ഫോട്ടോഗ്രഫിക് നോട്ടങ്ങൾ;
മനുഷ്യരിലേക്ക്, കാലത്തിലേക്ക്, ദേശങ്ങളിലേക്ക്…

‘‘എല്ലാവരുടെയും ഉള്ളിൽ ഒരു ഫോട്ടോഗ്രാഫർ ഉണ്ട്. മറ്റു മനുഷ്യരിലേക്കുള്ള അനാവശ്യനോട്ടം ഒരു ഒളിഞ്ഞുനോട്ടമായിട്ടാണ് എനിക്ക് തോന്നുന്നത്. അതൊരു ഫോട്ടോഗ്രഫിക് നോട്ടം കൂടിയായിട്ടാണ് കാണുന്നത്. ഒളിഞ്ഞുനോട്ടം എന്നത് ഫോട്ടോഗ്രാഫിക് നോട്ടമാണ്.’’- ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിമുമായി റാഷിദ നസ്റിയ സംസാരിക്കുന്നു.

റാഷിദ നസ്റിയ: ഫോട്ടോഗ്രഫിയെ പല തലങ്ങളിലേക്ക് വികസിപ്പിക്കുന്ന തരത്തിൽ താങ്കളുടെ ഇടപെടലുകളുണ്ടായിട്ടുണ്ട്. ‘സെൽഫ് ടോട്ട് ആർട്ട് ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എങ്ങനെ താങ്കളെ സ്വയം അടയാളപ്പെടുത്തുന്നു?

ബിജു ഇബ്രാഹിം: ഞാനൊരു ആർട്ട് ഫോട്ടോഗ്രാഫറാണെന്ന് വിശ്വസിക്കുന്നില്ല. ഫോട്ടോഗ്രാഫറാണോ എന്നുചോദിച്ചാൽ എന്റെ ഉത്തരം ‘അതെ’ എന്നാവണമെന്നില്ല. ഞാൻ സ്വയം അടയാളപ്പെടുത്തുന്നത് ഡോക്യുമെൻ്റേറിയൻ എന്ന നിലയ്ക്കാണ്, അല്ലെങ്കിൽ ഒരു അന്വേഷകൻ. ബിനാലെയിൽ പാർട്ടിസിപ്പൻ്റ് ആർട്ടിസ്റ്റ് ആയതുകൊണ്ട് ഞാനൊരു ആർട്ട് ഫോട്ടോഗ്രാഫർ ആവുന്നില്ല. എതനോഗ്രാഫിയിൽ താല്പര്യമുണ്ടായി, അതിലൂടെയാണ് ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത്. അങ്ങനെയാണ് ഫോട്ടോഗ്രാഫി കർമമേഖലയായത്. ‘സെൽഫ് ടോട്ട് ഫോട്ടോഗ്രാഫർ’ എന്ന രീതിയിൽ ഞാനത് പറയുമ്പോൾ, കുട്ടിക്കാലം മുതലുള്ള, ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. സാംസ്കാരിക ബാക്ക്ഗ്രൗണ്ടുള്ള ഗ്രാമത്തിൽ തുടർച്ചയായി പ്രവർത്തനങ്ങൾ ഉണ്ടാവുന്ന സ്ഥലം. പലതരം പ്രോഗ്രാമുകൾ നടക്കുന്ന സ്ഥലം. നാടകമായും കവിതയായും സാംസ്കാരികമായി ഏറെ ഉയർന്നുനിൽക്കുന്ന സ്ഥലം. മോയിൻകുട്ടി വൈദ്യരുടെ ജന്മനാട്. ഇങ്ങനെ പല കാര്യങ്ങളും കൊണ്ട് വളരെ പ്രസക്തമായ ഒരു ഗ്രാമത്തിൽ നിന്നാണ് എന്റെ വളർച്ചയുണ്ടാകുന്നത്. കൊണ്ടോട്ടിയിൽ ജനിച്ചുവളർന്ന എന്നിൽ തീർച്ചയായും ഇത്തരത്തിൽ കലയുടെ ഒരംശമുണ്ട്.

