ഡോണ മയൂരയുടെ പോർട്രെയ്റ്റ്​ ദൃശ്യകവിതകളുടെ സീരീസ്​

കവിത ശരീരം രാഷ്ട്രീയം

'ബോഡി ഈസ് ആർട്ട്, പോയം ആൻറ്​ പൊളിറ്റിക്സ്' എന്ന തലത്തിലേക്ക് ആവിഷ്​കാരങ്ങളെ വിപുലപ്പെടുത്തിയ ഒരു എഴുത്തുകാരി, ആ അസാധാരണമായ സർഗാത്​മക അനുഭവം പങ്കിടുന്നു

ജീവിച്ചിരുന്ന ആളിനെയാണ് മൃതശരീരം ഓർമിപ്പിക്കുക.
നിശ്ചലമായ ശരീരത്തിൽ നിന്ന്​ അടുപ്പമുള്ളവർ വീണ്ടും ചലനങ്ങൾ വരച്ചെടുക്കും, ഏതോ വിദൂരതയിൽ തട്ടി പ്രതിധ്വനിക്കുന്ന ഒച്ചയും. ഇവ രണ്ടും മറ്റൊരു വ്യക്തിയുടെ പുനരാവിഷ്​കരണമാണ്. ചിലപ്പോൾ ജീവിച്ചിരുന്ന ആളുമായി വലിയ ബന്ധമൊന്നും അതിനുണ്ടാവുകയില്ല. പുതിയ കഥാഖ്യാനങ്ങൾ. ജീവിച്ചിരിക്കെ സ്വന്തം സർഗ്ഗശക്തി ആവിഷ്‌ക്കരിക്കാനും, ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവസരങ്ങളും സാധ്യതകളും പര്യവേക്ഷണം ചെയ്യാതെ
വിട്ടുകളഞ്ഞാലുള്ള അവസ്ഥയാണിത്. ജീവിതകാലം മുഴുവൻ ഒരൊറ്റ ചിത്രത്തിന്റെ രചനയിൽ അഭിരമിക്കുകയും ഒടുവിൽ അതിനുള്ളിൽ അപ്രത്യക്ഷരാവുകയും ചെയ്യുന്നവരാണധികവും. ജീവിതമെന്നാണ് അത്തരം ചിത്രങ്ങളുടെ ശീർഷകം.

ഇരുപത്തിയൊന്ന് വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ നാടുവിട്ടതിൽ പിന്നെയാണ് ഒരു വ്യക്തിയും ആർക്കും വിധേയപ്പെട്ട് ജീവിക്കപ്പെടേണ്ടവരല്ലെന്ന് ബോധ്യമുണ്ടായത്.

എന്റെ ഇത്ര കാലമുള്ള ജീവിതം നാലായി പകുത്താൽ, അതിൽ ആദ്യരണ്ടു ഭാഗങ്ങൾ ഇരുണ്ടതും ശാരീരികവും മാനസികവുമായി ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളുടെ നിശബ്ദമായ വിതുമ്പലുകളും മാത്രമാണ്. അങ്ങനെ ജീവിക്കേണ്ടതില്ലെന്ന ബോധത്തിലേക്ക് നയിക്കാൻ ആരും കൂടെയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളെ തല്ലി വളർത്തുകയെന്നത് വളരെ സ്വീകാര്യമായ ഒന്നായി കണ്ടിരുന്ന കാലമായിരുന്നു അത്. വീടുകളിലും സ്‌കൂളുകളിലും. പിന്നിലേക്ക് നോക്കിയാൽ അധികമൊന്നും ദൂരെയല്ലാത്ത എൺപതുകൾ. അതിനു പുറമെ വീട്ടിനുള്ളിലെ അഭിപ്രായഭിന്നതകളും മറ്റും ഞങ്ങൾ കുട്ടികൾ ചെയ്ത എന്തോ അപരാധമാണെന്ന മട്ടിലുള്ള കുത്തുവാക്കുകളും അവഗണകളും. പലപ്പോഴും ഇത് ചെന്നെത്തുന്നത് ശാരീരികമായി ശിക്ഷ ഏറ്റു വാങ്ങേണ്ടിവരിക എന്നയിടത്തേക്കാണ്. തെറ്റും ശരിയും എന്നതല്ല, മുതിർന്നവർ ആരെങ്കിലും അസ്വസ്ഥരായാൽ ശാരീരികമായി പീഡിപ്പിക്കപ്പെടുമെന്ന് ഉറപ്പാണ്.

