Anoushka Mirchandani - Sage Perfume

2024-ന്റെ നിറങ്ങൾ, രൂപങ്ങൾ

ഓഖ്ലയിൽ പ്രതിവർഷ സംഭവമായി അരങ്ങേറുന്ന 'ഇന്ത്യ ആർട്ട് ഫെയറി’ൽ ഇത്തവണ ലോകത്തിലെ തൊണ്ണൂറോളം പ്രമുഖ ഗാലറികളിൽ നിന്നുള്ള ചിത്ര, ശില്പ, ഇൻസ്റ്റലേഷനുകളെത്തി. അവയുടെ കാഴ്ചകളിലൂടെ…

ൽഹിയുടെ പ്രാന്തദേശമായ ഓഖ്ലയിൽ ഒരു പ്രതിവർഷ സംഭവമായാണ് ഫെബ്രുവരിയിൽ 'ഇന്ത്യ ആർട്ട് ഫെയർ' നടക്കുക. വിദേശ, സ്വദേശ ഗാലറികളിലെ ചിത്ര, ശില്പ പ്രതിഷ്ഠാപനങ്ങൾ നാലുദിവസത്തെ ഹ്രസ്വ ദർശനത്തിന് ഇവിടെയുണ്ടാകും. ലോകത്തിലെ തൊണ്ണൂറോളം പ്രമുഖ ഗാലറികളിൽ നിന്നാണ് ഇത്തവണ അവയെത്തിയത്.

വി. രമേഷിന്റെ 'Love Stories' (കടലാസിൽ ജലച്ചായം, ഗൂയിഷ്) ചിത്രങ്ങൾ ഒരേ പ്രേമകഥയ്ക്ക് എന്നും ഒരേ ആത്മാവാണോ എന്ന് ചോദിക്കുന്നു. പ്രണയത്തെയും അതിന്റെ ഓർമകളെയും പരിണാമങ്ങളെയും ഒരു ഫ്രെയിമിലെ അടരുകളായാണ് രമേഷ് അറിയുന്നതും അനുഭവിപ്പിക്കുന്നതും.

പ്രേമകഥയിലെ നായികയും നായകനും മാറിമാറി വരുന്ന കാലങ്ങളിലൂടെ മാറി മാറി വരുന്നത് അദ്ദേഹം വരച്ചെടുക്കുന്നു. പ്രതലത്തിലെ ആദ്യ ജലച്ചായങ്ങൾക്കുമേൽ ചിത്രകാരൻ 'കഴുകൽ' എന്ന സങ്കേതം പ്രയോഗിക്കുന്നു. പിന്നെയും ചായങ്ങൾ, കഴുകലുകൾ. അങ്ങനെ ഒരേ അനുരാഗവേളയെ ഒരേ ചതുരത്തിൽ പല നിലകളാക്കുന്നു.

Love Stories- V Ramesh
Love Stories- V Ramesh

ഓർമകളെ, തലമുറകളെ അദ്ദേഹം അതിലൂടെ സഞ്ചരിപ്പിക്കുന്നു. ഒരേ പ്രണയം പല കാലത്തിലെ പല ഭാവനകളിലെ പ്രണയരസങ്ങളെ ആവാഹിച്ച് പല മൂർത്തതകളാവുന്നു. ശകുന്തളയും ദുഷ്യന്തനും മരിക്കാതെ വീണ്ടും ജനിക്കുന്നു. സുഭദ്രയും അർജ്ജുനനും രാധയും കൃഷ്ണനും സത്യവതിയും പരാശരനും ദമയന്തിയും നളനും സാവിത്രിയും സത്യവാനും പ്രണയത്തിന്റെയും വിരഹത്തിന്റെയും മരണത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യങ്ങൾ നമുക്കൊപ്പം തേടുന്നു. പ്രണയരസത്തെ വലിച്ചു കുടിക്കാൻ വേരാഴ്ത്തുന്ന മതശക്തിയെയും നാമതിൽ വായിക്കുന്നു.