ഞാൻ വേറൊരു തരത്തിൽ യാത്ര ചെയ്യുകയും ആ യാത്രയിൽ വ്യക്തമായ വഴി ഇതാണെന്ന് പറഞ്ഞു തരാൻ പലതരത്തിലുള്ള ഗുരുക്കന്മാർ ഉണ്ടാവുകയും അതിലൂടെ ഞാൻ രൂപപ്പെടുകയുമാണ് ചെയ്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ എൻ്റെ മാമനാണ്. അദ്ദേഹമാണ് പല തരത്തിലുള്ള മേഖലകളിലേക്ക് കൊണ്ടു പോവുന്നത്. ആർക്കിയോളജിയിലേക്കും, ചരിത്രപരമായ സ്ഥലങ്ങളിലേക്കും, ആർട്ടുമായി ബന്ധപ്പെട്ടവരിലേക്കും ഞാൻ എത്തുന്നതും മാമൻ വഴിയാണ്. ഫോട്ടോഗ്രഫി അറിയാതെ തന്നെ ഞാൻ ഫോട്ടോഗ്രാഫ്സ് എടുക്കമായിരുന്നു. ആദ്യം എൻ്റെ കൈയിലുണ്ടായിരുന്നത് മൂത്ത അമ്മാവൻ്റെ ഓട്ടോ ഫോക്കസ് ക്യാമറയായിരുന്നു. പിന്നീട് സുഹൃത്തുകളുടെ ക്യാമറ ഉപയോഗിച്ചു. അങ്ങനെ പലതരം ക്യാമറകൾ എൻ്റെ തന്നെ ക്യാമറയായി മാറി. അതിൻ്റെ കൂടെ ടി.എ. റസാഖിൻ്റെ സഹായിയായി നിന്നു. പിന്നീട് കമൽ സാറിൻ്റെ കൂടെ സഹായിയായി. ആ സമയത്ത് എൻ്റെ ഫോക്കസ് ഫോട്ടോഗ്രഫി തന്നെയായിരുന്നു. ഡയറക്ഷനിലും സ്ക്രിപ്റ്റിലും സഹായിയായി നിൽക്കുന്നുണ്ടെങ്കിലും അവിടെയും ഡോക്യുമെൻ്റേഷനാണ് ചെയ്തിട്ടുള്ളത്. എൻ്റേത് ഒരു ഇവോൾവിങ്ങ് പ്രക്രിയയാണ്. തുടർച്ചയായ ഇടപെടലിലൂടെയാണ് ഞാൻ എന്ന ഫോട്ടോഗ്രാഫർ ഉണ്ടായിട്ടുള്ളത്.

റാഷിദ നസ്റിയ, ബിജു ഇബ്രാഹിം

കാഴ്ചക്കുള്ള വെറുമൊരു ദൃശ്യമായി ഫോട്ടോഗ്രാഫിനെ കാണാനാകില്ല. ഫോട്ടോഗ്രാഫറുടെ നോട്ടത്തിനുപുറകിൽ ഭാവനയുടെ മാത്രമല്ല, അവരുടെ സ്വത്വത്തി​ന്റെ കൂടി അടിസ്ഥാനങ്ങൾ വർക്ക് ചെയ്യുന്നുണ്ട്. ആ നിലയ്ക്ക് താങ്കളെ ഫോട്ടോഗ്രഫിയിലേക്ക് നയിക്കുന്ന എലമെന്റുകൾ എന്തൊ​​ക്കെയാണ്?

