സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ദേശത്തിന്റെ പേര് കൂടിയാണ് കോഴിക്കോട്. എന്നാല്‍ ആ ചരിത്രം എത്രപേര്‍ക്ക് അറിയാം. പ്രത്യേകിച്ച് പുതുതലമുറയ്ക്ക്. ചരിത്രത്തെ ഗീബൽസിയൻ തന്ത്രങ്ങളിലൂടെ മാറ്റിയെഴുതാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ചരിത്രത്തെ വസ്തുതകളിലൂടെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് രാഷ്ട്രീയ ദൗത്യമാണ്.
അവിടെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ 75ആം വാര്‍ഷികത്തിന് മുന്നോടിയായി കോഴിക്കോട് സ്ഥാപിച്ച ഫ്രീഡം സക്വര്‍ പ്രസക്തമാകുന്നത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളും, പാഠങ്ങളും, മൂല്യങ്ങളും പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ ഉതകുന്ന അര്‍ത്ഥപൂര്‍ണ്ണമായൊരു സ്മാരകം എന്ന രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ് ഫ്രീഡം സ്‌ക്വയറിലൂടെ സാധ്യമാകുന്നത്. സര്‍ക്കാറിന്റെ പൊതുപണമുപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ കേവലം കെട്ടിടം എന്നതിനപ്പുറം ജനകീയവും രാഷ്ട്രീയവുമാകുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നു ഈ സ്വാതന്ത്ര ചത്വരം
കോഴിക്കോടിന്റെ ചരിത്രവും സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകളും വര്‍ത്തമാന കാലത്തോട് വളരെ ലളിതമായി സംവദിക്കും വിധം നിര്‍മ്മിച്ച ചരിത്ര വീഥി. അതിന് ഇരു വശങ്ങളിലുമായി സ്വതന്ത്രമായ ആശയവിനിമയം, ആവിഷ്‌കാരം, അവതരണം എന്നിവക്കെല്ലാമായുള്ള അരങ്ങുകള്‍, ഗസ്റ്റ് ലോഞ്ച്, ഗ്രീന്‍ റൂമുകള്‍, ശുചി മുറികള്‍, സുവനീര്‍ ഷോപ്പ് എല്ലാമായി അനുപമമായ രൂപകല്‍പ്പന, സന്ദര്‍ശകര്‍ക്ക് അറിവും അനുഭൂതിയും പകരുന്ന സാന്നിദ്ധ്യം. ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിന് രൂപകല്‍പ്പന എന്തുമാത്രം പ്രധാനമാണെന്ന് വിളിച്ചു പറയുന്ന മനോഹര നിര്‍മ്മിതി.
വാസ്തുശില്‍പ മികവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നിര്‍മ്മിതി കൂടിയാണ് കോഴിക്കോട്ടെ ഫ്രീഡം സക്വര്‍. ആര്‍ക്കിടെക്ട്മാരുടെ അഖിലേന്ത്യ വേദിയായ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട്‌സ്' (IIA) ഏര്‍പെടുത്തിയ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആര്‍കിടെക്ട്‌സ് അവാര്‍ഡാണ് ഇത്. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികള്‍ (Socially responsible projects) എന്ന വിഭാഗത്തിലെ എറ്റവും മികച്ച രൂപകല്പനയ്ക്കാണ് 'ഫ്രീഡം സ്‌ക്വയര്‍' അവാര്‍ഡിന് അര്‍ഹമായത്. കോഴിക്കോട്ടെ പ്രശസ്ത ആര്‍കിടെക്ട് മാരായ പി. പി. വിവേക്, നിഷാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 'De ear-th' ആണ് 'ഫ്രീഡം സ്‌ക്വയര്‍' രൂപകല്‍പ്പന ചെയ്തത്.
വാസ്തവമല്ലാത്ത ചെങ്കോലുകൾ സ്ഥാപിക്കപ്പെടുന്ന ഭരണ കേന്ദ്രങ്ങൾക്കുള്ള മറുപടി കൂടിയാണ് ചരിത്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പൊതുസ്ഥലങ്ങൾ.