നിറങ്ങളുടെ കലഹത്തിലൂടെ പല സത്യങ്ങളും പുറത്തേക്ക് തെറിച്ചുവീഴും, അക്ഷരങ്ങൾക്കും വാക്കുകൾക്കും അതീതമായി, വരകളിലൂടെയും വർണ്ണങ്ങളിലൂടെയും അധികാരത്തോട് സത്യം വിളിച്ചുപയാൻ സാധിക്കുമെന്ന് പൊളിറ്റിക്കൽ കാർട്ടൂണുകളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഈ കലാരൂപത്തിലൂടെ സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും കൂർത്ത വിമർശന ശരങ്ങൾ തൊടുത്തുവിടാനും സാധിക്കും.
സറ്റയർ (Satire), ഉപമകൾ (Metaphor), അതിശയോക്തി (Exaggeration) എന്നീ ഘടകങ്ങൾ കലാപരമായ രീതിയിൽ ചേർത്തുവെച്ച്, അതിലൂടെ ഏറ്റവും അനുയോജ്യമായ രീതിയിൽ സമകാലിക രാഷ്ട്രീയ നിരീക്ഷണം നടത്തി, നിറങ്ങൾ കൊണ്ടും വരകൾകൊണ്ടും സമന്വയിപ്പിക്കുമ്പോഴാണ് മികച്ച പൊളിറ്റിക്കൽ കാർട്ടൂണുകൾ ഉണ്ടാകുന്നത്. ചില മുഖങ്ങൾ കാർട്ടൂണിസ്റ്റുകൾക്ക് ഏറെ ഇഷ്ടമാണ് അതവരോടുള്ള താൽപര്യത്തിൽ നിന്നോ ആരാധനയിൽ നിന്നോ ഉണ്ടാകുന്നതല്ല,
ഇന്ന് ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്ര തലവനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്റെ തന്നിഷ്ട നിലപാടുകളാൽ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ എതിർപ്പുകൾ നേരിടുന്നതിനാൽതന്നെ ഏറെ രാഷ്ട്രീയശ്രദ്ധയും അത്ര തന്നെ വിമർശനങ്ങളും നേരിടുന്നുണ്ട്, അദ്ദേഹത്തിന്റെ വ്യത്യസ്ത ശരീരഭാഷകൾ. ട്രംപ് വരകളെ വ്യത്യസ്ത തലത്തിലേക്ക് കൊണ്ടുപോകാൻ ഈ ഘടകങ്ങൾ സഹായിക്കുന്നു.
ട്രംപിനെയും അദ്ദേഹത്തിന്റെ നിലപാടുകളെയും ശക്തമായി വിമർശിച്ച് ധാരാളം കാരിക്കേച്ചർ വരച്ചിട്ടുള്ള, വരച്ചുകൊണ്ടിരിക്കുന്ന ആർട്ടിസ്റ്റാണ് The Guardian പത്രത്തിലെ കാർട്ടൂണിസ്റ്റ് ബെൻ ജെന്നിങ്‌സ്. ഈ ദൃശ്യഭാഷയെ അത്യന്തം കരുത്തോടെ പ്രയോഗിക്കുന്ന കലാകാരൻ.

ട്രംപിന്റെ ശാരീരിക സവിശേഷതകളെ (Caricature) രാഷ്ട്രീയ നിലപാടുകളുമായി കോർത്തിണക്കി ജെന്നിങ്‌സ് സൃഷ്ടിക്കുന്ന ഓരോ ചിത്രവും അമേരിക്കൻ ഭരണകൂടത്തിനെതിരായ വിമർശനത്തിന്റെ മൂർച്ചയുള്ള ആയുധങ്ങളാണ്. ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് വരച്ച കാർട്ടൂണുകളും സമാധാന നോബലിന് അർഹനായ ആളാണ് താനെന്ന ട്രംപിനെ പ്രസ്താവനകളും തുടങ്ങി സമീപകാലസംഭവങ്ങളെ വരെ അടിസ്ഥാനമാക്കി അദ്ദേഹം വരച്ച കാർട്ടൂണുകളിലെ പ്രധാന താരം ട്രംപ് തന്നെയാണ്. ആധുനിക രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളെയും അധികാരത്തിന്റെ ഭാവമാറ്റങ്ങളെയും വരയുടെ ആക്ഷേപഹാസ്യത്തിലൂടെ എത്രത്തോളം തീക്ഷ്ണമായി അടയാളപ്പെടുത്താം എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണിവ.
