കാനായി കുഞ്ഞിരാമൻ

കാനായി
കുഞ്ഞിരാമനോട്
'സാംസ്കാരിക' കേരളം
ചെയ്യുന്നത്

കാസർകോട് ജില്ലാ പഞ്ചായത്തിനുവേണ്ടി കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ച 'വിക്ടിംസ്', 'ഫ്രീഡം' എന്നീ ശില്പങ്ങൾ ഔപചാരികമായി അനാച്ഛാദനം ചെയ്യാൻ എത്തുമെന്ന് ഉറപ്പുനൽകിയ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പരിപാടിക്ക് എത്തിയില്ല. കാനായി തന്നെ തന്റെ ശില്പം അനാച്ഛാദനം ചെയ്തു. എൻഡോസൾഫാൻ ഇരകളുടെ ജീവിതവേദനയെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നിൽ പ്രതിഷ്ഠിക്കുന്ന ഈയൊരു കലാസൃഷ്ടിയോടു മാത്രമല്ല, കാനായി കേരളത്തിൽ നിർമിച്ച മറ്റു ശിൽപങ്ങളോടുമുള്ള തികഞ്ഞ അവഗണനയെക്കുറിച്ച് എഴുതുന്നു, പി. സുധാകരൻ.

താൻ സൃഷ്ടിച്ച ഏതെങ്കിലും ശില്പം ആരെങ്കിലും ഉദ്ഘാടനം ചെയ്യണമെന്ന് കാനായി കുഞ്ഞിരാമൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യവുമില്ല. രാഷ്ട്രീയ നേതാക്കളോടോ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരോടോ അദ്ദേഹത്തിന് പ്രത്യേക മമതയുമില്ല.

മദ്രാസിലെ പഠനവും ലണ്ടനിലെ ഉപരിപഠനവും പൂർത്തിയാക്കി കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹവുമായി നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കേവലം 29-ാം വയസ്സിലാണ് മലമ്പുഴയിൽ വിഖ്യാതമായ യക്ഷി ശില്പം ചെയ്യുന്നത്. സി.എൻ. ശ്രീകണ്ഠൻ നായരായിരുന്നു അത് ഉദ്ഘാടനം ചെയ്തത്, അല്ലാതെ രാഷ്ട്രീയ നേതാക്കളൊന്നുമല്ല.

പിന്നീട് എത്രയോ ശില്പങ്ങൾ. അവയോരോന്നും കേരളത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര ഭൂപടത്തെ തിരുത്തിയെഴുതിയവയാണ്. ഈ ശില്പങ്ങൾ കൊണ്ട് നേട്ടമുണ്ടാക്കിയത് കേരളമാണ്, കാനായിയല്ല. അത് ഇവിടെ പലരും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും. ഇതൊന്നും ആരെങ്കിലും ഉത്‌ഘാടനം ചെയ്യണമെന്ന് കാനായി ആരോടും പറഞ്ഞിട്ടില്ല.

എന്നിട്ടും കാസർകോട് ജില്ലാ പഞ്ചായത്തിനുവേണ്ടി താൻ സൃഷ്ടിച്ച 'വിക്ടിംസ്', 'ഫ്രീഡം' എന്നീ ശില്പങ്ങൾ ഔപചാരികമായി അനാച്ഛാദനം ചെയ്യണമെന്ന ജില്ലാ പഞ്ചായത്ത് അധികൃതരുടെ ആഗ്രഹത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. അതിനായി തന്റെ തട്ടകമായ തിരുവനന്തപുരത്തേക്ക് മടങ്ങാതെ, സ്വന്തം നാടായ കാസർകോട് തന്നെ മാസങ്ങളോളം താമസിക്കുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് യാത്ര ബുദ്ധിമുട്ടാണ്.

കേരളത്തിലെ ഭരണം മാറിയെങ്കിലും, ഇടതുപക്ഷം ഭരിക്കുന്ന കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആഗ്രഹിച്ചത് ഈ ശില്പം കലാഹൃദയമുള്ള മുഖ്യമന്ത്രി വി. ഡി. സതീശൻ തന്നെ ഉത്‌ഘാടനം ചെയ്യണം എന്നായിരുന്നു. അത് നടന്നില്ല. സാഹിത്യകാരരെ അഭിനന്ദിക്കാൻ ഫോണിൽ വിളിക്കുന്ന അദ്ദേഹം കാനായിയോടോ ജില്ലാ പഞ്ചായത്ത് അധികൃതരോടോ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞതായും അറിവില്ല.