എല്ലാവരുടെയും ഉള്ളിൽ ഒരു ഫോട്ടോഗ്രാഫർ ഉണ്ട്. മറ്റു മനുഷ്യരിലേക്കുള്ള അനാവശ്യനോട്ടം ഒരു ഒളിഞ്ഞുനോട്ടമായിട്ടാണ് എനിക്ക് തോന്നുന്നത്. അതൊരു ഫോട്ടോഗ്രഫിക് നോട്ടം കൂടിയായിട്ടാണ് കാണുന്നത്. ഒളിഞ്ഞുനോട്ടം എന്നത് ഫോട്ടോഗ്രാഫിക് നോട്ടമാണ്. അതിൽ നിന്നാണ് ഒരാളുടെ ആദ്യ കാഴ്ച വരുന്നത്. ഒരു ഫോട്ടോഗ്രാഫർ ആവുന്നതിന്റെ ആദ്യ കാഴ്ച ഒളിഞ്ഞുനോട്ടം ആയിരിക്കും. പിന്നീട് അവരുടെ ചിന്തയിലും, രാഷ്ട്രീയത്തിലും, ആത്മീയതയിലുമൊക്കെ മാറ്റം വരുന്നതോടെ ഈ ഒളിഞ്ഞുനോട്ടക്കാഴ്ച മാറുകയാണ് ചെയ്യുന്നത്. ഏതൊരു ഒബ്ജക്റ്റിനെയും ബഹുമാനത്തോടെ നോക്കുന്ന പൊസിഷനിലേക്ക് അവരെത്തും. അതോടെ ഇതിന്റെ എലമെന്റ്സ് എല്ലാം മാറും. നമ്മൾ ചെയ്യുന്ന വർക്കുകളുടെ സ്വഭാവം മാറും. നമ്മൾ എന്തിനുവേണ്ടി ഫോട്ടോഗ്രാഫ് എടുക്കുന്നു എന്ന ചിന്ത തന്നെ മാറും. അതാണ് ഞാനിപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാര്യം. അതിലേക്ക് പോകുമ്പോൾ, ഈ എടുക്കുന്ന കാര്യം തന്നെയാണ് നമ്മുടെ അന്വേഷണവും. എൻ്റെ ആത്മീയമായ അന്വേഷണത്തെ എന്റെ വർക്കുമായി ബന്ധിപ്പിക്കുന്നതും ഇതിന്റെ ഇവോൾവിങ് സ്റ്റേജുമായി ബന്ധപ്പെട്ടാണ്. അങ്ങനെയുള്ള കൗതുകത്തോടെയാണ് ഞാൻ എന്റെ ഫോട്ടോഗ്രാഫിയെ ഇപ്പോൾ കാണുന്നത്. അതുകൊണ്ടായിരിക്കണം അങ്ങനെയുള്ള വർക്കുകളിലേക്ക് ഞാൻ ആകൃഷ്ടനാവുന്നത്.

അടുത്ത് ഞാൻ ചെയ്ത വർക്കുകൾക്ക് അതിന്റെ സ്വഭാവമുണ്ട്. ഇന്ത്യ പോലെയുള്ള സ്ഥലത്ത് എന്തുകൊണ്ട് ഡൈവേഴ്സിറ്റിയെ ഞാൻ നോക്കുന്നു? എന്തുകൊണ്ട് ഇന്ത്യയുടെ ആത്മീയ ആചാരങ്ങളെ നോക്കുന്നു? ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ഭക്തി, ദൈവവുമായുള്ള അവരുടെ ബന്ധം തുടങ്ങിയവയെ നോക്കിക്കാണുന്നത് അതുകൊണ്ടാണ്. ഫോട്ടോഗ്രാഫി എന്നത് എന്നിൽ നിന്നു മാറി എന്നെ വേറെ വഴിക്ക് നയിക്കുന്ന ഒന്നാണ്. സത്യത്തിൽ ഫോട്ടോഗ്രാഫിക് എലമെന്റ്സ് എന്നത് എന്റെ അന്വേഷണവും അന്വേഷകൻ എന്ന നിലയിലുള്ള എന്റെ സ്വത്വവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. മറ്റൊരു ഫോട്ടോഗ്രാഫർക്ക് അതാവണം എന്നില്ല. ഫോട്ടോഗ്രാഫി എന്നതിൽ മനുഷ്യർ ഏറ്റവും ആകൃഷ്ടരാവുന്നത് അതിന്റെ മനോഹാരിതയിലാണ്. ഫോട്ടോഗ്രാഫി എന്നത് എന്നത് എന്നിൽ ഒരേസമയം നിശ്ചലചിത്രവും അതേസമയം മൂവിങ് ഇമേജും ആണ്; പല നിശ്ചല ചിത്രങ്ങൾ ചേർത്തുവെക്കുമ്പോൾ സിനിമ ഉണ്ടാകുന്നതുപോലെ. അപ്പോൾ പരസ്യ ചിത്രങ്ങളിലും സിനിമയിലുമൊക്കെ പ്രധാന ഒബ്ജക്റ്റീവായി കാണുന്നത് സ്ത്രീയുടെ സൗന്ദര്യമാണ്. അത് പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ടാണ് കാണാറ്. നിങ്ങൾ ഒരു അനിമൽ ഫോട്ടോഗ്രാഫർ ആണെങ്കിൽ ഏറ്റവും മനോഹരമായ മൃഗത്തിന്റെ ഏറ്റവും മനോഹരമായ ചിത്രം പകർത്താനാണ് ശ്രമിക്കുക. ഞാൻ ഇപ്പോൾ അന്വേഷിക്കുന്നത് മനോഹാരിതയല്ല. ഈ സമൂഹത്തിന് അതിൻ്റെ സങ്കീർണമായ കാഴ്ച കൂടിയുണ്ട്. ആ സങ്കീർണ്ണതയിലും അതിൻ്റെ പുറമേക്ക് കാണുന്ന ജീർണ്ണതയിലുമാണ് നമുക്ക് ആത്മീയത കാണാൻ പറ്റുന്നത്.

