എന്റെ നർത്തകർ

ഇരുട്ടിലെ മിന്നുന്ന വെളിച്ചത്തിൽ എന്റെ ശരീരചലനങ്ങൾ കണ്ട് കൂടെ നൃത്തം ചെയ്തോട്ടെ എന്നുചോദിച്ച ആ മനുഷ്യരേക്കാൾ സുന്ദരന്മാരായി മറ്റാരും എന്റെ ജീവിതത്തിൽ കടന്നുവന്നിട്ടില്ല. അവരുടെ ക്ഷണം സ്വീകരിക്കാൻ വിസമ്മതിക്കേണ്ടിവരുന്നത് അവർക്കും പിന്നീട് എനിക്കും ദുഃഖമുണ്ടാക്കിയിട്ടുണ്ട്. എവിടെയോ മറ്റെന്തോ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഇണയോടുള്ള വിശ്വാസ്യത നിലനിർത്താൻ മാത്രം ഞാൻ നഷ്ടപ്പെടുത്തിയ ആ അവസരങ്ങളെയും നൃത്തങ്ങളെയും ഓർത്ത് എനിക്ക് കുറ്റബോധമുണ്ട്.

യമ

2006-ലോ മറ്റോ ആണ്.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലം. അന്തർദേശീയ യൂത്ത് സമ്മിറ്റ് ആണെന്നാണ് ഓർമ. ലോകത്തിന്റെ പല ഭാഗത്തുനിന്നും യുവാക്കളായ പ്രതിനിധികൾ ആ സമ്മേളനത്തിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയിരുന്നു. പരിപാടിയുടെ അവസാന ദിവസം, അന്ന് യുവാക്കളുടെ ഹരമായിരുന്ന, അവിയൽ ബാൻഡിന്റെ സംഗീതനിശ തൃശൂർ റീജ്യനൽ തിയേറ്ററിൽ ഒരുക്കിയിരുന്നു. പ്രവേശനം സൗജന്യമായിരുന്നതിനാൽ ഞാനും എന്റെ കൂട്ടുകാരിയും പാട്ടുകേൾക്കാൻ പോയി. മികച്ച ശബ്ദനിയന്ത്രണവും ലീഡ് സിംഗറായ ആനന്ദരാജ് ബെഞ്ചമിൻ പോളിന്റെ തകർപ്പൻ പ്രകടനവും ഒക്കെയായപ്പോൾ ഹാളിനകം നിന്ന് വിറച്ചു.

എനിക്കാണെങ്കിൽ ഏതെങ്കിലും നല്ല പാട്ടിന്റെ ബീറ്റ് കേട്ടാൽ തുള്ളുന്ന അസുഖം കലശലായുണ്ട്. ചുറ്റും നോക്കുമ്പോൾ മലയാളികളായ എല്ലാ കേൾവിക്കാരും കുറ്റികൾ പോലെ സീറ്റുകളിൽ പതിഞ്ഞിരിക്കുന്നു. പ്രതിനിധികളായി വന്ന പലരും സദസിലിരുന്ന് അദ്‌ഭുതപ്പെടുകയാണ്. ഇന്നാട്ടിൽ ഇനി പാട്ടുകേട്ടാൽ നൃത്തം ചെയ്തുകൂടെന്നോ മറ്റോ ഉണ്ടാവുമോ എന്ന ശങ്കയോടെ ചുറ്റും നോക്കുന്നു. അതിൽ തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വന്ന ചെറുപ്പക്കാർ കയ്യും കാലും ഒക്കെ പതിയെ അനക്കി എന്തുചെയ്യണം എന്നറിയാതെ നോക്കുന്നു. താളമടിച്ചാൽ കയ്യും കാലും അനങ്ങിപ്പോകുന്ന മനുഷ്യരാണവർ. ഞാനും കൂട്ടുകാരിയും ഇനി നിവൃത്തിയില്ല എന്നായപ്പോൾ എണീറ്റ് ഒന്നും നോക്കാതെ നൃത്തം ചെയ്യാൻ തുടങ്ങി. അതുകണ്ട ആഫ്രിക്കക്കാരായ പ്രതിനിധികളും എണീറ്റ് നൃത്തം ചവുട്ടി. മലയാളികൾ ഒഴികെയുള്ള ആ ഹാളിലെ മനുഷ്യർ മുഴുവനും എണീറ്റ് നിന്ന് ആട്ടത്തിൽ പങ്കുചേർന്നു.

പരിപാടി കഴിഞ്ഞ് ഹാളിനു പുറത്തേക്കു ചാടിയ ഞങ്ങളുടെ പുറകെ രണ്ട് ആഫ്രിക്കൻ യുവാക്കൾ വിട്ടുമാറാതെ കൂടി. ബിയർ കുടിക്കാൻ ചെല്ലുന്നോ എന്ന് ചോദിച്ചു. കുറച്ചെങ്കിലും സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളെ ഇവിടെ പരിചയപ്പെട്ടെന്നോർത്ത് ചോദിച്ചതാവണം. അത്രയും സ്വാതന്ത്ര്യബോധമൊക്കെ തോന്നാൻ എനിക്ക് പിന്നെയും കാലങ്ങൾ എടുത്തതുകാരണം അന്നത്തെ അവരുടെ ക്ഷണം നിരസിച്ചു.

‘നിങ്ങൾ നന്നായി ഡാൻസ് ചെയ്യുന്നു’, അവരിലൊരാൾ തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു. ഞാൻ ആ തിളക്കം കണ്ടില്ലെന്നുവച്ചു. ഒന്നു നൃത്തം ചെയ്തെന്നുവച്ച് ഇയാൾ എന്നെപ്പറ്റി എന്തു കരുതിയിരിക്കുന്നു എന്ന് അന്ന് ഞാൻ ബാലിശമായി ചിന്തിച്ചു. ഇണകളെ തിരഞ്ഞെടുക്കാൻ അവസരം കൊടുക്കുന്നതരം നൃത്തോത്സവങ്ങൾ ഒന്നും തന്നെ എന്റെ നാട്ടിലില്ലെന്ന് എനിക്കയാളോട് പറയണം എന്നുമുണ്ടായിരുന്നു. നിങ്ങളെപ്പോലെയല്ല, ഞങ്ങൾ എന്ന്.

എന്നിട്ടും എല്ലാവരും കാണട്ടെ എന്ന നിലയിൽ ഞാൻ നൃത്തം ചെയ്തത് എന്തിനായിരുന്നു? എന്റെ നാട്ടുകാരുടെ ശവസമാനമായ സംഗീതാസ്വാദനത്തെ കളിയാക്കാനോ? അതോ അന്യനാട്ടുകാരായ പ്രതിനിധികളുടെ സ്വാഭാവികമായ ഇളക്കത്തെ പ്രോത്സാഹിപ്പിക്കാനോ? ആ മനുഷ്യരുടെ ഇളവിൽ എന്റെ നാട്ടിൽ തന്നെ പൊതുസ്ഥലത്ത് നൃത്തം ചെയ്യാനുള്ള എന്റെ അവകാശം ഉറക്കെ പ്രഖ്യാപിക്കാനോ?

