‘മാപ്ലചെക്കന്റെ സിൽമാകൊട്ടകകൾ’ എന്ന പുസ്തകത്തിൽ ഞാനെഴുതി:
‘കഥയിലെ നായികമാരും അപ്സർപ്പക കഥകളിലെ നായകരുമൊക്കെ ഈ കാട്ടുചോലയിലൂടെ എന്റെ ഭാവനാപ്രപഞ്ചത്തിലേക്ക് വലിഞ്ഞുകയറി വന്നു.കൗമാര കാഴ്ചകളുടെ ഘോഷയാത്രയിലേക്ക് ഇവരെല്ലാം ഒന്നിച്ചു’.
അതിൽ പ്രിയപ്പെട്ട ഒരു നായിക ഷീല എന്ന നടിയായിരുന്നു. ചെമ്മീനിലെ കറുത്തമ്മയേക്കാൾ ഞാൻ ഏറെ മനസ്സിൽ കൊണ്ടുനടന്നൊരു കഥാപാത്രമുണ്ട്; ഷീലയഭിനയിച്ച, റോസമ്മയെന്ന കാപാലിക. സ്ത്രീയുടെ കരുത്തും ട്രാജഡിയും ഒന്നിച്ച കഥാപാത്രങ്ങളെ ഇതുപോലെ ഏറെ ഞാൻ കണ്ടിട്ടില്ല. എൻ.എൻ. പിള്ളയുടെ ശക്തമായ കഥ - തിരക്കഥയ്ക്ക് 70- കളിൽ ഞങ്ങൾ കൗമാരക്കാരുടെ സ്വപ്നസംവിധായകൻ ക്രോസ് ബെൽറ്റ് മണി സംവിധാനിച്ച ചിത്രമായിരുന്നു, കാപാലിക.
കോഴിക്കോട് ലളിതകലാ അക്കാദമിയിൽ ഷീലയുടെ ചിത്രപ്രദർശനമുണ്ട് എന്നറിഞ്ഞപ്പോൾ ഉള്ളിലൊരു തിരതല്ലലുണ്ടായി. ഷീലയുടെയും നസീറിന്റെയും സിനിമകൾ കണ്ടുകണ്ടു കൊതിച്ചുപോയ ഒരു കലാലോകത്തിൽ തന്മയീഭാവത്തോടെ ജീവിച്ച ഒരു കാലമോർത്ത്. ആദ്യം കണ്ട സിനിമ, ‘ഒള്ളതുമതി’യിൽ നസീറും ഷീലാമ്മയും ആടിയ പ്രണയ നൃത്ത രംഗങ്ങൾ കേവലം ബാലനായ ഞാൻ ഓർമിച്ചെടുത്തത്, കാലങ്ങൾക്കു ശേഷമാണ്. അന്നത്തെ സർക്കാരിന്റ കുടുംബാസൂത്രണ ആശയത്തെ പ്രോത്സാഹിപ്പിച്ച ചിത്രമെന്ന നിലയിൽ അതിന് വിനോദ നികുതിയില്ലായിരുന്നുവെന്നും മനസ്സിലാക്കി. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്കൂളിൽ വന്നുകളിച്ച സിനിമയായിരുന്നു, ഒള്ളതുമതി.
ഷീല വെള്ളിത്തിരയിൽ തകർത്താടിയ ചില കഥാപാത്രങ്ങളെങ്കിലും കോഴിക്കോട് ലളിത കലാ അക്കാദമിയുടെ ഗാലറി ചുമരിൽ മന്ദസ്മിതം കൊള്ളുന്നുണ്ട്.
ആദ്യമാദ്യം തരുണസ്വപ്നങ്ങളായും പിന്നെപ്പിന്നെ ഗൗരവപ്പെട്ട കലാവിമർശങ്ങളായും എന്റെ ജീവിതത്തിൽ അവയൊക്കെ മാറി. ഷീല ഒരു ചിത്രകാരിയായിരുന്നോ? ആ കഥ എനിക്കറിയില്ലായിരുന്നു. ഷീലയെക്കുറിച്ച് എം.എസ്. ദിലീപ് തയ്യാറാക്കിയ ‘ഷീല പറഞ്ഞ ജീവിതം’ ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല. എഴുത്തുകാരിയും ചിത്രകാരിയും ഇന്റീരിയർ ഡിസൈനറും ഒക്കെയായ ഷീലാമ്മയുടെ ജീവിതം പറച്ചിൽ കൂടിയാണത്. ബൊളീവുഡിലെ പോലെ ധന്തഗോപുരങ്ങളിൽനിന്നുമിറങ്ങി വന്നവരായിരുന്നില്ല, മലയാളത്തിലെ പഴയ കാല നായകരും നായികമാരും. ജീവിതത്തിന്റെ വറുതികളെ നേരിടാൻ കൂടിയാണ് അവർ കലാജീവിതത്തിലേക്ക് വരുന്നത്. ഒരുപക്ഷേ തങ്ങളുടെ കലാസിദ്ധിയും സാധനയും തിരിച്ചറിയുന്നത് പോലും അങ്ങനെയാണ്. ഷീലാമ്മയുടെ ജീവിതവും വ്യത്യസ്തമല്ല.
