പെയ്ന്റിംഗുകളിലെ നഗ്‌നതയെ അശ്ലീലമെന്ന് മുദ്ര കുത്താനാകുമോ?
‘ഇല്ല’ എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് മുംബൈ ഹൈക്കോടതി. ‘അശ്ലീല രചനകൾ’ എന്നാരോപിച്ച് ലോക പ്രശസ്ത ഇന്ത്യൻ ചിത്രകാരരുടെ ഏഴ് ചിത്രങ്ങൾ പിടിച്ചുവച്ച മുംബൈ കസ്റ്റംസിനെതിരെയാണ് മുംബൈ ഹൈക്കോടതി വിധി. 'നഗ്‌നത'യും 'അശ്ലീല'വും പര്യായപദങ്ങളല്ലെന്ന് മുംബൈ കസ്റ്റംസിലെ അസിസ്റ്റന്റ് കമീഷണറെ കോടതി ഓർമിപ്പിച്ചു. ചിത്രങ്ങൾ വിട്ടുകൊടുക്കാനും ഉത്തരവിട്ടു.
പ്രമുഖ ചിത്രകാരരായ എഫ്.എൻ. സൗസ (Francis Newton Souza), അക്ബർ പദംസി (Akbar Padamsee) എന്നിവരുടെ ചിത്രങ്ങളാണ് 'അശ്ലീലം' ആരോപിച്ച് 2023 ഏപ്രിലിൽ മുംബൈ കസ്റ്റംസ് പിടിച്ചുവച്ചത്. 2022-ൽ ലണ്ടനിൽ നടന്ന രണ്ട് ലേലങ്ങളിൽനിന്നാണ് വ്യവസായിയായ മുസ്തഫ കറാച്ചിവാല ഏഴു ചിത്രങ്ങൾ വാങ്ങിയത്. ഇവ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു നടപടി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ബി.കെ പോളിമെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കസ്റ്റംസിനെതിരെ പരാതി നൽകിയത്.
എഫ്.എൻ. സൂസയുടെ 'ലവേഴ്‌സ്' സീരീസിലുള്ള നാല് ഇറോട്ടിക് ഡ്രോയിങ്ങുകളും അക്ബർ പദംസീയുടെ മൂന്ന് ചിത്രങ്ങളുമാണ് പിടിച്ചെടുത്തത്. ചിത്രങ്ങൾ പിടിച്ചുവക്കുക മാത്രമല്ല, സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിടിച്ചെടുത്ത ചിത്രങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞ് നേരത്തെ ഹൈക്കോടതി ബഞ്ച് ഉത്തരവിട്ടിരുന്നു.

അശ്ലീലം, നഗ്നത എന്നിവയെക്കുറിച്ചുള്ള വ്യക്തിപരമായ മുൻവിധികളുടെയോ ബോധ്യങ്ങളുടെയോ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനെ ജസ്റ്റിസ് എം.എസ്. സൊനാക്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് നിശിതമായി വിമർശിച്ചു. ‘‘നഗ്നത ചിത്രീകരിക്കുന്ന ചിത്രങ്ങളിലും പെയ്ന്റിംഗുകളിലും ലൈംഗികബന്ധങ്ങളുടെ പലതരം പോസുകൾ ആവിഷ്‌കരിച്ചെന്നുവരും. അതിനെ അശ്ലീലം എന്ന് പറയാനാകില്ല. മാത്രമല്ല, എല്ലാ നഗ്‌നചിത്രങ്ങളെയും അശ്ലീലചിത്രം എന്നും വ്യാഖ്യാനിക്കാനാകില്ല. ലൈംഗികതയും അശ്ലീലവും പര്യായപദങ്ങളല്ലെന്ന് തിരിച്ചറിയുന്നതിൽ കസ്റ്റംസ് അസി. കമീഷണർ പരാജയപ്പെട്ടു. ഇത്തരം കലാസൃഷ്ടികൾ ആസ്വദിക്കാൻ ആരെയും നിർബന്ധിക്കാനാകില്ല. എന്നാൽ, അവയെ വിലയിരുത്തുമ്പോൾ മുൻധാരണകൾ സ്വാധീനം ചെലുത്താൻ പാടില്ല’’- കോടതി പറഞ്ഞു.