സ്ത്രീനർത്തകർ പുരുഷന്മാർക്കു വേണ്ടി നൃത്തം ചെയ്യുന്ന കാലം കഴിഞ്ഞിട്ടും എനിക്ക് എപ്പോഴും പുരുഷനർത്തകരെ തന്നെയാണ് കണ്ടുകൊണ്ടിരിക്കാനിഷ്ടം. വളരെ ജൈവികമായ ഒരാകർഷണമാണത്.

ഇന്നോർക്കുമ്പോൾ അതൊരുതരം പ്രതിഷേധം തന്നെയായിരുന്നു. സ്വാഭാവികമായി തോന്നേണ്ട ഒരു പ്രവൃത്തി ഒരു പ്രതിഷേധമാകുന്നത് ഒരുപക്ഷെ ഇങ്ങനെയായിരിക്കാം. ഇന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളം ചെറുപ്പക്കാർ, വിശേഷിച്ച് പെൺകുട്ടികൾ, പൊതുവിടത്ത് നൃത്തം ചവിട്ടുമ്പോൾ എന്റെ ചെറുപ്പകാലം ഒരുപാട് ദൂരത്തിലായിപ്പോയല്ലോ എന്ന് വെറുതെ ആലോചിക്കും. ചെറുപ്പകാലം ഇങ്ങനെ പ്രതിഷേധിച്ചുപ്രതിഷേധിച്ച് പുകഞ്ഞു പോയല്ലോ എന്ന് ദുഃഖിക്കും. വിശേഷിച്ച് ഒരു നർത്തകിയോ തെയ്യം പോലൊരു ദൈവമോ എങ്കിലും ആകണമെന്നു കരുതിയിരുന്ന എനിക്ക് ഈയടുത്തകാലം വരെയും ഈ നാടൊരു തടവറയായിരുന്നു.

ഒരു നടിയാകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്കിലും വേദികളിൽ നിന്ന് നൃത്തം ചെയ്യുന്ന എന്നെ പലപ്പോഴായി സ്വപ്നത്തിലും അല്ലാതെയും സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്. അപ്പോഴൊക്കെയും ഞാനൊരു ദൈവത്തെപ്പോലെ എട്ടു ദിശകളും കൈവശപ്പെടുത്തി വായുവിൽ കൈകാലുകളിളക്കി വായുവേഗത്തിൽ നൃത്തം ചെയ്യുന്നതായി അനുഭവിക്കും.

ഇങ്ങനെയുള്ള എനിക്ക് ഒരിക്കലും ഒരു ക്ലാസിക്കൽ നൃത്തം അഭ്യസിക്കണം എന്ന് തോന്നിയിട്ടില്ല. കാരണം, പത്തു മിനിറ്റിൽ കൂടുതൽ ഒരു ക്ലാസിക്കൽ നൃത്തവും അതിന്റെ ശുദ്ധരൂപത്തിൽ ആസ്വദിക്കാനുള്ള എന്റെ കഴിവുകേടുതന്നെയാണ്. ക്ലാസിക്കൽ സംഗീതം ആസ്വദിക്കാൻ കഴിയുന്നത് പോലെ എന്തുകൊണ്ട് എനിക്ക് നൃത്തം ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് ഞാൻ ആശ്ചര്യപ്പെടാറുണ്ട്. കല്ലിൽ കൊത്തിവച്ച ക്ലാസിക്കൽ നർത്തകരുടെ പ്രതിമകളോ വരച്ച ചിത്രങ്ങളോ ഒക്കെ ഞാൻ നിർന്നിമേഷം നോക്കി നിൽക്കാറുണ്ട്. ഒരുപക്ഷെ ഒരു നൃത്തവടിവിൽ ഉറഞ്ഞുപോയ ആ നർത്തകരൂപം ഒരു മുഴുവൻ നൃത്തത്തെ ആ നിശ്ചലതയിൽ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാവണം. എന്നാൽ ശുദ്ധനൃത്തത്തിന്റെ തോത് കുറയുന്ന മുറയ്ക്ക് എനിക്ക് ക്ലാസിക്കൽ ദൃശ്യകലാരൂപങ്ങൾ വളരെ രസകരമായ അനുഭവമായി മാറാറുണ്ട്.

ആടിപ്പാടാൻ യോഗമില്ലാത്തൊരു ബാല്യകൗമാരമായിരുന്നു എനിക്കുണ്ടായിരുന്നത്. ഒരുപാടു കാലം കഴിഞ്ഞ് അഭിനയപഠനം തുടങ്ങിയ കാലത്ത് ഫിസിക്കൽ തിയേറ്ററിനോടുള്ള ആഭിമുഖ്യമാണ് ശരീരത്തിൽ ഒളിപ്പിച്ചുവച്ച ആ ചുവടുകൾ വീണ്ടും പയറ്റിനോക്കാൻ എന്നെ പ്രേരിപ്പിച്ചത്.

കഥകളി, കൂടിയാട്ടം, യക്ഷഗാനം, തെയ്യം ഒക്കെ എനിക്കത്തരത്തിൽ പ്രിയപ്പെട്ട കലാരൂപങ്ങളാണ്. പുരാതന ഫോക് നൃത്തരൂപങ്ങൾ ഏതവസരത്തിലും ആൾക്കാരെ പിടിച്ചിരുത്താൻ പര്യാപ്തങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുരൂലിയ ഝാഉ നൃത്തരൂപത്തിൽ സീതാസ്വയംവരം കണ്ട ഒരോർമ്മയുണ്ട്. അതിൽ സീതയെ അദ്‌ഭുതപ്പെടുത്താനായി രാവണന്റെ പ്രകടനമുണ്ട്. രാവണന്റെ ഭാഗം അഭിനയിക്കുന്ന നർത്തകന്റെ കായികാഭ്യാസപ്രകടനത്തോടുകൂടിയ നർത്തനം മറക്കാവുന്നതല്ല. എന്തുകൊണ്ടോ ക്ലാസിക്കൽ നാടൻകലകളിലെ രാവണരൂപങ്ങൾ എന്നെ അഗാധമായി ബാധിക്കാറുണ്ട്. ഇതിഹാസങ്ങളിൽ പറയുമ്പോലെയല്ല, പലപ്പോഴും രാമനെക്കാൾ ആകർഷണീയത എനിക്ക് രാവണനിലാണ് തോന്നിയിട്ടുള്ളത്. ഗാരിൻ നുഗ്രോഹോ റിയന്തോയുടെ 'ഒപേറാ ജാവാ' എന്ന സിനിമയിൽ രാവണനായി അഭിനയിച്ച ഏകോ സുപ്രിയന്തോ എന്ന നർത്തകനൊരു വശീകരണതന്ത്രജ്ഞൻ എന്നാണ് സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്. സ്ത്രീനർത്തകർ പുരുഷന്മാർക്കു വേണ്ടി നൃത്തം ചെയ്യുന്ന കാലം കഴിഞ്ഞിട്ടും എനിക്ക് എപ്പോഴും പുരുഷനർത്തകരെ തന്നെയാണ് കണ്ടുകൊണ്ടിരിക്കാനിഷ്ടം. വളരെ ജൈവികമായ ഒരാകർഷണമാണത്. വളരെ അപൂർവമായാണ് എന്നെ സ്ത്രീ നർത്തകർ സ്വാധീനിക്കാറുള്ളത്; പിനാ ബോഷിനെ പോലെ, റീത്ത ഹേയ്‌വാർത്തിനെപ്പോലെ.

