ധന്യ എം.സി

തൊട്ടുനോക്കാൻ തോന്നുംവിധം
പരിചരിക്കപ്പെട്ട ചിത്രങ്ങൾ

ധന്യ എം.സിയുടെ കല പ്രകാശം വീഴ്ത്തുന്നത് നമ്മുടെ കാഴ്ചകൾ മനഃപൂർവം കാലങ്ങളായി അവഗണിച്ച, എഡിറ്റു ചെയ്ത് കാണുന്ന, നമ്മുടെ ജൈവപരിസരത്തെ തന്നെയാണ്.

യുക്തിയുടെയും അന്ധകാരത്തിന്റെയും കാലഘട്ടത്തിൽ ജീവിക്കുന്ന കലാപ്രവർത്തകർ  തങ്ങളുടെ മാധ്യമത്തിന്റെ ടോർച്ചടിച്ച് ലോകത്തിനെ വെളിപ്പെടുത്താറുണ്ട്. ദൃശ്യകലയിലെ ഇത്തരം ടോർച്ചടികൾ ഇറ്റാലിയൻ റിനൈസാൻസ് ( Italian Renaissance) പോലെ ലോകത്തിന്റെ കാഴ്ച്ചയെ, യുക്തിയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കലാപ്രവർത്തനം നടത്തുന്ന ഒരാൾ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഒരു നേർവരയിലൂടെ എളുപ്പത്തിൽ മറികടക്കാവുന്ന ഒരു കലാജീവിതമല്ല ഇവർ ജീവിച്ചുതീർക്കേണ്ടത്. മധ്യകാലത്തിന് സമമായ അയുക്തികളും സാംസ്ക്കാരിക മാലിന്യങ്ങളും നിരന്തരം കോരിയൊഴിക്കപ്പെടുന്ന ഇടത്തേക്ക് ഈ ഒരു ടോർച്ചിന്റെ വെളിച്ചം എത്രമേൽ ഫലപ്രദമാണ് എന്നുപോലും ചിന്തിച്ചുപോകും. എങ്കിലും സമകാലീന ലോകത്തിനെ അഭീമുഖീകരിക്കാൻ ദൃശ്യകല വ്യത്യസ്ത വഴികളിലൂടെ ശക്തിപ്പെടുന്നുണ്ട് എന്ന്  സമീപകാലത്തെ ചില കലാപ്രദർശനങ്ങൾ തെളിവാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ധന്യ എം.സിയുടെ Translucent Flakes എന്ന പ്രദർശനം തന്നെ ഉദാഹരണം.ജൈവാവസ്ഥയെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയുന്നതിന്റെ സമഗ്രതയാണ് ധന്യയുടെ ചിത്രങ്ങൾ. ആരും ഒന്ന് തൊട്ടുനോക്കാൻ തോന്നുന്ന വിധം പരിചരിക്കപ്പെട്ടതാണ് ധന്യയുടെ സൃഷ്ടികൾ. തൊടുക, തലോടുക, തൊട്ടറിയുക എന്നതൊക്കെ എത്രമേൽ ഒരു സ്ത്രീയുടെ സംവേദനതലമാണെന്ന് ഈ സൃഷ്ടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ചിത്രശലഭവും അണ്ണാറക്കണ്ണനും നിശാശലഭവും കുഞ്ഞുതവളകളുമെല്ലാം ഇവിടെ ചിത്രതലത്തിന്റെ മുഴുവൻ പ്രതലവും അപഹരിക്കുന്നു. ജൈവ രാഷ്ട്രീയത്തിനെ കലാപരമായി അടയാളപ്പെടുത്തുന്നു ഈ സൃഷ്ടികൾ. ഒരു ജീവനെ തൊട്ടറിയുന്നതും വിവരണത്താൽ അറിയുന്നതും തമ്മിലുള്ള അന്തരം, കലയുടെ പ്രയോഗത്തിന്റെ സൗന്ദര്യശാസ്ത്രപരവും ദാർശനികവുമായ  തലത്തിലൂടെ ധന്യ നമുക്ക് കാണിച്ചുതരുന്നു.

സമകാലീന കേരളീയ ചിത്രകലയിൽ പ്രകൃതി ഒരു കേന്ദ്രവിഷയമായി വരുന്നുണ്ടെങ്കിലും വളരെ അപൂർവ്വമായേ കാഴ്ച അതിന്റെ വിശദാംശങ്ങളിലേക്ക് വസ്തുനിഷ്ഠമായി കടന്നുചെല്ലുന്നുള്ളൂ. മറിച്ച് രണ്ട് രീതിയിലാണ് പ്രകൃതി ഇവിടെ പ്രധാനമായും കലാ  വിഷയമാകുന്നത്. ഒന്ന്, പ്രകൃതിയുടെ മരണമടുത്തപോലെ ദീനരോദനങ്ങളായി പ്രകൃതിസ്നേഹം കലയിൽ പ്രചാരണവേല (പോസ്റ്റർ) ചെയ്യുന്നു. പ്രകൃതി, ഭൂമി, പ്രപഞ്ചം എന്നീ വലിയ പദ്ധതികളിൽ മനുഷ്യരുടെ സ്ഥാനത്തെക്കുറിച്ച് ഒരു അവ്യക്തത അത്തരം കലാപ്രവർത്തനങ്ങളിലുണ്ടെന്ന് തോന്നുന്നു.രണ്ട്, പ്രകൃതിയെ ആരാധനയോടെ കാണുന്ന, മിസ്റ്റിക്ക്, ആത്മീയവഴികൾ. ഇത് വിശദാംശങ്ങളിൽ നിന്ന് മാറി അനുഭൂതിയുടെ തലത്തിൽ പ്രകൃതിയെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. ധന്യയുടെ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് - വരക്കപ്പെടുന്നതല്ല - ഈ രണ്ട് രീതിയിലുമല്ല. മറിച്ച് തനിക്കു ചുറ്റുമുള്ള ജൈവലോകത്തെ സൂഷ്മവും സ്പർശന സാദ്ധ്യവുമായി രൂപപ്പെടുത്തിയെടുക്കുന്ന പണിയായാണ്. 

ധന്യയുടെ കല പ്രകാശം വീഴ്ത്തുന്നത് നമ്മുടെ കാഴ്ചകൾ മനഃപൂർവം കാലങ്ങളായി അവഗണിച്ച,  എഡിറ്റു ചെയ്ത് കാണുന്ന, നമ്മുടെ ജൈവ പരിസരത്തെ തന്നെയാണ്. ഈ ചിത്രങ്ങൾ   ലോകത്തെ ശാസ്ത്രീയമായും യുക്തിഭദ്രമായും  കാണാനുള്ള പരിശീലനം കൂടിയാണ്.

Comments