കലാപ്രവർത്തനം നമ്മൾ മറ്റൊരു ഭാവനയിൽ കാണുന്ന നേരം

കോവിഡ് ലോകത്തുണ്ടാക്കിയിരിക്കുന്ന മാറ്റം മറ്റെല്ലാത്തിനേയുംപോലെ കലയെന്ന വ്യവഹാരത്തേയും മറ്റൊരു രീതിയിൽ കാണാൻ മനുഷ്യവംശത്തെ നിർബന്ധിക്കുന്നുണ്ട്. മനുഷ്യർക്ക് ശാരീരികമായും സാംസ്‌കാരികമായും അടുക്കുന്നതിനുള്ള സാഹചര്യങ്ങൾ സമകാലിക കലയിൽ ഉണ്ടായിരുന്നു. പാൻഡെമിക്-ഇക്കോസിസ്റ്റത്തിൽ ശാരീരികമായി കൂടി അകലം പാലിക്കേണ്ടിവരുമ്പോൾ മനുഷ്യർക്ക് കൂട്ടമായി സംവദിക്കാൻ ഡിജിറ്റൽ മാർഗങ്ങൾ കണ്ടെത്തേണ്ടിവരും. ഇനി ഇക്കാലമത്രയുമുള്ള കലയുടെ ഭൗതികശേഷിയെത്തന്നെ മറിച്ചിടുന്നവിധം ഡിജിറ്റൽ ഭാഷകളിലേക്ക് കലയുടെ ഭരണകൂടമാറ്റം നടക്കാൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധി കോവിഡിനും മുമ്പേ കോർപ്പറേറ്റ് ലോകം തുടങ്ങിവെച്ചതാണെന്ന് ലേഖിക പറയുന്നു. ഭൂരിപക്ഷം മനുഷ്യരുടെയും വൈകാരികവും ശാരീരികവുമായ ഭൗതികശേഷികൾ ഒക്കെയും പ്രതിസന്ധിയിലാകുന്ന ഈ ഘട്ടത്തിൽ എങ്ങനെയാകും പുതിയ കല നിർവചിക്കപ്പെടുകയെന്ന് പരിശോധിക്കുകയാണ് കവിത ബാലകൃഷ്ണൻ

ലോകമെങ്ങും ഇപ്പോൾ പാൻഡെമിക് - ഇക്കോസിസ്റ്റത്തെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഭാവനയുടെ മണ്ഡലമായി മനുഷ്യർക്കിടയിൽ നിലനിന്നുപോരുന്നതാണ് കല. അപ്പോൾ വംശഭാവനയിൽ ഉണ്ടാകുന്ന സമൂലമാറ്റം, കല എന്ന വ്യവഹാരത്തെത്തന്നെ മറ്റൊരു രീതിയിൽ കാണാൻ ഇന്ന് മനുഷ്യവംശത്തെ നിർബന്ധിക്കുന്നുണ്ട്.

സമീപകാലത്ത് മനുഷ്യന്റെ മറ്റു പല സാമൂഹ്യരൂപങ്ങളും പോലെ കലാപ്രവർത്തനവും ഒരു ഗ്ലോബൽ വ്യവഹാരമായി മാറുകയുണ്ടായി. വിഷ്വൽ ആർട്ട് മ്യൂസിയങ്ങളും ബിനാലെകളും രാഷ്ട്രങ്ങൾക്കു കുറുകേ മനുഷ്യരെയും ഇടങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള സാംസ്‌കാരികമായ ഒഴുക്കിന്റെ മേളനസ്ഥലങ്ങളായി. കലാകൃതികളുടെ വൻപദ്ധതികളുമായി ലോകത്തെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ ധാരാളം യാത്രകൾ ചെയ്യാൻ തുടങ്ങിയിരുന്നു. ചിലർ സാംസ്‌ക്കാരികാധികാരങ്ങളുടെ ആ പുതിയ സ്ഥാപനരൂപങ്ങളെ ആഘോഷിച്ചു. ചിലർ ചോദ്യം ചെയ്തു. പല ലക്ഷ്യങ്ങൾ വച്ചുള്ള ബഹുസംസ്‌ക്കാരങ്ങളുടെ ഒഴുക്കുണ്ടാക്കാൻ മൂലധനവിപണിക്ക് കഴിഞ്ഞു. വിഷ്വൽ ആർട്ട് മ്യൂസിയങ്ങളും ബിനാലെകളും രാഷ്ട്രങ്ങൾക്കു കുറുകേ മനുഷ്യരെയും ഇടങ്ങളെയും കൂട്ടിയിണക്കികൊണ്ടുള്ള സാംസ്‌കാരികമായ ഒഴുക്കിന്റെ മേളനസ്ഥലങ്ങളായി. വളരെ മൂർത്തമായ ഒരു "ആർക്കിടെക്‌റ്റോണിക്' ആവാസവ്യവസ്ഥയിലാണ് സമകാലിക കലയുടെ ഏറ്റവും ശ്രദ്ധേയ ഭാഷകൾ സമീപകാലത്ത് പ്രവർത്തിച്ചിട്ടുള്ളത്.

ഇപ്പോൾ ആഗോളവ്യാധികാലമായിരിക്കുന്നു. "സൂക്ഷ്മജീവികളുടെ ലോകത്തുനിന്നുള്ള വംശശത്രു'വിനെ മനുഷ്യരാശി വീണ്ടും നേരിടുന്നു. വാസ്തവത്തിൽ ഒരു സൂക്ഷ്മാണു അതിന് പെരുകാനുള്ള ഇടം കണ്ടെത്തുന്ന സ്വാഭാവിക സന്ദർഭം എന്നും കാണാം. പക്ഷേ ഇതിനോട് മനുഷ്യർ പ്രതികരിക്കുന്നത്, തീർത്തും വ്യവസ്ഥാപരമായി തങ്ങളിലേക്ക് തന്നെ സ്വയം ആട്ടിപ്പായിച്ചുകൊണ്ടാണ്. ആധുനിക കലയുടെ ചരിത്രത്തിൽ ഈ അനുഭവം പുതുമയല്ല. മനുഷ്യരുടെ സ്വാഭാവികമായ ആന്തരികതയെ തീർത്തും വ്യവസ്ഥാപരമാക്കിത്തീർക്കുന്ന ഒരു ഇടം അതിലുണ്ട്. വാസ്തവത്തിൽ പ്രശസ്തി നേടിയ മിക്ക സമകാലിക കലാപ്രദർശനങ്ങളും ഇതുവരെ പ്രാമാണികമായത് മനുഷ്യർ തമ്മിൽ മാനസികമായ അകലം ജനിപ്പിക്കുന്ന ഒട്ടനവധി വികാരങ്ങളെ ചൂഷണം ചെയ്താണ്. അപ്പോഴും മനുഷ്യർക്ക് കലയിലൂടെ ശാരീരികമായും സാംസ്‌കാരികമായും അടുക്കുന്നതിന് അനവധി കാരണങ്ങൾ കണ്ടെത്തുന്ന ഇൻസ്റ്റലെഷനുകളും അനുഭവങ്ങളുടെ ആവാസനിർമ്മാണങ്ങളും താൽക്കാലിക മ്യൂസിയങ്ങളും സമകാലിക കലയിൽ ഉണ്ടായിരുന്നു.

ഇപ്പോൾ മാനസികം മാത്രമല്ല ശാരീരികവുമായ അകലം പാലിക്കേണ്ടിവരുമ്പോൾ ഇവിടെയിനി മനുഷ്യർക്ക് കൂട്ടമായി സംവദിക്കാൻ ഡിജിറ്റൽ മാർഗ്ഗങ്ങളാണ് പുതിയതായി കൂടുതലായി കണ്ടെത്തേണ്ടിവരുന്നത്. അപ്പോൾ കല ഓൺലൈൻ ആയി പ്രദർശിപ്പിക്കേണ്ടി വരുമോ? ഈയടുത്ത് സിഡ്‌നി ബിനാലെ ഓൺലൈനിൽ ലഭ്യമായിരുന്നു.

സിഡ്‌നി ബിനാലെ ഇൻസ്റ്റലേഷൻ

വാസ്തവത്തിൽ ഭരണകൂടപരമായി അനുസരിക്കേണ്ടിവരുന്ന ഈ "അകപ്പെടലും' അതിൽനിന്ന് വിർച്ച്വൽ ആയി നടത്തുന്ന ഭാവനാത്മക പുറത്തുചാട്ടവും പലർക്കും അത്ര അപരിചിതമല്ല. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടലും, വീട്ടിലകപ്പെടലുമൊക്കെ ഒരു പുതുമയല്ലാത്ത പെൺകുട്ടി ജീവിതങ്ങൾക്കും സ്ത്രീകൾക്കും ഡിജിറ്റൽ വൈദഗ്ധ്യങ്ങളിൽ ഏറ്റവും പുതിയ ഒരു ജീവിത സാധ്യത പരീക്ഷിക്കുന്നതിലെ ഉത്സാഹം നിറച്ചിട്ടുണ്ട്. പുഷ്പമാല, നളിനി മലാനി തുടങ്ങി

പുഷ്പമാല

നവ കലാസ്ഥാപന മാതൃകകളിൽ പ്രവർത്തിക്കുന്ന കലാകാരികൾ മിക്കവരും ഡിജിറ്റൽ - വിർച്ച്വൽ അനുഭവങ്ങളെ കലയുടെ മണ്ഡലത്തിലേക്ക് കടത്തിവിട്ടവരാണ്. വലിയൊരു വിമോചനസ്വഭാവവും അനിർവ്വചനീയതയും ഡിജിറ്റൽ മാധ്യമങ്ങൾക്കുണ്ട്. അത് ഉപകരണങ്ങൾ കയ്യിലുള്ള ആർക്കും സ്വയം പ്രസാധനസ്വാതന്ത്ര്യം കൊടുക്കുന്നു. ഒരേ സമയം രഹസ്യത്തിന്റെയും പരസ്യത്തിന്റെയും നൂലുകളിൽ നടത്തിക്കുന്നു.

