നമ്മുടെ ക്രിയേറ്റീവായ ചിന്തകൾക്കുമാത്രം മുൻതൂക്കം കൊടുക്കാൻ നമ്മോട് അധികമാരും പറഞ്ഞുവെന്ന് വരില്ല. ചിലപ്പോൾ ആരും പറഞ്ഞെന്നു വരില്ല. അതുകൊണ്ട് സ്വയം തിരിച്ചറിഞ്ഞ് സാഹിത്യത്തിനും കലയ്ക്കുമൊപ്പം ഇരിക്കുകയും ആവിഷ്‌ക്കാരങ്ങളിൽ ശ്രദ്ധിക്കാനും ശ്രമിക്കേണ്ടതുണ്ട്.
Tell me, what is it you plan to do with your one wild and precious life?- Mary Oliver
ശരീരത്തിലെ എല്ലാ അവയവങ്ങളും അഴിച്ചുമാറ്റാൻ പറ്റുന്നവയാണെങ്കിൽ ശരീരത്തിൽ നിന്ന് ഒരിക്കലും ഒരാളും അഴിച്ചുമാറ്റാൻ ആഗ്രഹിക്കാത്ത അവയവം ഏതായിരിക്കും? അനുഭവമെന്ന മുറിവിനെ അതിജീവിച്ചാൽ മാത്രം പോരാ, അതിന്റെ അടയാളങ്ങളെ മ്യൂസിയത്തിലെന്ന പോലെ സൂക്ഷിക്കുക എന്നതുകൂടിയാണ് അതിജീവനതന്ത്രം. തിരിഞ്ഞുനോക്കുമ്പോഴോ, തിരഞ്ഞുചെല്ലുമ്പോഴോ, ഒരോർമയും വേദനയിലേക്ക് തിരികെ പിടിച്ചിടാത്തപോലെ മനസിനെ ബലപ്പെടുത്തിയെടുക്കാൻ കഴിയണം. ഒന്നിനെയും പേടിച്ച്, ഒരോർമയുടെയും പൊള്ളലിൽ വേദനിച്ച്, ഒരവയവവും അഴിച്ചുവെക്കണമെന്നോ, ഒളിച്ചുവെക്കണമെന്നോ, തോന്നാത്ത വണ്ണമുള്ള പാകപ്പെടൽ.
ഓരോ കോശവും അതിന്റെ കഥകളും കവിതകളും രചിക്കുമ്പോൾ ഞാനെന്നിൽ നിന്ന് ഇറങ്ങിപ്പോകാതെ കൂടെയിരുന്ന് അതിനൊത്ത ദൃശ്യകവിതകൾ വരയ്ക്കുന്നു. കവിതകൾ എഴുതുന്നു. വരികൾക്കിടയിലെ, വരകൾക്കുള്ളിലെ, വരകളിലെ, വാക്കുകൾക്കിടയിൽ എക്‌സ് റേയിലെന്ന പോലെ, എം.ആർ.ഐ. സ്‌കാനിങ്ങിലെന്ന പോലെ തെളിഞ്ഞുവരുന്ന ചിത്രങ്ങളെ ചുവപ്പുകൂടി ചാലിച്ച് ചിത്രങ്ങളായി പകർത്തി വെക്കും. ബൈ കളറിൽ ബൈനറികളെ റദ്ദുചെയ്യാനുള്ള, വ്യക്തമായ രാഷ്ട്രീയനിലപാടുള്ള, അതിജീവനത്തിന്റെ ഓരോ കണികയും ആവിഷ്‌ക്കരിക്കുന്ന, ജീവിതത്തെ ചേർത്തുപിടിക്കുന്ന, നൂറുകണക്കിന് ചിത്രങ്ങൾ. വരച്ച് പകുതിയായ ചിത്രങ്ങളിലേക്ക് ഓരോ ദിവസവും ഒരു നേർത്ത വരയെങ്കിലും കൂട്ടിച്ചേർക്കുമെന്ന, എഴുതിക്കൊണ്ടിരിക്കുന്ന കവിതയിലോ ലേഖനത്തിലോ ഒരു വാക്കെങ്കിലും വീണ്ടും എഴുതി ചേർക്കുമെന്ന വാശിയുടെ തുടർച്ചകൾ നേടിത്തന്ന നേട്ടങ്ങളാണവയെല്ലാം.
