ആർട്ടിക് സമുദ്രോപരിതലത്തിൽ കിടക്കുന്ന യു.എസ്.എസ് ഹൊണോലുലുവിനെ (യു.എസ് ആണവോർജ്ജ അന്തർവാഹിനി) സമീപിക്കുന്ന ധ്രുവക്കരടികൾ / Photo: Wikimedia Commons

വൻശക്​തികളുടെ ആർട്ടിക്​ തന്ത്രങ്ങൾ

റഷ്യ, യു.എസ്​, ചൈന തുടങ്ങിയ വൻശക്​തികളുടെ ബലാബലത്തിൽ ആർട്ടിക് പ്രദേശം വലിയ അധികാര വടംവലികളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണ്​

21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിന് ചുറ്റുമുള്ള ആർട്ടിക് പ്രദേശം ആഗോള ഭൂരാഷ്ട്രതന്ത്ര (geopolitics) താൽപര്യങ്ങളുടെ ആകർഷണകേന്ദ്രമായി മാറി. പ്രദേശത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ചൈനയെ പോലുള്ള രാജ്യങ്ങൾക്കു പോലും ആർട്ടിക്കിന്റെ വളർന്നു വരുന്ന ഭൂ സാമ്പത്തിക പ്രകൃതിയിൽ വലിയ നിക്ഷേപമാണുള്ളത്. ആർട്ടിക് പ്രദേശത്തിന്റെ ഭൂരാഷ്ട്രതന്ത്രത്തിൽ വർധിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ പങ്കിനെക്കുറിച്ചും, റഷ്യയും ചൈനയും തമ്മിലുള്ള സംയുക്ത സംരഭങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് യു.എസും യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരുന്നു. വൻശക്തികൾ തങ്ങളുടെ ആർട്ടിക് കാര്യനയം പുനർരൂപീകരിക്കുന്ന സാഹചര്യത്തിൽ, പുതിയ ആർട്ടിക് നയവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ആർട്ടിക് പ്രദേശം വലിയ അധികാര വടംവലികളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ നീക്കങ്ങളെല്ലാം തന്നെ സൂചിപ്പിക്കുന്നത്. കാനഡ, ഗ്രീൻലാൻഡ് (ഡെൻമാർക്ക്​), ഐസ്‌ലാൻഡ്, നോർവെ, ഫിൻലാൻഡ്, റഷ്യ, യു.എസ് തുടങ്ങി എട്ടു രാജ്യങ്ങളുടെ വടക്കൻ മേഖലകളും, ആർട്ടിക് സമുദ്ര തടവും അടങ്ങിയതാണ് ആർട്ടിക് വൃത്തത്തിലെ പ്രദേശങ്ങളുടെ കൂട്ടായ്മയായി അറിയപ്പെടുന്ന ആർട്ടിക്. 1996ൽ സ്ഥാപിതമായ ഇന്റർ ഗവണ്മെന്റൽ ഫോറമായ ആർട്ടിക് കൗൺസിലിൽ അംഗങ്ങളാണ് ആർട്ടിക് സ്റ്റേറ്റ്‌സ് ആയ മേൽ പറഞ്ഞ രാജ്യങ്ങൾ.

ഭൂമിയുടെ ഉത്തരധ്രുവ വൃത്തം കേവലം മഞ്ഞുമൂടിക്കിടക്കുന്ന ഭൂപ്രദേശം മാത്രമല്ല. ഹിമക്കടൽ, ഹിമാനികൾ (ഗ്ലേഷ്യർ), പർവ്വതങ്ങൾ, തീരപ്രദേശ തണ്ണീർത്തടങ്ങൾ, അപ്‌ലാൻഡ്‌ തുന്ദ്ര, വിസ്താരമുള്ള പുഴകൾ, കടൽ തുടങ്ങി വിവിധ പ്രകൃതി സാന്നിധ്യങ്ങൾ ആർട്ടിക് ഭൂപ്രദേശത്തിന്റെ ഭാഗമാണ്. സമുദ്രങ്ങളിൽ ഏറ്റവും ചെറുതാണെങ്കിൽ പോലും ആർട്ടിക് സമുദ്രം (ആറു ദശലക്ഷം ചതുരശ്ര മൈലുകൾ) യു.എസിന്റെ ഭൂപ്രദേശത്തെക്കാൾ വലുതാണ്. ഭൂമിയിലെ ശുദ്ധജല വിതരണത്തിന്റെ 20 ശതമാനവും ആർട്ടിക് ഹിമാനികളിൽ നിന്നും, ഹിമശിലകളിൽ നിന്നുമാണ്.

ആർട്ടിക് പ്രദേശം ഇന്ന് നിരവധി ഭീഷണികളാണ് നേരിടുന്നത്. കാലാവസ്ഥ വ്യതിയാനമാണതിൽ പ്രധാനം. എണ്ണ- വാതക വ്യവസായ സംരഭങ്ങൾ, ഖനനം, കപ്പൽ ഗതാഗതം തുടങ്ങി മറ്റനവധി ഭീഷണികളും പ്രദേശം നേരിടുന്നു.

വിവിധ ജീവജാലങ്ങളുടെ സമ്പന്ന ശേഖരം കൂടിയാണ് ആർട്ടിക് പ്രദേശം. സവിശേഷമായ പാരിസ്ഥിക സ്ഥിതി കൊണ്ടും ദശലക്ഷക്കണക്കിന് തദ്ദേശീയ ജനവിഭാഗങ്ങളുടെ ആവാസവ്യവസ്ഥ ആകയാലും ആർട്ടിക്കിന്റെ ജൈവവൈവിധ്യം വിശേഷപ്പെട്ടതായി തീരുന്നു. സമ്പന്നമായ സമുദ്ര ആവാസവ്യവസ്ഥയും പ്രദേശത്തിന് സ്വന്തമായുണ്ട്. എന്നാൽ, ആർട്ടിക് പ്രദേശം ഇന്ന് നിരവധി ഭീഷണികളാണ് നേരിടുന്നത്. കാലാവസ്ഥ വ്യതിയാനമാണതിൽ പ്രധാനം. എണ്ണ- വാതക വ്യവസായ സംരഭങ്ങൾ, ഖനനം, കപ്പൽ ഗതാഗതം തുടങ്ങി മറ്റനവധി ഭീഷണികളും പ്രദേശം നേരിടുന്നു. പ്രദേശത്തെ താപനില ഭയപ്പെടുത്തുന്ന വിധത്തിൽ വർധിക്കുകയാണെന്നും, താപനിലയിലെ ചെറിയ മാറ്റം പോലും ആർട്ടിക്കിനെ ഭൂമിക്ക് മൊത്തം ഭീഷണിയാകുന്ന പ്രദേശമാക്കി മാറ്റുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേൽപറഞ്ഞ ഭീഷണികളിലേക്കാണ് പരസ്പര അധികാര മത്സരം കടന്നുവരുന്നത്.

