‘Again’ -
ഗാസയിലെ
മരണങ്ങൾ
അരങ്ങിലെത്തിയ
രാത്രി

പലസ്‌തീനി എഴുത്തുകാരി സോന്ദോസ് സാബ്രയുടെ ഓർമക്കുറിപ്പുകൾ അവലംബമാക്കി സൗത്ത് ആഫ്രിക്കൻ നാടകസംഘം ഈയിടെ ദോഹയിൽ അവതരിപ്പിച്ച 'എഗൈൻ' നാടകത്തിന്റെ, വൈകാരികം കൂടിയായ ദൃശ്യാനുഭവം എഴുതുന്നു, ഡോ. ഹന്ന മൊയ്തീൻ.

ഉള്ളിൽ വലിയ തിരകൾ തീർക്കുന്ന നടുക്കങ്ങൾ ചില നാടകങ്ങൾ സമ്മാനിക്കുന്നു. പലതരം വൈയക്തിക യുദ്ധങ്ങളെ ഉള്ളിൽ പേറിയെത്തുന്ന പ്രേക്ഷകരുടെ മീതെ കൊടുംയുദ്ധങ്ങളുടെ തീക്കനൽ കോരിയിട്ട് അവരെ ഒരേസമയം തകർക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നു. നിർത്താതെ കരയിക്കുകയും ആഴത്തിൽ ചിരിപ്പിക്കുകയും വേദനയോടെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു അനുഭവമായിരുന്നു ‘എഗെയ്ൻ’ (‘AGAIN’) എന്ന ലോകോത്തര സംഗീതനാടകം. നമ്മെ ആടിയും പാടിയുമുലച്ചുകളയാൻ കെൽപുള്ള മനുഷ്യരിലേക്ക് വാതിൽ തുറക്കുന്ന വൈകാരികാനുഭവം.

Again - A Performance Connecting the Histories of Gaza and South Africa എന്നതായിരുന്നു അവതരണത്തിന്റെ ടാഗ്‌ലൈൻ. നാടകം തുടങ്ങും മുമ്പേ തിയേറ്ററിൽ ആഫ്രിക്കൻ ട്രൈബൽ സംഗീതം പോലൊന്ന് പതിയെ ഒഴുകുന്നുണ്ടായിരുന്നു. അഭിനേതാക്കൾ കൃത്യസമയത്ത് സ്റ്റേജിലേക്ക് എത്തുന്നു. കറുത്ത വസ്ത്രമണിഞ്ഞ ആണുങ്ങളും പെണ്ണുങ്ങളും. പലരും പലസ്‌തീൻ കഫിയ അണിഞ്ഞിരുന്നു. കാഴ്ചയിൽ സൗത്താഫ്രിക്കൻ എന്ന് തോന്നുന്നവരും അല്ലാത്തവരും.

ഒലിവിയർ അവാർഡ് ജേതാക്കളായ ഇസാംഗോ എൻസെംബിളിലെ (isango ensemble) കലാകാരന്മാരാണ് അവരെല്ലാവരും. ഏറെ മുന്നേ വേദിയിൽ വിവിധയിടങ്ങളിലായി സജ്ജീകരിച്ച സംഗീതോപകരണങ്ങളിലേക്ക് അവർ സ്വയം ക്രമീകരിക്കുന്ന രംഗമൊന്ന് കാണേണ്ടതുതന്നെ. ചലനത്തിന്റെ ഒഴുക്കും അവർ തന്നെ പുറപ്പെടുവിപ്പിക്കുന്ന പതിഞ്ഞ സൗത്താഫ്രിക്കൻ കോറസ് സംഗീതവും രാത്രിയിലെ കടലോർമ്മിപ്പിച്ചു. ഒരേ താളത്തിലുള്ള സംഗീതം. ആവർത്തനം കൊണ്ട് വിരസമാകാത്തതൊന്ന് സംഗീതമായിരിക്കുമെന്ന് വെറുതെയോർത്തു.

