ഏകാന്തതയുടെയും മാനവികതയുടെയും ആഘോഷം, യൂസഫ് അറയ്ക്കലിന്റെ യേശുപുരം ഗാലറി

എറണാകുളം ദർബാർ ഹാളിൽ കേരള ലളിതകലാ അക്കാദമിയും ബാംഗ്ലൂർ സാറാ അറയ്ക്കൽ ഗാലറിയും ചേർന്ന് നടത്തിയ യൂസഫ് അറയ്ക്കൽ റിട്രോസ്പെക്റ്റീവായ ‘Celebration of Solitude and Humanity’ ചിത്ര ശില്പ പ്രദർശനത്തിന്റെ ഭാഗമായ യേശുചിത്രങ്ങളെക്കുറിച്ച് യു. അജിത്കുമാർ എഴുതുന്നു.

തിനാറാം വയസ്സിൽ വീടുവിട്ടിറങ്ങി ഒന്നരക്കൊല്ലം തെരുവിൽ കഴിഞ്ഞ ഒരാൾ പലവിധം യേശുവെ കണ്ടുമുട്ടിയിട്ടുണ്ടാവണം. ആഫ്രിക്കൻ, ഏഷ്യൻ, യൂറോപ്യൻ ഛായാന്തരങ്ങളോടെയാണ് യേശുവെ യൂസഫ് അറയ്ക്കൽ ചിത്രങ്ങളിൽ കാണുക. പത്തടിയും എട്ടരയടിയും ആറടിയുമൊക്കെ നീളമുള്ള കാൻവാസുകളിലെ ക്രിസ്തുമാരാണ് അറയ്ക്കലിന്റെ ക്രൈസ്റ്റ് സീരീസിൽ. എറണാകുളം ദർബാർ ഹാളിൽ കേരള ലളിതകലാ അക്കാദമിയും ബാംഗ്ലൂർ സാറാ അറയ്ക്കൽ ഗാലറിയും ചേർന്ന് നടത്തിയ യൂസഫ് അറയ്ക്കൽ റിട്രോസ്പെക്റ്റീവായ Celebration of Solitude and Humanity ചിത്ര ശില്പ പ്രദർശനത്തിന്റെ ഒരു ഭാഗമാണ് ഈ യേശു ചിത്രങ്ങൾ.

കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറയ്ക്കൽ രാജവംശത്തിൻ്റെ ഒരു കൈവഴിയിൽ ചാവക്കാട് ജനിച്ച് ആറാം വയസ്സിൽ ഉമ്മയും ഉപ്പയും മരിച്ചുപോയ സമ്പന്നനായ അനാഥനായിരുന്നു യൂസഫ് അറയ്ക്കൽ (1945-2016). ചിത്രം വരയ്ക്കാനും അതു പഠിക്കാനും തടസ്സങ്ങളുണ്ടായ വീട്ടിൽ നിന്ന് കൗമാരാരംഭത്തിൽ യാത്ര തുടങ്ങി. ചെന്നെത്തിയ ബംഗളൂരുവിലാണ് കല പഠിച്ചതും വരച്ചതും.

"ഏകാന്തതയുടെയും മാനവികതയുടെയും ആഘോഷം" എന്നു പേരിട്ട ഈ പ്രദർശനം 'ആഘോഷം' എന്ന വാക്കിനെ അഴിച്ചു ചേർക്കുന്നു. പുറത്താക്കപ്പെട്ടവരെയും നഗരത്തിലെ തെരുവു മനുഷ്യരെയും നിസ്സഹായരെയും ഹതാശരെയും യൂസഫിലെ അനാഥത്വം പിൻപറ്റുകയോ യൂസഫിനെ അവർ പിൻപറ്റുകയോ ചെയ്യുന്നുണ്ട്. അമ്പതോളം ചിത്രവർഷങ്ങളിൽ ഇവരെ അറയ്ക്കൽ സവിഷാദം ആഘോഷിക്കുന്നു. ഇവിടെ ഒന്നാം നിലയിലെ വലിയ ഹാളിൽ പതിപ്പിച്ച ക്രിസ്തു പരമ്പരയിലെ വലിയ ചിത്രങ്ങൾ ഈ ആഘോഷത്തിലെ മറ്റൊരു നിലയാണ്. യേശുവിൻ്റെ സഞ്ചാരങ്ങളുടെ ഭിന്നാർത്ഥങ്ങൾ തേടുമ്പോൾ ഏകാന്തതയെയും മാനവികതയെയും യൂസഫ് പല പ്രകാരമാക്കുകയാണ്.