സാധാരണമായിക്കൊണ്ടിരിക്കുന്ന വീഡിയോ ആർട്ടും

നളിനി മലാനി

സോഷ്യൽ മീഡിയയിലെ ഇന്ററാക്ടീവ് പ്രോജക്ടുകളും മുതൽ ഇന്നത്ര വ്യാപകമല്ലാത്ത റോബോട്ടിക്‌സും മെഷീൻ ലേണിംഗും വരെ ഇന്ന് കലയിൽ പുതിയ സങ്കേത പരീക്ഷണങ്ങളുടെ ഉണർവ്വുണ്ടാക്കിയിട്ടുണ്ട്. ഇവയിൽ ചിലതിനു വേണ്ടതായ സാങ്കേതിക പരിശീലനം ലോകത്തെ കലാവിദ്യാഭ്യാസ രംഗത്തു‌പോലും എളുപ്പത്തിൽ പ്രാപ്യമല്ല. ലോകത്ത് ബഹുഭൂരിപക്ഷത്തിനും ഈ മീഡിയങ്ങൾ കലയിൽ ഉപയോഗിക്കാൻ പ്രാപ്യമല്ലാതിരിക്കുന്നു എന്ന പ്രശ്‌നമുണ്ട്.

ഇത് വൈറസ് ആദ്യമായി കൊണ്ടുവന്ന പ്രതിസന്ധിയല്ല. കോർപ്പറേറ്റ് ലോകം ഇത് മുൻപേ തുടങ്ങിവച്ചതാണ്. നോട്ട്‌നിരോധനം അത്തരത്തിലൊന്നായിരുന്നു.

എങ്കിലും കലയിൽ ഇക്കാലം വരെ അതൊരു അനിവാര്യതയല്ലായിരുന്നു. ഇനി ഇക്കാലമത്രയുമുള്ള കലയുടെ ഭൗതികശേഷിയെത്തന്നെ മറിച്ചിടുന്നവിധം ഡിജിറ്റൽ ഭാഷകളിലേക്ക് കലയുടെ ഭരണകൂടമാറ്റം നടക്കാൻ സാധ്യതയുണ്ട്. ഒരു വിർച്വൽ ലോകത്തിന്റെ മേധാവിത്തമാണ് ജീവിതത്തിലും കലയിലും ഉണ്ടായേക്കുക. യാർവീസ് എന്ന് പേരുള്ള ഒരു റോബോട്ട് ആണ് 2022ലെ ബുക്കാറസ്റ്റ് ബിനാലെയുടെ മുഖ്യ ക്യൂറേറ്റർ. "ലോകത്തുള്ള യുണിവേഴ്‌സിറ്റികളുടെയും ഗ്യാലറികളുടെയും കലാകേന്ദ്രങ്ങളുടെയും ഡാറ്റാബേസിൽനിന്നും ആഴത്തിൽ പഠിച്ച്' യാർവീസ് ഈ ബിനാലെക്കുവേണ്ട ആർട്ടിസ്റ്റുകളെ തെരഞ്ഞെടുക്കും. ഒരു "വിർച്വൽ റിയാലിറ്റി ഹെഡ് സെറ്റ്' കയ്യിലുള്ള ആർക്കും എവിടെനിന്നും ഈ ബിനാലെ കാണാം. ഒരു യന്ത്രാധിഷ്ഠിത തൊഴിൽ മേഖലയാകാൻ ഏറ്റവും പ്രയാസമുള്ളതെന്നു കരുതപ്പെട്ടിരുന്ന കലയുടെ മേഖലയും ആ ധാരണകളെ തിരുത്തുന്നു. ഇതെല്ലാം ഡിജിറ്റൽ വിനിമയങ്ങളെ പുതിയ സാമൂഹികാധികാരരൂപമാക്കുന്നതിന്റെ സൂചനയാണ്. മനുഷ്യരുടെ ലോകത്തെ സർഗ്ഗാത്മകത എന്ന അനുഭവത്തെ യന്ത്രാനുഭവം കൊണ്ട് മറിച്ചിടുന്നു.

നളിനി മലാനി ഇൻസ്റ്റലേഷൻ

ഇത് വൈറസ് ആദ്യമായി കൊണ്ടുവന്ന പ്രതിസന്ധിയല്ല. കോർപ്പറേറ്റ് ലോകം ഇത് മുൻപേ തുടങ്ങിവച്ചതാണ്. നോട്ട്‌നിരോധനം അത്തരത്തിലൊന്നായിരുന്നു. മാസ്റ്റർകാർഡ്, വിസ തുടങ്ങിയ പണവിനിമയ കോർപ്പറേറ്റ് ഉൽപ്പന്നങ്ങളുടെ വിപണി വലുതാക്കാനുള്ള ശ്രമമായി നോട്ടുനിരോധനത്തെ കാണുന്നവരുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിൽ മോഡി ഭരണകൂടം ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സാമ്പത്തികവിനിമയോപാധിയായ നോട്ടിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇത് തന്നെയാണ് രാജ്യത്ത് ലോക്ക്ഡൗൺ
പ്രഖ്യാപിച്ചതിന്റെ ശൈലിയും എന്നത് യാദൃശ്ചികമല്ല. "രാഷ്ട്രീയാധികാരമുപയോഗിച്ച് പണത്തിന്റെ പദാർത്ഥ വിനിമയത്തെ മൂല്യരഹിതമാക്കുക, കാഷ്‌ലെസ് ഇക്കോണമി എന്ന പേരിൽ ഭൂരിപക്ഷത്തിനും പ്രാപ്യമല്ലാത്ത അത്ഭുതവിദ്യ കൊണ്ട് പണത്തെ പ്രവർത്തിപ്പിക്കുക, ഡിജിറ്റൽ വിനിമയത്തെ മൂല്യവത്താക്കുക' എന്നതാണ് നോട്ടുനിരോധനത്തിനു പിന്നിലെ ആശയം. ഏതാണ്ട് ഇതേപോലെത്തന്നെയാണ് വിർച്വൽ അനുഭവലോകം ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ശക്തമായ സാമൂഹികാധികാരരൂപമാകുന്നത്.

ഭൂരിപക്ഷം മനുഷ്യരുടെയും വൈകാരികവും ശാരീരികവുമായ ഭൗതികശേഷികൾ ഒക്കെയും പ്രതിസന്ധിയിലാകുന്ന ഈ ഘട്ടത്തിൽ എങ്ങനെയാകും പുതിയ കല നിർവ്വചിക്കപ്പെടുക? പെയിന്റിങ്, ശിൽപ്പകല തുടങ്ങിയ ഗതകാല കലാരൂപമാതൃകകളിൽത്തന്നെ അവയിലെ മനുഷ്യാദ്ധ്വാനരൂപങ്ങൾ പലതും അപ്രസക്തമാക്കുന്ന ഒരു മൂല്യബോധം കഴിഞ്ഞ കുറച്ച് ദശകങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. കലാകൃതികൾ എന്ന നിലയിലുള്ള നിർമ്മാണശേഷിയല്ല, ആശയങ്ങളുടെ പാഠാന്തരജാലത്തിനുള്ളിൽ ഓരോ കൃതിയും എങ്ങനെ പെടുന്നു എന്നതാണ് ചിത്രകലയെയും ശില്പകലയെയും ഒക്കെ സമീപകാലത്ത് "സമകാലിക മൂല്യം' ഉള്ളതാക്കിയത്.

ഒട്ടധികം മേഖലകളിൽ കൃത്രിമബുദ്ധിയും ഓട്ടോമേഷനും കൊണ്ട് മനുഷ്യരാശിയുടെ തന്നെ നിർമ്മാണശേഷി അപ്രസക്തമാക്കപ്പെടുന്നു. ലോകമാസകലം "ബുൾഷിറ്റ് ജോബ്‌സ്' സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് അദ്ധ്വാനിക്കുന്ന മനുഷ്യരെയെന്നപോലെത്തന്നെ അവരുടെ ചിത്ര-ശിൽപ്പ കലാരൂപങ്ങളെയും കൂടുതൽ ചാരം പൂണ്ട ചവറായി മാറ്റുമോ ഈ രംഗത്തെ ഡിജിറ്റൽ ഭരണകൂടമാറ്റത്തിൽ? കലയിൽ "ന്യൂ നോർമൽ' അല്ല, "ന്യൂ കട്ടിങ് എഡ്ജ്' ആണ് ഉണ്ടാകുക. മുന്തിയ കലാലോകത്ത് ഇനി പുലരാൻ പോകുന്നത് മെഷീൻ ഭാഷകൾ മാത്രമായേക്കാം.

അനുഭൂതികളുടെ ലോകം പലതായി പിരിഞ്ഞിരിക്കുന്നു. ജീവലോകം, മനുഷ്യലോകം, മനുഷ്യനിർമ്മിതമെങ്കിലും നിർമ്മാതാവിൽ നിന്ന് ഏറെക്കുറെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ശേഷിയുള്ള യന്ത്രലോകം എന്നിങ്ങനെ. ഇതെല്ലാം പരസ്പരം ഇടപെട്ട് മൂല്യങ്ങളെ അവിചാരിതമാക്കുന്ന കാലം ഉണ്ടായിരിക്കുന്നു. മനുഷ്യലോകത്തിന്റെ "കല' എന്ന മൂല്യമണ്ഡലത്തിൽനിന്ന് നോക്കുമ്പോൾ മാനുഷികമായ അനുഭൂതികൾക്കായല്ലാതെ മനുഷ്യന്റെ കലാബോധത്തിൽ മെഷീൻ ലേണിങ്ങിന് പ്രസക്തിയില്ല.

വംശീയത, മാരകരോഗങ്ങൾ, യുദ്ധവും കാലാവസ്ഥാപ്രതിസന്ധികളും നിർമ്മിച്ചുവിടുന്ന അഭ്യാർത്ഥിപ്രവാഹം തുടങ്ങിയ പ്രതിസന്ധികൾ സമകാലിക കലയ്ക്ക് ഒരർത്ഥത്തിൽ ഇന്ന് ഭക്ഷണമാണ്.