വൻശക്തികളെ ആർട്ടിക്കിലേക്ക് ആകർഷിക്കുന്ന ഘടകം തീർച്ചയായും, എണ്ണയുടേയും പ്രകൃതി വാതകങ്ങളുടേയും സമൃദ്ധ നിക്ഷേപമാണ്. നിക്കൽ, ചെമ്പ് അയിര്, രത്‌നക്കല്ലുകൾ തുടങ്ങിയ ധാതുപദാർത്ഥങ്ങളുടെ ശേഖരവും പ്രദേശത്തുണ്ട്. ഭൂമിയിൽ പര്യവേഷണം ചെയ്യപ്പെടാതെ കിടക്കുന്ന പെട്രോളിയം വിഭവങ്ങളുടെ 13 ശതമാനവും, അപ്രയുക്തമായി കിടക്കുന്ന പ്രകൃതിവാതകളുടെ 30 ശതമാനവും ആർട്ടിക് പ്രദേശത്തെ എണ്ണ, വാതക നിക്ഷേപങ്ങളാണെന്നാണ് കണക്ക്1. റഷ്യ, യു.എസ് പോലുള്ള വൻശക്തികൾക്ക് ആർട്ടിക് പ്രദേശത്ത് ഇപ്പോൾ തന്നെ ബൃഹത്തായ പദ്ധതികളുണ്ട്. ഉദാഹരണത്തിന്, റഷ്യയുടെ നാലിലൊന്ന് എണ്ണ വാതക സാന്ദ്രീകൃത ശേഖരവും, വാതക ശേഖരത്തിന്റെ 70 ശതമാനവും റഷ്യയിലെ ആർട്ടിക് പ്രദേശത്താണ്. മാത്രമല്ല, റഷ്യ തങ്ങൾക്കാവശ്യമായ 83 ശതമാനം വാതകവും, 12 ശതമാനം എണ്ണയും ഉത്പാദിപ്പിക്കുന്നതും ആർട്ടിക്കിൽ നിന്നു തന്നെ2.

ആർട്ടിക്കിലെ വടക്കു കിഴക്കൻ, വടക്കു പടിഞ്ഞാറൻ, വടക്കൻ ഇടനാഴികളെ കാണിക്കുന്ന ഭൂപടം / Photo: Wikimedia Commons

അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ അലാസ്‌കയിൽ നിരവധി എണ്ണ ക്കമ്പനികൾക്ക് വർഷാവർഷം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ഉത്പാദിപ്പിക്കാനും കയറ്റി അയക്കാനുമുള്ള പ്രൊജക്ടുകളുണ്ട്. ഉദാഹരണത്തിന്, യു.എസിലെ വലിയ എണ്ണപ്പാടങ്ങളിൽ ആറു ശതമാനവും, ഏറ്റവും വലിയ 100 പ്രകൃതി വാതക പാടങ്ങളിൽ ഒരെണ്ണവും അലാസ്‌കയുടെ വടക്കൻ ചരിവുകളിലാണ്. ആർട്ടിക്കിന്റെ ലോലമായ ആവാസവ്യവസ്ഥയും, അഗമ്യതയും പ്രതികൂലകാലാവസ്ഥയും കാരണം ചോർച്ചകൾ പരിശോധിക്കുന്നതിലും പരിഹരിക്കുന്നതിലുമുള്ള പ്രയാസങ്ങൾ മൂലം ഇത്തരം പ്രവർത്തനങ്ങൾ വരുത്തിത്തീർക്കാനുള്ള പാരിസ്ഥിതിക ആഘാതം ഗൗരവതരമായിരിക്കുമെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് ആർട്ടിക് നയത്തിൽ പ്രതിപാദിച്ച ‘കേന്ദ്ര ഇടനാഴി' എന്ന സങ്കൽപനം ആർട്ടിക് രാജ്യങ്ങളുടെ പൊതുനയ രേഖകളിൽ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധിക്കണം.

വടക്കുപടിഞ്ഞാറൻ യാത്രാമാർഗം യൂറോപ്പിനും ഏഷ്യക്കുമിടയിലെ ഏറ്റവും ലാഭകരമായ ഇടനാഴിയായി തുടരുന്നത് ആർട്ടിക്കിന്റെ തന്ത്രപരമായ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ഇടനാഴികൾ വർഷം മുഴുവൻ ഹിമരഹിതമായി കിടന്നാൽ കപ്പൽഗതാഗത സമയം 40 ശതമാനത്തോളം ചുരുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം4. പ്രസ്തുത കപ്പൽ ഗതാഗത ഇടനാഴികളുടെ സാധ്യകളെ തിരിച്ചറിഞ്ഞ ചൈന, 2018 ജനുവരിയിൽ പ്രസിദ്ധീകരിച്ച ആർട്ടിക് നയത്തിൽ5 ട്രാൻസ് ആർട്ടിക് ഇടനാഴിയെ ‘കേന്ദ്ര ഇടനാഴി' എന്നാണ് വിശേഷിപ്പിക്കുന്നത്. ആർട്ടിക് വൃത്തവുമായി ഏറ്റവും അടുത്തു കിടക്കുന്ന continental state-കളിൽ ഒന്നെന്ന നിലക്ക് സ്വയം ‘ആർട്ടിക് സമീപപ്രദേശം' എന്നാണ് ചെെന വിശേഷിപ്പിക്കുന്നത്. ചെെന മുൻകെെയെടുത്ത് തുടങ്ങിവെച്ച സിൽക് റോഡ് ഇക്കണോമിക് ബെൽറ്റും 21-ാം നൂറ്റാണ്ടിലെ മാരിടൈം സിൽക് റോഡും (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) പോലുള്ള സുപ്രധാന സഹകരണ സംരംഭങ്ങൾ, സംയുക്തമായി പോളാർ സിൽക് റോഡ് നിർമിക്കാൻ മുന്നോട്ടു വരുന്ന കക്ഷികൾക്ക് പ്രയോജനപ്പെടുമെന്നും, ഇത് ആർട്ടിക്കിന്റെ സുസ്ഥിര സാമൂഹിക സാമ്പത്തിക വികസനം സാധ്യമാക്കുമെന്നും പറയുന്നുണ്ട്. ചൈനീസ് പോളിസി ഡോക്യുമെന്റിൽ പറയുന്നതിങ്ങനെയാണ്: വടക്കുപടിഞ്ഞാറൻ ഇടനാഴി, വടക്കുകിഴക്കൻ ഇടനാഴി, കേന്ദ്ര ഇടനാഴി എന്നിവ അടങ്ങിയതാണ് ആർട്ടിക്കിലെ കപ്പൽ മാർഗങ്ങൾ. ആഗോളതാപനത്തിന്റെ ഫലമായി, ആർട്ടിക്കിലെ കപ്പൽഗതാഗത മാർഗങ്ങൾ അന്താരാഷ്ട്ര വാണിജ്യത്തിന് പ്രധാനപ്പെട്ടവയായി മാറാൻ സാധ്യതയുണ്ട്. ആർട്ടിക് കപ്പൽഗതാഗത മാർഗം വികസിപ്പിച്ച് പോളാർ സിൽക് റോഡ് നിർമ്മിക്കാൻ എല്ലാ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കാമെന്നാണ് ചൈനയുടെ പ്രതീക്ഷ. പ്രസ്തുത പാതയ്ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ നിർമാണവും, പരീക്ഷണാടിസ്ഥാനത്തിൽ വാണിജ്യ പര്യടനം നടത്തുന്നതിനും ചൈനയുടെ പ്രോത്സാഹനമുണ്ടാവും. ആർട്ടിക് കപ്പൽ യാത്രാമാർഗത്തിലൂടെയുള്ള ജലഗതാഗത സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് ചൈന കൽപ്പിക്കുന്നത്. ഈ യാത്രാമാർഗങ്ങളെ കുറിച്ച് ചൈന സജീവമായി പഠനങ്ങൾ നടത്തുകയും ആർട്ടിക്കിലെ ഗതിനിയന്ത്രണവും (navigation), സുരക്ഷയും, ലോജിസ്റ്റിക്കൽ ശേഷിയും മെച്ചപ്പെടുത്തുന്നതിന്​ ഹൈഡ്രോഗ്രാഫിക് സർവേകൾ നിരന്തരം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.6