മാർച്ച് അവസാനമായപ്പോഴേക്കും വരയ്ക്കാനുള്ള പേപ്പറുകൾ തീർന്നിരുന്നു. വരയ്ക്കാൻ ഇരിക്കുന്നയിടത്ത് കുറച്ച് ഓഫീസ് ലേബലുകളും, റീ ഇൻഫോഴ്‌സ്‌മെന്റ് ലേബലുകളും, രണ്ട് സെറ്റ് ക്യാൻവാസ് നീഡിലും, മാർക്കർ പെന്നുകളും മാത്രം ബാക്കിയുണ്ട്. എന്തെങ്കിലും ചെയ്യാതിരുന്നാൽ മരിച്ചു പോകുമെന്ന നിലയിൽ ചിന്തകൾ ക്ഷുബ്ധമായി.
2020ൽ ലോകത്തിലെ ഓരോ രാജ്യങ്ങളും ഓരോന്നായി ലോക്ക്ഡൗണിലേക്ക് ആണ്ടുപോയ ആദ്യനാളുകളിൽ കോവിഡെന്ന ഏകകോശ ജീവിയെ മനസിലാവായ്മയുടെ പകപ്പോടെ ഞാനും ഉറ്റുനോക്കി. ക്രമേണ ഞാൻ താമസിക്കുന്നിടത്തും മാർച്ച് പകുതിയോടെ ലോക്ക്ഡൗൺ അപരനാമത്തിൽ എത്തി; സ്റ്റേ-അറ്റ്-ഹോം ഓർഡർ. എല്ലാ ശബ്ദങ്ങളും ഒറ്റയടിക്ക് നിലച്ച ദിവസം. അതിനുമുന്നേ തന്നെ സർജറികളും ചികിത്സയും മറ്റുമായി ഞാൻ മുറിക്കുള്ളിൽ പെട്ടിരുന്ന ദിവസങ്ങൾ കൂടിയായിരുന്നു. ചുറ്റിലുമുള്ള ലോകത്തെ കേൾവി എന്നിലേക്ക് കൊണ്ടെത്തിച്ചുകൊണ്ടിരുന്ന ദിവസങ്ങൾ. രാവിലെ അഞ്ച് കഴിയുമ്പോൾ നടക്കാൻ പോകുന്ന അയൽക്കാരായ രണ്ട് സ്ത്രീകളുടെ ഷൂസിന്റെയും അവരുടെ സംസാരങ്ങളുടെയും ഒച്ചകൾ. ഇടക്ക് റോഡിൽ കൂടി ചീറിപ്പായുന്ന വാഹനങ്ങളുടെ ഒച്ചകൾ. രാവിലെയും ഉച്ചകഴിഞ്ഞും എത്തുന്ന സ്‌കൂൾ ബസിന്റെ ഇരമ്പം. വൈകുന്നേരങ്ങളിൽ ആളുകൾ കൂട്ടമായി നടക്കാൻ പോകുന്ന കലപിലകൾ. എല്ലാം പൊടുന്നനെ നിലച്ച ദിവസം. ഭയം കൊണ്ട് ഘനീഭവിച്ച നിശ്ശബ്ദത വായുവിൽ നിശ്ചലമായി തൂങ്ങിക്കിടന്നു. അദൃശ്യമായ ഒരു ഇൻസ്റ്റലേഷൻ പോലെ. ഇടക്ക് ചീറിപ്പാഞ്ഞു വരുകയും പോകുകയും ചെയ്തിരുന്ന ആംബുലൻസ് ഛേദിച്ചുകൊണ്ടിരുന്ന നിശ്ശബ്ദതയ്‌ക്കൊപ്പം ഞാൻ ഒറ്റയ്ക്കിരുന്ന് ദിവസവും ദൃശ്യകവിതകളും ചിത്രങ്ങളും വരച്ചു. കവിതകൾ എഴുതി.
