താൻ ജീവിക്കുന്ന സമൂഹത്തിന്റെ അധികാര വ്യവസ്ഥകളോടും ഭാഷകളോടും നിരന്തരം കലഹിച്ചുകൊണ്ടാണ് സി.എഫ്. ജോൺ കലയിലും ജീവിതത്തിലും തുടരുന്നത്. കലാവൃത്തി എന്നത് തന്നിലേക്കും പുറത്തേക്കുമുള്ള നിരന്തര പ്രവാഹമാണ്. ജാതിയുടെയും സമ്പത്തിന്റെയും ഭാഷയുടെയും ദേശീയതയുടെയും അധികാരങ്ങൾ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിക്കുന്ന മനുഷ്യരിലാണ് ജോൺ തന്നെത്തന്നെ കാണുന്നത്.
ഓരോ രചനയിലും ഇതേ മനുഷ്യരുടെ ചോരയും കണ്ണീരും കലഹവും പോരാട്ടവും ജോൺ വരച്ചുചേർക്കുന്നു. വർണശബളമായ പൊതുനിരത്തുകളിൽ നിന്ന് ഓരങ്ങളിലേക്കും പുറമ്പോക്കുകളിലേക്കും നീക്കപ്പെടുന്ന മനുഷ്യരെപ്പോലെ ചവറ്റുകൂനകളിലേക്കും റീസൈക്കിൾ ബിന്നുകളിലേക്കു വലിച്ചെറിയപ്പെടുന്ന പദാർത്ഥങ്ങളും ജോണിനെ ആകുലപ്പെടുത്തുന്നു. പ്രകൃതിയുമായുള്ള ഗാഢമായ ബന്ധം ആണ് ഓരോ തദ്ദേശീയ സമൂഹത്തെയും നിലനിർത്തുന്നതും പരിപാലിക്കുന്നതും. പാഴ്‌വസ്തുക്കൾ എന്നത് കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലത്തുനിന്ന് പുകയുന്ന അഴുകാതെ കുമിഞ്ഞുകൂടുന്ന മാലിന്യ നഗരങ്ങളിലേക്കുള്ള വളർച്ച ആസക്തികളുടേയും അധികാരത്തിന്റേയും ഒരു മിശ്രിതത്തിൽ നിന്നാണ് നിർമിക്കപ്പെടുന്നത്. ആലപ്പുഴയിലെ വെയർ ഹൗസുകളുടെ പശ്ചാത്തലത്തിൽ ജോൺ അവതരിപ്പിച്ച segregated, discarded എന്ന രചന പുറത്താക്കപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.
വ്യക്തികളെയോ വസ്തുക്കളെയോ സവിശേഷമായ സ്വഭാവങ്ങളെ അടിസ്ഥാനമാക്കി ഇനം തിരിക്കുന്നതാണ് ‘തരം തിരിക്കൽ' (Segregation). ഇത് ഒരു രാഷ്ട്രീയ പ്രക്രിയയാണ്. സമൂഹത്തിലെ എല്ലാ മണ്ഡലങ്ങളിലും ഏറിയും കുറഞ്ഞും ഇത് പ്രവർത്തിക്കുന്നു. ജാതി, മതം, വർഗം, വർണം, ലിംഗം, ഭാഷ, തൊഴിൽ തുടങ്ങി ഓരോ നിർണയനഘടകവും പ്രവർത്തിക്കുന്നത് സാമൂഹികമായ തരംതിരിവുകൾക്കുള്ള രാഷ്ട്രീയ ഉപകരണം എന്ന നിലയിലാണ്. സമൂഹത്തിൽ പ്രവർത്തിക്കുന്ന അധികാരത്തിന്റെ മുൻ-പിൻ ഘടനയും മേൽ - കീഴ് ഘടനയും നിലനിർത്തപ്പെടുകയും ചെയ്യുന്നത് ഇത്തരം തരംതിരിവുകളുടെ അടിസ്ഥാനത്തിലാണ്.