അമേരിക്കൻ ഇന്ത്യാക്കാരി അനുഷ്ക മിർചന്ദാനിയുടെ പെൺകുട്ടി കയ്യോ കാലോ എടുത്ത് മേശപ്പുറത്തു വയ്ക്കുന്നത്, ഇന്ത്യാക്കാരി അമേരിക്കയിലേക്ക് അതെടുത്തു വക്കുന്നതു പോലെയാണ്.

അലസയായിരിക്കാൻ കാല് നീട്ടിവയ്ക്കുമ്പോൾ അമേരിക്കയിൽ കടന്നിരിക്കുന്ന കുടിയേറ്റക്കാരിയുടെ ആലംബവിഷയത്തെ നമുക്കു മുന്നിൽ മറയ്ക്കാൻ പെൺകുട്ടി പണിപ്പെടുന്നു.

പെണ്ണാണ് താനെന്ന് ആരോ പുറകോട്ട് വലിക്കുന്നതിനെയും അവൾക്ക് തിരിച്ചു തള്ളി കടന്നുപോകണം. പിറകിൽ എഴുന്നുനിൽക്കുന്ന സേജ് ഇലകളുടെ പരിമളത്തോടൊപ്പം അലസ വിലാസമായ ഇരിപ്പാണ് 'Sage perfume' എന്ന ചിത്രം. അത്ര ഈസിയായി പൊതുവിടത്തിൽ പെണ്ണിരിക്കണ്ട എന്ന പഴയ തലമുറയുടെ കല്പനയുടെ പുറത്തേയ്ക്കു കൂടിയാണ് അവൾ രസിച്ചു കാൽവയ്ക്കുന്നത്.

Anoushka Mirchandani - Sage Perfume
Anoushka Mirchandani - Sage Perfume

അനുഷ്കയുടെ രണ്ടാം ചിത്രത്തിൽ, ഭക്ഷണമേശയിൽ കൈ കുത്തിയിരുന്ന് കഴിക്കുന്നത് രുചിയെ താലോലിക്കാനാണ്. പക്ഷേ തന്നെ അന്യയാക്കുന്നിടത്ത് അവൾക്കും മധുരാഹാരത്തിനുമിടയിൽ ഏതോ ഘനശബ്ദത്തിന്റെ വിലക്കുണ്ടോ? Through The Sweetness, I Heard Voices (കാൻവാസിൽ ഓയിൽ, ഓയിൽ സ്റ്റിക്) എന്ന ശബ്ദം ചിത്രത്തിൽ നിന്ന് നമ്മളും കേൾക്കുന്നു. അവളുടെ ഉടലിന്റെ പാതിഭാഗങ്ങൾ സുതാര്യമാണ്. അവയിലൂടെ നമുക്ക് അവൾക്കപ്പുറം കാണാം.

Anoushka Mirchandani - Through the Sweetness, I Heard Voices 2024
Anoushka Mirchandani - Through the Sweetness, I Heard Voices 2024

ഗോളാകാരത്തെ നാം അറിയുന്നതിലെ മുറിവുകൾ തേജാ ഗവൻകർ (Sphere - ഇഷ്ടിക, സിമന്റ്, നിർമ്മാണ വസ്തുക്കൾ) ശില്പമാക്കുന്നു. ഗോളത്തിന്റെ പൂർണ്ണതയെ നാമറിയുന്നുണ്ടോ? ഗോളത്തിന്റെ ഉള്ളിനെ ജിജ്ഞാസ എങ്ങനെ തേടുന്നു? നമുക്കു ഗോളത്തെ ഗ്രഹിക്കണമെങ്കിൽ ഭാഗങ്ങളായാണോ ഒരു ഗോളരൂപത്തെ നാം ഉൾക്കൊള്ളുന്നത്? അങ്ങനെയായാൽ അത് ഗോളമാകുമോ? മുറിച്ചെടുത്ത കഷണങ്ങളുടെ അരികുകളാണോ നമുക്ക് പ്രധാനം? മുറിക്കലിന്റെ കൃത്യതയിലാണോ ശ്രദ്ധ? മുറിച്ചെടുത്താൽ അകവും പുറവും അറിയാൻ കഴിയുമോ? ഗോളത്തിൽ കഷണങ്ങളുണ്ടോ? കഷണങ്ങളിൽ ഗോളമുണ്ടോ? മുറിച്ചു പഠിച്ച തുണ്ടുകൾ ചേർത്ത് വീണ്ടും ഗോളമാക്കാൻ കഴിയുമോ? ഗോളമെന്നത് ഭൂഗോളത്തിലെ ഏതുമാകാം.

Teja Gavankar - Sphere Sphere Sphere
Teja Gavankar - Sphere Sphere Sphere

അലീഷ്യ ക്വാജ ഒരു ഗോളത്തെ കസേരയ്ക്കു കീഴിൽ അമർത്തി ശില്പം ചെയ്തിരിക്കുന്നു (Siege du Monde - പിത്തള, പച്ച മാർബിൾ). ഗോളത്തിന്റെ മുകൾഭാഗം കസേരയുടെ ഇരിപ്പ് ഭാഗത്തെ ഭംഗിയായി ഭേദിച്ച് ഇരിപ്പിടത്തെ വർത്തുളമാക്കിയിരിക്കുന്നു. ഗോളാകൃതിയെന്നാൽ ഭൂ സൂചനയാവണമെന്നില്ല.

രാജ്യങ്ങളോ കടലോ കരയോ ഒന്നും വരച്ചിട്ടുമില്ല. എങ്കിലും നാമത് കസാലയുടെ നാലുകാലതിരുകളിൽ ഭൂമിയെ ഞെരുക്കി ഭൂമിയ്ക്കു മേലാകെ ഉറച്ചിരിക്കാനുള്ള പദ്ധതിയായി കാണും. ഏകന്റെ വിസ്തൃതാധികാരം പണ്ടേ അശ്വമേധ, രാജസൂയ യാഗങ്ങളിൽ കല്പന ചെയ്തിട്ടുണ്ട്. ഏകധ്രുവ ലോകകാലത്ത് അത് നിർജ്ജീവമല്ല. എങ്കിലും ഈ ശില്പാകാരത്തിലെ ഇരിപ്പിടത്തിൽ ശില്പി അധികാര ഇരിപ്പിടത്തെ താഴെ നിന്നുകൊണ്ട് തള്ളിത്തിരുത്തുന്നതും രൂപപ്പെടുത്തുന്നു.

Alicia Kwade - Siège du Monde, 2013
Alicia Kwade - Siège du Monde, 2013

സുബോധ് ഗുപ്തയുടെ 'Fakir' ശില്പം നിർമ്മിതമായിരിക്കുന്നത് പഴയ, ഒരുപക്ഷേ ഉപയോഗം കഴിഞ്ഞ ലോഹ വീട്ടുപകരണങ്ങൾ (Found utensils) കൊണ്ടാണ്. അവയെ കുത്തനെയുള്ള രണ്ടു പഴയ ലോഹക്കാലുകളിൽ ശ്രദ്ധയോടെയുള്ള അശ്രദ്ധയോടെ കൊരുത്തു ചേർത്തതാണ് ഫക്കീർ. സൂഫികളുടെ പര്യായമാണ് ഫക്കീർ ശബ്ദം.

'ഫക്കീറി'ന്റെ ഉറവിടമായ 'ഫക്ക്ര്' എന്നാൽ അറബി ഭാഷയിൽ ദാരിദ്യമാണ്. തന്റേതായി ഒന്നുമില്ലായ്കയെ സ്വീകരിച്ചയാളാണ് ഫക്കീർ. ഇവിടെ ഫക്കീർ ശില്പം അനങ്ങി കിലുങ്ങാതെ തന്നെ മുഴക്കമുള്ള ഒരു മനുഷ്യനെ നമുക്ക് കേൾക്കാം. ശരീരത്തെ ചലിപ്പിക്കുന്ന എല്ലുറപ്പ് കാണാം. സന്യാസ സങ്കല്പങ്ങൾ കാലം ചെയ്തുവോ എന്നും ഈ പഴഞ്ചരക്ക് നിർമ്മിതിയെ നോക്കി സംശയിക്കാം.

Subodh Gupta - Fakir, 2017-2022
Subodh Gupta - Fakir, 2017-2022

ദാരിദ്ര്യത്തെ, ദരിദ്രയെ/നെ ആദർശമാക്കിയെടുക്കുക എന്നത് അധികാരത്തിലിരിക്കുന്നവർക്ക് പൊതുവെ ഇഷ്ടമാണ്. അങ്ങനെ ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ബാധ്യതയിൽ നിന്ന് അവർക്ക് ഒഴിവാകാം എന്നൊരു സൗകര്യത്തിന്റെ ചരിത്രവും വർത്തമാനവുമുണ്ട്.

സൂഫികൾക്ക്, അന്വേഷികൾക്ക് ഭാരങ്ങളൊഴിച്ച് നടക്കണം. ദാരിദ്ര്യം സ്വയം സ്വീകരിക്കാൻ താനല്ലാത്തവരെ അധികാരികൾ പ്രോത്സാഹിപ്പിക്കുന്ന തരം ദാരിദ്ര്യമല്ല അത്. രണ്ടുതരം ദാരിദ്ര്യവും സത്യമാണ്. എല്ലാ കാലത്തും ഒരു ഫക്കീറിന് ഒന്നുമില്ലാത്തവളും/നും ആരുമില്ലാത്തവളു/നുമാവേണ്ടതുണ്ട്. എല്ലാ കാലത്തും അധികാരികൾക്ക് ആ ബിംബം ഉപയോഗപ്രദവുമാണ്. രണ്ടും രണ്ടായി ചരിത്രത്തിൽ തുടർന്നേക്കും. രണ്ടായി കാണേണ്ടത് നമ്മുടെ ആവശ്യമെന്നാണോ ഉൾക്കേൾവിയിലേക്കുള്ള സുബോധ് ഗുപ്തയുടെ ഫക്കീർ പാത്രങ്ങളുടെ ആരവം?

സ്പെയിനിലെ മൂന്ന് കുഞ്ഞു പ്രദേശങ്ങൾ സാന്തിയാഗോ ഗിരാൽദ വരയ്ക്കുന്നു. അടുത്തടുത്തിരിക്കുന്ന മൂന്ന് കാൻവാസുകളുടെയും (Serac, Napa, Azabache - ലിനനിൽ ഓയിൽ) ഉള്ളിൽ പരസ്പരം പുണരുന്ന ഇലയും തണ്ടും ആകാശവും പാറയും നീരും മണ്ണും പൂവും വരയ്ക്കാത്ത ഹൃദയവും ഓരോന്നായി ഒറ്റനോട്ടത്തിൽ ഒരുപോലെ.

Santiago Giralda - Napa 2024
Santiago Giralda - Napa 2024

എന്നാൽ ഒരേ ഇല ഓരോ ദേശചിത്രത്തിലും ഓരോ ഇലയാവുന്നു. ഒരേ ബിംബങ്ങളുള്ള മൂന്ന് ദേശങ്ങൾ മൂന്ന് ഭിന്ന ദേശങ്ങളായി പ്രവർത്തിക്കുന്നു. മൂന്ന് ഋതുക്കൾ. മൂന്ന് ക്രമങ്ങൾ. മൂന്ന് നിറച്ചേർച്ചകൾ. ഒരേ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന മൂന്ന് ദേശങ്ങൾ ഗിരാൽദോയ്ക്ക് എത്ര വ്യതിരിക്തമാണെന്നതേക്കാൾ നമ്മൾ കണ്ട, കാണുന്ന ഓരോ ഇലയും പൂവും നമുക്കെത്ര പ്രധാനമാണെന്ന് അവ പറയുന്നുണ്ട്

Santiago Giralda - Azabazhe 2024
Santiago Giralda - Azabazhe 2024

വെള്ളത്തോളം മനസ്സിൽ ഓളമുണ്ടാക്കുന്നവ കുറവാകും. ഗർഭപാത്ര ജലത്തോളമോ ജീവന്റെ ഒരു പ്രഥമ ബിന്ദുവോളമോ ആ ഓളങ്ങൾ ചെന്നു തൊട്ടേക്കാം. ഭൂമിയെ ചൂടാക്കി ചൂടാക്കി നമ്മൾ മുഴുവൻ വെള്ളത്തിലായി അതവസാനിക്കുകയും ചെയ്തേക്കാം.

റീന സൈനി കല്ലാട്ട് Water Footprints (ലിനനിൽ അക്രിലിക്) എന്ന് പേരിട്ട് അതടയാളപ്പെടുത്തിയിരിക്കുന്നു. ഇരിക്കുന്ന ഇടം പ്രകാരമാണ് ജലത്തിന്റെ ആകാരമെങ്കിലും മരവും മഞ്ഞലയും മഴമേഘവും മഴവില്ലും അതിന്റെ ചുവടുകൾ. നീലയുടെയും വെള്ളയുടെയും ഈ ഇളം കടും ഭേദങ്ങളിൽ നിന്ന് റീന നമ്മെ വിടുന്നില്ല. നോക്കി നടക്കാൻ ജലത്തിന്റെ കാല്പാടുകൾ നമുക്കാവശ്യമാണ്.

Teena Saini Kallat - Water Footprints
Teena Saini Kallat - Water Footprints

ബുദ്ധിയെ കുരുക്കിയിടുന്ന വടം, ഭാര്തി ഖേർ ചെയ്തു വച്ചിരിക്കുന്നു (An Irreconcilabe Duality - കോൺക്രീറ്റ്, ലോഹം, തടി). കയറിഴകൾ ചേർന്ന ഒരു വണ്ണമുള്ള വടം പോലെ വളഞ്ഞു പുളഞ്ഞിരിക്കുന്നതു കൊണ്ട് എടുത്തൊന്ന് കുടഞ്ഞാലോ എന്നു നമുക്കു തോന്നും.

എന്നാൽ അതു കോൺക്രീറ്റും ലോഹവുമാണ്, നിവരില്ല എന്ന് ഭാര്തി പറയും. പലയിഴക്കയറുകൾ എവിടെ വച്ചാണ് വടമാകുന്നത്, എവിടെയാണ് പിരിയുന്നത് എന്ന് കണ്മുന്നിലാണെങ്കിലും നമ്മൾ കണ്ടുപിടിക്കുന്നില്ല.

ഒരുപക്ഷേ ഈ പൊരുത്തപ്പെടാത്ത ഇരട്ടത്തത്തിന് ഒരേസമയം കുരുങ്ങിയ പിരിക്കയറിന്റെയും വടിവൊത്ത വടത്തിന്റെയും ഇരട്ടരൂപമല്ലേ ഒരേസമയം ഉള്ളത്?

Bharti Kher - An Irreconcilabe Duality, 2024
Bharti Kher - An Irreconcilabe Duality, 2024

റിക്കി വാസൻ രണ്ട് ആണടുക്കളകൾ (Rice and Beans I, II - കാൻവാസിൽ ഓയിൽ) പെയിന്റ് ചെയ്തിരിക്കുന്നു. അടുക്കളയിൽ ചരിത്രപരമായ ഒരു പരിചയക്കുറവ് ആണുങ്ങൾക്കുണ്ട്. അതിന്റെ ഒരു പരിഗണനയും തങ്ങൾ അർഹിക്കുന്നില്ല എന്നും അവർക്കറിയാം.

ചെറിയ സംഭ്രമത്തോടൊപ്പം യുവാക്കളായതുകൊണ്ടുള്ള ഉന്മേഷവും അവരിലുണ്ട്. അടുക്കളയിലെ വസ്തുക്കൾക്ക് അവരോടൊരു സഹഭാവമുണ്ട്. റൈസ് ആന്റ് ബീൻസ് ചിത്രത്തിൽ അവർക്കു പകരം അരിയും പയറും പാത്രങ്ങളും കാര്യങ്ങൾക്കു മുൻകയ്യെടുക്കുന്നതു പോലെ.

Ricky Vasan - Rice and Beans I & II, 2023
Ricky Vasan - Rice and Beans I & II, 2023

ഏതോ കാലത്തുള്ള ഭൂമിയെ കണ്ടുനിൽക്കുന്ന നക്ഷത്രങ്ങളുടെ വിശ്രാന്തിയെ (Tranquil Patient Stars - ഓയിൽ പെയിന്റ്, ഹെറിങ്ബോൺ ലിനനിൽ സ്വർണം, വെള്ളി ലീഫുകൾ) ഡേവിഡ് ബ്രിയാൻ സ്മിത്ത് ചിത്രമാക്കുന്നു. ഇതിനൊക്കെ മുന്നിൽ നിൽക്കാൻ കൂടിയുള്ളതാണ് ജീവിതം. ഭൂമിയുടെ ഈ അഭൗമ ചിത്രം ഭൂമിയിൽ നിന്ന് ഭൂമിയെ കാണുന്ന നമ്മൾ കാണാനിടയില്ലാത്തതാണ്.

David Brian Smith - Tranquil Patient Stars, 2024
David Brian Smith - Tranquil Patient Stars, 2024

Home Is Wherever You Are (ഡിജിറ്റൽ പ്രിന്റിനു മുകളിൽ ജലച്ചായം) എന്ന തത്വചിന്തയെ ആ പേരിൽ ചായം പൂശിയിരിക്കയാണ് രേഖ രോദ് വിത്തിയ. അതിസുന്ദരമായ വസ്തുക്കൾ, ജീവികളെയൊക്കെ യാതൊരു ക്രമവുമില്ലാതെ കാൻവാസിലൂടെ സഞ്ചരിപ്പിച്ചാണ് രേഖ ഇതു പറയുന്നത്.

ജീവനുള്ളവയടക്കമുള്ള വസ്തുക്കളുടെ അന്യോന്യലയമെന്നത് നമുക്കറിയുന്ന ഇടങ്ങളെ പറ്റി മനുഷ്യ മനസ്സ് നടത്തുന്ന ഇഷ്ട കല്പന മാത്രമെന്ന് നമുക്കു തോന്നും. നമ്മളുള്ള ഏതിടത്തും നമ്മളും അവിടവുമായി ഹാർമണിയുണ്ടാവാം.

Rekha Rodwittiya - Home Is Wherever You Are 2024
Rekha Rodwittiya - Home Is Wherever You Are 2024

ലക്ഷ്മൺ റാവു കോട്ടൂരിന്റെ പേരിടാത്ത ശില്പത്തിൽ ഒരു കുരങ്ങാണ് കഥാപാത്രം (ജി ഐ വേലിക്കമ്പി, സ്റ്റെയിൻലെസ് സ്റ്റീൽ, ഫൈബർ ഗ്ലാസ്). മുഖമാകെ മാസ്ക് വച്ച കുരങ്ങിന്റെ വാലിൽ രണ്ടു പടല പഴങ്ങൾ സംഭരിച്ചിരിക്കുന്നു.

നാളത്തേക്ക് ആഹാരം ശേഖരിച്ചു സൂക്ഷിക്കുന്നത് മനുഷ്യന്റെ മാത്രം രീതിയാണ്; തേനീച്ചയും അണ്ണാനും പോലെയുള്ള അത്യപൂർവം ജീവികളൊഴികെ. മനുഷ്യരുടെ പരപ്പിന്റെ ഒന്നാം കാരണവും മറ്റൊന്നല്ല. ഒരാൾ നാളേയ്ക്കുള്ളത് കരുതി വയ്ക്കുമ്പോൾ മറ്റൊരാളുടെ ഇന്നത്തെ ഭക്ഷണം നഷ്ടപ്പെടുന്നുണ്ടോ എന്ന് സിദ്ധാർത്ഥൻ ശങ്കപ്പെട്ടിട്ടുണ്ടാവണം.

അപ്പോഴപ്പോഴത്തെ ഭക്ഷണത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും ചിന്തയ്ക്കൊപ്പം പ്രവർത്തിക്കുകയുമാണ് മനുഷ്യേതര ജന്തുക്കളുടെ രീതി. കുരങ്ങിനെയും പിന്നെ മറ്റു വല്ലവരെയും നമ്മൾ മനുഷ്യരെ പോലെയാക്കുന്നുണ്ടോ? മനുഷ്യർക്കും മനുഷ്യ രീതികളിലേക്ക് തർജ്ജുമപ്പെടുന്നവർക്കും മാത്രമാക്കി മാറ്റുന്നുണ്ടോ നമ്മളുലകത്തെ?

Lakshman Rao Kotturu - Untitled, 2023
Lakshman Rao Kotturu - Untitled, 2023

കഥകളിയിലെ പച്ച, കത്തി, കരി, വെള്ള താടി, കറുത്ത താടി, ചുവന്ന താടി, മിനുക്ക് എന്നിവയിൽ മിനുക്കൊഴികെയുള്ള വേഷങ്ങളിൽ യേശു ഉൾപ്പെടെ പതിമൂന്നു പേരെയും വരച്ചിരിക്കുന്നു, വിവേക് വിലാസിനിയുടെ Between One Shore And Several Others - Last Supper (ആർക്കൈവൽ പെയിന്റ്, ആർക്കൈവൽ ഹാഹ്ഹെമ്യൂൾ പേപ്പർ) എന്ന ചിത്രത്തിൽ. അല്പം വിചിത്രമായത് യേശുവിന് പച്ചയോ മിനുക്കോ വേഷം അദ്ദേഹം നൽകിയിട്ടില്ല എന്നതാണ്. വിവേകിന്റെ യേശു കറുത്ത താടിയിലാണ്! പീറ്റർ, ജോൺ, ജയിംസ് എന്നീ അപ്പോസ്തലൻമാർ മാത്രമാണ് പച്ചയിൽ.

Vivek Vilasini - Between One Shore And Several Others (Last Supper), 2023
Vivek Vilasini - Between One Shore And Several Others (Last Supper), 2023

ജാമിനി റായി സ്വശൈലിയുടെ നാടോടിത്തത്തിൽ പണ്ട് ചെയ്ത മറ്റൊരിന്ത്യൻ അവസാനത്തെ അത്താഴവും വേറൊരു പ്രദർശന മുറിയിൽ കാണാം. T (TRUTH); R (TRUTH); U (TRUTH); T (TRUTH); H (TRUTH) എന്ന അക്ഷര ശില്പം അഞ്ച് ചട്ടക്കൂടുകളിലായി (ഗൺ മെറ്റൽ, തടി) ചെയ്തത് ശില്പ ഗുപ്തയാണ്.

Jamini Roy - Untitled
Jamini Roy - Untitled

വാക്കെന്ന ചിഹ്നത്തെയല്ല ഇവിടെ അപനിർമ്മിക്കുക. അർത്ഥത്തെയാണ്. ഏതു വാക്കും ഇവിടെയെടുക്കാം. എങ്കിലും റ്റ്രൂത്ത് എന്ന വാക്കാകുമ്പോൾ ഉണ്മയിലേക്ക് നേരിട്ടൊരു ടിക്കറ്റാണത്. ഒരു മാമ്പഴത്തെയും ഒരാളും മുഴുവനറിയുന്നില്ല. ഓരോരുത്തരുടെ മാമ്പഴ അറിവിലും മുഴുവൻ മാമ്പഴവുമുണ്ട് താനും. എല്ലാം റ്റ്രൂത്ത് ആണ്. എന്നാൽ എല്ലാം റ്റ്രൂത്തിന്റെ ഭാഗം മാത്രവും.

TRUTH ലെ ഓരോ അക്ഷരത്തെയും അതതിന്റെ സ്ഥാനത്ത് ഉയർത്തി നിർത്തുകയും മറ്റക്ഷരങ്ങളുടെ സ്ഥാനങ്ങൾ ഉണ്ടാവുകയും എന്നാൽ അക്ഷരങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അഞ്ച് ഫ്രെയിമുകളാണ് ശില്പം/ പ്രതിഷ്ഠാപനം. വാക്ക് പൂർത്തിയാക്കാൻ എല്ലാ അക്ഷരങ്ങളും വേണം. എന്നാൽ ഓരോ അക്ഷരത്തിലും വാക്ക് മുഴുവനുണ്ട്.