അങ്ങനെ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആ ദൗത്യം ഏറ്റെടുക്കുകയും നവംബർ 13-ന് കാലത്ത് ഉത്ഘാടനത്തിനെത്താം എന്ന് സമ്മതിക്കുകയും ചെയ്തു. കാനായിക്ക് കൊടുക്കാനുള്ള പണം അതിനുമുന്നെ കൊടുക്കണം എന്നായിരുന്നു ഉപാധി എന്ന് ജില്ലാ പഞ്ചായത്ത് തന്നെ പറയുന്നു. അതവർ കൊടുക്കുകയും ചെയ്തു. അത്രയും ചരിത്രം.

നവംബർ 13-ന് രാവിലെ കാനായിയുടെ ആരാധകരും നാട്ടുകാരും കലാസ്വാദകരും കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ എത്തുമ്പോൾ അധികൃതർ വല്ലാത്ത ഒരവസ്ഥയിലായിരുന്നു. അനാച്ഛാദനം ചെയ്യാമെന്നേറ്റ സ്പീക്കർ വരില്ല.
പകരം? അവർക്കും കൃത്യമായ ഉത്തരമില്ല. കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ വരും എന്നായിരുന്നു മറുപടി.
അങ്ങനെയെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് രേഖപ്പെടുത്തിയ ശിലാഫലകം അവിടെ സ്ഥാപിക്കുന്നതിൽ അർഥമില്ലെന്നും അത് മാറ്റണമെന്നും കലാകാരന്മാർ ആവശ്യപ്പെട്ടപ്പോൾ അതിൽ ന്യായമുണ്ടെന്ന് അംഗീകരിച്ച ജില്ലാ പഞ്ചായത്ത് അധികൃതർ അതെടുത്തുമാറ്റുകയും അവസാനം കലാസ്വാദക സമൂഹത്തിന്റെ അഭ്യർത്ഥനപ്രകാരം എം.പിയെയും മറ്റുള്ളവരെയും സാക്ഷിനിർത്തി കാനായി തന്നെ നാടമുറിച്ച് തന്റെ ശില്പത്തിന്റെ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.

കാസർകോട് ജില്ലാ പഞ്ചായത്തിനുവേണ്ടി കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ച 'വിക്ടിംസ്' എന്ന ശില്പം,  എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരകളുടെ ജീവിതവേദനയെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നിൽ പ്രതിഷ്ഠിക്കുന്ന കലാസൃഷ്ടി.
കാസർകോട് ജില്ലാ പഞ്ചായത്തിനുവേണ്ടി കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ച 'വിക്ടിംസ്' എന്ന ശില്പം, എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരകളുടെ ജീവിതവേദനയെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നിൽ പ്രതിഷ്ഠിക്കുന്ന കലാസൃഷ്ടി.

അതൊരു പ്രസ്താവനയായിരുന്നു; സംശയമൊന്നുമില്ല. കേരളത്തിലെ ഭരണാധികാരികളുടെ സാംസ്കാരിക മനഃസാക്ഷിയോടുള്ള ഒരു ചോദ്യവും കൂടിയാണിത്.
18 വർഷമെടുത്ത് പൂർത്തിയാക്കിയ ഒരു ശില്പം അനാച്ഛാദനം ചെയ്യാൻ ഒരാഴ്‌ച കൂടി കാത്തിരുന്നിരുന്നെങ്കിൽ സാക്ഷാൽ മുഖ്യമന്ത്രി തന്നെ വരുമായിരുന്നു എന്ന എം.പി ഉണ്ണിത്താന്റെ പ്രസ്താവനയെ ചിരിച്ചുതള്ളാൻ അവിടെവന്നവർക്കെല്ലാം കൃത്യമായ കാരണമുണ്ടായിരുന്നു. വിളികളെല്ലാം മറുപടിയില്ലാതെ പോവുകയായിരുന്നു എന്ന് ജില്ലാ പഞ്ചായത്തും കാനായിയുമായി അടുത്ത ബന്ധമുള്ളവരും കൃത്യമായിത്തന്നെ പറഞ്ഞതാണ്.

