ജി. രഘുവിന്റെ പേരിടാത്ത ശിൽപം

കുതറുന്ന പെണ്ണ്, കടൽ, ബലിച്ചോറ്, ആയുന്ന ഗാന്ധി

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജനുവരി 15 വരെ മലമ്പുഴയിൽ നടക്കുന്ന ചിത്ര- ശില്പ പ്രദർശനത്തിലെ രചനകളെക്കുറിച്ച്.

ഗാന്ധി കല ആസ്വദിച്ചിരുന്നോ എന്തോ?
പക്ഷേ ഗാന്ധിയുടെ ദേഹം, പാതിവസ്ത്രം, പുതപ്പ്, കണ്ണട, കട്ടിൽ, കസേര, വടി, ചെരിപ്പ്, ചർക്ക, നിൽപ്പ്, ഇരിപ്പ്, കിടപ്പ്, ഉപ്പ്, പാർപ്പിടങ്ങൾ, സഞ്ചാരങ്ങൾ തുടങ്ങിയവയുടെ ഛായാ / ചിത്രങ്ങൾ ബിംബങ്ങളായി സംവദിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരാളെ ചുറ്റിപ്പറ്റുന്ന രൂപങ്ങൾ കാലങ്ങളോളം സ്വയം ജനതയുടെ ബിംബാവലിയായി തുടരാൻ വേറാർക്കു കഴിയും? അതുകൊണ്ടുതന്നെ ചിത്ര, ശില്പ കലാകാരരെയും (കവികളെയും) അവയെ നോക്കിനിൽക്കുന്നവരെയും ഗാന്ധി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.

കെ. രഘുനാഥൻ ഓടിൽ ചെയ്ത ഗാന്ധി രൂപം 2024- നോട് ചിലത് പറയുന്നു. ആകൃതിയനുപാതങ്ങൾ മാറിയ മുഖാവയവങ്ങളിൽ ഉത്കണ്ഠ, ഖിന്നാനുഭവങ്ങൾ, എത്ര കഴിയുമ്പോഴും പ്രതീക്ഷ, വലതുകാലിനേക്കാൾ കുറെ മുന്നിലായ ഇടതുകാൽ, പറഞ്ഞു മുഴുമിക്കാതായ ഇടംകൈ, വടിയുമുടയാടയുമുയർത്തി നീങ്ങുന്ന വലംകൈയുടെ ഊർജ്ജം.. കാലം പ്രതിബിംബിക്കയോ കാലത്തിന്റെ പ്രതികല്പനയോ? ഒറ്റക്കാഴ്ചയിൽ തന്നെ രഘുനാഥന്റെ കുഞ്ഞുഗാന്ധിയോടൊപ്പം നമ്മളും നടക്കുന്നു. നമ്മെപ്പോലെ തന്നെ അദ്ദേഹത്തിനും അതെങ്ങോട്ടെന്നറിയില്ല.

കെ രഘുനാഥന്റെ Walking Gandhi

ജനുവരി 9 മുതൽ 15 വരെ കേരള ലളിതകലാ അക്കാദമി മലമ്പുഴയിൽ സംഘടിപ്പിക്കുന്ന ചിത്ര- ശില്പ പ്രദർശനത്തിലാണ് രഘുനാഥനും കലാകാരരും നമുക്കു മുന്നിൽ. ''Between me and my mind" (എനിക്കും എന്റെ മനസ്സിനുമിടയിൽ) എന്ന പരിസരത്തോടെ ഇത് ക്യൂറേറ്റ് ചെയ്യുന്നത് ചിത്രകാര, ശില്പിയായ കെ. എസ്. ദിലീപ് കുമാർ. സമരം ചെയ്തു മറച്ച മാറും അതിലെത്തിയ ഓണത്തുമ്പികളും ദിലീപ് കരിങ്കല്ലിൽ ചെയ്തത് ഈ ലളിതകലാ മുറ്റത്ത് ചരിത്രം പോലെ നേരത്തേ ഉറച്ചിരിപ്പുണ്ട്.

അക്കാദമിയുടെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള കെ. എസ്. ദിലീപ് കുമാറിന്റെ ശില്പം

ഇരുൾമേഘങ്ങളിറങ്ങിവന്ന മണ്ണിൽ ഇലയിലെ ബലിച്ചോറിനെ ചുറ്റിയ കാക്കകൾ. ശങ്കകളില്ലാതെ തെളിഞ്ഞാണ് പ്രവീൺ കൃഷ്ണയുടെ ആകാരങ്ങൾ. ഉപചരിക്കപ്പെട്ട ഈ മരണം സമകാലത്തിൽ അവഗണിക്കപ്പെട്ട മരണങ്ങളെയാണോ വിപരീതമായി ഉൾവഹിക്കുക? ചിത്രത്തിലില്ലാത്തവയെയാണെന്ന് തോന്നുന്നു, പ്രവീണിനെയും അദ്ദേഹത്തിന്റെ കാണികളെയും  ആകർഷിക്കുന്നത്. വാലിൽ ചെമ്പരത്തിപ്പൂ പതാകയുയർത്തി തേറ്റയും തെളിഞ്ഞ ലിംഗവും കരിമിനിപ്പുമായി ആകാശത്തും ഭൂമിയിലും നിൽക്കുന്ന കാട്ടുപന്നി അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമാണ്.

