എഫ്. എൻ. സൂസ, അക്ബർ പദംസി

കലയുടെ വിധികർത്താക്കൾക്കുമേൽ
നഗ്നശരീരങ്ങളുടെ പ്രഹരശേഷി

ആൺകോയ്മക്കെതിരെയും അതിന്റെ ഹോമോഫോബിയക്കെതിരെയും പ്രവർത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു ഭാഷയാണ് നൂഡ്. അങ്ങനെ പ്രവർത്തിക്കേണ്ടവർക്ക് നൂഡ് ഒരു കലാഭാഷാഘടകം എന്ന നിലയിൽ ഇനിയും ചെയ്യേണ്ടതായ ആവശ്യമുണ്ട്- ഡോ. കവിത ബാലകൃഷ്ണൻ എഴുതുന്നു.

ന്ത്യൻ ആധുനികകലയുടെ ചരിത്രത്തിലെ സർവ്വാദരണീയമായ സൃഷ്ടികളായി കണക്കാക്കപ്പെടുന്നതാണ് എഫ്. എൻ. സൂസയുടേതും അക്ബർ പദംസിയുടേതും. 2024 ജൂലൈ ഒന്നിന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഇന്ത്യൻ കസ്റ്റംസ് ഇവരുടെ ചില പെയിന്റിങ്ങുകളെ ‘obscene category’- യിൽ പെടുത്തുകയും അവ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽനിന്ന് തടഞ്ഞുവയ്ക്കുകയും ചെയ്തു.

2022- ൽ ലണ്ടനിലെ Roseberys, സ്കോട്ട്ലന്റിലെ Turnbull എന്നീ കലാലേലക്കമ്പനികൾ വാങ്ങിവച്ചിരുന്ന ഏഴ് ‘നൂഡ്’ ആർട്ട് വർക്കുകൾക്കാണ് ഇറക്കുമതിതടസ്സം നേരിട്ടത്. വിചിത്രമായ ആ നടപടി, ഫലത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ആധുനിക കലയെക്കുറിച്ചുള്ള കലാവിദഗ്ധരുടെ പൊതുധാരണയെ വെല്ലുവിളിക്കുന്ന ഒന്നായിരുന്നു. തുടർന്നുണ്ടായ കോടതിവ്യവഹാരത്തിൽ, 2024 ഒക്ടോബർ 26-ന്, ബോംബെ ഹൈക്കോടതിയുടെ വിധി വന്നു. പിടിച്ചുവയ്ക്കപ്പെട്ട ‘നൂഡ്’ ആർട്ട് വർക്കുകൾ ഉടൻ വിടുതൽ ചെയ്യാനായിരുന്നു ഉത്തരവ്.
‘എല്ലാ നൂഡ് പെയിന്റിങ്ങുകളെയും അശ്ലീലമാണെന്ന് വിശേഷിപ്പിച്ചുകൂടാ’ എന്നും, ലൈംഗികതയും അശ്ലീലവും എല്ലായ്പ്പോഴും സമാനാർത്ഥകങ്ങളല്ല എന്നു മനസ്സിലാക്കി കലയെ വിലമതിക്കുന്ന കാര്യത്തിൽ കസ്റ്റംസ് വകുപ്പിന് വീഴ്ച പറ്റിയതായും കോടതിവിധിയിൽ വിശദമാക്കി.

എഫ്. എൻ. സൂസയുടെ ചിത്രം
എഫ്. എൻ. സൂസയുടെ ചിത്രം

നഗ്നതയുമായി ബന്ധപ്പെട്ട അശ്ലീലാരോപണം ഉയരുന്ന സന്ദർഭങ്ങളിലൊക്കെ ഉണ്ടായിവരുന്ന ഇത്തരം വിധിന്യായങ്ങളുടെ ഒരു ഗുണം, അവ അവയുടെ അധികാരപരിധിക്കുള്ളിൽ ആവിഷ്ക്കാര സ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങളിൽ, സിവിൽ സമൂഹത്തിൽ പൊതുസമ്മതം സൃഷ്ടിച്ചെടുക്കുന്ന കലയെക്കുറിച്ചുള്ള ആധികാരികതയുടെ മുൻമാതൃകകൾ സ്ഥാപിക്കുന്നു എന്നതാണ്. ആധുനിക കലയെക്കുറിച്ചുള്ള കലാവിദഗ്ധരുടെ പൊതുധാരണകൾ അട്ടിമറിക്കപ്പെടുമ്പോഴൊക്കെ, അവ കലാകാരരുടെയും കലാലോകത്തിന്റെ തന്നെയും പൊതുവിടങ്ങളുമായുള്ള സംഘർഷങ്ങൾക്ക് അയവുവരുത്തുന്നു.