‘Celebration of Solitude and Humanity’ ചിത്ര ശില്പ പ്രദർശനത്തിൽ നിന്ന്
‘Celebration of Solitude and Humanity’ ചിത്ര ശില്പ പ്രദർശനത്തിൽ നിന്ന്

പുത്തൻ ആയിരത്താണ്ടിന്റെ പിറവിയിൽ യൂസഫ് 1999-ൽ വരച്ച ഈ പരമ്പരയിലെ ആദ്യ ക്രിസ്തുവിന് (Crucifixion & Resurrection; The new millennium. 120" x 120"- 1999) ആഫ്രിക്കൻ ദേഹഛായയായി. ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും വസിക്കുന്നവർ തങ്ങളുടെ നാടുകളിൽ കണ്ടെത്തുന്ന യേശു ഇരുപതാം നൂറ്റാണ്ടിൻറെ അബോധത്തിലുണ്ടായിരുന്നു.

ഓരോ ദിവസത്തെയും കടത്തിവിടുക ലഘുവല്ലാത്തവരുടെ ക്രിസ്തു, അവരുടെ ക്രിസ്മസ്, ഈസ്റ്റർ പെരുന്നാളുകൾ; ദു:ഖവെള്ളിയും. മനുഷ്യ ദുരിതങ്ങൾ എന്നുമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നൂറ്റാണ്ട് അനവധി ആംഗിളുകളിൽ അവയെ കണ്ടു. ഈ "ക്രൂശിക്കലും ഉയിർത്തെഴുന്നേല്പും; പുതിയ സഹസ്രാബ്ദം" ചിത്രത്തിൽ ക്രൂശിതൻ കുരിശിനെ മായ്ച്ചു കൊണ്ട് ഉയിർക്കുകയാണ്. വലതുവശം മുകളിലേക്കാണ് ശിരസ്സും നോട്ടവും. ഉടൽ പേശികൾ നിറയെ ഊർജ്ജം. ഇതെൻ്റെ ഊർജ്ജമാണ്, ഇതെടുത്തു കൊള്ളുക. യൂസഫ് അറയ്ക്കൽ ചിത്രങ്ങളിൽ കാൻവാസിന്റെ രണ്ടറ്റവും തൊടുന്ന നെടുകെയുള്ള ചുവന്ന മുദ്രവര ഇവിടെ ക്രിസ്തുവെ തൊടാതെ ക്രിസ്തുവിനു മുൻപിലൂടെയുണ്ട്. ഇത് ഏതാളിന്റെ രക്തവുമാകാം.

അവസാനത്തെ അത്താഴം രണ്ട് ചിത്രങ്ങളുണ്ട് (Last Supper I- Oil on canvas 5' x 10', Last Supper II- Oil on canvas 120" x 60"). " യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽനിന്ന് പാനം ചെയ്യുവിൻ. ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്..."

യൂസഫ് അറയ്ക്കൽ
യൂസഫ് അറയ്ക്കൽ

അവസാനത്തെ അത്താഴം- ഒന്നിൽ ഇതുവരെയുള്ളതും ആസന്നമായതും പ്രഭയോടെ യേശുമുഖത്തുണ്ട്. അവൻ നിൽക്കുകയും പന്ത്രണ്ട് ശിഷ്യർ ഇരിക്കുകയുമാണ്. വ്യസനിക്കുന്ന മങ്ങിയ നിറങ്ങളിലാണ് ശിഷ്യർ. അവരുടെ മേശമേൽ അവൻ്റെ രക്തം പോലെ തിളക്കമുള്ള ചുവപ്പ് പരന്നതാണോ അവരുടെ തെളിമ കുറയ്ക്കുന്നത്? അവർ യേശുവെ മാത്രം കാണുന്നതുകൊണ്ടാവാമോ അവരിലെല്ലാം യേശു പ്രതിബിംബിക്കുന്നത്? നമ്മുടെ കാഴ്ചയുമാവാമത്. രൂപത്തിലെ യേശുഛായ ശിഷ്യർക്ക് ഭാവത്തിലും ഉണ്ടോ? ചിത്രത്തിൽ കഷ്ടിച്ച് പതിമൂന്നാൾക്കേ ഇടമുള്ളുവെങ്കിലും നാനാ ദിക്കുകളിൽ കാൻവാസിനു പുറത്തേയ്ക്കും അകത്തേയ്ക്കും ഒരുപാടിടം യൂസഫ് വരച്ചിടുന്നു.

