ഫ്ലോട്ടിങ് ബോഡീസ്' എന്ന പെർഫോർമെൻസിൽനിന്ന്; ഫോട്ടോകൾ: കെ. ജയാനന്ദൻ

ഉടലെടുക്കുന്ന
പലായനങ്ങൾ

റൊഹിംഗ്യൻ മുസ്‍ലിംകളുടെ പലായനം വിഷയമാവുന്ന, അന്തർദ്ദേശീയമായി ശ്രദ്ധ നേടിയ ഫോട്ടോഗ്രാഫിനെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ‘ഫ്ലോട്ടിങ് ബോഡീസ്' എന്ന പെർഫോർമൻസിനെക്കുറിച്ച്. നാടകം മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മലയാളത്തിലെ അരങ്ങിനെക്കുറിച്ചുള്ള വിചാരം കൂടിയാണിത്.

ലായനത്തിന്റെ ഒരു ഫോട്ടോഗ്രാഫിൽനിന്നാണ് ‘ഫ്ലോട്ടിങ് ബോഡീസ്' എന്ന അവതരണം ഉടലെടുക്കുന്നത്. 'പിറവി കൊള്ളുക' എന്ന അർത്ഥത്തിൽ ആലങ്കാരികമായി മാത്രമല്ല ഉടലെടുക്കുക എന്ന പ്രയോഗം. അവതരണം അതിന്റെ ഉടൽ (രൂപം) കണ്ടെത്തുന്നത് ഫോട്ടോഗ്രാഫിൽ നിന്നും സൂക്ഷ്മാംശത്തിൽ ഫോട്ടോഗ്രഫിയിൽനിന്നുമാണ് എന്ന നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. അവതരണത്തിന്റെ മുഖ്യ മാധ്യമം ഉടലാവുന്നതും പ്രയോഗത്തെ സാധൂകരിക്കും. ഒരു ഫോട്ടോഗ്രാഫ് അവതരണത്തിനാധാരമാവുന്നു എന്ന അപൂർവ്വത. പ്രസ്തുത ഫോട്ടോഗ്രാഫിന്റെ കഥ പറയുകയോ അതിനു പിറകിലെ ജീവിതത്തെ നാടകീയമായി പുനരവതരിപ്പിക്കുകയോ ചെയ്യുകയല്ലെന്ന വ്യത്യസ്തത. നാടകീയതയെ മുറിച്ചുകടക്കുന്ന അവതരണാനുഭവങ്ങളിലേക്ക് മലയാളിയെ നയിക്കുന്ന 'ഫ്ലോട്ടിങ് ബോഡീസ്'' പലമട്ടിൽ അവതരണചരിത്രത്തിൽ അടയാളപ്പെടുന്നു.

മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്ക് നാഫ് നദി വഴി റൊഹീംഗ്യൻ അഭയാർത്ഥികൾ നടത്തിയ പലായനത്തെ രേഖപ്പെടുത്തിയ അസോസിയേറ്റ് പ്രസ്സ് ഫോട്ടോഗ്രാഫർ ബർണാഡ് അർമാംഗോവിന്റെ ഫോട്ടോകൾ, പലായനമെന്ന സാർവ്വജനീനമായ അനുഭവത്തിന്റെ ആഴത്തിലുള്ള രേഖകളാണ്. ഈ ചിത്രപരമ്പരയിലെ പതിമൂന്നുകാരനായ നബി ഹുസൈന്റെ പോർട്രൈറ്റാണ് അഭീഷ് ശശിധരൻ സങ്കല്പനം നിർവ്വഹിച്ച 'ഫ്ലോട്ടിങ് ബോഡീസ്'' എന്ന അവതരണത്തിനാധാരമായ സ്വാധീനം.