കുട്ടിക്കാലത്ത് ഞാൻ മൈക്കിൾ ജാക്സന്റെ വലിയൊരു ആരാധികയായിരുന്നു. നന്നായി മൂൺവാക്ക് ചെയ്യാൻ ഞാൻ പഠിച്ചെടുത്തിരുന്നു. അതെവിടെ പ്രയോഗിക്കണം എന്നൊരിക്കലും എനിക്കറിയുമായിരുന്നില്ല. ആടിപ്പാടാൻ യോഗമില്ലാത്തൊരു ബാല്യകൗമാരമായിരുന്നു എനിക്കുണ്ടായിരുന്നത്. ഒരുപാടു കാലം കഴിഞ്ഞ് അഭിനയപഠനം തുടങ്ങിയ കാലത്ത് ഫിസിക്കൽ തിയേറ്ററിനോടുള്ള ആഭിമുഖ്യമാണ് ശരീരത്തിൽ ഒളിപ്പിച്ചുവച്ച ആ ചുവടുകൾ വീണ്ടും പയറ്റിനോക്കാൻ എന്നെ പ്രേരിപ്പിച്ചത്. അഭിനയിക്കുമ്പോഴും എനിക്ക് സ്റ്റേജിൽ നൃത്തം ചെയ്യുന്നതായി അനുഭവപ്പെടുമായിരുന്നു. ഞാൻ അഭിനയിച്ച കഥാപാത്രങ്ങൾക്ക് എപ്പോഴും പശ്ചാത്തലത്തിൽ സംഗീതമുള്ളതായി എനിക്ക് തോന്നി. കൃത്യമായ ചുവടുകളുടെ അകലത്തിലാണ് ഓരോ കഥാപാത്രങ്ങളും ചലിക്കുകയും കൂടിച്ചേരുകയും പിരിയുകയും ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞ ഡയലോഗുകൾ ഒരു പാട്ടിലെ വരികളും എന്റെ ചലനങ്ങൾ നൃത്തവുമായിത്തീർന്നു.

മൈക്കിൾ ജാക്സണ്‍

അഭിലാഷ് പിള്ള എന്ന നാടക സംവിധായകന്റെ നേതൃത്വത്തിൽ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അരങ്ങേറുകയുണ്ടായി. മൂന്നുമാസത്തോളം നീണ്ട പരിശീലനത്തിനുശേഷമാണ്​ കഥാപാത്രങ്ങൾ അരങ്ങേറാൻ സജ്ജമായത്. അതിൽ മൈമൂനയായി അഭിനയിച്ചിരുന്ന എനിക്ക് നൈസാമലിയുടെ കഥാപാത്രമായി അഭിനയിക്കുന്ന നടനോടൊപ്പം പ്രണയരംഗങ്ങളുണ്ട്. അത് ആയാസകരമായ ഒരു നൃത്തമായാണ് ചിട്ടപ്പെടുത്തിയിരുന്നത്. അനായാസമായി ചെയ്യുകയും വേണം.

ചുറ്റും ഉമിനീർ ഒലിപ്പിച്ചിരുന്ന പുരുഷന്മാർക്കുനടുവിൽ ഒട്ടും തന്നെ കുറ്റബോധമില്ലാതെയാണ്​ സിനിമകളിൽ കാബറേ ഡാൻസർ ഹെലൻ ആടിക്കുഴഞ്ഞ് തുള്ളിത്തകർക്കുക. ഒട്ടും തന്നെ അച്ചടക്കമില്ലാത്ത സ്ത്രീ എന്ന നിലയിൽ, അവരെപ്പോലെ നൃത്തം ചെയ്യുന്നവർ മോശക്കാരിയാണ് എന്ന ഒരു ധാരണ കുറച്ചു മുതിർന്നപ്പോഴും എനിക്കുണ്ടായിരുന്നു.

പല ചുവടുകളും ശരീരനിലകളും ചെയ്തെടുക്കാൻ എനിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നിരുന്നു. രാവന്തിയോളം റിഹേഴ്സലായിരുന്നതിനാൽ പലപ്പോഴും എവിടെയെങ്കിലും ഇരുന്നുറങ്ങിപ്പോകുന്നത് പോലും അറിയാറുണ്ടായിരുന്നില്ല. ഒരു ദിവസം ഒരിടവേള കിട്ടിയപ്പോൾ ക്യാമ്പസിനകത്ത് തന്നെയുള്ള ഹോസ്റ്റലിൽ പോയി ഇലക്ട്രിക് കോയിൽ സ്‌റ്റോവിൽ ഊണിനായി അരി തിളയ്ക്കാനിട്ടു. ക്ഷീണത്തോടെ കട്ടിലിൽ കിടന്നപ്പോൾ ഉറങ്ങിപ്പോയിരിക്കണം. ഉറങ്ങുമ്പോഴും നട്ടുച്ചയുടെ ചൂട് എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു. എപ്പോഴോ ഞാൻ മേൽക്കൂരയുള്ള ഒരൊഴിഞ്ഞ സ്ഥലത്ത് തനിയെ നിന്നു. ചുറ്റും ഞാൻ നടന്നപ്പോഴുള്ള ശബ്ദം മാറ്റൊലി കൊണ്ടു. ഒരുപാടു വലിയൊരു മുറി. ഞാൻ നാലുപാടും സന്തോഷത്തോടെ ഓടി. വെസ്റ്റേൺ ബാലെ നർത്തകരെപ്പോലെ രണ്ടുകാലും രണ്ടു ദിശകളിലേക്കകറ്റി നീളത്തിൽ ചാടി. ഓരോ ചാട്ടത്തിലും കാതങ്ങൾ താണ്ടിയതുപോലൊരു തോന്നൽ.

