2026 പിറന്ന ആദ്യ ദിവസം വൈകുന്നേരം, മട്ടാഞ്ചേരി തെരുവീഥികളിലൂടെ ഫോട്ടോ ഡോക്യുമെന്റേറിയൻ ബിജു ഇബ്രാഹിമിന്റെ കൂടെ വെറുതെ നടന്നു. വ്യൂ ഫൈൻഡറിലൂടെ കൊച്ചിയുടെ ഗതകാല സ്മരണകളും വിവിധങ്ങളായ കമ്മ്യൂണിറ്റികളുടെ ജീവിതവും പരസ്പര സഹവർത്തിത്വവും ബിജു അന്വേഷിച്ചു നടന്നതിന്റെ ചിത്രരേഖകൾ റിയാസ് കോമു കുറേറ്റ് ചെയ്ത ട്രാൻസെൻഡൻസ് എന്ന ഷോ ആയി 2018- ൽ പരിണമിച്ചിരുന്നു. പിന്നെയത് പല ദിക്കുകളിലേക്കും യാത്ര ചെയ്തു.
അതിൽ പ്രദേശങ്ങളുടെ ആത്മാവിനെ തേടുന്നതും ഓർമ്മകളായി മാറിക്കൊണ്ടിരിക്കുന്നതുമായ മനുഷ്യരുടെയും സ്ഥലങ്ങളുടെയും ഇടങ്ങളുടെയും നിഗൂഢതകളെല്ലാം ഉണ്ടായിരുന്നു. തേഞ്ഞതും ക്ലാവ് പിടിച്ചതുമായ ഉരുവങ്ങളും നിറംമങ്ങിയ തുണികൾ പോലും കാണാമായിരുന്നു. ഇതിന്റെ ആദ്യ പ്രദർശനം തന്നെ അന്ന് നടന്നത് ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിനടുത്തുള്ള ഒരു ജുമഅത്ത് പള്ളിയുടെ മുകളിലായിരുന്നുവെന്ന് ഓർക്കുന്നു. പള്ളിയുടെ താഴെ ആളുകൾ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുമ്പോൾ, മുകളിൽ നാനാവിധ വിശ്വാസങ്ങളുള്ള മനുഷ്യരുടെ ചിത്രങ്ങളും അവ കാണാനായി പല സരണികളിൽ നിന്നൊഴുകിയെത്തുന്ന മനുഷ്യരും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ചകളിലെ ജുമുഅയും ആ ചിത്രങ്ങൾക്ക് നടുവിൽ നടന്നിരുന്നു.
ഇതുതന്നെയാണ് കൊച്ചിയുടെ വന്യവും നിഗൂഢവുമായ ഭംഗി. ആറു മാസം കടലിലും അത്രയും മാസം കരയിലും ജീവിച്ചും കയറ്റിറക്ക് ജോലികളും പലവ്യഞ്ജന വ്യവഹാരങ്ങളും ചെയ്തു ജീവിച്ച ഫോർട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും മനുഷ്യരുടെ ജീവിതം എന്നും സംഭവബഹുലമായിരുന്നു. കൊച്ചി തുറമുഖം വഴിയുള്ള കുരുമുളക്, ഇഞ്ചി, കറുവപ്പട്ട, ഏലം തുടങ്ങിയ പലവ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന ജൂതസമൂഹത്തിനൊപ്പമായിരുന്നു ഈ ദ്വീപുസമൂഹം കാലങ്ങളോളം ഒരേ മെയ്യോടെ നിലകൊണ്ടത്. സ്‌റ്റീവ്‌ഡോറുമാരായും പണമിടപാടുകാരുമായും തുണിക്കച്ചവടക്കാരുമൊക്കെയായിരുന്ന ജൂതസമൂഹത്തിനൊപ്പം പ്രവർത്തിച്ച പച്ചയായ മനുഷ്യർക്കിടയിലാണ്, അല്ലെങ്കിൽ അവരുടെ ഓർമ്മകൾക്കിടയിലാണ് പല ശ്രേണികളിലുള്ള കലാന്വേഷകരും എത്തിയതും ഇപ്പോഴുമെത്തുന്നതും. വിചിത്രമായ ഈ പ്രദേശത്തെ എല്ലാ കാഴ്ചകളും കണ്ടെത്തലുകളും ഒരു സമസ്യയാണ്. വൈവിധ്യ ആചാരങ്ങളുടെയും വിചാരങ്ങളുടെയും പറുദീസയാണ്.

