ഇടവ ബഷീർ

ഇടവ ബഷീർ; പാട്ടിന്റെ ഒരു കാലം,
​പാട്ടുപകരണങ്ങളുടെയും

കേരളത്തിലെ മുതിർന്ന ഗായകരിൽ ഏറെ വിശേഷങ്ങളുള്ള ഗായകനാണ് ഇടവ ബഷീർ. 1978-ൽ മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയിറങ്ങിയ കാലത്തുതന്നെ മനസ്സിൽ കുടിയിരുന്ന ഒരാളാണ്, അദ്ദേഹം. ആ സിനിമയിലെ ആഴിത്തിരമാലയിൽ അഴകിന്റെമാലയിൽ...
അത്രകണ്ടു ഹിറ്റായിരുന്നു.
തിരുവനന്തപുരം സംഗീത കോളേജിൽ നിന്ന്​ ഗാനഭൂഷണം.
ഗോപാലപിള്ള, രത്‌നാകാരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രമണ്യം എന്നിവരിൽനിന്ന്​ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
ആൾ കേരള മ്യൂസിഷ്യൻസ് ആൻറ്​ ആൻഡ് ടെക്‌നിക്ഷ്യൻസ് വെൽഫയർ അസോസിയേഷന്റെ പ്രസിഡൻറായിരുന്നു. മ്യൂസിക് ഉപകരണങ്ങളുടെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയ ഗായകൻ എന്ന നിലയ്ക്ക് ഇടവ ബഷീറിന് പ്രത്യേക സ്ഥാനമുണ്ട്.

അദ്ദേഹത്തിന്റെ അന്ത്യം സംഗീതത്തിന്റെ അകമ്പടിയോടെത്തന്നെ സംഭവിച്ചു. ഇന്ത്യൻ ചലച്ചിത്രസംഗീതലോകത്തിലെ അതികായൻ ബപ്പി ലാഹിരി സംഗീതസംവിധാനം നിർവഹിച്ച്, തനിക്ക് ഗുരുതുല്യനായ യേശുദാസ് പാടിയ, മാനാഹ തും... എന്ന പ്രശസ്തമായ സിനിമാ പാട്ട്​ പാടുന്നതിനിടയിൽ, വേദിയിൽ ആ ജീവിതത്തിന് തിരശീല വീണു.

ഇടവ ബഷീർ വേദിയിൽ
ഇടവ ബഷീർ വേദിയിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായിരിക്കെ,യു. ജി. സി യുടെ മേജർ റിസേർച് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റുകളുടെ ജീവിതം അന്വേഷിക്കുന്ന കാലത്ത് (2010-12) തന്നെയാണ് ഇടവ ബഷീറുമായും കണ്ടുമുട്ടുന്നത്. അന്ന് തയ്യാറാക്കിയ അഭിമുഖത്തിന്റെ സംക്ഷിപ്തരൂപമാണ്, ഈ പാഠം.

ഡോ. ഉമർ തറമേൽ: പാട്ടുപകരണങ്ങളുടെ പഴയകാലത്തെ എങ്ങനെ കാണുന്നു?

ഇടവ ബഷീർ: റെക്കോഡിങ് പ്ലെയർ വിത്ത് സ്പൂളിന്റെ ടേപ്പ് റിക്കോർഡർ അന്ന് ജർമനിയുതേതായിരുന്നു. ജാപ്പാനീസ് സാധനങ്ങൾ ഒന്നും പ്രചാരത്തിലുള്ള കാലമല്ല, അത്. ടെലഫോൺ ആയിരുന്നു മുഖ്യം. ഒരു സൈഡിൽ റേഡിയോ, മറ്റൊരു സൈഡിൽ ടേപ്പ് റിക്കോർഡർ. അതിനോട് ചെയിനായിട്ട് കുറേ ഡിസ്‌ക്- അങ്ങനത്തെ ഒരു ടേപ്പ് റിക്കോർഡറായിരുന്നു. ഷിപ്പിലായിരുന്നു കൊണ്ടു വന്നിരുന്നത്. ഫ്‌ളൈറ്റ് ഒന്നും സാധാരണമായ കാലഘട്ടമല്ലായിരുന്നു. ഞാനും ആദ്യകാലത്ത് ഷിപ്പിലായിരുന്നു. ചിദംബരം എന്നായിരുന്നു ഷിപ്പിന്റെ പേര്​. പഠിക്കുന്ന കാലത്ത് കൂടെക്കൂടെ ഞാൻ ഫാദറിനെ കാണാൻ സിങ്കപ്പൂരിൽ പോകുമായിരുന്നു. ട്രാവൽ ഏജൻസിക്കാർ മുഖേനയാണ് യാത്ര ശരിയാക്കുക. അതൊക്കെ ഒരു കാലം.

കെ.ജെ. ജോയി എന്ന മ്യൂസിക് ഡയറക്ടർക്ക് ഇൻസ്ട്രുമെൻറ്​സിലുള്ള ക്രെയ്​സ്​നമ്മെ അത്ഭുതപ്പെടുത്തും, എന്നെപ്പോലത്തന്നെ. അന്ന് മദ്രാസിൽ മിക്ക സ്റ്റുഡിയോകൾക്കും ഇലക്​ട്രോണിക്​ ഓർഗനും മറ്റും വാടകക്ക് കൊടുക്കുന്ന ആൾ കൂടിയായിരുന്നു അദ്ദേഹം.