ഞാനൊരു കാര്യം തിരിച്ചറിയുകയായിരുന്നു. എനിക്ക് ഭാരം കുറഞ്ഞിട്ടുണ്ട്. പിന്നീട്, ചാടുന്ന വേളകളിൽ ഞാൻ കാലുകൾ കറക്കി ഒരു കൊച്ചു ചുഴലിയെപ്പോലെ തിരിയാൻ നോക്കി. അദ്‌ഭുതം! കഴിയുന്നുണ്ട്. എനിക്ക് വായുവിൽ ഉയർന്നു സ്വയം ചുഴറ്റാൻ കഴിയുന്നു. ആരെങ്കിലും മുൻപ് അങ്ങനെ ചെയ്യുന്നതായി ഞാൻ കണ്ടിട്ടില്ല. മനുഷ്യരിൽ തന്നെ എനിക്കുമാത്രമേ അങ്ങനെ വായുവിൽ നൃത്തം ചെയ്യാൻ കഴിയുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം എന്തോ പൊട്ടിച്ചീറുന്നതു പോലൊരു ശബ്ദം കേട്ടു. ഞാനറിയാതെ മുഖത്ത് കൈകൾ കൊണ്ട് പരതി. എനിക്ക് ഭയങ്കരമായി ചൂട് അനുഭവപ്പെട്ടു. നെറ്റിയും കഴുത്തുമൊക്കെ വിയർപ്പിൽ മുങ്ങിയിരുന്നു. വായുവിൽ ഭാരമില്ലാതെ നൃത്തം ചെയ്യാൻ കഴിയുമെന്ന എന്റെ സന്തോഷം അപ്പോഴും എന്നെ വിട്ടുപോയിരുന്നില്ല. കഴുത്തിൽ വിശ്രമിച്ച വിരലുകളിൽ വഴുവഴുപ്പ് അനുഭവപ്പെട്ടത് കൊണ്ട് ഞെട്ടിയുണരുന്നതിനിടെ തുറന്ന വായിൽ നിന്ന്​ ഈത്ത വീണ്ടും പുറത്തേക്കൊഴുകി.
ഇലക്ട്രിക് സ്​റ്റൗവിൽ അരി തിളച്ചുവീണ് കോയിൽ കത്തിപ്പോയിരുന്നു. പകുതിവെന്ത ചോറിനടുത്തു നിന്ന് പാകമാകാത്ത ജീവിതത്തിൽ എന്നപോലെ ഞാൻ വീണ്ടും ആർത്തിയോടെ എന്റെ സ്വപ്നത്തെക്കുറിച്ചോർത്തു. അതിനുശേഷം പലപ്പോഴും ഞാൻ കാലുകൾ ചുഴറ്റി വായുവിലേക്കുയരുന്ന ചുവടുകൾ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ആളൊഴിഞ്ഞ റിഹേഴ്സൽ സ്‌പേസുകളിൽ വരുമ്പോഴൊക്കെയും ആ സ്റ്റെപ്പ് ഒന്ന് ചെയ്തുനോക്കിയാലെന്ത് എന്ന് പലപ്പോഴും ഞാൻ ആലോചിച്ചുപോയിട്ടുണ്ട്. പക്ഷെ എനിക്കതിന് ഒരിക്കലും ധൈര്യം വന്നില്ല. എങ്ങാനും എനിക്ക് വായുവിൽ പൊങ്ങാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയക്കും. അങ്ങനെയായാൽ എന്റെ സ്വപ്നങ്ങളെ യാഥാർഥ്യം കീഴടക്കും. സ്വപ്നത്തിൽ പോലും സന്തോഷിക്കാനുള്ള എന്റെ അവസരം നഷ്ടപ്പെടും.

എനിക്കു തോന്നുന്നത്, നന്നായി അണിഞ്ഞൊരുങ്ങി സുന്ദരന്മാരായ ഇണകളോടൊത്ത് നൃത്തം ചെയ്യാൻ സാധിക്കുന്ന പൊതുസ്ഥലങ്ങളുടെ അഭാവം കാരണം അടഞ്ഞ മുറികളിലെ സ്വകാര്യതകളിൽ സ്ത്രീകൾ ഉത്സവങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്.

ആളൊഴിഞ്ഞ റിഹേഴ്സൽ സ്‌പേസുകളിൽ കാൽ ചുഴറ്റി ഉയർന്നുപൊന്തുന്നത് ഇപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട്. സന്ധികളെ വളരെയധികം ഉപയോഗിച്ചതുകൊണ്ട് ഇപ്പോൾ കാൽമുട്ടിന് ചെറിയ തോതിൽ തേയ്മാനമുണ്ട്. ഈയിടെ സിനിമകളിലോ വീഡിയോകളിലോ ആരെങ്കിലും നന്നായി സാൽസ ഡാൻസ് ചെയ്യുന്നത് കണ്ടാൽ എനിക്ക് അസൂയ തോന്നാറുണ്ട്. എനിക്ക് അത്തരത്തിൽ ഇനി നൃത്തം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. കാൽമുട്ടുകൾക്ക്​ അധികം സമ്മർദ്ദം കൊടുക്കുന്ന പ്രവൃത്തികളിൽ നിന്ന് ഡോക്ടർ എന്നെ വിലക്കിയിരിക്കുകയാണ്. എനിക്കേറ്റവും ഇഷ്ടമുള്ള പ്രവൃത്തിയിൽ നിന്നും എന്നെ വിലക്കിയിരിക്കുകയാണ് എന്ന് ചുരുക്കം.

നൃത്തം എന്ന പദം ഒരാൾ കേൾക്കുമ്പോൾ ആദ്യം എന്തായിരിക്കും ആ ആളുടെ മനസ്സിൽ ഓടിയെത്തുന്നത്? മറ്റാരെങ്കിലും നൃത്തം ചെയ്യുന്ന ചിത്രമായിരിക്കുമോ അതോ സ്വയം നൃത്തം ചെയ്യുന്ന ഭാവനയാകുമോ അത്! എന്റെ കാര്യത്തിൽ എനിക്കത് ഹിന്ദി സിനിമകളിലെ കാബറെ ഡാൻസർ ഹെലൻ ആണത്. എന്റെ ഓർമ്മകളിലെ ആദ്യത്തെ നർത്തകിയാണവർ. കുട്ടിക്കാലത്ത് ഭയത്തോടുകൂടിയ ആരാധനയോടെയാണ്​ ഞാനവരുടെ ശരീരചലനങ്ങൾ കണ്ടിരുന്നത്. ചുറ്റും ഉമിനീർ ഒലിപ്പിച്ചിരുന്ന പുരുഷന്മാർക്കുനടുവിൽ ഒട്ടും തന്നെ കുറ്റബോധമില്ലാതെ അവർ ആടിക്കുഴഞ്ഞ് തുള്ളിത്തകർക്കുകയാണ് ചെയ്യുക. ഒട്ടും തന്നെ അച്ചടക്കമില്ലാത്ത സ്ത്രീ എന്ന നിലയിൽ, അവരെപ്പോലെ നൃത്തം ചെയ്യുന്നവർ മോശക്കാരിയാണ് എന്ന ഒരു ധാരണ കുറച്ചു മുതിർന്നപ്പോഴും എനിക്കുണ്ടായിരുന്നു. ആട്ടം എന്നത് ശരീരത്തിന്റെ പിടിച്ചുവയ്ക്കലുകളിൽ നിന്നുമുള്ള മനസിന്റെ പുറത്തേക്കുചാട്ടമാണ് എന്ന് ഞാൻ ശരീരം അനക്കി നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി. കാണികളുടെ കൂക്കുവിളികൾ വളരെ അപ്രധാനമായ ഒരു ചടങ്ങാണ് എന്നും മനസിലായി. വളരെ ആധ്യാത്മികമായൊരു തലം നൃത്താവസ്ഥയിൽ ഒരാൾ അനുഭവിക്കുന്നുണ്ട്. അടച്ചിട്ട മുറിക്കുള്ളിൽ ഒരുത്തി നൃത്തം ചെയ്യുന്ന അവസ്ഥയിൽ ഈ മനുഷ്യാവസ്ഥയിൽ നിന്നുകൂടി അവൾ പുറത്തുകടക്കുന്നുണ്ട്.