photo: Biju ibrahim

നമ്മൾ ഒരു ദർഗയിലോ അമ്പലത്തിലോ പോയാൽ, അത്ര മനോഹരമായ ഒരു ഇടമായി തോന്നുകയില്ല. പക്ഷേ, എങ്ങനെ മനുഷ്യൻ അവിടെ സമാധാനം കണ്ടെത്തുന്നു എന്ന അന്വേഷണമാണ് എന്റേത്. പല തേടലുകളിലാണ് മനുഷ്യൻ പള്ളിയിലും അമ്പലത്തിലും പോകുന്നത്. ചിലർ അതിൻ്റെ ജ്ഞാനമാർഗ്ഗസ്വഭാവത്തെ എടുക്കുന്നു. ചിലർ പൂർണമായിട്ടുള്ള മതാചാരങ്ങൾ പാലിച്ച് അവരുടെ ജീവിതത്തിൽ ഗുണം ചെയ്യുമെന്ന ആഗ്രഹത്തോടെയാണ് പോകുന്നത്. അതുകൊണ്ടു തന്നെ, മനുഷ്യർ ഒരു തരത്തിൽ വയലൻസുള്ള ജീവിയായിരിക്കെ അവർ, ഇത്തരം ഗുണം കാംക്ഷിച്ചിട്ടാണ് കുറച്ചെങ്കിലും നന്നായി നിൽക്കുന്നത്. മറ്റൊരു വിഭാഗം, ഭക്തി സ്വഭാവത്തിലുള്ളവരാണ്. അവർക്കുള്ളിൽ ഒരു കീഴടങ്ങലുണ്ട്. ഇത്തരത്തിലുള്ള ചിതറലുകളിലാണ് എൻ്റെ അന്വേഷണം.

ഫോട്ടോഗ്രാഫിയിലൂടെ ഒരു ദേശം ഡോക്യുമെന്റ് ചെയ്യുക എന്നതിലേക്ക് എങ്ങനെയാണ് എത്തിയത്?