പ്രവീൺ കൃഷ്ണ വരച്ച 'ബലിച്ചോറ്’

പെൺപടങ്ങൾ ചരിത്രത്തിലേക്കിറങ്ങുന്ന പുതിയ ജീവികളാണ്. ലക്ഷ്മി സുദർശനന് ഉടൽ എന്നത് മനുഷ്യന്റെയോ മൃഗത്തിന്റെയോ ആവാം. പൊതുമനുഷ്യരേക്കാൾ പെൺമനുഷ്യരെയാണ് മൃഗദേഹവുമായി അവർ ഇടയ്ക്കിടെ മാറ്റി വരയ്ക്കുക. ചിരവയുടെ അരമുരസുന്ന അടുക്കള ജീവിതം അവളുടെ നാഴികകളെ കറക്കുന്നുണ്ട്. കുളമ്പുള്ള കാലിനു മുകളറ്റത്ത് യോനീസ്ഥാനത്തു കുത്തിയാണ് ആ ടൈംപീസ് നീണ്ടുവരുന്നത്. ഒറ്റക്കാലും ഒറ്റക്കയ്യുമൊക്കെ പോലെ സുന്ദരമായ ഒറ്റമുലയും. ഇരട്ടയിലൊരവയവം മുറിഞ്ഞു പോവുമ്പോഴും അത് മോഹിപ്പിക്കുന്ന പുതിയ ഭംഗിയാവുന്ന ധാരാളം മനുഷ്യർ കൂടി ഈ ചെറു ചായത്താളിലേക്ക് ജാഥയായി വരുന്നുണ്ട്. കുതിരയുടെ വാൽ താനെ ഒഴുകി നെയിൽ പോളീഷിട്ട നേർത്ത വിരലുകളാവുന്നു. കയ്യൊരു കാലിവാലാവുന്നു. മെരുക്കാനായുമ്പോളൊക്കെ വനമൃഗവീര്യത്തോടെ പെണ്ണ് കുതറുന്നു.
മറ്റൊരു ചിത്രത്തിൽ ചോദ്യചിഹ്നമായ അവളുടെ ശരീരം നീന്തുന്ന മത്സ്യത്തെ തലയിലെടുത്താനന്ദിക്കുന്നു. മാറുകൊണ്ട് നിറഞ്ഞ ശരീരം. പെൺമുഖവും അതിൽ എല്ലാം കാണുന്ന കണ്ണുമുള്ള പടത്തിൽ ലക്ഷ്മിയുടെ അറിവോടെയോ എന്നറിയില്ല, ചോരയൊലിക്കുന്നു.

ലക്ഷ്മി സുദർശന്റെ ചിത്രങ്ങൾ

വലുതല്ലാത്ത രണ്ടു മുറികളുടെ ചുവരിലും തറയിലും കെ. എസ്. ദിലീപ് കുമാർ തന്റെ പ്രദർശന പരിചരണം ഒതുക്കിനിർത്തുന്നു. എന്നാൽ ചായചിത്രങ്ങൾ, മര / മരേതര കൊത്തുചിത്രങ്ങൾ,  കളിമണ്ണ്, പിഞ്ഞാൺ, ഓട് ശില്പങ്ങൾ, പ്രതിഷഠാപനം, ഫൗണ്ട് ഓബ്ജെക്റ്റ് കലാസൃഷ്ടികൾ എന്നിങ്ങനെ കല നിരന്നിരിക്കുന്നു.

കെ. എസ്. ദിലീപ് കുമാറിന്റെ Altitude woman with seascape, Seascape എന്നീ ചിത്രങ്ങൾ. ഇൻ​സെറ്റിൽ കെ.എസ്. ദിലീപ് കുമാർ.

നിർമിതബുദ്ധി കലയുടെ രൂപങ്ങളെ മനുഷ്യരെ അമ്പരപ്പിക്കും വിധം കൈകാര്യം ചെയ്തേക്കാം. പക്ഷേ ഓരോ നിമിഷവും മനുഷ്യൾ/ൻ കാണുന്ന ഓരോ പ്രകൃതിയുണ്ട്. ഓരോ നിമിഷവും പ്രകൃതി കാണുന്ന ഓരോ മനുഷ്യളു/നുമുണ്ട്. കലയുടെ ആ വിഹാരത്തിലെത്താൻ നിർമിതബുദ്ധിയ്ക്ക് ഒരു ബസു കൂടി കാത്തിരിക്കേണ്ടിവരാം.