ബ്രേക്ക് ദ ബെെനറി, സെെലൻസ്

തല്ലാനല്ലാതെ മാതാപിതാക്കൾ തങ്ങളെ തൊട്ടിട്ടില്ലെന്ന് പിൽക്കാലത്ത്
സമാനമായ അനുഭവങ്ങൾ പങ്കു വച്ച സുഹൃത്തുക്കളുണ്ട്. ശരീരത്തിലേൽക്കുന്ന
തട്ടലും മുട്ടലും ചതവുകളും മുതൽ ആന്തരികമായി ഉടലെടുക്കുന്ന മറ്റ് അസുഖങ്ങൾ നിമിത്തമുള്ള വേദനകളെ പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു
പരുവപ്പെടലിലേക്ക് തല്ലി വളർത്തപ്പെട്ടത്തിന്റെ പരിണതഫലം എന്നെ
കൊണ്ടെത്തിച്ചിട്ടുണ്ട്. "ടോളറൻസ് ടു പെയിൻ ഈസ് വെരി ഡെയ്ഞ്ചറസ്' എന്ന് ഡോക്ടർമാർ മുഖത്ത് നോക്കി പറയുന്നത് കേട്ടിരിക്കേണ്ടി വരുന്ന അവസ്ഥവരെ.

ഇരുപത്തിയൊന്ന് വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ നാടുവിട്ടതിൽ
പിന്നെയാണ് ഒരു വ്യക്തിയും ആർക്കും വിധേയപ്പെട്ട്
ജീവിക്കപ്പെടേണ്ടവരല്ലെന്ന് ബോധ്യമുണ്ടായത്. കലയും സാഹിത്യവും അതുവഴി
പരിചയപ്പെട്ടതും വിദേശയാത്രകളിൽ പരിചയപ്പെട്ടതുമായ മനുഷ്യരുമായുള്ള
ഇടപെടലുമെല്ലാം ഈ തിരിച്ചറിവിന് കാരണമായി. ജീവിത/ശരീര രാഷ്ട്രീയം
കവിതകളിൽ (ടെക്​സ്​റ്റ്​) ആവിഷ്‌കരിക്കുക എന്ന പതിവ് രീതികളിൽ നിന്ന്​"ബോഡി ഈസ് ആർട്ട്, പോയം ആൻറ്​ പൊളിറ്റിക്സ്' എന്ന തലത്തിലേക്ക് ആവിഷ്​കാരങ്ങളെ കൊണ്ടെത്തിക്കാനും അത് സഹായകമായി.

ജസ്റ്റിസ് ഫോർ ഓൾ, #icantbreath

കൺപീലികളും പുരികങ്ങളും തുടങ്ങി ഒരു പെൺകുട്ടിക്ക് മുഖത്ത് വേണ്ട
"ക്വാളിറ്റികൾ' എന്ന് സമൂഹം, പ്രത്യേകിച്ച് കേരളീയ/ഇന്ത്യൻ സമൂഹം
കൽപ്പിച്ചു വെച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡം പലപ്പോഴും മറ്റുള്ളവരുടെ
കാഴ്ചയ്ക്ക് കെട്ടിച്ചമച്ച് ഒരുക്കി വയ്‌ക്കേണ്ട ബാധ്യതയിലൊന്നായി
മാറിയിട്ടുണ്ട്. കൺപീലികളും പുരികങ്ങളും അധികം ഇല്ലാതെ ജനിച്ച്
പോയതിന്റെ പേരിൽ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും സുഹൃത്തുക്കളുടെ
ഇടയിൽ നിന്നും ജീവിതത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിൽ "ബോഡി ഷേമിങ്ങ്'
എന്തെന്നും, അത് മാനസികമായി ഒരു വ്യക്തിയെ എങ്ങനെയെല്ലാം തളർത്തുകയും തകർക്കുകയും ചെയ്യുമെന്നും അറിഞ്ഞിട്ടുള്ള ആളാണ് ഞാൻ. തുടർക്കാലങ്ങളിൽ "ദാറ്റ്സ് നൺ ഓഫ് യുവർ ബിസിനസ്' എന്ന് അപ്പോൾ തന്നെ പറയാനുള്ളയാർജ്ജവം കൈവന്നുവെങ്കിലും.

