2010 മുതൽ കേരളം, തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലൂടെ യാത്ര ചെയ്ത് നോക്കുകുത്തികളെ വിവിധ രീതിയിൽ രേഖപ്പെടുത്തിയ കെ. ജയാനന്ദന്റെ 'കരിങ്കണ്ണാ തുറിച്ചുനോക്ക്' എന്ന കലാപദ്ധതി, നോക്കുകുത്തിയെ ലോകത്തെ ഏറ്റവും പ്രാചീനമായ പ്രതിഷ്ഠാപനകലയായി സമീപിക്കുകയും സൂക്ഷ്മമായി രേഖപ്പെടുത്തുകയും സങ്കല്പനത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.
നോക്കുകുത്തിയെ സാംസ്കാരിക ബിംബമായും മനുഷ്യൻ, പ്രകൃതി, സമയം തുടങ്ങിയവയുടെ സംയുക്തമായും ഈ കലാപദ്ധതി കണ്ടെടുക്കുന്നു. കേരളത്തിന്റെ സമൃദ്ധവും ഉണർവ്വേകുന്നതുമായ ഭൂപ്രദേശത്തിലാരംഭിച്ച് തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ തുടരുന്ന ഈ കലാപദ്ധതി നോക്കുകുത്തിയെന്ന 'നിശ്ശബ്ദ പടയാളി'യിലേക്കും അതിനു പിറകിലുള്ള വസ്തുക്കൾ, പ്രക്രിയകൾ, മിത്തുകൾ എന്നിവയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ഉൾവലിഞ്ഞ കാലഘട്ടങ്ങളിൽ നോക്കുകുത്തി അനുഭവിപ്പിച്ച സാമ്യബന്ധങ്ങളിൽ നിന്നാണ് ഈ കലാപദ്ധതി ആരംഭിക്കുന്നത്.

തുണികൊണ്ടു പൊതിഞ്ഞ വൈക്കോൽ നിറച്ച രൂപങ്ങളാണ് ഞങ്ങളുടെ നാട്ടിലെ നോക്കുകുത്തികൾ. മണ്ണിനടിയിൽ വിളയുന്ന പച്ചക്കറിയുടെ ഭാഗങ്ങൾ കൊണ്ട് കൊത്തിയെടുക്കുന്ന തലയും ചുണ്ടിൽ ഒരു പൈപ്പും അതിനുണ്ടാകും.
കേരളത്തിൽ മൺകലങ്ങൾ കൊണ്ടുണ്ടാക്കിയ തലയുള്ള നോക്കുകുത്തികളെ ഈ പ്രദർശനത്തിൽ കണ്ടു. അത് ഇവിടുത്തെ ഒരു പ്രത്യേക സ്വഭാവമാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇത് കൂടുതൽ കാലത്തേക്ക് സ്ഥിരമായി നിൽക്കുന്നതാണ്. നിർമ്മാണസാമഗ്രികളിലെ ഈ വ്യത്യാസം സാംസ്കാരികമാറ്റം കൂടിയാവുന്നു. 'കരിങ്കണ്ണ്' ഞങ്ങൾക്ക് വൈദേശികമായ വിശ്വാസമാണെങ്കിലും ഇവിടെ അത് പ്രതിദ്ധ്വനിക്കുന്നത് മറ്റൊരു രീതിയിലാണെന്ന് ഫോട്ടോഗ്രാഫുകളും വീഡിയോകളും ഉൾപ്പെടുന്ന ഈ ഇൻസ്റ്റലേഷനിൽ അനുഭവപ്പെടുന്നു.

