ഭൂമിയെ വരെ എടുത്ത് പൊക്കാൻ കെൽപ്പുള്ള തുമ്പികളാണ് നമ്മളെല്ലാവരും. പക്ഷെ അതിന് തക്കതായ കാരണം ഉണ്ടാവണം. അല്ലെങ്കിൽ നമ്മളാരും ഒരു തരി മണൽ പോലും എടുത്ത് പൊക്കില്ല
""There are no norms. All people are exceptions to a rule that doesn’t exist.'' - Fernando Pessoa
മറക്കാനുള്ള കഴിവാർജ്ജിക്കുന്നുവെങ്കിൽ എന്തിന് ജീവിതത്തെ മറക്കണം, പകരം ഇരുണ്ട കാലങ്ങളെയും മുറിവുകളെയും വേദനകളെയുമതിനാൽ മറയ്ക്കണം.
എന്നിട്ടും മറവിയിലേക്ക് പൂട്ടിയിടാൻ കഴിയാത്ത ഓർമകൾ ഒറ്റയ്ക്കും കൂട്ടമായും നിശ്ശബ്ദ ചിത്രങ്ങളായി മനസ്സിൽ തെളിഞ്ഞ് കിടക്കും. പലവട്ടം തല്ലി ചതയ്ക്കപ്പെട്ടതിനൊടുവിൽ തൊഴിച്ചെറിയപ്പെട്ട കുട്ടിയും നായയും അങ്ങനെയുള്ള അനവധി ചിത്രങ്ങളിലൊന്നിന്റെ ഇരുവശങ്ങളാണ്. ഒരു വീടിന്റെയും ചുവരുകളിൽ അത് ഫ്രെയിം ചെയ്ത് തൂക്കിയിടാൻ കഴിയുകയില്ല,, ഒരു ഗാലറിയിലും. അതൊരു ത്രിഡി ഇൻസ്റ്റലേഷനായി മുറ്റത്തിന്റെ അരികിലോ മുറിയുടെ ഇരുണ്ട കോണിലോ വിയർത്ത് കുളിച്ച് പേടിച്ചരണ്ട് കിടക്കുമ്പോൾ വിയർപ്പ് പോലും രോമകൂപങ്ങൾക്കുളളിലേക്ക് തിരികെ പോകാൻ ശ്രമിക്കും.
കിട്ടിയ അടിയുടെ എണ്ണം തെറ്റി പോകുന്നതുവരെ നോട്ട്ബുക്കുകളിൽ കറുത്ത ചെറുവൃത്തങ്ങളായി അടയാളപ്പെടുത്തി വച്ചതിനൊക്കെ ക്രമേണ ചില ആകൃതികളൊക്കെ കൈവരാൻ തുടങ്ങിയിരുന്നെന്ന് ശ്രദ്ധിക്കാനുള്ള ഏകാഗ്രതയുണ്ടായിരുന്ന കാലമായിരുന്നില്ല അന്ന്. അല്ലെങ്കിൽ അങ്ങനെ പലവലിപ്പത്തിലുള്ള കുത്തുകളുടെ ശേഖരത്തെ അമൂർത്തമായതും അല്ലാത്തതുമായ ചിത്രരചനയ്ക്ക് ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞു തരാനും ആളുണ്ടായില്ല. അറിയാതെയാണെങ്കിലും പോയിന്റലിസത്തിലേക്കുള്ള ആദ്യ യാത്രകളുടെ തുടക്കം കുറിക്കുകയായിരുന്നു. അനുഭവങ്ങളുടെ കണക്കുകൾ കുന്നു കൂട്ടി തെളിച്ചെടുത്ത ചിത്രങ്ങൾ. അതെല്ലാം വീട്ടിൽ ആരെങ്കിലും കണ്ടെത്തിയാൽ വീണ്ടും കിട്ടിയേക്കാവുന്ന ശിക്ഷയോർത്ത് കീറിക്കളഞ്ഞുകൊണ്ടിരുന്ന ചിത്രങ്ങൾ.