ചൈനീസ് ആർട്ടിക് നയത്തിൽ പ്രതിപാദിച്ച ‘കേന്ദ്ര ഇടനാഴി' എന്ന സങ്കൽപനം ആർട്ടിക് രാജ്യങ്ങളുടെ പൊതുനയ രേഖകളിൽ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധിക്കണം. നോർവെയുടെ ആർട്ടിക് നയത്തിൽ വടക്കുകിഴക്കൻ ഇടനാഴിയെ കുറിച്ചും, വടക്കുപടിഞ്ഞാറൻ ഇടനാഴിയെക്കുറിച്ചും മാത്രമാണ് പരാമർശം. ‘അറ്റ്‌ലാന്റിക്കിനും പസഫിക്കിനും ഇടയിലുള്ള വിപണകളിലേക്കുള്ള ഗതാഗതത്തിന് ഉചിതമായവ’ എന്നാണ് ഇവയെക്കുറിച്ച് പറയുന്നത്. മറ്റൊരു ആർട്ടിക് രാജ്യമായ കാനഡ വടക്കുപടിഞ്ഞാറൻ ഇടനാഴിയെക്കുറിച്ച് ഒരു പരാമർശവും നടത്തുന്നില്ല. അതേസമയം റഷ്യയും ഐസ്‌ലാൻഡും മറ്റു രാജ്യങ്ങളും വടക്കൻ കടൽമാർഗം എന്നു മാത്രമാണ് പരാമർശിക്കുന്നത്.

റഷ്യ സന്ദർശനത്തിനിടെ ഷി ജിൻപിങ്ങും വ്‌ളാദിമിർ പുടിനും (2015, മെയ്) / Photo: Wikimedia Commons

വളർന്നു കൊണ്ടിരിക്കുന്ന ആർട്ടിക് ഭൂരാഷ്ട്രതന്ത്രത്തിൽ റഷ്യയും ചൈനയും തമ്മിൽ കൂട്ടുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. റഷ്യൻ ആർട്ടിക്കിലെ കപ്പൽഗതാഗതത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അവരുടെ സമഗ്രമായ പങ്കാളിത്തത്തിന്റേയും തന്ത്രപരമായ പരസ്പര വ്യവഹാരത്തിന്റെയും ഭാഗമാണ്. ആഴക്കടലിൽ സഞ്ചാരയോഗ്യവും സുരക്ഷിതവുമായ ജലഗതാഗത മാർഗങ്ങളുടെ വികസനം ഉറപ്പു വരുത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്, മാത്രമല്ല കൂടുതൽ കേവുഭാരമുള്ള ടാങ്കറുകളും എസ്‌ബ്രേക്കറുകളും (മഞ്ഞ് തകർത്ത് സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലുകൾ) നിർമ്മിക്കുന്നതിനായി ചേർന്നു പ്രവർത്തിക്കുന്നുമുണ്ട്7.

പോളാർ പഠന വിദഗ്ധ മിയ ബെന്നറ്റ് എഴുതുന്നത് ഇങ്ങനെയാണ്: ""ട്രാൻ പോളാർ ഇടനാഴി എന്ന ആശയത്തെക്കുറിച്ച് ഉദ്‌ഘോഷിക്കാനുള്ള ചൈനയുടെ ശ്രമം ഭൂരാഷ്ട്രതന്ത്ര ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമാണ്. വടക്കു കിഴക്കൻ, വടക്കു പടിഞ്ഞാറൻ ഇടനാഴികളെ അപേക്ഷിച്ച് ട്രാൻപോളാർ ഇടനാഴി കടന്നു പോകുന്നത് കൂടുതലും പുറം കടലിലൂടെയാണ്. ആഭ്യന്തരം എന്ന് അവകാശപ്പെടാനാവാത്ത, ആർക്കും ജലഗതാഗത സ്വാതന്ത്ര്യമുള്ള പ്രദേശമാണിത്. ഒരു സർക്കാറിന്റെ നിയന്ത്രണങ്ങളോടും പ്രതിബദ്ധത ഇല്ലാതെ ചൈനക്ക് ഇതിലൂടെ ജലഗതാഗതം നടത്താം. ഭൂരാഷ്ട്ര വീരസ്യ പ്രകടനം എന്നതിനെക്കാൾ, ട്രാൻസ്‌പോളാർ ഇടനാഴിയിൽ തുടക്കം മുതൽ ഇടപെട്ട് മൂലശക്തിയായി ഇരിപ്പുറപ്പിക്കാനുള്ള ചൈനയുടെ ശ്രമം കൂടിയായിരിക്കാം ഇത്.''8