കാബറെ ഡാൻസർ ഹെലൻ

ഒറ്റയ്ക്കാകുമ്പോൾ ചില നേരങ്ങളിൽ തലയിൽ 'sway with me' എന്ന പാട്ട് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവരും. അതിലെ വരികളിൽ പറയുന്നതുപോലെ വയലിനുകൾ അവയുടെ സംഗീതം തുടങ്ങുന്നതിനു മുന്നേ തന്നെ ഞാനവ കേൾക്കാൻ തുടങ്ങും. അജ്ഞാതനായ ഒരു നർത്തകനോടൊപ്പം ഞാൻ നൃത്തം ചെയ്യാൻ തുടങ്ങും. ഇല്ലാത്ത അവന്റെ കൈകളുടെ ഓർമ്മകളിൽ വിരലുകൾ കോർത്ത് പതിയെ ആടിത്തുടങ്ങും. ഒരു സൂഫി നർത്തകിയെപ്പോലെ. അന്നേരമാണ് എനിക്ക് തീരെ സൗന്ദര്യമില്ലാതെയിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നത്. പുറത്തിറങ്ങുമ്പോൾ തീരെ മേക്ക് അപ്പ് അണിയാത്ത ഞാൻ കണ്ണാടിയുടെ മുന്നിൽപ്പോയി നിന്ന് കണ്ണെഴുതും, ചുണ്ടിൽ ചായം തേയ്ക്കും. കുറേക്കാലമായി തുറക്കാത്ത പ്ലാസ്റ്റിക് ചെപ്പ് തുറന്ന് അതിൽ പല സമയങ്ങളിലായി അടക്കം ചെയ്ത വസ്തുക്കൾ തട്ടിക്കുടഞ്ഞ് പുറത്തേക്കിടും. അതിനകത്തുള്ള ചമയത്തിനുപയോഗിക്കുന്ന വസ്തുക്കൾ ഓരോന്നായി എടുത്ത് അണിഞ്ഞുനോക്കും. മുഖവും മുടിയും അലങ്കരിച്ചാൽ അലമാരി തുറന്ന് തുണിയെല്ലാം വാരിവലിച്ചിട്ട് നിറമുള്ള ദുപ്പട്ടയോ സാരിയോ വാരിച്ചുറ്റും. ഉച്ചനേരത്തും മുറിക്കുള്ളിലെ ലൈറ്റുകൾ ഓണാക്കിയിട്ട് ജനലുകൾ എല്ലാം ഭദ്രമായി അടച്ച് ഞാൻ നൃത്തം ചെയ്യാൻ തുടങ്ങും. ഒരേ പാട്ട് തന്നെ ആവർത്തിച്ച് പ്ലേ ചെയ്ത് നൃത്തം ചെയ്ത് ക്ഷീണിക്കുമ്പോൾ അലങ്കോലമായിക്കിടക്കുന്ന മുറിയിൽ എവിടെയെങ്കിലും ചാഞ്ഞുകിടന്നുറങ്ങും. എന്റെ അടുത്ത പെൺസുഹൃത്തുക്കളുള്ള സമയങ്ങളിലാണെങ്കിൽ ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് മേക്ക് അപ്പ് ചെയ്ത്​, നൃത്തം ചെയ്​തു ക്ഷീണിച്ച് കിടന്നുറങ്ങും.

എനിക്കു തോന്നുന്നത്, നന്നായി അണിഞ്ഞൊരുങ്ങി സുന്ദരന്മാരായ ഇണകളോടൊത്ത് നൃത്തം ചെയ്യാൻ സാധിക്കുന്ന പൊതുസ്ഥലങ്ങളുടെ അഭാവം കാരണം അടഞ്ഞ മുറികളിലെ സ്വകാര്യതകളിൽ സ്ത്രീകൾ ഉത്സവങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്. എന്നാൽ അത് എല്ലായ്‌പ്പോഴും ശരിയാവണം എന്നുമില്ല. സ്ത്രീകളുടെ മാത്രം ഭാവന നിറഞ്ഞുനിൽക്കുന്ന കൂട്ടത്തിൽ പുരുഷൻ ഒരധികപ്പറ്റാവാനാണ് സാധ്യത. ഞാൻ, ഭാവനയിൽക്കണ്ട ഒരു പുരുഷനെയും ജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ല. ജീവിതത്തിലെ പുരുഷന്മാർ പല അർത്ഥത്തിലും എന്നെ നിരാശപ്പെടുത്തിയിട്ടേയുള്ളൂ.

എന്നാൽ, നിശാനൃത്തവിരുന്നുകളിൽ സുന്ദരന്മാരായ നർത്തകരുടെ ക്ഷണം സ്വീകരിക്കാൻ വിസമ്മതിക്കേണ്ടിവരുന്നത് അന്നേരങ്ങളിൽ അവർക്കും പിന്നീട് എനിക്കും ദുഃഖമുണ്ടാക്കിയിട്ടുണ്ട്. എവിടെയോ മറ്റെന്തോ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഇണയോടുള്ള വിശ്വാസ്യത നിലനിർത്താൻ മാത്രം ഞാൻ നഷ്ടപ്പെടുത്തിയ ആ അവസരങ്ങളെയും നൃത്തങ്ങളെയും ഓർത്ത് എനിക്ക് കുറ്റബോധമുണ്ട്. ഒരു നൃത്തത്തിന്റെ ദൈർഘ്യം മാത്രമുള്ള സുന്ദരമായ പ്രണയങ്ങളെ നഷ്ടപ്പെടുത്തിയ ഒരു നർത്തകി എന്ന് ഒരുപാട് ദുഃഖവും. ഇരുട്ടിലെ മിന്നുന്ന വെളിച്ചത്തിൽ എന്റെ ശരീരചലനങ്ങൾ കണ്ട് കൂടെ നൃത്തം ചെയ്തോട്ടെ എന്നുചോദിച്ച ആ മനുഷ്യരേക്കാൾ സുന്ദരന്മാരായി മറ്റാരും എന്റെ ജീവിതത്തിൽ കടന്നുവന്നിട്ടില്ല. ഒരുപക്ഷെ ഇങ്ങനെയൊക്കെയുള്ള ഒരാൾ കൂടിയായതു കാരണമായിരിക്കാം എനിക്ക് പാർട്ടിസിപ്പേറ്ററി സ്വഭാവം ഇല്ലാത്ത നൃത്തങ്ങൾ ആസ്വദിക്കാൻ കഴിയാതെ പോകുന്നത്. അതിഗംഭീരരായ നർത്തകരാണെങ്കിൽ മാത്രമാണ് സമകാലിക നൃത്തരൂപങ്ങൾ പോലും എനിക്ക് ആസ്വദിക്കാനാവുക. എന്നാൽ ഗോത്രനൃത്തരൂപങ്ങൾ എക്കാലവും എനിക്ക് പ്രിയപ്പെട്ടതാണ്.