സോന്ദോസ് സാബ്രയുടെ (Sondos Sabra) 'വോയ്‌സസ് ഓഫ് റെസിസ്റ്റൻസ്: ഡയറീസ് ഓഫ് ജെനോസൈഡ്' (Voices of Resistance: Diaries of Genocide) എന്ന പുസ്തകമാണ് ‘എഗെയ്ൻ' (AGAIN) എന്ന മ്യൂസിക്കൽ നാടകത്തിന് അടിസ്ഥാനമായത്. പലസ്‌തീനി എഴുത്തുകാരിയും വിവർത്തകയുമായ സോന്ദോസ് സാബ്രയുടെ അതിശക്തമായ വ്യക്തിഗത കുറിപ്പുകളും രചനകളുമാണതിൽ ഏറെയും. ഗാസയിൽ ജനിച്ചുവളർന്ന അവരുടേയും അവിടുത്തെ ജനങ്ങളുടേയും അതിജീവനകഥയാണത്. കണ്മുന്നിൽ ആ കഥാകാരി നമ്മോട് സംസാരിക്കുന്ന കണക്കെ കൂട്ടത്തിലൊരു കലാകാരി സോന്ദോസ് സാബ്രയായി. മറ്റുള്ളവർ അവരുടെ മുത്തച്ഛനും അച്ഛനും അമ്മയും അനിയത്തിയും സുഹൃത്തുമൊക്കെയായി.

സമയകാലങ്ങളെ കുറിച്ചോർക്കാതെയാണ് ഇനി നിങ്ങൾക്കവിടെ ഇരിക്കാനാവുക. ഗാസയിലെത്തിയ കണക്കെ, വീശുന്ന കാറ്റിൽ ഒലീവ് മണക്കുന്നെന്ന് തോന്നും.
മഴയെ കുറിച്ചാണ് അവരാദ്യം പറഞ്ഞത്;
ഒക്ടോബർ മഴകളെ പറ്റി,
രാവിലത്തെ കാപ്പിമണങ്ങളെ പറ്റി,
ഒലീവ് വിളവെടുപ്പ് കാലങ്ങളെ പറ്റി.

അവർ ആദ്യം പറഞ്ഞയൊരു വാചകം നമ്മെ അടിതെറ്റി വീഴ്ത്താൻ കെൽപുള്ളതായിരുന്നു: "തുടങ്ങും മുൻപേ ഞങ്ങളൊരു കാര്യം വ്യക്തമായി പറയാം: Never believe it all started by the victims. Never believe that they are the ones who first started it." (‘‘ഇതെല്ലാം ആരംഭിച്ചത് ഇരകളാണെന്ന് ഒരിക്കലും വിശ്വസിക്കരുത്. ഇതിന് തുടക്കമിട്ടത് ഇരകളാണെന്ന് ഒരിക്കലും വിചാരിക്കരുത്’’).

അവർ അത് എത്ര തവണ ആവർത്തിച്ചെന്ന് ഓർമ്മയില്ല. ആ വാചകത്തിൽ നിങ്ങൾ കുരുങ്ങിയമരുന്ന കണക്കെ, അത്രയും തവണ അതവർ ആവർത്തിച്ചിരിക്കും. അതിൽപിന്നെ അവർ പറഞ്ഞുകൊണ്ടിരുന്ന സകലതിനും ആ വാചകത്തിന്റെ പ്രതിധ്വനി കൈവന്നു. ആ നിഴലിലാണ് ബാക്കി കാഴ്ചകൾ തുടർന്നത്.