ഭയമെന്ന ഒറ്റയാൻ ചവിട്ടിമെതിക്കുന്നതിലും കൊടിയ വേദന മറ്റൊന്നിനുമില്ലെന്ന് തിരിച്ചറിയണമെങ്കിൽ ഭയത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയതിനുശേഷം തിരിഞ്ഞു നോക്കണം. അഗാധമായ ഗർത്തത്തിൽ നിന്ന് പുറത്തെത്തിയെന്നോർത്ത് സമാധാനിച്ചതിനുശേഷം, മുറിവായ കൂടിയ മുറിവുകളിൽ വീണ്ടും തലോടിയുറപ്പിച്ചതിനു ശേഷം, പിന്നിലേക്കുള്ള വഴികളിലേക്കിനി ചുവടുകൾ വയ്ക്കില്ലെന്നുറച്ച തീരുമാനത്തിനു ശേഷം, തിരിഞ്ഞു നോട്ടങ്ങളിൽ കോർത്ത് തിരികെ അഗാധമായ ഗർത്തത്തിലേക്ക് വീണ്ടും വീണു പോവില്ലെന്ന ധൈര്യം കൈവന്നതിനു ശേഷം...തിരിച്ചറിവിന്റെ ചിറകുകൾക്ക് പറന്നുയരാൻ കഴിയാത്ത ഗർത്തങ്ങളോ കൊടുമുടികളോ പറന്നു കടക്കാൻ കഴിയാത്ത സാഗരങ്ങളോ ഇല്ല.
ഓരോ പ്രാവശ്യവും അനുഭവങ്ങളുടെ കൂർത്ത പുറം ചട്ടകൾക്കുള്ളിൽ നിശ്ചലതയ്ക്ക് കൂട്ടിരിക്കാതെ നാലു ദിക്കിലേക്കും കുതിച്ചും പിടഞ്ഞും കുതറിയും തെറിച്ച് പോരാൻ കഴിഞ്ഞുവെന്നത്തിന്റെ ആഘോഷമാണ് എനിക്ക് എക്കാലത്തും എഴുത്തും വരയും പോയട്രി പെർഫോമൻസുകൾ ഉൾപ്പെടെയുള്ള ആവിഷ്‌ക്കാര ജീവിതവും. 1999 മുതലുള്ള നാലഞ്ച് വർഷക്കാലങ്ങളിൽ മലയാളം എന്റെ വാമൊഴിയിൽ നിന്നും വരമൊഴിയിൽ നിന്നും മാറി നിന്നു. വളരെ അപൂർവമായി മാത്രം കേൾവിയിലേക്ക് എത്തി കടന്നു പോയി. ഭൂഖണ്ഡങ്ങൾക്കപ്പുറം നാടുണ്ടെന്ന് ഇടയ്ക്ക് ഓർക്കുമ്പോഴെല്ലാം മലയാളം അച്ചടിച്ച പത്രത്താളുകളും പുസ്തകങ്ങളും മനസിൽ അക്ഷരങ്ങളുടെ ഉറുമ്പിൻ കൂട്ടങ്ങളെ കൊണ്ടെത്തിച്ചു. അനുഭവങ്ങൾക്ക് ഭാഷയുണ്ടെന്ന തിരിച്ചറിവുണ്ടായി. അയ്യോ എന്ന നിലവിളിയിൽ നിന്ന് ഐ ആം (I am) എന്ന നിലനിൽപ്പിലേക്ക് ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കുള്ള ദൂരം മാത്രമല്ല, ചിതറിപ്പോയ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പ്രയത്നം കൂടിയായിരുന്നു.