പൊതുവെ പറയുന്ന മർമ്മപ്രധാനമായ ഒരു കാര്യം, കലയ്ക്ക് പൊതുവെയും സമകാലികകലയ്ക്ക് പ്രത്യേകിച്ചും, പ്രതിസന്ധികൾ വളമാണ് എന്നതാണ്. കാപ്പിറ്റലിസത്തിന്റെ ക്രോണിക് വളർച്ചയിൽ ലോകമാസകലം സമകാലിക കല "അസഹ്യസൗന്ദര്യങ്ങളുടെ' പിറവിപ്പഴുതുകൾ നിർമ്മിച്ചിരുന്നു. മിക്ക സമകാലിക കലയുടെയും സ്മാരക വലുപ്പത്തിലും അസാമാന്യതയിലും ഏതു കാഴ്ചക്കാരും അത്ഭുതപ്പെട്ടുനിന്നുപോകും. വംശീയത, മാരകരോഗങ്ങൾ, യുദ്ധവും കാലാവസ്ഥാപ്രതിസന്ധികളും നിർമ്മിച്ചുവിടുന്ന അഭയാർത്ഥിപ്രവാഹം തുടങ്ങിയ പ്രതിസന്ധികൾ സമകാലിക കലയ്ക്ക് ഒരർത്ഥത്തിൽ ഇന്ന് ഭക്ഷണമാണ്.

ഉദാഹരണങ്ങൾ എത്രവേണമെങ്കിലും നിരത്താം.

കൊടുംവിപത്തുകൾക്ക് കാരണമാകുന്ന ആർട്ടിക് മേഖലയുടെ താപനത്തെക്കുറിച്ചോർമ്മിപ്പിച്ചുകൊണ്ട് ഓലെഫർ എലിസൺ എന്ന ഡാനിഷ് ആർട്ടിസ്റ്റ് ഗ്രീൻലാൻഡിലെ ഉൾക്കടലുകളിൽനിന്ന് ലണ്ടനിലെ ടെയ്റ്റ് മോഡേൺ ഗാലറിയിൽ എത്തിച്ച മുപ്പത് ഹിമശിലകൾ.

ഐ വെയ് വെയ് ഇൻസ്റ്റലേഷൻ

ഓട്ട കുത്തിയ ലൈഫ് ജാക്കറ്റുകളുടെ മാത്രം ബലത്തിൽ തുർക്കിയിലെ ലെസ്വോസ് ദ്വീപിലേക്ക് നീന്തി കടൽമാർഗം എത്തുന്ന എണ്ണമറ്റ അഭയാർഥികളുടെ സാന്നിദ്ധ്യം ഓർമ്മിപ്പിച്ച് ബെർലിനിലെ Konzerthaus എന്ന സംഗീതശാലയുടെ ആറു വൻതൂണുകൾ ആകമാനം പതിനാലായിരത്തോളം ലൈഫ്ജാക്കറ്റുകൾ അടുക്കിപ്പൊതിഞ്ഞ് അവതരിപ്പിച്ച ചൈനീസ് ആർട്ടിസ്റ്റ് ഐ വെയ് വെയ് (Ai Wei Wei) ഇൻസ്റ്റലേഷൻ.

എയ്ഡ്‌സ് പോലെ മാരകവ്യാധികൾ കൊണ്ട് സമൂഹത്തിൽ ജീവിതം അസാധ്യമാക്കുംവിധം മുദ്രകുത്തപ്പെട്ടപ്പോൾ അതിജീവനത്തിനുള്ള ഉപായമായി കലാഭാഷകൾ കണ്ടെത്തിയ ഡേവിഡ് വോയ്‌നരോവിക്‌സ്, കിയ ലബീജ മുതലായവരുടെ ഫോട്ടോഗ്രാഫുകൾ.
ചൈനയിലെ പാരിസ്ഥിതികപ്രശ്‌നങ്ങളെയും ജനപ്പെരുപ്പത്തെയും അവതരിപ്പിച്ച് Cai Guo-Qiang ഒരു ഫിഷിങ് ബോട്ടിൽ രോഗബാധിതമായ മൃഗങ്ങളെ നിറച്ചുകൊണ്ട് ചെയ്ത ഇൻസ്റ്റലേഷൻ.

ഡേവിഡ് വോയ്‌നരോവിക്‌സ്

എണ്ണൂറ് അഭയാർത്ഥികളുമായി യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ച് മെഡിറ്ററേനിയൻ കടലിൽ ദുരൂഹമായി മുങ്ങിയ ബോട്ടിന്റെ അവശിഷ്ടം വെനീസ് ബിനാലെയിൽ ക്രിസ്റ്റോഫ് ബുഷേലിന്റെ "നമ്മുടെ ബോട്ട്' എന്ന ഇൻസ്റ്റലേഷനായത്.
ഇങ്ങനെ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ രൂക്ഷമായ പ്രതിസന്ധികൾ നമ്മുടെ മുന്നിലേക്കുതന്നെ പ്രമേയവും പ്രക്രിയയുമായി ആർട്ടിസ്റ്റുകൾ ഏറ്റെടുക്കുന്നത് പ്രധാനമാണ്. അത് ലോകമെമ്പാടും നടക്കുന്നുണ്ട്.

വിപണിയും രാഷ്ട്രഭരണകൂടങ്ങളും അവരുടെ അധികാരം സാധൂകരിക്കാനും നിലനിർത്താനും സ്വയം ഉണ്ടാക്കുന്നതാണ് ഒട്ടേറെ പ്രതിസന്ധികൾ. സൂക്ഷ്മജീവിലോകം ഉണ്ടാക്കിയ പ്രതിസന്ധിയെയും അത്തരത്തിൽ പ്രയോജനപ്പെടുത്തും.

ഇതെല്ലാം കോവിഡിന് മുൻപേ ഇവിടെയുണ്ടായിരുന്ന ആവിഷ്‌ക്കാരങ്ങളാണ്. പക്ഷെ ഞാനിവിടെ അടിവരയിടാൻ ശ്രമിക്കുന്നത് പല പ്രതിസന്ധികളും വളരെ ഭരണകൂടപരമായാണ് പെരുമാറുന്നതെന്നാണ്. വാസ്തവത്തിൽ വിപണിയും രാഷ്ട്രഭരണകൂടങ്ങളും അവരുടെ അധികാരം സാധൂകരിക്കാനും നിലനിർത്താനും സ്വയം ഉണ്ടാക്കുന്നതാണ് ഒട്ടേറെ പ്രതിസന്ധികൾ. സൂക്ഷ്മജീവിലോകം ഉണ്ടാക്കിയ പ്രതിസന്ധിയെയും അത്തരത്തിൽ പ്രയോജനപ്പെടുത്തും. കോവിഡുകാലത്ത് ഭരണകൂടങ്ങളും വിപണിമാതൃകകളും പൗരജീവിതത്തിൽ നടത്തിയ അമിതമായ നിരീക്ഷണ-ചലന നിയന്ത്രണ ഇടപെടലുകൾ വൈറസു പോയാലും തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ പ്രതിസന്ധികൾക്ക് കൂടുതൽ മൂർത്തരൂപം കൊടുക്കുകയും ഏതാണ്ട് അനിവാര്യമെന്ന മട്ടിൽ പ്രതിസന്ധികളെ ആഘോഷിക്കുകയും ചെയ്യുന്ന കലാകൃതികളെയാണ് മുൻപും ഗ്ലോബൽ കലാ മൂലധനവിപണി അത്യധികം പ്രോത്സാഹിപ്പിച്ചത്.

ലോകവ്യാപകമായി ഇത്തരം പല സന്ദർഭങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. പല വിപത്തുകളും അത് താരതമ്യേന വളരെ കുറവായി മാത്രം ബാധിക്കുന്ന ആളുകൾ ഏറെയും കലാകാണികളായി വരുന്ന സമകാലിക കലാ സന്ദർഭങ്ങൾ പലതും ഒരു കാഴ്ചക്കെട്ടിലപ്പുറം ഒരു വിധത്തിലും പ്രതിസന്ധികളെ രാഷ്ട്രീയമായി ഉയർത്തുന്നില്ല. മറ്റുചിലപ്പോൾ നവ-കലാസ്ഥാപനങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്‌നം മനുഷ്യാവകാശങ്ങളെ ധ്വംസിക്കും വിധം പെരുകിപ്പോകുന്നതും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് എയ്ഡ്‌സ് ആക്റ്റിവിസ്റ്റ് ആയിരുന്ന ആർട്ടിസ്റ്റ് വോയ്‌നറോവിക്‌സിന്റെ റെട്രോസ്‌പെക്ടീവ് വൈറ്റനി മ്യുസിയത്തിൽ നടന്നപ്പോൾ വലിയ പ്രതിഷേധമുയർന്നു. ഉയർന്ന ബാനർ ഇതായിരുന്നു: AIDS IS NOT HISTORY. എയ്ഡ്‌സ് എന്ന മഹാവ്യാധിയെ ചരിത്രവൽക്കരിക്കുന്ന സ്ഥാപിതരീതികൾ ഫലത്തിൽ ആ വ്യാധിയാൽ പീഢയനുഭവിക്കുന്നവരുടെ അപമാനഭാരം കൂട്ടിയതേയുള്ളൂ.

വോയ്‌നറോവിക്‌സിന്റെ റെട്രോസ്‌പെക്ടീവ് വൈറ്റനി മ്യുസിയത്തിൽ Photo courtesy ACT UP

വ്യാധിയുടെ ഈ പുതിയ ഘട്ടം വാസ്തവത്തിൽ പ്രതിസന്ധികളുടെ ഒരു രാഷ്ട്രീയത്തുടർച്ചയാണ്. കലയുടെ ആവാസവ്യവസ്ഥയിൽ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് ചരിത്രപരമായ തുടർച്ചകളുണ്ട്. അതുകൊണ്ട് മനുഷ്യവംശത്തിന്റെ ഭാവനാസമ്പത്ത് വികസിപ്പിക്കുന്നതിൽ യഥാർത്ഥത്തിൽ കലയുടെ ശേഷി എന്താണ്, അതിന്റെ നിലനിൽപ്പിന് എക്കാലവും തടസ്സം നിൽക്കുന്ന ചില ചരിത്രപരമായ ബലങ്ങളെന്താണ് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
കലയുടെ ഭരണകൂടങ്ങളും അവയുടെ ശേഷിയും

ഉള്ളുണർത്തുന്ന ഭൗതികശേഷിയുള്ളതുകൊണ്ടാണ് എക്കാലത്തും കല ഭാവനയുടെയും ഭാവിയുടെയും മണ്ഡലമാകുന്നത്. അസാധ്യമെന്നും അപ്രതീക്ഷിതമെന്നും നിഗൂഢമെന്നും കരുതുന്ന പലതിനും മൂർത്തരൂപമിടാൻ ആർട്ടിസ്റ്റുകൾക്ക് സാധിക്കുന്നു. അതുകൊണ്ടാണ് മനുഷ്യചരിത്രത്തിൽ ഏറെക്കാലം സാമ്രാജ്യങ്ങളും മതങ്ങളും അടക്കമുള്ള അധികാരകേന്ദ്രങ്ങൾക്കും ഒട്ടേറെ ജനപദങ്ങളുടെ സഹജീവനങ്ങൾക്കും മൂർത്തഭാവം കൊടുത്തതിനൊക്കെയും കല എന്നുവിളിച്ചത്.