2017 നവംബർ 4,5 തിയ്യതികളിലായി ബംഗ്ലാദേശിലെ ഷാ പൊരീർ ദ്വീപിൽ നിന്ന് അർമാംഗോ പകർത്തിയ മിക്ക ചിത്രങ്ങളിലും മനുഷ്യശരീരം നിശ്ചലവും നിസ്സഹായവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടര മൈലോളം ജീവിതത്തിലാദ്യമായി നദി മുറിച്ചുനീന്തി, തീരമണഞ്ഞ്, ബംഗ്ലാദേശ് അധികാരികൾക്കു മുന്നിൽ അവരെ കേട്ടുനിൽക്കുന്ന റൊഹീംഗ്യൻ അഭയാർത്ഥികളുടെ ഒറ്റ സംഘചിത്രമെടുത്താൽത്തന്നെ, വെറും ഉടലുകളാണ്. അർധനഗ്നമായ, വെള്ളമിറ്റുവീഴുന്ന, അപരിചിതവും നിസ്സഹായവുമാവുന്ന അതിജീവനത്തിന്റെ ഉടലുകൾ. നീന്താനുപയോഗിച്ച മഞ്ഞക്കന്നാസുകൾ തൂക്കി വെള്ളത്തിൽ കൂട്ടമായി നിന്ന് അധികാരികളെ പ്രതീക്ഷയോടെ നോക്കുന്ന അഭയാർത്ഥികളുടെ ശരീരം അർമാംഗോവിന്റെ ഫോട്ടോഗ്രാഫിൽ മുൻനിരയിലാണ്. പിന്നിൽ പരന്ന കടലും ആകാശവും വിദൂരമായി നീലിച്ച് നിൽക്കുന്നുണ്ട്. അവർ പിന്നിട്ട ദൂരത്തേയോ അകലെയുള്ള അവരുടെ ഗ്രാമത്തേയോ മനുഷ്യരേയോ ജീവിതങ്ങളേയോ അദൃശ്യമായി ഓർമ്മപ്പെടുത്തുന്നതിനാൽ മാത്രം ശൂന്യമല്ലാതാവുന്ന പശ്ചാത്തലം. നിശ്ചലം.

ചലനത്തെത്തുടർന്നുള്ള നിശ്ചലനമാണ് അർമാംഗോവിന്റെ ഈ ഫോട്ടോഗ്രാഫുകൾ അനുഭവിപ്പിക്കുന്നത്. ഓളം വെട്ടുന്നതോ തിരയുയർത്തുന്നതോ ആയി ചലനത്തെ ഓർമിപ്പിച്ച് എല്ലാ ഫ്രെയിമുകളിലും കടൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫ്രെയിമുകളുടെ മുൻനിരയിൽ മനുഷ്യശരീരങ്ങളുടെ നിശ്ചലനവും. ഈ നിശ്ചലനമാണ് ശരീരം നേരിടുന്ന പരിചിതാപരിചിതങ്ങളേയും നാഥാനാഥങ്ങളേയും അതിരുകളേയും കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നത്. ചലിച്ചുചലിച്ച് ശരീരമെത്തുന്ന നിശ്ചലനമെന്ന ദുരന്തതീരം. നീന്താനുപയോഗിച്ച ശൂന്യമായ മഞ്ഞക്കന്നാസുകൾ പിടിച്ച് അതിലും ശൂന്യമായി നിലത്തിരിക്കുന്ന അഭയാർത്ഥികളുടെ ചിത്രങ്ങളിൽ ശരീരങ്ങൾ അടക്കി വച്ച രൂപങ്ങൾ മാത്രമാവുന്നു. ചില ഫ്രെയിമുകളിൽ മനുഷ്യർ വെറും രൂപമോ ജ്യാമിതീയഘടനയോ ആയി പരിണമിക്കുന്നു. അമൂർത്തയോടടുത്ത ഇത്തരം സന്ദർഭങ്ങൾ പ്രേക്ഷകരെ യുക്തിയിൽനിന്നും അർത്ഥങ്ങളിൽ നിന്നും സ്വതന്ത്രമായ അനുഭവങ്ങളിലേക്ക് മോചിപ്പിക്കുന്നു.