ചൈന തിരക്കിട്ട് തങ്ങളുടെ ആർട്ടിക് തന്ത്രങ്ങൾ വിപുലീകരിക്കുന്നതിനിടെ, ആർട്ടിക്കിലെ സൈനിക ശേഷി ശക്തിപ്പെടുത്താൻ റഷ്യയും ശ്രമിക്കുന്നുണ്ട്. ആണവ ശക്തിയെന്ന പദവി നിലനിർത്തുന്നതിൽ സർവ പ്രധാനമായ, വടക്കൻ മേഖലയിൽ വിന്യസിച്ച റഷ്യയുടെ കപ്പൽപടയിലെ മുങ്ങിക്കപ്പലുകൾ കോള ഉപദ്വീപ് (Kola peninsula) കേന്ദ്രീകരിച്ചാണിരിക്കുന്നത്. ആർട്ടിക് പഠന വിദഗ്ധനായ Andreas Osthagen പറയുന്നത്; ""കടലിലെ മഞ്ഞുരുകന്നതല്ല ആർട്ടിക്കിന് സൈനിക പ്രാധാന്യം നൽകാൻ റഷ്യയെ പ്രേരിപ്പിച്ചത്. മറിച്ച് മോസ്‌കോയുടെ പൊതുവായ തന്ത്രങ്ങളിലും അഭീഷ്ടങ്ങളിലുമുള്ള ആർട്ടികിന്റെ പ്രാധാന്യമാണ്''​ എന്നാണ്​.

പ്രദേശത്ത് റഷ്യയുടെ വർധിച്ചു കൊണ്ടിരിക്കുന്ന സൈനിക ശേഷിയും അനുബന്ധ പ്രവർത്തനങ്ങളും, ആർട്ടിക്കിനെ സൈനിക സംഘർഷവും മത്സരബുദ്ധിയുമുള്ള പ്രദേശമാക്കി മാറ്റുമെന്ന ആശങ്ക യു.എസ്, കാനഡ, നോർഡിക്​ രാജ്യങ്ങൾക്കുണ്ട്​

2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച Changes in the Arctic: Background and Issues for Congress എന്ന കോൺഗ്രഷനൽ റിസേർച്ച് സർവീസ് (CRS) റിപ്പോർട്ടിൽ പറയുന്നത്, റഷ്യക്ക് ആർട്ടിക്കിലെ സൈനിക ശേഷി മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പരമാധികാരം ശക്തിപ്പെടുത്തുന്നതിനും വേണ്ടി, പ്രദേശത്തെ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ പദ്ധതിയുണ്ട് എന്നാണ്. 2021 മെയിൽ റഷ്യ ആർട്ടിക്ക്​ കൗൺസിലിന്റെ രണ്ടു വർഷക്കാലയളവ് ദൈർഘ്യമുള്ള അധ്യക്ഷപദവിയിലെത്തുന്നതോടെ, ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങൾക്കായിരിക്കും റഷ്യ മുൻഗണന നൽകുക എന്നും റിപ്പോർട്ടിൽ പറയുന്നു10: ""ആർട്ടിക്കിലെ റഷ്യൻ മേഖലയിലെ മഞ്ഞുപാളികൾ ​​ദ്രുതഗതിയിൽ ഉരുകുന്നതിനാൽ, കനേഡിയൻ ദ്വീപസമൂഹത്തിന്റെ വടക്കുപടിഞ്ഞാറൻ ഇടനാഴിയെക്കാൾ മുമ്പ്​ റഷ്യൻ തീരത്തിന് സമാന്തരമായി കിടക്കുന്ന വടക്കൻ കടൽമാർഗ്ഗം വഴി ട്രാൻസ് ആർട്ടിക് കപ്പൽഗതാഗതം ആരംഭിക്കും''.

പ്രദേശത്ത് റഷ്യയുടെ വർധിച്ചു കൊണ്ടിരിക്കുന്ന സൈനിക ശേഷിയും അനുബന്ധ പ്രവർത്തനങ്ങളും, ആർട്ടിക്കിനെ സൈനിക സംഘർഷവും മത്സരബുദ്ധിയുമുള്ള പ്രദേശമാക്കി മാറ്റുമെന്ന ആശങ്ക യു.എസ്, കാനഡ, നോർഡിക്​ രാജ്യങ്ങൾ എന്നിവർക്കിടയിലുണ്ടാക്കിയെന്നും CRS റിപ്പോർട്ടിൽ പറയുന്നുണ്ട്11. ശീതയുദ്ധ സമയത്ത്, സോവിയറ്റ് യൂണിയനും യു.എസും തമ്മിലുള്ള സൈനിക മത്സരത്തിന്റെ ഇടനിലമായിരുന്നു ആർട്ടിക്. ഇരു രാജ്യങ്ങളും ആണവോർജ അന്തർവാഹിനികളും, ലോങ് റേഞ്ച് ബോംബറുകളും, യുദ്ധ വിമാനങ്ങളും ഈ പ്രദേശത്ത് നിലനിർത്തിപ്പോന്നിരുന്നു.

2016-ൽ നടന്ന ഐസ് എക്‌സസൈസിൽ (ICEX) യാത്രക്കാരെയും സാമഗ്രികളും വഹിച്ച് എത്തുന്ന യു.എസ് വിമാനം ആർട്ടിക്കിലെ ഐസ് റൺവേയിൽ പ്രവേശിക്കുന്നു / Photo: 2nd Class Tyler Thompson, U.S. Navy