മട്ടാഞ്ചേരിയുടെ ഹൃദയവഴികളിലൂടെ നടക്കുമ്പോൾ ബിജു തന്റെ അന്വേഷണയാത്ര പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിരുന്നു. ആ നടത്തത്തിൽ എന്റെ ശ്രദ്ധയിൽ തടഞ്ഞത്, മട്ടാഞ്ചേരിയിലെ ചില ഒഴിഞ്ഞ ഗല്ലികളിലെ ആരോ ഉപേക്ഷിച്ചുപോയ ചില തുണികൾ ആയിരുന്നു. അത് ആംഫിബിയൻ ഈസ്തറ്റിക്സ് എന്ന ഷോയുടെ ഭാഗമായി മട്ടാഞ്ചേരിയിലെത്തിയ എന്നെ ചില ആലോചനകളിലേക്ക് നയിച്ചു.
ആംഫിബിയൻ ഈസ്തറ്റിക്‌സും മട്ടാഞ്ചേരിയിലെ ഗല്ലികളിൽ കണ്ട ആരോ ഉപേക്ഷിച്ചുപോയ കീറിയതും നരച്ചതുമായ തുണികളും തമ്മിൽ എന്തു ബന്ധം? ആ അനാഥമായ തുണിക്കഷ്ണങ്ങൾ ഒരു ശരണവും നിലൽപുമില്ലാതെ നിലവിളിച്ചോടുന്ന ഗാസയിലെ മനുഷ്യരുടെ ചിത്രങ്ങളുടെ ഓർമ്മകളിലേക്ക് എന്നെ നയിച്ചു. ജലത്തിനും കരയ്ക്കുമിടയിൽ കുടുങ്ങിയ ആംഫിബിയൻ അവസ്ഥപോലെ, ജീവിതത്തിനും നാശത്തിനുമിടയിൽ തള്ളപ്പെടുന്ന മനുഷ്യജീവിതങ്ങളെ കാണാനായി.
യുദ്ധത്തിന്റെ നടുവിൽനിന്നുയരുന്ന ശബ്ദങ്ങളായി ആംഫിബിയൻ ഈസ്തറ്റിക്‌സിൽ എത്തുന്ന ജീവിച്ചിരിക്കുന്ന കവികളെ ഞാൻ ഓർത്തു. ബോംബുകളുടെ സമയക്രമം അനുസരിച്ച് തല ചായ്‌ക്കേണ്ടി വരുന്ന ഒരു ദേശത്ത്, രാത്രികൾ ഭയത്താൽ കീറപ്പെടുന്നിടത്ത്, വീടുകൾ ഒരേസമയം ഓർമ്മയും അവശിഷ്ടവും ആയിടത്തുനിന്ന് കൈയ്യിൽ കിട്ടിയ ജീവിതവും ഒരു പിടി വാക്കുകളുമായി എത്തുന്ന കവികളിലേക്ക് ഞാൻ നടന്നു. പലസ്തീനിയൻ കവികളായ ഖാലിദ് ജൂമ, ഹുസാം മാരൂഫ്, യഹ്യ അഷൂർ, ഹൈദർ അൽഘസാലി, നിമാ ഹസൻ തുടങ്ങിയവരുടെ നോവുന്ന പ്രതീക്ഷകൾ കണ്ടു. അതിലെ ബതൂൽ അബു അക് ലീൻ എഴുതി, അൻവർ അലി മലയാളപ്പകർച്ച നൽകിയ കവിത ഹൃദയ താളത്തിൽ ഇങ്ങനെ വായിക്കാം:
39 കിലോഗ്രാം. എനിക്കൊരു ഖബർ വേണം.
എനിക്ക് മാർബിളിന്റെ മീസാങ്കല്ലുള്ള ഒരു ഖബർ വേണം.