അത്താഴ ചിത്രം-രണ്ടിൽ ഒരു കയ്യിൽ വീഞ്ഞും മറുകയ്യിൽ അപ്പവുമായി ശിഷ്യരോട് അഭിമുഖമാണവൻ. നെടുകെയുള്ള ചുവന്ന വര ഇവിടെ കുറുകെയുമുണ്ട്. ഉയർത്തിയ കൈകളോടെയുള്ള യേശുദേഹത്തെ പിൻകാഴ്ചയിൽ സമാനുപാതങ്ങളിലാക്കി ഒരു ചുവന്ന കുരിശായി അത് തൊടാതെ നിൽക്കുന്നു. പന്ത്രണ്ട് പേരും ഇവിടെയും വിഷാദികൾ, യേശുരൂപികൾ. മുമ്പില്ലാത്ത വെളിച്ചം അവർ അവനിൽ കാണുന്നു. അന്ത്യ അത്താഴം രണ്ടാം ചിത്രത്തിലും ശിഷ്യർ ഇരിക്കുന്നു, അവൻ നിൽക്കുന്നു.

ക്രൂശിക്കൽ (Crucifixion- Oil on canvas. 72" x 72". 2011) ചിത്രത്തിൽ ആകാശത്തുനിന്ന് യൂസഫ് നോക്കുമ്പോൾ നമുക്കും ആ കാഴ്ച കാണാം. താൻ പീഡിതനെങ്കിലും ഭൂമിയുടെ വേദനയുടെ ആവാഹനമാണ് കണ്ണിൽ. ഒരു മലയാളി കർഷകൻ്റെ മുഖദേഹങ്ങളും ചുരുണ്ട മുണ്ടുമാണ് യേശുവിന്.

കുരിശിൽ നിന്നുള്ള ഇറങ്ങി വരവ് (Descending from the Cross- Oil on canvas. 72" x 96". 2011) അതേ പൊക്കത്തിൽ നിന്നുള്ള കാണലാണ്. ഇവിടെയും ഏതാണ്ട് കറുപ്പു നിറമുള്ള മലയാളി കർഷക ശരീരമാണ്. എവിടത്തുകാരനുമാണ് ക്രിസ്തു. ആയാസമേതുമില്ലാതെ, എന്നാൽ ആരെയും പരാജയപ്പെടുത്താനല്ലാതെ, അലിവോടെ വെളുത്ത കുരിശിറങ്ങി വരുന്ന ക്രിസ്തു. സുവിശേഷങ്ങളിലില്ലാത്ത കല്പന.

ഗത് സമേനിലെ പ്രാർത്ഥന (Gethsamane Prayer- Oil on canvas. 72" x 96". 2010) എന്ന ചിത്രം ഇരു കൈത്തലങ്ങളും ഇടനെഞ്ചോട് ചേർത്തുവച്ച് കണ്ണടച്ച് ലോകവിസ്മൃതിയോടെയുള്ള പ്രാർത്ഥനയാണ്. യൂസഫ് വരയ്ക്കാതെ ഒരു കുരിശ് ഇരുട്ടിലും വെളിച്ചത്തിലും ക്രിസ്തുവിനു പുറകിൽ തെളിഞ്ഞു വരുന്നത് കാണാം. അവനെ ചുറ്റുന്ന വെളിച്ചമാണ് ആ കുരിശുരൂപം വരയ്ക്കുന്നത് എന്നും കാണാം. അതിതീവ്രമായ ഉൾപ്പിടയൽ നിമിഷങ്ങൾ ഏതു കാലത്തും ഏതു നാട്ടിലെ ആർക്കുമുണ്ടാകാം. ആ വ്യാഴാഴ്ചയുടെ അന്ത്യരാത്രിയെ യേശുവിലെ സാധാരണ മനുഷ്യൻ ഒറ്റയ്ക്കാണ് നേരിടുന്നത്. ശിഷ്യരായ കൂട്ടുകാരെ ഉണർത്തിയിട്ടും ഉറങ്ങിക്കൊണ്ടിരിക്കുന്നു. അവൻ്റെ ഏകാന്ത, ഏകാഗ്ര പ്രാർത്ഥന.

"എൻറെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ. എങ്കിലും എൻറെ ഹിതം പോലെയല്ല അവിടുത്തെ ഹിതം പോലെയാകട്ടെ..." പ്രശാന്ത പ്രകാശമുള്ള ഒരു നിമിഷത്തിലേയ്ക്ക് യൂസഫിന്റെ ക്രിസ്തു പ്രവേശിക്കുന്നു.