സിനിമയിൽ ഗായകനായി വന്നതെങ്ങനെ?

1979ലാണ് സിനിമയിൽ ഗായകനായെത്തുന്നത്. 78-ൽ അൻവർ സുബൈർ ‘രഘുവംശം' എന്ന സിനിമയെടുക്കുന്നു. കഥയും ഗാനരചയിതാവും അൻവർ സുബൈർ തന്നെ. കാനറാബാങ്ക്​ മാനേജറായിരുന്ന സുബൈർ എ.എ. റഹിം സാറിന്റെ മരുമകനായിരുന്നു. അദ്ദേഹമാണ് എനിക്ക് സിനിമയിൽ പാടാൻ ചാൻസ് തന്നത്. സിനിമയുടെ സംഗീതം എ.ടി. ഉമ്മ. ആ സിനിമയിൽ വീണവായിക്കുമീ വിരൽ മ്പിന്റെ വിരുതുകൾ എന്തെന്നറിഞ്ഞാ... എന്ന പാട്ടാണ് ആദ്യമായി പാടുന്നത്ത്. എസ്.ജാനകിയാണ് കൂടെപ്പാടുന്നത്. മദ്രാസിൽ എ.വി.എം. സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്.

അടൂർ ഭാസി
അടൂർ ഭാസി

ആ സിനിമ ഓടിയോ?

കുറച്ചൊക്കെ ഓടി. രഘുവംശത്തിന്റെ സംവിധാനം അടൂർഭാസിയായിരുന്നു. അടൂർ ഭാസി സംവിധാനം ചെയ്യുന്ന ആദ്യസിനിമ.

സിനിമകളിൽ പിന്നെയും പാടിയല്ലോ...?

സുബൈർ പിന്നെ മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്ക് കഥയെഴുതി. അതിൽ, ‘ആഴിത്തിരമാലകൾ' എന്ന പാട്ടും സുബൈറിന്റെ തന്നെ. ആ പാട്ടാണ് എന്നെ സിനിമാപാട്ടുകാരനാക്കിയത്.

അന്ന് ആ പാട്ട് പടത്തേക്കാൾ ഹിറ്റായിരുന്നു.

അതിന്റെ മ്യൂസിക് ഡയറക്ടർ കെ.ജെ. ജോയിയാണ്. ജോയി എന്ന മ്യൂസിക് ഡയറക്ടർക്ക് ഒരു പ്രത്യേകതയുണ്ട്. ഇൻസ്ട്രുമെൻറ്​സിൽ അയാൾക്കുള്ള ക്രെയ്​സ്​നമ്മെ അത്ഭുതപ്പെടുത്തും, എന്നെപ്പോലത്തന്നെ. അന്ന് മദ്രാസിൽ മിക്ക സ്റ്റുഡിയോകൾക്കും ഇലക്​ട്രോണിക്​ ഓർഗനും മറ്റും വാടകക്ക് കൊടുക്കുന്ന ആൾ കൂടിയായിരുന്നു അദ്ദേഹം. നല്ലൊരു മ്യൂസിക് സെറ്റപ്പായിരുന്നു. നല്ലൊരു മ്യൂസിക് ഡയറക്ടറും. ഒരു പാട് നല്ല മലയാള, തെലുങ്ക് പടങ്ങളിൽ അദ്ദേഹം മ്യൂസിക് ചെയ്തി ട്ടുണ്ട്. നല്ല അടുപ്പമായിരുന്നു. സുബൈർ തന്നെയാണ് എനിക്ക് അവസരം ഉണ്ടാക്കി തന്നത്. അതിൽ എന്റെ കൂടെ പാടിയത് വാണി ജയറാം ആയിരുന്നു. വാണിജയറാമിന് മലയാളത്തിൽ മാത്രമല്ല തമിഴ്- തെലുങ്ക് പടങ്ങളിലും തിരക്കുള്ള കാലമാണത്.

തെക്കെ ഇന്ത്യയിലെ സിനിമാറെക്കോഡിംഗ്​ അന്ന് മദ്രാസിലായിരുന്നു. പിന്നെപ്പിന്നെയാണ് എല്ലാം കേരളത്തിലേക്കുവന്നത്. റെക്കോർഡിംഗിന്റെ മുന്നൊരുക്കം അന്ന് ഏറെയാണ്. രണ്ടുമൂന്ന് ദിവസം പാട്ടൊക്കെ പ്രാക്റ്റീസ് ചെയ്തിട്ടാണ് സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്യുന്നത്. അന്നത്തെ സ്റ്റുഡിയോ ഇന്നത്തെ പോലെയല്ല. നിറയെ ആളുകളും ഇൻസ്ട്രുമെൻസും ആയിരിക്കും. മിക്ക പാട്ടുകളും സ്‌ട്രൈറ്റ് ആയിട്ടാണ് എടുക്കുക. ഫസ്റ്റ് ടേക്കിൽ തന്നെ നമ്മൾ ശരിയാക്കും. ഒരാൾ തെറ്റിച്ചാൽ റീ ടേക്ക് വേണം. നാല്​ ടേക്കിലുള്ള പരിപാടിയായിരുന്നു. ഇന്ന് ഒരുവരി തെറ്റിച്ചാൽ, അല്ലെങ്കിൽ ഒരു ഇൻസ്ട്രുമെന്റുകാരൻ വന്നില്ലെങ്കിൽത്തന്നെ അവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. സാങ്കേതിക സൗകര്യം അത്ര പുരോഗമിച്ചു.