പ്രിയപ്പെട്ടവർ അത് നനയ്ക്കണം, അതിൽ
പനിനീർപ്പൂക്കളർപ്പിക്കണം.
വേർപാട് കണ്ണുകളെ കുത്തിനീറ്റുമ്പോൾ
അവർ വിതുമ്പണം.
അവരുടെ കണ്ണീരിന് എന്നിലേക്കെത്താനാവരുത്
എങ്കിൽ എനിക്ക് സങ്കടം വരില്ലല്ലോ.
എനിക്കു മാത്രമായി ഒരു ഖബർ വേണം
അവിടെ വന്ന് എന്റെ കൂട്ടുകാർക്ക്
മിണ്ടിപ്പറഞ്ഞിരിക്കാം.
അങ്ങനെ, ഒരു സ്വകാര്യവ്യക്തിയായിരിക്കാനുള്ള
അവകാശം
അവസാനമായി എനിക്ക് കൈവരും.
അടുക്കൽ മറ്റു ഖബറുകളില്ലാത്ത ഒരു ഖബർ വേണം
എനിക്ക്.
അപ്പോൾ എന്റെ പ്രിയന് അവിടെ ഒരു
കടലാസുപൂച്ചെടി വളർത്താം.
അത് വേനലിൽ തണൽ തരും
വസന്തത്തിൽ വയലറ്റണിയിക്കും
ശിശിരത്തിൽ ഊഷ്മളാമായൊരു കരിമ്പടം പോലെ
കൊഴിഞ്ഞ ഇലകളാൽ പുതപ്പിക്കും.
ജീവിതം ആവോളം ആസ്വദിച്ചവർ,
ജീവിതംകൊണ്ട് പൊതിയപ്പെട്ട്
ഒടുക്കം ജീവിതത്തിന്റെ രണ്ടു കവിളിലും ഉമ്മവെച്ച്
മരിച്ചവർ,
അയൽക്കാരായിവരുന്ന ഖബറിസ്ഥാനിൽ
എനിക്കൊരു ഖബർ വേണം.
എനിക്കൊരു ഖബർ വേണം
പെരുവഴിയിൽ കിടന്ന് അഴുകരുത് എന്റെ ശവം.
ഇങ്ങനെ ഖബർ മുന്നിൽ കണ്ട്, വാക്കുകളാൽ ഓടുന്ന കവിയെ വായിക്കുന്നേരം, ഇഷാരാ ആർട്ട് ഫൗണ്ടേഷനും ആഴി ആർക്കൈവ്‌സും ചേർന്ന് അവതരിപ്പിക്കുന്ന ആംഫിബിയൻ ഈസ്തറ്റിക്‌സിലെ, കാശി ഹല്ലെഗ്വ ഹൗസിന്റെ തുറസ്സിൽ വൈറ്റ് ബാലൻസ് വിരിച്ച സൈറ്റ് സ്പെസിഫിക് ആയ ആർട്ടിസ്റ്റിക് ഇൻസ്റ്റല്ലേഷനിലേക്ക് നിശ്ശബ്ദമായി നടക്കുന്നു. ഗാസയിലെ വീട്ടിലും പാതയിലും പള്ളിക്കൂടത്തിലും കാരണമറിയാതെ പിടഞ്ഞുമരിച്ച അനേകം കുഞ്ഞുങ്ങളെയും വലിയവരെയും കാണായി. ബതൂൽ അബു അക് ലീൻ എഴുതിയപോലെ ഖബറുകൾക്ക് ചുറ്റും പൂക്കൾ. അതും ജ്യുതരും മുസ്ലിങ്ങളും അല്ലാത്തവരും ഒരുമിച്ചുജീവിച്ച കാലങ്ങളുടെ ഗന്ധമുള്ള മുറ്റത്ത്. ആംഫിബിയൻ ഈസ്തറ്റിക്‌സിന്റെ ഈ കലാനിലവിളി മതിലുകളും കടലുകളും മറികടക്കുന്ന ഒന്നായി കാണാം.