ഒരു ഉദാഹരണം പരിഗണിക്കാം. 2004-ൽ എം. എഫ്. ഹുസൈൻ ഒരു സ്വകാര്യ ആർട്ട് കളക്ടർക്ക് വിറ്റതാണ്, ‘ഭാരതമാത’ എന്ന് പിന്നീട് തലക്കെട്ടിട്ട ചിത്രം. 2006- ൽ ഒരു ഓൺലൈൻ ചാരിറ്റി ലേലത്തിൽ പരസ്യമാക്കപ്പെട്ടപ്പോൾ അത് രാജ്യത്ത് വിവിധയിടങ്ങളിൽ അന്യായം ഫയൽ ചെയ്യാനിടയാക്കി. അശ്ലീലവസ്തുവകകൾ വിതരണം ചെയ്തു, അശ്ലീലകരമായ പ്രവൃത്തിയിൽ ഏർപ്പെട്ടു. മതവികാരം വ്രണപ്പെടുത്തി എന്നിവയായിരുന്നു കുറ്റം. വർഷങ്ങൾ നീണ്ട വിചാരണകൾക്കൊടുവിൽ, കല സുപ്രധാനമായ ഒരു ആവിഷ്ക്കാരോപാധിയാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വിധി പ്രസ്താവിച്ചു.

പൊതുമര്യാദയ്ക്കും ധാർമ്മികതയ്ക്കും നിന്ദ്യമായ അശ്ലീലം സംരക്ഷിക്കപ്പെടുന്നില്ല. ഐ.പി.സിയുടെ 292-ാം വകുപ്പ്, പാരഗ്രാഫ് 31 അനുസരിച്ച്, ഒരു മെറ്റീരിയൽ അശ്ലീലമായി പരിഗണിക്കപ്പെടുന്നത് മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്:
“(i) അത് കാമവികാരമാണെങ്കിൽ.
(ii) ലൈംഗിക കാര്യങ്ങളിൽ, പ്രത്യേകിച്ച് മറ്റുള്ളവരുടെ ലൈംഗിക പ്രവർത്തനങ്ങളിൽ അമിതമായ താൽപര്യം പുലർത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ.
(iii) ആ മെറ്റീരിയൽ വായിക്കാനോ കാണാനോ കേൾക്കാനോ സാധ്യതയുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും ദുഷിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ”.

ഒരു സാമൂഹ്യവിരുദ്ധനോ വിഘടനവാദിയോ ദേശവിരുദ്ധനോ ഒന്നുമല്ലാതെ തന്നെ ഒരു വ്യക്തിക്ക് അവരെ നിയന്ത്രിക്കുന്ന എല്ലാ സാമൂഹികക്രമങ്ങളെയും സർഗ്ഗാത്മകവും മാനവികവുമായി അട്ടിമറിക്കാൻ സാധിക്കുന്ന ഭാവനയുടെ സാദ്ധ്യതയാണ് ‘ആധുനിക കലാകാരത്വം’ മുന്നോട്ടുവച്ചത്.

പക്ഷേ അശ്ലീലത്തെക്കുറിച്ചുള്ള ചോദ്യവുമായി ബന്ധപ്പെട്ട് കലാപരമായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും സന്തുലിതമാക്കണമെന്നും അപ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട പരിഗണനകൾ ഇവയാണെന്നും ആ വിധിയിൽ പറയുന്നുണ്ട്:
(i) സമകാലിക ആചാരങ്ങളും ദേശീയ നിലവാരങ്ങളും.
(ii) കലയും അശ്ലീലവും ഇടകലർന്നിടത്ത്, കലാംശം മുൻകൈയ്യെടുക്കുന്നതും അശ്ലീലം നിസ്സാരപ്പെട്ടുമായിരിക്കണം കാണേണ്ടത്.
(iii) സാമാന്യബുദ്ധിയും വിവേകവുമുള്ള ഒരു സാധാരണ വ്യക്തിയുടേതായിരിക്കണം ഈ പര്യാലോചനകൾ.
(iv) മെറ്റീരിയൽ പൊതുതാൽപ്പര്യത്തിനാണെങ്കിൽ, അത് സ്വതന്ത്രമായ സംസാരത്തിനുള്ള അവകാശത്തിന് കീഴിൽ സംരക്ഷിക്കപ്പെടാം, എന്നാൽ പൊതുതാൽപ്പര്യം മുൻനിർത്തിയല്ലാത്ത അശ്ലീലം സംരക്ഷിക്കപ്പെടുന്നില്ല.