'ഗത് സമേനിലെ പ്രാർത്ഥന' കൂടാതെ പ്രാർത്ഥന (The Prayer- Oil on canvas. 72" x 72". 2011) എന്നൊരു ചിത്രവും കാണാം. ഈ 'പ്രാർത്ഥന'യിൽ ഇരിപ്പിടവും പ്രതലവും കറുപ്പാണ്, വശങ്ങളിൽ ലേശം ചാരനിറവും. ക്രിസ്തുവും ഇരുണ്ടാണ്. ക്രിസ്തുവിന് താഴെ ശാഖകളും ഇലകളും പോലെയൊരു ജൈവരൂപം തെളിയാതെ നില്പുണ്ട്. ഇരുന്നു തുടങ്ങി ഏറെ സമയമായിട്ടുണ്ട്. പ്രാർത്ഥന ധ്യാനമായി മാറുന്നു.

ക്രിസ്തു (Christ- Mixed media on reverse canvas. 48" x 36") എന്നു മാത്രം പേരിട്ട ചിത്രം കാൻവാസിന്റെ പരുപരുത്ത മറുപുറത്താണ് അറയ്ക്കൽ വരച്ചത്. ഒട്ടുമേ കാല്പനികമാക്കാൻ താല്പര്യമില്ല എന്നതാണ് റിവേഴ്സ് കാൻവാസിന്റെ ഒരർത്ഥം. അപ്പവും വെള്ളവും വേണ്ടാത്ത മനുഷ്യരില്ല. അലങ്കാരമില്ലാത്ത യേശു സാധാരണക്കാരനെപ്പോലെ അല്ലെങ്കിൽ അലങ്കാരമില്ലാത്ത സാധാരണക്കാരൻ യേശുവെപ്പോലെ അലങ്കാരമില്ലാത്ത അപ്പത്തിനും വെള്ളത്തിനും മുന്നിൽ ആരോടോ നന്ദിയോടെ. അങ്ങനെ പേരിടാത്ത അവസാന അത്താഴവുമാകാമിത്. ശിഷ്യരുള്ളപ്പോഴും അവൻ ഏകാകിയാണ്, യൂസഫിന്. തെളിച്ചം കുറവായ കറുപ്പും വെളുപ്പും മാത്രമുള്ള ചിത്രത്തിലൂടെ യൂസഫിൻ്റെ നേർത്ത ചുവന്ന വര നെടുകെ കിടപ്പുണ്ട്.

പിയത്ത (Pieta- Oil on canvas. 72" x 72". 2011) ഒരാളെ ഉലച്ചു നിർത്തും. വല്ലാത്ത ഒരു കിടപ്പ്. മൈക്കലാഞ്ജലോ അമ്മയുടെ മടിയിലാണ് ക്രിസ്തുവെ കിടത്തിയത്. ഇവിടെ, തെരുവുതിണ്ണപോലെയൊരിടത്ത് നമ്മൾ കണ്ടു പോകുന്ന ഒരു മലയാളി ശരീരം. അഴിഞ്ഞ മുണ്ടു പോലെ കയ്യും കാലും. ഉപേക്ഷിക്കാൻ പോലും ആരുമില്ലാത്തവൻ. അടഞ്ഞ കണ്ണിൽ ചരിത്രം. വർണ്ണചിത്രമെങ്കിലും വർണ്ണങ്ങളറിയാത്ത രാത്രിയിലെ നാട്ടിൻപുറത്തെ ദൂരപ്രകാശങ്ങളേയുള്ളു. യേശുമധ്യത്തിലൂടെ മേലുകീഴായി ചുവന്ന യൂസഫ് വര. 'പിയത്ത' എന്ന ഇറ്റാലിയൻ വാക്ക് Pity എന്ന ഇംഗ്ലീഷ് വാക്കിന് സമാനമാണ്.

ഉയിർത്തെഴുന്നേൽപ്പ് (The Resurrection- 72" x 72". 2012) ചിത്രത്തിൽ വെളിച്ചം യേശുവിന് പുറകിൽ ഉടൽ വീതിയിൽ ഉടൽ നീളത്തിൽ കട്ടിയുള്ള വെള്ളത്തുണിപോലെ. ഇരുവശവും ഇരുട്ടിന്റെ നീലയും തവിട്ടും പാളികൾ. വിണ്ണിലേക്ക് കണ്ണയച്ച് മണ്ണിലേക്ക് വിരിച്ച കൈകളുമായി ആ നില്പ് എല്ലാ പീഡിതരെയും ആശ്ലേഷിക്കുന്നു. രണ്ട് ചുവന്ന വരകൾ ചേർന്ന് കുരിശായി മുകളിലേക്കുള്ള ക്രിസ്തുവിൻ്റെ നോട്ടപ്പാടിലുണ്ട്.

