‘Time, space and continuum- In the time of Pandemic’ എന്ന ദൃശ്യകവിതാ സീരീസിൽ നിന്നും / ആവിഷ്കാരങ്ങൾ: ഡോണ മയൂര

ലൈൻസ് ഓഫ് ലൈഫ്

കവിത ശരീരം രാഷ്ട്രീയം- 4

There isn't enough of anything as long as we live. But at intervals a sweetness appears and, given a chance, prevails- Raymond Carver

റ്റത്തടി വൃക്ഷത്തെ പറ്റി അഞ്ച് വാക്യങ്ങൾ എഴുതാൻ കഴിയാതിരുന്നതിന്റെ
ആത്മസംഘർഷങ്ങൾ നോട്ട്ബുക്കിൽ അരമാർക്ക് ഇട്ടു തന്ന ടീച്ചർക്ക്
​അറിയുമോ എന്നോ, ടീച്ചറെ അറിയിക്കണമെന്ന് ആലോചിക്കാനോ വിശകലനം
ചെയ്യാനോ തിരിച്ചറിവ് നൽകാത്ത ബാല്യത്തിന് പ്രായത്തിന്റെ പിന്തുണയോടൊപ്പം സാമൂഹിക / വാസ വ്യവസ്ഥകളിൽ മോൾഡ് ചെയ്യപ്പെട്ട
പ്രതികരണശേഷിയില്ലായ്മയും കൂട്ടിനുണ്ടായിരുന്നു. മാവോ പ്ലാവോ ഒഴിച്ചാൽ
മിക്കാവാറും എല്ലാ മരങ്ങളുടെയും ചില്ലകൾ (കൈയെത്തുന്നതും ഉള്ളം
കൈയ്യിൽ ഒതുങ്ങുന്നതും), അതിന്റെ വളർച്ചയ്‌ക്കൊപ്പം ഞങ്ങളെ തല്ലാൻവേണ്ടി
മുറിച്ചെടുത്തിരുന്നു.

അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടും തിക്തമായ അനുഭവങ്ങളുടെ ചുഴിയിൽ പെട്ട് ഉഴറുന്നതും കൊണ്ടും സാഹിത്യത്തിൽ നിന്നും കലയിൽ നിന്നും മാറി നിൽക്കുന്ന ഒട്ടനവധി സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്.

ഇറയം മുതൽ അടുക്കളവരെ എല്ലാ ജനാലകളുടെയും അഴികളിൽ
പേരക്കമ്പും പുളിക്കൊമ്പും ചീലാന്തിക്കമ്പും തേക്കിന്റെ ചില്ലകളും മറ്റും പിണച്ച്
വച്ചിരിക്കും. ആയിടയ്ക്ക് വീട്ടിൽ പുത്തനായെത്തിയ ശീമച്ചക്കയുടെ ചെറിയ
മരമായിരുന്നു മറ്റൊരു താരം. ചുറ്റിലും നിറയെ ചെറിയ കൊമ്പുകളോടെ അത്
പെട്ടെന്ന് തഴച്ച് വളർന്നു. അതിനൊപ്പം തന്നെ അതെല്ലാം ഞങ്ങളെ തല്ലാൻ
മുറിച്ചെടുത്തു കൊണ്ടുമിരുന്നു. പിൽക്കാലത്ത് ഒരു തെങ്ങോളം ഉയരത്തിൽ
അതൊരു ഒറ്റത്തടിമരമായി ഉയർന്നു നിന്നു. പേരയുടെയും മറ്റ് മരങ്ങളുടെയും
അവസ്ഥ മറ്റൊന്നായിരുന്നില്ല. തെച്ചിയുടെയും ചെമ്പരത്തിയുടെയും കമ്പുകളും
ഞങ്ങളെ വരയൻ ടാറ്റൂ ചെയ്യാൻ ഉപയോഗിച്ചിരുന്നു. അറക്കത്തടി കൊണ്ടുള്ള
തല്ലിന്റെ ചതവ് നീലിച്ചും കരുവാളിച്ചും അമൂർത്തമായ ചിത്രങ്ങളായി
​ശരീരത്തിൽ ഇടം പിടിച്ചു.

Language Lines & Poems ദൃശ്യകവിതാ സീരീസിൽ നിന്ന് / Photo: Timglaset
Language Lines & Poems ദൃശ്യകവിതാ സീരീസിൽ നിന്ന് / Photo: Timglaset

സ്‌കൂളിൽ നിന്ന്​ വീട്ടിലേക്ക് മടങ്ങിപ്പോകാൻ എല്ലാ ദിവസവും മടി കാണിച്ചിരുന്ന കുട്ടിയായിരുന്നു ഞാൻ. സ്‌കൂളും പരിസരവും ഇഷ്ടമായതുകൊണ്ടല്ലകിട്ടുന്ന തല്ലും അവഹേളനങ്ങളും താരതമ്യം ചെയ്യുമ്പോൾ സ്‌കൂളായിരുന്നു മെച്ചം. പഠിപ്പിക്കാൻ വരുന്നവരേക്കാൾ നീളത്തിൽ അല്ലെങ്കിൽ അവരുടെ
അരയ്‌ക്കൊപ്പമെങ്കിലും നീളത്തിലുള്ള കമ്പുകൾ സ്‌കൂൾ മുറികളിലും സ്ഥാനം
പിടിച്ചിരുന്നു.

പട്ടുപോയ ചെടിയുടെ ഓർമയ്ക്ക് ചെടിച്ചട്ടിയിൽ അതിന്റെ ഉണക്കിലയും ഉണങ്ങിയ തണ്ടുകളും സൂക്ഷിക്കുന്നതിലും എത്രയോ നല്ലതാണ് ആ ചട്ടിയിൽ പുതിയ ചെടി നട്ടുവളർത്തുന്നത്.

ഞാൻ ചെയ്ത "ലാംഗ്വേജ് ലൈൻസ് & പൊയംസ്' എന്ന ദൃശ്യകവിതാ സീരീസ്,
മിനിമലിസവും Bauhaus-ഉം ദൃശ്യകവിതകളുടെ ആവിഷ്കാരത്തിന് എങ്ങനെ
മീഡിയമാക്കാമെന്ന ചിന്തയിൽ തുടങ്ങിയ വർക്കുകളാണ്. സീരീസിന്റെ
തുടക്കത്തിൽ വരകളുടെ വിവിധസാധ്യതകളും അത് ഭാഷയുമായി
എങ്ങനെയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നുവെന്നുമുള്ള ഇൻഡിപെൻഡൻറ്​
റിസർച്ചിന്റെ സമയത്തും പലവലിപ്പത്തിലും നീളത്തിലും മറ്റുമുള്ള കമ്പുകളുടെ
ഓർമ്മയും കൂട്ടിനുണ്ടായിരുന്നു. പല ആകൃതിയിൽ പിണച്ച് വച്ചിരിക്കുന്ന ചൂരൽ
കഷണങ്ങളാണ് അക്ഷരങ്ങളെന്ന് പലപ്പോഴും ഓർത്തു. അതിനെ
അക്ഷരങ്ങളായി മൊഴിമാറ്റി, തിരിച്ചും. അതിന്റെ വളവും തിരിവും കെട്ടുകളും
നിവർത്തിയും അഴിച്ചും വരയ്ക്കുവാനുള്ള താളുകളിൽ പ്രതിഷ്ഠിച്ചാൽ ചുവന്നും ഇരുണ്ടതും പല നീളത്തിൽ വീതിയിൽ വരകളായി കിടക്കും.

അക്ഷരങ്ങളും വാക്കുകളും തമ്മിലുള്ള അകലവും നെഗറ്റീവ് സ്‌പേസും
വരകളുടെ വിവിധ സാധ്യതകൾ കൊണ്ട് ആവിഷ്‌കരിക്കണമെന്ന
തീരുമാനത്തിൽ നിന്നും പിന്നെ ഒട്ടും പിന്നോട്ട് പോയില്ല. വേദനിപ്പിക്കുന്ന
അനുഭവങ്ങളിലേക്ക് തിരിഞ്ഞ് നോക്കി ആകുലപ്പെട്ട് സ്ട്രെസ്സും ബി.പിയും
കൂട്ടി മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കുഴപ്പത്തിലാക്കാൻ
എളുപ്പമാണ്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ എങ്ങനെയെങ്കിലും
ആശുപത്രിയിൽ എത്തിയാൽ ഡോക്ടർമാർക്ക് മരുന്നുകൾ പ്രിസ്​ക്രൈബ്​ ചെയ്യാൻ
മാത്രമേ കഴിയൂ. ഒരു പടി കൂടി മുന്നോട്ടുനോക്കിയാൽ
സ്ട്രെസ് ഈ എ സൈലൻറ്​ കില്ലർ എന്ന തിരിച്ചറിവ് നമ്മളിലേക്ക് പകർന്നു
തരാനും അവർക്ക് കഴിയും. ബാക്കിയെല്ലാം നമ്മുടെ കൈയ്യിലാണ്.
നമ്മൾ ഈ തിരിച്ചറിവ് എത്രമാത്രം ഉൾക്കൊണ്ട് മാറ്റങ്ങൾക്ക്
പരിശ്രമിക്കുന്നു എന്നതിനനുസൃതമായിരിക്കും നമ്മൾ ഇതിൽ
നിന്നെല്ലാം റിക്കവർ ചെയ്യുന്നതും.

Photo: Timglaset
Photo: Timglaset

പട്ടുപോയ ചെടിയുടെ ഓർമയ്ക്ക് ചെടിച്ചട്ടിയിൽ അതിന്റെ ഉണക്കിലയും ഉണങ്ങിയ തണ്ടുകളും സൂക്ഷിക്കുന്നതിലും എത്രയോ നല്ലതാണ് ആ ചട്ടിയിൽ പുതിയ ചെടി നട്ടുവളർത്തുന്നത്. ഏറ്റുവാങ്ങിയ തല്ലുകളുടെ മുറിവുകളും അടയാളങ്ങളും കൂടി ആൽഫബെറ്റ്സ് ഓഫ് ലൈൻസ് വഴി മാറ്റി അടയാളപ്പെടുത്തിയപ്പോൾ
കിട്ടിയ അംഗീകാരങ്ങൾ ചെറുതല്ല. കാനേഡിയൻ ലിറ്ററേച്ചറിലും അവാന്റ്
ഗാർഡ് ലിറ്ററേച്ചറിലും സ്പെഷ്യലൈസ് ചെയ്യുന്ന പ്രൊഫസർ ഗ്രിഗറി ബെറ്റ്‌സ് ലാംഗ്വേജ് ലൈൻസ് & പൊയട്രി കണ്ടതിനുശേഷം വിശേഷിപ്പിച്ചത്
""വൺ ഓഫ് ദ മോസ്റ്റ് ഇന്നൊവേറ്റീവ് പൊയറ്റ്സ് ടുഡേ'' എന്നാണ്.

വിരൽത്തുമ്പൊന്ന് അനക്കിയാൽ ഏതു വിലക്കുകളും വിലങ്ങുകളും നമുക്കു തന്നെ മാറ്റാവുന്നതേയുള്ളു. മുന്നോട്ട് പോകുകയെന്നത് പലപ്പോഴും ഓട്ടമോ നടത്തമോ പോലും അല്ല. ചെറിയ ചില ചലനങ്ങൾ അവയുടെ ആവർത്തനവും തുടർച്ചകളുമാണ്.

അസഹ്യമായ അനുഭവങ്ങളുടെ സഹ്യാദ്രികളാണ് നമ്മളിൽ പലരും.
അനുഭവങ്ങൾ ഇല്ലാത്തതുകൊണ്ടും തിക്തമായ അനുഭവങ്ങളുടെ ചുഴിയിൽ
പെട്ട് ഉഴറുന്നതും കൊണ്ടും സാഹിത്യത്തിൽ നിന്നും കലയിൽ നിന്നും മാറി
നിൽക്കുന്ന ഒട്ടനവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. മാനസികവ്യഥകൾ
കാലക്രമേണ ശരീരത്തെയും ബാധിക്കും. അപൂർവ്വം ചിലർക്ക് ചുറ്റുമുള്ളവരുടെ
കരുതലും താങ്ങും വീണ്ടുമൊരു തിരിച്ചുവരവിന് നിമിത്തമാവുകയും ചെയ്യും.
ജീവിതത്തിൽ എന്ത് പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും, അതെല്ലാം
ആവിഷ്കാരസ്വാതന്ത്ര്യത്തിന് വിലങ്ങായി നിന്നാലും, സാഹിത്യത്തിൽ നിന്നും
കലയിൽ നിന്നും ഒരിഞ്ച് പോലും വിട്ട് നിൽക്കരുതെന്ന് ഞാനപേക്ഷിക്കും.

'ചെറി മരങ്ങൾ' സീരീസിൽ നിന്ന്
'ചെറി മരങ്ങൾ' സീരീസിൽ നിന്ന്

എഴുതാൻ പേപ്പറില്ലന്നോ വരയ്ക്കാൻ ക്യാൻവാസോ പെയിന്റോ ഇല്ലന്നോ
എന്നൊക്കെ തോന്നുന്നത് ഇന്നത്തെ കാലത്ത് വെറുതെയാണ്. കൈയ്യിലൊരു
സ്മാർട്ട് ഫോണുണ്ടെങ്കിൽ അതിൽ മനസിലുള്ളത് സംസാരിച്ച് റെക്കോർഡ്
ചെയ്തു വയ്ക്കുക. ഡൂഡിലും കാലിഗ്രാഫിയും തുടങ്ങി കലയുടെ വിവിധ
ജാൻറെകൾ ആവിഷ്കരിക്കാൻ പ്രചോദനം നൽകുന്ന ഒട്ടനവധി ആപ്പുകൾ
ഇന്ന് സുലഭമാണ്. അവയിൽ ഏതെങ്കിലും ഫോണിൽ ഡൗൺലോഡ്
ചെയ്തു സൂക്ഷിക്കുക. വിരൽത്തുമ്പൊന്ന് അനക്കിയാൽ ഏതു വിലക്കുകളും
വിലങ്ങുകളും നമുക്കു തന്നെ മാറ്റാവുന്നതേയുള്ളു. മുന്നോട്ട് പോകുകയെന്നത്
പലപ്പോഴും ഓട്ടമോ നടത്തമോ പോലും അല്ല. ചെറിയ ചില ചലനങ്ങൾ
അവയുടെ ആവർത്തനവും തുടർച്ചകളുമാണ്.

നൂറ് ചെറി മരങ്ങളുടെ സീരീസ് തുടങ്ങുമ്പോൾ അത് തുടങ്ങാതിരിക്കാനുള്ള
കാരണങ്ങളായിരുന്നു എനിക്ക് മുന്നിൽ കൂടുതൽ. ഓരോ മരവും ചില്ലകൾ
കൊണ്ട് വേദനയുടെ ഭൂതകാലങ്ങളെ ഉണർത്തി സ്വാസ്ഥ്യം കെടുത്തുമോ
എന്നോർത്തു. അതിജീവനമെന്ന വാക്കൊരു മാന്ത്രിക പരവതാനിയാണ്.
അതിലേറി കഴിഞ്ഞാൽ മാത്രമേ പറന്ന് എത്താൻ ഇനിയുമേറെ ദൂരങ്ങളും
ഇടങ്ങളും ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ.

എന്റെ ഉള്ളിലെ വെപ്രാളം ചിത്രങ്ങൾ കാണുന്ന സുഹൃത്തുക്കളുടെ
പ്രതികരണങ്ങൾകൊണ്ട് മറികടക്കാൻ കഴിഞ്ഞു. രണ്ട് വെള്ളപ്പൊക്കവും
കൊവിഡിന്റെ ആദ്യതരംഗവും അതിജീവിച്ച എല്ലാവർക്കും വരകളിൽ കൂടിയൊരു
വസന്തമൊരുക്കാൻ കഴിഞ്ഞു എന്നത് ആഹ്ലാദകരമായ കാര്യമാണ്. ഇലക്ഷൻ
കാലം കൂടി ആയതു കൊണ്ട് ചിത്രങ്ങളിലെ ചുവന്ന പൂക്കാലമൊരുക്കിയ
വൃക്ഷങ്ങളെ കൂടുതൽ പേര് ചേർത്ത് പിടിച്ചു. മാർച്ച് ഒന്നിനു തുടങ്ങിയ സീരീസ്
22 ദിവസങ്ങൾ കൊണ്ട് നൂറു ചിത്രങ്ങളായി മാറി. നൂറ്റിമുപ്പത്തിയഞ്ചിലേറെ
ചിത്രങ്ങളിലാണ് പൂക്കാലമൊരുക്കിയ മരങ്ങൾ ഇപ്പോൾ നിവർന്നുനിൽക്കുന്നത്.
ഇപ്പോഴും തുടരുന്നത്. ▮

(തുടരും)


ഡോണ മയൂര

കവി, എഴുത്തുകാരി, ചിത്രകാരി, കാലിഗ്രാഫിസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ഐസ്‌ക്യൂബുകൾ, നീലമൂങ്ങ എന്നിവ മലയാള കവിതാ സമാഹാരങ്ങൾ. Listening To Red, Echoes, Language Lines & Poetry എന്നീ ദൃശ്യകവിതാ സമാഹാരങ്ങൾ സ്വീഡനിൽനിന്ന് പ്രസിദ്ധീകരിച്ചു. സ്വീഡൻ, കാനഡ, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട്, യു.എസ്.എ എന്നിവിങ്ങളിൽ ഇരുപതോളം ഇന്റർനാഷനൽ എക്‌സിബിഷനുകളിൽ ദൃശ്യകവിതകൾ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശനത്തിന് ദൃശ്യകവിതകൾ തെരഞ്ഞെടുത്തിട്ടുണ്ട്.

Comments