അവർ കൂട്ടംകൂടി നിന്ന് ഒലിവ് മരങ്ങളിൽ നിന്ന് ഒലിവ് പറിക്കുകയും ഉയരം കൂടിയ കൊമ്പുകളിലേക്ക് വലിഞ്ഞുകയറുകയും ചെയ്‌തു. സിനിമ നാടകത്തിനോട് തോൽക്കുന്നത് അതിൻ്റെ ജെവികമായ ഉണർവുകളിലാണ്. ടെക്നോളജിയുടെ അതിപ്രസരമില്ലാതെ അവർ ചെറിയ ചില ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് മരങ്ങളുണ്ടാക്കി. അവർ പാടുകയും രസിക്കുകയും ചെയ്തപ്പോഴൊക്കെയും ഒരു പ്രവാസിയെന്ന നിലക്ക് ഓർമകളിൽ നാടുദിച്ചുവന്നു.

പെട്ടെന്നാണ് ചെവിട് പൊട്ടുമാറുച്ചത്തിൽ അവർ ആ മരത്തിൽ നിന്ന് ചിതറിവീണത്. നിങ്ങൾ ശരിക്കും പേടിച്ചുപോകും. തിയേറ്റർ കുലുങ്ങുന്ന കണക്കെ അവർ തകരപെട്ടികളിൽ അടിച്ചു ശബ്ദമുണ്ടാക്കുകയായിരുന്നു അപ്പോൾ. അവർ ഭയചകിതരായി നിലത്തുവീണു നിലവിളിച്ചു. കണ്മുന്നിൽ നാടകമാണെന്ന് നിങ്ങൾ മറക്കുമപ്പോൾ. അവരെല്ലാം കലാകാരന്മാരാണെന്നും. നെഞ്ചിടിപ്പ് അതിൽപിന്നെ താഴ്ന്നതേയില്ല.

വേദിയിൽ പിന്നെയെല്ലാം ശബ്ദങ്ങളായിരുന്നു. ഒരു തരത്തിലും റെക്കോർഡഡ് ആയതല്ലാതെ, അപ്പപ്പോൾ പല മാധ്യമങ്ങളിലൂടെ അവരുണ്ടാക്കിവിട്ട ശബ്‌ദങ്ങളിലൂടെ യുദ്ധത്തെയും യുദ്ധത്തിലകപ്പെട്ട മനുഷ്യരെയും അവരെത്ര വെടിപ്പായാണ് കാണിച്ചുതന്നത്. ഞൊടിയിടയിൽ അവരെല്ലാവരും ചേർന്ന് ഒരു വണ്ടിയായി മാറുന്നു. അവരതിൽ ഗാസയിൽ നിന്ന് റഫയിലേക്ക് യാത്ര ചെയ്യുന്നു. സ്വന്തം മണ്ണ് വിട്ട് പേടിച്ചോടുന്ന മനുഷ്യരുടെ കാഴ്ച നിങ്ങളിനി എങ്ങനെ മറക്കാനാണ്. കഥാകാരി അത് വിവരിച്ചു കൊണ്ടേയിരിക്കവെയാണ്, ഇതെല്ലാം അവർ നമുക്കനുഭവിപ്പിച്ചു തരുന്നതെന്നത്, വല്ലാത്തൊരു അവസ്ഥയാണ്. അവരുടെ വാക്കുകളിലെ പേടിയും നിരാശയും കൂടെയുള്ള മനുഷ്യരിലേക്ക് പതിയെ ഒഴുകുന്നു.

"എനിക്ക് മഴകൾ ഇഷ്ടമല്ല" എന്നവർ ഇടക്ക് പറഞ്ഞുവെക്കുന്നുണ്ട്.

"ഏറ്റവും പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെടുത്തി തിരിഞ്ഞുനടക്കുമ്പോൾ, കഴിഞ്ഞ കാലം ഞങ്ങളിലുണ്ടായിരുന്നില്ല എന്ന കണക്കെ ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടിവരുമ്പോൾ, ഞങ്ങൾക്ക് എന്ത് തോന്നുന്നുവെന്നാണ് നിങ്ങൾ കരുതുന്നത്" എന്നവർ കാണികളോട് ചോദിച്ചു.