കെ.ജെ. ജോയ്
കെ.ജെ. ജോയ്

സിനിമയിൽ തുടർന്ന് പാടിയില്ലേ?

മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്കുശേഷം ഗാനമേളകളുടെ തിരക്കായിരുന്നു. അത് എന്റെ വലിയ ഹരവുമായിരുന്നു.നേരെ പാട്ടുകേൾക്കുന്നവരിൽ നിന്ന്​ കിട്ടുന്ന പ്രതികരണം, എന്നെ വല്ലാതെയാകാർഷിച്ചു. റാഫിയുടെ വലിയ ആരാധകനാണ് ഞാൻ. റാഫിയും യേശുദാസും അവരുടെ കാലഘട്ടത്തിലെ മികച്ച ഗായകർ തന്നെ. ഒരുപാട് ഗാനമേളക്ക് റാഫിയുടെ പാട്ട് പാടിയിട്ടുണ്ട്.

ഏതൊക്കെയാണവ?

‘ഭഗവാൻ.. ' ഒരുപാട് സ്റ്റേജിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ ചാഹ്മെ തുജേ...അങ്ങനെ കുറേ. അമേരിക്കയിലും കാനഡയിലും നടത്തിയ പ്രോഗ്രാമുകളിൽ പോലും ഈ പാട്ടുകൾ ആളുകൾ നിരന്തരം ആവശ്യപ്പെടും.

പിന്നെ മദ്രാസിലൊക്കെ പോയി ഒരു പാട്ട് പാടുക എന്നൊക്കെ പറയുന്നത് ബുദ്ധമുട്ടായി. സമയവും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ പോയില്ല. ദേവരാജൻ മാസ്റ്റർ വിളിച്ചിരുന്നു, പോകാൻ പറ്റിയില്ല. ഒരാഴ്ചയെങ്കിലും മാറിനിൽക്കാനുള്ള സാഹചര്യമില്ലാത്തമട്ടിൽ പ്രോഗ്രാമുകളായിരുന്നു.

അടുത്ത കാലത്ത് തിരുവന്തപുരത്ത് നിന്നൊരാൾ ഇന്റർനെറ്റിൽ നിന്ന് എന്റെ ഡീറ്റെയിൽസ് എടുത്ത്​ നിരന്തരം വിളിക്കുമായിരുന്നു. പഴയഗാനങ്ങളുടെ സി.ഡി. അയ ച്ചുതരണം എന്നൊക്കെ പലരും ആവശ്യപ്പെടും. ഈയടുത്ത കാലത്ത് അങ്ങനെ ഒരു പാട് ആൾക്കാർ വിളിച്ചിരുന്നു.

എല്ലാ ഗായകരും, യേശുദാസായാലും, ജയചന്ദ്രനായാലും, ബ്രഹ്മാനന്ദനായാലും ജോയ് എബ്രഹാമായാലും അന്ന്​ മദ്രാസിൽ സെറ്റിൽഡായിരുന്നു. സെറ്റിൽഡ് ചെയ്ത പറ്റുമായിരുന്നുള്ളൂ. മ്യൂസിക് ഡയറക്ടറുടെ സൗകര്യത്തിന് പാട്ട് പഠിച്ച് അവിടെപോയി പാടുന്ന ഒരു സെറ്റപ്പ്. സത്യം പറഞ്ഞാൽ എനിക്ക് അതിന് സൗകര്യം കിട്ടിയില്ല. അതിലിപ്പോൾ എനിക്ക് വിഷമമുണ്ട്. കുറേ കൂടി ഫിലിമിൽ പാടാനുള്ള സാഹചര്യം നഷ്ടപ്പെട്ടു. മാത്രമല്ല, ഞാൻ അഭ്യസിച്ച ക്ലാസിക്കലിൽ കാര്യമായി ശ്രദ്ധിക്കാനും പറ്റിയില്ല. വലിയ നഷ്ടം തന്നെ.

ആളുകളുടെ പ്രതികരണങ്ങളൊക്കെയെങ്ങനെയായിരുന്നു?