‘അൺ ടൈറ്റിൽഡ്’, ഷനോജ് പി.സി.

മനുഷ്യവിഷാദത്തിന് ഒരുപക്ഷേ കാരണങ്ങൾ വേണമെന്നില്ല എന്നു പ്രസ്താവിച്ചാൽ എരിപൊരി ജീവിക്കുന്ന സാധുമനുഷ്യർ വിങ്ങിയേക്കും. ജന്മം കൈവിടുന്നത് ഭാവന ചെയ്തിട്ടില്ലാത്ത ആരുമേ ഉണ്ടാവില്ല എന്നു തിരുത്താം. ഒരടി നീളവും വീതിയും പൊക്കവുമുള്ള നഗ്നന്റെ എല്ലാം കൈവിട്ട അയഞ്ഞിരിപ്പ് കളിമണ്ണിൽ ചെയ്തത് നമ്മളോട് കാരണാതീതമായ ജീവിത സങ്കടം പറയുന്നു. ഷനോജ് പിസിയുടെയാണ് ശില്പം.

ആതിര ബിന്ദുരാജിന്റെ 'Murmering' സീരീസിൽനിന്ന്

ആതിര ബിന്ദുരാജിന്റെ മർമ്മര പരമ്പരയിലെ (Murmering) രണ്ടു കൊത്തുചിത്രങ്ങൾ ചുവരിലുണ്ട്. ഏറ്റവും അടുത്തവരാണ് പരസ്പരം ശബ്ദം താഴ്ത്തുന്നത്. ഒച്ച കുറയുമ്പോൾ ഏറ്റവും ഉള്ളിനോടാണ് മിണ്ടുക. ആതിരയുടെ അടുപ്പമുള്ളവർ ശലഭവും കൂണും പുല്ലും തുമ്പിയും മരവുമാണ്. കൊഴിഞ്ഞുറയുന്ന മരത്തിലെ ജീവനുകളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടോ എന്ന് ആതിര ചോദിക്കുന്നു.

ജി. രഘുവിന്റെ ശില്പം അണിഞ്ഞത് പട്ടണത്തിലോ നാട്ടിൻപുറത്തോ കാണുന്ന തുണിത്തരങ്ങളോ ആഭരണങ്ങളോ അല്ല. ആദിവാസിയുടെ ഉടുത്തൊരുക്കവും വസ്ത്രകലയുമാണ് അവർക്ക്. നില്പിനും ഒരു മണ്ണുറപ്പുണ്ട്. അവരുടെ നോട്ടത്തെ നേരിടുമ്പോൾ ഒരു കുറ്റബോധം വന്നുവോ? വരേണ്ടതല്ലേ?

ജി. രഘുവിന്റെ പേരിടാത്ത ശിൽപം

മനു മാധവൻ പടങ്ങൾക്ക് പേരിടുമ്പോഴും അല്ലാത്തപ്പോഴും മേഘങ്ങളെ ഓർക്കുന്നു. അദ്ദേഹത്തിന്റെ മീനും കുട്ടിയും തെങ്ങും മനുഷ്യനും കൂട്ട് വേണമോ എന്നു മുകിലിനോട് ചോദിക്കുന്നുണ്ട്.

മനു മാധവന്റെ Abandoned Things from Homeland.

ക്യുറേറ്ററായ കെ. എസ്. ദിലീപ് കുമാറിന്റെ Altitude girl with seascape (കടൽകാഴ്ചയോടൊപ്പം ഉന്നതിയിലേക്കുള്ള പെൺകുട്ടി) എന്ന എണ്ണച്ചായ ചിത്രം, Altitude girl എന്ന പരമ്പര വരയുടെ വരിയിൽ പെടുന്നു. തനത് ഭാവനകളും വഴിത്താരകളുമുള്ള ഒരു വരിയിലെ അഭിമാനിനിയായ പെൺകുട്ടിയാവണം തന്നെ വരയ്ക്കാൻ ദിലീപിനോട് പറഞ്ഞിട്ടുണ്ടാവുക.
ദിലീപിന്റെ Seascape ൽ മൂന്നു കടലുകൾ മൂന്ന് കാൻവാസുകളിൽ കയറിക്കിടക്കുന്നു. മനുഷ്യഹൃദയം ഓരോ നേരത്തും കാണുന്ന തിര, പാറ, ജീവികൾ, ജലം.

Comments