ടെക്സ്ചർ പേപ്പറുകളിൽ മുദ്രണം ചെയ്ത ഈ കലാപ്രദർശനത്തിലെ ഫോട്ടോഗ്രാഫുകൾ ആഴത്തിലുള്ള അനുഭവമാണ് നൽകുന്നത്. സമ്പന്നമായ ഭൂപ്രദേശങ്ങളെ കാണിക്കുന്നതോടൊപ്പം മനുഷ്യന്റെ അസാന്നിദ്ധ്യം തീർക്കുന്ന ശൂന്യത വ്യക്തമാക്കുന്ന ചിത്രങ്ങൾ പല മട്ടിലുള്ള അടരുകൾ സൃഷ്ടിക്കുന്നുണ്ട്. ഈ ഫോട്ടോഗ്രാഫുകൾ മനുഷ്യന്റെ ഇടപെടലുകൾക്ക് പുറത്തുള്ള ജീവിതത്തെയും പരിസ്ഥിതിയെയും കുറിച്ച് വ്യത്യസ്തമായ ഒരു ബോധം പകരുന്നു.
ജയാനന്ദന്റെ വീഡിയോ ഇൻസ്റ്റലേഷൻ കലാപദ്ധതി മുന്നോട്ടുവെക്കുന്ന സംഭാഷണങ്ങളെ കൂടുതൽ ഗഹനമാക്കുന്നുണ്ട്. നിശ്ചലമായി നിൽക്കുന്ന നോക്കുകുത്തിയുടെ വീക്ഷണത്തെ കൂടി അവ അനുഭവിപ്പിക്കുന്നു. നായ്ക്കൾ, ആടുകൾ, തുമ്പികൾ തുടങ്ങി നിരവധി ജന്തുജാലങ്ങൾ ചുറ്റിലും നിരന്തരം ചലിക്കുന്ന ആവാസവ്യവസ്ഥയുടെ നിരീക്ഷകരുമാവുന്നുണ്ട് നോക്കുകുത്തി. നോക്കുകുത്തിയിൽ ചലനങ്ങളുണ്ടാക്കുന്ന നനുത്ത കാറ്റു പോലും ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. നോക്കുകുത്തിയുടെ ശരീരത്തിലെ അടയാളങ്ങളും, തുണിത്തരങ്ങളും മൺപാത്രവുമുൾപ്പെടുന്ന പല വസ്തുക്കളും ഈ ചലനാത്മകതയെ അടിവരയിടുന്നു. നിശ്ചലവും നിർജ്ജീവവുമായ വസ്തുവും അതിനുചുറ്റും നിലനിൽക്കുന്ന ജീവനുള്ള ലോകവും തമ്മിലുള്ള സംഘർഷം ഈ പ്രതിഷ്ഠാപനങ്ങൾ അനുഭവിപ്പിക്കുന്നു.

സമയത്തെ ചിത്രീകരിക്കുന്ന രീതിയാണ് ഈ കലാപദ്ധതിയിൽ ഏറ്റവും പ്രതിദ്ധ്വനിക്കുന്ന മറ്റൊരു സവിശേഷത. നോക്കുകുത്തി നിസ്സഹായമായി ഉറച്ചുപോകുന്ന, ചുറ്റുപാടിന്റെ മാറ്റങ്ങളിലും അതിനനുസൃതമല്ലാതെ തുടരുന്ന, സ്വാഭാവിക ലോകത്ത് നിഷ്കരുണമായി കടന്നുപോകുന്ന സമയത്തെയാണ് ഈ പ്രതിഷ്ഠാപനം പ്രധാനമായും ആവിഷ്കരിക്കുന്നത്. പ്രതിഷ്ഠാപനമൊരുക്കിയ ഇരുട്ടുമുറി നമ്മളെ കാഴ്ചയിലേക്ക് ആഴ്ന്നിറങ്ങാൻ പ്രേരിപ്പിക്കും. നിശ്ചലമായ രൂപങ്ങളെ കടന്നു പോകുമ്പോൾ നോക്കുകുത്തിയാണ് കാഴ്ചക്കാരെ സ്വന്തം വർത്തമാനം ഓർമിപ്പിക്കുന്നത്. സ്ഥലകാലങ്ങളിലൂടെയുള്ള ഈ യാത്ര ജീവിതത്തിന്റെ നൈരന്തര്യത്തെയോർമിപ്പിക്കുന്നു. കാലമേൽപ്പിക്കുന്ന പരിക്കുകൾ വകവെക്കാതെ സ്ഥിരജീവിതം തുടരുന്ന ജീവനില്ലാത്ത രൂപങ്ങളുടെ ലോകം.