ഭയങ്കരമായിരുന്നു. നല്ല സഹകരണമായിരുന്നു എല്ലായിടത്തും. പല സ്ഥലങ്ങളിലും, എന്നെ അവിടെ കേട്ടു, ഇവിടെ കേട്ടു എന്നൊക്കെ പറഞ്ഞ് അടുത്തുകൂടും. അടുത്ത കാലത്ത് തിരുവന്തപുരത്ത് നിന്നൊരാൾ ഇന്റർനെറ്റിൽ നിന്ന് എന്റെ ഡീറ്റെയിൽസ് എടുത്ത്​ നിരന്തരം വിളിക്കുമായിരുന്നു. പഴയഗാനങ്ങളുടെ സി.ഡി. അയ ച്ചുതരണം എന്നൊക്കെ പലരും ആവശ്യപ്പെടും. ഈയടുത്ത കാലത്ത് അങ്ങനെ ഒരു പാട് ആൾക്കാർ വിളിച്ചിരുന്നു. ചിലർ ഫോൺ വിളിച്ചു പറയും, മധുവിന്റെ പടത്തിലെ,ശ്യാമസുന്ദര പുഷ്പമേ എന്ന പാട്ട് കേൾപ്പിക്കണം എന്നൊക്കെ. (ആ പാട്ട് അദ്ദേഹം പാടുന്നു.)

മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിലെ 'ആഴിത്തിരമാലയിൽ' എന്ന പാട്ടിന്റെ ദൃശ്യം
മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിലെ 'ആഴിത്തിരമാലയിൽ' എന്ന പാട്ടിന്റെ ദൃശ്യം

എന്തൊരു പാട്ടാണ്. കെ. രാഘവൻ മാഷാണ് സംഗീതം. എഴുതിയത്. ഒ.എൻ.വി. അസാധ്യ പാട്ടല്ലേ!

ഉപകരണസംഗീതത്തിന്റെ കഥയെന്താ?

ഞാൻ അന്ന് പഠിക്കുന്ന കാലത്ത് വയലിനായിരുന്നു ഹരം. വയലിനായിരുന്നു എന്റെ സബ്ജക്ട്. നല്ല മാർക്കോടെ പാസായി. പിന്നെപ്പിന്നെ അതൊന്നും ഡെവലപ് ചെയ്തില്ല. തബലയൊക്കെ വായിക്കും.

മാപ്പിളപാട്ടുകൾ പാടിയിട്ടുണ്ടല്ലോ?

നേരത്തെ പറഞ്ഞില്ലോ, ഇവിടെ അതിനുള്ള സാഹചര്യങ്ങൾ കുറവാണ്. നിങ്ങളുടെ നാട്ടിലെ പോലെയല്ല. യേശുദാസൊക്കെ പാടിയ കുറേ പാട്ടുകൾ പാടിയിട്ടുണ്ട്. മൈലാഞ്ചിപ്പാട്ടൊന്നും പാടിയില്ല. ഭക്തിഗാനങ്ങളാണ് അധികവും പാടിയത്.‘കരയാനും പറയാനും മനം തുറന്നിരക്കാനും നീയല്ലാതാരുമില്ലാ കോനേ’ തുടങ്ങിയ പാട്ടുകൾ

മാപ്പിളപാട്ട് വഴങ്ങില്ലേ?

ബുദ്ധിമുട്ടൊന്നുമില്ല, അത് ഇച്ചിരി ടഫാണ്, പ്രൊനൗൺസേഷനുമൊക്കെ. മ്യൂസിക് കമ്പോസിംഗുണ്ട്. ഒരുപാട് ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ടി.വി.യിലൊക്കെ പ്രോഗ്രാംസിനുവേണ്ടി പാട്ടുകൾ ചെയ്തിട്ടുണ്ട്. പിന്നെ നാടകങ്ങളിൽ മ്യൂസിക് കൊടുത്തിട്ടുണ്ട്.

സംഗീതത്തിലെ ഇപ്പോഴത്തെ ട്രെൻറ്​ എങ്ങനെ?

ഞാൻ പറഞ്ഞില്ലേ, ആഴിത്തിരമാലകൾ... റെക്കോർഡ് ചെയ്തപ്പോൾ, ഒരു സിനിമാതിയറ്ററിന്റെ അത്രയും ഉള്ള ഹാളാണ് ഇതിനുപയോഗിക്കുന്നത്. ഇന്ന് രണ്ട് മുറി മതി, ഒന്ന് വോയ്‌സ് മിക്‌സ് ചെയ്യുന്നതിനും ഒരു ട്രാൻസ്‌ഫോമറും. ഇവയുണ്ടെങ്കിൽ അതിനകത്ത് എന്തും ചെയ്യാനുള്ള സംവിധാനമുണ്ട്. എന്തൊക്കെ ചെയ്യണം, അതിനുള്ള എല്ലാ ചിപ്പും ഇറങ്ങിയിട്ടുണ്ട്. ഏതു ഇൻസ്ട്രമെന്റിനെയും ഇതിനകത്ത് ഫീഡ് ചെയ്യത്തക്ക അറേഞ്ച്‌മെൻറുണ്ട്​.

യന്ത്രങ്ങൾ കാര്യങ്ങൾ ഏറ്റെടുത്തു അല്ലേ?

