ഗോയയുടെ ‘നഗ്നയായ മജ’ (naked Maja)

രാഷ്ട്രീയ ശരീരങ്ങൾക്കുമേൽ പതിക്കുന്ന
അശ്ലീല മുദ്രകൾ

അക്ബർ പദംസിയുടെയും എഫ്.എൻ. സൂസയുടെയും ചിത്രങ്ങൾ അശ്ലീലത ആരോപിച്ച് പിടിച്ചുവച്ച മുംബൈ കസ്റ്റംസ് പുതിയ കാലത്തെ ഇന്ത്യയുടെ സാംസ്ക്കാരിക നയത്തെ വ്യക്തമാക്കുന്നതുകൂടിയാണ്- കെ. സുധീഷ് എഴുതുന്നു.

രു രാജ്യം, ഫാഷിസത്തിലേക്കുള്ള പരിണാമം പൂർത്തിയാക്കുന്നത് ബ്യൂറോക്രസിയിലൂടെയാണ്. ബ്യൂറോക്രസി രാഷ്ട്രീയത്തിനേക്കാൾ ജനജീവിതത്തിൻ്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അടുത്തുനിൽക്കുന്നതാണ്. അത് കൂടുതൽ സ്വീകാര്യവും നിയമവിധേയവുമാണെന്ന് പൊതുബോധത്തിനെ വിശ്വസിപ്പിക്കാൻ എളുപ്പമാണ്. അതിന് ഭിന്നരാഷ്ട്രീയ ചിന്തകളെ നിയമവ്യവസ്ഥയുടെ പരിചകൊണ്ട് നേരിടാൻ കഴിയും.

ഫാഷിസത്തിൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള പ്രധാന ആയുധം സദാചാരമാണ്. ഇന്ത്യയിൽ കുറച്ചു കാലങ്ങളായി രൂപപ്പെട്ടുവരുന്ന മതരാഷ്ട്രവാദം ഇത്തരം സദാചാരവാദത്തെ മുന്നോട്ടുവക്കുന്നുണ്ട്. ശരീരത്തിൻ്റെ രാഷ്ട്രീയത്തെ എല്ലാ മതങ്ങളും ഭയക്കുന്നുണ്ട്.

ഇന്ത്യൻ ദൈവങ്ങളെ മനുഷ്യരെപ്പോലെ വസ്ത്രമുടുപ്പിച്ചു എന്ന് ബോംബെയിൽ രാജാ രവിവർമക്കെതിരെ രാഷ്ട്രീയ ഹിന്ദുക്കൾ കേസുകൊടുത്തു. ആ കേസ് രാജാ രവിവർമ്മ സ്വയം വാദിച്ച് ജയിച്ചത് ചരിത്രമാണ്.
ഇന്ത്യൻ ദൈവങ്ങളെ മനുഷ്യരെപ്പോലെ വസ്ത്രമുടുപ്പിച്ചു എന്ന് ബോംബെയിൽ രാജാ രവിവർമക്കെതിരെ രാഷ്ട്രീയ ഹിന്ദുക്കൾ കേസുകൊടുത്തു. ആ കേസ് രാജാ രവിവർമ്മ സ്വയം വാദിച്ച് ജയിച്ചത് ചരിത്രമാണ്.

രാഷ്ട്രീയ ഹിന്ദു യഥാർത്ഥത്തിൽ ഇന്ത്യൻ കലയുടെ എതിരായാണ് ഇന്നുവരെ പ്രവർത്തിക്കുന്നത്. ഒരേ സമയം ഭാരതീയ സംസ്ക്കാരത്തെക്കുറിച്ച് വാചാലരാകുകയും അതേസമയം അത് കടകവിരുദ്ധമായി പ്രവർത്തിക്കുക എന്നതാണ് ഇവരുടെ രീതി. ഇതിൻ്റെ ആദ്യത്തെ പ്രധാന ഉദാഹരണമാണ് രാജാരവിവർമ്മ. ഇന്ത്യൻ ദൈവങ്ങളെ മനുഷ്യരെപ്പോലെ വസ്ത്രമുടുപ്പിച്ചു എന്ന് ബോംബെയിൽ അദ്ദേഹത്തിനെതിരെ അന്നത്തെ രാഷ്ട്രീയ ഹിന്ദുക്കൾ കേസുകൊടുക്കുന്നത്. ആ കേസ് രാജാ രവിവർമ്മ സ്വയം വാദിച്ച് ജയിച്ചത് ഒരു ചരിത്രമാണ്.