നക്ഷത്രദൂരത്താണെങ്കിലും ഒരു പ്രത്യേക പ്രായത്തിൽ മനസ്സിന്റെ സ്വപ്നഭൂമികയിൽ ഇത്രമേൽ അടുത്തിടപഴകിയ കലാകാരിമാർ ഷീലയെപ്പോലെ അധികമില്ല.
സിനിമയിൽ നിന്ന് സിനിമയിലേക്ക് നദി മുറിച്ചു നീന്തുകയായിരുന്നു ഞങ്ങളുടെ കൗമാരകാലത്ത്, അവർ. ഉമ്മാച്ചുവായും കള്ളിചെല്ലമ്മയായും കാപാലികയായും… അങ്ങനെ മലയാള നോവലിലെ പേർപ്പെറ്റ നായികമാരെ ഏറെക്കുറെ അവർ വെള്ളിത്തിരയിൽ തകർത്തഭിനയിച്ചു. കാലം കടന്നു പോന്നപ്പോൾ, സംവിധായികയും നിർമ്മാതാവുമാവാനും തന്നെക്കൊണ്ടാവും എന്നവർ തെളിയിച്ചു.
ഇതവരുടെ മൂന്നാമത്തെ ചിത്രപ്രദർശനമാണെന്ന് ഷീല തന്നെ വെളിപ്പെടുത്തുകയുണ്ടായി. ആ മൂന്ന് പ്രദർശനവും ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കൂടിയാണ് നടന്നത്. പാവപ്പെട്ട ക്യാൻസർ രോഗികളുടെ ചികിത്സാർത്ഥം ഇതിൽ വിറ്റുകിട്ടുന്ന പണം വിനിയോഗിക്കുക എന്നതായിരുന്നു, ആശയം.
ഷീലാമ്മ വെള്ളിത്തിരയിൽ തകർത്താടിയ ചില കഥാപാത്രങ്ങളെങ്കിലും കോഴിക്കോട് ലളിത കലാ അക്കാദമിയുടെ ഗാലറി ചുമരിൽ മന്ദസ്മിതം കൊള്ളുന്നുണ്ട്. എന്നാൽ ഏറ്റവും പ്രിയപ്പെട്ട കാപാലികയെ ഞാനവിടെ കണ്ടില്ല.
ഓയിലിലും അക്രിലിക്കിലും വരച്ചു തീർത്ത നൂറോളം കാൻവാസ് കണ്ടു തീർന്നപ്പോൾ തികച്ചും അത്ഭുതം തോന്നി. രണ്ട് മണിക്കൂറോളം മറഞ്ഞുപോയ ഭൂതകാലം, എന്റെ കൂടെ കയറിവന്ന പോലെ. പലമാതിരി ക്യാൻവാസുകളിലൂടെ ഷീല എന്ന ആർട്ടിസ്റ്റിന്റെ ജീവിത -കലാ കാഴ്ചപ്പാടുകൾ അറിയാൻപോന്ന മികവുള്ള പ്രദർശനമായിരുന്നു, അത്. അക്രിലിക് മുഖ്യമായ മീഡിയം. കലാകാരർക്ക് ഏറെ സൗകര്യപ്രദമാണെന്നതിനാലാവണം കൂടുതലും ആ മീഡിയത്തിലാണ് ഇന്നത്തെ വര എന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഷീല ചിത്രങ്ങളിൽ ആൺരൂപങ്ങൾ വിരളമാണ്. കൂടിപ്പോയാൽ മൂന്നോ നാലോ. അവരുടെ ചിത്രലോകത്തെ മിക്ക കഥാപാത്രങ്ങളും സ്ത്രീകളാണ്. എത്ര കാണികൾ ഈ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നറിയില്ല.