കേരളത്തിലെ പല എഴുത്തുകാരെക്കാളും രാഷ്ട്രീയ നേതാക്കളെക്കാളും ലോകമറിയുന്ന കലാകാരനാണ് കാനായി. കണ്ണൂരുവരെ വന്ന് പലയിടത്തും തൊട്ടുനമസ്കരിച്ച് പോകുന്ന ഒരു പ്രഭൃതിയും കാഞ്ഞങ്ങാട്ട് തന്റെ വീടിന്റെ നാലയലത്ത് പോലും വന്നിട്ടില്ലെന്ന് കാനായി പറയുമ്പോൾ അതിൽ സാംസ്‌കാരിക കേരളത്തിന്റെ ചില കാപട്യങ്ങൾകൂടി വെളിപ്പെടുന്നുണ്ട്. പുതിയ സർക്കാർ വന്ന ശേഷം കാനായിയെ വന്നുകണ്ട ഒരേയൊരു മന്ത്രി സി. പി. ജോൺ മാത്രമാണ്. ജോൺ വന്നതാകാട്ടെ ഒരു മന്ത്രി എന്ന നിലയിലല്ല, കലാസ്വാദകൻ എന്ന നിലയിലാണുതാനും.

ഇടതായാലും വലതായാലും കലാകാരരെ ആദരിക്കുന്നതിനെക്കുറിച്ച് വലിയവായിൽ വർത്തമാനം പറയാൻ മലയാളികൾ മിടുക്കരാണ്. എന്നാൽ കലാസൃഷ്ടികളോടുള്ള നമ്മുടെ സമീപനം കാനായിയുടെ മറ്റു ശില്പങ്ങൾ നേരിട്ട പ്രശ്നങ്ങൾ മാത്രം നോക്കിയാൽ മനസ്സിലാവും.

തിരുവനന്തപുരത്തെ ശംഖുമുഖം കടൽത്തീരത്ത് അദ്ദേഹം ചെയ്ത 'സാഗരകന്യക' എന്ന വിഖ്യാത ശിൽപത്തിന്റെ അനുഭവം തന്നെ നോക്കുക. വിശാലമായ കടലും തീരവും മണൽപ്പരപ്പും ചുറ്റുമുള്ള പ്രകൃതിയും ചേർന്നാണ് ആ ശില്പത്തിന്റെ ദൃശ്യാനുഭവം പൂർണമാകുന്നത്. ഒരു ശില്പത്തിന്റെ പൂർണ്ണത അതിന് ചുറ്റുമുള്ള പ്രകൃതി കൂടിയാണെന്ന് വിശ്വസിക്കുന്നയാളാണ് കാനായി. എന്നാൽ സാഗരകന്യകക്ക് തൊട്ടാണ് ഇന്ത്യൻ വ്യോമസേനയുടെ ഉപയോഗശൂന്യമായ ഒരു ഹെലികോപ്റ്റർ കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുന്നത്. അതോടെ ആ ശില്പം തരുന്ന കാഴ്ചയുടെ സമഗ്രത തകർന്നു. ഈ ഹെലികോപ്റ്റർ ഒരുതരത്തിൽ കാനായി തന്റെ ശില്പത്തിലൂടെ പറഞ്ഞ രാഷ്ട്രീയത്തിനുകൂടി അടിവരയിടുന്നു. കടലിൽനിന്ന് കരയിലേക്ക് വന്നിട്ടും മലിനീകരണവും മനുഷ്യന്റെ ഇടപെടലുകളും കാരണം സ്വസ്ഥമായി ജീവിക്കാനാവാത്ത ഒരു ജലകന്യകയുടെ അവസ്ഥയാണ് ഈ ശില്പത്തിലൂടെ കാനായി ആവിഷ്കരിച്ചത്. ഇപ്പറഞ്ഞ അവസ്ഥ തന്നെയാണ് ഹെലികോപ്റ്റർ കൊണ്ടുവന്ന് സ്ഥാപിച്ചതിലൂടെ ആ ശില്പവും നേരിടുന്നത്.

കാസർകോട് ജില്ലാ പഞ്ചായത്തിനുവേണ്ടി കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ച 'ഫ്രീഡം' എന്ന ശില്പം.
കാസർകോട് ജില്ലാ പഞ്ചായത്തിനുവേണ്ടി കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ച 'ഫ്രീഡം' എന്ന ശില്പം.

അന്ന് കാനായി തന്റെ എതിർപ്പറിയിച്ചതോടെ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും ആ പ്രശ്നം അന്നത്തെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഉറപ്പിനെയെല്ലാം തൃണവൽഗണിച്ച്  ഇപ്പോഴും അങ്ങനെ തുടരുന്നു.