എന്നാൽ, അടുത്തകാലത്തായി ഇതേ രാഷ്ട്രീയ ഹിന്ദു ക്ഷേത്രങ്ങളിലെ നഗ്നശിൽപ്പങ്ങളെ സാരിയുടുപ്പിച്ച് തങ്ങളുടെ പുതിയ സദാചാരമുഖം വ്യക്തമാക്കിയിരിക്കുകയാണ്.

പലപ്പോഴും ശരീരം അതിൻ്റെ രൂപപരമായ സവിശേഷതകൾക്കൊപ്പം മാനസികനിലയെ, ശരീരത്തിൻ്റെ രാഷ്ട്രീയത്തെ പ്രകാശിപ്പിക്കുന്ന ഒരു മാധ്യമവും കൂടിയാകുന്നു നമ്മുടെ കാലത്ത്.

അക്ബർ പദംസിയുടെയും എഫ്.എൻ. സൂസയുടെയും ചിത്രങ്ങൾ അശ്ലീലത ആരോപിച്ച് പിടിച്ചുവച്ച മുംബൈ കസ്റ്റംസ് പുതിയ കാലത്തെ ഇന്ത്യയുടെ സാംസ്ക്കാരിക നയത്തെ വ്യക്തമാക്കുന്നതുകൂടിയാണ്. സ്ത്രീപുരുഷ നഗ്നതയെ, രതിയെ ഭയക്കാതെ ആവിഷ്ക്കരിച്ച ഒരു പുരാതന സംസ്ക്കാരത്തിൽനിന്ന് രാഷ്ട്രീയ ഹിന്ദു, ശരീരത്തെ അതിൻ്റെ ആവിഷ്ക്കാരത്തെ ഭയക്കുന്നത് ശരീരത്തെ മതചിഹ്നങ്ങളിൽ പൊതിയപ്പെട്ട വിധേയരുടെ ഒരു കൂട്ടമായി കാണുന്നതു കൊണ്ടാണ്.

നഗ്നതയും (Nude) ലൈംഗികതയും (Erotic) ദൃശ്യ കലയുടെ വിഷയങ്ങളായി വരുന്നത് മനുഷ്യ ചരിത്രത്തിൻ്റെ വളരെ പഴക്കമുള്ള ഒരു അദ്ധ്യായമാണ്. നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിതികളുടെ അവശിഷ്ടങ്ങളിൽ നിന്ന് തുടങ്ങി ക്ഷേത്രശിൽപ്പങ്ങൾ വരെ നീളുന്ന ഒരു ചരിത്രം അതിനുണ്ട്. ജപ്പാനിലെ രതിചിത്രങ്ങൾ (Shunga) വിഖ്യാത ചിത്രകാരൻമാരായ ഗോയയുടെ (Goya) നഗ്നയായ മജ (naked Maja), ടിഷ്യൻ്റെ (Titian) വീനസ്, ഹോക്കുസായിയുടെ (Hokusai) മുക്കുവൻ്റെ ഭാര്യയുടെ സ്വപ്നം തുടങ്ങി സ്ത്രീനഗ്നതയുടെ പ്രകോപനപരമായ ആവിഷ്ക്കാരങ്ങൾ കലാചരിത്രത്തിൽ ധാരാളമുണ്ട്. മതകേന്ദ്രീകൃതമായ അധികാരകേന്ദ്രങ്ങളെ അത് ചെറുതല്ലാത്ത രീതിയിൽ അലോസരപ്പെടുത്തിയിട്ടുമുണ്ട്.