അൽപമെങ്കിലും രാഷ്ട്രീയബോധമുണ്ടെങ്കിൽ അതുകേൾക്കേ നിങ്ങൾക്ക് ഉള്ളിൽ കനലുകൾ വേവും. ഇരകളാണിത് തുടങ്ങിയതെന്ന് അവർ പറയും. നിങ്ങളത് വിശ്വസിക്കരുതെന്ന് അവർ ആവർത്തിച്ചു.

ഗാസയിലേക്ക് സഹോദരിയുടെ പ്രസവരക്ഷാർത്ഥം തിരികെയെത്തിയ കാലം സോന്ദോസ് പറഞ്ഞുതുടങ്ങിയതിൽ പിന്നെ അകത്തെ മഴക്കാലമായിരുന്നു. യുദ്ധങ്ങൾക്കിടയിൽ സ്ത്രീകൾ ഗർഭിണികളാകുന്നത് എങ്ങനെയാവാം എന്നോർത്ത് ഉള്ളു കനത്തു. ആ കെടുതിയിലും അവരുടെ ചെറിയ സന്തോഷങ്ങളിലേക്ക് അവർ അവരെ ചേർത്തുപിടിക്കുന്നത് കാണുമ്പോഴൊക്കെയും കണ്ണുകൾ നിറഞ്ഞു.

പലസ്‌തീനി എഴുത്തുകാരി സോന്ദോസ് സാബ്ര
പലസ്‌തീനി എഴുത്തുകാരി സോന്ദോസ് സാബ്ര

"എനിക്ക് നിന്ന നിൽപ്പിൽ മരിച്ചുപോകാനാണ് ഇഷ്ടം, കൈകാലുകൾ ചിതറിത്തെറിച്ച് എനിക്ക് മരിച്ചുപോവേണ്ട" എന്ന സോന്ദോസിന്റെ ഇളയ സഹോദരി ഫാത്തിമയുടെ സംഭാഷണത്തിലേക്ക് അവർ നമ്മളെ നയിക്കുമ്പോൾ, മനുഷ്യരെന്ന നിലക്ക് നമ്മൾ തീർത്തും പരാജയപ്പെട്ടുപോയതായി നാമനുഭവിക്കുന്നു. "നിനക്കെങ്ങനെ മരിക്കണമെന്നാണ് ആഗ്രഹം" എന്ന് സഹോദരിമാർ പരസ്പരം ചോദിച്ചു ചിരിക്കവേ, നിങ്ങൾ ലജ്ജയും കുറ്റബോധവും വേദനയും അമർഷവും ഒരുമിച്ചറിയുന്നു. യുദ്ധഭൂമിയിലിരുന്ന് നമ്മളെങ്ങനെ മരിക്കണമെന്ന് വൈകുന്നേരചായയുടെ ചൂടിലേക്ക് ചാരിനിന്ന് മനുഷ്യർ കുശലം പറഞ്ഞിരിക്കുന്ന കാഴ്‌ച സങ്കൽപിക്കാവുന്നതിലും അപ്പുറമായിരുന്നു.

ശബ്ദമാണ് ആ നാടകം മൊത്തം നിയന്ത്രിച്ചതെന്ന് തോന്നും. പലതരം ശബ്ദങ്ങൾ. നിഴലില്ലാത്ത നിലവിളികൾ. അടക്കം പറച്ചിലുകൾ. മുറുക്കിച്ചുവന്ന മൂളക്കങ്ങൾ. അതിനിടെ പെട്ടെന്നാണ് അവർ കുഞ്ഞു മൃതശരീരങ്ങൾ വേദിയിൽ കൊണ്ടുവെച്ചത്. വെള്ളത്തുണിക്കെട്ടുകൾ അടുക്കും ചിട്ടയുമില്ലാതെ നിങ്ങളുടെ ഉള്ള് പൊള്ളിക്കുന്നു. മരിച്ചവരോടൊക്കെയും വാത്സല്യം തോന്നുമാറുച്ചത്തിൽ കരയണമെന്ന് തോന്നും. "ഏഴുമാസം മാത്രം പ്രായമായ ആയ എന്ന പെൺകുഞ്ഞ് എന്തിന് മരിച്ചുവെന്നാണ് നിങ്ങൾ കരുതുന്നത്" എന്ന് അവർ ചോദിച്ചു. സദസ്സ് നിശ്ശബ്ദമായിരുന്നു. അടുത്തിരുന്ന പെൺകുട്ടിയും കരയുകയാണെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. ദേശവും ഭാഷയും മറ്റെന്തും വ്യത്യസ്തമായിരുന്നാലും മനുഷ്യരുടെ വേദനകൾക്ക് ഒരേ ഭാവമാണെന്ന് നിങ്ങളപ്പോൾ അറിയൂന്നു.