പ്രതിഷ്ഠാപനത്തിന്റെ ഘടനയിൽ സൂക്ഷ്മമായി ഉൾച്ചേർക്കപ്പെട്ട ടൈംലൈൻ നോക്കുകുത്തിയും അതിൻെറ ചുറ്റുപാടുകളും തമ്മിലുള്ള ദൈർഘ്യമേറിയതും അനന്തവുമായ ബന്ധത്തെ ഓർമ്മിപ്പിക്കുന്നു. കുറച്ച് കുട്ടികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരികയും പ്രശ്നങ്ങൾ തീർക്കാൻ അവരെ സഹായിച്ചശേഷം നിശ്ചലമാവുകയും ചെയ്യുന്ന നോക്കുകുത്തി കഥാപാത്രമായ, കുട്ടിക്കാലത്ത് കണ്ട ഒരു ടി.വി ഷോ ഈ പ്രതിഷ്ഠാപനം ഓർമിപ്പിച്ചു. കുട്ടിക്കാലവുമായി ബന്ധപ്പെടുത്തിയുള്ള, വളരെ കാൽപനികമായ ഇത്തരം ഓർമ്മകൾ ലളിതമെന്ന് തോന്നുമെങ്കിലും അത്ഭുതകരമായ ഒരു അവസ്ഥയിലേക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. മനുഷ്യനും മനുഷ്യൻെറ നിർമിതികളും തമ്മിലുള്ള ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ ബന്ധത്തെക്കുറിച്ചും നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

നിശ്ചലമായ നോക്കുകുത്തിയും ചലിക്കുന്ന കാണിയും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയെന്നോണം കറുത്ത ചുമരിൽ കാഴ്ചക്കാർക്ക് വാക്കുകൾ കോറിയിടാനുള്ള അവസരം ഈ ഇരുട്ടുമുറിയിലുണ്ട്. ഈ കോറലുകൾ ജീവിതത്തെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചുമുള്ള വിചാരങ്ങളിലേക്കുപോലും നയിക്കുന്നുണ്ട്. നോക്കുകുത്തിയുടെ അനശ്വരതക്ക് വിരുദ്ധമാവുന്ന മനുഷ്യജീവിതത്തിലെ നശ്വരഭാവത്തോടാണ്, പങ്കാളിത്ത സ്വഭാവത്തിനപ്പുറം, ഈ ചുമരെഴുത്ത് എന്ന പ്രവൃത്തി സംസാരിക്കുന്നത്.

അടിസ്ഥാനപരമായി ഈ പ്രതിഷ്ഠാപനം മനുഷ്യസമാനരായി നിലകൊണ്ട്, കൃഷി നശിപ്പിക്കുന്ന പക്ഷിമൃഗാദികളെ അകറ്റി, പ്രകൃതിയിൽ നോക്കുകുത്തികൾ പ്രതീകാത്മകമായി നിർവ്വഹിക്കുന്ന രക്ഷാകർതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷങ്ങൾ, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ, ഇവയെല്ലാം കലരുന്ന വഴികൾ എന്നിവയും ആവിഷ്കരിക്കുന്നു. ഓരോ പ്രദേശത്തും ലഭ്യമായ വസ്തുക്കളിലൂടെ സൂക്ഷ്മമായി നിർമിക്കപ്പെടുന്നതിനാൽ നോക്കുകുത്തി മനുഷ്യരുടെ ലക്ഷ്യങ്ങളും നിലവിലെ ലോകവും തമ്മിലുള്ള ചേർച്ചയുടെയും ഭിന്നതയുടെയും പ്രതീകമാവുന്നു.
ഒരേസമയം ആഴ്ന്നിറങ്ങലിന്റെയും ആത്മപരിശോധനയുടെയും അനുഭവങ്ങൾ ഈ പ്രതിഷ്ഠാപനം നൽകുന്നു. കാലം, പ്രകൃതി, മനുഷ്യാവസ്ഥകൾ എന്നിവയെക്കുറിച്ച് നമ്മളെ ചിന്തിപ്പിക്കുന്നു. ഭൂതവും വർത്തമാനവും തമ്മിലുള്ള പാലം പണിയുകയും മനുഷ്യനെക്കുറിച്ചുള്ള അവബോധത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സഹനത്തിന്റെയും പ്രതിരോധത്തിന്റെയും ജാഗ്രത്തായ നോട്ടത്തിന്റെയും പ്രതീകമെന്ന നിലയിൽ നോക്കുകുത്തിയെ അന്വേഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കലാപദ്ധതിയാകുന്നു 'കരിങ്കണ്ണാ തുറിച്ച് നോക്ക്.'









All Videos documented by Pradeepkumar M
Photos documented by Sudheer Pattambi