പി.ഇ. ഉഷ അഹാഡ്​സ്​ അസിസ്റ്റൻറ്​ ഡയറക്ടറായിരുന്ന സമയത്ത് അട്ടപ്പാടിയിലെ ആദിവാസികളായ ടീനേജ് പെൺകുട്ടികൾക്കായി നടത്തിയ നാടകക്യാമ്പിൽ പരിശീലകയായി ഞാനും ഉണ്ടായിരുന്നു. ഒരു പതിനഞ്ചു വർഷമെങ്കിലും മുന്നേയുള്ള കാര്യമാണ്. തിരുവനന്തപുരത്തെ ‘നിരീക്ഷ’ സ്ത്രീ നാടകവേദിയ്ക്കായിരുന്നു അന്ന് ക്യാമ്പിന്റെ ചുമതല. അന്ന് ആ ആദിവാസിപ്പെൺകുട്ടികളോടുത്തുള്ള നാടകപരിശീലനം എനിക്ക് പുതിയ അറിവുകളാണ് തന്നത്. ഒന്നാമതായി, അവരെ അഭിനയം പഠിപ്പിക്കേണ്ട കാര്യം തന്നെയില്ല. മുൻവിധികൾ കൊണ്ട് അവർ മലിനപ്പെട്ടിരുന്നില്ല. അവരുടെ ശരീരചലനങ്ങൾക്ക് പരിധി അവർ കല്പിച്ചിരുന്നില്ല. മെതുവേ ദിനവൃത്തികൾ ചെയ്തിരുന്ന അവരോട് നാടകത്തിൽ എങ്ങനെയൊക്കെ ചലിക്കണം എന്ന് പരിശീലിപ്പിക്കാൻ തുടങ്ങിയ ഞങ്ങൾ ആ പരിപാടി തുടക്കത്തിൽ തന്നെ നിർത്തി. ഒരു പെൺകുട്ടിയോട് ഒരു വണ്ടിച്ചക്രത്തിന്റെ കറക്കം (കാർട്ട് വീൽ) ചെയ്യാമോ എന്ന് ചോദിച്ചതേയുള്ളൂ, അവൾ കയ്യും കാലും കുത്തി ഒരു തിരിച്ചിൽ. ഞാൻ കരുതിയത് അവൾക്കത് മുന്നേ ചെയ്‌ത്‌ പരിചയം കാണും എന്നാണ്. എന്നാൽ ആദ്യമായാണ് അവൾ അത് ചെയ്തത് എന്ന് അവൾ ആണയിട്ടു. അത്ര സ്വാഭാവികമായാണ് അവർ ശരീരചലനങ്ങളെ കണ്ടിരുന്നത്.

ഞാൻ സ്ത്രീകൾക്ക് വേണ്ടിയാണ്​ നൃത്തം ചെയ്യുന്നത്, പുരുഷന്മാർക്ക് വേണ്ടിയല്ല എന്ന് തുർക്കിഷ് ഗായകനായ റ്റാക്കൻ പറയുമ്പോൾ മറ്റു ജീവജാലങ്ങളോടൊപ്പം നമ്മളും പ്രജനന-ആനന്ദ പ്രക്രിയയിൽ സത്യസന്ധത പുലർത്തുന്നു എന്ന് തോന്നിയിട്ടുണ്ട്.

നഗരജീവിതം അറിഞ്ഞിരുന്ന എനിക്ക് ശരീരഭാഷ എന്നത് ഒരു പ്രകടനത്തിന്റെ ഭാഷയായി മാത്രം ഉള്ളിൽ കുടുങ്ങിപ്പോയിരുന്നു. അവരെക്കണ്ടാണ് നൃത്തം എന്നത് ഒരു ജൈവികപ്രവൃത്തിയാണെന്ന് ഞാൻ മനസിലാക്കുന്നത്. അന്നവിടെ നടന്ന റാഗി വിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവത്തിൽ പങ്കെടുക്കുവാൻ കിലോമീറ്ററുകൾ താണ്ടി ഞങ്ങൾ കാട്ടിനുള്ളിലെ ഒരു ഊരിലെത്തി. റാഗി കൊണ്ടുള്ള പലതരം വിഭവങ്ങളുടെ പങ്കിടലിനുശേഷം കൊട്ടുകാർ പുറത്ത് തീകൂട്ടി പെറെ, ധവിൽ പോലുള്ള സംഗീതോപകരണങ്ങൾ തീയിൽ ചൂടാക്കി തുകൽ മുറുക്കിയെടുത്തു. ശേഷം പതിയെ കൊട്ടുയർന്നപ്പോൾ ഒരുഭാഗത്തെ ഇരുട്ടിൽ നിന്നും മാലപോലെ ഊരിലെ ആളുകൾ ഒന്നൊന്നായി ചുവടുവച്ചുവന്ന് തീയ്ക്കുചുറ്റും നൃത്തം ചവുട്ടി. താളം അയയുകയും മുറുകിയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് ഞങ്ങളെയും നൃത്തത്തിന് ക്ഷണിച്ചു. പുറത്തിരുന്നു കണ്ടുകൊണ്ടിരുന്നപ്പോൾ എത്ര ലളിതമായ നൃത്തം എന്ന് തോന്നിയിരുന്നു. എല്ലാവർക്കും ഒരേ പോലെ ഭാരക്കുറവുള്ളതുപോലെ, ഒരിക്കലും തെറ്റാത്ത ഗോത്രതാളത്തിൽ നിരന്തരമായ ചുവടുവയ്പ്പുകൾ. പ്രാചീനമായ ഒരു ജീവോർജ്ജം ആ മനുഷ്യരെയും നൃത്തത്തെയും ചൂഴ്ന്നുനിന്നു. ഇടയ്ക്ക് ആവേശം കയറി ഞാനവരുടെ കൂടെ നൃത്തം ചവുട്ടി. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരു കാര്യം മനസിലായി, പുറത്തിരുന്നു കണ്ടതുപോലെ എളുപ്പമല്ല എനിക്ക് ആ നൃത്തം ചവുട്ടൽ. ഓരോ താളവട്ടത്തിലും ചുവടുകൾ മാറുന്നു. ആരാണ് മാറ്റുക എന്നത് ആ നൃത്തം ചെയ്യുന്നവർക്ക് വരെ അജ്ഞാതമായിരിക്കും. നൃത്തത്തിന്റെ ഇടയിൽ ഒരാൾ ചുവടുമാറ്റും മറ്റുള്ളവർ താമസംവിനാ ആ ചുവടിലേക്കു പരിണമിക്കും. ഇതെങ്ങനെ സാധ്യമാകുന്നു? ഓരോ ആവൃത്തിയിലും ആ നൃത്തത്തെ നയിക്കുന്നയാൾ മാറുന്നു. എല്ലാ പ്രജകളും ഏതെങ്കിലും ഒരു നിമിഷത്തിൽ രാജാവായി മാറുന്നപോലെ.

അവിടെ പുറത്തുനിന്നുവന്ന ഞങ്ങൾ മാത്രമേ കാണികളായി ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കാണികൾ ഇല്ലാത്ത, പങ്കുചേരുന്നവരുടെ മാത്രം ഒരു കൂട്ടമായിരുന്നേനെ അത്. അതാണ് ആ നൃത്തത്തിന്റെ പ്രത്യേകതയും. അത് ഒരു സമൂഹത്തിന്റെ ചലനമായിരുന്നു. എന്റെ നൃത്തം, എന്റെ ശരീരം എന്ന് ബോധമുള്ള ഒരു ആധുനിക സ്ത്രീയുടെ ധാർഷ്ട്യത്തിന് ആ ലാളിത്യത്തിന്റെ, ആ പങ്കുവയ്ക്കലിന്റെ ഊർജ്ജം തീരെ അപരിചിതമായിരുന്നു. കുറച്ചുനേരം അവരുടെ കൂടെ നൃത്തം ചെയ്തപ്പോൾ തന്നെ ഞാൻ തളർന്നു. വളരെ കുറഞ്ഞ വിഭവങ്ങളിൽമാത്രം ജീവിതം തള്ളിനീക്കുന്ന ആ മെലിഞ്ഞ മനുഷ്യർ അവരുടെ ഭാരമില്ലായ്മയും തളർച്ചയില്ലായ്മയും കൊണ്ട് എന്നെ തോൽപ്പിച്ചുകളഞ്ഞു. ജീപ്പിൽ തിരികെ മലയിറങ്ങുമ്പോഴും ദൂരെ അവരുടെ തപ്പുമേളവും പാട്ടും കേട്ടുകൊണ്ടുതന്നെയിരുന്നു. ക്ഷീണമില്ലാത്ത നർത്തകർ രാത്രിയെയും തോൽപ്പിച്ചോടിച്ചുകൊണ്ടിരുന്നു.