സോവിയറ്റ് യൂണിയൻ വിഘടിച്ചതിനു ശേഷം മേൽപറഞ്ഞ ശത്രുതയ്ക്ക് അയവുണ്ടായെങ്കിലും, കഴിഞ്ഞ നൂറ്റാണ്ടിൽ പ്രദേശത്തെ സാഹചര്യം പുതിയ മാനം കൈവരിക്കുകയാണുണ്ടായത്. പ്രത്യകിച്ച്, യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന വടക്കൻ കടൽ മാർഗത്തിലെ (NSR) ചില ഭാഗങ്ങൾ തങ്ങളുടെ ആഭ്യന്തര ജലമാർഗത്തിലൂടെയാണ് കടന്നു പോകുന്നതെന്നും,
അതു വഴിയുള്ള വാണിജ്യ കപ്പൽഗതാഗതം നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്ക് അവകാശപ്പെടതാണെന്നും റഷ്യ വാദിച്ച ശേഷം. ഇത് യു.എസും റഷ്യയും തമ്മിൽ തർക്കങ്ങൾക്കു വഴിവെച്ചു. റഷ്യയുടെ ആവശ്യം ലോകത്തെ പല ഭാഗങ്ങളെ ബാധിക്കുകയും, അന്തർദേശീയ ജലപാതക്ക് ബാധകമായ അന്താരാഷ്ട്ര നിയമങ്ങളുടെ സാർവത്രിക ഉപയോഗത്തെ ദുർബലമാക്കുകയും ചെയ്യും. ആർട്ടിക് രാജ്യങ്ങളിലെ എട്ടിൽ അഞ്ചു രാജ്യങ്ങൾ (യു.എസ്, കാനഡ, ഡെൻമാർക്, ഐസ്‌ലൻഡ്, നോർവേ) നാറ്റോ അംഗങ്ങളും, മൂന്നെണ്ണം (ഡെൻമാർക്, ഫിൻലൻഡ്, സ്വീഡൻ)യൂറോപ്യൻ യൂണിയൻ അംഗങ്ങളുമാണെന്ന വസ്തുത റഷ്യയുടെ പദ്ധതിക്ക് തന്ത്രപരമായ പ്രാധാന്യം നൽകുന്നു. ശീതയുദ്ധ കാലത്ത്, മോസ്‌കോ നയിക്കുന്ന എതിർ സഖ്യത്തിൽ നിന്നുണ്ടാവാനിടയുള്ള ആക്രമണ സാധ്യത മുന്നിൽ കണ്ട് ചെറുക്കുന്നതിനായുള്ള നാറ്റോയുടെ പ്രതിരോധ വിന്യാസത്തിന്റെ വടക്കൻ സേനാപാർശ്വമായി കണക്കാക്കിയിരുന്നത് നോർവെയും അതുമായി ചേർന്നു കിടക്കുന്ന കടൽ പ്രദേശവുമായിരുന്നു.

ആർട്ടിക് പ്രദേശത്ത് വളർന്നു കൊണ്ടിരിക്കുന്ന ചൈനയുടെ പ്രവർത്തനങ്ങളും, നോർഡിക് രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് ഐസ്‌ലാൻഡും ഗ്രീൻലാൻഡുമായുള്ള അവരുടെ ഇടപാടുകളും സി.ആർ.എസ് റിപ്പോർട്ട് ഗൗരവമായി നോക്കിക്കാണുന്നു. ധ്രുവപ്രദേശത്തെ മഞ്ഞുടയ്ക്കാ​ൻ ശേഷിയുള്ള കപ്പലുകൾ ചൈനയുടെ കൈവശമുണ്ട്, മാത്രമല്ല ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന ഐസ്‌ബ്രേക്കർ വികസിപ്പിക്കാനുള്ള പദ്ധതിയും ഇവർക്കുണ്ട്. ആർട്ടിക് പ്രദേശത്ത് റഷ്യയുടെ പക്കൽ മാത്രമാണ് ഇത്തരമൊരെണ്ണമുള്ളത്. ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം വളരുന്നതും റഷ്യയുടെ എണ്ണ വാതക വ്യവസായത്തിൽ ബീജിങ്ങ് നടത്തുന്ന നിക്ഷേപങ്ങളുൾപ്പടെ ഇരു രാജ്യങ്ങളും തമ്മിൽ ആർട്ടിക്കിലെ പല പ്രദേശങ്ങളിലായുള്ള സഹകരണവും യു.എസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.12

മറ്റു പ്രദേശങ്ങളിൽ ചൈന നടത്തുന്ന അനാവശ്യ പ്രവർത്തനങ്ങൾക്ക് ആർട്ടിക്കിൽ ശിക്ഷാനടപടി സ്വീകരിക്കാമെന്നാണ് സ്ട്രാറ്റജിക് വിദഗ്ധരുടെ വാദം.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷാനടപടിയായി ആർട്ടിക്കിൽ അവർക്കുള്ള നിരീക്ഷണ പദവി എടുത്തുകളയാമെന്നാണ് ഇവരുടെ നിർദ്ദേശം.

ആണവാക്രമണത്തെ പ്രതിരോധിക്കാൻ പ്രദേശത്ത് അന്തർവാഹിനികൾ വിന്യസിക്കുന്നതുൾപ്പടെ, തങ്ങളുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനായി ആർട്ടികിലെ സിവിലിയൻ റിസേർച്ച് പ്രോഗ്രാമുകൾ ചെെന ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പ് പെന്റഗണിൽ നിന്നുണ്ടായിട്ടുണ്ട്​

2019 മെയ് ആറിന് യു.എസ് വിദേശകാര്യമന്ത്രി മൈക്ക് പോമ്പിയോ ഫിൻലൻഡിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നത്; ആർട്ടിക് കൗൺസിലിലെ ചൈനയുടെ നിരീക്ഷക സ്ഥാനം, ആർട്ടിക് രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങളെ എത്രത്തോളം മാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ്13. പ്രദേശത്ത് ചൈന ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന നിർബന്ധബുദ്ധി വാഷിങ്ടണ് ഉണ്ടായിരുന്നു. എന്നാൽ ചൈനയുടെ വാക്കുകളും പ്രവർത്തികളും അവരുടെ ഉദ്ദേശ്യത്തെ സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും പോമ്പിയോ പറഞ്ഞു. "ആർട്ടിക് സമീപ രാജ്യം' എന്ന ചൈനയുടെ അവകാശവാദത്തെ തള്ളിക്കളയുന്ന പോമ്പിയോ, ആർട്ടിക് രാജ്യങ്ങൾ അതല്ലെങ്കിൽ ആർട്ടിക് രാജ്യങ്ങളല്ലാത്തവ മാത്രമേ ഉള്ളുവെന്ന് ചൂണ്ടിക്കാട്ടുന്നു. മൂന്നാമതൊരു വിഭാഗം നിലനിൽക്കുന്നില്ലെന്നും, മറിച്ചു വാദിക്കുന്നത് ചൈനയെ ഒന്നിനും അർഹമാക്കില്ലെന്നും, ചൈനയും ആർട്ടികും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം 900 മൈൽ ആണെന്ന വസ്തുതയെ മുൻനിർത്തി പോമ്പിയോ പറയുന്നു. ചൈന പണവും ആൾബലവും ഉപയോഗിച്ച് നിർണായകമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, സ്ഥിരമായ ചൈനീസ് സുരക്ഷാ സാന്നിധ്യം പ്രദേശത്ത് സ്ഥാപിക്കാനുള്ള ശ്രമവും അതോടൊപ്പം ഉണ്ടായിരുന്നെന്ന് പോമ്പിയോ പറയുന്നു. പോരാത്തതിന്, ആണവാക്രമണത്തെ പ്രതിരോധിക്കാൻ പ്രദേശത്ത് അന്തർവാഹിനികൾ വിന്യസിക്കുന്നതുൾപ്പടെ, തങ്ങളുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനായി ആർട്ടികിലെ സിവിലിയൻ റിസേർച്ച് പ്രോഗ്രാമുകൾ ചെെന ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പ് പെന്റഗണിൽ നിന്നുണ്ടായിട്ടുണ്ടെന്നും പോമ്പിയോ പറയുന്നു.14

