ആവിഷ്കാരങ്ങൾ: ഡോണ മയൂര

ഓൾ ഐ നീഡ് ഈസ് എ യൂസർ ഐഡി

കവിത ശരീരം രാഷ്ട്രീയം- 3

ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യം ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഏതൊരാൾക്കും ഏതുയരവും
​എത്തിപ്പെടാൻ പറ്റും. എനിക്ക് ഒരു യൂസർ ഐഡി മാത്രം ​മതിയായിരുന്നു, സമയവും.

At the bottom of the ocean is a layer of water that has never moved-Anne Carson

കുട്ടിക്കാലത്ത് എലിഫൻറ്​ ഇൻ ദ റൂം എന്ന പ്രയോഗമെന്തെന്ന് അറിയില്ലായിരുന്നെങ്കിലും, അതിന്റെ ചവിട്ടും കൊമ്പിൽ കോർത്ത് തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ദൂരെയെറിയലും എന്തായിരുന്നുവെന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പെൺകുട്ടിയായി ജനിക്കുമ്പോൾ തന്നെ റദ്ദുചെയ്യപ്പെട്ടു പോകുന്ന ജീവിതത്തെപ്പറ്റി ബോധ്യം വന്നു. എന്റെ മേലുള്ള പെണ്ണടയാളങ്ങളെല്ലാം ഉപേക്ഷിക്കാൻ ഞാൻ നിരന്തരം പരിശ്രമിച്ചു.
എന്റെ പ്രവൃത്തി കൊണ്ടാവണം ജീവിതത്തെ അടയാളപ്പെടുത്തേണ്ടതെന്ന ബോധ്യവും കൂട്ടിനുണ്ടായി.

എനിക്ക് കൺപീലിയും പുരികങ്ങളും ഇല്ലാത്തതിന്റെ പേരിൽ വീട്ടുകാർക്ക് ഉണ്ടാവുന്ന നാണക്കേട് (അവരുടെ ഭാഷ്യത്തിൽ) തീർക്കാൻ ഈരേഴുപതിനാല് ലോകങ്ങളിലും ആളെ വിട്ട് ആവണക്കണ്ണയും മറ്റ് പ്രതിവിധികളും നിരന്തരം അവർ തേടിയിരുന്നു. വീട്ടുകാരും ബന്ധുക്കളും മറ്റും എന്നെ കാണുമ്പോൾ മുഖത്ത് പപ്പടമൊട്ടിച്ച് വച്ചപോലെയുണ്ടെന്ന് പറഞ്ഞ് ആക്ഷേപിച്ചു. എന്റെ ചപ്പിയ മൂക്കും നേർത്ത ചുണ്ടുകളും കൂടി അതിനു കാരണമായി അവർ കണക്കാക്കിയിരുന്നു.

candid lambency
candid lambency

എന്റെ പുരികങ്ങൾ കട്ടിക്ക് വരച്ചു തന്നും വാലിട്ട് കണ്ണെഴുതിച്ചും മുടി നീളത്തിൽ വളർത്തിയിരുന്നത് രണ്ടുവശവും പിന്നിയിട്ടു തരുന്നതും കൂടാതെ വീട്ടിൽ നിന്ന്​പുറത്തേക്ക് പോകാൻ അനുവാദവുമില്ലായിരുന്നു. പത്താം ക്ലാസിലെ അവസാന പരീക്ഷാദിനം വരെ ഞാനെങ്ങനെയായിരുന്നു എല്ലാദിവസവും സ്‌കൂളിൽ പോയിരുന്നതും. വീട്ടിനുള്ളിൽ മറ്റു വഴക്കുകൾ ഉള്ള ദിവസങ്ങളിൽ മുടി പിന്നിയിട്ടുതരുന്നതിൽ അതിന്റെ ആഴം മുഴുവൻ വരിഞ്ഞ് മുറുക്കിക്കെട്ടിയിരിക്കും. തലനിറയെ സൂചി കുത്തുന്ന വേദനയുമായി സ്‌കൂളിലേക്ക് പോകേണ്ടി വരും.. സ്‌കൂളിലെത്തിയാൽ വീണ്ടും ഞാൻ മുടിയഴിച്ച് കെട്ടും. ഒരിക്കൽ സ്കൂൾ അസംബ്ലി കഴിഞ്ഞ് തിരിച്ച് ക്ലാസിൽ വന്നിരിക്കുമ്പോൾ പിന്നിൽ നിന്നിരുന്ന കുട്ടി എന്റെ വെള്ള ഷർട്ടിന്റെ പിൻകോളറിൽ പറ്റിയിരിക്കുന്ന ചോര നിറം കണ്ടിട്ട് മുടിയിത്രയും ടൈറ്റായി വരിഞ്ഞു കേട്ടരുതെന്ന് സ്നേഹത്തോടെ പറഞ്ഞു. ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു. പലപ്പോഴും വൈകിട്ട് മുടിയഴിച്ച് കോതിക്കെട്ടുമ്പോൾ വേരോടെ പിഴുതെടുത്ത പോലെ മുടി ചീപ്പിൽ ചുറ്റിപ്പിണഞ്ഞു ഇരിക്കും.

സമൂഹം കല്പിച്ച് നൽകിയിരിക്കുന്ന സൗന്ദര്യഫാക്റ്റർ നൂറുക്ക് നൂറും ഉള്ള ഒരു സ്ത്രീക്ക് അതേ സമൂഹം നൽകുന്ന സുരക്ഷിതത്വം എന്താണ്? നേർത്ത പെണ്ണടയാളങ്ങൾ മാത്രം മതി, ഒരു സ്ത്രീ ഏതു നിമിഷവും ആക്രമിക്കപ്പെടാൻ.

പിൽക്കാലത്ത് കൺപീലിയും പുരികങ്ങളും നന്നേ കുറവുള്ള പെൺകുട്ടിയായി ജനിച്ചതിൽ ഞാൻ ആനന്ദം കൊണ്ടു. എന്റെ ശരീരം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്റെ മേൽ വിരിഞ്ഞ വസന്തത്തിന് അഗാവേ അമേരിക്കാനയുടെ പൂവുകളായിരുന്നു.
മറ്റുള്ളവരുടെ ശരീരത്തെപ്പറ്റിയോർത്ത്, അത് ആരായാലും, എന്തിന് ആളുകൾ ആകുലപ്പെടണം? അവനവന്റെ ശരീരത്തെയോർത്ത് എന്തിന് ലജ്ജിക്കണം? സമൂഹം കല്പിച്ച് നൽകിയിരിക്കുന്ന സൗന്ദര്യഫാക്റ്റർ നൂറുക്ക് നൂറും ഉള്ള ഒരു സ്ത്രീക്ക് അതേ സമൂഹം നൽകുന്ന സുരക്ഷിതത്വം എന്താണ്? നേർത്ത പെണ്ണടയാളങ്ങൾ മാത്രം മതി, ഒരു സ്ത്രീ ഏതു നിമിഷവും ആക്രമിക്കപ്പെടാൻ.

ക്ഷണികമായതിനെയെല്ലാം സ്ത്രീകളോടുപമിച്ച് അവരുടെ ജീവിതം റദ്ദ് ചെയ്യുവാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി കലയിലും സാഹിത്യത്തിലും
പ്രചാരണത്തിലുണ്ട്. സ്ത്രീകളുടെ പലവിധമുള്ള പരിശ്രമങ്ങളെ അത്തരം സൃഷ്ടിക്കൾ റദ്ദ് ചെയ്യുന്നു. മലയാള കവിതയിൽ മഹാകവികൾ മുതലിങ്ങോട്ട് (വരികൾ മനഃപൂർവം ഉദ്ധരിക്കുന്നില്ല) സൂര്യനെ പ്രകീർത്തിച്ച് എഴുതിയിട്ടുള്ള വരികളിൽ പലതും അതിനുദാഹരണമാണ്. ഇരുട്ടിനെ തള്ളിമാറ്റിയൊക്കെ സൂര്യൻ വെളിച്ചവും കൊണ്ട് വരുന്നുണ്ട്, പലതിലും. ചിലതിൽ ഭൂമി വെളിച്ചവും കാത്ത് നിൽപ്പാണ്. ഭൂമിയെ സ്ത്രീയായി ഉപമിച്ചുകൊണ്ടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭൂമി നിരന്തരം അച്ചുതണ്ടിൽ കറങ്ങുന്നതു കൊണ്ടാണ് ഇരുളും വെളിച്ചവും മാറി മാറി വരുന്നതെന്ന സത്യത്തെ കൊടിയ ഭാവനയെന്ന വാഴ്ത്തിൽ ഖണ്ഡിക്കുകയാണ് അത്തരം വരികൾ ചെയ്യുന്നത്.

Infinity times infinity
Infinity times infinity

ബൈനറികളിൽ കെട്ടിയിട്ട ഇടങ്ങളോട് കലഹം തുടങ്ങുകയെന്നത് അനിവാര്യമായിരുന്നു. ഞാൻ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൂലികാനാമങ്ങളിൽ എഴുതുകയും ദൃശ്യകവിതകൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഇറ്റലിയിൽ നടന്ന നാല് ഗ്രൂപ്പ് എക്സിബിഷനുകളിൽ പുരുഷ തൂലികാനാമത്തിൽ ഞാൻ രചിച്ച ദൃശ്യകവിതകൾ പ്രദർശിപ്പിക്കാൻ ക്യൂറേറ്റർമാർ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നെ ഞാൻ തുടർച്ചയായി പുരുഷ തൂലികാനാമത്തിൽ ദൃശ്യകവിതകൾ ആവിഷ്‌ക്കരിക്കാൻ തുടങ്ങി. ദൃശ്യകവിതകളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്ന വാദവും സ്ത്രീകൾ ആവിഷ്ക്കരിക്കുന്ന ദൃശ്യകവിതകൾക്ക് മേന്മയില്ലെന്ന വാദവും പൊള്ളയാണെന്ന് സ്ഥാപിക്കാനുള്ള ലക്ഷ്യവും അതിനു പിന്നിലുണ്ടായിരുന്നു. ഇന്ത്യയിലോ കേരളത്തിലോ ദൃശ്യകവിതകൾ ആവിഷ്​കരിക്കുന്ന കവികൾ കുറവായിരിക്കാം. എന്നാൽ അമേരിക്ക, യൂറോപ്പ്, ആസ്​ത്രേലിയ തുടങ്ങിയ ഇടങ്ങളിൽ ഒട്ടനവധി ദൃശ്യകവികൾ നിരന്തരം നൂതനമായ ദൃശ്യകവിതകൾ ആവിഷ്‌ക്കരിക്കുന്നുണ്ട്. രാജ്യങ്ങളെ എടുത്ത് പറയുകയാണെങ്കിൽ കാനഡ, യു.എസ്.എ, യു.കെ, ഇറ്റലി എന്നിവിടങ്ങളിൽ നൂറുകണക്കിന് ദൃശ്യകവികളുണ്ട്. 2018ൽ എന്റെ ആദ്യത്തെ ദൃശ്യകവിതാസമാഹാരം പബ്ലിഷ് ചെയ്യാൻ സ്വീഡനിലുള്ളപബ്ലിഷർ ടിംഗ്ലസെ എഡിഷൻസ് തയ്യാറായത്തിനു ശേഷമാണ് ഡോൺ മെയ് എന്ന പേരിൽ നിന്ന്​ ഡോണ മയൂര എന്ന പേരിലേക്ക് തിരിച്ചുവരാൻ ഞാൻ തീരുമാനിക്കുന്നത്.

സമാഹാരം പബ്ലിഷ് ചെയ്യാൻ റെഡിയായശേഷം പ്രൂഫ് റീഡിങ്ങിന്
അയച്ചു തരുമ്പോഴാണ് ഡോണ മയൂര എന്ന പേരിലാവണം പബ്ലിഷ് ചെയ്യേണ്ടതെന്നും, എന്നാൽ അതിനുള്ളിൽ തന്നെ ഡോൺമെയ് എന്ന പേരും ഹൈലൈറ്റ് ചെയ്തു വരുന്ന രീതിയിൽ ഓതർ നെയിം ലേഔട്ട് ചെയ്യണമെന്നും ഞാൻ ആവശ്യപ്പെടുന്നത്. എന്റെ ആവശ്യം ടിംഗ്ലസെ എഡിഷൻസ് അംഗീകരിക്കുകയും ചെയ്തു. (ഇതിനുശേഷം പബ്ലിഷ് ചെയ്ത എന്റെ എല്ലാ ദൃശ്യകവിതാസമാഹാരങ്ങൾക്കും ഇതേ രീതി തന്നെ പിന്തുടർന്നു).

ലിസണിങ് ടു റെഡ് എന്ന ദൃശ്യകവിതാസമാഹാരം ഏതാനും മാസങ്ങൾക്കുള്ളിൽ ഔട്ട് ഓഫ് പ്രിന്റായി. ഇത്തരം നേട്ടങ്ങൾ എന്നിലേറ്റിയ ആത്മവിശ്വാസം അളന്നെടുക്കാൻ പാകത്തിലൊരു അളവുകോലും ഇഹലോകത്തിലില്ലെന്ന് ഞാൻ പറയും.

അന്യദേശത്ത്, പരിചയക്കാരില്ലാത്തയിടത്ത്, ഞാൻ ചെയ്ത ദൃശ്യകവിതകളുടെ മാത്രംപിൻബലത്തിൽ മുപ്പത്ത് ശതമാനം റോയൽറ്റി തന്ന്, പബ്ലിഷിങ്ങിന്റെയും വിതരത്തിന്റെയും എല്ലാ ചെലവും ചുമതലകളും ഏറ്റെടുത്ത് ടിംഗ്ലസെ എഡിഷൻസ് ലിസണിങ് ടു റെഡ് എന്ന ദൃശ്യകവിതാസമാഹാരം പബ്ലിഷ് ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ സമാഹാരം ഔട്ട് ഓഫ് പ്രിന്റുമായി. ഇത്തരം നേട്ടങ്ങൾ എന്നിലേറ്റിയ ആത്മവിശ്വാസം അളന്നെടുക്കാൻ പാകത്തിലൊരു അളവുകോലും ഇഹലോകത്തിലില്ലെന്ന് ഞാൻ പറയും.

ഇന്ന് ആവിഷ്​കാര സ്വാതന്ത്ര്യം ഹൃദയത്തോട് ചേർത്തുപിടിക്കുന്ന
ഏതൊരാൾക്കും ഏതുയരവും എത്തിപ്പെടാൻ പറ്റും. എനി​ക്ക്​ഒരു യൂസർ ഐഡി മാത്രം മതിയായിരുന്നു, സമയവും. ▮


ഡോണ മയൂര

കവി, എഴുത്തുകാരി, ചിത്രകാരി, കാലിഗ്രാഫിസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ഐസ്‌ക്യൂബുകൾ, നീലമൂങ്ങ എന്നിവ മലയാള കവിതാ സമാഹാരങ്ങൾ. Listening To Red, Echoes, Language Lines & Poetry എന്നീ ദൃശ്യകവിതാ സമാഹാരങ്ങൾ സ്വീഡനിൽനിന്ന് പ്രസിദ്ധീകരിച്ചു. സ്വീഡൻ, കാനഡ, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട്, യു.എസ്.എ എന്നിവിങ്ങളിൽ ഇരുപതോളം ഇന്റർനാഷനൽ എക്‌സിബിഷനുകളിൽ ദൃശ്യകവിതകൾ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശനത്തിന് ദൃശ്യകവിതകൾ തെരഞ്ഞെടുത്തിട്ടുണ്ട്.

Comments