ഈ ചിത്രങ്ങൾ പരിശോധിച്ച കമീഷണർ അവയിൽ ആവിഷ്കരിച്ച സെക്ഷ്വൽ ഇന്റർകോഴ്‌സ് മാത്രമാണ് കണ്ടത്, അതിനെ അശ്ലീലമായി വിലയിരുത്തുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ നാലതിരുകളിൽനിന്നുവേണം തീരുമാനമെടുക്കാനെന്ന് കോടതി ഓർമിപ്പിച്ചു. അല്ലാതെ, തങ്ങളുടെ മുൻവിധികളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ ഭാവനകളുടെയോ തോന്നലുകളുടെയോ അടിസ്ഥാനത്തിലായിരിക്കരുത് തീർപ്പുകൾ.
60 വർഷം മുമ്പ്, മൈക്കലാഞ്ചലോയുടെ ചിത്രങ്ങൾ വിലയിരുത്തി സുപ്രീംകോടതി നടത്തിയ വിധിന്യായത്തെ ഹൈകോടതി ഓർമിപ്പിച്ചു. മൈക്കലാഞ്ചലോ വരച്ച വിശുദ്ധരും മാലാഖമാരും നഗ്‌നത മറയ്ക്കാൻ വസ്ത്രം ധരിക്കണമെന്നില്ല എന്നാണ് അന്ന് കോടതി പറഞ്ഞത്. ഇപ്പോഴിതാ, ഈ 2024-ലും ഒരു കസ്റ്റംസ് അസി. കമീഷണർ, ലോകപ്രശസ്ത ചിത്രകാരരുടെ ഏഴു ചിത്രങ്ങൾ, തന്റെ മുൻവിധിയുടെ അടിസ്ഥാനത്തിലുള്ള നഗ്‌നത ആരോപിച്ച് പിടിച്ചുവച്ചിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മൈക്കലാഞ്ചലോയുടെ ‘ഡേവിഡ്’ എന്ന ശിൽപ്പത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെങ്കിൽ, അതിനെ തുണിയുടുപ്പിക്കാൻ കസ്റ്റംസ് നിർബന്ധിക്കുമോ?. കാരണം, ‘ഡേവിഡി’ന്റെ ശരീരത്തിൽ ഒരു ഇലക്കഷണം പോലുമില്ല. ‘ഡേവിഡി’നെ തുണിയുടുപ്പിക്കുന്ന വകുപ്പൊന്നും ഇന്ത്യൻ കസ്റ്റംസ് നിയമത്തിലില്ല എന്നും ഹൈകോടതി കമീഷണറെ, പരിഹാസപൂർവം ഓർമിപ്പിച്ചു. ഈ ചിത്രങ്ങൾ പിടിച്ചെടുക്കുകയാണെങ്കിൽ യൂറോപ്പിലും അമേരിക്കയിലുമുള്ള മഹത്തായ പെയിന്റുകളോടുള്ള സമീപനമെന്തായിരിക്കും? ഇന്ത്യയിലെ തന്നെ ഖജൂരാേഹായിലെയും കൊനാർക്കിലെയും ശിൽപ്പങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?- കോടതി കസ്റ്റംസ് കമീഷണറുടെ അഭിഭാഷകനോട് ചോദിച്ചു.