റഷ്യയുടെ ആണവോർജ്ജ ഐസ്‌ബ്രേക്കർ Yamal / Photo: Wikimedia Commons

ആർട്ടിക്കിനു വേണ്ടിയുള്ള ട്രംപ് ഭരണകൂടത്തിന്റെ തന്ത്രങ്ങളെ കുറിച്ച് വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. 2020 ഏപ്രിൽ 23ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ അദ്ദേഹം പറയുന്നതിങ്ങനെയാണ്: ""യു.എസ് പുതിയ തന്ത്രപരമായ യാഥാർഥ്യങ്ങൾക്കനുസരിച്ച് ആർട്ടിക് നയം ക്രമീകരിക്കുന്ന പ്രക്രിയയിലാണ്. പ്രദേശത്തെ ഭൂരാഷ്ട്രതന്ത്രത്തിന്റെ തിരിച്ചുവരവാണ് ഇതിന്റെ സ്വഭാവം നിർണയിക്കുക. യു.എസിനേയും പാശ്ചാത്യരാജ്യങ്ങളേയും വെല്ലുവിളിക്കാനുള്ള റഷ്യയുടേയും ചൈനയുടേയും താൽപര്യമാണ് ഈ മാറ്റത്തിനു പിന്നിൽ.'' തുറമുഖങ്ങൾ, അതുപോലെ ആശയവിനിമയ ശൃംഖല പോലുള്ള തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം കൈക്കലാക്കാൻ ചൈന തങ്ങളുടെ ദേശീയ മൂലധനത്തെ ആയുധവത്കരിച്ചു.'' ആർട്ടിക് സമീപ പ്രദേശമാണെന്ന ബീജിങ്ങിന്റെ അവകാശവാദത്തെ യു.എസിന് സ്വീകരിക്കാൻ കഴിയില്ലെന്ന പോമ്പിയോയുടെ പ്രസ്താവന അദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്15.

യു.എസ് പ്രതിരോധ വകുപ്പ് 2020-ലെ കോൺഗ്രസിൽ സമർപ്പിച്ച തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ (Military and Security Developments Involving the People's Republic of China) പറയുന്നത്, ""ആർട്ടിക്കിലെ വളർന്നുകൊണ്ടിരിക്കുന്ന ഇടപാടുകൾ ചൈനക്കും റഷ്യക്കും ഇടയിൽ പരസ്പര സഹകരണത്തിന്റെ പുതിയ സാധ്യകൾ സൃഷ്ടിക്കുന്നുണ്ട്"" എന്നാണ്16. യു.എസ് പ്രതിരോധ വകുപ്പും (DOD) കോസ്റ്റ് ഗാർഡും അവരുടെ പദ്ധതികളിലും പ്രവർത്തനങ്ങളിലും ആർട്ടിക്കിനെ കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നത് വ്യക്തമാണ്. യു.എസ് പ്രതിരോധ വകുപ്പും, നാവികസേനയും, വ്യോമസേനയും, തീരദേശ സുരക്ഷാ വിഭാഗവും ആർട്ടിക് തന്ത്രത്തെ സംബന്ധിച്ച രേഖകൾ വെവ്വേറെ തയ്യാറാക്കുകയാണുണ്ടായത്17. യു.എസ് സൈന്യം ആർട്ടിക്കിലെ തങ്ങളുടെ സൈനിക പ്രവർത്തനങ്ങളും, പരിശീലനവും വർധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇവയിൽ ചിലത് നാറ്റോ സഖ്യകക്ഷികളുടെ സേനയുമായി യോജിച്ചുള്ള പ്രവർത്തനങ്ങളാണ്. യു.എസ് സേനക്ക് പ്രദേശത്തെ പ്രവർത്തന സാഹചര്യവുമായി പുനഃപരിചയം നേടുന്നതിനും, ആർട്ടിക്
സവിശേഷ യുദ്ധപാടവം തിരിച്ചു കൊണ്ടുവരുന്നതിനും, പ്രദേശത്തെ സഖ്യകക്ഷികളുമായുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും, ആർട്ടികിലെ സൈനിക ശേഷിയിലുള്ള വിടവുകൾ തിരിച്ചറിയുന്നതിനും, ആർട്ടിക് സാഹചര്യത്തിൽ സാധനസാമഗ്രികളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനും മറ്റും വേണ്ടിയാണിത്.

വൻശക്തികളെല്ലാം അവരുടെ ആർട്ടിക് തന്ത്രങ്ങൾ പുനർരൂപീകരിക്കാൻ തുടങ്ങിയപ്പോൾ, 2021 ജനുവരിയിൽ തങ്ങളുടെ ആർട്ട് നയത്തിന്റെ കരട് പുറത്തിറക്കി ഇന്ത്യയും രംഗത്തിറങ്ങി

ആർട്ടിക്കിന് വേണ്ടിയുള്ള ഒരു റോഡ് മാപ്പും യു.എസ് നാവികസേന തയ്യാറാക്കിയിട്ടുണ്ട്. യു.എസ് ഒരേസമയം മാരിടൈം രാജ്യവും (സമുദ്രാതിർത്തിയുള്ള, വാണിജ്യ സൈനിക പ്രവർത്തനങ്ങൾക്ക് കടൽമാർഗ്ഗത്തെ ആശ്രയിക്കുന്ന രാജ്യം) ആർട്ടിക് രാജ്യവും ആകയാൽ, ആർട്ടിക്കിലെ തങ്ങളുടെ സുരക്ഷയും, ക്ഷേമവും, സുപ്രധാന താൽപര്യങ്ങളും പ്രദേശത്തിന് അകത്തും പുറത്തുമുള്ള മറ്റു രാജ്യങ്ങളുമായുള്ള ഇടപാടുകളുമായി കാര്യമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച ആർട്ടിക് നയതന്ത്ര രൂപരേഖയിൽ പറയുന്നുണ്ട്. ""വരാനിരിക്കുന്ന ദശാബ്ദങ്ങളിൽ, കടലിൽ ദ്രുതഗതിയിൽ മഞ്ഞുരുകുന്നതും ആർട്ടിക്കിലെ ജലമാർഗ്ഗം സഞ്ചാരയോഗ്യമാവുന്നതും നമ്മുടെ വടക്കൻ തീരങ്ങളിൽ പുതിയ പ്രതിസന്ധികളും സാധ്യകളും സൃഷ്ടിക്കും. ആർട്ടിക് പ്രദേശത്ത് അമേരിക്കൻ നാവിക സേനയുടെ സുസ്ഥിര സാന്നിധ്യത്തിന്റേയും പങ്കാളിത്തത്തിന്റേയും അഭാവത്തിൽ, ചൈനയും റഷ്യയും പ്രദേശത്തെ സമാധാനാന്തരീക്ഷത്തേയും ക്ഷേമത്തേയും നിരന്തരം വെല്ലുവിളിക്കും. അവരുടെ താൽപര്യങ്ങളും മൂല്യങ്ങളും നമ്മുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്''19 എന്നും യു.എസിന്റെ ആർട്ടിക് നയത്തിൽ പറയുന്നു.