കാലഗണനയനുസരിച്ചുതന്നെ ട്രംപിന്റെ ഓരോ സമയത്തെ നിലപാടുകളിലൂടെ സഞ്ചരിച്ചാൽ ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കാർട്ടൂണിന്റെ കാപ്‌ഷൻ "Will you please just get in line so we can all enjoy Christmas’’ എന്നാണ്. രോഷാകുലനായി നിൽക്കുന്ന ട്രംപാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്റെ കഴുത്തിൽ "Peace Prize" എന്നെഴുതിയ ഒരു മെഡലും. സമാധാന നോബലിന് ലോകത്തെ ഏറ്റവും അനുയോജ്യൻ താനാണെന്ന് ട്രംപ് നടത്തിയ പ്രസ്താവന ഇതിനോട് ചേർത്തുവായിക്കാം. എന്നാൽ ആ മെഡൽ ഉരുകി താഴേക്ക് ഒലിക്കുന്നത് കാണാം. സ്വയം അപഹാസ്യനാക്കി മാറ്റുന്ന പ്രസ്താവനയെയും അർഹിക്കാത്തത് വേണം എന്നുപറയുന്ന ബുദ്ധിശൂന്യതയെയയും ഇതിൽ നിന്ന് വായിച്ചെടുക്കാം.

ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ ഒരു ടർക്കി കോഴിയുടെ (Turkey) രൂപത്തിലാണ് വരച്ചിരിക്കുന്നത്. ക്രിസ്മസ് വിരുന്നുമേശയിലെ പ്രധാന വിഭവമാണല്ലോ ടർക്കി കോഴി, ഭക്ഷണമാക്കാൻ തയ്യാറാക്കിവെച്ചിരിക്കുന്ന സെലെൻസ്‌കിയെ ഒരു ഇരയായിട്ടാണ് കാണിച്ചിരിക്കുന്നത്. ഒപ്പം പിന്നിൽ റഷ്യൻ പ്രസിഡന്റ് പുട്ടിനുമുണ്ട്. സെലെൻസ്‌കിയെ (ടർക്കിയെ) ഭക്ഷിക്കാൻ മേശയ്ക്കുപിന്നിൽ കത്തിയും ഫോർക്കുമായി നിൽക്കുന്ന വേട്ടക്കാരന്റെ ഭാവമാണ് പുടിന്. റഷ്യ- ഉക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുണ്ട്.
ജനുവരി ആറിനു പ്രസിദ്ധീകരിച്ച കാർട്ടൂണിന്റെ ക്യാപ്ഷൻ "What are you all crying about? I was always like this" എന്നായിരുന്നു. ബിയറിന് പകരം എണ്ണനിറച്ച ബാരലുകൾ (OIL) ഉള്ള ബിയർ കുടിക്കാനായി ഉപയോഗിക്കുന്ന ഒരു 'ഡ്രിങ്കിംഗ് ഹാറ്റ്' (Drinking Hat) മാതൃകയിലുള്ള തൊപ്പി ധരിച്ച ക്രൂദ്ധനായ ട്രംപിനെയാണ് കാണാനാകുക. കയ്യിലുള്ള വലിയ തോക്ക് (Assault Rifle) അമേരിക്കയുടെ ലോക പോലീസ് എന്ന അഹങ്കാരത്തെ സൂചിപ്പിക്കുന്നു. തങ്ങളുടെ നിയന്ത്രണ നിയമങ്ങളോടുള്ള നിലപാടുകൾ മാത്രമേ നടക്കൂ എന്ന വാശിയും അക്രമാസക്തമായ രാഷ്ട്രീയ പ്രസംഗങ്ങളെയും ഓർമ്മപ്പെടുത്തുന്ന മുഖഭാവമാണ് ഈ കാർട്ടൂണിന്റെ പ്രധാന ഭാഗം. "നിങ്ങൾ കരഞ്ഞിട്ടൊന്നും കാര്യമില്ല ഞാനിങ്ങനെ തന്നെയായിരിക്കും"- ട്രംപ് പറയുന്നു. ഈ സ്വഭാവത്തിലോ നയങ്ങളിലോ ഒരു മാറ്റമില്ലെന്നും, തന്നെ വിമർശിക്കുന്നവർക്ക് അത്ഭുതം തോന്നേണ്ട കാര്യമില്ലെന്നുമുള്ള ഭാവത്തെ വരയിലൂടെ ധ്വനിപ്പിക്കുന്നു. അമേരിക്കയുടെ ഇന്ധനനയങ്ങളും പാരിസ്ഥികനയങ്ങളും കൂടി ഇതിനോട് ചേർത്തുവായിക്കാം.