ചെറുപ്പത്തിലേ വീട്ടുകാർ തല്ലിക്കെടുത്തിയ ആത്മവിശ്വാസം അങ്ങനെ പെട്ടെന്ന് വീണ്ടെടുക്കാൻ പറ്റുന്ന ഒന്നല്ലെന്ന് ഇടയ്ക്കിടെ ഉരുണ്ടു പിണഞ്ഞു വീണും പിടഞ്ഞെഴുന്നേറ്റും ഉള്ള ജീവിത പ്രയാണം ഓർമിപ്പിക്കുന്നു
പകൽ മുഴുവൻ ഓഫീസിൽ ജാവ കോഡിങ്ങ്. വൈകുന്നേരങ്ങളിൽ ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്ന് പേരുകളും വാക്കുകളും കഥകളും കവിതകളും കൂടെ പോന്നു. നാട്ടിൽ നിന്ന് കൊണ്ടു വന്ന കഥാസമാഹാരങ്ങളും കവിതാസമാഹാരങ്ങളും നോവലുകളും മറ്റ് ഓർമകളിൽ വിഹരിക്കാൻ വിടാതെ എനിക്ക് കൂട്ടിരുന്നു. വാരാന്ത്യങ്ങളിൽ എഴുതാനും വരയ്ക്കാനുമുള്ള വിഫലശ്രമങ്ങൾ. (1997/98ലാണ് എന്റെ ആദ്യ കവിത അച്ചടിച്ച് വന്നത്. വീട്ടുകാരെ നാണം കെടുത്താൻ ഞാൻ ചെയ്ത അപരാധമായിട്ടാണ് വീട്ടിലുള്ളവർ അത് അടയാളപ്പെടുത്തിയത്. തല്ല് വാങ്ങി കെട്ടാൻ വയ്യാതെയായതു കൊണ്ട് പിന്നെ എഴുതിയതെല്ലാം സ്വയം പൂഴ്ത്തിവച്ചു.) പദ്യവും ഗദ്യവും മാത്രമല്ല കവിതയെന്നും മറ്റ് ജൻറെകൾ കൂടി കവിതയ്ക്കുണ്ടെന്നും മനസിലാക്കിയപ്പോൾ അതെല്ലാം വായിച്ചറിയാനും ആവിഷ്‌ക്കരിക്കാനും ശ്രമിക്കാൻ തുടങ്ങി.
ചെറുപ്പത്തിലേ വീട്ടുകാർ തല്ലിക്കെടുത്തിയ ആത്മവിശ്വാസം അങ്ങനെ പെട്ടെന്ന് വീണ്ടെടുക്കാൻ പറ്റുന്ന ഒന്നല്ലയെന്ന് ഇടയ്ക്കിടെ ഉരുണ്ടു പിണഞ്ഞു വീണും പിടഞ്ഞെഴുന്നേറ്റും ഉള്ള ജീവിതപ്രയാണം ഓർമിപ്പിക്കുന്നു. പോരാത്തതിന് കരിമ്പുലിയെ പോലെ ഉള്ളിൽ പാത്ത് പതുങ്ങി വസിക്കുന്ന സ്ട്രെസ്സ് എന്ന സൈലൻറ് കില്ലറും. ഓരോ പ്രാവശ്യവും ആവിഷ്ക്കാരത്തിന്റെ സാധ്യതകളാരാഞ്ഞു മനസ്സും ശരീരവും ഒരുപോലെ അലയുമ്പോൾ കുടഞ്ഞെറിയുന്നത് സ്ട്രെസ്സിനെ കൂടിയാണ്, വീണ്ടെടുക്കുന്നത് ഒരു തരി കൂടി ആത്മവിശ്വാസത്തെയും. മുന്നിലേക്ക് നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തയാളാണെന്ന് തിരിച്ചറിയുമ്പോൾ കൈവരുന്ന ധൈര്യമുണ്ട്. അതിന്റെ കൂടെ അറിവ് കൂടി ചേർന്നപ്പോൾ ചെന്നെത്താൻ ഇടങ്ങളുണ്ടായി. പ്രത്യേകിച്ച് കവിതയിലും ദൃശ്യകവിതയിലും.
ആദ്യമായി ഒരു ഗ്രൂപ്പ് എക്സിബിഷനിൽ എന്റെ ദൃശ്യകവിത ഭാഗമാവുന്നത് 2016ലാണ്; ഇറ്റലിയിൽ. ദാദായിസത്തിന്റെ നൂറുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സംഘടിപ്പിച്ചതായിരുന്നു എക്സിബിഷൻ.
ദൃശ്യകവിതയിൽ ഞാൻ പരിചയപ്പെട്ട വ്യക്തികളൊക്കെ വിവിധ രാജ്യങ്ങളിലായി അനേകവർഷമായി കവിതയിൽ പലവിധ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും ആവിഷ്കാര രീതികളുമെല്ലാം ചെയ്യുന്നവരായിരുന്നു. എഴുപതും എൺപതുമൊക്കെ വയസ്സുള്ള ചെറുപ്പക്കാർ. യൂണിവേഴ്സിറ്റികളിൽ നിന്ന് വിരമിച്ച പ്രൊഫസർമാർ, ഇപ്പോഴും പ്രൊഫസറായി തുടരുന്നവർ മുതൽ ജീവിതകാലം മുഴുവൻ കവിതയുടെ വിവിധ ജൻറെകൾ ആവിഷ്‌ക്കരിക്കാൻ വേണ്ടി മാത്രം മാറ്റി വെച്ചവർ. അത്രയ്ക്കും നൂതനമായ ആവിഷ്കാരങ്ങൾ കൊണ്ടും, ആവിഷ്കാരങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ചും വേറിട്ട വ്യക്തിത്വത്താൽ പ്രതിഭയാൽ അവരുടെ മുന്നിൽ കൂടി കടന്നു പോകുന്നവരിൽ പോലും പ്രചോദനമാകാൻ കെൽപ്പുള്ളവർ. അവ്യാജമായ ഇടപെടലുകളിൽ കൂടി അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർ.
ആദ്യമായി ഒരു ഗ്രൂപ്പ് എക്സിബിഷനിൽ എന്റെ ദൃശ്യകവിത ഭാഗമാവുന്നത് 2016ലാണ്; ഇറ്റലിയിൽ. ദാദായിസത്തിന്റെ നൂറുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സംഘടിപ്പിച്ചതായിരുന്നു എക്സിബിഷൻ. ഒരു നിയോഗം പോലെ ഞാനും അതിന്റെ ഭാഗമായി. "മൊമ' (MOMA) യിലും മറ്റ് ചില മ്യൂസിയത്തിലും "ദാദാ' ആർട്ട് വർക്കുകൾ കണ്ടതിനെ തുടർന്ന്, ദാദായിസത്തെ വായിച്ചറിയാനും ആവിഷ്‌ക്കരിക്കാനും നടത്തിയ ശ്രമങ്ങളുടെ ഫലം. എന്റെ ചില ചിത്രങ്ങൾ ഇറ്റലിയിൽ നിന്നുള്ള ഉത്സന്ഗ മാഗസിനിൽ പബ്ലിഷ് ചെയ്തുവന്നിരുന്നു. ദാദായിസത്തിന്റെ നൂറുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചവരിൽ ഉത്സന്ഗയും ഉണ്ടായിരുന്നു. എന്റെ ചിത്രങ്ങളും അവർ തിരഞ്ഞെടുത്തു. അതൊരു തുടക്കം മാത്രമായിരുന്നു. ജൂണിൽ യു.എസ്.എയിൽ നിന്ന് പബ്ലിഷ് ചെയ്യുന്ന ഇന്റർനാഷണൽ ദൃശ്യകവിതാസമാഹാരം കോ- എഡിറ്റ് ചെയ്യാനുള്ള അവസരം വരെ ഈ തുടക്കത്തിൽ നിന്നുള്ള തുടർച്ചകൾ വഴി എന്നിൽ വന്നു ചേർന്നു.
ഭൂമിയെ വരെ എടുത്ത് പൊക്കാൻ കെൽപ്പുള്ള തുമ്പികളാണ് നമ്മളെല്ലാവരും. പക്ഷെ അതിന് തക്കതായ കാരണം ഉണ്ടാവണം. അല്ലെങ്കിൽ നമ്മളാരും ഒരു തരി മണൽപോലും എടുത്ത് പൊക്കില്ല. ▮