ചലനത്തിൽനിന്ന് നിശ്ചലനത്തിലേക്കാണ് അർമാംഗോവിന്റെ യാത്രയെങ്കിൽ ഫോട്ടോഗ്രാഫിന്റെ നിശ്ചലനത്തിൽനിന്ന് ചലനത്തിലേക്ക് തിരിച്ചാണ് 'ഫ്ലോട്ടിങ് ബോഡീസ്'' എന്ന അവതരണത്തിന്റെ യാത്ര. നിശ്ചലനമെന്ന ദുരന്തതീരത്തുനിന്ന് ചലനത്തിലേക്ക് ശരീരത്തെ മോചിപ്പിക്കാനുള്ള സാദ്ധ്യതകളാണ് അവതരണം അന്വേഷിക്കുന്നത്. ഈ മോചനത്തിന് അവതരണം തിരഞ്ഞെടുക്കുന്ന മുഖ്യമാധ്യമമാവട്ടെ ഉടൽതന്നെയാണ്. നിശ്ചലനമെന്നത് നിസ്സഹായമായ ഒരു പ്രവൃത്തിയാവുന്നു. ചലനംകൊണ്ടുമാത്രം മറികടക്കേണ്ടിടത്ത് ഉടൽ മുഖ്യമാധ്യമമാവുന്നുവെന്ന് തിരിച്ചും പറയാമിവിടെ. അവതരണമാവട്ടെ അതിന്റെ ശരീരം ഫോട്ടോഗ്രഫിയിൽനിന്നുകൂടി കണ്ടെടുക്കുന്നു. ഫോട്ടോഗ്രാഫിൽ നിന്ന് കണ്ടെടുക്കുന്ന ഉടലിൽനിന്ന് ഫേട്ടോഗ്രാഫറുടെയും അവതാരകരുടെയും പ്രേക്ഷകരുടെയും മറ്റുംമറ്റുമായി് തുടരുന്ന ഉടലനുഭവങ്ങളാണ് 'ഫ്ലോട്ടിങ് ബോഡീസ്''.

അപരിചിതദേശങ്ങളിൽ താനുൾപ്പെടുന്ന മനുഷ്യർ അന്യവത്കരിക്കപ്പെടുന്നതിന്റെ ചെറുതും വലുതുമായ അനുഭവങ്ങളുമായാണ് അഭീഷ് ശശിധരൻ നാബി ഹുസൈന്റെ പോർട്രൈറ്റിനെ ബന്ധിപ്പിച്ചത്: 'എന്റെ സഞ്ചാരങ്ങളിൽ സ്വയം ചൂളിപ്പോയ നിരവധി മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. ഒരു ദേശത്തിന്റേയോ രാജ്യത്തിന്റേയോ അതിർത്തി കടക്കുമ്പോഴും, അപരിചിതമായ കൂട്ടങ്ങളിലെത്തുമ്പോഴുമെല്ലാം ഞാൻ വിളറിവെളുത്ത നിമിഷങ്ങളുണ്ടായിട്ടുണ്ട്. നീ ആരാണ് എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് തുടങ്ങുന്ന ഒരുപാട് ചോദ്യങ്ങളും നോട്ടങ്ങളും' എന്ന് അഭീഷ് അവതരണത്തിന്റെ ആമുഖത്തിൽ ചിന്തിക്കുന്നുണ്ട്. സ്വയം നിശ്ചലമാവുന്ന ഇത്തരം നിമിഷങ്ങളിൽ നിന്നാണ് അവതരണം ഉടലെടുക്കുന്നത്. അതിനാധാരമാവുന്നതാവട്ടെ ഒരു ഫോട്ടോഗ്രാഫാണ്.