മൊബൈൽ സ്‌ക്രീനിൽ ന്യൂസ് അപ്ഡേറ്റിനൊപ്പം മരണസംഖ്യ ഉയർന്നുവരുന്നത് കണ്ടപ്പോൾ ഉള്ള് പിടഞ്ഞു. എല്ലാ പക്ഷികളും ഒന്നിച്ച് മഴക്കാറ് പോലെ മുന്നിൽ പറന്നിറങ്ങി, ചിറകടിച്ച്, ശ്വാസത്തിനായി പിടയുന്ന ദൃശ്യങ്ങൾ നിറഞ്ഞ സ്വപ്നങ്ങളിൽ നിന്നും ഞെട്ടിയുണർന്ന് ഇരുളിലേക്ക് പകച്ചുനോക്കിയിരുന്ന ദിവസങ്ങൾ.
മഹാമാരിയെക്കുറിച്ചുള്ള ദൃശ്യകവിതകളിൽ വസ്ത്രം പ്രാധാന്യം അർഹിക്കുന്ന പ്രോപ്പ് ആയി മാറരുത് എന്നത് കൊണ്ട് എന്നും ചാരനിറമുള്ള ഒരു ഹൂഡഡ് ടോപ്പ് ധരിച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ആദ്യമാദ്യം ആളുകൾ മൊട്ടയായ തല കാണുന്നതിന്റെയും ഒരേ ടോപ്പ് എന്നും ധരിക്കുന്നതിന്റെയും അമർഷവും അവഹേളനവും കമന്റുകളിൽ പങ്കുവച്ചു. ക്രമേണ അത്തരം അഭിപ്രായങ്ങൾ മാറി വന്നു
മാർച്ച് അവസാനമായപ്പോഴേക്കും വരയ്ക്കാനുള്ള പേപ്പറുകൾ തീർന്നിരുന്നു. വരയ്ക്കാൻ ഇരിക്കുന്നയിടത്ത് കുറച്ച് ഓഫീസ് ലേബലുകളും, റീ ഇൻഫോഴ്‌സ്‌മെന്റ് ലേബലുകളും, രണ്ട് സെറ്റ് ക്യാൻവാസ് നീഡിലും, മാർക്കർ പെന്നുകളും മാത്രം ബാക്കിയുണ്ട്. എന്തെങ്കിലും ചെയ്യാതിരുന്നാൽ മരിച്ചു പോകുമെന്ന നിലയിൽ ചിന്തകൾ ക്ഷുബ്ധമായി. പുറത്തേക്ക് പോകാൻ കഴിയില്ല. സ്ട്രിക്റ്റ് ആയ സ്റ്റേ-അറ്റ്-ഹോം ഓർഡറാണ് നിലവിലുള്ളത്. ഇതിനിടയിൽ ക്യാൻവാസ് നീഡിലിൽ കോർക്കാൻ വാങ്ങിവെച്ചിരുന്ന നൂലുകൾ കൂടി കണ്ടതോടെ ഉള്ള സാധനങ്ങൾ വച്ച് എന്തെങ്കിലും ആവിഷ്‌ക്കരിക്കാൻ ശ്രമിക്കാമെന്ന ചിന്തയിലേക്ക് ആലോചനകൾ വഴിമാറി.
