എറണാകുളം ദർബാർ ഹാളിൽ നടന്നുവരുന്ന, ഹാനൻ ബെനാമർ (ഉച്ചാരണം കൃത്യമാണോ എന്നറിയില്ല) എന്ന നോർവേ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രഞ്ച് - അൾജീരിയൻ ആർട്ടിസ്റ്റിന്റെ കലാവസ്തുക്കൾ കഴിഞ്ഞ ദിവസം കീറിയെറിഞ്ഞതായി വാർത്ത കണ്ടു. അസഭ്യം നിറഞ്ഞ വാക്കുകൾ കൊണ്ടാണ് ആ കലാവസ്തുക്കൾ നിർമ്മിക്കപ്പെട്ടത് എന്നാരോപിച്ചായിരുന്നു ആക്രമണം എന്നാണ് അറിയാൻ കഴിഞ്ഞത്.
ആ കലാപ്രദർശനം കാണാൻ കഴിയാത്ത ഒരാൾ ആയതുകൊണ്ട് വാർത്തകൾ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. പ്രകോപിക്കുന്ന തരത്തിലുള്ള വാക്കുകൾ കലാപ്രദർശനത്തിൽ അവർ ഉപയോഗിച്ചിട്ടുണ്ട്.
അടുത്തതായി, എന്താണ് അതിന്റെ സന്ദർഭം എന്ന് നോക്കിയപ്പോൾ, നോർവേയിലെ തീവ്ര വലതുപക്ഷം അവർക്കെതിരെ ഉപയോഗിച്ച തെറിവാക്കുകൾ കോർത്തിണക്കിയാണ് അവർ ആ കലാവസ്തുക്കൾ നിർവ്വഹിച്ചതെന്ന വസ്തുത മനസ്സിലായി. അങ്ങനെയെങ്കിൽ അത് തെറിയല്ല. ശക്തിമത്തായ രാഷ്ട്രീയ പ്രസ്താവനയാണ്. ‘നിങ്ങളാണത് ചെയ്തത്’ എന്ന് തീവ്ര വലതുപക്ഷത്തിന്റെ മുഖത്ത് നോക്കിപ്പറയുന്ന കലയുടെ കരുത്താണ്. മുഖത്തെറിഞ്ഞ അശ്ലീലത്തെ, അമാനവികതയെ ലോകത്തിന് മുന്നിൽവെച്ച്, നിങ്ങൾ തീരുമാനമെടുക്കൂ എന്ന് പറയുന്ന നീതിയുടെ ചോദ്യമാണ്. അത് വലിച്ചു കീറിക്കളഞ്ഞ ആർട്ടിസ്റ്റുകൾ ഈ സന്ദർഭം മനസ്സിലാക്കാതെയാണ് പ്രവർത്തിച്ചത് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. അത് തിരിച്ചറിഞ്ഞ് അവർ തെറ്റുതിരുത്തുമെന്നും.

രണ്ടേ രണ്ട് കോടതിവിധികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കലാ, സാഹിത്യ രംഗം ഞെങ്ങിഞെരുങ്ങിയാണെങ്കിൽ പോലും സ്വതന്ത്രമായി പ്രവർത്തിക്കുന്നത്.
ഒന്ന്, പെരുമാൾ മുരുകൻ കേസിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി.
രണ്ട്, എസ്. ഹരീഷിന്റെ മീശക്കേസിൽ സുപ്രീം കോടതിയുടെ വിധി.
ഇത് രണ്ടുമില്ലായിരുന്നെങ്കിൽ പഴമ്പുരാണങ്ങൾ പുതിയ ടെക്നോളജിയിൽ കുളിപ്പിച്ചെടുക്കുന്ന ബാഹുബലി പ്രഭാവം ഇന്ത്യയിലെ കലാ, സാഹിത്യ രംഗത്തെ ആകമാനം മൂടിയേനേ.
എം. എഫ്. ഹുസൈനെ ഖത്തറിലേക്കോടിച്ച ആൾക്കൂട്ട മർദ്ദനത്തിന്റെ രീതിയിലേയ്ക്ക്, കല അറിയുന്നവർ കൂറുമാറരുത്. അഭിപ്രായ വ്യത്യാസങ്ങൾ ഉറക്കെപ്പറഞ്ഞാൽ മതി. വെറുപ്പിന്റെ ഹിംസാത്മകരീതിയിലേയ്ക്ക് കഥയറിയാതെ എടുത്ത് ചാടുന്നത് അപകടകരമാണ്.
ചെയ്തവർ തെറ്റുതിരുത്തുമെന്ന് ഒരിക്കൽ കൂടി പ്രത്യാശിക്കുന്നു.