സ്ത്രീനഗ്നതയുടെ പ്രകോപനപരമായ ആവിഷ്ക്കാരങ്ങൾ കലാചരിത്രത്തിൽ ധാരാളമുണ്ട്. മതകേന്ദ്രീകൃതമായ അധികാരകേന്ദ്രങ്ങളെ അത് ചെറുതല്ലാത്ത രീതിയിൽ അലോസരപ്പെടുത്തിയിട്ടുമുണ്ട്.
സ്ത്രീനഗ്നതയുടെ പ്രകോപനപരമായ ആവിഷ്ക്കാരങ്ങൾ കലാചരിത്രത്തിൽ ധാരാളമുണ്ട്. മതകേന്ദ്രീകൃതമായ അധികാരകേന്ദ്രങ്ങളെ അത് ചെറുതല്ലാത്ത രീതിയിൽ അലോസരപ്പെടുത്തിയിട്ടുമുണ്ട്.

ആധുനിക കാലത്ത് കൂർബെ (Gustave Courbet), ക്ലിൻ്റ് (Gustave klimt), ഷീലെ (Egon Schiele), സ്പെൻസർ (Spencer), ലൂഷൻ ഫോയിഡ് (Lucian Freud), ബാൽത്തൂസ് (Balthus), പിക്കാസ്സോ (Picasso) തുടങ്ങി വലിയൊരുനിര കലാകാരൻമാർ മനുഷ്യശരീരത്തിനെ, ലൈംഗികതയെ തങ്ങളുടെ സൃഷ്ടികളിലൂടെ അഭിമുഖീകരിക്കുകയും ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ശരീരം അതിൻ്റെ രൂപപരമായ സവിശേഷതകൾക്കൊപ്പം മാനസികനിലയെ, ശരീരത്തിൻ്റെ രാഷ്ട്രീയത്തെ പ്രകാശിപ്പിക്കുന്ന ഒരു മാധ്യമവും കൂടിയാകുന്നു നമ്മുടെ കാലത്ത്.

എഫ്.എൻ. സൂസ, എസ്.എച്ച്. റാണ, അക്ബർ പദംസി (1952)
എഫ്.എൻ. സൂസ, എസ്.എച്ച്. റാണ, അക്ബർ പദംസി (1952)

മനുഷ്യരുടെ ലൈംഗികത പ്രത്യുൽപ്പാദനത്തിനും വംശവർദ്ധനവിനുമുപരിയായി ശരീരത്തിൻ്റെ മനസ്സിൻ്റെ ആവിഷ്ക്കാരം എന്ന നിലയിൽ പ്രാചീനകാലം മുതലേ മാറിയിട്ടുണ്ട്. കാമസൂത്രം എഴുതപ്പെട്ട, ക്ഷേത്രചുവരുകളിൽ അതിൻ്റെ ദൃശ്വാവിഷ്ക്കാരം ശിൽപ്പങ്ങളായി ഇന്നും നിലനിൽക്കുന്ന ഇന്ത്യയിൽ, 21ാം നൂറ്റാണ്ടിൽ, എഫ്.എൻ. സൂസയുടെയും അക്ബർ പദംസിയുടെയും ചിത്രങ്ങൾ കസ്റ്റംസ് ‘അശ്ലീലം’ എന്ന് മുദ്ര കുത്തി കണ്ടുകെട്ടാനും നശിപ്പിക്കാനും ശ്രമിച്ചത് കോടതി തടഞ്ഞതും ചിത്രങ്ങൾ ലേലത്തിലെടുത്ത വ്യക്തിക്ക് തിരിച്ചുനൽകാൻ ഉത്തരവിട്ടതും ആശ്വാസകരമാണ്. എങ്കിലും നമ്മുടെ രാജ്യം ഇരുണ്ട മദ്ധ്യകാലത്തേക്ക് തിരിച്ചു പോകുകയാണ് എന്നതും, കല പോലും മതാതിഷ്ഠിതമായ സദാചാരബോധത്താൽ ഭേദ്യം ചെയ്യപ്പെടുന്നത് അത്ര ആശ്വാസകരമല്ല.

Comments