‘‘നഗ്നതയോ അർദ്ധനഗ്നതയോ എന്ന ചോദ്യം ഉയർന്നുവരുമ്പോൾ, കലാകാരരുടെ വീക്ഷണം പോലെ, പ്രത്യേക ഭാവങ്ങളും ചുറ്റുപാടുമുള്ള സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും, കല അതിന്റെ സവിശേഷഗുണങ്ങളാൽ ധ്വനിപ്പിക്കുന്ന അർത്ഥം ആ നിലയ്ക്ക് പരിഗണിക്കാതെ, ഒറ്റപ്പെട്ടു കാണരുത്” എന്നും ആ ഹൈക്കോടതിവിധി സൂചിപ്പിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഹുസൈൻ വരച്ച ആ ചിത്രത്തിൽ ഐ.പി.സി 292-ാം വകുപ്പ് ലംഘിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.

എം.എഫ്. ഹുസൈൻ വരച്ച ചിത്രം
എം.എഫ്. ഹുസൈൻ വരച്ച ചിത്രം

ഇവിടെ ഉയരുന്ന മർമ്മപ്രധാനമായ ചോദ്യമുണ്ട്: കലയെക്കുറിച്ചുള്ള വിധി കൽപ്പിക്കാൻ ആർക്കാണവകാശം?
കലാകാരർക്ക്?
കലാനിരൂപകർക്ക്?
കലാസൃഷ്ടി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർക്ക്?
കല വിനിമയം ചെയ്യുന്നതും പഠിപ്പിക്കുന്നതുമായ സ്ഥാപനരൂപങ്ങൾക്ക്?
അതോ, ഈ വിദഗ്ധരുടെ വിധിയെഴുത്തൊന്നും കാര്യമാക്കാതെ കലയെ തങ്ങൾക്കിഷ്ടമുള്ളത് പോലെ ആരാധിക്കുകയോ ആഘോഷിക്കുകയോ ആക്രമിക്കുകയോ ചെയ്യാം, ആധുനികകലയുടെ നിർണ്ണയങ്ങൾക്ക് പുറത്തുള്ള മതപരവും രാഷ്ട്രീയവുമായ മൂല്യങ്ങൾക്ക് ആധുനിക കലയെയും വിധേയപ്പെടുത്താം എന്നു കരുതുന്ന ‘സമൂഹം’ എന്നൊരു അമൂർത്ത കൽപ്പനയ്ക്കാണോ ആ അധികാരം? അത്തരം ആൾക്കൂട്ടത്തിന്? അതുമല്ലെങ്കിൽ ഈ പറഞ്ഞ എല്ലാവർക്കും മേലെ ഭരണകൂടപരമായ അധികാരം വഹിക്കുന്ന ഉദ്യോഗസ്ഥർക്കും നീതിപീഠങ്ങൾക്കുമാണോ കലയുടെ ഭാഷയെക്കുറിച്ച് ആത്യന്തിക തീരുമാനം പറയാനും മുൻമാതൃകകൾ സൃഷ്ടിക്കാനുമുള്ള അവകാശം?

കലയെക്കുറിച്ചുള്ള വിധിയെഴുത്ത്, ഈ പറയുന്നവരുടെയെല്ലാം പല അടരിലുള്ള, പല ആഘാതശേഷിയുള്ള ഇടപെടലിലൂടെയാണ് നടക്കുന്നത് എന്നതാണ് ഒരു വാസ്തവം. എന്നാൽ 20-ാം നൂറ്റാണ്ടിലെ ആധുനിക കലാവ്യവഹാരങ്ങൾ സമൂഹവുമായി ഉണ്ടാക്കിയ ഉടമ്പടി കലാകാരവ്യക്തിയുടെ അനന്യതയാണ് ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചത്.