മൈക്കിൾ ജാക്സൻ ഒരു ഇതിഹാസമാകുന്നത് എങ്ങനെയെന്നാൽ, അയാളെക്കടന്നു വന്ന ഏതൊരു പാട്ടുകാരനും നർത്തകനും അയാളെന്ന ഭൂതത്തിന്റെ പിടിയിൽ നിന്ന്​ രക്ഷപ്പെട്ടില്ല എന്നയിടത്താണ്.

ഞാൻ സ്ത്രീകൾക്ക് വേണ്ടിയാണ്​ നൃത്തം ചെയ്യുന്നത്, പുരുഷന്മാർക്ക് വേണ്ടിയല്ല എന്ന് തുർക്കിഷ് ഗായകനായ റ്റാക്കൻ (Tarkan) പറയുമ്പോൾ മറ്റു ജീവജാലങ്ങളോടൊപ്പം നമ്മളും പ്രജനന-ആനന്ദ പ്രക്രിയയിൽ സത്യസന്ധത പുലർത്തുന്നു എന്ന് തോന്നിയിട്ടുണ്ട്. മാർക്കറ്റിൽ എന്ത് വിൽക്കുന്നു എന്നതിനനുസരിച്ച് മാത്രം ശരീരപ്രകടനങ്ങൾ ചിട്ടപ്പെടുത്തുന്ന സ്ത്രീപുരുഷന്മാർക്ക് അത്തരം സത്യസന്ധത അരോചകമായിത്തീർന്നെന്നു വരാം. സ്ത്രൈണസ്വഭാവമുള്ള നൃത്തമാണ് അയാളുടേത് എന്നുകുറ്റപ്പെടുത്തി പുരുഷന്മാർ ആ പാട്ടുകാരനെ അവഹേളിക്കാൻ മുതിർന്നപ്പോൾ സ്ത്രീകളായ ആരാധകർ അയാൾക്ക്‌ വർധിച്ചതേ ഉള്ളൂ.
‘നമുക്ക് ദിനേന വിഷമിക്കാനുള്ള കാര്യങ്ങൾക്കു യാതൊരു കുറവുമില്ല. എന്റെ പാട്ടുകൾ കേട്ട് മനുഷ്യർ നൃത്തം ചെയ്യുന്നുണ്ടെങ്കിൽ അതാണ് എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ഞാൻ പാട്ടുകൾ പാടുന്നത് മറ്റു മനുഷ്യരെ നൃത്തം ചെയ്യിക്കാൻ കൂടിയാണ്. അങ്ങനെയുള്ള പാട്ടുകൾ പാടാനാണ് എനിക്കേറ്റവും ഇഷ്ടം.’
അരക്കെട്ടിളക്കി ഒരു ബെല്ലിഡാൻസറെപ്പോലെ തിരമാലകളിളകുന്ന ഒരു കടൽ പോലെ ആടിയുലഞ്ഞ് അയാൾ പാടുന്നത് കാണുമ്പോൾ ഞാൻ ഓർക്കുന്നത് എനിക്കിഷ്ടമുള്ള മിക്ക ആട്ടക്കാരും നന്നായി പാടും എന്നതാണ്. വാക്കുകളും ചുവടാട്ടവും ശരീരവും ഒരുമിച്ചു ചേരുന്ന പെർഫോമൻസുകളാണ് എന്നെ പൊതുവെ പിടിച്ചിരുത്തിയിട്ടുള്ളത്. മൈക്കിൾ ജാക്ക്സൺ, എൽവിസ് പ്രെസ്ലി, മിക്ക് ജാഗർ, ടീന ടർണർ, ജെയിംസ് ബ്രൗൺ, ഇങ്ങനെ കുറേപ്പേരുണ്ട്.

തുർക്കിഷ് ഗായകന്‍ റ്റാക്കൻ

ഈ ലിസ്റ്റിൽ മൈക്കിൾ ജാക്സൺ ഒഴിച്ചുള്ള മറ്റുള്ളവരെല്ലാം തന്നെ ഒരു ആഫ്രിക്കൻ വെളിച്ചപ്പാടിന്റെ ദൈവികതുള്ളലിന്റെ അനുഗ്രഹം കിട്ടിയവരാണ്. അവരുടെ സംഗീതം; അവരുടേതു മാത്രമായ അഭൗമായ താളം ചവുട്ടൽ. അവർ പാടിത്തീരുന്നത് അവർ അറിയുന്നില്ല എന്ന് തോന്നും. പാടുന്നവരും കേൾക്കുന്നവരും ആ ആഭിചാരത്തിൽ പങ്കുചേർന്നുപോകും. പാട്ടിൽ നിന്ന്​ നൃത്തം വേറിട്ടുനിൽക്കുന്ന ഒന്നല്ല. പാടിയാൽ ആടിപ്പോകുന്നതരം തെയ്യങ്ങൾ ആണവർ. മൈക്കിൾ ജാക്സൻ ഒരു ഇതിഹാസമാകുന്നത് എങ്ങനെയെന്നാൽ, അയാളെക്കടന്നു വന്ന ഏതൊരു പാട്ടുകാരനും നർത്തകനും അയാളെന്ന ഭൂതത്തിന്റെ പിടിയിൽ നിന്ന്​ രക്ഷപ്പെട്ടില്ല എന്നയിടത്താണ്.
ഭൂമിയിലിരിക്കെ, ചന്ദ്രനിൽ നടന്ന മനുഷ്യനാണയാൾ.

എങ്കിലും പെർഫോർമർ എന്ന നിലയ്ക്ക് എനിക്ക് മിക്ക് ജാഗറെപ്പോലെ പ്രവചനാതീതമായ ചലനങ്ങളോടെ സ്റ്റേജിൽ ഓടിനടക്കാനാണിഷ്ടം, കുട്ടികളെപ്പോലെ. ജാപ്പനീസ് ക്ലാസിക്കൽ കലയായ ‘നോ’ (Noh) തിയേറ്റർ പറയുന്നത് ആറു വയസിനു താഴെയുള്ള കുട്ടികളും അറുപതു വയസിനു മുകളിലുള്ള വൃദ്ധർക്കും സ്റ്റേജിൽ ‘അഭിനയിക്കേണ്ട’തായി വരില്ല എന്നാണ്. അത്രയ്ക്കും നൈസർഗികമായിരിക്കും ആ കലാകാരരുടെ ചലനങ്ങൾ എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. മിക്ക് ജാഗറുടെ പെർഫോർമൻസുകൾ അത്തരത്തിലുള്ളവയാണ്. കുട്ടികളുടേതു പോലെ പ്രവചനാതീതമായ ചലനങ്ങൾ, മുഖഭാവങ്ങൾ. അയാളെ അനുകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഭക്ഷണശേഷം ഒരു മുയൽ ചാടിയോടുന്നതുപോലെയോ ഒരിടവേളയ്ക്കു ശേഷം ഒരു ജലാശയം കണ്ട ജലപ്പക്ഷിയുടെയോ പോലുള്ള ആവേശം നിറഞ്ഞ ചലനങ്ങൾ. ഇന്ത്യൻ പ്ലേയ്‌ബാക്ക് പാട്ടുകൾക്കൊത്ത് ചുവടു വയ്ക്കുന്ന നർത്തകർക്ക് പൊതുവെ ഇല്ലാതെപോകുന്നൊരുത്തരം നൈസർഗികത മിക്ക് ജാഗർ അല്ലെങ്കിൽ റ്റാക്കനെ പോലുള്ള കലാകാർക്കുണ്ട്. ഇതൊരു അടച്ചാക്ഷേപം അല്ല. ടിക് ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രശസ്തരല്ലാത്ത പല നർത്തകരെയും അത്തരം ഗുണങ്ങളോടെ ഞാൻ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്.