വെങ്കലരൂപം

അസാദ്ധ്യമെന്നു തോന്നുന്ന പലതിനെയും സാധ്യമാക്കാനുള്ള പലതരം അറിവുകളുടെ ക്രമപ്രവൃദ്ധമായ വികാസമാണ് കുംഭാരവിദ്യയും, നെയ്ത്തുവിദ്യയും, വെങ്കല - കളിമൺ രൂപങ്ങളും മുതൽ വലിയ പള്ളിച്ചിത്രങ്ങളും, ക്ഷേത്രശില്പങ്ങളും വരെ സാധ്യമാക്കിയത്. കല ഒരു ഭൗതികശേഷി ആയതുകൊണ്ടുതന്നെ എല്ലാക്കാലത്തും അധികാരത്തെയും മൂലധനത്തെയും സ്ട്രീംലൈൻ ചെയ്ത് ഉണ്ടാക്കുന്ന ഇടമാണ്. പക്ഷെ ഈ സ്ട്രീംലൈനിങ്ങിനെ ഫലത്തിൽ നയിക്കുന്നത് കലയും കലാകാരരും ആസ്വാദകരും ആശയങ്ങളും ഭാവനയും ഒക്കെ ചേരുന്ന ഒരു ശേഷിയും മൂല്യലോകവുമാണെന്ന്, ആധുനികലോകത്തെ ഏറിയ കൂറും ജനങ്ങളും സമീപകാലം വരെ കരുതിയിരുന്നു. അതുകൊണ്ടാണ് പൊതുവിൽ ഒരു കൂട്ടായ ബോധം കൊണ്ട് തിരിച്ചറിയാനാകാത്ത പലതും ഉൾക്കൊണ്ട ആധുനികകല പോലും ഒരു സവിശേഷമഹത്വമുള്ള കാര്യമായി മനുഷ്യർ ജീവിതത്തിൽ കരുതിയിരുന്നത്.

ഇന്ന് കാര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പഴയപോലെയായിരിക്കുന്നു എന്നും പറയാം. പണ്ട് മതങ്ങളും ചക്രവർത്തിമാരും പ്രാഥമികമായും അവരുടെ പേരിലും സൗകര്യങ്ങളിലുമാണ് കലയെ ഒരു മൂല്യവും ചരിത്രവുമാക്കിയത്. ഇന്നത് ചെയ്യുന്നത് മൂലധനസാമ്രാജ്യത്വവും അതിനെ ഉത്തേജിപ്പിക്കുന്ന യന്ത്രാനുഭവങ്ങളുമാണ്. ഇന്ന് കച്ചവടസംസ്‌ക്കാരത്തിന്റെയും (Culture of Business) സംസ്‌കാര കച്ചവടത്തിന്റെയും (Business of Culture) സാമൂഹികരൂപമാണ് ഒന്നിനെ കലയെന്നു സാധൂകരിക്കുന്നത്.

കലയുടെ നിർമ്മാണത്തിലെ മനുഷ്യബന്ധങ്ങൾ (Making of a Work of Art) എപ്പോഴും ഭരണകൂടങ്ങളുടെ മൂല്യത്തിനും ചരിത്രത്തിനും പുറത്താണ്.
കല അത് ചെയ്യുന്ന മനുഷ്യരുടെ വൈകാരികവും അനുഭൂതിപരവും ജ്ഞാനസംബന്ധവുമായ ഒരു സ്വതന്ത്രമേഖലയാണെന്നു പറയാൻ ഒരു ഘട്ടത്തിൽ മനുഷ്യരാശിക്ക് ഇടം കൊടുത്തത് ആധുനികതയാണ്. അവനവനെ സാധ്യമാക്കുന്നതെന്തോ അതിനെത്തന്നെ വിമർശിച്ച് വിടുതൽ നേടാൻ സഹായിക്കുന്ന ജ്ഞാനസിദ്ധാന്തപരത എന്നർത്ഥത്തിലുള്ള ആധുനികത. അതാകട്ടെ എക്കാലത്തും മനുഷ്യവംശത്തിൽ ഉള്ള കലയുടെ ആത്മശേഷിയാണ്. ആധുനികത യൂറോപ്പിൽ ഉണ്ടായ ഒന്നായി മാത്രം കണ്ടാൽപോര. യൂറോപ്പിൽ ഉണ്ടായ അതിന്റെ സാമൂഹികരൂപങ്ങൾ ശക്തമായിരുന്നു. പക്ഷേ അവ തന്നെയാണ് ഇന്ന് കലയുടെ ആത്മശേഷിയെ പണാധികാരത്തിന്റെ ഉള്ളിൽ കടത്തിവച്ച് അദൃശ്യമാക്കുന്നത് എന്നത് ഒരു ഐറണിയാണ്.

ആയിരിക്കുന്നിടത്ത് ഇരിപ്പുറയ്ക്കാതെ ചിലർ എന്തിനാണ് നിരന്തരം സഞ്ചാരിയാകുന്നത്? പോകുന്നിടത്തെയൊക്കെയും പകർത്തിയെടുക്കുന്നത്? മനുഷ്യർ ഒറ്റയ്ക്ക് മാത്രമല്ല, സംഘം ചേർന്നു പങ്കുവച്ചും ചിത്രം വരയ്ക്കുന്നത്, ശിൽപ്പം മെനയുന്നത് എന്തുകൊണ്ടാണ് ?

കല നേരിട്ട് മനുഷ്യജീവിതത്തിൽ പുലരുന്ന അവസരങ്ങൾ ഇന്നും ഉണ്ട്. കലയെ അത് ചെയ്യുന്നവരിലൂടെ നിരന്തരം നിലനിർത്തുന്നത് പ്രാഥമികമായ ചില മൂല്യങ്ങളാണ്. ഒരു മനുഷ്യൻ, അയാൾ നാടോടിയോ നാഗരികനോ ഗ്രാമീണനോ നവ ഡിജിറ്റൽ സൈബോർഗോ ആയിക്കൊള്ളട്ടെ, ചെയ്തുതീർക്കാൻ ഏറെ ക്ഷമ ആവശ്യമുള്ള പ്രക്രിയയിൽ ആയിരിക്കുന്നതിന്റെ പ്രചോദനമെന്ത്? എന്തുകൊണ്ടാണ് അയാൾ തൊട്ടുനോക്കാവുന്ന ഒരു പദാർത്ഥത്തിൽ ഒരു ആശയത്തെ ആവാഹനം ചെയ്യുന്നത്? മറ്റൊരു പദാർത്ഥത്തിലും അതേ ആശയം ആവിഷ്‌കരിക്കുന്നത്? അപ്പോൾ കിട്ടിയ പുതിയ ഇഫക്ടിൽ ആനന്ദിക്കുന്നത്? എന്തിനാണിങ്ങനെ അതിനായി അദ്ധ്വാനിക്കുന്നത്? ആയിരിക്കുന്നിടത്ത് ഇരിപ്പുറയ്ക്കാതെ ചിലർ എന്തിനാണ് നിരന്തരം സഞ്ചാരിയാകുന്നത്? പോകുന്നിടത്തെയൊക്കെയും പകർത്തിയെടുക്കുന്നത്? മനുഷ്യർ ഒറ്റയ്ക്ക് മാത്രമല്ല, സംഘം ചേർന്നു പങ്കുവച്ചും ചിത്രം വരയ്ക്കുന്നത്, ശിൽപ്പം മെനയുന്നത് എന്തുകൊണ്ടാണ്?

കളിമൺ രൂപ നിർമാണം

ആധുനികജ്ഞാനമണ്ഡലങ്ങൾ അവയെ ക്രാഫ്റ്റ്, നാടൻകല, അഗ്രഗാമിയായ (Avant-Garde) ആധുനികത, ഗ്ലോബൽ ആർട്ട് എന്നിങ്ങനെയൊക്കെ വർഗീകരിക്കുന്നു. അത് മ്യൂസിയങ്ങൾക്കും ആർട്ട് ഗാലറികൾക്കും സംസ്‌ക്കാരക്കച്ചവടത്തിനു പെട്ടെന്ന് ഉപയുക്തമാക്കുന്നു. മറ്റൊരു പുറത്ത് മൂലധനവിപണി കൊണ്ടുതന്നെ പൊടിപൊടിക്കുന്ന മതാഘോഷങ്ങളും ആചാരങ്ങളും കലയിലെ മനുഷ്യാദ്ധ്വാനത്തെ കാർണിവലുകളായി സ്വാംശീകരിച്ച് മുക്കിക്കളയുന്നു.

ഇങ്ങനെ മുങ്ങിപ്പോകുകയാണ് നമ്മുടെ ഭാവനകളും അത്ഭുതങ്ങളും അവ മെനയുന്നതിനുള്ള മനുഷ്യാദ്ധ്വാനശേഷിയും! സ്വാതന്ത്രമായൊരു കലാനുഭവത്തിലേക്കും വംശഭാവനകളുടെ ആത്മഭാവത്തിലേക്കും ഇഴ ചേർക്കാനുള്ള വഴികൾ അടഞ്ഞേ വരുന്നു. അതിനാൽ കലയും കലാകാരരും ഒന്നുകിൽ സമൂഹത്തിലെ പലതരം "അവശ'വിഭാഗത്തിൽ പെടുന്നു. അല്ലെങ്കിൽ കോവിഡ്കാല മനുഷ്യനെപ്പോലെ ലോകം പുറകിൽ കൊട്ടിയടച്ച് തന്റെ തന്നെ ഭാവനയുടെ ഇരുട്ടിൽ ഒറ്റയ്ക്ക് തപ്പേണ്ടിവരുന്നു. ഒരു "കൾച്ചറൽ ഇന്റലക്ച്വൽ' എന്ന ഉപദ്രവം കൂടാതെ കലാകാരരെ ഉപജീവനഭയമുള്ള "സാധാരണ' മനുഷ്യർ ആക്കുന്ന ലെവലിങ് പ്രോസസ്, ഒരു വിപണിതന്ത്രമാണ്. കുറേ മുൻപേ ഗ്ലോബലൈസേഷൻ ഈ സംസ്‌ക്കാരം ബ്രാൻഡ് ചെയ്ത് തുടങ്ങിയതുമാണ്.