ചലനകലാകാരനായ ഫവാസ് അമീർ ഹംസയേയും ഫോട്ടോഗ്രാഫറായ സി സുധീറിനേയുമാണ് അഭീഷ് അവതരണത്തിലേക്ക് ക്ഷണിക്കുന്നത്. മഞ്ഞക്കന്നാസും പിടിച്ച് ബംഗ്ലാദേശിലെ ദ്വീപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത നബി ഹുസൈന്റെ പോർട്രൈറ്റിനോട് ഒരു ചലന കലാകാരനും ഒരു ഫോട്ടോഗ്രാഫറും നടത്തുന്ന പ്രതികരണങ്ങളാണ് യഥാർത്ഥത്തിൽ 'ഫ്ലോട്ടിങ് ബോഡീസ്'' എന്ന അവതരണം. അവതരണം ഒരുക്കിയെടുക്കുന്ന രീതിയും രൂപപ്പെടുന്ന ഘടനയും കൂടി അനുഭവങ്ങളെ നിർണയിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. 'ഫ്ലോട്ടിങ് ബോഡീസി'ന്റെ അവതരണരീതിയാവട്ടെ നിയതമാവാതെ ചലനകലാകാരന്റേയും ഫോട്ടോഗ്രാഫറുടേയും അതതുനിമിഷങ്ങളിലെ പ്രതികരണങ്ങളെന്ന നിലയിൽ സ്വതന്ത്രമായി തുടരുകയും ചെയ്യുന്നു.

നിശ്ചലനത്തോടുള്ള നിശ്ശബ്ദ സംഭാഷണങ്ങളാണ് അവതരണത്തിൽ ഫവാസിന്റെ ചലനങ്ങൾ. അനുഭവങ്ങളെ അയാൾ സ്വന്തം ശരീരത്തിൽ തിരയുകയാണ്. ശരീരത്തിലാണ് തിരയുന്നത്. വാക്കിനേക്കാളും വിചാരത്തേക്കാളും ഉടലാണ് വഴി. പലായനത്തെ പലപ്പോഴും സ്വന്തം ശരീരത്തിൽ കണ്ടെത്തുന്നുണ്ടയാൾ. നിസ്സഹായമാവുന്ന ഒരു കൈത്തലം പോലും അതനുഭവിപ്പിച്ചേക്കും. സ്വന്തം ശരീരത്തിൽനിന്ന് നബി ഹുസൈനിലേക്കും തിരിച്ചും ഇതരശരീരങ്ങളിലേക്കും അയാൾ യാത്ര ചെയ്യുന്നു. അഥവാ ഒരു ശരീരത്തിൽനിന്ന് ഇതര ശരീരങ്ങളിലേക്ക് ചിതറുന്നു എന്ന് പറയാൻ തോന്നുന്ന വിധം. ഓർമയാവുന്ന ശരീരം. പ്രതിഷേധവും ആഘോഷവും തീവ്ര ദുഃഖവുമാവുന്ന ചലനങ്ങൾ. അമൂർത്തമാവുന്ന അവസ്ഥകൾ. ഒരുപക്ഷേ, മൂർത്തമോ അമൂർത്തമോ എന്നതുപോലുമല്ല, സ്വതന്ത്രമാവുക എന്നതാണ്. സ്വതന്ത്രമാവുന്ന ഉടൽമൊഴി പ്രേക്ഷകരെ അർത്ഥങ്ങളിൽനിന്ന് അനുഭവങ്ങളിലേക്ക് മോചിപ്പിക്കുന്നു. ശരീരത്തിന്റെ ഈ യാത്രതന്നെയും പലായനമാവുന്നു. ചലനകലാകാരനെ നിരീക്ഷിക്കുകയോ പിൻതുടരുകയോ ചെയ്യുകയാണ് ഫോട്ടോഗ്രാഫർ. പലയിടത്തും യുഗ്മാനുഭവങ്ങളിലേക്ക് വികസിക്കുകയും. ചലനവും നിശ്ചലനവുമെന്നപോലെ ചലനകലാകാരനും ഫോട്ടോഗ്രാഫറും മുഖാമുഖം. ഇത് അവതരണത്തെ മുൻനിശ്ചയങ്ങൾക്കപ്പുറത്തേക്ക് വഴിനടത്തുന്നു.