‘ആധുനിക കലാകാരത്വം’
മുന്നോട്ടുവച്ച സാദ്ധ്യതകൾ

സാമൂഹിക ബന്ധങ്ങളുടെയും സിവിൽ സമൂഹത്തിന്റെയും ഇടപെടലുകൾക്കപ്പുറം പ്രവർത്തിക്കുന്ന സവിശേഷവും മൗലികവുമായ വ്യക്തിസത്താവിശേഷത്തിലും സൃഷ്ടിയുടെ സ്വയംഭരണശേഷിയിലുമാണ് കലയുടെ ഉദ്ഭവം എന്നാണ് ആധുനിക കല പ്രയോഗത്തിലാക്കിയ വാദം. അപ്പോൾ, കലയെക്കുറിച്ച് വിധി കൽപ്പിക്കാനുള്ള അവകാശം കലാകാരർക്കു മാത്രമാണ്. ജനപ്രിയതക്കോ, ആൾക്കൂട്ടത്തിനോ, കോടതിക്കോ പോയിട്ട് കലാനിരൂപകർക്കുപോലും ആത്യന്തികമായി ആ അവകാശം ഇല്ലെന്നതാണ് കലാകാരരുടെ വ്യക്തിവാദപരമായ നിലപാട്. കാരണം, ‘ആധുനിക കലാകാരരും അവരുടെ കലാസൃഷ്ടിയും’ എന്നത് സാമൂഹികബന്ധങ്ങളുടെ നിയന്ത്രണത്തിനപ്പുറം ഉയർന്നുനിൽക്കുന്ന അദ്ഭുതകരമായ ഒരു വ്യക്തിപ്രതിഭാവിശേഷമാണ്. ഇങ്ങനെയൊരു വ്യക്തിത്വം ‘അസാമൂഹിക’മാണെന്നു തോന്നാം.

20-ാം നൂറ്റാണ്ടിന്റെ ‘ആധുനികതാ പ്രസ്ഥാനങ്ങൾ’ സമൂഹത്തിൽനിന്ന് അന്യനാകുന്ന കഥാപാത്രമായി കലാകാരരെ സ്ഥാനപ്പെടുത്താറുണ്ട്. എന്നാൽ ‘ആധുനിക കലാകാരർ’ അവരുടെ നിലവിൽവരലും, നിലനിൽപ്പും കൊണ്ടുതന്നെ അനന്യമായ ഒരു സാമൂഹികസാദ്ധ്യത തുറക്കുന്നുണ്ടായിരുന്നു എന്നതാണ് അതിലെ വളരെ വൈരുദ്ധ്യാത്മകമെന്നു തോന്നാവുന്ന ഒരു വശം. ഒരു സാമൂഹ്യവിരുദ്ധനോ വിഘടനവാദിയോ ദേശവിരുദ്ധനോ ഒന്നുമല്ലാതെ തന്നെ ഒരു വ്യക്തിക്ക് അവരെ നിയന്ത്രിക്കുന്ന എല്ലാ സാമൂഹികക്രമങ്ങളെയും സർഗ്ഗാത്മകവും മാനവികവുമായി അട്ടിമറിക്കാൻ സാധിക്കുന്ന ഭാവനയുടെ സാദ്ധ്യതയാണ് ‘ആധുനിക കലാകാരത്വം’ മുന്നോട്ടുവച്ചത്.

സാമൂഹ്യനിയന്ത്രണങ്ങൾക്കു മുകളിൽ സർഗ്ഗാത്മകത അതിന്റെ മാനവിക മുഖത്തോടെ ഉയർന്നുജീവിച്ചതിന്റെ ചരിത്രം നമ്മൾ ഇപ്പോൾ രേഖപ്പെടുത്തുന്നതേയില്ല. അതിനാൽ സാമാന്യം അഭ്യസ്തവിദ്യരായ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുപോലും ഐതിഹാസികമായ ആധുനിക കലാസൃഷ്ടികളുടെ പ്രാധാന്യം മനസ്സിലാകുന്നില്ല.