ചുരുക്കത്തിൽ, കല എന്ന വ്യവഹാരത്തിന്റെ ആത്മശേഷി കുറഞ്ഞുവരികയാണ്. മനുഷ്യചരിത്രത്തിന്റെ പൊതുവായ ഒരു മഹിതജ്ഞാനരൂപമായി കല വ്യവഹരിക്കപ്പെടുന്നില്ല. കലാവിപണിയും സംസ്‌ക്കാരവ്യവസായവും കൂടി നിർമ്മിക്കുന്ന മാതൃകകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കലാകാരന്റെ കാഴ്ചക്കോൺ കൊണ്ട് സമൂഹജീവിതത്തിനു ഏറെയൊന്നും ഔന്നത്യം ലഭിക്കുന്നില്ല. കലയുടെയും കലാകാരന്റെയും പ്രഹരംകൊണ്ട് ഇന്ന് അധികാരകേന്ദ്രങ്ങളോ കുലുങ്ങുന്നതുമില്ല.

ചൈനീസ് മോഡേൺ ആർട്ട്‌

നിയന്താവ് വിപണിയത്രെ. കലാകാരരുടെയും കാഴ്ചക്കാരുടെയും ആത്മശേഷി കുറഞ്ഞുവരികയും, അതനുസരിച്ച് കലയുടെ ചരക്കുമൂല്യം കൂടി വരികയും ചെയ്യുന്നു. കാപ്പിറ്റലിസവുമായി കലയുടെ സാമൂഹ്യഘടനാപരമായ ബന്ധം തന്നെ അങ്ങനെയാണ്. കലയെ ജീവിതസന്ദർഭങ്ങളിൽനിന്നും വിഛേദിച്ചെടുക്കാൻ, അന്യമാക്കാൻ, അവിശ്വസ്തമാക്കാൻ ശ്രമിക്കും.

അതുകൊണ്ട് നോക്കൂ, ഈ വംശനാശഘട്ടത്തിലും കലയുടെയും ഭാവനയുടെയും നിലനിൽപ്പിനെക്കുറിച്ചല്ല യഥാർത്ഥത്തിൽ ഇന്ന് നമ്മുടെ ആധി. കോവിഡ് കാരണമുള്ള സാമ്പത്തികപ്രതിസന്ധി, കലയുടെ നിലനില്പിന്റേതെന്നു കരുതപ്പെടുന്ന കേന്ദ്രങ്ങളെ ദുർബലപ്പെടുത്തുമോ എന്നാണു പൊതുവെയുള്ള ആകാംക്ഷ. വരാനിരിക്കുന്ന കാലത്ത് ഇത് കല ചെയ്യുന്ന മനുഷ്യർക്കിടയിൽ വീണ്ടും വിഭവദൗർലഭ്യവും, വിഭവവിതരണക്രമങ്ങളുടെ ചൂഷണവും വർധിപ്പിക്കും.

കലയുടെ ഭാഷയിൽ മനുഷ്യവംശഭാവനകളുടെ ചുടലപ്പറമ്പുകൾ ഉണ്ടായത്
സാമൂഹികമായ അന്യവൽക്കരണത്തിന്റെ പലവിധ മെക്കാനിസങ്ങളിൽ ഒന്നായി കലയെ കാണാൻ ലോകത്തെ സമൂഹങ്ങളെ പലരീതിയിൽ പഠിപ്പിച്ചിട്ടുള്ള ചില ആശയങ്ങളുണ്ട്. അതിൽ ചിലത് പറയാം.

കല ഒരു പ്രതീതി മാത്രമാണ്.

ഒടുവിൽ ആധുനികരീതിശാസ്ത്രം ജ്ഞാനമേഖലകളിൽ ജയിപ്പിച്ച ഇന്ത്യൻ യൂണിവേഴ്‌സിറ്റികളെ നശിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ടകൾ ബറോഡയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയെയും ക്ഷയിപ്പിച്ചു.

മറ്റുള്ള സാധാരണ വൈദഗ്ധ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അതിഭൗതികമായ സൗന്ദര്യമുൽപ്പാദിപ്പിക്കുന്ന ഒരു സവിശേഷ വൈദഗ്ദ്ധ്യത്തിന്റെ പ്രകാശനമാണ് കല. ഒരു വസ്തു കലയാകുന്നത്, അത് കലാകാരൻ ആകാനുള്ള പദവിമൂല്യം മറ്റുള്ളവരിൽനിന്നും വിഭിന്നമായി നേടിയ ഒരാൾ, അത് സൃഷ്ടിച്ചതുകൊണ്ടാണ്.
ഇങ്ങനെ പല ധാരണകളും നമുക്കുള്ളിൽ ഉറപ്പിച്ചത് യൂറോപ്പ്യൻ ജ്ഞാനോദയദർശനങ്ങളുടെ വേരുകളാണ്.

നെയ്ത്തുവിദ്യ

ഇന്ത്യയിലും പലവിധ വർണ്ണാശ്രമങ്ങളിൽ സമാനമായ വഴിക്കാണ് സ്ഥപതിപാരമ്പര്യങ്ങൾ പുലർന്നത്. കോളനിവൽക്കരണകാലത്ത് "ഭാരതീയ സൗന്ദര്യശാസ്ത്രം' സ്വരൂപിക്കാൻ വേണ്ടത്ര അതിഭൗതികവാദങ്ങൾ അത് പ്രദാനം ചെയ്തു. കലയുടെ ഭൗതിക ലോകം, അത് വിശ്വകർമ്മവഴിയിലെ സ്ഥപതിയുടെ മാത്രമല്ല, കരുവാന്റെയും കുശവന്റെയും, നെയ്ത്തുകാരന്റെയും, ദാരുശിൽപ്പി യുടെയും പ്രവൃത്തികൾ പിന്നീട് സാംസ്‌ക്കാരിക മേൽക്കോയ്മയുടെ കൗതുകനോട്ടങ്ങൾക്കുള്ളിൽ പെട്ടു. ക്രാഫ്റ്റ് എന്ന പേരിൽ കീഴ്‌നിലയിലുമായി. ആധുനിക കലയുടെ ചരിത്ര പുസ്തകങ്ങൾ അധികവും എഴുതപ്പെട്ടത് ഇന്ത്യൻ ഭാഷകളിലല്ല. യൂറോപ്യൻ അവാങ്-ഗാർഡ് ആയിരുന്നു ഇന്ത്യക്കാരന്റെ മുന്നിൽ പലവിധത്തിൽ വെല്ലുവിളി ഉയർത്തിയ ഉരകല്ല്. അതിനായി ആധുനികതാവാദവും പാരമ്പര്യങ്ങളും തമ്മിൽ വാസ്തവത്തിൽ ഉണ്ടാകേണ്ടതില്ലാത്ത ഒരു സംഘർഷം വാദിച്ചെടുത്തു. യുദ്ധം, സാമ്പത്തികമാന്ദ്യം തുടങ്ങിയ കാപ്പിറ്റലിസത്തിന്റെ തന്നെ നിർമ്മിത പ്രതിസന്ധികൾ പോലെ, പണ്ട് കൊളോണിയൽ ആധുനികതയുടെ കോയ്മ പുലർത്താനായി ഉണ്ടാക്കിയ മൂല്യങ്ങളാണ് കലയിലെ മനുഷ്യാദ്ധ്വാനത്തുടർച്ചകൾക്ക് അപചയമുണ്ടാക്കിയത്.
എന്നാൽ ശാന്തിനികേതനിലെയും ബറോഡയിലെയും "സന്ദർഭോചിതമായ ആധുനികത' (Contextual Modernism) ഇതുമായി മൗലികമായി ഇടപെട്ടു എന്നത് വേറെ കാര്യം. അതുകൊണ്ടുതന്നെ ഈ കേന്ദ്രങ്ങളിൽ ആധുനികകലയുടെ കലാകാരപക്ഷത്തുനിന്നുള്ള ശക്തമായ ഇടപെടലുകൾ നടന്നു. ഇന്ന് ഈ അക്കാദമിക് കേന്ദ്രങ്ങൾ പലതോതിൽ ക്ഷയിക്കുകയാണ്.

ശാന്തിനികേതൻ

യൂറോ-അമേരിക്കൻ മൂലധന മുതലാളിത്തവും കൊളോണിയലിസവും ആഗോളവിപണിയും ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായ ആധുനികകലയുടെ മൗലികമായ "ആധുനികതാമുഹൂർത്തങ്ങളെ' അമിതമായി നിയന്ത്രിച്ചിട്ടുണ്ട്. ഒടുവിൽ ആധുനികരീതിശാസ്ത്രം ജ്ഞാനമേഖലകളിൽ ജയിപ്പിച്ച ഇന്ത്യൻ യൂണിവേഴ്‌സിറ്റികളെ നശിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ടകൾ ബറോഡയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയെയും ക്ഷയിപ്പിച്ചു.
ഇതിന് അനുബന്ധമായിത്തന്നെയാണ് സമീപകാലത്ത് ഇന്ത്യയിൽ കലാലോകം വിപണി മൂലധനത്തെ പ്രത്യക്ഷത്തിൽ സ്ട്രീംലൈൻ ചെയ്ത് വളർന്നുതുടങ്ങിയത്. ഏകദേശം തൊണ്ണൂറുകൾ മുതലുള്ള ഒരു മുപ്പതു വർഷത്തെ ചരിത്രമാണ് ഇതിനുള്ളത്.

ഇങ്ങനെ മുതലാളിത്തവും നവകൊളോണിയലിസവും ഒരു നൂറ്റാണ്ടോളം ഒരുമിച്ചുനിന്ന് അന്യവൽക്കരിക്കുകയും അങ്ങനെ നശിപ്പിച്ചുകളയുകയും ചെയ്ത മനുഷ്യവംശഭാവനകളുടെ ചുടലപ്പറമ്പിൽ നിന്നുകൊണ്ടാണ് ഇന്നിപ്പോൾ കളി.