വൻശക്തികളെല്ലാം അവരുടെ ആർട്ടിക് തന്ത്രങ്ങൾ പുനർരൂപീകരിക്കാൻ തുടങ്ങിയപ്പോൾ, 2021 ജനുവരിയിൽ തങ്ങളുടെ ആർട്ട് നയത്തിന്റെ കരട് പുറത്തിറക്കി ഇന്ത്യയും രംഗത്തിറങ്ങി. ഇന്ത്യയുടെ ശാസ്ത്ര നയതന്ത്രത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്ന, കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ പോളാർ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നയവും പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ദൃഢമായ ശാസ്ത്ര-സാങ്കേതിക ശക്തിയുമായി (SciTech power) ചേർന്നു നിൽക്കുന്ന വ്യത്യസ്ത മാനങ്ങൾ ഇതിനുണ്ട്. കരട് നയത്തിൽ പ്രധാനപ്പെട്ട അഞ്ചു ഘടകങ്ങളാണുള്ളത്.

1) ശാസ്ത്രവും ഗവേഷണവും, 2) സാമ്പത്തിക- മാനവവികസന സഹകരണം, 3) ഗതാഗതവും ബന്ധനക്ഷമതയും, 4) ഭരണനിർവ്വഹണവും അന്താരാഷ്ട്ര സഹകരണവും, 5) ദേശീയ ശേഷി വർധിപ്പിക്കൽ. ആർട്ടിക്കിനെ മാനവ വികസനത്തിനും വാണിജ്യ പ്രവർത്തനങ്ങൾക്കും വൈവിധ്യമാർന്ന സാധ്യതകളുള്ള പ്രദേശമായാണ് ഇന്ത്യ കാണുന്നത്. ഉദാഹരണത്തിന്, കടൽമാർഗമുള്ള വിതരണത്തിലൂടെ ആഗോള ആവശ്യങ്ങളുടെ പത്തു ശതമാനത്തോളം നിറവേറ്റുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതുള്ള രാജ്യമെന്ന നിലക്ക്, ആർട്ടിക്കിലെ ഗാതാഗതത്തിന്റേയും ബന്ധനക്ഷമതയുടേയും മേഖലയിൽ ഇന്ത്യക്ക് അതീവതാൽപര്യമുള്ള പദ്ധതികളുണ്ട്20.

2007ൽ ആർട്ടിക് സമുദ്രത്തിലെ തങ്ങളുടെ ആദ്യ ശാസ്ത്ര പര്യവേഷണം ഇന്ത്യ ആരംഭിച്ചു. ഹിമാദ്രി എന്ന പേരിൽ ഒരു റിസേർച്ച് ബേസും നോർവെയിലെ സ്വൽബാർഡിൽ ഇന്ത്യ സ്ഥാപിച്ചു / Photo: NCPOR, GoI

ആർട്ടിക്കിലെ മഞ്ഞുരഹിത സ്ഥിതിവിശേഷം പുതിയ ജലഗതാഗത മാർഗ്ഗങ്ങൾ തുറക്കാനിടയാക്കുമെന്നും, അത് ഗതാഗതത്തിന്റെ ചിലവു കുറച്ച് ആഗോള വാണിജ്യരംഗത്തെ പുനർരൂപീകരിക്കുമെന്നും ഇന്ത്യക്ക് നന്നായറിയാം. ആർട്ടിക്കിലൂടെയുള്ള ഗാതാഗതത്തിൽ ക്രമാതീതമായ വർധനവാണുണ്ടാവുന്നത്, പ്രത്യേകിച്ച് വടക്കൻ കടൽമാർഗ്ഗം വഴി. ഇത് 2025 ഓടെ നാലു മടങ്ങ് വർധിക്കുമെന്നാണ് കരുതുന്നത്. അന്തർദേശീയ വടക്ക് ദക്ഷിണ ഗതാഗത ഇടനാഴിയെ Unified Deep Water System- വുമായി ബന്ധിപ്പിച്ച്, അതിനെ ആർട്ടിക് വരെ വിപുപീകരിക്കുന്നതിനുള്ള സാധ്യകൾ പരിശോധിക്കാൻ പുതിയ കരടു നയം ശ്രമിക്കുന്നുണ്ട്. കിഴക്ക്-പടിഞ്ഞാറൻ ബന്ധനക്ഷമതയെ അപേക്ഷിച്ച് വടക്കൻ-ദക്ഷിണ ബന്ധനക്ഷമത, കപ്പൽഗതാഗതത്തിന്റെ ചിലവ് കുറച്ച് ഉൾനാടുകളുടേയും, തദ്ദേശീയ ജനവിഭാഗത്തിന്റേയും ആകമാനമുള്ള വികസനത്തിന് കാരണമാകുമെന്നും ന്യൂഡൽഹി കരുതുന്നു21. എന്നിരുന്നാലും, പുതുതായി ഉരുത്തിരിയുന്ന ആഗോള അധികാര സമവാക്യത്തിൽ ചൈന നിർണ്ണായക ഘടകമായിരിക്കും എന്ന തിരിച്ചറിവ് ഇന്ത്യക്കുണ്ട്. പ്രത്യേകിച്ച് സമുദ്രസംബന്ധിയായ നയങ്ങളിൽ ബീജിങ്ങ് കൂടുതൽ നിശ്ചയദാർഢ്യം പ്രകടിപ്പിക്കുകയും, ആർട്ടിക്കിന്റെ പുതിയ ഭൂദൃശ്യത്തിൽ ചൈന-യു.എസ്, ചൈന-റഷ്യ ബന്ധങ്ങളുടെ മാനങ്ങൾ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ. അതിനാൽ ന്യൂഡൽഹിയുടെ ശ്രദ്ധ ശാസ്ത്ര നയതന്ത്രത്തിലും, SciTech ശക്തിയുമായി ബന്ധപ്പെട്ട അഭിലാഷങ്ങളിലേക്കും ചുരുങ്ങും. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആർട്ടിക് നയത്തിൽ പുതുതായി ഉരുത്തിരിയുന്ന ഭൂരാഷ്ട്രപരവും, തന്ത്രപരവുമായ വെല്ലുവിളികളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. Quadrilateral Security Dialogue (QSD) കൂട്ടായ്മയുടേയും ഇൻഡോ-പസിഫിക് സ്ട്രാറ്റജിക് ഫോർമേഷന്റേയും ഭാഗമായ, യു.എസുമായി തന്ത്രപ്രധാന ബന്ധമുള്ള രാജ്യമെന്ന നിലക്ക് ആർട്ടിക്കിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ഇന്ത്യക്ക് കാര്യമായി ആശങ്കപ്പെടേണ്ടതില്ല.

