക്കിക്കളയുന്ന അമേരിക്ക.

സമത്വമില്ലാത്ത, അസ്വസ്ഥമായ ഈ ലോകത്തിൽ ഓരോരുത്തരും അവരവരുടെ അതിജീവനത്തിന്നായി മാത്രം പൊരുതുമ്പോൾ, വീട്ടിൽ നിന്നും പ്രിയപ്പെട്ട പുസ്തകങ്ങളിൽ നിന്നുമകലെ തടവിലായ ഒരെഴുത്തുകാരി ഈ പ്രതിസന്ധിയോടെങ്ങിനെ പ്രതികരിക്കും?

ഈ അവസ്ഥയിലാണ് കലാകാരനും രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സുഹൃത്തുമായ മധുസൂദനൻ കേരളത്തിലെ തന്റെ സ്റ്റുഡിയോയുടെ തടവിൽ നിന്ന് ഒരു ചിത്രം അയക്കുന്നത്. ചിത്രങ്ങൾ വീണ്ടും വരുന്നു. അവയിൽ അസ്വാസ്ഥ്യമുണ്ട്, വീട്ടിലെത്താനുള്ള തീക്ഷ്ണമായ ത്വരയുണ്ട്, ഭ്രഷ്ടന്റെയും കയ്യൊഴിയപ്പെട്ടവളുടെയും വേദനയുണ്ട്. ബഹിഷ്കരണത്തിന്റെയും തിരസ്കാരത്തിന്റെയും മറ്റു കഥകളെ അവ സൂചിപ്പിക്കുന്നുണ്ട്-- പോൾ സെലാനിന്റെ കവിത, ചാൾസ്ബോദ് ലേറിന്റെ വരികൾ, പോൾ ക്ലേയുടെ ചിറകു വിടർത്തുന്ന മാലാഖ-- ‘അഞ്ചെലെസ് നോവസ്’. കുരിശിൽ ആണിയടിച്ചു കയറ്റുന്നതിന്റെ ശബ്ദങ്ങളുണ്ട്‌.

ഒപ്പം ദീപങ്ങളും അപ്പവുമുണ്ട്, പുതുനാമ്പിന്റെ പച്ചക്കൊടിയുണ്ട്. അഭയത്തിന്റെ കൂടാരങ്ങളുണ്ട്. എപ്പോൾ വേണമെങ്കിലും മുങ്ങാവുന്ന തോണിയുണ്ട്. ഞങ്ങൾക്കിരുവർക്കും പിന്നിൽ അന്നാ അഹമത്തോവ ഒരു കഷണം റൊട്ടിക്കായി വരിനിൽക്കുന്നുണ്ട്. ഞങ്ങൾക്ക് മുന്നിൽ താർക്കോവ്സ്കിയും ഋത്വിക് ഘട്ടക്കും എഫ് എൻ സൂസയുമുണ്ട്. ലെനാർഡ് കോഹെൻ പരുക്കൻ സ്വരത്തിൽ എവിടെയോ ഇരുട്ടിനെക്കുറിച്ചു വിലപിക്കുന്നുണ്ട്.

കവിതകൾ വന്നുകൊണ്ടിരുന്നു, ഓരോ ചിത്രത്തിനും ഓരോന്ന് –ഞങ്ങളുടെ പൊതു ദർശനത്തിനോടും കാലത്തിനോടും പ്രതികരിക്കുന്ന കവിതകൾ. ഞങ്ങളിരുവരും അവരവരുടെ സ്റ്റുഡിയോകളിൽ വിത്തുകൾ നട്ടു. എന്റെ ജനലുകളിലൂടെ കാണാവുന്ന ഹരിതവനത്തിൽ കിളികളും അണ്ണാന്മാരുമുണ്ടായിരുന്നു.

ഈ താത്കാലികവസതിയിൽ, എന്റെ പുസ്തകങ്ങളിൽ നിന്നകന്ന ഗൃഹാതുരത്വത്തിൽ, വൃക്ഷങ്ങളിലും പക്ഷികളിലും നിറയെ നക്ഷത്രങ്ങളുള്ള തെളിവാനിലും, ലോകത്തിന്റെ അസ്വാസ്ഥ്യത്തോടും അഭയകാംക്ഷയോടും പ്രതികരിക്കുന്ന കലാകാരന്റെ തെളിഞ്ഞിളകുന്ന വരകളിലും ഞാൻ ആശ്വാസം കണ്ടെത്തി.

അഗ്നിയും ഭൂമിയും ജലവുമുണ്ടായിരുന്നു. ആകാശത്ത് മാലാഖമാരുണ്ടായിരുന്നു. ഭൂമിയിലോ വീണുപോയ, വീണ്ടെടുപ്പിന്റെ മാലാഖമാർ.

ഒരു പ്രോജെക്റ്റ്‌ പിറന്നു- പുറപ്പാടിന്റെ പുസ്തകം.

ചിത്രകാരന്റെ വിരൽ-1

പിടപിടയ്ക്കുന്നൂ ശലഭങ്ങൾ,
മാനമിരുളുന്നൂ, നദി കവി-
ഞ്ഞൊഴുകുന്നേതാകാശ-
പ്പണിശാലയിൽ കൊത്തുന്നൂ
മണി ആശാരി , മുറുകുന്നേ-
തന്ധകാരത്തിന്നിടത്താളങ്ങളു-
ടയുന്നേത് വിഗ്രഹങ്ങ, ളേതു
പള്ളിയിൽ കുമ്പസാരക്കൂടുലയുന്നൂ?
തിളങ്ങീ നിൻ ചൂണ്ടുവിരലാ
ദീപാലയത്തിൻ വെളിച്ചത്തി-
ലണഞ്ഞൂ കപ്പലിൽ നിഴൽ-

വരുന്നുണ്ടഭയാർത്ഥികൾ

ചിത്രകാരന്റെ വിരൽ -2

ദീപവും അഞ്ചപ്പവും

പുകയുയരുന്നൂ വിളക്കിൽ നി-
ന്നെരിയുന്നൂ കാടിലപ്പച്ച ഊത
യാവുന്നൂ, കിളികൾ, കിളികൾ പറ-
ക്കുന്നൂ, വീടു തേടിയലയുന്നേമാന-
നൊഴിഞ്ഞഭയാർത്ഥികൾ, തോണി-
യിറക്കുന്നൂ മുക്കുവൻ രണ്ടു മീനി-
നായ്, വിത്തു പാവുന്നൂ കർഷകൻ
അതാ മുളയ്ക്കുന്നൂ, ദീപമല്ലേലൂയാ
പാടുന്നൂ, തിരിവിരലിന്നറ്റം നീളുന്നൂ
അയൽക്കാരി വാതിലിൽ ലുത്തീ-
നിയകൾ മീട്ടുന്നൂ, വിരൽ നീളുന്നൂ--

ഉയിർക്കുന്നൂ അഞ്ചപ്പം പുസ്തകത്താളിൽ

ചിത്രകാരന്റെ വിരൽ-3

കാതലിന്റെ കൂടാരം

പെരുകുന്നൂ കൂടാരങ്ങൾ മൈതാ-
നത്തിൻ മുകളിലൊരു പരുന്തു പറ-
ക്കുന്നൂ, താഴെക്കാണുന്നൂ വീടില്ലാത്തവ-
രപ്പം വേവിക്കുന്നൂ, തുണി-
യലക്കുന്നൂ, അയയിൽ വിരിക്കുന്നൂ തിര-
ശ്ശീല, പുറകിൽ നിഴലുകൾ പെരുകി നീ-
ങ്ങുന്നൂ, ചെണ്ടത്തുടിയിടിവെട്ട-
ലിൽ ചെവി പൊത്തുന്നൂ, ഹാഹാ-
കാരമുയരുന്നൂ, എല്ലാം നനയുന്നൂ, ഒരി-
തൾ വിരിയുന്നൂ, മാനത്തൊരു പുൽ-
ക്കൊടിനാമ്പുയരുന്നൂ, കൂടാരം മറയുന്നൂ-

വിടർത്തുന്നൂ ചിറകു മാലാഖയഭയത്തിനായ്.

ചിത്രകാരന്റെ വിരൽ- 4

പലായനം

പാമ്പിഴയുന്നൂ, തോണിയിൽ വെള്ളം
നിറയുന്നൂ, മീനിൻവെള്ളി തിള-
ങ്ങുന്നൂ, മിന്നി മറയുന്നൂ പങ്കായ-
മുയർത്തുന്നൂ തോണിക്കാരനതിർ-
ത്തികൾ വെട്ടുന്നൂ, വീണ്ടുമൊരു നദി-
യുയരുന്നൂ, ജലതരംഗങ്ങൾ കോമള-
ഗാന്ധാരത്തിലുയർന്നു താഴുന്നൂ, ഉയ-
രുന്നൂ നിലവിളി എവിടെയെൻ ഗ്രാമ-
പ്പച്ച, എവിടെയരളിത്തണലുക,ളെ-
വിടെ മുറ്റത്തെ മാമ്പൂക്കളം, ഒടുവിലവ-
ശേഷിക്കുന്നൂ ഭാണ്ഡത്തിലാകെ ചുമരുകൾ--

വിടരുന്നൂ തോണിയിൽ വീടിൻ വരകൾ.

ചിത്രകാരന്റെ വിരൽ-5

അഭയത്തോണി

വിരിയ്ക്കുന്നൂ വിശറിച്ചിറകുകളേക-
നായ ഹംസം, വീശുന്നൂ കരുണ തന്നി-
ളം കാറ്റ്, കൂടാരത്തിന്നറ്റമുരുളുന്നൂ കരി-
മേഘമുരുണ്ടടുക്കുന്നൂ, നദിയോർ-
മ്മിക്കുന്നൂ മറുകര, മഴത്തുള്ളി ചിത-
റിത്തെറിക്കുന്നൂ നിലം പാടമാവുന്നൂ
ചേറ് ചോറായുയിരുന്നൂ അഭയ-
കാംക്ഷി തൻ കിണ്ണത്തിൽ, വല-
യെറിയുന്നൂ മുക്കുവൻ, തോണി ഹോ-
സന്നകൾ പാടുന്നൂ, അക്കര-
ച്ചിലിന്നീണമെടുക്കുന്നൂ മറുകര-

വീണ്ടെടുക്കുന്നൂ തമ്പിന്നഭയം.

ചിത്രകാരന്റെ വിരൽ- 6

നിലവിളി

ആണിയടിക്കുന്നൂ ആശാരി കാ-
ലടികൾ രണ്ടുമടുപ്പിക്കുന്നൂ, തുള്ളി തുള്ളി –
യായ് ചോരയിറ്റുന്നൂ, അതിൻ നിറ-
മൊരാശാരിയുടേതെന്നു കണ്ടമ്പരക്കുന്നൂ, നാ-
ലാമത്തെയാണിയിടുന്നൂ കുപ്പായത്തിൻ
കീശയിൽ, വിയർപ്പിനാൽ നെറ്റി നന-
യുന്നൂ, നനയുന്നൂ മണ്ണ്, കണ്ണീരി-
ന്നരുവി മരത്തിന്നുടലിൽപടരുന്നൂ, ഇടി
വെട്ടുന്നൂ, ദാഹിക്കും ഭൂമി പിളരുന്നൂ, ഒരു
തുള്ളി വെള്ളത്തിനായവൻ കരയുന്നൂ, കുരി-
ശിൻ വഴി തെളിയുന്നൂ, നിലവിളിക്കുന്നൂ മിന്നൽ-

ഏലി ഏലി ലാമാ സബഖ്താനി.

Comments