കോവിഡ് കാലത്തെ മ്യൂസിയങ്ങളുടെ "ഫുട്-ഫാൾ' ആകാംക്ഷകൾ

ഇതിനിടയിൽ കലയുടെ ഭരണകൂടങ്ങൾ തങ്ങൾ ജനോന്മുഖമായി മാറുന്നതിന്റെ പ്രതീതി സൃഷ്ടിക്കുകയാണ്. മനുഷ്യർ ഒറ്റപ്പെട്ട കാണികളായി ഒഴുകുകയും, ആ ഒഴുക്കിനെ മുൻ നിർത്തി ഒരു പ്രദേശത്ത് കല നിമിത്തമുള്ള സാമ്പത്തിക ഉജ്ജീവനം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതു കാണാം. ഉദാഹരണത്തിന് 2018 ലെ കൊച്ചി ബിനാലെ "പീപ്പിൾസ് ബിനാലെ' എന്നറിയപ്പെട്ടതുപോലെ.

താൽക്കാലിക മ്യൂസിയങ്ങൾ ആണ് ബിനാലെകൾ. പരമ്പരാഗത മ്യൂസിയങ്ങൾ തന്നെ അവയുടെ ഭാഷ മാറ്റുകയാണ്. ആധികാരികതയേക്കാൾ പരീക്ഷണാത്മകതയാണ് നവ-മ്യൂസിയങ്ങളെ മുഖ്യമായി നിർവചിക്കുന്നത്.

ആ പാഠങ്ങൾ പ്രയോഗത്തിലാക്കണമെങ്കിൽ കലാരംഗത്തുള്ള അടിസ്ഥാനപരമായ പ്രതിസന്ധി സാമ്പത്തികമല്ലെന്നു മനസ്സിലാക്കണം. കലയെക്കുറിച്ചുള്ള മൂല്യവിചാരത്തിൽത്തന്നെയാണ് നവകലാപ്രസ്ഥാനങ്ങൾക്ക് പിഴയ്ക്കുന്നത്.

കാണിയും കലയുമായി അന്യോന്യസമ്പർക്കത്തിലാകുകയും, കാണി കലയിൽ ആകെ മുഴുകുകയും ചെയ്യുന്ന ഒരു സന്ദർഭസൃഷ്ടിക്കുവേണ്ടിയാണ് നവ-മ്യൂസിയങ്ങളുടെ പരീക്ഷണം നടക്കുന്നത്. പതിവുപോലെ, ആധികാരികമായ വിവരങ്ങളുടെ സഹായത്തോടെ അകന്നു നിന്ന് കാണാവുന്ന ഒരു കലാസൃഷ്ടി കാണാനല്ല ആളുകൾ വരുന്നതെന്നും അങ്ങനെയല്ലാ വരേണ്ടതെന്നുമുള്ള പാഠമാണ് ഇന്ന് നവമ്യൂസിയം കലാഭാഷകൾ മുന്നോട്ടുവയ്ക്കുന്നത്. പ്രത്യക്ഷത്തിൽ കലയുടെ ഭൗതികശേഷിയെക്കുറിച്ച് തിരിച്ചറിഞ്ഞ മനുഷ്യരുടെ കൂട്ടായ്മയല്ല, വെറും ആൾക്കൂട്ടത്തെയാണ് ഈ "പരീക്ഷണങ്ങൾ' ആഗ്രഹിക്കുന്നത്. അങ്ങനെ വന്നുകിട്ടുന്ന ആൾക്കൂട്ടത്തെ തങ്ങൾ നേതൃത്വം കൊടുക്കുന്ന കലാസംബന്ധമായ തിരിച്ചറിവിലേക്ക് നയിക്കാനുള്ള എജ്യുക്കേഷൻ & ഔട്ട് റീച്ച് പരിപാടികൾ ചിലപ്പോഴൊക്കെ നവ-കലാസ്ഥാപനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും വിപണിയും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.

വെനീസ് ബിനാലെ

എന്നിരിക്കെ, വംശനാശപരമായ എല്ലാ പ്രതിസന്ധികളും മനുഷ്യജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലുമെന്നപോലെ കലയുടെ ഇത്തരം ഭരണകൂടങ്ങൾക്കും അവയുടെ പ്രതീകാത്മക ജനസമ്പർക്ക കൗതുക ഭാഷയ്ക്കും കടുത്ത വിമർശപാഠങ്ങൾ നൽകുന്നുണ്ട്. എന്നാൽ ആ പാഠങ്ങൾ പ്രയോഗത്തിലാക്കണമെങ്കിൽ കലാരംഗത്തുള്ള അടിസ്ഥാനപരമായ പ്രതിസന്ധി സാമ്പത്തികമല്ലെന്നു മനസ്സിലാക്കണം. കലയെക്കുറിച്ചുള്ള മൂല്യവിചാരത്തിൽത്തന്നെയാണ് നവകലാപ്രസ്ഥാനങ്ങൾക്ക് പിഴയ്ക്കുന്നത്.

യൂറോ-അമേരിക്കൻ സംവിധാനങ്ങളിലൂടെ കലയെക്കുറിച്ച് ലോകത്ത് പടർന്നിട്ടുള്ള ധ്രുവീകൃതധാരണകൾ തീവ്രവ്യക്തിനിഷ്ഠമായ കലാരീതികളെ മാത്രമേ തുണച്ചിട്ടുള്ളൂ. അതുവഴി ജനസംഖ്യയുടെ തീരെ ചെറിയ ഒരു ശതമാനം മാത്രം നിർണ്ണയിക്കുന്ന ഒരു അപൂർവ്വ ജ്ഞാനമേഖലയായി കല ഇപ്പോഴും ചുരുങ്ങിനിൽക്കുകയാണ്. ഒറ്റപ്പെട്ട ഏതാനും മനുഷ്യരുടെ ഭീമാകാര സ്വപ്നങ്ങളെ മാത്രം തുണയ്ക്കുകയും, ചുരുക്കം ആളുകൾക്ക് മാത്രം ഉടമസ്ഥാവകാശം കൊടുക്കുകയും ചെയ്ത ചരിത്രമുള്ള മ്യൂസിയങ്ങൾക്ക് എങ്ങനെയാണ് മനുഷ്യവംശത്തെപ്പറ്റി ഒരു പുതിയ ഭാവനക്ക് മൂർത്തരൂപം കൊടുക്കാനാകുക?

മഹാവ്യാധിയെ വകവയ്ക്കാതെ ലോസ് ആഞ്ജലസിലെ മ്യൂസിയങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. ജനങ്ങളിൽ കലയുടെ പൊതു ജീവിതസംസ്‌ക്കാരം സൃഷ്ടിക്കാൻ എങ്ങനെയാണ് പൊതുമേഖല സ്വകാര്യമേഖലയുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതെന്ന് മ്യൂസിയം വികസനത്തിനായി അവരോധിക്കപ്പെട്ട ഇന്ത്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ വ്യാകുലപ്പെടുന്നുണ്ട്. മനുഷ്യർ കലയിൽ ജീവിക്കുന്നതെവിടെ എന്ന അടിസ്ഥാന ചിന്തയില്ലെങ്കിലും പുനരുദ്ധരിച്ച നവ മ്യൂസിയം കെട്ടിടങ്ങൾ റെഡി.

എളുപ്പത്തിൽ ബിസിനസ് വ്യാപനം കൊണ്ടു വരാനായി ആർട്ട് ഗ്യാലറികൾ തങ്ങൾക്കിടയിൽ കളക്ടീവുകൾ രൂപീകരിക്കുന്നുണ്ട്. ഓൺലൈൻ വ്യൂയിങ് റൂമുകൾ, കലാകാരരുടെ വീഡിയോ പ്രൊഫൈലുകൾ തുടങ്ങിയവ പങ്കുവയ്ക്കപ്പെടുന്നു. കലയും സാങ്കേതികവിദ്യയും പുതുതായി രൂപപ്പെടുന്ന കമ്മ്യുണിക്കേഷൻ രീതികളും കൈ കോർക്കുന്നു. കലയിലെ സാങ്കേതികവിദ്യ വിമർശത്തിനായി ലോകത്ത് മിക്കയിടത്തും അക്കാദമിക് കേന്ദ്രങ്ങൾ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നു.

കലാകമ്പോളം അതിന്റെ വിപുലനത്തിനു വേണ്ടി സമൂഹത്തിലെ ആധുനികവൽക്കരണ ചരിത്രത്തിന്റെ അരികുകളിലല്ല, ആദിവാസമുള്ള ഉൾക്കാടുകളിൽത്തന്നെ പോയി, തങ്ങൾക്കിടയിൽ നഗരത്തിൽ പെരുമാറാൻ അറിയുന്ന പുതിയ കലാകാരരെ അവിടെനിന്നും കണ്ടെത്തിക്കൊണ്ട് വരികയും പ്രത്യേകം സാംസ്‌ക്കാരിക മാർക്കറ്റുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇങ്ങനെ വ്യാപകമായി ആലോചനകൾ നടക്കുന്നുണ്ട്, എങ്ങനെ നമ്മുടെ മ്യൂസിയങ്ങളെ പുനരുജ്ജീവിപ്പിക്കാം? സോപ്പിനും എണ്ണക്കും മുതൽ വിദ്യാഭ്യാസത്തിനു വരെ നല്ല ലാഭകരമായ ബിസിനസ് മോഡലുകൾ ഉണ്ട്. കലയുടെ സംസ്‌ക്കാരത്തിന് മാത്രം വിചാരിച്ചപോലെ ക്ലച്ച് പിടിക്കുന്നില്ല. എന്തുകൊണ്ടാണ് ? വൻതോതിൽ കലാസൃഷ്ടികൾ ചെറുപ്പക്കാരും മുതിർന്നവരും ഒക്കെ ഉണ്ടാക്കിവിടുന്നുണ്ടെങ്കിലും ഭാവനയുടെ ചുടലക്കാട്ടിലാണ് തങ്ങൾ നിൽക്കുന്നത് എന്നത് പലരും ചർച്ചകളിൽ കാര്യമായെടുക്കാറില്ല. എങ്ങനെ സംസ്‌ക്കാരത്തിന്റെ ഒരു ബിസിനസ് ഉണ്ടാക്കും? ആദ്യം സംസ്‌ക്കാരം ഉണ്ടാക്കിയിട്ട് വേണം ബിസിനസ് ഉണ്ടാക്കാൻ എന്നത് ഒരു വലിയ ശല്യമായി പുതിയ സംരംഭകർക്ക് പലർക്കും തോന്നുന്നുണ്ട്. എന്നിട്ടും "ബിസിനസ് ജനങ്ങളും', "സംസ്‌ക്കാര ജനങ്ങളും' തങ്ങളുടെ ചരക്കുകൾക്ക് ആത്മശേഷി നഷ്ടപ്പെടുന്നുണ്ടോ എന്ന് ആത്മവിമർശം നടത്തുന്നില്ല. മറിച്ച് തങ്ങൾ ഉദ്ദേശിക്കുന്ന അജണ്ടകളിൽ ജനങ്ങളെ വലിച്ചെത്തിക്കുകയാണ്. ഇവർ ജനങ്ങളുടെ ജീവിതപ്പെരുമാറ്റങ്ങളിൽ ഡാറ്റാ മൈനിങ് നടത്തിക്കൊണ്ട് അവരുടെ അഭിരുചികൾ കണ്ടെത്തുകയൊക്കെ ചെയ്യും. ഉദാഹരണത്തിന് "മ്യൂസിയങ്ങളിലേക്കുള്ള "ഫുട് ഫാൾ' നിർണ്ണയിക്കുന്നത് ചെറുപ്പക്കാരും കുട്ടികളുമാണ് എന്നുള്ള ഒരു കണ്ടെത്തൽ'. പക്ഷേ ഡാറ്റയുടെ ഒരു പ്രശ്‌നം, അതിന് അനുഭൂതിപ്പെടാനും അനന്യതയെ തിരിച്ചറിയാനും യാന്ത്രികമായ രീതികളേ ഉള്ളൂ. അപ്രതീക്ഷിതമായ ഒന്നുമില്ല. അതുകൊണ്ട് "ഫുട് ഫാൾ' നിരീക്ഷണത്തിൽ ഇതേ റിസൾട്ട് തന്നെ ഒരു വിനോദ തീം പാർക്കിലെ ഡാറ്റയും തന്നേക്കും. അപ്പോൾ മ്യൂസിയത്തെയും വിനോദ തീം പാർക്കിനെയും തമ്മിൽ വ്യത്യസ്തമാക്കുന്നത് എന്താണ് എന്ന മർമ്മപ്രധാന ചോദ്യം വിട്ടുപോകും.

മ്യുസിയങ്ങൾ സന്ദർശിക്കുന്ന "സംസ്‌ക്കാരജനങ്ങൾ' ആകട്ടെ തങ്ങൾ പോയിക്കണ്ടു പഴകിയ അതേ ക്ലാസ്സിക് മാസ്റ്റർപീസ് തന്നെ കാണാൻ ആഗ്രഹിക്കും. തങ്ങളുടെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ആധുനികതയുടെ സാങ്കേതിക ലക്ഷണങ്ങൾ കാണിച്ചു കൊണ്ടുതന്നെ അതിനകത്തുണ്ടായിരുന്ന മനുഷ്യാദ്ധ്വാനമഹത്വത്തെ ഒരു ഗതകാലമൂല്യമെന്നു കരുത്തും. അതിന് സമകാലികത നിഷേധിക്കും. ഉദാഹരണത്തിന്, പ്രബുദ്ധത

എൻ.എൻ റിംസന്റെ മാൻ ഇൻ ചോക്ക് സർക്കിൾ

നേടിയ അഭ്യസ്തവിദ്യൻ സ്വകാര്യമായിട്ടോ രാഷ്ട്രീയമായിട്ടോ നടത്തുന്ന മതാചാരങ്ങളുടെ ഭാഗമായി താൻ വെള്ളമെടുത്ത വെങ്കലപ്പാത്രം അങ്ങനെ തന്റെ കൈയിൽ വന്നത് എങ്ങനെയെന്ന് ഓർക്കാറില്ല. മൺകരുവിൽ മെനഞ്ഞ് മെഴുകിൽ പൊതിഞ്ഞ് വീണ്ടും പുറം പൊതിഞ്ഞ് പിന്നെ കനത്ത ചൂടിൽ ചുട്ട് മെഴുകു കളഞ്ഞ് അതിൽ കൂട്ടുലോഹം ഉരുക്കിയൊഴിച്ച് ഒട്ടേറെ മനുഷ്യർ എത്ര ദിനരാത്രങ്ങൾ കൊണ്ട് പണിതെടുത്ത സുന്ദരാകാരമാണ്, ഒരു പതിവു കിണ്ടിയായി, ഉരുളിയായി, ഏതൊക്കെയോ ആചാരജീവിതത്തിന്റെ പ്രതീകം മാത്രമായി ഇരിക്കുന്നത് എന്നാരുമറിയാറില്ല.
ജീവിതത്തിന്റെ ഓരോ അംശത്തിലും കല അജ്ഞാതമനുഷ്യരുടെ അദ്ധ്വാനവും ദൃശ്യചിന്തയുമായി ഇരിക്കുന്നതിനെക്കുറിച്ചുള്ള അറിവാണ് കലാചരിത്രം. ആ അറിവാണ് ഇവിടെ പ്രയോഗത്തിൽ ഇല്ലാത്തത്! കലയുടെ വ്യാവഹാരിക സാദ്ധ്യതകളെ സത്യസന്ധമായി ചർച്ച ചെയ്യാൻ പോലുമാകാതെ അടച്ചുകളയുന്നത് സ്വാർത്ഥവും മേധാവിത്തപരവും തീവ്രവ്യക്തിവാദപരവും ഭാവനാശൂന്യവുമായ കലാചരിത്രബോധമാണ്.
(കോവിഡ് കാലത്തെ) സഹജീവനത്തിന്റെ ഹബ്ബുകൾ കലയാകുന്നതെങ്ങനെ
ഭാവനകൾ മരിക്കുമ്പോഴുള്ള ഒരു വലിയ പ്രശ്‌നം, നമുക്ക് അനുഭൂതികൾ ഉണ്ടാകുന്നില്ല എന്നതാണ്. കാരണം മനുഷ്യവംശം കണ്ടെത്തിയ അനുഭൂതികളുടെ ഭൗതിക മാതൃകകളെല്ലാം മനുഷ്യർ തമ്മിൽ ഇണക്കുന്നതും, അധ്വാനത്തിന് മഹത്വം കൊടുക്കുന്നതും, ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ തനിമയുള്ള ബൗദ്ധികതകൊണ്ട് വേഗം തിരിച്ചറിയാവുന്നതുമാണ്. രാഷ്ട്രാധികാരവും മൂലധനവും ഉപയോഗിച്ച് കലാകൃതിയെ ആധിപത്യങ്ങളുടെ സ്വരൂപങ്ങളാക്കുമ്പോൾ അവയെല്ലാം വേരറുത്തവയും, അന്യവൽക്കരിച്ചവയും ആകുന്നു.
ഇതിനെല്ലാമിടയിലും വേറെ തരത്തിലുള്ള ചിന്തകളും കലാലോകത്ത് നടക്കുന്നുണ്ട്. പ്രയോഗമാതൃകകൾ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. പാരിസ്ഥിതികവും പരിസ്ഥിതിശാസ്ത്രസംബന്ധവുമായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു ചർച്ച ചെയ്യുന്ന ഫോറങ്ങൾ ഉണ്ടാകുന്നു. പലപ്പോഴും അവ കൂട്ടായ ചിന്തകൾക്കും, മെനയലുകൾക്കും സഹകരിച്ച പ്രവൃത്തികൾക്കും സംഭാഷണങ്ങൾക്കും ഉള്ള ഇടങ്ങൾ കൂടിയാണ്. ആഗോളതാപനം ഉയർത്തിവിടുന്ന മാരകമായ പ്രതിസന്ധികൾ ഒന്നിനുപുറകെ ഒന്നായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോകജനത സഹജീവനത്തിന്റെ ഇണക്കവും, ലോകത്തിലെ ചില സമൂഹങ്ങളിൽ മാത്രം കാണുന്ന പൊതുവിതരണസമ്പ്രദായങ്ങളുടെ ചരിത്രപരമായ വികാസവും വളരെ സർഗ്ഗാത്മകമാണെന്ന് തിരിച്ചറിയാൻ തുടങ്ങുന്നു.

ഒരു പാരിസ്ഥിതിക സമൂഹം എങ്ങനെയിരിക്കുമെന്നും, ഒരു പാരിസ്ഥിതിക മനസ്സ് എന്ത് ചിന്തിക്കുമെന്നും ആ മനസ്സിന് ആസ്വദിക്കാനാകുന്ന കല എങ്ങനെയിരിക്കുമെന്നും അത്തരം കൂട്ടായ്മകൾ തിരിച്ചറിയുന്നു. പലപ്പോഴും അവർക്ക് നിലനിൽപ്പ് ഒരു മുൻ വിധിയെയല്ല. ആകാംക്ഷയല്ല. ആളുകൾക്ക് വേണമെന്ന് തോന്നുന്നത്രയും കാലമേ ഏതൊരു ഇടവും നിലനിൽക്കേണ്ടതുള്ളൂ.

ഈ പാരിസ്ഥിതികചിന്ത എന്ന് പറയുന്നത് ആഗോളതാപനവും റീ സൈക്കളിംഗും സൗരോർജ്ജവും സൈബോർഗിക് ബന്ധങ്ങളും മാത്രമല്ല. അത് സ്‌നേഹത്തിന്റെയും നഷ്ടബോധത്തിന്റെയും നിരാശയുടെയും, അനുതാപത്തിന്റെയും കാര്യമാണ് എന്നാണു തോമോത്തി മോർട്ടന്റെ "ഇക്കോളജിക്കൽ തോട്ട്' എന്ന വിമർശസമീപനം പറയുന്നത്. അതിനു വിഷാദരോഗവും ചിത്തഭ്രമവൃത്തികളുമായി ബന്ധമുണ്ട്. അതിനു കാപ്പിറ്റലിസവും അതിനു ശേഷമുള്ള ജീവിതവുമായി ബന്ധമുണ്ട്. അതിൽ അസ്തപ്രജ്ഞമാകാതെ അത്ഭുപ്പെടാനുള്ള കഴിവുണ്ട്, അതിന്റെ വീണ്ടെടുപ്പ് ഉണ്ട്. അതിനു സംശയങ്ങളും ആശങ്കകളും ഉണ്ട്. ആഹ്ലാദം, മിഴിവ്, മുഷിപ്പ്, വൈചിത്ര്യം, വേദന ഒക്കെയുണ്ട്. പ്രത്യയശാസ്ത്രങ്ങളും അവയുടെ വിമർശവുമുണ്ട്. വംശീയതയും ലിംഗവിവേചനവും ലൈംഗികതയുമായി അത് രാഷ്ട്രീയമായി ബന്ധപ്പെടുന്നു. അതിന് സ്വത്വവും അതിന്റെ നൂറായിരം കഷ്ടതകളുമായി ബന്ധമുണ്ട്. അതിനു സമൂഹവുമായും സഹവർത്തിത്വവുമായും ബന്ധമുണ്ട്.