വേളിയിൽ കാനായി ചെയ്ത ശില്പങ്ങളുടെ കാഴ്ചയെ തകർക്കുന്നത് അവക്കിടയിലൂടെ ഓടുന്ന ടോയ് ട്രെയിനാണ്. വേളി ടൂറിസ്റ്റ് വില്ലേജിന്റെ രൂപകൽപ്പനയിൽ കനായിയുടെയും അദ്ദേഹത്തിന്റെ ശില്പങ്ങളുടെയും പങ്ക് ചെറുതല്ല, എന്നാൽ ഇവിടെയും അധികാരികളുടെ താല്പര്യം മറ്റുപലതുമായിരുന്നു.
ഇത്തരം അവഗണനകളിൽ പ്രതിഷേധിച്ചാണ് 2022-ൽ സർക്കാർ പ്രഖ്യാപിച്ച ആദ്യ കേരള ശ്രീ പുരസ്കാരം സ്വീകരിക്കാൻ കാനായി വിസമ്മതിച്ചത്. ഒരു പുരസ്കാരം ലഭിക്കുന്നതിൽ സന്തോഷിക്കേണ്ട കലാകാരൻ, സ്വന്തം സൃഷ്ടികൾ നശിപ്പിക്കപ്പെടുകയും അവ സംരക്ഷിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ അതേ സർക്കാരിന്റെ പുരസ്കാരം സ്വീകരിക്കാൻ മനസ്സില്ലെന്ന് തുറന്നുപറയേണ്ടിവന്നു. അതൊരു ചെറിയ പ്രതിഷേധമായിരുന്നില്ല. കലാകാരന്റെ ആത്മാഭിമാനത്തിൽനിന്നുണ്ടായ ശക്തമായ നിലപാടായിരുന്നു.

കാനായിയുടെ 'വിക്ടിംസ്' കേവലമൊരു ശിൽപമല്ല. എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരകളുടെ ജീവിതവേദനയെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നിൽ പ്രതിഷ്ഠിക്കുന്ന കലാസൃഷ്ടിയാണത്.

ഇന്ന്, കാസർഗോഡ് തന്റെ ശിൽപം ആര് അനാച്ഛാദനം ചെയ്യുന്നു എന്നതൊരു വിഷയമല്ലെന്നും കലാസൃഷ്ടി അവിടെത്തന്നെ നിൽക്കുമെന്നും കാനായി പറഞ്ഞതിനെയും ഇതുമായി ചേർത്ത് വായിക്കേണ്ടതുണ്ട്. തന്റെ വീടിന്റെ നടക്കൽ ആരും വന്നു കുമ്പിട്ടില്ലെങ്കിലും തന്റെ കലാസൃഷ്ടികൾ അവൈടെത്തന്നെ നിൽക്കുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

കണ്ണൂരിലെ പയ്യാമ്പലത്തും സ്ഥിതി വ്യത്യസ്തമല്ല. അവിടെ അദ്ദേഹം നിർമിച്ച 'അമ്മയും കുഞ്ഞും' എന്ന ശിൽപം കേരളത്തിലെ ശ്രദ്ധേയമായ പൊതുശിൽപങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്ന് അതും അവഗണനയുടെ വക്കത്താണ് എന്നുകൂടി പറഞ്ഞുവെക്കട്ടെ. തന്റെ മക്കൾ അവഗണിക്കപ്പെടുമ്പോൾ ഒരച്ഛനുണ്ടാവുന്ന വേദനയാണ് കാനായിയുടേത്. ആ മനോവേദന കേരളത്തിലെ ഭരണാധികാരികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.
തനിക്ക് നേരിടേണ്ടി വന്ന അവഗണനയുടെ മറ്റൊരു കഥയും കാനായി തന്റെ ആത്മകഥയായ 'ശിലാലിഖിത'ത്തിൽ പറയുന്നുണ്ട്.

ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ കാനായി കുഞ്ഞിരാമനെ സന്ദർശിച്ചപ്പോൾ.
ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ കാനായി കുഞ്ഞിരാമനെ സന്ദർശിച്ചപ്പോൾ.

