സാക്കിർ ഹുസൈൻ

പൗരരെന്ന നിലയിൽ
മനുഷ്യർ ഇല്ലാതാക്കപ്പെടുന്നതിന്റെ
രേഖകൾ

സാക്കിർ ഹുസൈൻ്റെ Citizen- Obliterated Stories എന്ന പുതിയ പ്രദർശനത്തെ കുറിച്ച് കൊച്ചിയുടെ ആദ്യത്തെ ഗാലറിസ്റ്റും, കവിയുമായ ശിഹാബ് എഴുതുന്നു.

രേഖാചിത്രഭാഷയെന്ന അതിശക്തമായ മാധ്യമത്തിലുള്ള ആർജ്ജവ ബലമാണ് സാക്കിർ ഹുസൈൻ (Zakkir Hussain) ചിത്രങ്ങൾ. അത് സൗന്ദര്യത്തേക്കാൾ ജൈവാവസ്ഥയുടെ സമകാലികമായ തീവ്രതകളെ വരയ്ക്കുന്നു. യൂറോ കേന്ദ്രീകൃതമല്ലാത്ത വികസ്വരമായ ഇടങ്ങളുടെ ജനാവലികളിൽ നിന്നുയരുന്ന ഭാഷയെ, സംഗീതത്തെയും അനുധാവനം ചെയ്യുന്നു.

കഴിഞ്ഞ മെയ് മാസം മട്ടാഞ്ചേരിയിൽ പുതുതായി ആരംഭിച്ച ബെർത്ത് ഗാലറിയിൽ സാക്കിർ ഹുസൈൻ്റെ മഷികൊണ്ട് മാത്രം വരച്ച ഒരേ വലിപ്പത്തിലുള്ള ഏറ്റവും പുതിയ നാൽപതോളം ചിത്രങ്ങളുടെ ഒരു വലിയ സമാഹാരം (Citizen- Obliterated stories) പ്രദർശിപ്പിരുന്നു. എഴുത്തിൻ്റെ മാധ്യമമായ മഷി, മനുഷ്യാവസ്ഥകളുടെ സമകാലികതയെ വാക്കിൽ നിന്ന് വരകളിലേക്ക് പരിവർത്തനം ചെയ്യുന്നു. അത് പൗരത്വം എന്ന വാക്കിൽ തുടങ്ങി ഇല്ലാതാക്കപ്പെട്ട കഥകൾ എന്ന സ്ഫോട വാചകത്തിൽ തുടരുന്നു.

സാക്കിർ ഹുസൈൻ്റെ  Citizen- Obliterated stories എന്ന സീരീസിലെ ചിത്രങ്ങൾ.
സാക്കിർ ഹുസൈൻ്റെ Citizen- Obliterated stories എന്ന സീരീസിലെ ചിത്രങ്ങൾ.

പൗരത്വം എന്ന പ്രചീനമൂല്യം അതിനുപോദ്ബലകമായ ജനാധിപത്യം, മനുഷ്യാവകാശം, രാഷ്ട്രം, നീതിന്യായം എന്നിവയുമായി പാരസ്പര്യപ്പെട്ടിരിക്കുന്ന പോലെ തന്നെ ഒന്നാം കിട- രണ്ടാം കിട- മൂന്നാം കിട എന്ന വർഗ്ഗീകകരണവും, നിയോ ഫാഷിസം, സയണിസം, ജാതിരാഷ്ട്രീയം, മതഭീകരവാദം എന്നീ നാശോൻ മുഖ പ്രതിഭാസങ്ങളും അതിശക്തമായ അന്തർധാരകളാൽ പാരസ്പര്യപ്പെട്ടിരിക്കുന്നു. എല്ലാം കുഴമറിഞ്ഞുകലർന്ന് അസംബന്ധാത്മകമായ ഒരു ജനസംസ്കൃതി അതിൻ്റ ജീവനഭൂപ്രദേശങ്ങളും പരിസരങ്ങളും നിത്യ ജീവിതക്കാഴ്ചകളിൽ തന്നെ സങ്കീർണ്ണമായ കെട്ടുപിണച്ചിലുകളായി കാണപ്പെടുന്നതിൻ്റെ അനുഭവപശ്ചാത്തലത്തിൽ നിന്ന് സൃഷ്ടിച്ചെടുത്ത ചിത്രങ്ങളിലൂടെ തുടരുന്ന പ്രദർശനം.

സമകാലികമായ അതിജീവന രാഷ്ട്രീയ ബോധധാരകളോട് നേരിട്ട് സംവദിക്കുന്ന ദൃശ്യതലങ്ങൾ ചിത്രങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. മനുഷ്യരുടെ തൊണ്ടയിലും വായിലും അജ്ഞാതമായ ഏതോ കരങ്ങളാൽ ഞെരിച്ചമർത്തപ്പെടുന്ന കിളി, ഇരുകൈകളിലും പിടിയമർത്തി ഉടലിലേക്ക് സംക്രമിക്കുന്ന അപരമാം മറ്റിരുകൈയ്യുകൾ, അറിവിൻ്റെ ഇന്ദ്രിയങ്ങളായ കണ്ണിൽ നിന്നും കാതിൽ നിന്നും ബഹിരാഗമനം ചെയ്യുന്ന ദൃശ്യബിംബങ്ങൾ എനിങ്ങനെ, ചിന്തകൾ വാക്കാവുന്ന കാവ്യവൃത്തി പോലെ വാക്കും ദർശനവും ചേർന്ന് വരയുരുവാകുന്ന കലയുടെ അപൂർവ്വ ദൃശ്യാനുഭവം. കാതോർക്കേണ്ടതായ ചിലതുമുണ്ടതിൽ. ദ്രുതകാലത്തിലെ ചടുലമായ കാലപ്രമാണം, ബിംബങ്ങളിൽ നിന്നുയരുന്ന ശബ്ദങ്ങൾ, കാഹളമൂത്തുകൾ, ആർത്തനാദങ്ങൾ, പക്ഷിസ്വരങ്ങൾ.


അനേകം വിഷയങ്ങളെ കൂട്ടിയിണക്കിയും വലിച്ചു കെട്ടിയും വരച്ചുവെച്ച കാഴ്ച കൊണ്ട് തുടർന്നു പോകാവുന്ന ഒരു വലിയ പുസ്തകത്തിലെ ഏടുകൾ പോലൊരു ദൃശ്യഭാഷ. അതിൽ നിന്ന് മൂന്നേടുകൾ ഇങ്ങനെ വിവർത്തിതമാക്കി വായിക്കാം:

ഒന്ന്

നമ്മൾ നഗ്നരാക്കപ്പെട്ടിരിക്കുന്നു
ഉടലുകൾ സുതാര്യമാക്കപ്പെട്ടിരിക്കുന്നു.
തുടർന്നുകൊണ്ടേയിരിക്കുന്ന
ആഘാതങ്ങളാൽ ക്ഷതമേറ്റ്
ആന്തരികവ്യൂഹങ്ങളെ ബാധിച്ചതെല്ലാം ചിത്രബിംബങ്ങാളാകുന്നു.

ഹൃദയമൊരു കൂട്ടം ദേഹങ്ങൾ,
അതിലേക്ക്
പൊക്കിൾസ്ഥാനത്തുനിന്ന് വന്നുചേരുന്ന കുഞ്ഞിനെ മാറോടണച്ചാരോ,
ഹൃദയം ചെന്നിയിലേക്ക് ബന്ധിപ്പിക്കുന്നൊരു
കെട്ടുവള്ളി, അതിലൂടെയും അണച്ചുപിടിക്കലിൻ്റെ
ആവേഗ പ്രവേഗങ്ങൾ....
വായിലിരിക്കുന്ന കിളിയുടെ വാലോളം.

വാക്കിനെ മറികടന്നു മുഴങ്ങുന്ന
വായിലെ നാദങ്ങളിൽ നിന്ന്
ഇടം കൈയ്യിലെൻ്റെ സത്തയിരിക്കുന്നു.
അതവളുടെ ആകാരം തന്നെ. നെഞ്ചിലിരിക്കുന്നതെൻ്റെ ഒറ്റ വീടല്ല
താഴേക്ക് തലകുത്തിവീഴുന്ന
നമ്മുടെ വാസഗൃഹങ്ങൾ
ആ ഹൃദയത്തിനെൻ്റെ മുഖം അതിലേക്കുയരുന്നതെൻ്റെ
വായിലെ കിളിനാദം.

വലം കൈയ്യിലൊരപര കരത്തിൻ പിടിമുറുക്കം.\

രണ്ട്

ഈ നില കാണൂ...

സഹകരത്തിൻ അയഞ്ഞ പിടിയിലും മുന്നോട്ടായാനാവാതെ നിശ്ചലമായ നില.

വായിൽ നിന്നൊരു കെട്ടിയിട്ട നായിൻ കുര.

ശിരോക പോലത്തിനുള്ളിലേക്ക് തുറന്ന
ശൂന്യ വിശാലമായ കർണ്ണസ്ഥലി …
കണ്ണിൽ നിന്നൊരു ദൃശ്യസ്ഥലി
അവിടെ കുഞ്ഞിനെയുമെടുത്ത്
അശരണമായ ഒരു പാലായനം...
കണ്ണിൽ നിന്നൊരുപാട് ദൂരെയൊരു ഹൃദയഭൂമികയിൽ താഴേക്ക് വീഴുന്ന ...
എത്രയോ ഹൃദയങ്ങൾ ആവസിച്ച വീടുകൾ.


മൂന്ന്

കായഭാരമില്ലാത്ത നമ്മുടെ ശരീരങ്ങൾ ... വസ്ത്രങ്ങൾ.
അവയെൻ്റെ കിളിയുടലിനോട് ചേർന്നുടൽ മദ്ധ്യമായ്
തലയും, കാലും ചേർന്ന മൂന്ന് ശ്രുതിസ്വരങ്ങളായ് വിലയിച്ച് നിൽക്കുന്നതിൻ താഴെ, ഞാൻ. ആതുരതയുടെ കട്ടിലിൽ അതിജീവനത്തിൻ്റെ ഉടലുകൾ അതിലെരിയുന്നൊരു തിരിയും കട്ടിൽ. തറയ്ക്കടിയിൽ എൻ്റെ കണ്ഠനാളത്തിൻ
അറയിൽ അയഞ്ഞ
അജ്ഞാതമായ നിഴലാട്ട സാന്നിദ്ധ്യവും ചേർന്ന കഥകളാണെൻ്റെ വായിൽ.
കണ്ണിൽ ചാലിട്ടിറങ്ങിയ കാഴ്ചകൾ.
ഇരുകൈകളിലേക്കും വിരലുകളാഴ്ത്തി
കൊളുത്തി വച്ച അവരുടെ രണ്ടു കൈകൾ.

ഇടയിലെൻ്റെ നടുനെഞ്ചിൻകൂട്ടിൽ
ഒറ്റ കൊളുത്തിൽ തൂങ്ങുന്ന വീടും, പെണ്ണുടലും, മലർത്തി ഞെരിച്ചു കെട്ടിയ പോറ്റു മൃഗശരീരവും.

നിരന്തരമായ പരിശീലനത്തിൻ്റെയും ആർജിതമായ വൈജ്ഞാനികതയുടെയും കൈയ്യൊതുക്കം വന്ന വരയുടെ കൃത്യതകളെ അവഗണിക്കുന്ന കലുഷിതമായ രേഖകൾ. ജൈവശരീരങ്ങളുടെയും അതിൻ്റെ സ്ഥലവസ്തുസമുച്ചയങ്ങളുടെയും പരസ്പര ബന്ധിത രേഖാചിത്രീകരണത്തോടൊപ്പം ജൈവലോകത്തിൻ്റെ ദുരന്തങ്ങൾ, ആകുലതകൾ, ഞെരിഞ്ഞമരലുകൾ എന്ന അനേകം അവസ്ഥകളേയും പരസ്പരം ബന്ധിപ്പിക്കുന്ന ആലേഖനങ്ങൾ.

ഒറ്റനോട്ടത്തിൽ സങ്കീർണ്ണവും കലുഷിതവുമായ മഷിച്ചാർത്തുകളായി കാണപ്പെടുകയും കണ്ണിലൂടെ ദൃശ്യബോധത്തിലേക്ക് ആഴ്ന്നിറങ്ങി വ്യക്തമായും തെളിഞ്ഞുവരികയും ചെയ്യുന്ന ക്രിയാത്മകസംവേദന തലങ്ങൾ; ഇതെല്ലാം ‘പൗരത്വം- ഇല്ലാതാക്കപ്പെട്ട കഥകൾ’ എന്ന പേരിലുള്ള പ്രദർശനസമാഹാരത്തിലെ കാഴ്ചാനുഭവങ്ങളാണ്.

മനുഷ്യൻ പൗരരെന്ന നിലയിലും സങ്കീർണ്ണ പരിണാമം ഭവിച്ച ഒരു ജീവിവർഗ്ഗമെന്ന നിലയിലും പരസ്പരബന്ധിതവും സങ്കീർണ്ണവുമായ സ്വ ക്രിയാ വ്യവഹാരങ്ങളിൽ തന്നെ ഇല്ലാതാക്കപ്പെടലിൻ്റെയും, ഗുരുതരമാക്കപ്പെടലിൻ്റെയും കാലത്തെ കലകൊണ്ടുള്ള അടയാളപ്പെടുത്തലുകളാണ് ഈ ചിത്രസമാഹാരം.

സാക്കിർ ഹുസൈൻ്റെ  Citizen- Obliterated stories എന്ന സീരീസിലെ ചിത്രങ്ങൾ.
സാക്കിർ ഹുസൈൻ്റെ Citizen- Obliterated stories എന്ന സീരീസിലെ ചിത്രങ്ങൾ.

Comments