കലയിലെ ജീവിതം
ഷീലയുടെ വര അവരുടെ ജീവിതത്തിൽനിന്നും വേറിട്ടതല്ല എന്ന് കാണുന്നവർ ചിത്രങ്ങൾ തിരിച്ചറിയും. അവയുടെ സുഖദുഃഖങ്ങളിൽ, വളർച്ചയിൽ, കാലത്തെയറിയുന്നതിൽ, രാഷ്ട്രീയ- സാംസ്‌കാരിക ജാഗ്രതയിൽ എല്ലാം അത് പങ്കാളിയാണ്, എന്നതുകൊണ്ടാവണം യന്ത്രികമായ വരരൂപങ്ങളല്ല അവ. പ്രദർശന ഉത്ഘാടന വേളയിൽ വിവാദാസ്പദമായ എമ്പുരാൻ എന്ന സിനിമയെക്കുറിച്ച് ഷീല പ്രകടിപ്പിച്ച അഭിപ്രായങ്ങൾ, രാഷ്ട്രീയമായിക്കൂടി വിലയിരിത്തപ്പെടുകയുണ്ടായി. താരലോകത്തിന്റെ മായികപ്രഭയിൽ മാത്രമഭിരമിക്കുന്ന ഒരു നടിയുടെയായിരുന്നില്ല ആ അഭിപ്രായം എന്നുകൂടി അത് സാക്ഷ്യപ്പെടുത്തി. ഉറച്ച സാമൂഹിക -സാംസ്‌കാരിക ജാഗ്രതയുടെ കൂടിയായിരുന്നു ഷീലാമ്മയുടെ അഭിപ്രായം.
ഷീലയെന്ന താരത്തിൽ, സിനിമാജീവിതത്തിന്റെ സൗവർണ്ണ ഘട്ടത്തിൽ പിന്നിട്ട ഒരു കോസ്മോപൊളിറ്റൻ ജീവിതം തീർച്ചയായുമുണ്ട്. സിനിമയെ അടുത്തറിയുന്ന കാണികളുടെ മനസ്സിൽ അതുണ്ടാവും. എന്നാൽ ഈ ചിത്രശാലയിൽ അങ്ങനെയുള്ള ജീവിതത്തിന്റെ അടയാളങ്ങൾ തീരെ കാണാനേയില്ല എന്ന കാര്യമാണ് ഞാൻ ശ്രദ്ധിച്ചത്.

വരയിൽ ഷീലക്ക് ഒരു പ്രത്യേക സാങ്കേതമൊന്നുമില്ല. ഒരു പ്രത്യേക ട്രന്റിന്റെ കൂടെ പോവുന്നുമില്ല. ആകെത്തുക നോക്കുമ്പോൾ ഒരു ഷീല ടച്ചുണ്ട്. ആധുനിക ചിത്രകലയുടെ പല സാങ്കേതങ്ങളും അവർ ഉപയോഗിച്ചിട്ടുണ്ട്- മൂർത്തവും അമൂർത്തവുമായ ആധുനിക സാങ്കേതങ്ങൾ. ഛായങ്ങളുടെ ഒരു കാർണിവലായി ഏതായാലും ഷീല തന്റെ വരയെ കാണുന്നില്ല. പകരം ജീവിത ഗന്ധിയാണ് അവയിൽ ഒട്ടുമുക്കാലും. അതിനനുസൃതമയാണ് ഛായങ്ങളും ജ്യാമിതിയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഞ്ഞയും ചെമപ്പും നീലയും കൂടുതൽ ഇഷ്ടപ്പെട്ട ഛായങ്ങളാണ്. കടുത്ത ജീവിതരതിയും കടുംനിറങ്ങളും പലപ്പോഴും ഒന്നിച്ചുപോകുന്നവയാണ്. എന്നാൽ, അമൂർത്ത ചിത്രങ്ങളിലാണ്, അവ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ മഞ്ഞയും ആദ്ധ്യാത്മികതയും പലപ്പോഴും ഒത്തുപോകുന്നവയാണ്. എന്നാൽ അങ്ങനെയൊരു വ്യാഖ്യാനസാധ്യത ഇവിടെയില്ല. സാധാരണ ജീവിതങ്ങളുടെ കാമനകളെ പ്രതിനിധാനം ചെയ്യുമ്മട്ടിലാണ് പല ചിത്രങ്ങളിലെയും ഛായാവിധാനം. അരികുജീവിതങ്ങളും അവയുടെ പെരിഫറിയും പതിഞ്ഞ ഛായങ്ങൾ കൊണ്ട് മിക്ക ചിത്രങ്ങളെയും തീർത്തിരിക്കുന്നു.