ചലനകലാകാരന്റെ ശരീരചലനങ്ങളെ കാഴ്ചപ്പെടുത്തുന്നത് ഒരു പരിധിവരെയെങ്കിലും ഫോട്ടോഗ്രാഫറാണ്. അവതരണത്തിന്റെ വെളിച്ചം ഫോട്ടോഗ്രാഫറിലാണ്. തിരിച്ച്, ഫോട്ടോഗ്രാഫറുടെ ശരീരത്തെ അവതരണം പരിഗണിക്കുന്നതും ശ്രദ്ധേയമാണ്. അരങ്ങിനു പുറത്തോ പരിസരത്തോ സ്ഥിരസാന്നിദ്ധ്യമാവാറുള്ള ഫോട്ടോഗ്രാഫർ ഇവിടെ അവതരണത്തിനകത്താണ്. എന്നാലത് ഫോട്ടോഗ്രാഫർ എന്ന കഥാപാത്രത്തെ പകർന്നാടുകയുമല്ല. ഫോട്ടോഗ്രാഫറുടെ ശരീരം സ്വതന്ത്രവും ഭാരരഹിതവുമായി പ്രതികരിക്കുമ്പോൾ സംഭവിക്കുന്നതെന്തോ അവതരണത്തെ സവിശേഷമാക്കുന്നു. ഫോട്ടോഗ്രാഫറുടെ ശരീരത്തെ അവതരണം ഉൾക്കൊള്ളുന്നത് പല മാനങ്ങളിലാണ്. ചിത്രമെടുപ്പ് ഈ പ്രതികരണങ്ങളിലെ പ്രധാനമായ ഒന്നാണ്. അവതരണത്തിൽ അത് തുടർച്ചയായി സംഭവിക്കുന്നുണ്ട്. ചലനകലാകാരനെ നിരീക്ഷിക്കുകയും പകർത്തുകയും ചെയ്യുന്ന ഫോട്ടോഗ്രാഫർ. മുൻനിശ്ചയപ്രകാരമല്ല, അപ്പോഴപ്പോൾ തോന്നുന്ന വിധം, ചിത്രമെടുപ്പ് സംഭവിക്കുന്നത് ഫോട്ടോഗ്രാഫറുടെ ശരീരത്തിന്റെ പ്രതികരണമെന്ന നിലയിലാണ്. ചലനകലാകാരൻ ശരീരത്തെ തുറന്നുവിടുമ്പോൾ ഉടലെടുക്കുന്ന ഇമേജുകൾക്കും അനുഭവങ്ങൾക്കും സമാനമായി ഒരു ഫോട്ടോഗ്രാഫറുടെ ശരീരത്തിന്റെ സ്വതന്ത്രമായ പ്രതികരണങ്ങളായാണ് ഈ ചിത്രമെടുപ്പും സംഭവിക്കുന്നത്. ചിത്രമെടുപ്പ് മാത്രമല്ല, വെളിച്ചം, കാഴ്ച തുടങ്ങി അവതരണത്തിന്റെ നിരവധി ഘടകങ്ങളിൽ അവതരണത്തിനകത്ത് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറുടെ ശരീരം പ്രവർത്തിക്കുന്നത് കാണാം. ഈ വിധവുമാണ് 'ഫ്ലോട്ടിങ് ബോഡീസ്' എന്ന അവതരണത്തിന്റെ ഭാഷ വ്യത്യസ്തമാവുന്നത്. ഈ ഭാഷയാവട്ടെ ഉടലെടുക്കുന്നത് ഫോട്ടോഗ്രഫിയുടെ ഭാഷയോട് ചേർന്നു നിന്നുകൊണ്ടാണ് എന്ന നിരീക്ഷണത്തിന് സാധുതകളേറെയാണ്.