കുട്ടിയും ക്രിസ്തുവും (Child and Christ- Oil on canvas. 75" x 55". 2006) എന്ന പേരിൽ രണ്ടു ചിത്രങ്ങൾ. ഒന്നിൽ രണ്ട് കുട്ടികളും രണ്ട് ക്രിസ്തുവും. അടുത്തതിൽ നാലു കുട്ടികളും ഒരു ക്രിസ്തുവും. എണ്ണം എങ്ങനെയാവുമ്പോഴും ഒരേ കുട്ടിയും യേശുവും തന്നെ. "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല." കുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ ഏതു ജീവിയെയും പോലെ അതിജീവനത്തിനായി കരയാനും കൊഞ്ചാനും പിണങ്ങാനും ചിരിക്കാനും ശ്രദ്ധ നേടാനും കൈനീട്ടാനുമൊക്കെയുള്ള വേലകൾ അറിയുന്നവരാണ്. എങ്കിലും മറ്റൊരാൾക്ക് നാശമുണ്ടാക്കാൻ അവർ നോക്കില്ല. അധികാരമില്ലാത്തവരുമാണവർ. ചിത്രത്തിലെ കുട്ടികളുടെയും ക്രിസ്തുവിന്റെയും മുഖം യൂസഫ് ഇരുട്ടിലാക്കി. തെന്നിന്ത്യൻ ആൺകുട്ടിയുടെ വസ്ത്രവും ചുവടുവയ്പും. യേശു ഒരുപക്ഷേ കുട്ടിയ്ക്ക് പ്രാപ്യമാണ്. ഭൂമിയിലെ കുട്ടികളുടെ വേദനകൾ പതിച്ചെടുത്ത ഉടലാണ് എങ്കിലും ചിത്രത്തിലെ ക്രിസ്തു ഭൂമിയിലെ ക്രിസ്തുവോ എന്ന് സന്ദേഹിക്കാം. കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ധ്യാനസ്ഥനല്ലാതുള്ള ധ്യാനം. യൂസഫിൻ്റെ ചുവന്ന വര കുരിശായി ക്രിസ്തുവിന് കൂടെയുണ്ട്.

ജ്ഞാനസ്നാനം (Baptism- Oil on canvas. 72" x 72". 2011) ചിത്രത്തിൽ യേശുവും ജലവും മാത്രം. യേശു താനടക്കം ആരെയും മാമോദീസ ചെയ്യുന്നില്ല. കൈവെള്ളയിലെ വെള്ളത്തെ വെള്ളത്തിലേക്ക് തന്നെ അവൻ ഒഴിയ്ക്കുന്നു. അനുഷ്ഠാനമല്ലാതെ യേശു ഒഴിക്കുമ്പോൾ ഉപരിതലത്തിൽ മാത്രമല്ല ഓളങ്ങൾ. വെള്ളത്തിന്റെ ഉള്ളിലും ഓളത്തട്ടുകൾ. ആകമാന വെള്ളവും അവനോട് ഉന്മുഖമായും സംവദിച്ചും നിൽക്കുന്നു. പേര് ബാപ്റ്റിസം എന്നാണെങ്കിലും മാമോദീസയേക്കാൾ, വെള്ളവും ജീവനും തമ്മിലെ വിനിമയമാണ് യൂസഫ് അറയ്ക്കലിന്റെ ചിത്രത്തിൽ. വലിയ ജലാശയമാവണം അതെങ്കിലും നീലയേക്കാൾ പച്ചയുടേയും മനുഷ്യരുടെ തവിട്ടു നിറത്തിന്റെയും ഭേദങ്ങളാണ് വെള്ളത്തിന്. കുളിക്കുക എന്ന സാമാന്യാനുഭവത്തിലേയ്ക്കുള്ള ശ്രദ്ധയും ഇവിടെ കാണാം. കടൽ, പുഴ, മഴ, ദാഹജലം, പാനപാത്രം എന്നിങ്ങനെയുള്ള ജലഭാവങ്ങൾ ഈ തുള്ളികളിലും ഓളങ്ങളിലുമുണ്ട്.

Comments