മരിച്ച കുഞ്ഞിന്റെ ദേഹം ശേഷക്രിയകൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കാതെ ഒരു ദിവസം മുഴുവൻ ആ ഉമ്മ അവളെചേർത്തു പിടിച്ചെന്ന് സോന്ദോസ് പറഞ്ഞത് കേട്ടപ്പോൾ തലക്ക് പിന്നിൽ കടുത്തൊരു വേദന തോന്നി. പൊടുന്നനെ ആ കുഞ്ഞിനെ കുറച്ചുപേർ ചേർന്ന് ബലമായി താഴെവെക്കുകയും ആ മാതാവ് തിയേറ്റർ മുഴുവൻ കേൾക്കുന്ന ശബ്ദത്തിൽ കരയുകയും ചെയ്തു. ചെവി തുളയ്ക്കുന്ന അലർച്ച. നമ്മളുടെ ഉള്ള് കലക്കാൻ കെല്പുള്ള കരച്ചിൽ. മുന്നിൽ കിടക്കുന്നത് വെറുമൊരു വെള്ളത്തുണിയല്ല എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കാൻ, കണ്മുന്നിൽ നടക്കുന്നത് കൂട്ടക്കൊലയാണെന്ന് വിശ്വസിപ്പിക്കാൻ അവർക്ക് ആ ശബ്ദങ്ങൾ മതിയായിരുന്നു.

യുദ്ധഭൂമിയിലെ തമാശകളെന്ന വിരോധാഭാസത്തിലേക്ക് അവർ പ്രേക്ഷകരെ കൈപിടിച്ച് നടത്തുമ്പോൾ കുറ്റബോധം കൊണ്ട് തലകുനിഞ്ഞുപോകും. നമ്മളെപ്പോലെ ജീവിക്കേണ്ടിയിരുന്ന മനുഷ്യർ അതിജീവനത്തിന് വേണ്ടി അക്ഷരാർത്ഥത്തിൽ പോരാടുന്നത് നോക്കിനിൽക്കെ, അവരുടെ വേദനകളിൽ അർഥപൂർണമായ യാതൊന്നും ചെയ്യാനാവാത്തതിലെ നിസഹായത നമ്മെ പൊതിയുന്നു. ആ മണ്ണിൽ ജനിച്ചുപോയില്ലെന്ന് കരുതി നിങ്ങൾക്കവരെ അവഗണിക്കാനാവുമോ? രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും നിറങ്ങൾ ചാർത്തി വെറുതെ കൊട്ടിഘോഷിച്ചാൽ മതിയോ അവരെ?

സമാധാനപരമായ ദൈനംദിനജീവിതത്തിൽ നിന്ന് പെട്ടെന്ന് യുദ്ധത്തിന്റെ ഭീകരതയിലേക്കും, സ്വന്തം വീട് നഷ്ടപ്പെടുന്നതിലേക്കും, കടുത്ത അനിശ്ചിതത്വങ്ങളിലേക്കും മാറേണ്ടിവന്ന ഒരു സ്ത്രീയുടെ അതിതീവ്രമായ അനുഭവസാക്ഷ്യമാണ് മുന്നിലെന്നെത് ഒരുപോലെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പശ്ചാത്തലസംഗീതം അവരിൽ തന്നെയുള്ള കലാകാരന്മാരുടെതാണെന്ന് തിരിച്ചറിയാനാവാത്ത വിധം ഗംഭീര അനുഭവമായിരുന്നു അവസാന അരമണിക്കൂർ. അവർ പാടുകയും പറയുകയും കരയുകയും ചിരിക്കുകയും ചെയ്തു. സദസ്സാകെയും അവരോടൊപ്പം അവരിലൊരാളായി നിന്നു. ഒരേ സമയം പേടിയും ആശ്വാസവും നിങ്ങൾ അനുഭവിക്കുന്നു.