ജ്യു സ്ട്രീറ്റിലെ സെനഗോഗിനടുത്തുള്ള പുരാതന കെട്ടിടത്തിൽ നിന്ന് സങ്കടങ്ങൾ കടലിലും കരയിലും ലയിക്കുന്നു. കലാഹൃദയനായ ഹെഡ്ഗർ കാശി ഹല്ലെഗ്വ ഹൗസിന്റെ വാതിൽ തുറന്ന് തന്നപ്പോൾ ആർട്ടിസ്റ്റ് റിയാസ് കോമു ചിന്തിച്ചത് നമുക്കൊപ്പം ഉണ്ടാവേണ്ടിയിരുന്ന അനേകം മനുഷ്യരെകുറിച്ചുതന്നെയായിരിക്കണം. കടലിലും വെള്ളത്തിലും സ്വത്വം തേടുന്ന ഏതൊരു ജീവിയേയും പോലെ മനുഷ്യരും എത്തിപ്പെടുന്ന ഒരു ലോകക്രമത്തെക്കുറിച്ചു തന്നെ ഉറക്കെ ഓർത്തിരിയ്ക്കാം. ഉഭയജീവിതവും സൗന്ദര്യവും കരയും കടലും ചേരുന്ന പാരസ്പര്യത്തിന്റേതാണല്ലോ. വൈറ്റ് ബാലൻസ് ജനുവരി 17-ന് നടത്തുന്ന ഗാസ കവിസംഗമത്തിൽ എത്തുന്ന കവികൾക്ക് തീർച്ചയായും ഇനിയും സ്നേഹം വറ്റാത്ത മനുഷ്യരോടും വിശിഷ്യാ ജാതിമതഭേദമന്യേ കരയിലും കടലിലും തോളുരുമ്മി നിന്ന മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും മനുഷ്യരോടും കുറെ പറയാനുണ്ടാകും.

ഗാസയിലെ ഉമ്മ ഉറങ്ങുന്നില്ല, അവൾ ഇരുട്ടിനെ കേൾക്കുന്നു, അതിന്റെ അരികുകൾ പരിശോധിക്കുന്നു, ശബ്ദങ്ങൾ ഓരോന്നായി അടുക്കുന്നത് അറിയുന്നു. അവളുടെ കുട്ടികളെ ഉറക്കാൻ യോഗ്യമായ ഒരു കഥ കണ്ടെത്താൻ ശ്രമിക്കുന്നു. അവർ ഉറങ്ങിക്കഴിഞ്ഞാൽ, അവൾ മരണത്തിനെതിരെ ഒരു പരിചയായി നിൽക്കുന്നു.
കാശി ഹല്ലെഗ്വ ഹൗസിലെ ഓരോ ആർട്ടും അന്വേഷിക്കുന്നത് സാഹോദര്യത്തിന്റെ ഒരു പുതിയ ജീവിതം സാധ്യമാണോ എന്ന് തന്നെയാണെന്ന് അവിടെ രാപകലുകൾ ഒന്നാക്കിയ എനിക്ക് തോന്നുന്നുണ്ട്. സ്വയം സംസാരിച്ചുകൊണ്ട് ബിജു ഇബ്രാഹിമിനൊപ്പം നടന്നുനടന്ന്, ബിജു പണ്ട് ചിത്രത്തിൽ രേഖപ്പെടുത്തിയ ഹുസൈൻക്കാന്റെ തെരുവിലെത്തി. അദ്ദേഹം അവിടെ കാവക്കട നടത്തിയിരുന്നു. സൂഫീ ആത്മീയജീവിതത്തിന്റെ ഭാഗമായിരുന്ന കാഹ്വ യമനിൽ നിന്ന് സൂഫികൾ വഴി തന്നെയാണ് കാവയായി ഇവിടെ എത്തിയത്. ഹുസൈൻക്ക ഇപ്പോൾ ആ തെരുവീഥിയിൽ ഇല്ല. അദ്ദേഹത്തിന്റെ ശിഷ്യൻ ആ ഓർമ്മ നിലനിർത്തുന്നു. കാവ കുടിക്കുമ്പോഴും ഓർമ്മച്ചിത്രങ്ങൾ കടൽ കടന്നുകൊണ്ടിരുന്നു. അതിൽ ഷെയ്ഖ് ഫരീദുധീനുൽ ഖൽവതി എന്ന സൂഫീവര്യന്റെ നാമം ആദ്യം വരുന്നു. സ്നേഹ സീമയിൽ ജീവിതം സാധ്യമാണെന്ന് പറഞ്ഞുപോയ അദ്ദേഹത്തിന്റെ ഓർമ്മയിലാണ് കൊച്ചിയെ പുണഞ്ഞുകിടക്കുന്ന ഖൽവതി കനാൽ കടന്നുപോകുന്നത്. ആലിൻ ചുവട് ഉപ്പൂപ്പയുടെ ദർഗയും കൊച്ചങ്ങാടിയിൽ ഉണ്ട്. ഒരു ആൽമരത്തണലിൽ സ്ഥിതി ചെയ്യുന്ന ദർഗ നോക്കി നടത്തുന്നത് നഫീസുമ്മയാണ്.