അഭീഷ് ശശിധരൻ / ഫോട്ടോ: സുധീർ പട്ടാമ്പി

'ഫ്ലോട്ടിങ് ബോഡീസ്'' ജലത്തെ ആഖ്യാനം ചെയ്യുന്ന വിധം ഇതിന് മികച്ച ഉദാഹരണമാണ്. ഈ ആഖ്യാനമാവട്ടെ അനുഭവത്തിന്റെ അടരുകൾ നൽകുന്നതിലും പ്രധാനമാവുന്നുണ്ട്. അവതരണാരംഭം തന്നെ ജലാശയത്തിലാണ്. ഇരുട്ടിൽ സാവധാനത്തിലും വിശദമായും ജലം കണ്ടും കേട്ടുമുള്ള തുടക്കം അനുഭവങ്ങൾക്ക് മികച്ച ആമുഖമാണ്. നിശ്ചലമായ ജലാശയം, ചെറുചലനങ്ങളുണ്ടാക്കുന്ന ഭംഗികൾ, ശബ്ദങ്ങൾ, ചൂഴ്ന്നുനിൽക്കുന്ന പ്രകൃതി തുടങ്ങിയ ഘടകങ്ങളോരോന്നും ചോർന്നുപോകാതെ പ്രകാശിപ്പിക്കുന്നിടത്ത് ആഖ്യാനം വികസിക്കുകയും കാഴ്ചയുടെ പ്രാഥമികതലത്തിൽനിന്ന് അനുഭവങ്ങളിലേക്കുള്ള യാത്ര തുടങ്ങുകയും ചെയ്യുന്നു. അവതരണാമുഖത്തിലെ ചലനകലാകാരന്റെ ചലനങ്ങൾ പോലും ജലത്തിന്റേതുകൂടിയാണ്. ചെറുശബ്ദത്തെപ്പോലും പ്രകാശിപ്പിച്ച് തുടങ്ങുന്ന ഈ ജലാഖ്യാനത്തിന്റെ ഈറൻ, ഇറ്റുവീഴുന്ന വെള്ളത്തിന്റെ ശബ്ദത്തിലും മറ്റുംമറ്റുമായി അവതരണാവസാനം വരെയുണ്ട്. ഈ ജലാഖ്യാനത്തിൽ ഫോട്ടോഗ്രഫിയുടെ ഭാഷ നിറഞ്ഞിരിക്കുന്നു. വിശാലമായ ഒരു കാഴ്ചയിൽനിന്ന് ഒരു ഫ്രെയിം മാത്രം കണ്ടെത്തി അടർത്തിയെടുത്ത് കാഴ്ചക്കാരിലെത്തിക്കുകയെന്ന ഫോട്ടോഗ്രഫിയുടെ അടിസ്ഥാനസ്വഭാവമാണ് ജലാഖ്യാനത്തിന്റെ ഭാഷയിൽ പുലരുന്നത്. അത് ജലാശയത്തെ അതിസൂക്ഷ്മമായി കണ്ടും കേട്ടും അനുഭവിക്കാനുതകുന്ന ആഖ്യാനമാക്കുന്നു. ജലം, നിശ്ശബ്ദത, നിഴൽ, നിശ്ചലനം തുടങ്ങി അവതരണം പിൻതുടരുന്ന അനുഭവങ്ങളിലേക്ക് ഈ ഭാഷ ചെറുതല്ലാത്ത സംഭാവന ചെയ്യുന്നു.