തന്റെ വംശ ശരീരത്തെ സർവ്വ മഹത്വത്തിന്റെയും കേന്ദ്രമാക്കിക്കൊണ്ട് എല്ലാക്കാലത്തും പുരുഷനായ മനുഷ്യൻ കണ്ടിരുന്ന സ്വപ്നങ്ങളുടെയും പ്രതിനിധാനങ്ങളുടെയും മണ്ഡലമായിട്ടാണ് കല നമുക്കിടയിൽ ഏറെയും നിലനിൽക്കുന്നത്. ഇത്തരം മനുഷ്യനെ ഇങ്ങനെ സർവ്വമഹത്വത്തിന്റെയും കേന്ദ്രമാക്കാമോ എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. പക്ഷേ അങ്ങനെയൊരു ചോദ്യം ഉയർത്തുന്നത് തന്നെ കലാകാരർ എന്ന പൗരസംവർഗ്ഗത്തെ ഒന്ന് അഴിച്ചുപണിയുന്നതിന് വേണ്ടിയാണ്. അധികാരശീലങ്ങളുടെയും അന്യവൽക്കരണങ്ങളുടെയും ആലഭാരങ്ങൾ ഉപേക്ഷിച്ച്, അനുഭൂതികൾ, അത്ഭുതങ്ങൾ, സഹജീവനം, ഇണക്കം തുടങ്ങിയ കുറേക്കൂടി പ്രാഥമികമായ ചില പരിഗണനകൾ കൊണ്ട് കലയും കലാകാരത്വവും തിരിച്ചറിയാമോ, അതുവഴി ഈ ഭൂമിയിൽ മനുഷ്യജീവിതം കുറേക്കൂടി സാധ്യമാകുമോ എന്ന് നോക്കാനുമാണത്.

ഒരുപക്ഷേ ഇപ്പറയുന്നതിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി, ഇങ്ങനെയൊരു സാധ്യതയെപ്പറ്റിയുള്ള ആലോചന തന്നെ ഒരു വ്യാമോഹമാണെന്നുള്ള മുൻവിധിയാണ്. കലയിൽ ഉന്മേഷം പകരുന്ന സാമ്പത്തികവ്യവസ്ഥയ്ക്ക് മറ്റൊരു രീതിയിൽ പ്രവർത്തിക്കാനാകില്ലെന്നുള്ള മുൻവിധിയാണ്.

ഇതിന് രണ്ട് പ്രതിരോധങ്ങൾ സാധ്യമാണ്.

ചേക്കുട്ടിപ്പാവ

ഒന്ന് ഒരുതരം ആധിപത്യവ്യവസ്ഥയും കലയുടെ ഭാവനാകേന്ദ്രമല്ല എന്ന പൂർണ്ണബോധ്യമാണ്. കാപ്പിറ്റലിസവും മതരാഷ്ട്രീയവും ഊറ്റിയെടുക്കുന്ന ആധുനികമൂല്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പണാധിപത്യ വ്യവസ്ഥയെ ആശ്രയിക്കുന്നതിലല്ല, വസ്തുതാപരമായി സമീപിക്കുന്നതിലാണ് കലയുള്ളത്. കാരണം ഭാഷ പോലെ, പണവും ഒരു പ്രതീകാത്മകമൂല്യമാണല്ലോ. അതിന്റെ പ്രവർത്തനരൂപങ്ങൾ പ്രയോഗംകൊണ്ട് മാത്രം മൂല്യം ഉളവാക്കുന്നതാണ്. നിലനിൽക്കുന്ന കച്ചവട ബന്ധമാതൃകകളിൽ നിന്ന് വ്യത്യസ്തമായി പണത്തെ / മൂല്യത്തെ ഉപയോഗിക്കാനുള്ള സാധ്യതകൾ ഇനിയും നിലനിൽക്കുന്നുണ്ട്.

രണ്ട്, രാഷ്ട്രീയവും സാമ്പത്തികവുമായ കോളനീകരണം കൊണ്ട് നമുക്കിടയിലെ കലയുടെ ആവാസവ്യവസ്ഥയെ ആകമാനം വഴിതെറ്റിച്ച കലാചരിത്രത്തെ, മൂല്യാധിഷ്ഠിതമായ ജ്ഞാനവ്യവഹാരമായി വികസിപ്പിക്കുക. അത് ബദൽമൂല്യങ്ങൾ സൃഷ്ടിക്കും. അങ്ങനെ ഉണ്ടാകുന്ന കലയുടെ പൗരസംവർഗ്ഗത്തിൽ മനുഷ്യർ മാത്രമല്ല, സന്ദർഭങ്ങൾ, പ്രവൃത്തികൾ, രാഷ്ട്രീയവിമർശം, വസ്തുക്കൾ, ജൈവപ്രതിഭാസങ്ങൾ, ആകാശഗോളങ്ങൾ, വൈകാരികാവസ്ഥകൾ തുടങ്ങി പലതും തുല്യ പ്രാധാന്യമുള്ള കലാകർത്തൃത്വങ്ങൾ ആയിരിക്കും. അത് കലയുടെ പാരിസ്ഥിതികമായ ഇച്ഛാശക്തിയായി മറ്റൊരു ഭാവനയിൽ പ്രവർത്തിക്കും. കോവിഡ് കലയുടെ ഒരു പുതിയ സന്ദർഭമാകുന്നത് അങ്ങനെയാണ്.

ഇപ്പോഴും കോവിഡ് കാലത്ത്, അതിനു ശേഷമുള്ള ലോകത്തെ ഭ്രമിപ്പിക്കാൻ തക്ക ഇൻസ്റ്റലേഷനോ റോബോട്ടിക് അത്ഭുതമോ ആലോചിക്കുന്ന കൂട്ടരുണ്ടാകും. എന്നാൽ വരുംവരായ്കകളെപ്പറ്റി ചിന്തിക്കാൻ പോലും സമയമില്ലാത്ത വിധം അതിജീവന ശ്രമങ്ങളിൽ പെട്ടിരിക്കുന്ന കലാകാര മനുഷ്യരും ഉണ്ട്. 2018 ലെ പ്രളയകാലത്ത് കേരളത്തിൽ നശിച്ചുപോയ ഒരു കൈത്തറികേന്ദ്രത്തെ ഉജ്ജീവിപ്പിച്ച് ജനങ്ങൾക്കിടയിൽ ഉന്മേഷം പരത്തിയ ചേക്കുട്ടിപ്പാവയെപ്പോലെ പലതും ഉണ്ടാകും. പലരും പെട്ടെന്ന് തന്റെ സവിശേഷ പദവിമൂല്യമൊക്കെ മറന്നു കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലേക്ക് ഉൾവിളികൾ ലഭിച്ച് ഇറങ്ങിപ്പോകുന്നു. യു കെ യിലെ ദേശീയ ആരോഗ്യ പ്രവർത്തകർക്ക് പകർച്ചവ്യാധി രക്ഷാകവചങ്ങളായ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്തിലേക്കുള്ള "തുണി വെട്ടുന്ന ഹബ്ബ്' നുവേണ്ടുന്ന ആൾസഹായം, പെട്ടെന്ന് സ്വരൂപിച്ചെടുത്ത മൈക്ക ബോം എന്ന കലാകാരി എഴുതുന്നു -
"ചില നിമിഷങ്ങളിൽ ആലോചിച്ചുപോകുന്നു, ഇപ്പോൾ ജീവിക്കുന്നത് ഒരുതരം കലയിൽ അല്ലെ? ഞാൻ കലാകാരി ആയതുകൊണ്ടാണോ ഈ പ്രവൃത്തി കലയാണെന്ന് തോന്നുന്നത്? മനുഷ്യരുടെ ഉദാരമനസ്‌ക്കതയുടെ അത്ഭുതകരമായ ശേഷിയെപ്പറ്റി ആലോചിച്ചുപോകുന്നു : ഇങ്ങനെയൊരു കൂട്ടായ്മക്കുള്ള സാധ്യത ഇവിടെ ഉണ്ടായിരുന്നതു തന്നെ ഇപ്പോഴാണറിയുന്നത്. ഇവിടെ പ്രാദേശിക കച്ചവടക്കാർ കിറ്റുകൾ കടം തന്നു. കാരണം ദേശീയ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ, അതുവഴി മനുഷ്യവംശത്തിന്റെ തന്നെ സംരക്ഷണം എന്ന ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടേണ്ടത്തിന്റെ ആവശ്യം അവർക്കറിയാം. എന്തെങ്കിലും മുതലിറക്കി ചിന്തിക്കാൻ നേരം കിട്ടിയിരുന്നെങ്കിൽ, ഇങ്ങനെയൊരു പദ്ധതി ഞാൻ തുടങ്ങുമായിരുന്നില്ല. ഈ ഹബ് ഒരു ബദൽ സാമ്പത്തിക മാതൃക എങ്ങനെയാകണം എന്നതിന്റെ ഒരു ഉദാഹരണമാകാം എന്ന് ഞാനിപ്പോൾ കരുതുന്നു.'
മറ്റൊരു രീതിയിൽ പെരുമാറുന്ന ഒരു സാമ്പത്തിക സമൂഹത്തിനു വേണ്ടിയുള്ള ചിന്തയിലാണ് ഈ പദ്ധതി ഒരു കലാപ്രവർത്തനം ആണോ എന്നതിനുള്ള ഉത്തരം കിടക്കുന്നത്.

Comments