സ്ത്രീകൾ പൊതുവെ കുറ്റബോധമില്ലാതെ നൃത്തം ചെയ്യാൻ പ്രാപ്തരാണ് എന്ന് എനിക്ക് ബോധ്യമുള്ളതാണ്. എന്നാൽ സഹജമായ ആ വാസനയെ മെരുക്കാൻ നൂറ്റാണ്ടുകളോളം പുരുഷന്മാർ പണിപ്പെട്ടിട്ടുണ്ട്.

എങ്കിലും സ്വന്തം സംഗീതത്തിനൊത്ത് ചുവടുവയ്ക്കുന്ന കലാകാരർക്കു മറ്റൊരു മാനം തന്നെ ഉണ്ടെന്നു ഞാൻ കരുതുന്നു. അങ്ങനെയല്ലാതെ എനിക്കിഷ്ടമുള്ള ചില നടന്മാരുണ്ട്, സിനിമകളിൽ അത്തരത്തിൽ നൃത്തം ചെയ്തു കണ്ടിട്ടുള്ളത്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ദോനി ലവോ (Denis Lavant) ആണ്. ക്ലെയ ഡെനി (Claire Denis ) എന്ന സംവിധായികയുടെ ബൂ ത്രവേയിൽ (Beau Travail) എന്ന സിനിമയിലെ അവസാനരംഗത്തിലെ പെർഫോമൻസ് ആണ് ഒന്ന്. dance of death എന്ന് വിശേഷിപ്പിക്കപ്പെട്ട ആ നൃത്തസീൻ ഒരുപക്ഷെ ദോനി ലാവോയെപ്പോലുള്ള ഒരു തിയറ്റർ നടനു മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളൂ. Rhythm of Life എന്ന പാട്ട് മരണത്തിനായി തിരഞ്ഞെടുത്തത് ക്ലെയ ഡെനി എന്ന സംവിധായികയുടെ സംവിധാനമികവ് കൂടിയാണ്. അതേ സിനിമയുടെ ഓപ്പണിങ് സീനിൽ അവർ എനിക്ക് പ്രിയപ്പെട്ട തുർക്കിഷ് പാട്ടുകാരനായ ടാക്കന്റെ പാട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ലിയൂസ് കരാക്സ് സംവിധാനം ചെയ്ത Mauvais Sang എന്ന സിനിമയിൽ, താൻ പ്രണയത്തിലാണ് എന്ന് തിരിച്ചറിഞ്ഞ ദോനി ലാവോയുടെ കഥാപാത്രം സ്ട്രീറ്റിലേക്ക്​ ഓടിയിറങ്ങുന്ന ഒരു സീനുണ്ട്. പല കരണങ്ങൾ മറിഞ്ഞ് റോഡിലൂടെ ഓടുന്ന ആ കാമുകന്റെ നൃത്തം പോലെ മനോഹരമായ ഒരു സീൻ സിനിമാചരിത്രത്തിൽ മറ്റൊന്നുണ്ടാവില്ല. Another Round (DRUK) എന്ന സിനിമയിലെ Mads Mikkelsen എന്ന ഡാനിഷ് നടന്റെ നൃത്തമാണ് എനിക്കിഷ്ടമുള്ള മറ്റൊരു പെർഫോമൻസ്. സംഗീതനൃത്ത പ്രാധാന്യമുള്ള ധാരാളം സിനിമകൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഈ രണ്ടു നടന്മാരുടെയും മനഃപൂർവ്വമല്ലെന്നു തോന്നിക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപന സ്വഭാവമുള്ള (liberating ) ശരീരഭാഷ എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്.

സ്ത്രീകൾ പൊതുവെ കുറ്റബോധമില്ലാതെ നൃത്തം ചെയ്യാൻ പ്രാപ്തരാണ് എന്ന് എനിക്ക് ബോധ്യമുള്ളതാണ്. എന്നാൽ സഹജമായ ആ വാസനയെ മെരുക്കാൻ നൂറ്റാണ്ടുകളോളം പുരുഷന്മാർ പണിപ്പെട്ടിട്ടുണ്ട്. അങ്ങനെ അന്യാധീനപ്പെട്ടതാണ് അവളുടെ നൃത്തം. ആധുനികം എന്ന് പറയുന്ന ഈ കാലഘട്ടത്തിലും സ്ത്രീകൾ അവരുടെ ശരീരഭാഷയെപ്പറ്റി തികച്ചും ബോധവതികളാണോ എന്ന സംശയം എനിക്കുണ്ടാവാറുണ്ട്. മാർക്കറ്റിനുവേണ്ടി ഒരുക്കിയ ശരീരങ്ങൾ ആടിപ്പാടുന്നതിന് സമാന്തരമായി, മറ്റൊരുധാര ഇന്ത്യ പോലൊരു രാജ്യത്ത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. സമാന്തരമായി നിന്നിരുന്ന ശരീരഭാഷകൾ കൂടി ബോളിവുഡ് ടോളിവുഡ് സൗന്ദര്യമൂല്യങ്ങളിലേക്ക് ചേക്കേറുന്നതായാണ് കാണുന്നത്. വളരെ സാദ്ധ്യതകൾ ഉണ്ടെന്നു പറയുന്ന ഇന്റർനെറ്റ് സ്‌പേസിലും അത്തരം ശരീരബോധം മുഴച്ചുനിൽക്കുന്നതായാണ് ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. അത്തരമൊരു കുഴിച്ചു നോക്കലിനും ന്യായാന്യായവിചിന്തനത്തിനും എന്റെ ജീവിതം തീരെ ചെറുതായതുകൊണ്ട് ഞാൻ എന്റെ സ്വകാര്യതയിൽ നൃത്തം ചെയ്യുന്നു. നന്നായി നൃത്തം ചെയ്യുന്നവരെ കണ്ടാസ്വദിക്കുന്നു. പ്രത്യക്ഷത്തിൽ ചുവടുവയ്ക്കാത്തവരുടെ ജീവിതത്തിലോ പ്രവൃത്തിയിലോ നൃത്ത-സംഗീതത്തിന്റെ ഉണർവ്വ് കണ്ടാൽ അവരെ തേടിപ്പിടിക്കാൻ ശ്രമിക്കുന്നു. അത്രമാത്രം.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments