മേഘ്ന

അന്തർലോകത്തിന്റെ ഭൂപടങ്ങൾ

മേഘ്നയുടെ ചിത്രങ്ങളിലെ ശക്തമായ ഒരു ഘടകം കോമ്പോസിഷൻ ആണ്. വളരെ സ്വാഭാവികമായി ഇമേജുകളെ ചിത്രതലത്തിൽ വിന്യസിക്കാൻ മേഘ്നക്കു കഴിയുന്നു, മാത്രമല്ല തീർത്തും നവീനവുമാണത്.

തിസാധാരണം എന്ന് കരുതാവുന്ന കറുത്ത മഷിയിൽ പേന കൊണ്ട് വരച്ച വരകൾ അസാധാരണമായ ഒരു ദൃശ്യാനുഭവമാകുന്ന മാജിക്കാണ് ആദ്യനോട്ടത്തിൽ മേഘ്നയുടെ ചിത്രങ്ങൾ നമുക്ക് നൽകുന്നത്.

മേഘ്നയുടെ ചിത്രം

ഒരുപക്ഷേ ഡൂഡിൽ (doodle art) പോലെയോ ജ്യോമതീയ (geometrical patterns) പാറ്റേണുകൾ പോലെയോ വെളുത്ത കടലാസിലെ കറുത്ത വരപ്പുകളാണ് അവ. എന്നാൽ, കുറച്ചുകൂടി സമയം ആ ചിത്രങ്ങൾക്കുമുന്നിൽ ചെലവഴിച്ചാൽ ഈ രണ്ട് കാര്യങ്ങളുമല്ലാത്ത നിഗൂഡമായ (?) ഒരു ഭാഷയിൽ വരക്കപ്പെട്ടതാണ് ആ ചിത്രങ്ങൾ എന്ന് നമുക്ക് മനസ്സിലാകും. നിഗൂഢഭാഷ എന്നു പറയാൻ കാരണം ചിത്രകലയിലെ അക്കാദമിക്ക്, ഇതര പ്രാക്ടീസുകൾക്ക് പുറത്തുനിന്നാണ് ഈ ചിത്രങ്ങൾ വരുന്നത് എന്നതുകൊണ്ടാണ്.

മേഘ്നയുടെ ചിത്രം

നമ്മൾ നിരന്തരം കാണുകയും ഇടപെടുകയും ചെയ്യുന്ന ചിത്ര- ശില്‌പ കലകൾ പ്രധാനമായും ദൃശ്യ ഭാഷ എന്ന നിലയിൽ ചരിത്രപരമായ ഒരു വികാസത്തിന്റെ ഭാഗമാണ്. സമകാലീന കല നിലനില്ക്കുന്ന കാലഘട്ടത്തിലെ വിവിധങ്ങളായ ചിന്താധാരകളെ, രാഷ്ട്രീയത്തെ, ദാർശനിക സമസ്യകളെ, ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. കലാചരിത്രത്തിന്റെ ശ്രേണിയുടെ മുന്നിലാണ് അത് നിൽക്കുന്നതും. എന്നാൽ ദൃശ്യകലയുടെ മറ്റൊരു മുഖം എന്നത് തീർത്തും വ്യക്തിപരമായ പ്രയോഗമാണ്. വ്യക്തിപരമായ അനുഭവങ്ങളുടെ ആവിഷ്ക്കാരമല്ല, മറിച്ച് ഒരു ഔഷധം പോലെ കലയെ സ്വയം അനുഭവിച്ചറിയുന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു തലമാണത്.

നസ്റീൻ മുഹമ്മദി, ജാക്സൺ പൊള്ളോക്ക്, ആഗ്നസ് മാർട്ടിൻ,

അമൂർത്ത ചിത്രകലയിലെ പല പ്രതിഭാശാലികളും ഈ വഴിയിലൂടെയാണ് സ്വയം അടയാളപ്പെടുത്തിയിട്ടുള്ളത്. ആഗ്നസ് മാർട്ടിൻ (Agnes Martin 1912-2004) എന്ന അമേരിക്കൻ അബ്സാട്രാക്റ്റ് ആർട്ടിസ്റ്റിന്റെ ചിത്രങ്ങൾ ഇത്തരത്തിലുള്ള മാധ്യമവുമായുള്ള ഇടപെടലിൽ ധ്യാനാത്മകമായി തുടരാനുള്ള അഭിനിവേശം കൊണ്ട് രചിക്കപ്പെട്ടതാണ്. വരക്കുന്ന ചിത്രത്തിന്റെ അർത്ഥതലങ്ങൾ, ത്രിമാനത തുടങ്ങിയ ദൃശ്യസാധ്യതകൾ ഒന്നും ഇവിടെ വിഷയമാകുന്നില്ല, പലപ്പോഴും നിറങ്ങൾ പോലും. പ്രവർത്തിയുടെ തുടർച്ചയും അത് നൽകുന്ന ആശ്വാസവുമാണ് രചനയുടെ പ്രേരണ. മിക്കവാറും കൃത്തിവരപ്പുകൾക്ക് സമാനമായ ഡ്രോയിങ്ങുകളും, നിറപ്രയോഗങ്ങളും, ജ്യോമതീയ രൂപങ്ങളുമാണ് ഈ സൃഷ്ടികളുടെ പൊതുവായ സാമ്യത.

Nasreen Mohammedi, Graphite and ink on paper 197/10 × 27 3/5 in | 50 × 70 cm

നസ്റീൻ മുഹമ്മദി എന്ന ഇന്ത്യൻ അമൂർത്ത ചിത്രകാരിയുടെ (Nasreen Mohammedi 1937-1990) കലയും ജീവിതവും വ്യത്യസ്തമെങ്കിലും ഇത്തരത്തിൽ സമാനതകളുള്ളതാണ്.

അമൂർത്ത ചിത്രകല (Abstract Expressionism) കാമ്പുള്ളതായി മാറുന്നത് വ്യക്തിപരമായി കലാകാരർ നേരിടുന്ന വെല്ലുവിളികളെ ( മാനസികമോ, ശാരീരികമോ എന്തുമാവാം) മറികടക്കാൻ ഈ മാധ്യമത്തെ ഉപയോഗിക്കുമ്പോഴാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന കലാവസ്തുവിന്റെ നിർമാണം സാമ്പ്രദായികരീതികളിൽ നിന്ന് വിഭിന്നമാകും. അമേരിക്കൻ അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് ചിത്രകാരനായ ജാക്സൺ പൊള്ളോക്ക് ( Jackson Pollock, 1912-1956) ഇത്തരം കലയുടെ രസതന്ത്രത്തെ കൂടുതൽ വ്യക്തമാക്കിയ ഒരാളാണ്.

Agnes Martin, Words, 1961, ink on paper mounted on canvas, 61 x 61 cm,

പറഞ്ഞുവന്നത്, ആധുനികകല എന്ന നിലയിൽ നമ്മൾ പരിചയപ്പെട്ട അമൂർത്തകല ( Abstract art) ശരിയായ അർത്ഥത്തിൽ ഒരു അക്കാദമിക്ക് പാണ്ഡിത്യ പ്രകടനം എന്ന നിലയിലല്ല, മറിച്ച് കലാകാരരുടെ ആന്തരിക സംഘർഷത്തെ ലഘൂകരിക്കുന്ന ഒരു പ്രക്രിയ കൂടിയാണ് എന്നാണ്.

ഓസ്ട്രേലിയൻ തദ്ദേശകലയുടെയും (Indigenous Art) ഇന്ത്യൻ ഗോത്രകലയായ ഗോണ്ട് ( Gond Art) തുടങ്ങി പല ഗോത്രകലകളുടെയും വിദൂരസാദ്യശ്യങ്ങൾ മേഘ്നയുടെ ചിത്രങ്ങളിൽ കാണാമെങ്കിലും അതിനുമപ്പുറം ആ ചിത്രങ്ങളെ ചിത്രകാരിയുടെ ആന്തരികലോകത്തിന്റെ ഭൂപടമായി കാണാനാണ് ( Map ) ഞാൻ ഇഷ്ടപ്പെടുന്നത്. കാരണം, ഇത്തരം ഗോത്രകലകളെ കണ്ടിട്ടോ പഠിച്ചിട്ടോ അല്ല മേഘ്ന തന്റെ കലാജീവിതം തുടങ്ങുന്നത്. വാക്കുകൾക്കോ രൂപങ്ങൾക്കോ പകരം വെക്കാൻ കഴിയാത്ത തന്റെ ആന്തരികലോകത്തെ അടയാളപ്പെടുത്താനും, ആ ലോകത്തിന്റെ ഭൂപ്രദേശങ്ങളിലൂടെ യാത്ര ചെയ്യാനുമാണ്.

ആധുനിക ന്യൂറോ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്ന സന്ത്യാഗോ റാമോണി കഹാൽ (Santiago Ramon Y Cajal) വരച്ച തലച്ചോറിലെ നാഡീകോശങ്ങളുടെ (Neuron) വിശദമായ രേഖാചിത്രങ്ങളെ എന്തെല്ലാമോ രീതിയിൽ മേഘ്നയുടെ ചിത്രങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. ക്രമവും ക്രമരഹിതവുമായ നേർത്ത വരകൾ ഇടക്ക് കൂടിച്ചേർന്ന് ചില സ്ഥലങ്ങൾ മാത്രം കറുത്ത നിറത്താൽ നിറയുന്നു. മേഘ്നയുടെ ആദ്യകാല രചനകളിൽ പക്ഷികൾ, പുഴുക്കൾ, പൂമ്പാറ്റകൾ തുടങ്ങി ചില രൂപങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കാണാം. പിന്നീടവ കൂടുതൽ അമൂർത്തമാവുകയും ഒരു ജൈവകോശത്തിന്റെ സൂഷ്മചിത്രത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ബാഹ്യരൂപത്തെ അവ്യവസ്ഥയാക്കുകയും ചെയ്യുന്നു.

സന്ത്യാഗോ റാമോണി കഹാൽ വരച്ച തലച്ചോറിലെ നാഡീകോശങ്ങളുടെ രേഖാചിത്രങ്ങൾ

ടെക്സ്റ്റയിൽ ഡിസൈൻ, പഴയ മൊബൈൽ ഗെയിമുകൾ എന്നിവയെ ഓർമിപ്പിക്കുകയും അതേ സമയം സമർത്ഥമായ ഒരു ഡിസൈൻ ബോധത്തോടെ ഒരു സ്വതന്ത്രവായന സാദ്ധ്യമായ ചിത്രത്തിലേക്ക് ആ ഓർമകളെ മേഘ്ന വിവർത്തനം ചെയ്യുകയും ചെയ്യുന്നു.

മേഘ്നയുടെ ചിത്രം
മേഘ്നയുടെ ചിത്രം

മേഘ്നയുടെ ചിത്രങ്ങളിലെ ശക്തമായ ഒരു ഘടകം കോമ്പോസിഷൻ ആണ്. വളരെ സ്വാഭാവികമായി ഇമേജുകളെ ചിത്രതലത്തിൽ വിന്യസിക്കാൻ മേഘ്നക്കു കഴിയുന്നു, മാത്രമല്ല തീർത്തും നവീനവുമാണത്. ഗോത്രകലകളുടെയും മറ്റും സാദൃശ്യമല്ല, മറിച്ച് ആധുനിക കലയുടെ സാധ്യത തന്നെയാണ് മേഘ്ന ഇവിടെ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്നത്. കറുത്ത നിറം കൊണ്ട് വരക്കുന്ന ഈ ചിത്രങ്ങളിൽ നിറങ്ങൾ അന്വേഷിക്കാനോ ആരോപിക്കാനോ ഒരു സാദ്ധ്യതയുമില്ലാത്ത തരത്തിൽ പൂർണമാണ്.

Comments