കഴിഞ്ഞ വർഷം ബോഡി പൊളിറ്റിക്സിന്റെ ഭാഗമായി ചെയ്തു വന്ന പോട്രെയിറ്റ് ദൃശ്യകവിതകളുടെ സീരീസ് എന്റെ വിവിധ സോഷ്യൻ മീഡിയ ഹാന്റ്‌ലുകളിൽ ഷെയർ ചെയ്തപ്പോൾ ചില മലയാളികൾക്ക് മാത്രമാണ് അത് അരോചകമായി തോന്നിയത്. ചില മലയാളികളുടെ(കവിതയിലും അക്കാദമിക്ക് താളത്തിലുമുള്ളവർ പ്രത്യേകിച്ചും) അഭിപ്രായ പ്രകടനങ്ങളിൽ നിന്നും മനസിലായ കാര്യം അവനവന്റെ അറിവില്ലായ്മ മറ്റുള്ളവരുടെ വിവരക്കേടാണെന്ന്​അവതരിപ്പിക്കാൻ മാത്രമുള്ള പാഴ്‌ശ്രമങ്ങളാണ് അവയെല്ലാമെന്നാണ്. അവിടെ ഒരു വ്യക്തിക്കും പ്രാധാന്യമില്ല. അവരുടെ ലോജിക്കില്ലാത്ത ആശയങ്ങൾക്ക് വിധേയപ്പെടുത്തിയെടുക്കുക എന്ന തന്ത്രം മാത്രമാണ് അവർ പയറ്റുന്നതും.

ഒരു വ്യക്തിക്ക്, പ്രത്യേകിച്ച് സ്ത്രീക്ക് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് തലമുടി നഷ്ടപ്പെട്ടാൽ പോലും കാണുന്നവരുടെ കാഴ്ചയെ സുഖിപ്പിക്കാനല്ലാത്ത ചിത്രങ്ങൾ പബ്ലിക്ക് സ്‌പെയിസിൽ ഇട്ടാൽ ആക്രമിക്കപ്പെടുമെന്നും ബോഡി ഷേമിങ്ങിന്? വിധേയരാക്കാൻ ശ്രമിക്കുമെന്നും കൂടി തിരിച്ചറിഞ്ഞ സന്ദർഭം കൂടിയായിരുന്നു അത്.

അതിനു മുൻപും നിരവധി സീരീസുകൾ അവതരിപ്പിക്കുകയും വരയ്ക്കുകയും യോകോ ഓനോ ഉൾപ്പെടെയുള്ള വ്യക്തികളോടൊപ്പം ആറ് രാജ്യങ്ങളിലായി ഇരുപതിൽ പരം ഇന്റർനാഷണൽ എക്സിബിഷനുകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലോ ഇന്ത്യയിലോ തന്നെ എന്റെ അറിവിൽ മറ്റൊരാൾക്കും കിട്ടാത്ത അവസരമാണത്. അതിന്റെയെല്ലാം തുടർച്ചകൾ അനേകം രാജ്യങ്ങളിലായി കവിതയുടെ വിവിധ ജാൻറെ (genre) പരിശീലിക്കുകയും പരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന കവികളെ പരിചയപ്പെടാനും ആശയസംവാദം നടത്താനുമുള്ള ഇടങ്ങൾ തുറന്നു തന്നു .

പാൻഡെമിക്ക് ലോക്ക് ഡൗൺ കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ 2019ന്റെ പകുതിയോടെ വിട്ടുമാറാത്ത ചില ആരോഗ്യപ്രശ്നങ്ങളുടെ കാരണം കണ്ടെത്തുവാൻ നടത്തിയ ഫുൾ ബോഡി സ്കാനിലാണ്​ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി അബ്നോർമൽ ഗ്രോത്ത് ഉണ്ടെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ബയോപ്സി, സർജറികൾ തുടർ ചികിത്സകൾ എന്നിങ്ങനെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കും അവിടെന്ന് വീട്ടിലേക്കും മാത്രമായി ചുരുങ്ങി ജീവിച്ച കാലം. അതിനെ തുടർന്ന് മാനസികമായി തളർന്ന അവസ്ഥ. വ്യക്തിപരമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ പടവുകളായിരുന്നു പോർട്രെയ്റ്റ്​ ദൃശ്യകവിതകൾ. ഒരു വ്യക്തിക്ക്, പ്രത്യേകിച്ച് സ്ത്രീക്ക് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് തലമുടി നഷ്ടപ്പെട്ടാൽ പോലും കാണുന്നവരുടെ കാഴ്ചയെ സുഖിപ്പിക്കാനല്ലാത്ത ചിത്രങ്ങൾ പബ്ലിക്ക് സ്പെയിസിൽ ഇട്ടാൽ ആക്രമിക്കപ്പെടുമെന്നും ബോഡി ഷേമിങ്ങിന്​ വിധേയരാക്കാൻ ശ്രമിക്കുമെന്നും കൂടി തിരിച്ചറിഞ്ഞ സന്ദർഭം കൂടിയായിരുന്നു അത്.