മറ്റൊന്ന്, മട്ടാഞ്ചേരിയിലെ ഷെയ്ഖ് സൈനുദ്ധീൻ മക്ദൂദൂം ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകളുടെയും ദർഗകളാണ്. ആദ്യ കേരളചരിത്രരചന നടത്താൻ പൊന്നാനിയിലേക്ക് യാത്ര ചെയ്ത സൈനുദ്ധീൻ മക്ദൂം ഇദ്ദഹത്തിന്റെ മകനാണ്. അങ്ങനെ പല ചരിത്രങ്ങളുടെയും അടിവേരും തുടക്കവും കൊച്ചിയിൽ തന്നെയാണ്. ഇവയെല്ലാം ബിജു ഇബ്രാഹിമിന്റെ ട്രാൻസെൻഡൻസ് എന്ന ഗവേഷണ ചിത്രങ്ങളിലുണ്ടായിരുന്നു.
ജമാൽ കൊച്ചങ്ങാടിയുടെ തീത്തുരുത്തിലെ സാറ എന്ന ലഘുനോവൽ, ചരിത്രപുസ്തകങ്ങൾ വിട്ടുപോയ ഒരു യഹൂദവിധവയുടെ കഥ പറയുന്നു. രേഖകളിലില്ലാത്ത, നാട്ടുമൊഴികളിൽ മാത്രം ജീവിച്ചുനിന്ന ഒരു ഓർമ്മ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഗോതുരുത്തിൽ നടന്ന ജൂത–ക്രൈസ്തവ സംഘട്ടനത്തിൽ പലരും കൊച്ചിക്കായലിൽ വീണുമരിച്ചു. ആ കലാപത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട സാറ, വലിയ സമ്പത്തിന്റെ അവകാശിയായി മാറുന്നു. ആ സമ്പത്ത് പിടിച്ചടക്കാൻ തന്റെയും ഭർത്താവിന്റെയും വീട്ടുകാരായ ആണുങ്ങൾ നടത്തിയ ശ്രമങ്ങളെ അവൾ ഒറ്റയ്ക്ക് ചെറുത്തുനിന്നു. അവളെ സുരക്ഷിതമായി താമസിപ്പിച്ച കെട്ടിടമാണ് ഇന്ന് ഉരു ആർട്ട് ഹാർബർ ആയി നിലകൊള്ളുന്നത്. ഒരുപക്ഷേ, ആദ്യത്തെ ഫെമിനിസ്റ്റായിരിക്കണം ഈ സാറയെന്ന് ജമാൽക്ക പറയുന്നു.

മട്ടാഞ്ചേരിയിലെ ചക്കാമാടത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന ഉരു ആർട്ട് ഹാർബറിൽ ഒരുക്കിയ മെഹബൂബ് ജോൺ ടാക്കീസിന്റെ ഉദ്ഘാടനത്തിന് എത്തിയ ജമാൽക്ക, ഈ കെട്ടിടത്തെ മൂന്നു ഓർമ്മകളിലൂടെയാണ് കാണുന്നത്.
ഒന്ന്, അത് പണ്ടൊരു ഒരു ജൂത തറവാടായിരുന്നു.
രണ്ടാമത്, രണ്ടുനിലകളുള്ള ഒരു മാളിക ഷാപ്പായി അത് മാറി.