കേരള ലളിതകലാ അക്കാദമിയുടെ നിർദേശപ്രകാരം കോൺക്രീറ്റിൽ നിർമിച്ച രാജാരവിവർമ്മ പുരസ്‌കാര ശില്പത്തിന്റെ വലിയ മാതൃക ഇപ്പോഴും തിരുവനന്തപുരത്തെ തന്റെ വാടകവീട്ടിൽ സൂക്ഷിക്കേണ്ടിവരുന്നുവെന്നാണ് അദ്ദേഹം വിഷമത്തോടെ എഴുതുന്നത്. കാനായി തന്നെയാണ് ഈ പുരസ്‌കാര ശില്പം രൂപകൽപ്പന ചെയ്തത്. എന്നാൽ അതിന് അനുയോജ്യമായൊരു പൊതുസ്ഥലം കണ്ടെത്തി സ്ഥാപിക്കാൻ അക്കാദമിക്കോ ബന്ധപ്പെട്ട സർക്കാരിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രശ്നത്തിൽ സാംസ്കാരിക മന്ത്രിക്ക് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ശില്പം അവിടെനിന്ന് മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണ് അക്കാദമി വൃത്തങ്ങൾ ഇതിന് കാരണമായി പറയുന്നത്. എന്നാൽ തിരുവനന്തപുരത്തുതന്നെ അനുയോജ്യമായ ഒരു സ്ഥലത്ത് അത് സ്ഥാപിക്കാനുള്ള നടപടിപോലും ഉണ്ടായതായി അറിവില്ല.

പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഇക്കാര്യത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല. വിഷയം അവർക്ക് അറിയാത്തതല്ല. അക്കാദമിയുടെ പുതിയ ഭരണസമിതിക്കും വിഷയം അറിയാം.
ഇവിടെ പ്രശ്നം ഒരു ശില്പം സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ അഭാവം മാത്രമല്ല. ഒരു കലാകാരൻ അക്കാദമിയുടെ നിർദേശപ്രകാരം നിർമ്മിച്ച ഒരു സൃഷ്ടിയുടെ തുടർസംരക്ഷണവും കൂടി ഇത്തരം പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന അടിസ്ഥാനബോധം പോലും ഇല്ലാതാകുന്നതാണ്. ഒരു കലാസൃഷ്ടി നിർമിക്കാൻ കലാകാരനെ സമീപിക്കുന്നവർ അതിന്റെ പൂർത്തീകരണത്തിനു ശേഷമുള്ള ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണം എന്ന് തന്നെയാണ് കാനായി പറയുന്നത്.

ഇതെഴുതുന്ന നേരത്തും എന്തുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പരിപാടിയിൽ നിന്നും വിട്ടുനിന്നു എന്നതിന് ഉത്തരമില്ല. ഭരണപരമോ രാഷ്ട്രീയപരമോ ആയ തിരക്കുകളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് ഒഴിയാനാവില്ല.

കാനായിയുടെ 'വിക്ടിംസ്' കേവലമൊരു ശിൽപമല്ല. എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരകളുടെ ജീവിതവേദനയെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നിൽ പ്രതിഷ്ഠിക്കുന്ന കലാസൃഷ്ടിയാണത്. ക്യൂബിസ്റ്റ് മാതൃകയിൽ ഏകദേശം 40 അടി ഉയരത്തിൽ ചെയ്ത ഈ ശിൽപത്തിൽ അമ്മയെ മുറുകെപ്പിടിച്ചുനിൽക്കുന്ന രണ്ടു കുട്ടികളെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ദുരന്തം തകർത്ത ഒരു കുടുംബത്തിന്റെ നിസ്സഹായതയും വേദനയും ആ രൂപങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ശിൽപത്തിലെ അമ്മയുടെ മുഖം ജില്ലാ പഞ്ചായത്ത് ഓഫീസിനു നേരെയാണ് തിരിഞ്ഞിരിക്കുന്നത്. അതിന് പ്രത്യേകമായൊരു അർഥമുണ്ടെന്ന് കാനായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സഹായത്തിനായി ആ അമ്മ നോക്കുന്നത് പൊതുജനങ്ങളെയല്ല, ഭരണകൂടത്തെയാണ്. ദുരന്തബാധിതരുടെ നിലവിളി അധികാരികളുടെ ചെവികളിലാണ് എത്തേണ്ടത്. അതുകൊണ്ടാണ് ശിൽപത്തിന്റെ മുഖം ഭരണസംവിധാനത്തിനു നേരെ തിരിച്ചത്.

കാനായി കുഞ്ഞിരാമന്റെ ശില്പം ‘വിക്ടിംസ്’ കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ കാനായി കുഞ്ഞിരാമൻ നാടമുറിച്ച് തന്റെ ശില്പത്തിന്റെ അനാച്ഛാദനം നിർവഹിക്കുന്നു.
കാനായി കുഞ്ഞിരാമന്റെ ശില്പം ‘വിക്ടിംസ്’ കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ കാനായി കുഞ്ഞിരാമൻ നാടമുറിച്ച് തന്റെ ശില്പത്തിന്റെ അനാച്ഛാദനം നിർവഹിക്കുന്നു.

എന്നാൽ ആ ശിൽപത്തിന്റെ അനാച്ഛാദനച്ചടങ്ങിൽതന്നെ അധികാരികളുടെ അസാന്നിധ്യത്തെച്ചൊല്ലി പ്രതിഷേധിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടായത് എന്തൊരു വൈരുധ്യമാണ്! അധികാരികളുടെ ശ്രദ്ധ തേടി നിൽക്കുന്ന അമ്മയുടെ ശിൽപത്തിനു മുന്നിൽ അധികാരികളുടെ അസാന്നിധ്യം വീണ്ടും ഒരു ചോദ്യമായി ഉയരുന്നു. എൻഡോസൾഫാൻ ദുരന്തബാധിതരുടെ പ്രശ്നങ്ങൾക്കു മുന്നിൽ കേരളത്തിന്റെ ഭരണസംവിധാനം ഇപ്പോഴും എത്രമാത്രം അകന്നുനിൽക്കുന്നു എന്നതിന്റെ പ്രതീകമായി ഈ സംഭവം മാറുന്നു.

ഇതെഴുതുന്ന നേരത്തും എന്തുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പരിപാടിയിൽ നിന്നും വിട്ടുനിന്നു എന്നതിന് ഉത്തരമില്ല. ഭരണപരമോ രാഷ്ട്രീയപരമോ ആയ തിരക്കുകളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് ഒഴിയാനാവില്ല. കാരണം കാനായിയുടെ ശില്പം അനാച്ഛാദനം ചെയ്യാൻ സമ്മതിച്ചിരുന്ന സ്പീക്കർ ഉച്ചക്ക് കണ്ണൂരെത്തുകയും ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഒരു ശില്പത്തിന് കൊടുക്കാൻ തന്റെ കയ്യിലില്ലാത്ത സമയം ഒരു പ്രതിമക്ക് കൊടുക്കാൻ വേണ്ടി അദ്ദേഹം കണ്ടെത്തി. ഈ വൈരുധ്യത്തിന് എന്ത് വിശദീകരണമാണുള്ളത്?

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത് തികച്ചും വ്യക്തിപരമായോ ഔദ്യോഗികമായോ കാരണങ്ങളാൽ സംഭവിക്കാം. എന്നാൽ മുൻകൂട്ടി സമ്മതിച്ച ചടങ്ങിൽനിന്ന് പിന്മാറുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കാനും സംഘാടകരോടും കാനായിയെപ്പോലുള്ള ഒരു കലാകാരനോടും അത് പറയാനുമുള്ള സാമാന്യ മര്യാദ അദ്ദേഹത്തിന്റെ ഓഫീസിനുണ്ട്. കാനായി കുഞ്ഞിരാമനെപ്പോലൊരു കലാകാരന്റെ സൃഷ്ടി അനാച്ഛാദനം ചെയ്യാൻ ഇവർക്കാർക്കും സമയമില്ല എന്നത് കാസർഗോഡിനോടുള്ള അവഗണനയായിത്തന്നെയാണ് അവിടെയുള്ള എം എൽ എ മാർ അടക്കമുള്ള ജനപ്രതിനിധികൾ കാണുന്നത്.

സാർ, കാനായി കുഞ്ഞിരാമൻ ചെയ്യുന്നത് ശിൽപമാണ്. അതിന് രൂപം നൽകാൻ വർഷങ്ങളുടെ അധ്വാനവും അനുഭവവും കലാപരമായ ഉൾക്കാഴ്ചയും വേണം. അതിനോട് പുറംതിരിഞ്ഞു നിൽക്കുന്നവർക്ക് ഇല്ലാതെ പോകുന്നതും ആ ഉൾക്കാഴ്ചയാണ്.

Comments