'ചെറിമരങ്ങൾ' സീരീസ്

ഒരു കാരണവും പിന്തിരിയാനുള്ള കാരണമായില്ല എനിക്ക്.
മുടിയുടെ വളർച്ചയും ശരീരത്തിലുണ്ടാവുന്ന മാറ്റവും ആരോഗ്യം മെച്ചപ്പെടുന്നതും അത് മുഖത്ത് പ്രതിഫലിക്കുന്നതുമെല്ലാം ഓരോ ദിവസത്തിലെയും ദൃശ്യകവിതകളുടെ ഭാഗവുമായി. 2021 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ യു.എസ്.എ യിൽ നടന്ന എക്സിബിഷന്റെ ഭാഗമാക്കാൻ എന്റെ പോട്രെയിറ്റ് ദൃശ്യകവിതകൾ ചോദിച്ച് 2020 പകുതിയായപ്പോൾ ക്യൂറേറ്റർ സന്ദേശമയച്ചിരുന്നു. പോട്രെയിറ്റ്
ദൃശ്യകവിതകൾ എക്സിബിഷന്റെ ഭാഗമാവുകയും ചെയ്തു. അതിന്റെ തുടർച്ചകൾ
കാനഡയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഇനിയും ഉണ്ടാവുകയും ചെയ്യുന്നു.

ആവിഷ്ക്കാരങ്ങളാണ് എന്റെ രാഷ്ട്രീയം.
അതിന് ഉടലിന്റെ സഹായം തന്നെ വേണമെന്നില്ല. ഇപ്പോൾ ചെയ്തു വരുന്ന ചെറിമരങ്ങളുടെ സീരീസിൽ ജീവിതാവിഷ്‌ക്കാരങ്ങളാണ് ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുള്ളത്. ജീവിതത്തിന്റെ എല്ലാ രാഷ്ട്രീയവും അതിലുണ്ട്, അതിജീവനത്തിന്റെയും. നൂറിൽ പരം മരങ്ങളുടെ ചിത്രങ്ങൾ കൊണ്ട് നാനാത്വവും അതിജീവനവുമെല്ലാം ആവിഷ്കരിച്ചു. കേരളത്തിന്റെ പെർസ്പെക്റ്റിവിലും (രണ്ട്
വെള്ളപ്പൊക്കമുൾപ്പെടെ) ലോകത്തിന്റെ പെർസ്പെക്റ്റിവിലും വ്യക്തിപരമായും
അതിജീവനമെന്നത് കഴിഞ്ഞ കുറെ കാലമായി നിരന്തരം ഓർമിപ്പിച്ച
കാലമായിരുന്നു കടന്നുപോയത്. പൂവുകളുടെ ഭാഷ വസന്തത്തിനു മാത്രം
വഴങ്ങുന്ന ഒന്നല്ല. ഏതു ഋതുവിലും പൂക്കാലമുണ്ട്. പുതുകാലമുണ്ട്. മരങ്ങളിൽ
മാത്രമല്ല പുല്ലുകളിലും പൂവുകളുണ്ട്. മരുഭൂമിയും കടലും മറ്റൊന്നല്ല കാണിച്ച് തരുന്നതും.

കലയുടെ, സാഹിത്യത്തിന്റെ, കവിതയുടെ ഒരു സ്നാപ്പ് ഷോട്ട്, ചിത്രം വാക്ക്
വരികൾ, അത് ആവിഷ്ക്കരിക്കുന്ന ആളിന്റെ രാഷ്ട്രീയമാണ്. അത്
മറ്റൊന്നിനായും മറ്റാർക്കും വേണ്ടിയും ഉപേക്ഷിക്കാതെയും മാറ്റി
വയ്ക്കാതെയുമിരിക്കലാണ് അതിലെ സുപ്രധാനമായ രാഷ്ട്രീയം. ▮

(തുടരും)


ഡോണ മയൂര

കവി, എഴുത്തുകാരി, ചിത്രകാരി, കാലിഗ്രാഫിസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ഐസ്‌ക്യൂബുകൾ, നീലമൂങ്ങ എന്നിവ മലയാള കവിതാ സമാഹാരങ്ങൾ. Listening To Red, Echoes, Language Lines & Poetry എന്നീ ദൃശ്യകവിതാ സമാഹാരങ്ങൾ സ്വീഡനിൽനിന്ന് പ്രസിദ്ധീകരിച്ചു. സ്വീഡൻ, കാനഡ, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട്, യു.എസ്.എ എന്നിവിങ്ങളിൽ ഇരുപതോളം ഇന്റർനാഷനൽ എക്‌സിബിഷനുകളിൽ ദൃശ്യകവിതകൾ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശനത്തിന് ദൃശ്യകവിതകൾ തെരഞ്ഞെടുത്തിട്ടുണ്ട്.

Comments