Time, space and continuum - In the time of Pandemic, എന്ന ദൃശ്യകവിതാസീരീസ് തുടങ്ങുന്നത് അവിടെ നിന്നാണ്. ഒരേ മുറിയിൽ, എല്ലാ ദിവസവും ഒരേ സ്ഥാനത്ത്, ഒരേ ഹുഡഡ് ടോപ്പ് ധരിച്ച്, ഒരു പ്രകാശ സ്രോതസ്സിന് (ഫ്‌ളോർ ലാമ്പ്) അഭിമുഖമായി നിന്ന് എടുക്കുന്ന സെൽഫികളായാണ് ഈ സീരീസ് ആവിഷ്‌ക്കരിച്ചത്. അതൊരു ലോക്ക്ഡൗണിനെ മിമിക്ക് ചെയ്യുന്ന പ്രക്രിയ കൂടിയാണ്. ഈ പ്രക്രിയയിൽ മുറിയിൽ നിന്ന് പുറത്തേക്കുപോകുന്ന വാതിൽ അടച്ചിടുക കൂടി ചെയ്യും. ഈ സീരീസിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും സ്റ്റേ-അറ്റ്-ഹോം ഓർഡർ അഥവാ ക്വാറന്റയിൻ ആരംഭിക്കുന്നതിനുമുമ്പ് വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളാണ്. ക്യാൻവാസ് സൂചികൾ, ഓഫീസ് ലേബലുകൾ, ഉണങ്ങിയ പൂക്കൾ തുടങ്ങിയവ. ഈ പ്രോജക്റ്റിനായി ഉപയോഗിച്ച മിക്കവാറും എല്ലാ സാധനങ്ങളും ഓരോ ദൃശ്യകവിതാ ആവിഷ്‌ക്കാരങ്ങൾ സെൽഫിയായി പകർത്തിയ ശേഷം ഒരു കണ്ടെയ്‌നറിൽ സൂക്ഷിക്കുന്നു. ക്യാൻവാസ് സൂചികൾ, ലേബലുകൾ, ഉണങ്ങിയ പൂക്കൾ എന്നിവ പോലുള്ള ചില ഇനങ്ങൾ ഒന്നിലധികം തവണ വീണ്ടും ഉപയോഗിക്കുന്നു. ഈ മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ ലോകമെമ്പാടും സംഭവിച്ച പ്രശ്‌നങ്ങളെയും ഈ സീരീസ് അഭിസംബോധന ചെയ്യുന്നുണ്ട്. "ഐ കാന്റ് ബ്രീത്ത്' അവയിലൊന്നാണ്.
സ്ത്രീകൾ ഒരു ചിത്രം/സെൽഫി സോഷ്യൻ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ, അവരുടെ വസ്ത്രങ്ങൾ, ശാരീരിക വടിവുകൾ, ഫേഷ്യൽ ഫീച്ചറുകൾ മുടി കെട്ടിയിരിക്കുന്ന രീതി, അല്ലെങ്കിൽ അഴിച്ചിട്ടിരിക്കുന്നവിധം എന്നിവയൊക്കെയാണ് ആളുകൾ പൊതുവെ ശ്രദ്ധിക്കുന്നത്.