വേറിട്ടൊരു കളർ പാറ്റേൺ കൊടുത്ത കാർട്ടൂണാണ് ജനുവരി 20-ന് പ്രസിദ്ധീകരിച്ച The Scorpion and the Frog. അമേരിക്കയുടെ തന്നെ ആഭ്യന്തര രാഷ്ട്രീയത്തെ, തന്റെ കൂടെ നടക്കുന്നവരെതന്നെ ഏതു നിമിഷവും തിരിഞ്ഞുകൊത്തിയേക്കാം എന്ന് സൂചിപ്പിക്കുന്ന പഴയൊരു നാടോടിക്കഥയുമായി ബന്ധിപ്പിച്ചാണ് കാർട്ടൂൺ ചെയ്തിട്ടുള്ളത്.
തേളിന് പുഴ കടക്കണമെങ്കിൽ തവളയുടെ സഹായം വേണം. പേടിച്ച തവളയോട്, ‘ഞാൻ കുത്തിയാൽ നീയും ചാകും, വെള്ളത്തിൽ മുങ്ങി ഞാനും ചാകും, അതുകൊണ്ട് ഞാൻ ഒരിക്കലും നിന്നെ കുത്തില്ല’ എന്ന് ഉറപ്പുപറഞ്ഞപ്പോൾ, തേളുമായി തവള പുഴകടക്കാനൊരുങ്ങുന്നു. പുഴയുടെ നടുവിലെത്തിയപ്പോൾ തേൾ കുത്തുന്നു. രണ്ടുപേരും മുങ്ങിച്ചാകാൻ പോകുമ്പോൾ തവള ചോദിക്കുന്നുണ്ട്, "നീ എന്തിനാണ് ഇത് ചെയ്തത്’ എന്ന്. തേൾ അതിനു പറയുന്ന മറുപടി, "അതെന്റെ സ്വഭാവമാണ്, അത് മാറ്റാൻ പറ്റില്ല" എന്നാണ്.
ഈ കഥയിലെ തേളിന്റെ രൂപമാണ് ട്രംപിന്. പുഴയിൽ ചത്ത് മലച്ചു കിടക്കുന്ന തവളകളെയും കാണാം. അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് ഇതിലെ വിഷയമെങ്കിലും മറ്റു ലോകരാജ്യങ്ങളോടുമായുള്ള ട്രംപിന്റെ സമീപനവും ചേർത്തുവായിക്കാം

ഇറാനുമായി യുദ്ധം തുടങ്ങിയശേഷമുള്ള കാർട്ടൂണുകളിൽ യുദ്ധമുഖത്തുള്ള ട്രംപിനെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മാർച്ച് രണ്ടിലെ കാർട്ടൂൺ ആണ് അതിൽ പ്രധാനം. സമാധാനത്തിന്റെ മുഖംമൂടിയിട്ട് യുദ്ധത്തിന്റെ ഭീകരതയെ തീ കാഞ്ഞ് ഫയർപ്ലേസിനുമുന്നിൽ ആസ്വാദിക്കുന്ന ട്രംപിനെ ഇതിൽ കാണാം. ഇറാൻ-അമേരിക്ക സംഘർഷങ്ങളുടെ നേർച്ചിത്രമാണിത്. ചുവരിൽ സമാധാന നോബൽ സമ്മാനവുമുണ്ട്. സമാധാനത്തിനുള്ള ഫിഫ പീസ് അവാർഡുമുണ്ട്. ഒപ്പം, ചുവരിൽ ഒരു വേട്ടമൃഗത്തിന്റെ തല സ്റ്റഫ് ചെയ്തുവെച്ചതുപോലെ, ഇറാനിയൻ ആത്മീയ നേതാവ് ആയത്തുള്ള ഖമനേയിയെയും കാണാം. മുന്നിലുള്ള മേശയിൽ അമേരിക്കൻ പതാക. ലോകപോലീസിന്റെ സിംഹാസനത്തിലിരിക്കുന്ന ട്രംപാണ് കേന്ദ്രം.