എന്തുകൊണ്ടാണ് ഒരു പ്രശസ്ത നടി കൂടിയായ അവരുടെ വര സ്ത്രീപ്രധാനമായത്? ഗ്രാമീണരും ഏകാകികളുമായ സ്ത്രീകളാണ് അധികവും. ജീവിക്കാൻ പാടുപെടുന്ന ഒറ്റയും തെറ്റയും കൂട്ടായുമുള്ള സ്ത്രീ ചിത്രങ്ങൾ ഈ വരയുടെ ലോകത്തിന് ഒരു സ്വഭാവമുണ്ടാക്കുന്നു.
ഷീലാമ്മയുടെ പെണ്ണുങ്ങൾ
ഷീല ചിത്രങ്ങളിൽ ആൺരൂപങ്ങൾ വിരളമാണ്. കൂടിപ്പോയാൽ മൂന്നോ നാലോ. അവരുടെ ചിത്രലോകത്തെ മിക്ക കഥാപാത്രങ്ങളും സ്ത്രീകളാണ്. എത്ര കാണികൾ ഈ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നറിയില്ല.
എന്തുകൊണ്ടാണ് ഒരു പ്രശസ്ത നടി കൂടിയായ അവരുടെ വര സ്ത്രീപ്രധാനമായത്? ഗ്രാമീണരും ഏകാകികളുമായ സ്ത്രീകളാണ് അധികവും. ഷീല അഭിനയിച്ച വിശ്രുതരായ ചില കഥാപാത്രങ്ങൾ അതിനകത്തുണ്ടായിരിക്കാം. ഉമ്മാച്ചുവെപ്പോലുള്ളവരെ വേറിട്ടറിയാം. എന്നാൽ, ജീവിക്കാൻ പാടുപെടുന്ന ഒറ്റയും തെറ്റയും കൂട്ടായുമുള്ള സ്ത്രീ ചിത്രങ്ങൾ ഈ വരയുടെ ലോകത്തിന് ഒരു സ്വഭാവമുണ്ടാക്കുന്നു. ജീവിതത്തിന്റെ കർമ്മണ്ഡലത്തിൽ മുഴുകിയവരായിട്ടാണ് അവരുടെ വാഴ് വ്. പതിഞ്ഞതും വിളറിയതുമായ നിറങ്ങൾ കൊണ്ടാണ് അവരെ അടയാളപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, അവർ പ്രതിനിധീകരിക്കുന്ന തിണയും ജ്യാമിതിയും പലപ്പോഴും സാധാരണവും ഗ്രാമീണവുമാണ്. ഈ രംഗങ്ങൾ വരക്കുമ്പോൾ, താൻ അഭിനയിച്ച സിനിമകളിലെ സ്ഥല കാല പാത്ര പ്രതിനിധാനങ്ങൾ അവർക്ക് വഴികാട്ടിയായിട്ടുണ്ടോ, അതോ തന്റെ ചുറ്റുപാടുകളെ ഒരു സ്ത്രീയെന്ന നിലയിൽ തിരിച്ചറിയുകയായിരുന്നുവോ, എന്ന ചോദ്യം പ്രസക്തമാണ്.

അതേസമയം, പോർട്രൈറ്റുകളെ പോലെ പെരുമാറുന്ന ചില സ്ത്രീരൂപങ്ങളുണ്ട്. അവയിൽ ചിലത് സെൽഫ് പോർട്രൈറ്റുകൾ തന്നെയാണ്. തന്റെ കൗമാര -യൗവന ഓർമകൾ ശരീരത്തെ, മുഖത്തെ വരച്ചുവച്ചപോലെയാണ്. എന്നാൽ കേവലം ശരീരമല്ല അത്. തന്നിലെ മിറർ ഇമേജിനെ കടന്നുനിൽക്കുന്ന, ഷീലയെന്ന സ്ത്രീയുടെ ഭാവഛവി പലതിലും എക്സ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വപ്നതുല്യമായി സ്ത്രീരൂപത്തെ കല്പന ചെയ്യുന്ന ചില ചിത്രങ്ങൾ കാണിയെ ഹഠാദാകർഷിക്കും. അവയ്ക്ക് നിറക്കൂട്ട് കൂടും.