ജലാഖ്യാനത്തോടൊപ്പം ഒരു ശബ്ദപ്രകൃതിയും രൂപപ്പെടുന്നുണ്ട്. ഫോട്ടോഗ്രാഫിലെ നിശ്ചലനത്തിൽനിന്ന് ചലനത്തിലേക്കെന്നപോലെ ഫോട്ടോഗ്രാഫിലെ നിശ്ശബ്ദതയിൽനിന്ന് ശബ്ദങ്ങളിലേക്കുള്ള യാത്രയാണത്. ജലായശത്തിലേക്ക് പൊടുന്നനെ വന്നുവീഴുന്ന മഞ്ഞക്കന്നാസിന്റെ ശബ്ദം, വെള്ളത്തിലെ സ്വാഭാവികശബ്ദങ്ങളുടെ തത്സമയകേൾവി, വെള്ളത്തിന്റെയും കാറ്റിന്റെയും കടലിന്റെയും ശബ്ദവിന്യാസങ്ങൾ. ആവർത്തിച്ചു കേൾക്കുന്ന ക്യാമറക്ലിക്കുകളുടെ ശബ്ദം. പ്രവഹിക്കുകയും നിലക്കുകയും ചെയ്യുന്ന ശബ്ദം. പലപ്പോഴും നിശ്ശബ്ദദതയെത്തന്നെയും ആഖ്യാനം ചെയ്യാൻ കരുത്തുള്ള ശബ്ദപ്രകൃതി അവതരണാനുഭവങ്ങളുടെ പകർച്ചയിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.

അവതരണത്തിനാവശ്യമായ വെളിച്ച സ്രോതസ്സുകളധികവും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ടതാണ്. ഫോട്ടോഗ്രാഫറുടെ തലയിൽ ഘടിപ്പിച്ച് നെറ്റിയിൽ നിന്ന് പുറപ്പെടുന്ന വിധത്തിൽ പോലും ഒരു വെളിച്ചവിന്യാസം കാണാം. ശരീരംതന്നെ വെളിച്ച സ്രോതസ്സാവുന്ന അനുഭവമാണിത്. ചിത്രമെടുപ്പ് പോലെ വെളിച്ചവിന്യാസത്തിലും ഒരു ഫോട്ടോഗ്രാഫറുടെ ശരീരം തത്സമയം പ്രവർത്തിക്കുന്നതിന്റെ അനുഭവങ്ങൾ ഈ അവതരണത്തെ സവിശേഷമാക്കുന്നു. വെളിച്ചം പതിയുന്ന ഇടവും ഘടനയും ഈ വിചാരത്തിന് പിൻബലമേകും. യഥാർത്ഥത്തിൽ ഫോട്ടോഗ്രാഫറിലൂടെ പ്രേക്ഷകർ കാണുന്ന വിധമാണ് 'ഫ്ലോട്ടിങ് ബോഡീസി'ന്റെ കാഴ്ചയുടെ ഘടന. വിശാലമായ ഒരു വെളിയിടത്തിൽ നിന്ന് ഒരു ഫോട്ടോഗ്രാഫർ തനിക്കാവശ്യമുള്ള ഫ്രെയിം അടർത്തിയെടുക്കും പോലെത്തന്നെ.