മാർച്ച് 12-ന്, മാറിയ സാഹചര്യത്തിൽ, മറ്റൊരു കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈവിട്ടുപോയ യുദ്ധമാണ് ഇതിലെ സൂചന. അമേരിക്കൻ യുദ്ധത്തിന്റെ ഭീകരതയെയും അതിനിടയിലുള്ള രാഷ്ട്രീയ വൈരുദ്ധ്യങ്ങളെയും അതിശക്തമായി പരിഹസിക്കുന്ന ചിത്രമാണിത്. ഓസ്കാർ അവാർഡ് സെറിമണിയാണ് പശ്ചാത്തലം. യുദ്ധകാലത്ത്, ആ ചോരയ്ക്കുമേലെ ഹോളിവുഡിന്റെ ചുവപ്പ് പരവതാനി വിരിക്കുമ്പോൾ, ലോകം കത്തുമ്പോൾ, അവാർഡ് നിശകൾ തുടരുന്നു. റോം കത്തുമ്പോൾ നീറോയുടെ വീണവായനപോലെയും കാണാം. കാർട്ടൂണിൽ ട്രംപിന്റെ മുഖഭാവം വിജയിയുടേതല്ല. വേദിയിൽ തോക്കുചൂണ്ടി ട്രംപ് ഉണ്ട്. പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ (Conan O'Brien) ഓസ്കാർ ഹോസ്റ്റായി മുന്നിൽ പേടിച്ചുവിറച്ച്, But there's no such thing as the oscar for 'Greatest' war leader എന്ന് പറയുന്നുണ്ട്.

ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെ ആക്ഷേപ ഹാസ്യത്തിലൂടെ നിശിതമായി വിമർശിക്കുന്ന കാർട്ടൂണിസ്റ്റാണ് ബെൻ ജെന്നിങ്‌സൺ. അദ്ദേഹത്തിന്റെ ഓരോ വരയ്ക്കും കൃത്യമായ ലക്ഷ്യമുണ്ട്. പ്രത്യേകിച്ച് ട്രംപിനെ വരയ്ക്കുമ്പോൾ അത് കൂർത്ത വിമർശനമായി മാറും. ഇദ്ദേഹത്തിന്റെ കാർട്ടൂണുകളിലെ ഫിഗറുകൾക്ക് ഫ്രാൻസിലെ പ്രശസ്തനായ രാഷ്ട്രീയ കാർട്ടൂണിസ്റ്റ് ഒണോറെ ദോമിയറുടെ (Honoré Daumier 1808-1879) പശ്ചാത്തലവും ക്യാപ്‌ഷനുകളും ബ്രിട്ടീഷ് രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്ന ജെയിംസ് ഗിൽറേയുടെ (James Gillray) സ്വാധീനവും ഉള്ളതായി തോന്നിയിട്ടുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷണങ്ങൾ ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ്, കൂർത്ത വിമർശനശരങ്ങളാക്കി അവതരിപ്പിക്കുന്ന കാർട്ടൂണികളാണിവ. ആഗോളപ്രശ്നങ്ങളിൽ വൻശക്തികളുടെ ഇരട്ടത്താപ്പും നിസ്സഹായാവസ്ഥയും തുറന്നുകാട്ടുന്ന, ട്രംപിനെ പോലുള്ള നേതാവിന്റെ സ്വഭാവവൈചിത്ര്യങ്ങൾ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന രചനകളാണിവ.

‘വാക്കുകൾ പരാജയപ്പെടുന്നിടത്ത് വരകൾ സംസാരിക്കുന്നു’ എന്നതാണ് പൊളിറ്റിക്കൽ കാർട്ടൂണുകളുടെ വിജയം. ബെൻ ജെന്നിങ്‌സിനെപ്പോലെയുള്ള കലാകാരന്മാർ, വിനോദത്തിനപ്പുറം ലോകരാഷ്ട്രീയത്തിന്റെ നേർക്കാഴ്ചകൾ നമ്മുടെ മുന്നിലെത്തിക്കുന്നു. സ്വേച്ഛാധികാരത്തിന്റെ ജനവിരുദ്ധതയെ ഇത്ര സത്യസന്ധമായും ധീരമായും അടയാളപ്പെടുത്തുന്ന മറ്റൊരു കലാരൂപമുണ്ടോ എന്നത് സംശയമാണ്. ബെൻ ജെന്നിങ്‌സനെ കുറിച്ചുള്ള കലാ നിരൂപകന്മാരുടെ ഈ നിരീക്ഷണം, അദ്ദേഹത്തിന്റെ ഓരോ വരയും ശരിവെക്കുന്നു.