Shilpa Gupta - T (TRUTH); R (TRUTH); U (TRUTH); T (TRUTH); H (TRUTH), 2023
Shilpa Gupta - T (TRUTH); R (TRUTH); U (TRUTH); T (TRUTH); H (TRUTH), 2023

ഇതിനിടയിൽ ഒരു പക്ഷി വല്ലാതെ നമ്മളിലേക്ക് പറന്നു വീഴുന്നുണ്ട്. തയ്യിബ് മേഹ്തയുടെ (Falling Bird - കാൻവാസിൽ അക്രിലിക്) പക്ഷിയ്ക്ക് മനുഷ്യ വസ്ത്രങ്ങളാണ് ശരീരം. ആ പാവത്തിന്റെ നഖങ്ങൾ ഉള്ളിലേക്കിറങ്ങും പോലെ നമ്മളിലൊരാളായി അവളുടെ നിലവിളി നമ്മളറിയും.

Tyeb Mehta - Falling Bird, 1999
Tyeb Mehta - Falling Bird, 1999

'ഇന്ത്യ ആർട്ട് ഫെയറി'ൽ ചിത്ര, ശില്പങ്ങൾ കാണാനെത്തുക പൊതുവെ സമ്പന്നരും ഉയർന്ന ഇടത്തരം വിഭാഗങ്ങളുമാണ്. ആദ്യ രണ്ടു ദിനങ്ങളിൽ ക്ഷണിക്കപ്പെട്ടവർക്ക് (വി ഐ പികൾ എന്ന പ്രയോഗം അവിടുണ്ട്) മാത്രം പ്രവേശനം. നാലു ദിവസവും കയറി കാണാൻ 8000, മൂന്നു ദിവസത്തേക്ക് 6000, രണ്ടു ദിവസത്തേക്ക് 2000, ഒരു ദിവസത്തേക്ക് 1200 രൂപ എന്നതാണ് ടിക്കറ്റ് നിരക്ക്.

ആകെ നാലുദിവസം മാത്രമാണ് പ്രദർശനം. ലോകനിലവാരത്തിൽ ഇത്രയധികം വർക്കുകളും വലിയ സന്നാഹങ്ങളുമായൊരു പ്രദർശനം നടത്തുമ്പോൾ സാധാരണ കാഴ്ചക്കാർക്ക് കൂടി പ്രാപ്യമാക്കാൻ തോന്നാത്തതെന്തേ? രണ്ടാഴ്ചയോ ഒരു മാസമോ ഉണ്ടെങ്കിൽ ടിക്കറ്റ് നിരക്കുകൾ വളരെ കുറയ്ക്കാം. നമ്മുടെ കലാവിദ്യാർത്ഥികൾക്കു പോലും ഇവ കാണാൻ കഴിയാതെ പോകുന്നത് സങ്കടകരം. 100 രൂപയുടെയോ 150 രൂപയുടെയോ ടിക്കറ്റിൽ നാലര മാസം ആർക്കും കയറി കാണാവുന്ന നമ്മുടെ ബിനാലെയിൽ എന്നും നല്ലയാളല്ലേ? കല എല്ലാ മനുഷ്യർക്കും വേണ്ടിയാവട്ടെ.


Summary: ഓഖ്ലയിൽ പ്രതിവർഷ സംഭവമായി അരങ്ങേറുന്ന 'ഇന്ത്യ ആർട്ട് ഫെയറി’ൽ ഇത്തവണ ലോകത്തിലെ തൊണ്ണൂറോളം പ്രമുഖ ഗാലറികളിൽ നിന്നുള്ള ചിത്ര, ശില്പ, ഇൻസ്റ്റലേഷനുകളെത്തി. അവയുടെ കാഴ്ചകളിലൂടെ…


യു. അജിത്​ കുമാർ

എഴുത്തുകാരന്‍

Comments