സ്വന്തം നാടായ കൊണ്ടോട്ടിയുമായി ബന്ധപ്പെട്ടാണ് എന്റെ മൊത്തം വർക്ക് രൂപപ്പെടുന്നത്. വലിയ മുഹമ്മദ് ഷാ തങ്ങൾ എന്ന സൂഫിവര്യൻ മരണം വരെ ജീവിച്ച നാട്. വ്യത്യസ്ത സമുദായങ്ങൾ ഒന്നിച്ച് താമസിച്ച് ഒരു ഫിലോസഫിക്കൽ ബാക്ക്ഗ്രൗണ്ടുള്ള സ്ഥലമായി മാറിയ ഇടം. അതിൻ്റെ ആർകിടെക്ച്ചറിൽ തന്നെ ഗംഭീരമായ ഒരു ഇടം. അവിടെയുള്ള ആരമ്പ്രം മലനിരകൾ, അതിന്റെ പ്രകൃതിസമ്പന്നത, സാമൂതിരിയുമായി ബന്ധപ്പെട്ട നെടിയിരിപ്പ് സ്വരൂപം തുടങ്ങി പലതരം കൾച്ചറൽ ഡൈവേഴ്സിറ്റിയും അതിന്റെ കവിതയും ഫിലോസഫിയുടെ ആഴവും അടങ്ങിയിട്ടുള്ള ഒരു സ്ഥലത്താണ് ഞാൻ ജീവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആ ദേശത്തെ പകർത്തുക എന്നതോടൊപ്പം ഞാൻ എന്ന ആളും രൂപപ്പെടുന്നു. അതിൽ നിന്നാണ് എൻ്റെ മറ്റ് യാത്രകളുണ്ടാകുന്നത്. ആ യാത്രയുടെ സമയത്ത് ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് അറിയുന്നു. ഈ വൈവിധ്യം കൂടുതൽ അടുത്തറിയുമ്പോഴാണ് കൊണ്ടോട്ടിയുടെ ചരിത്രപ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കുന്നത്.

photo: biju ibrahim

ഈ യാത്രകളെ പലപ്പോഴും നമ്മൾ ജീവിച്ച പരിസരവുമായി ബന്ധപ്പെടുത്താനാവും. നമ്മുടെ ചിന്തകൾ, രാഷ്ട്രീയം, ഫിലോസഫിക്കലായ അന്വേഷണം എന്നിവയെല്ലാം രൂപപ്പെടുന്നത് ജീവിച്ച പരിസരത്തിൽനിന്ന് കിട്ടുന്ന അറിവിലൂടെയാണ്. മനുഷ്യരെ സമഭാവനയോടെ കാണാൻ പറ്റുന്നതിലേക്ക് നമ്മൾ മാറുമ്പോഴാണല്ലോ നമുക്ക് വർക്ക് ചെയ്യാൻ പറ്റുന്നത്. അതുവരെ ആണത്ത ബോധത്തോടെയാണ് ഞാൻ മുന്നോട്ടുപോയിരുന്നത്. അതിൽ നിന്ന് മാറിച്ചിന്തിക്കാൻ യാത്രകൾ സഹായിച്ചിട്ടുണ്ട്. ഞാൻ പെട്ടെന്നുതന്നെ ഒരു ദേശം അടയാളപ്പെടുത്താൻ കഴിവുള്ള ഫോട്ടോഗ്രാഫറായിട്ടില്ല. ഒരുപാട് തരം പ്രശ്നങ്ങളുള്ള മനുഷ്യരിൽനിന്ന് പലതരം അനുഭവങ്ങളിലൂടെ രൂപപ്പെട്ടിട്ടുള്ള ആളാണ് ഞാൻ. അതിലൂടെയാണ് ഒരു ദേശം അടയാളപ്പെടുത്തുന്ന വ്യക്തി രൂപപ്പെടുന്നത്.

മട്ടാഞ്ചേരി ആണെങ്കിലും, തിരുവണ്ണാമലയാണെങ്കിലും, ഹൈദരാബാദ് പ്രോജക്ട് ആണെങ്കിലും ഒരുപാട് സമയം മനുഷ്യരെ കേട്ട് അവരുടെ അനുഭവങ്ങളൊക്കെ അറിഞ്ഞിട്ടാണ് ഈ വർക്കിലേക്ക് കടക്കുന്നത്. അതൊരു ആത്മീയ അനുഭവം കൂടിയാണ്. എൻ്റെ തന്നെ നാടിൻ്റെ സാംസ്കാരികവും ആത്മീയവുമായ ആഴങ്ങൾ അറിയലാണ്.

photo: biju ibrahim

Ttranscendence / Kochi എന്ന താങ്കളുടെ എക്സിബിഷൻ മട്ടാഞ്ചേരിയുടെ കോസ്മോ പൊളിറ്റൻ ചരിത്രം അടയാളപ്പെടുത്തുന്നു. ഈ വർക്ക് എങ്ങനെയാണ് രൂപപ്പെട്ടത്?