സ്വപ്നം കാണുകയും വിൽക്കുകയും ചെയ്യുന്നവരെക്കാൾ ജീവിതം എന്ന സ്വപ്നത്തെ കഷ്ടപ്പെട്ട് എത്തിപ്പിടിക്കാൻ പാടുപെടുന്നവരാണ് ഷീലയുടെ വരയിലെ പെണ്ണുങ്ങൾ.
അന്യദേശത്തെ അടയാളപ്പെടുത്തുന്ന ചില ചിത്രങ്ങൾ കൂട്ടത്തിലുണ്ട്. അവയും സ്ത്രീപ്രധാനമാണ്. ആഫിക്കയിലെ പ്രകൃതിയെയും സ്ത്രീകളെയും അടയാളപ്പെടുത്തുന്ന ‘മാമ ആഫ്രിക്ക’ അതിൽ എടുത്തുപറയേണ്ട ഒന്നാണ്. പല ചിത്രങ്ങൾക്കും പേര് നൽകിയിട്ടുണ്ട്, അമൂർത്ത ചിത്രങ്ങൾക്കൊഴിച്ച്.
ചില പോർട്രൈറ്റിൽ ഷീലയുടെ ശരിഭാവം തന്നെയുണ്ട്. കറുത്തമ്മ ഇളം കറുപ്പിൽ തന്നെ. സിനിമയിലെ പണിയല്ല അവൾക്ക് എന്നുതോന്നും. കാതരവും പ്രാർത്ഥനാനിർഭരവുമായിരുന്നു അവരുടെ സിനിമയിലെ ഓരോ പ്രണയരംഗവും, എന്നോർത്തുപോകുന്ന ചില പോർട്രൈറ്റുകളുമുണ്ട്.
ഗ്രാമീണവും ദരിദ്രരുമായ സ്ത്രീകളെ വരക്കുമ്പോഴാണ് അവ കൂടുതൽ ആശയ പ്രധാനവും സർഗപ്രശോഭിതമാവുന്നത് എന്നത് എടുത്തുപറയാത്തക്കതാണ്.
അമൂർത്തമായ ചില ക്യാൻവാസുകൾ ശ്രദ്ധേയമാണ്. മനസ് എന്ന പ്രതിഭാസത്തിന് ഷീല നൽകിയ ചിത്രവ്യാഖ്യാനം കുറച്ചകൂടെ മാദകമായിട്ടാണ് അനുഭവപ്പെട്ടത്.
ഒരുകൂട്ടം പൂക്കൾ ഈ ചിത്രശാലയിലുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട പൂക്കൾ തുലിപ് ആണോ എന്ന് അനുവാചകരെക്കൊണ്ട് ചോദിപ്പിക്കുമ്മട്ടിലാണ്, പൂക്കളുടെ സീരീസ്.തന്നിലെ ചിത്രകാരിയുടെ വളർച്ച അളന്നെടുക്കാനാവും വിധം പല കാലങ്ങളിലായി വരച്ച ചിത്രങ്ങൾ ഈ സീരീസിലുണ്ട്. ഏതായാലും, ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് തന്റെ വിശ്വാസങ്ങളെയും അതിജീവിച്ച കാലത്തെയും കുറഞ്ഞയളവിലെങ്കിലും അടയാളപ്പെടുത്താൻ, ഷീലാമ്മയുടെ ഈ ചിത്രപ്രദർശനം സഹായകമാണ്. ഷീലാമ്മയെപ്പോലെ അതിപ്രശസ്തയായ ഒരഭിനേത്രിയുടെ ജീവിതത്തെക്കുറിച്ച് പൊതുബോധം വരവുവച്ച ചില ധാരണകൾ ഇങ്ങനെയുള്ള കാലപ്രവർത്തനത്തിലൂടെ ചിതറിപ്പോയേക്കാം. കലയെ അറിഞ്ഞുപ്രയോഗിക്കുന്ന സാമൂഹ്യശീലത്തിന്റെ ഉടമയാണ്, നടി ഷീലയെന്ന് ഈ ചിത്രശാല സാക്ഷ്യപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കത്തിനവകാശമില്ല.

ഷീല വരച്ച ചിത്രങ്ങൾ:
