തലമൊട്ടയായിരുന്ന കാലത്താണ് ഞാൻ Time, space and continuum - In the time of Pandemic എന്ന സീരീസ് ആവിഷ്‌ക്കരിക്കാനും തുടങ്ങുന്നത്. മുഖം ക്യാൻവാസാക്കി മൈ ബോഡി ഈസ് ക്യാവാസ്, മൈ ബോഡി ഈസ് ആർട്ട് എന്ന മോട്ടൊയിൽ ദൃശ്യകവിതകൾ ആവിഷ്‌ക്കരിക്കണമെന്ന് മനസ്സിൽ കരുതിയിരുന്നു. കാണുന്നവരുടെ ശ്രദ്ധ ഞാൻ ആവിഷ്‌ക്കാരിക്കാൻ ശ്രമിക്കുന്ന മെറ്റഫറിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് അതിന്റെ പ്രധാന ലക്ഷ്യം. അവിടെ വസ്ത്രം പ്രാധാന്യം അർഹിക്കുന്ന പ്രോപ്പ് ആയി മാറരുത് എന്നത് കൊണ്ട് ചാരനിറമുള്ള ഒരു ഹൂഡഡ് ടോപ്പ് എന്നും ധരിച്ച് കൊണ്ടാണ് മാർച്ച് മുതൽ ഡിസംബർ വരെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ആദ്യമാദ്യം ആളുകൾ മൊട്ടയായ തല കാണുന്നതിന്റെയും ഒരേ ടോപ്പ് എന്നും ധരിക്കുന്നതിന്റെയും അമർഷവും അവഹേളനവും കമന്റുകളിൽ പങ്കുവച്ചു. ചിലർക്കൊക്കെ പരിഹാസമായിരുന്നു. ക്രമേണ അത്തരം അഭിപ്രായങ്ങൾ മാറി വന്നു. അതിന് മൂന്ന് നാല് മാസങ്ങൾ എടുത്തുവെങ്കിലും.
എന്നും തുടർച്ചയായി, 2020 ഡിസംബർ വരെ, Time, space and continuum - In the time of Pandemic എന്ന സീരീസിൽ ഞാൻ ചെയ്ത ദൃശ്യകവിതകൾ 2021 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ ഒക്ലഹോമ യു.എസ്.എയിൽ നടന്ന ഇറ്റർനാഷണൽ ദൃശ്യകവിതാ എക്‌സിബിഷന്റെ ഭാഗമായി തിരഞ്ഞെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
നമ്മുടെ ആവിഷ്‌ക്കാരങ്ങൾ മാറ്റിവെയ്ക്കാനും, അതിൽനിന്ന് മാറി നിൽക്കാനും, അതൊന്നും വേണ്ടെന്ന് വയ്ക്കാനും പ്രേരിപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങൾ നമുക്കുചുറ്റുമുണ്ട്. അതിനൊന്നും മുൻഗണന നൽകാതെ നമ്മുടെ ക്രിയേറ്റീവായ ചിന്തകൾക്കുമാത്രം മുൻതൂക്കം കൊടുക്കാൻ നമ്മോട് അധികമാരും പറഞ്ഞുവെന്ന് വരില്ല. ചിലപ്പോൾ ആരും പറഞ്ഞെന്നു വരില്ല. അതുകൊണ്ട് സ്വയം തിരിച്ചറിഞ്ഞ് സാഹിത്യത്തിനും കലയ്ക്കുമൊപ്പം ഇരിക്കുകയും ആവിഷ്‌ക്കാരങ്ങളിൽ ശ്രദ്ധിക്കാനും ശ്രമിക്കേണ്ടതുണ്ട്. നമ്മൾ അനേകം രീതികളിൽ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്ന കവിതയാണ് ജീവിതം. ഇക്കാലത്തിന്റെ ചരിത്രമെല്ലാം അടയാളപ്പെട്ടിരിക്കുന്നത് സ്ത്രീകളുടെ ശക്തമായ രചനകളിലാണ്, അതിൽ സാഹിത്യവും കലയുമുണ്ട്. ഇടങ്ങൾ ആരും ഔദാര്യമായി നൽകുന്നതല്ല. നമ്മുടെ നിരന്തരമായ ആവിഷ്‌ക്കാരങ്ങൾ കൊണ്ട് ഒരോരുത്തരും നേടിയെടുക്കുന്നതാണ്. അവിടെ എത്തുകയെന്ന ലക്ഷ്യം മാത്രം മുന്നിൽ കാണുക. അവിടെ എത്തിയാൽ പിന്നെ മുന്നോട്ടുള്ള വഴികൾ തെളിഞ്ഞു കിടക്കും. ▮