സോന്ദോസിന്റെ വാക്കുകൾ ഇങ്ങനെയാണ്:
"They want to amputate my memory. They want to erase every trace of that life... but I am strong and defiant against forgetfulness. I remember that I remember, and I will not have that memory erased." (‘‘എന്റെ ഓർമ്മകളെ മുറിച്ചുമാറ്റാനാണ് അവർ ആഗ്രഹിക്കുന്നത്. ആ ജീവിതത്തിന്റെ ഓരോ അടയാളവും മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നു... എന്നാൽ ഞാൻ ശക്തയാണ്; വിസ്‌മൃതിക്കെതിരെ ഞാൻ ഉറച്ചുനിൽക്കുന്നു. എനിക്ക് ഓർമ്മയുണ്ടെന്ന കാര്യം ഞാൻ ഓർക്കുന്നു; ആ ഓർമ്മയെ മായ്ച്ചുകളയാൻ ഞാൻ അനുവദിക്കില്ല’’).

ഒടുവിൽ വേദിയിൽനിന്ന് ഓരോരുത്തരായി മുന്നിലേക്ക് കടന്നുവന്ന് സയണിസ്റ്റുകൾ കൊന്നുതള്ളിയ മനുഷ്യരുടെ കണക്കുകൾ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും തങ്ങളുടെ വീടിനുമീതെ സദാ റോക്കറ്റുകൾ പറക്കുന്ന കാഴ്ചകളെ പറ്റി പറയുന്നു: "രക്ഷിക്കാമെന്നേറ്റവർ കൈവിടുമ്പോൾ, നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്തേനെ" എന്ന് നമ്മുടെ മനസ്സാക്ഷിയെ പ്രതിക്കൂട്ടിൽ നിർത്തുന്നു. അവരിൽ ഓരോരുത്തരും I remember that I remember, and I will not have that memory erased എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. പതിയെയും ഉച്ചത്തിലും അത് ആവർത്തിച്ചു. തിയേറ്ററിൽ അവരുടെ മാത്രം ശബ്ദം. അവരുടെ പറച്ചിൽ പെട്ടെന്നാണ് പാട്ടുകൾ ആയത്. അവർ തറയിൽ നിന്ന് ഉയർന്ന് ചാടി നൃത്തം വെച്ചു. ഒരേ താളം, ഒരേ ശബ്ദം.

നിറകണ്ണുകളോടെയാണ് ആ രാവ് അവസാനിച്ചത്. അഭിനേതാക്കളും പ്രേക്ഷകരും കരയുന്ന അവതരണങ്ങൾ കുറവാണ്. യുദ്ധം മനുഷ്യരോടെന്ത് ചെയ്യുന്നുവെന്ന് ഈ നാടകം നമ്മെ ധാരണപ്പെടുത്തുന്നു. പക്ഷെ, യുദ്ധങ്ങൾ ആണിനോടും പെണ്ണിനോടും ചെയ്യുന്നത് രണ്ടു തരത്തിലാണ് എന്നു കൂടി നമ്മൾ തിരിച്ചറിയുന്നു. യുദ്ധത്തിന്റെ ബാക്കിയാവുന്ന വേവിൽ കൂടുതലും സ്ത്രീകൾ അകപ്പെട്ടുപോവേണ്ടി വരുന്നു എന്നത് എന്തൊരു ശ്വാസം മുട്ടിക്കുന്ന വേദനയാണ്.

Comments