ഒരു ദിവസം സംഗീതജ്ഞനും ഗായകനുമായ ഷഹബാസ് അമൻ എന്നെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് അദ്ദേഹത്തിൻ്റെ സുഹൃത്തും മൾട്ടീമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമു കാണാനിടയായി, ശേഷം റിയാസ് കോമു എൻ്റെ വർക്കുകൾ അയച്ചുതരാൻ ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് മാസത്തെ റസിഡൻസിക്ക് എന്നെ സെലക്ട് ചെയ്തു. ആ സമയത്ത് ഉരുവിൽ മട്ടാഞ്ചേരിയെ കുറിച്ച് ഒരു പ്രോജക്ട് നടക്കുന്നുണ്ട് . അതിലെ ഒരു വർക്ക് കവി അനിതാ തമ്പിയുടേതാണ്. അവരെ അസിസ്റ്റ് ചെയ്യാൻ റിയാസ് കോമു എന്നോട് ആവശ്യപ്പെട്ടു. കവി അൻവർ അലിയുടെയും അനിത തമ്പിയുടെയും കൂടെയാണ് ഞാൻ ആദ്യം അസിസ്റ്റ് ചെയ്യുന്നത്. അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നത്.

പിന്നീട് മട്ടാഞ്ചേരി എന്ന കോസ്മോപൊളിറ്റൻ സ്ഥലത്തെക്കുറിച്ച് പ്രോജക്ട് ചെയ്യാൻ റിയാസ് കോമു നിർദേശിച്ചു. അങ്ങനെ, ഷർഹാദും ഫയസ് ബാവയുടേയും സഹായത്തോടെ വർക്ക് തുടങ്ങി. 39-ഓളം സമുദായങ്ങൾ ഒന്നിച്ച് താമസിക്കുന്ന മട്ടാഞ്ചേരിയിലൂടെ യാത്ര ചെയ്യുകയും ആ മനുഷ്യരെ മനസ്സിലാക്കാൻ ശ്രമിക്കുകയും അവരെയും മട്ടാഞ്ചേരിയുടെ ജീവിത പരിസരങ്ങളെയും പകർത്തുകയും ചെയ്തു. രണ്ടു വർഷത്തോളമെടുത്താണ് മട്ടാഞ്ചേരി എന്ന പ്രോജക്ട് പൂർത്തിയാക്കിയത്. പൂർത്തിയാക്കി എന്ന് പറയുന്നതിൽ ഒരു അപൂർണതയുണ്ട്. മട്ടാഞ്ചേരിയെ കുറിച്ചുള്ള പ്രോജക്ട് ആദ്യം പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത് ഗോവയിൽ നടന്ന സെരിണ്ടിപിട്ടി ഇൻറർനാഷണൽ ആർട്ട് ഫെസ്റ്റിവലിൽ റിയാസ് കോമു ക്യുറേറ്റ് ചെയ്ത" ‘Young Subcontinent’ എന്ന പ്രോജക്ടിലാണ്. അതിനുശേഷം ഫോർട്ടുകൊച്ചിയിൽ, ഇന്ത്യയിൽ തന്നെ ആദ്യമായി, ഒരുപക്ഷെ ഒരു പള്ളി ആർട്ട് ഗാലറിയായി, റിയാസ് കോമുവിന്റെ സഹായത്തോടെ ഫോർട്ടുകൊച്ചിയിലെ ഒരു വിഭാഗം സെക്യുലറായ മനുഷ്യർ രൂപപ്പെടുത്തുന്നു. അഷറഫ്‌ക്ക എന്ന മനുഷ്യനാണ് അതിന്റെ മുന്നിൽ നിന്നിരുന്നത്. ആ ഗാലറിയുടെ ആദ്യ എക്സിബിഷനായി മട്ടാഞ്ചേരിയിൽ ചെയ്ത ട്രാൻസെൻഡൻസ് എന്ന എന്റെ പ്രൊജക്റ്റ് റിയാസ് കോമു നിർദ്ദേശിക്കുന്നു. അങ്ങനെ ആ പള്ളിയുടെ മുകളിൽ എക്സിബിഷൻ തുടങ്ങുന്നു.