മൂന്നാമത്, അതിനെ ഉരുവാക്കി, കൊച്ചിയുടെ പാട്ടുകാരൻ മെഹബൂബ് ഭായിയുടെയും സംവിധായകൻ ജോൺ അബ്രഹാമിന്റെയും പേരിൽ ഒരു പഴയ സിനിമാടാക്കീസായി പുനർജനിപ്പിച്ചു.
ഈ കെട്ടിടത്തിന്റെ മുറ്റത്തുള്ള മെഹബൂബ് ജോൺ ടാക്കീസിലെ സ്‌ക്രീനിലാണ്, ഗാസയിൽ നിന്നുള്ള കവികൾ അവരുടെ നൊമ്പരങ്ങളുടെ വാക്കുകളുമായി എത്തുന്നത്. എല്ലാം ചരിത്രസ്മൃതികളാണ്.
പരസ്പര സഹവർത്തിത്വത്തിന്റെ മട്ടുപ്പാവിലെ ജനങ്ങളോട് കവിത പറയാൻ, സയണിസം ഉഴുതുമറിച്ച ഭൂമിയിൽ നിന്ന് അതിജീവിച്ചവർ എത്തുന്ന ഒരു രാവ്, ജനുവരി 17. അത് കവിതയുടെ ഒരു രാത്രി മാത്രമായിരിക്കില്ല. യുദ്ധത്തിന്റെ നടുവിൽ നിന്ന് ഉയരുന്ന ശബ്ദങ്ങളാണ്. ഗാസ, ഒരു ഭൂപ്രദേശം മാത്രമല്ല, ദീർഘകാല ഉപരോധത്തിന്റെ പേരാണ്, നിലം നഷ്ടപ്പെടുന്ന ഓരോ ദിവസത്തിന്റെയും ചരിത്രമാണ്, മരണസംഖ്യകളായി ചുരുക്കപ്പെടുന്ന മനുഷ്യജീവിതങ്ങളാണ്. പ്രതിരോധമാകുന്ന ഒരു യുദ്ധഭൂമിയിൽ വാക്കുകൾ ആയുധങ്ങളല്ല, അവ തെളിവുകളാകുന്നു. ബോംബുകൾ വീഴുമ്പോൾ കുറിപ്പുകൾ എഴുതിയവരും, കുടുംബങ്ങളില്ലാതായ രാത്രികൾക്ക് സാക്ഷികളായവരുമായ കവികളെ ഒന്നിച്ചുകൂട്ടുന്ന ഒരു സെഷൻ. പലസ്തീനിയൻ കവിയും എഡിറ്ററുമായ അസ്‌മാ അസൈസെ മോഡറേറ്റ് ചെയ്യുന്ന ഈ സംവാദത്തിലേക്ക്, ഗാസയിൽ നിന്ന് ഓൺലൈനായി എത്തുന്നത് ഖാലിദ് ജൂമ, ഹുസാം മാരൂഫ്, യഹ്യ അഷൂർ, ഹൈദർ അൽഘസാലി, നിമാ ഹസൻ, ബതൂൽ അബു അക് ലീൻ എന്നീ ആറു കവികളാണ്. അവരെ മലയാളത്തിലേക്ക് മാറ്റുന്ന ശബ്ദങ്ങളായി പി. പി. രാമചന്ദ്രൻ, വി. എം. ഗിരിജ, അൻവർ അലി, പി. രാമൻ എന്നിവരും ചേരുന്നു.
കാവ കുടിച്ച ശേഷം ഞാൻ ബിജു ഇബ്രാഹിമിനൊപ്പം സെനഗോഗിനടുത്തുള്ള കാശി ഹല്ലേഗ്വയിലെ പൂന്തോട്ട സമാനമായ ഇൻസ്റ്റലേഷന്റെ സമീപത്തേക്ക് നടന്നു. സെനഗോഗിലേക്കും എക്സിബിഷനിലേക്കും ആളുകൾ ഒഴുകുന്നുണ്ട്. ദൂരെ നിന്ന് കപ്പലിന്റെ സൈറൺ ഒരു ബാങ്കുവിളിപോലെ ഉയരുന്നുണ്ടായിരുന്നു.