തൊഴിൽവിഭജനവുമായി ബന്ധപ്പെട്ട് രൂപീകൃതമായ സാമൂഹിക വ്യവസ്ഥയാണ് ജാതി. തൊഴിൽ അധിഷ്ഠിതമായ ജാതിക്രമത്തിൽ അധികാരം പ്രവർത്തിക്കുന്നതോടെ തൊഴിലും അധികാരവും തമ്മിലുള്ള ബന്ധം വിപരീത അനുപാതത്തിലായിത്തീർന്നു. ശാരീരികാധ്വാനം ആവശ്യമുള്ള തൊഴിലുകളും അതിൽ ഏർപ്പെടുന്ന മനുഷ്യരും കീഴാളരായിത്തീർന്നു. ബൗദ്ധിക അധ്വാനം സാമൂഹിക ശ്രേണിയുടെ മുകൾത്തട്ടിൽ സ്ഥാനപ്പെട്ടു. അറിവും അധികാരവും തമ്മിലും ഇതേ മട്ടിലുള്ള വിപരീതബന്ധം കാണാം. പ്രായോഗിക അറിവും അറിവാളരും അധികാരഘടനക്ക് പുറത്ത്, കീഴാളരായി സ്ഥാനപ്പെട്ടു. ഗ്രന്ഥകേന്ദ്രിതമായ അഥവാ പാഠകേന്ദ്രിതമായ അറിവും അതിന്റെ പ്രയോക്താക്കളും സാമൂഹികശ്രേണിയിൽ മേൽക്കൈ നേടുകയും അധികാരം പ്രയോഗിച്ചുപോരുകയും ചെയ്തു. അറിവും അധികാരവും തൊഴിലും അധികാരവും തമ്മിൽ നിലനിൽക്കുന്ന വിപരീത ബന്ധത്തെ ഇത്തരത്തിൽ ചിത്രീകരിക്കാനാവും. സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള അധികാരത്തിന്റെ പരിധികൾക്കു പുറത്തേക്ക് ഒരു സമൂഹത്തെയും സംസ്‌കാരത്തെയും ആനയിക്കുക എന്നതാണ് സാമൂഹികമായ തരംതിരിക്കലിന്റെ ആദ്യപടി.
വർത്തമാനകാലത്ത് അധികാരകേന്ദ്രമായി പ്രവർത്തിക്കുന്നത് വിപണിയാണ്. വിപണിയുടെ മൂല്യങ്ങളും ആവശ്യങ്ങളുമാണ് പദാർഥങ്ങളുടെ മൂല്യത്തെ നിർണയിക്കുന്നത്. വിപണിയുടെ യുക്തിയിൽ ഏതൊന്നിന്റെയും മൂല്യം അതിന്റെ ഉപയുക്തതയുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുത്തുന്നത്. അധികാരം അമൂർത്തമായി നിർണയിക്കുന്നതാണ് ഈ മൂല്യം. മറ്റൊരു വിധം പറഞ്ഞാൽ വിപണി, ഉപയുക്തതയെയും മൂല്യത്തെയും കുറിച്ചുള്ള സങ്കൽപങ്ങൾ രൂപപ്പെടുത്തുകയും അതിലേക്ക് പാകമാകുന്നതിനെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയുന്നു. സ്വാഭാവികമായും ഇത്തരം അളവുകൾക്ക് പാകമാകാത്ത നൈസർഗികമായ സ്വഭാവങ്ങളും ഗുണങ്ങളും മൂല്യങ്ങളും ഉള്ളതെല്ലാം വിപണിയുടെ പുറത്ത് നിൽക്കേണ്ടി വരുന്നു.