photo: Biju ibrahim

ഈ പ്രൊജക്ടിൽ ഞാൻ ഫോട്ടോഗ്രാഫ് ചെയ്ത എല്ലാവരെയും എക്സിബിഷൻ തുടങ്ങുന്ന ആദ്യ ദിവസം, പള്ളിക്കമ്മിറ്റിക്കാരുടെ സഹായത്തോടെ പള്ളി ഗാലറിയിലേക്ക് ക്ഷണിച്ചു. അവർക്ക് പള്ളിക്കാർ വെജ് ബിരിയാണിയും ബീഫ് ബിരിയാണിയും വിളമ്പി സൽക്കരിച്ചു. പള്ളിയിൽ ആ എക്സിബിഷൻ ഒന്നര വർഷമുണ്ടായിരുന്നു. അത് എന്നെ സംബന്ധിച്ച് മറക്കാൻ പറ്റാത്ത ഓർമ്മയാണ്. വെള്ളിയാഴ്ചകളിൽ എക്സിബിഷൻ ഫോട്ടോഗ്രാഫുകൾക്കുമേൽ വെള്ള തുണികൾ കൊണ്ട് മറയ്ക്കുകയും അതേസ്ഥലത്ത് ജുമുഅ നടത്തുകയും ചെയ്തു. ആ വർഷം ബിനാലെയിൽ ക്യാമ്പയിൻ വർക്കായി ഉപയോഗിച്ചത് ഈ കമ്മ്യൂണിറ്റികളുടെ മുഖങ്ങളായിരുന്നു.

‘The soul that art at rest' എന്ന എക്സിബിഷനും വ്യത്യസ്തമായ ഒരനുഭവമായിരുന്നു.

പത്തിലധികം വർഷത്തെ ഇടപെടലിൽ നിന്ന് വന്ന പ്രോജക്ടാണത്. ഷാനവാസുമായുള്ള സംസാരത്തിൽ നിന്നും, റഫീഖ് തങ്ങൾ, മിർസാ ഖാലിബ്, റഹ്മാൻ തങ്ങൾ എന്നിവർ തമ്മിലുള്ള വിനിമയത്തിൽ നിന്നുമൊക്കെയാണ് ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ഇവരുമായിട്ടുള്ള ഇടപെടലിൽ നിന്നാണ് ഈ പ്രോജക്ട്. 2018-ലെ ബിനാലെ പാർട്ടി സിപ്പൻ്റ് ആർട്ടിസ്റ്റും 2022- ലെ കൊച്ചി മുസിരിസ് ബിനാലെ ക്യൂറേറ്ററുമായിരുന്ന ഷുബിഗീ റാവു എന്നെ ആ വർഷത്തെ പാർട്ടിസിപ്പൻ്റ് ആർട്ടിസ്റ്റായി ബിനാലെയിലേക്ക് ക്ഷണിച്ചു. കൊണ്ടോട്ടി പ്രോജക്ടാണ് ക്യൂറേറ്റർ സീകരിച്ചത്. പ്രീ മോഡേൺ മാപ്പിള ഫിലോസഫിയെ കുറിച്ചാണ് കൊണ്ടോട്ടി പ്രോജക്ടിലൂടെ പറയാൻ ശ്രമിച്ചത്. ഇരുനൂറു വർഷങ്ങൾക്കു മുമ്പ് വന്നിട്ടുള്ള ഒരു സൂഫിയുടെ അറിവ് എങ്ങനെ ഇപ്പോഴും നില നിൽക്കുന്നു എന്ന അന്വേഷണമാണ് കൊണ്ടോട്ടി പ്രോജക്ട്. അദ്ദേഹം ഉണ്ടാക്കിയ സാംസ്കാരിക ഫിലോസഫികൾ എങ്ങനെ ഇപ്പോഴും നിലനിൽക്കുന്നു എന്ന അന്വേഷണമാണ് ഈ വർക്ക്.


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റാഷിദ നസ്രിയ

കവി, അധ്യാപിക.

Comments