നമ്മളിപ്പോൾ, ഇതിനകത്ത് സാംപിൾ ചെയ്ത് ഇടുകയാണ്. ഒരു തബല എന്നു പറഞ്ഞാൽ ആ സാധനം അതിനകത്തുണ്ട്. ഫ്‌ളൂട്ടായാലും വയലിനായാലും എഫക്ട് സാമ്പിൾ ചെയ്ത് കൊടുക്കുകയാണ് പതിവ്. മറ്റേതിനെക്കാളും ഭയങ്കര പെർഫെക്ഷനാണ് ഇവയ്ക്ക്. അത് പറയാതിരിക്കാൻ ഒക്കൂല. നേരത്തെ പറഞ്ഞപോലെയല്ല, ഒരു വരി തെറ്റിയാൽ അപ്പോൾ തന്നെ അവിടെനിന്ന് മാറ്റാം. പുതിയ ടോൺ വരെ മാറി ചെയ്യാം . റേഡിയോയുടെ കാലഘട്ടത്തിൽ നമ്മൾ ടി.വി.യെ സ്വപ്നം കണ്ടിട്ടുകൂടിയില്ല. കാസറ്റ്, ടേപ്പ് റിക്കോർഡർ... ഇതുപോലും നമ്മൾ കണ്ടിട്ടില്ല. പിന്നെ ടി.വി. വന്നു. ഇനി, പത്തിരുപത് വർഷം കഴിയുമ്പോൾ എന്തൊക്കെ വരും എന്നുപറയാൻ പറ്റത്തില്ല.

ഇടവ ബഷീറും ഡോ. ഉമർ തറമേലും, അഭിമുഖത്തിനിടെ
ഇടവ ബഷീറും ഡോ. ഉമർ തറമേലും, അഭിമുഖത്തിനിടെ

ആകാശവാണിയിലല്ലേ തുടക്കം?

ട്രിവാൻഡ്രം ആകാശവാണിയിലാണ് ആദ്യമായി പാടുന്നത്. ഏറ്റവും കൂടുതൽ എനിക്ക് അവസരം തന്നത് ആകാശവാണിയും ദൂരദർശനുമാണ്​. ജീവിതത്തിൽ മറക്കാൻ പറ്റത്തില്ല. ഭയങ്കര കടപ്പാടുണ്ട്. അവിടെ എന്നും ‘എ' ക്ലാസുള്ള കലാകാരനാണ് ഞാൻ.

പാട്ടുകാരാകാൻ അവിടെ മാനദണ്ഡങ്ങളില്ലേ?

ഞാൻ പഠിക്കുന്ന കാലത്തുണ്ടായിരുന്നു. ഒഡിഷൻ പാസാവണം. ഓൾ ഇന്ത്യാ മേഖലയിൽ പാസാവാതെ ആർക്കും പാടാൻ ഒക്കത്തില്ല. ദൂരദർശനിലും ഗ്രേഡ് അനുസരിച്ചേ പെർഫോമൻസ് ഉള്ളൂ. ഏഷ്യാനെറ്റിലും ഒക്കെ അവിടെ അതിന്റേതായ പൊസിഷൻ ഉള്ളാർക്കേ സാധാരണ ചാൻസ് കിട്ടാറുള്ളൂ. പേയ്‌മെൻറ്​ കറക്ട് ആണ്. മറ്റ് ചാനലുകളെ അപേക്ഷിച്ച് ദൂരദർശനിൽ നല്ല പേയ്‌മെൻറാണ്​.
ആദ്യകാലത്ത്, ഓണാഘോഷത്തിന് റേഡിയോയുടെ പ്രോഗ്രാം, ടാഗോർ സെന്റിനറിഹാളിലാണ് നടത്തിയിരുന്നത്. അതിനാണ്​ ആദ്യമായി എനിക്ക് അവസരമുണ്ടായത്. വർഷങ്ങൾ കുറേയായി. ഞാനും കെ.എസ്. ചിത്രയും കൂടിയാണ് പാടുന്നത്. ഓണത്തിനെപ്പറ്റിയുള്ള ഒരു പാട്ട്. അന്ന് ചിത്ര സിനിമയിൽ സജീവമായിട്ടില്ല. കൈതപ്രം ദാമോദരൻ നമ്പൂതിരി ആദ്യമായി എഴുതിയ പാട്ടാണ്. എഴുതി എന്നല്ല, പ്രൊഫഷനലായിട്ട് പാടുന്ന അദ്ദേഹത്തിന്റെ ആദ്യഗാനം. അന്നദ്ദേഹം സിനിമയിൽ എഴുതാൻ തുടങ്ങിയില്ല.

ഇടവ ബഷീറും സുഹൃത്തുക്കളും / Photo: Ragha Bhavan, Kollam (1972)
ഇടവ ബഷീറും സുഹൃത്തുക്കളും / Photo: Ragha Bhavan, Kollam (1972)

ഗൾഫ് പരിപാടികളെക്കുറിച്ച്?

ഞാൻ ആദ്യമായി ഗൾഫിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത് 1978ലാണ്. മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയിൽ പാടിയ സമയം . ഇവിടുന്നുതന്നെ ഫ്‌ളൈറ്റ് ചാർട്ട് ചെയ്ത് തുടങ്ങിയ കാലം. അന്ന് ടേപ്പ് റിക്കോർഡർ ഒക്കെ വന്നുതുടങ്ങിയ കാലമാണ്. കൂടുതൽ ട്രിപ്പൊന്നും പോയി തുടങ്ങിയില്ല. യേശുദാസും പോയിട്ടില്ല. ഒരുപാട് പ്രോൽസാഹനം കിട്ടി. രണ്ട് മാസം അവിടെത്തന്നെനിന്ന് പ്രോഗ്രാംസ് നടത്തി. ഷാർജ, ദുബൈ എന്നിവയൊന്നും അന്ന്​ വലിയ നഗരങ്ങളായിട്ടില്ല.

യേശുദാസിനെ അനുകരിക്കുക എന്നത് അക്കാലത്തെ ട്രന്റായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പാട്ടുകളേ നമുക്കുള്ളൂ. ഞാൻ കുറേ അനുകരിച്ച് പാടിയിട്ടുണ്ട്. ‘സന്യാസിനി'... പോലെയുള്ളവ. മറ്റൊരു കാര്യം. സന്യാസിനി എന്ന പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ഞാൻ മദ്രാസിലുണ്ട്, എ.വി.എം. സ്റ്റുഡിയോയിൽ. ദാസേട്ടൻ അവിടെ വന്ന സമയത്ത് എന്നെ കൂടി വിളിച്ചു, അകത്ത് കേറ്റിയിരുത്തി. അന്ന് വയലിനിലാണ് ട്രാക്ക് വായിച്ചുവെച്ചിരിക്കുന്നത്. ഫോർ ട്രാക്കിൽ ഒക്കെയാണ്. ദാസേട്ടൻ സന്യാസിനി പാടുന്നു. ടേക്ക് എടുത്ത് പാടുന്ന സമയത്ത് ഞാൻ വരികൾ കുറിച്ചിട്ടു. അന്ന് കുറച്ച് വരികളേ ഉണ്ടായുള്ളൂ. ദാസേട്ടൻ പാടിക്കഴിഞ്ഞപ്പോൾ സത്യത്തിൽ ഞാനും പഠിച്ചു.അടുത്ത സ്റ്റേജ് മുതൽ ഈ പാട്ട് ഞാനും പാടിത്തുടങ്ങി.രാജഹംസം സിനിമ കുറച്ചുനാൾ കഴിഞ്ഞാണ് ഇറങ്ങിയത്. അതിന്റെ ഡിസ്‌ക് ഇറങ്ങിയിട്ട് കുറേ കാലമായിരുന്നു. പത്തയ്യായിരം സ്റ്റേജിലെങ്കിലും ആ പാട്ട് ഞാൻ പാടിയിട്ടുണ്ട്.

മറ്റൊരു കാര്യം, എന്റെ ഗാനമേള ഉദ്ഘാടനം ചെയ്തത് ദാസേട്ടനാണ്. ഞങ്ങളുടെ റിക്കോർഡിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് ദാസേട്ടനാണ്. അദ്ദേഹത്തിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്.

വി എം.കുട്ടി, വിളയിൽ വൽസല എന്നിവരോടൊപ്പം പാടിയിട്ടില്ലേ?

ഒന്നിച്ച് പാടിയിട്ടുണ്ട്. രണ്ട് സ്റ്റേജ് കെട്ടി, വി.എം. കുട്ടിയും വൽസലയും ഒരു സ്റ്റേജിലും ഞാൻ ഒരു സ്റ്റേജിലും -അങ്ങനെ ഒരു മത്സരക്കാലഘട്ടവും ഉണ്ടായിരുന്നു.

വി.എം. കുട്ടി / വിളയിൽ ഫസീല (വൽസല)
വി.എം. കുട്ടി / വിളയിൽ ഫസീല (വൽസല)

വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയോ?

നമ്മളിത്രയും കാലം പഠിച്ചത് വേണ്ടത്ര ഡെവലപ്പ് ചെയ്ത് കൊണ്ടുപോവാൻ പറ്റാത്തതിന്റെ നിരാശയുണ്ട്. ഒരുപാട് വെറൈറ്റി പാടാൻ പറ്റിയിട്ടുണ്ട്. പഠിക്കുന്ന കാലം തൊട്ടേ നന്നായി പ്രാക്ടീസ് ചെയ്യുമായിരുന്നു. കൊല്ലത്ത് താമസിക്കുന്ന സമയത്ത് തിരുവനന്തപുരത്തായിരുന്നു പഠിച്ചത്. പുലർച്ചെ നാലിന്​ എണീറ്റ് പ്രാക്ടീസ് തുടങ്ങും. ആറു മണിയുടെ ട്രെയിനിന് പോയി തിരിച്ചെത്തുന്നത് രാത്രി 10-12 മണി കഴിഞ്ഞാണ്.

പല കാലങ്ങളിലായി ഒരുപാട് പ്രോൽസാഹനം കിട്ടിയിട്ടുണ്ട്. റേഡിയോ ഉള്ള കാലത്തും മിക്ക വീടുകളിലും, കല്ല്യാണ പരിപാടികളിലും ഉൽസവ പ്രോഗ്രാമുകളിലും പ്രോഗ്രാം ഉണ്ടായിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പ്രോഗ്രാം നടത്തിയത് മറക്കാനാവാത്ത ഓർമ. അവിടത്തെ ഭാരവാഹികൾ എനിക്ക് പൊന്നാട നൽകി ആദരിച്ചു. ശബരിമലയിൽ പലപ്രാവശ്യം പാടിയിട്ടുണ്ട്. എനിക്ക് ഏറ്റവും കൂടുതൽ പ്രോൽസാഹനം നൽകിയിട്ടുള്ളത് ഉൽസവപ്പറമ്പുകളാണ്.
ഒരു ക്ഷേത്രത്തിൽ പ്രോഗ്രാമിന് പോയാൽ, അത് ദേവീക്ഷേത്രമാണെങ്കിൽ ദേവിയെ കുറിച്ചുള്ള ഒരു സ്തുതി പാടും. പിന്നെ തമിഴ്, തെലുങ്ക്, മലയാളം പാട്ടുകൾ പാടികൊണ്ടിരിക്കും.
കൂടുതലും പാടിയത്, ‘ആകാശരൂപിണി അന്നപൂർണ്ണശ്വരി അഭയം...' എന്ന പാട്ടാണ്.

ബാബുരജിനെപ്പറ്റിയുള്ള ഓർമ?

ബാബുരാജിനെ എന്തിന് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു പാട് തവണ പാടിയിട്ടുണ്ട്. ബാബുരാജിന്റേത് ഒരു പ്രത്യേക ടോൺ ആണ്. അദ്ദേഹം മരിക്കുന്നതിന് കുറച്ചുകാലം മുമ്പ് എന്റെ വീടിന്റെ തൊട്ടപ്പുറത്ത് വന്നു താമസിച്ചിരുന്നു. മെഹബൂബും ഇദ്ദേഹവും ഒരുമിച്ചായിരുന്നു. അവിടെപ്പോയി പാടിയിട്ടുണ്ട്. അക്കാലത്ത് ബാബുരാജിന് ഒരു പ്രത്യേകതരം വയറുവേദന വരും, നമ്മുടെ നാട്ടിൽ മെഡിക്കൽ സ്റ്റോറുകൾ ഒന്നും അന്ന് കൂടുതൽ ഇല്ല. മെഡിസിൻ തീരെയില്ല. സിംഗപ്പൂരിൽ ആണ് ഈ മെഡിസിൻ കിട്ടുന്നത്. ഞാൻ പോകുമ്പോൾ എന്നോട് ഈ മെഡിസിൻ കൊണ്ടുവരാൻ പറയും. പലപ്രാവശ്യം ഞാൻ മെഡിസിൻ വാങ്ങികൊടുത്തിട്ടുണ്ട്.

ഇടവ ബഷീർ, പ്രേം നസീർ / Photo: Facebook
ഇടവ ബഷീർ, പ്രേം നസീർ / Photo: Facebook

ദേവരാജൻ മാഷോട് വലിയ അടുപ്പമായിരുന്നു. രാഘവൻ മാസ്റ്ററെ കണ്ടിട്ടുണ്ട് എന്നല്ലാതെ ബന്ധമില്ല. ദേവരാജൻ മാസ്റ്റർ, ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ... എന്നിവരൊക്കെ ഒരുപാട് സീനിയറായ വ്യക്തികളാണ്.

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എന്ന പാട്ട്​ രവീന്ദ്രൻ മാഷിന്റെ മ്യൂസിക്കിലാണ്. രവീന്ദ്രൻ മാസ്റ്റർ മരിക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ, വന്ത്യപ്പുഴ എന്ന സ്ഥലത്ത് ആദ്യമായി അദ്ദേഹത്തെ ആദരിക്കുന്നത്. എന്നെയും വിളിച്ചു, ഓർക്കസ്ട്രയുമായി ഒരു പ്രോഗ്രാം നടത്താൻ. ഇയാൾ പഠിച്ച പ്രൈമറി സ്‌കൂളിലായിരുന്നു പരിപാടി. കുറേ കൊച്ചുകുട്ടികളും ഏതാനും അധ്യാപകരും മാത്രം. വല്ലാത്ത വിഷമമായി കണ്ടപ്പോൾ. രണ്ടുമൂന്ന് ദിവസം കഴിഞ്ഞ്​, രവീന്ദ്രൻ മാഷ് മരിച്ചു. വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. അദ്ദേഹം നമുക്ക് സംഭാവന ചെയ്​ത പാട്ടുകൾ, സംഗീതം ഒക്കെ എന്നെ അത്ഭുതപ്പെടുത്തുന്നു.

എ.ആർ. റഹ്മാനുമായി ബന്ധമുണ്ടോ?

റഹ്​മാന്റെ പിതാവ് ആർ.കെ. ശേഖറുമായി നല്ല അടുപ്പമായിരുന്നു. എനിക്ക് സിംഗപ്പൂരിൽ റശീദ് എന്ന സുഹൃത്തുണ്ടായിരുന്നു. റശീദിന്റെ വീട്ടിൽ ശേഖർ എപ്പോഴും വരും. ഒരു ദിവസം ഞാൻ ചെന്ന ഷോപ്പിൽ ശേഖറിന്റെ ഫോട്ടോ വെച്ചിരിക്കുന്നു. എവിടുന്നാ ആ ഫോട്ടോ എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, ഏഷ്യയിൽ ആദ്യമായി ഈ ഇൻസ്ട്രുമെൻറ്​ - മിനിക്കോൺ -വാങ്ങിച്ച ആളാണ് എന്ന്​. 12 സ്ട്രിങ് എന്ന ഗിറ്റാർ ഇറങ്ങിയ കാലഘട്ടമായിരുന്നു, അത്. റശീദും ഞാനും ഒരുമിച്ചാണ് വരുന്നത്. മദ്രാസിലെത്തി ഇത് കൊടുക്കാൻ അയാളുടെ വീട്ടിൽ ചെന്നപ്പോൾ, 12 സ്ട്രിങ് ഗിറ്റാർ ഞാൻ റഹ്​മാന്റെ കയ്യിലാണ് കൊടുക്കുന്നത്. അന്ന് അവന് ആറേഴ് വയസ്സേയുള്ളൂ. ജീവിതത്തിൽ ആദ്യമായി റഹ്​മാൻ ഒരിൻസ്ട്രുമെൻറ്​ വാങ്ങിയത് എന്റെ കയ്യിൽ നിന്നായിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

ബ്രഹ്‌മാനന്ദൻ, ആർ.കെ. ശേഖർ, ദക്ഷിണാമൂർത്തി, യേശുദാസ്‌
ബ്രഹ്‌മാനന്ദൻ, ആർ.കെ. ശേഖർ, ദക്ഷിണാമൂർത്തി, യേശുദാസ്‌

സംഗീതോപകരണങ്ങൾ പാട്ടു സംസ്‌കാരത്തെ മാറ്റുമല്ലേ?

കേരളത്തിൽ ഹാർമോണിയവും ഗിറ്റാറും ഒക്കെയുള്ള കാലഘട്ടത്തിൽ ഒരു പുതുമ ഉണ്ടാക്കിയത് ഞങ്ങളാണ്. ഒരു പ്രാവശ്യം ഞങ്ങൾ മുംബൈയിൽ പോയി വന്നപ്പോൾ ഓർഗനും, സ്പീക്കറും കൊണ്ടുവന്നു. സാധനങ്ങൾ കസ്റ്റംസ് പിടിച്ചുവെച്ചു. അവർക്കാവട്ടെ, എന്തു ചെയ്യണമെന്ന് അറിയാൻ വയ്യ. ഓർഗനും, സ്പീക്കറും ആദ്യമായിട്ടാണ് വരുന്നത്. 25000 രൂപ കൊടുത്ത് ഫ്‌ളൈറ്റിൽ കേറ്റി കൊണ്ടുവന്നതാണ്. അന്ന് എത്ര പൈസയാ ഇതിനുവേണ്ടിയൊക്കെ മുടക്കിയത്. അതൊരുകാലം.

കലാജീവിതത്തെക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു?

തീർച്ചയായിട്ടും വളരെ സംതൃപ്തിയാണ്. സിനിമയിൽ പാടാനുള്ള അവസരങ്ങൾ കുറഞ്ഞു, ക്ലാസിക്കൽ സംഗീതത്തിലും. ഏതായാലും ഇത്രയും ജനങ്ങളുടെ മുന്നിൽ നിന്ന്പാടാൻ കഴിഞ്ഞു. അവരുടെ പ്രോൽസാഹനം എന്നൊക്കെ പറയുന്നത് ചെറിയ കാര്യമല്ല. ഇന്ന് ഒരാൾക്കും പറ്റാത്തത്. നീണ്ട 40 വർഷത്തിനിടയിലെ അനുഭവങ്ങൾ.

പി. സുശീല, എസ്. ജാനകി, വാണി ജയറാം, ചിത്ര, സുജാത, ലതിക... അങ്ങനെ സ്റ്റുഡിയോയുടെ 40-ാം വാർഷികാഘോഷത്തിന്, ഇത്രയും കാലം ഞങ്ങളെ സഹായിച്ച എല്ലാ ആർട്ടിസ്റ്റുകളെയും വിളിച്ചു. അതിൽ സംഗീത സംവിധായകൻ ശരത്, കെ.ജി. മാർക്കോസ്​ തുടങ്ങിയവരും ഉണ്ടായിരുന്നു. പൊന്നാടയിട്ടു ആദരിച്ചു, എല്ലാ ആർട്ടിസ്റ്റുകളെയും. ഗംഭീര ഗാനമേളയും നടത്തി.

എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയ ഭാഗ്യമാണ്. സിനിമയിൽ പാടിയവരെയൊക്കെയേ ഇന്ന് ആളുകൾ അംഗീകരിക്കുകയുള്ളൂ. ഒരു ചാനലിൽ ഒരുപ്രാവശ്യം പാടിയാൽ അവരെ താരമാക്കും. ഞാൻ എത്ര തിളങ്ങിനിന്ന സമയത്തും ആരുടെ അടുത്തുനിന്നും കണക്കുപറഞ്ഞ്​ പ്രതിഫലം വാങ്ങിയിട്ടില്ല. മറിച്ച്, സംഗീതത്തിനുവേണ്ടി ഒരുപാട് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലെ സംഗീതചരിത്രം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ഇടവ ബഷീർ

ഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്നു. ഓൾ കേരള മ്യുസീഷ്യൻസ് ആന്റ് ടെക്‌നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. 2022 മെയ് 28ന് ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണജൂബിലി ആഘോഷവേദിയിൽ പാടിക്കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

Comments