അശ്ലീലത്തെക്കുറിച്ച് തീർത്തും വ്യക്തിപരമായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് കമീഷണറുടെ തീരുമാനം. അല്ലാതെ, തീരുമാനമെടുക്കുന്നതിനുമുമ്പ് ഈ ചിത്രങ്ങളുടെ കലാപരമായ മൂല്യത്തെക്കുറിച്ചോ മറ്റോ ഏതെങ്കിലും വിദഗധരുടെ അഭിപ്രായം അദ്ദേഹം തേടിയിട്ടില്ല, ചിത്രങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചുവന്ന ഏതെങ്കിലും റിപ്പോർട്ടുകൾ പരിശോധിച്ചിട്ടില്ല. 'ഇതിന് ഞാൻ തന്നെ മതി' എന്നൊരു ‘Ipse Dixit’ സമീപനമാണ് കമീഷണർ സ്വീകരിച്ചത്. അതായത്, നഗ്‌നതയോ സെക്ഷ്വൽ ഇന്റർകോഴ്‌സോ ആവിഷ്‌കരിക്കുന്ന കലാ രചനകളെല്ലാം അശ്ലീലമാണ് എന്ന ബോധ്യം മാത്രമാണ് കമീഷണറെ ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് വ്യക്തം- കോടതി പറഞ്ഞു.
ഈ ചിത്രങ്ങൾ ആധുനിക ചിത്രകലയിലെ ദേശീയ പ്രാധാന്യമുള്ള രചനകളാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ശ്രേയസ് ശ്രീവാസ്തവ പറഞ്ഞു. യു.കെയിലെ കസ്റ്റംസ് ക്ലിയർ ചെയ്ത ചിത്രങ്ങളാണിവ. ഇവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ കസ്റ്റംസ് പരാജയപ്പെട്ടു. ഈ ചിത്രങ്ങൾ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ വെബ്‌സൈറ്റിൽ പരസ്യമായി പ്രദർശിപ്പിച്ചവയാണെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
1964-ലെ ഒരു വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് കമീഷണർ നടപടിയെടുത്തത്. ധാർമികതയുടെയും അന്തസ്സിന്റെയും മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്ന വ്യവസ്ഥയാണിത്. എന്നാൽ, ഈ വിജ്ഞാപനത്തിൽ‘അശ്ലീലം’ എന്നതിനെ നിർവചിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പകരം, എന്താണ് നിരോധിത വസ്തുക്കൾ എന്നതിന്റെ ഓക്‌ഫോർഡ് ഡിക്ഷണറി നിർവചനമാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ചിത്രകലയിൽ യൂറോപ്യൻ മോഡേണിസത്തെ പരിചയപ്പെടുത്തിയ പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ച ചിത്രകാരരാണ് എഫ്.എൻ. സൗസയും അക്ബർ പദംസിയും.
പൊതുബോധത്തെ വെല്ലുവിളിക്കുന്ന പ്രകോപനരചനകൾക്ക് പേരുകേട്ട ചിത്രകാരനാണ് സൗസ. 1924-ൽ ഗോവയിൽ ജനിച്ച അദ്ദേഹം പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ സഹ സ്ഥാപകൻ കൂടിയാണ്. 2002-ൽ മരിച്ചു.
1928-ൽ ജനിച്ച അക്ബർ പദംസി ഇന്ത്യയിലെ ആധുനിക ചിത്രകലാപ്രസ്ഥാനങ്ങളെ ഏറെ സ്വാധീനിച്ച ചിത്രകാരനാണ്. 1954-ൽ മുംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ നടത്തിയ ആദ്യ ചിത്രപ്രദർശനത്തിൽ പൂർണ നഗ്‌നത ചിത്രീകരിച്ചത് വൻ വിവാദമാകുകയും പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ചെയ്തു. പരസ്യമായി പ്രദർശിപ്പിക്കരുത് എന്ന ഉത്തരവോടെയാണ് ഈ ചിത്രങ്ങൾ കോടതി അദ്ദേഹത്തിന് തിരിച്ചുനൽകിയത്. റാഡിക്കൽ രചനകളിലൂടെ പ്രശസ്തനായ അദ്ദേഹം ചലച്ചിത്രനിർമാതാവും ഫോട്ടോഗ്രാഫറും ലിത്തോഗ്രാഫറും ശിൽപിയുമായിരുന്നു. 2020-ൽ മരിച്ചു.