അർമാംഗോവിന്റെ ഫോട്ടോഗ്രാഫുകളിലെ നിശ്ചലശരീരവും മഞ്ഞപ്പാട്ടയും ഇറ്റുവീഴുന്ന വെള്ളവുമൊക്കെ അവതരണവും പിൻതുടരുന്നുണ്ട്. അതിനുമപ്പുറം ഫോട്ടോഗ്രഫിയുടെ ഭാഷ അവതരണഭാഷതന്നെയാവുന്നുമുണ്ട്. ചലനകലാകാരന്റെ പ്രതികരണങ്ങളെക്കുറിച്ച് പറയുമ്പോൾ ഉദാഹരിച്ച നിസ്സഹായമായ കൈത്തലത്തിന്റെ കാര്യമെടുക്കാം. ആ കൈത്തലം ഒരു ചെറുസമീപദൃശ്യമാണ്. അവതരണസ്ഥലത്ത് കാണാവുന്ന അനേകം കാര്യങ്ങളിൽനിന്ന് ഈ കൈത്തലം മാത്രം പ്രേക്ഷകരെ കാണിക്കുന്നത്, അവതരണത്തിനകത്ത് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറുടെ ശരീരസാന്നിദ്ധ്യമാണ്. അവതരണസ്ഥലത്തെ ഇരുട്ടിൽ, ഈ കൈത്തലത്തിലേക്ക് മാത്രം വെളിച്ചം പതിപ്പിക്കുന്നത് ഫോട്ടോഗ്രാഫർ നൽകുന്ന ഊന്നലാണ്. ഈ അവതരണത്തിലാവട്ടെ അത്, ദീപവിധായകനോ സംവിധായകനോ അല്ലാതെ, ഒരു ഫോട്ടോഗ്രാഫർ സ്വയം കണ്ടെത്തുന്ന ഊന്നലാവുന്നതിനാൽ അതൊരു ശരീരത്തിന്റെ പ്രതികരണം തന്നെയാവുന്നു. നേരത്തേ സ്വന്തം ശരീരത്തിൽ ഒരു ചലനകലാകാരൻ അനുഭവം തിരയുന്നതുപോലെ, ഒരു ഫോട്ടോഗ്രാഫറുടെ ശരീരത്തിൽ മാത്രം സംഭവിക്കുന്ന അന്വേഷണവും കണ്ടെത്തലുമാണിത്. ഈ വിധം പഠനാർഹമായ പല മാനങ്ങളിലാണ് ‘ഫ്ലോട്ടിങ് ബോഡീസ്' ശരീരത്തേയും ഫോട്ടോഗ്രഫിയേയും ഉൾക്കൊള്ളുന്നത്.

അവതരണത്തിനിടെ ഫോട്ടോഗ്രാഫറായ സുധീർ ചത്ത കോരന്റെ കഥ പറയുന്നുണ്ട്. തീർത്തും നാടകീയമല്ലാതെ, അവതരണത്തെപ്പോലും ഉപേക്ഷിക്കുന്ന മട്ടിൽ, സ്വന്തം ശരീരത്തിന്റെ സൂക്ഷിപ്പായ ഒരു ഓർമ്മയുടെ പറച്ചിൽ. സമാന്തരമായി ഫവാസ് കരമനയാറ്റിൽ ഒഴുക്കിൽ പെട്ട് മരിച്ചുപോയ കൂട്ടുകാരന്റെ കഥ പറയുന്നുണ്ട്. നാടകീയതയെ മുറിച്ചുകളയുന്ന സ്ഥലകാലങ്ങൾകൂടിയാണ് 'ഫ്ലോട്ടിങ് ബോഡീസ്'' എന്ന അവതരണത്തെ നിലനിർത്തുന്നത്.

(ഫ്ലോട്ടിങ് ബോഡീസ്'- ആശയസങ്കല്പനം: അഭീഷ് ശശിധരൻ, അവതാരകർ: ഫവാസ് അമീർ ഹംസ, സുധീർ.സി, സൗണ്ട്‌സ്‌കേപ്: ലാമി, ക്രിയേറ്റീവ് ഇൻപുട്‌സ്: കുമാരദാസ്ടി .എൻ, ക്രിട്ടിക്കൽ ഇൻപുട്സ്: ശ്രീദേവി ഡി, നിർമാണം: ടെക്‌നോ ജിപ്‌സി)


കെ. ജയാനന്ദൻ

കലാന്വേഷകൻ. രംഗകലാ പഠനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഫോ​​ട്ടോഗ്രഫി, ആർട്ട്​ ഡോക്യുമെന്റേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നു

Comments