നല്ലത്- ചീത്തത്, ആത്മം- അപരം, ശുദ്ധം- അശുദ്ധം, വിള- കള എന്നിങ്ങനെയുള്ള വിപരീത ദ്വന്ദ്വങ്ങളുടെ നിർമ്മിതിയിലൂടെയാണ് തരംതിരിക്കലിന്റെ സാമൂഹിക പ്രയോഗങ്ങൾ സാധ്യമാകുന്നത്. ഇതിൽ നല്ലത് = ശുദ്ധം = വിള =ആത്മം എന്നിങ്ങനെ സമീകരണം നടത്തുന്നു. നല്ലത് എന്ന ഗണത്തിൽ ഉൾപ്പെടുന്നവയെ സാമൂഹികമോ രാഷ്ട്രീയമോ ആയ മേലിടങ്ങളിലേക്ക് സമീകരിച്ച് നിലനിർത്തും. ചീത്തതിന്റെ ഗണത്തിൽ ഉൾപ്പെടുന്നവയെ ഓരങ്ങളിലേക്ക് അഥവാ പുറമ്പോക്കുകളിലേക്ക് മാറ്റിനിർത്തി ഇല്ലാതാക്കുകയും ചെയ്യുന്നു. കലർപ്പുകളെ ഭയക്കുകയും ഗോത്ര ശുദ്ധി നിലനിർത്തി പോരുകയും ചെയ്തു ആദിമ ഘട്ടത്തിൽ പോലും ഈ സാമൂഹിക പ്രക്രിയയുടെ വേരുകൾ കാണാം.
Segregated, Discarded എന്ന പ്രതിഷ്ഠാപനം സാമൂഹികമായ തരംതിരിക്കലിനെയും ഉന്മൂലനത്തെയും പ്രശ്‌നവൽക്കരിക്കുന്ന ഒന്നാണ്. ആലപ്പുഴയിലെ ഒരു പാണ്ടികശാലയിൽ അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രതിഷ്ഠാപനം. അഴുകിത്തുടങ്ങിയ കയറുകൊണ്ടുള്ള ഭൂവസ്ത്രത്തിന്റെ നിരവധി പാളികളും ജീർണിച്ച ചകിരിത്തുണ്ടുകളും ദ്രവിച്ചുകൊണ്ടിരിക്കുന്ന ചകിരിനാരുകളും തുടങ്ങി കയർ നിർമ്മാണവുമായി ബന്ധപ്പെട്ട് അവശിഷ്ടങ്ങൾ ആയി പുറംതള്ളുന്ന വസ്തുക്കളാണ് അസംസ്‌കൃത പദാർത്ഥങ്ങൾ എന്ന നിലയിൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഉയരമുള്ള മേൽക്കൂരയിൽനിന്ന് കീഴ്ക്കാംതൂക്കായി പല അടരുകളായി തൂക്കിയിട്ട കയർ ഭൂവസ്ത്രവും മേലാപ്പ് പോലെ വലിയ കയറിൽ കെട്ടി താഴേക്കു വീണേക്കാം എന്ന പ്രതീതിയിൽ വിന്യസിച്ചിട്ടുള്ള അഴുകിയ ചകിരിനാരുകളും അവയിൽ ഇടയ്ക്കിടെ പറ്റിപ്പിടിച്ചു കിടക്കുന്ന വവ്വാലുകളുടെ പ്രതീതി ജനിപ്പിക്കുന്ന, അഴുകിയ ചകിരിത്തൊണ്ടുകളും ചേർന്നു നിർമിക്കുന്ന സവിശേഷമായ അന്തരീക്ഷം ഈ പ്രതിഷ്ഠാപനത്തിന് ഉണ്ട്. ഈ മേലാപ്പിനു താഴെ അഴുകിത്തുടങ്ങിയ ചകിരികളുടെ ഒരു കൂമ്പാരവും ദ്രവിച്ചു തുടങ്ങിയ നാരുകളുടെ മറ്റൊരു കൂമ്പാരവും. ചകിരിത്തൊണ്ടുകൾക്കിടയിൽ നിന്ന് മുളച്ചുപൊങ്ങുന്ന തൈത്തെങ്ങ്, നാരുകൾക്കിടയിൽ തലകീഴായി കിടക്കുന്ന കസേര, ഇത്തരത്തിലാണ് ഈ പ്രതിഷ്ഠാപനം കാഴ്ചപ്പെടുന്നത്.
കയറിന്റെ ഉത്പാദനകേന്ദ്രമായി ഭൗമസൂചികാപട്ടികയിൽ ഇടം പിടിച്ചിട്ടുള്ള പ്രദേശമാണ് ആലപ്പുഴ. കയറും കയറുൽപന്നങ്ങളും വൈദേശികവും പ്രാദേശികവുമായ വിപണിമൂല്യം ഉള്ളവയാണ്. എന്നാൽ ഉൽപ്പാദന പ്രക്രിയയുടെ ഭാഗമായി പ്രദേശത്ത് ബാക്കിയാവുന്നത് ചകിരി/തൊണ്ട് അഴുകിയ മണവും അഴുക്ക് കലർന്ന കറുത്തുപോയ വെള്ളവുമാണ്. ഇതിനോടൊപ്പം നിർമ്മാണ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പണിയെടുക്കുന്ന തൊഴിലാളികൾ വിപണിയുടെയും ചരിത്രത്തിന്റെ തന്നെയും പുറത്ത് സ്ഥാനപ്പെടുന്നു. അഥവാ മേൽത്തരം കയർ ഉൽപാദിപ്പിച്ച് കീഴാളരായിപ്പോയ ജനത കൂടിയാണ് ഈ തൊഴിലാളികൾ എന്നു കാണാം. കയറിന്റേയും അനുബന്ധവസ്തുക്കളുടെയും ഉൽപാദനസ്ഥലത്ത്, അതിൽനിന്നുമുള്ള അവശിഷ്ടങ്ങൾ മാത്രം പ്രയോജനപ്പെടുത്തി നടത്തുന്ന കലാവിഷ്‌ക്കാരം, അവശിഷ്ടങ്ങളോടൊപ്പം അകറ്റിനിർത്തപ്പെടുന്ന പുറത്താക്കപ്പെടുന്ന മനുഷ്യരെക്കൂടി ദൃശ്യപ്പെടുത്തുന്നു.
സ്വർണ നാരുകൾ വിപണിയിലേക്കും തൊണ്ടു ചീഞ്ഞ മണം മനുഷ്യരുടെ ഉടലുകളിലേക്കും വേർതിരിയുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ രചന. റാട്ടപ്പുരകളിൽ ചോര പൊടിയുന്ന കൈകളോടെ ജീവിച്ചുപോകുന്ന കയർതൊഴിലാളികളുടെ വംശ ചരിത്രത്തിലേക്കും മുറിവുകളിലേക്കും സഞ്ചരിക്കാൻ ഈ രചനക്ക് കഴിയുന്നു. ചകിരിനാരുകളും ചിരട്ടയും കൊതുമ്പും ഓലയും മടലും പഴയ കയറും ചകിരിച്ചോറും എല്ലാം സൗന്ദര്യത്തെയും വൈരൂപ്യത്തെയും കുറിച്ചുള്ള സങ്കൽപങ്ങളെ കൈയൊഴിയുന്നു. ജോണിന്റെ മിക്ക രചനകളെയും പോലെ സ്ഥല ബന്ധിതമാണ് ഈ രചനയും. ആലപ്പുഴപ്പൂഴിമണ്ണിൽ അതിന്റെ ദേശചരിത്രത്തെയും അധികാരവ്യവസ്ഥയെയും സ്പർശിച്ചുകൊണ്ടുമാത്രം, കയർ തൊഴിലാളികളുടെ ശരീരം ഓർമിച്ചുകൊണ്ടുമാത്രം, കാഴ്ച സാധ്യമാകുന്ന ഒരു രചന.
അവലംബം: സെഗ്രിഗേറ്റഡ് ഡിസ്‌കാർഡഡ്, ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത ‘ലോകമേ തറവാട്' എന്ന കലാപ്രദർശനത്തിൽ സി എഫ് ജോൺ അവതരിപ്പിച്ച പ്രതിഷ്ഠാപനം, ആലപ്പുഴ- 2021 .
അനിത തമ്പിയുടെ കവിതയിൽ നിന്ന്, ആലപ്പുഴവെള്ളം, ഡി.സി. ബുക്‌സ് കോട്ടയം- 2016.