അറ്റ്‌ലാന്റിക്കിനും ഏഷ്യക്കുമിടയിൽ കൂടുൽ എളുപ്പവും, നിയന്ത്രണവിധേയവുമായ സഞ്ചാരമാർഗ്ഗത്തിനായി ആഗോള ശക്തികൾ നൂറ്റാണ്ടുകളായുള്ള തിരച്ചിലായിരുന്നു. ആർട്ടിക്കിൽ മഞ്ഞുരുകുന്നത്, പ്രധാനപ്പെട്ട രണ്ടു വാണിജ്യ കേന്ദ്രങ്ങൾ തമ്മിലുള്ള ഗതാഗത്തിന് ആവശ്യമായ സമയവും, ആയിരക്കണക്കിന് മൈലുകളും ലാഭിക്കാൻ സഹായിച്ചേക്കും. ആർട്ടിക് സുസ്ഥിരവും സാധ്യവുമായ ഒരു കപ്പൽ ഗതാഗത മാർഗ്ഗമായി മാറിയാൽ, അതിന്റെ പരിണതഫലം ഭൂമിയുടെ വടക്കേയറ്റത്തിന് അപ്പുറത്തേക്കും വ്യാപിക്കും. തുച്ഛമായ ചരക്കു കൂലിയുടെ ആനുകൂല്യം കാരണം ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾക്ക്, വളർന്നു വരുന്ന മറ്റു ഉൽപാദനകേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ യൂറോപ്പ്​, നോർത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക്, കയറ്റിയക്കാൻ സാധിക്കും. എന്നാലും, ഭൂമിയുടെ വടക്കേയറ്റത്തിന്റെ ബന്ധനക്ഷമതയിലുള്ള വളർച്ച വാണിജ്യപരമായി എത്രത്തോളം നേട്ടമുണ്ടാക്കുമെന്നത്, വൻ ശക്തികൾ തങ്ങളുടെ ആർട്ടിക്കിലെ തന്ത്രപരമായ താൽപര്യങ്ങൾക്കു വേണ്ടി എത്തരത്തിൽ വിലപേശുമെന്നതിനേയും അവയെ എങ്ങനെ പുനർരൂപീകരിക്കും എന്നതിനേയും ആശ്രയിച്ചിരിക്കും. ▮

Reference

1. U.S. Energy Information Administration, “Arctic oil and natural gas resources,” 12 January 2012, availableat https://www.eia.gov/todayinenergy/detail.php?id=4650
​2. Dmitrieva D, Romasheva, N., “Sustainable Development of Oil and Gas Potential of the Arctic and ItsShelf Zone: The Role of Innovations,” Journal of Marine Science and Engineering, 2020; 8(12):1003,available at https://doi.org/10.3390/jmse8 121003
3. Allison, E. and Mandler, B., “Oil and Gas in the U.S. Arctic,” Petroleum and the Environment, Part12/24, American Geosciences Institute,2018, available at https:/ / www .american geosciences.org/geoscience-currents/oil-and-gas-us-arctic
4. National Geographic, “Arctic,” Encyclopedic Entry, 2018, available at hetps://www. national geographic.org/ encyclopedia/arctic/
5. The People’s Republic of China, The State Council, China’s Arctic Policy: White Paper, 26 January 2018, http://english.www.gov.cn/archive/white_paper/2018/01/26/content_281476026660336.htm
6. Ibid.
7. Mariia Kobzeva, “Strategic partnership setting for Sino-Russian cooperation in Arctic shipping,” The Polar Journal, 10:2, 2020: 334-352, DOT: 10.1080/2154896X.2020.1810956
8. Bennett, Mia, “The Arctic shipping route no one’s talking about,” Cryopolitics, 23 April 2019,https://www.cryopolitics.com/2019/04/23/transpolar-passage/
9. Osthagen, Andreas, The Nuances of Geopolitics in the Arctic, 7 January 2020, The Arctic Institute, available at https://www.thearcticinstitute.org/nuances-geopolitics-arctic/
10. U.S Congressional Research Service (CRS), Report: Changes in the Arctic: Background and Issues for Congress, 1 February 2021, available at https://fas.org/sgp/crs/misc/R41153.pdf
11. Ibid.
12. Ibid.
13. U.S. Department of State, Secretary of State Mike Pompeo’s speech in Finland, 6 May 2019, available at https://www.state.gov/looking-north-sharpening-americas-arctic-focus/;alsoseehttps://ee.usembassy.Gov/am ericas-arctic-focus/
14. Ibid.
15. U.S. Department of State, Global Public Affairs, Briefing With Senior State Department Official On the Administration’s Arctic Strategy, 23 April 2020, available at https://2017-2021-translations.state.gov/2020/04/23/briefing-with-senior-state-department-official-on-the-administrations-arctic-strategy/index.html
16. U.S. Department of Defence, Annual Report to Congress, Military and Security Developments Involving thePeople’s Republic of China 2020, available at https://media.defense.gov/2020/Sep/01/2002488689/-1/-
1/1/2020-DOD-CHINA-MILITARY-POWER-REPORT-FINAL.PDF
17. U.S Congressional Research Service (CRS), Report: Changes in the Arctic: Background and Issues forCongress, 1 February 2021, available at https://fas.org/sgp/crs/misc/R41153.pdf
18. Ibid.
19. Ibid.
20. India, India’s Draft Arctic Policy 2021, available at https://arcticpolicyindia.nic.in
21. Ibid.


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments