ആവിഷ്കാരങ്ങൾ : ഡോണ മയൂര

ടച്ച്

കവിത ശരീരം രാഷ്ട്രീയം- 5

പരിചയമോ പാരമ്പര്യമോ ഇല്ലാത്തവർക്ക് മലയാള സാഹിത്യത്തിൽ ഒരിടവുമില്ലെന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴേ തിരിച്ചറിഞ്ഞിരുന്നു

As a woman, I have no country. As a woman, I want no country. As a woman, my country is the whole world
- Virginia Woolf

തുവരെയുള്ള ജീവിതത്തിന്റെ പകുതിയിൽ കൂടുതൽ ഞാനൊറ്റയ്ക്കിരുന്നു. ഒറ്റയ്ക്കിരുപ്പിന്റെ പ്രവാസകാലത്ത് പുസ്തകങ്ങൾ കൂട്ടിനുണ്ടായി.
ഉറ്റസുഹൃത്തിനെ പോലെ കൈവിടാതെയെന്നെ കയങ്ങളിൽ നിന്നും കരയേറ്റി. വായനയും യാത്രകളും എന്റെ മനസിനെ മുറിവുകളുണക്കി ബലപ്പെടുത്തി. ഒരുരീതിയിൽ നോക്കിയാൽ പല മൊഴിയിൽ മലയാളം സംസാരിക്കുന്നതു പോലെയാണ് ആംഗലേയവും. അമേരിക്കൻ ഇംഗ്ലീഷിൽ പ്രത്യേകിച്ചും. ന്യൂയോർക്കിലും കാലിഫോർണിയയിലും കെന്റക്കിയിലും ആളുകൾ ഒരേ ഭാഷ സംസാരിക്കുമ്പോഴും ഉച്ചാരണം കൊണ്ട്​ വ്യത്യസ്തരായി. ഒരു നഗരത്തിൽനിന്നും മറ്റൊരു നഗരത്തിലേക്ക് താമസം മാറുമ്പോൾ ആദ്യം നോക്കുന്നത് താമസിക്കാൻ പോകുന്ന ഇടത്തു നിന്നും ലൈബ്രറിയിലേക്കുള്ള ദൂരമായി മാറി.

മൈ ബോഡി മൈ പൊളിറ്റിക്‌സ് എന്ന തിരിച്ചറിവ് തുറന്നു തന്ന സ്വാതന്ത്ര്യബോധം വലുതായിരുന്നു. ആവിഷ്‌ക്കാരങ്ങളിൽ പേപ്പറിന്റെയും ക്യാൻവാസിന്റെയും പ്രാധ്യാന്യം ശരീരവും അർഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു

ഏതു പ്രതിസന്ധികളിലും ഞാൻ ആദ്യം പോകുന്നത് ലെെബ്രറിയിലേക്കാണ്. അവിടയുള്ള ഐലുകളിൽ കൂടി ഒച്ചപ്പാടുണ്ടാക്കാതെ നടക്കും. അങ്ങനെയുള്ള ഒരു ദിവസമാണ്, 1999ൽ, യോക്കോ ഓനോയുടെ "ഗ്രേപ്പ്ഫ്രൂട്ട്' എന്ന ആർട്ട്ബുക്ക് ഒരു നിമിത്തം പോലെ ഞാനെടുത്ത് നോക്കുന്നത്. അതിന്റെ തുടർച്ചകളാണ് എന്നെ കലയിൽ കൊണ്ടെത്തിച്ചത്. സാഹിത്യവും കലയും തമ്മിൽ ബന്ധിക്കുന്ന ഇടങ്ങളെപറ്റിയുള്ള നിരീക്ഷണങ്ങളും അന്വേഷണവും അവിടെ നിന്നും തുടങ്ങുകയായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകളിൽ പുസ്തകങ്ങളും ദിശാസൂചിയും മാത്രമായിരുന്നു കൂട്ടിന്. വഴികളും തീരുമാനങ്ങളും സ്വയം തിരഞ്ഞെടുക്കണമായിരുന്നു.

ശരീരത്തെ തിരിച്ചറിയുന്നത് ഇക്കാലത്താണ്. അങ്ങനെയൊന്ന് ഉണ്ടെന്നത് പോലും, ‘മൈ ബോഡി മൈ പൊളിറ്റിക്‌സ്’ എന്ന തിരിച്ചറിവ് തുറന്നുതന്ന സ്വാതന്ത്ര്യബോധം അത്രയും വലുതായിരുന്നു. ആവിഷ്‌ക്കാരങ്ങളിൽ പേപ്പറിന്റെയും ക്യാൻവാസിന്റെയും പ്രാധ്യാന്യം ശരീരവും അർഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. വായനയെന്നത് ഇനിയെന്ത് എഴുതരുതെന്നും കൂടിയുള്ള തിരിച്ചറിവായിരിക്കണം ഓരോരുത്തർക്കും. വ്യത്യസ്തമായ ആവിഷ്‌ക്കാര ബോധമുള്ളവർക്കേ അതിരുകൾക്കപ്പുറമുള്ള ലോകത്തെ തൊടാൻ കഴിയൂ.

എന്റെ സ്വതന്ത്രബോധത്തിലും ആവിഷ്‌ക്കാരങ്ങളിലും അതിരുകൾ തീർക്കുന്നവരുടെ അടുത്തു നിന്നും ഞാൻ വിട്ടകന്നു. ഐ.ടി. ജോലിവിട്ടു. മാസങ്ങളോളം വീട്ടിൽ നിന്ന്​ പുറത്തേക്ക് പോകാതെ എഴുതി

സമയം വലിയ ഒരു ഘടകമായിരുന്നു.
ഒരാളെയും പരിധിയിലധികം സഹിച്ചും ക്ഷമിച്ചും കൂടെ കൂട്ടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് അതായിരുന്നു. എന്റെ സ്വതന്ത്രബോധത്തിലും ആവിഷ്‌ക്കാരങ്ങളിലും അതിരുകൾ തീർക്കുന്നവരുടെ അടുത്തു നിന്നും ഞാൻ വിട്ടകന്നു. ഐ.ടി. ജോലിവിട്ടു. പലപ്പോഴും മാസങ്ങളോളം വീട്ടിൽ നിന്നും പുറത്തേക്ക് പോകാതെ എഴുതുകയും ഓരോരോ സീരീസ് ദൃശ്യകവിതകൾ ആവിഷ്‌കരിക്കുകയും അവയുടെ ഒപ്പമിരിക്കുകയും ചെയ്തു. അതിന്റെ തുടർച്ചകൾ മടുക്കുമ്പോൾ മറ്റൊന്ന് ആവിഷ്‌ക്കരിക്കാൻ പരിശ്രമിച്ചു. വാക്കുകൾകൊണ്ടും വരകൾകൊണ്ടും നേടിയെടുത്ത സുഹൃത്തുക്കളുടെ ഒപ്പം വിഹരിച്ചു. സോഷ്യൽ മീഡിയകളിൽ പലപേരുകളിൽ ദൃശ്യകവിതകൾ പോസ്റ്റു ചെയ്തു. ക്രമേണ എന്റെ സൃഷ്ടികൾക്ക് സ്വീകാര്യത കൈവന്നു. വിവിധ രാജ്യങ്ങളിൽ നിന്നും മാഗസിനുകളിൽ അവ പ്രസിദ്ധീകരിച്ചു വരാൻ തുടങ്ങി.

Breathe

അപ്പോഴേക്കും വർഷങ്ങളായി നേരിട്ടിരുന്ന സ്‌ട്രെസ്സ് ശരീരത്തെ പലരീതിയിൽ അലട്ടാൻ തുടങ്ങിയിരുന്നു. ശരീരം അതിന്റേതായ രീതികളിൽ തലതിരിഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങി. കോശങ്ങൾ അബ്‌നോർമലായി വളർന്നു. സർജറികൾക്കായി ഓരോതവണയും ആശുപ്രത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ കൂടെ ആരും ഉണ്ടാവാറില്ല. ഇവിടെ അതിന്റെ ആവശ്യവും ഇല്ല. നല്ല ഇൻഷുറൻസ് കവറേജ് ഉണ്ടാവണമെന്നുമാത്രം.

പലപ്പോഴും അനസ്തീഷ്യോളജിസ്റ്റിന്റെ മുഖം കണ്ട് മയക്കത്തിലേക്കും നഴ്സിന്റെ മുഖം കണ്ട് മയക്കം വിട്ടുണരുകയും ചെയ്തു. ‘സെൻസ് ഓഫ്
ഫീലിംഗ് ബിലോങ്ങ്ഡ്’ എന്നത് കുട്ടിക്കാലത്തേ നഷ്ട്ടപ്പെട്ടിരുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപകാരമായി തോന്നും. കടുത്ത വേദനകളിൽ ആരെയും കാണണമെന്നില്ല. ആരുടെയും ഒച്ച കേൾക്കണമെന്നില്ല. ആരുടെയും സാമീപ്യം കൊതിക്കേണ്ടതുമില്ല. ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യുമ്പോൾ ആരെങ്കിലും വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ വന്നാൽ മതി. ഇപ്പോഴാണെങ്കിൽ അതും വേണ്ട. ഉബർ വിളിച്ച് വീട്ടിൽ പോകും.

യോകോ ഓനോയും ജോൺ ലെനനും നടത്തിയ രണ്ടാഴ്ച നീണ്ട ബെഡ്-ഇൻസ് ഫോർ പീസ് പ്രതിഷേധം. തങ്ങളുടെ വിവാഹത്തിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ വിയറ്റ്‌നാം യുദ്ധത്തിലേക്ക് തിരിച്ചുവിടാനായിരുന്നു ഇരുവരുടേയും ശ്രമം / Photo: Wikimedia Commons

പരിചയമോ പാരമ്പര്യമോ ഇല്ലാത്തവർക്ക് മലയാള സാഹിത്യത്തിൽ ഒരിടവുമില്ലെന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോഴേ തിരിച്ചറിഞ്ഞിരുന്നു. അതിനു പുറമെ വീട്ടിൽനിന്നുള്ള എതിർപ്പും കൂടി ചേർന്നപ്പോൾ ഡെഡ് എൻഡിൽ എത്തിയിരുന്നു. പക്ഷെ ഇന്റർനെറ്റിന്റെ സാധ്യതകൾകൊണ്ട് എനിക്ക് എല്ലാ വിലക്കുകളും അതിരുകളും കടന്ന് മറ്റ് ഭൂഖണ്ഡങ്ങളിലേക്കും എന്റെ എഴുത്തും വരകളും കൊണ്ടെത്തിക്കാൻ കഴിഞ്ഞു.

കേരളത്തിൽ അഞ്ഞൂറ് പേരുടെയോ ആയിരം പേരുടെയോ എക്‌സിബിഷൻ നടത്തിയാൽ പോലും എന്റെ ആവിഷ്‌ക്കാരങ്ങൾ തിരഞ്ഞെടുക്കപ്പെടുകയില്ല എന്നിടത്ത് നിന്നാണ് ആറു രാജ്യങ്ങളിലായി ഇരുപതിലധികം തവണ എന്റെ ആവിഷ്‌ക്കാരങ്ങൾ ഇന്റർനാഷണൽ എക്‌സിബിഷന്റെ ഭാഗമാവാൻ ക്ഷണിക്കപ്പെട്ടത്.

1999-ൽ കൈയ്യിൽ കിട്ടിയ ഒരു പുസ്തകത്തിനു മുകളിൽ എഴുതിയിരുന്ന പേരായിരുന്നുഎനിക്ക് യോക്കോ ഓനോ. 1960 മുതൽ 2018 വരെയുള്ള ‘മോസ്റ്റ് ഇമ്പോർട്ടൻറ്​ ആൻറ്​ ഇന്നൊവേറ്റീവ്’ ആയവരുടെ പ്രദർശനത്തിൽ എന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്​ ഇറ്റലിയിൽ നിന്ന്​ ക്യൂറേറ്ററിന്റെ ക്ഷണം ലഭിക്കുമ്പോൾ, അതിൽ ആരൊക്കെ ഭാഗമാവുന്നുണ്ടെന്ന്എനിക്ക് അറിയില്ലായിരുന്നു. യോക്കോ ഓനോയും എഴുത്തുകാരനും ബ്രസീലിലെ കോൺക്രീറ്റ് കവിതാ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ അഗസ്റ്റോ ഡി. കാമ്പോസിനെയും പോലുള്ള പ്രഗത്ഭരുടെ ദൃശ്യകവിതകൾക്കൊപ്പമാണ് എന്റെ ദൃശ്യകവിതകൾ പ്രദർശിപ്പിക്കപ്പെട്ടത്. ഇങ്ങനെയുള്ള അനേകം പ്രദർശനങ്ങളുടെ ഭാഗമാവാൻ പിന്നെയും എനിക്ക് അവസരങ്ങൾ ലഭിച്ചു.

ഡോണ മയൂര

ഇതൊന്നും കേരളത്തിലെയോ ഇന്ത്യയിലെയോ അക്കാദമികളുടെയോ ലളിതകലാ അക്കാദമികളുടെയോ അവസരങ്ങളല്ല എന്ന് എടുത്തു പറയേണ്ടതുണ്ട്. കേരളത്തിൽ ഇനി അഞ്ഞൂറ് പേരുടെയോ ആയിരം പേരുടെയോ എക്‌സിബിഷൻ നടത്തിയാൽ പോലും എന്റെ ആവിഷ്‌ക്കാരങ്ങൾ തിരഞ്ഞെടുക്കപ്പെടുകയില്ല എന്നിടത്ത് നിന്നാണ് ആറു രാജ്യങ്ങളിലായി ഇരുപതിലധികം തവണ എന്റെ ആവിഷ്‌ക്കാരങ്ങൾ ഇന്റർനാഷണൽ എക്‌സിബിഷന്റെ ഭാഗമാവാൻ ക്ഷണിക്കപ്പെട്ടത്.

ദൃശ്യകവിതകൾ മാത്രമല്ല എന്റെ ആവിഷ്‌ക്കാരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതും. കാലിഗ്രാഫി സ്റ്റോറീസ് പോലുള്ള വ്യത്യസ്തമായ നിരവധി സീരീസുകളും ഞാൻ ആവിഷ്‌കരിച്ചിട്ടുണ്ട്. ചിലർക്ക് എന്റെ ആവിഷ്‌ക്കാരങ്ങൾ ഞാൻ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ്. അവരുടെ പുച്ഛവും പ്രകോപനങ്ങളും പോലും ഇപ്പോൾ എനിക്ക് പ്രചോദനമാണ്. നാടിനെ ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ ആവിഷ്‌ക്കാരങ്ങൾ എല്ലാ അതിർത്തികളും അതിരുകളും ലംഘിച്ച് മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും എത്തിപ്പെടുന്നത് തന്നെയാണ് കൂടുതൽ സന്തോഷം.

Sunshower

ദൃശ്യകവിതയുടെ കൂടെ ഇരിക്കാൻ എന്നെ കൂടുതൽ പ്രചോദിപ്പിച്ചത് കവിയും ദൃശ്യകവിയുമായ ടെറി വിറ്റിക്കാണ്. ടെറിയുടെ "മെറ്റീരിയലിറ്റി എംപ്റ്റി മിറർ' എന്ന സീരിസ് എന്റെ ചിന്തകളിൽ ഉണ്ടാക്കിയ പരിവർത്തനമാണ് എന്നെ ദൃശ്യകവിതയിലേക്ക് കൂടുതൽ അടുപ്പിച്ചത്. അതിനു ശേഷം എന്റെ ആവിഷ്‌ക്കാരങ്ങളുടെ കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറി. ഔർ തോട്ട്‌സ് ആർ ഔർ ലൈസൻസ് ടു ക്രിയേറ്റ്, ടച്ച് അതർസ് വിത് ഇറ്റ്, ആന്റ് ബ്രേക്ക് ഓൾ ബൗൻഡറീസ്. ക്ഷണികമായ ഈ ജീവിതം ബാക്കി വയ്ക്കുന്നത് നമ്മുടെ ആവിഷ്‌ക്കാരങ്ങൾ മാത്രമായിരിക്കും. മറ്റൊരാൾക്ക് മറ്റൊരിടത്തിരുന്ന് ചിന്തിക്കാനോ ചിരിക്കാനോ അത്തരം വരികളോ ദൃശ്യങ്ങളോ മാത്രമാണ് ബാക്കിയാവുന്നത്.

- ഒറ്റ വാക്ക് കവിത. പെർഫോമൻസ് ▮

(തുടരും)


ഡോണ മയൂര

കവി, എഴുത്തുകാരി, ചിത്രകാരി, കാലിഗ്രാഫിസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ഐസ്‌ക്യൂബുകൾ, നീലമൂങ്ങ എന്നിവ മലയാള കവിതാ സമാഹാരങ്ങൾ. Listening To Red, Echoes, Language Lines & Poetry എന്നീ ദൃശ്യകവിതാ സമാഹാരങ്ങൾ സ്വീഡനിൽനിന്ന് പ്രസിദ്ധീകരിച്ചു. സ്വീഡൻ, കാനഡ, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട്, യു.എസ്.എ എന്നിവിങ്ങളിൽ ഇരുപതോളം ഇന്റർനാഷനൽ എക്‌സിബിഷനുകളിൽ ദൃശ്യകവിതകൾ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശനത്തിന് ദൃശ്യകവിതകൾ തെരഞ്ഞെടുത്തിട്ടുണ്ട്.

Comments