പക്ഷേ, ഇത്തരത്തിൽ സ്വയംഭരണശേഷി തങ്ങൾക്കുണ്ടെന്ന് ഇന്ന് കലാകാരർ കരുതുന്നുണ്ടോ? ആ ഉദ്ധൃതതുംഗപദത്തിൽ കൂസലില്ലാതെ വിരാജിക്കുന്നവരാണ് തങ്ങൾ എന്ന നിലപാടിൽ മൗലികമായ ഒന്നിന്നുവേണ്ടി ശ്രമിക്കണമെന്ന് തോന്നിപ്പിക്കുന്ന അന്തരീക്ഷമാണോ ഇന്ന് കലയുടെ പലവിധ - അക്കാദമിക് - മ്യൂസിയം - ഗാലറി – ബിനാലെ കേന്ദ്രങ്ങളിൽ ഉള്ളത്? കോടതിവിധികളും, ക്യൂറേറ്ററും ആർട്ട് ഡീലർമാരും മുതൽ മതവും സദാചാരവും ആൾക്കൂട്ട ജനപ്രിയമൂല്യങ്ങളും വരെ എല്ലാ പരുന്തുകളും കലാകാരർക്കു മുകളിൽ വട്ടമിട്ടു പറക്കുന്നില്ലേ? കലയെ ചരക്കുവൽക്കരിക്കാൻ ആവശ്യമായ വിധത്തിൽ സ്തുതിപാടലോ പ്രദർശനവേദിയിലെ ലേബൽ ആകുന്ന വിശദാംശമെഴുത്തോ അല്ലാതെയുള്ള ദാർശനികവും ചരിത്രപരവുമായ എല്ലാ കലാനിരൂപണത്തിന്റെ നാവും അരിഞ്ഞിരിക്കുന്നു. പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും കലാനിരൂപണമില്ല. പൊതുവിൽ ലോകമെങ്ങും അക്കാദമിക് സമൂഹങ്ങളിൽ ഹ്യുമാനിറ്റീസ് ഗവേഷണങ്ങൾക്കുള്ള ഫണ്ടിങ് വെട്ടിക്കുറക്കപ്പെട്ടതിനാൽ കലാചരിത്രമെഴുത്തിന് യാതൊരു പ്രോത്സാഹനവുമില്ല.

ചുരുക്കിപ്പറഞ്ഞാൽ, ‘ആധുനിക കലാകാരരെ’ ആർക്കും ഓർമയില്ല. സാമൂഹ്യനിയന്ത്രണങ്ങൾക്കു മുകളിൽ സർഗ്ഗാത്മകത അതിന്റെ മാനവിക മുഖത്തോടെ ഉയർന്നുജീവിച്ചതിന്റെ ചരിത്രം നമ്മൾ ഇപ്പോൾ രേഖപ്പെടുത്തുന്നതേയില്ല. അതിനാൽ സാമാന്യം അഭ്യസ്തവിദ്യരായ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുപോലും ഐതിഹാസികമായ ആധുനിക കലാസൃഷ്ടികളുടെ പ്രാധാന്യം മനസ്സിലാകുന്നില്ല.

കലയുടെ സ്വയംഭരണമെന്നത് നഷ്ടപ്പെട്ട പൈതൃകമായോ? ഉദ്യോഗസ്ഥർക്ക് ധാരണയില്ലെന്നത് പോകട്ടെ, രാജ്യത്തെ കലാദ്ധ്യാപകർക്കും കലാവിദ്യാർത്ഥി യൗവനങ്ങൾക്കും പോലും കലയുടെ സ്വയംഭരണശേഷിയെക്കുറിച്ച് ധാരണയില്ലാതായിവരുന്നോ?

അക്ബർ പദംസിയുടെ ചിത്രം
അക്ബർ പദംസിയുടെ ചിത്രം

2024 സെപ്റ്റംബർ 17-ന്, ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്‌സിൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയായ അനസ് അബൂബക്കർ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സംഭവം ഇങ്ങനെ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നുള്ള ഉദ്ധരണി ഇതാ:

‘‘എം എഫ് എ പെയിൻ്റിങ്ങിന്റെ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ നേരിട്ട ഒരനുഭവം പറയാം. തൃശ്ശൂരിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ ബി എഫ് എ കാലത്ത് ഞാൻ വികസിപ്പിച്ചെടുത്ത ശൈലി രൂപത്തിലും രചനയിലും ചെറിയ തോതിലാണ്. ഡൽഹിയിൽ ബിരുദാനന്തര പഠനത്തിന് എത്തിയപ്പോൾ വലിയ തോതിലുള്ള ചിത്രങ്ങൾ ചെയ്യാൻ എനിക്കാഗ്രഹമുണ്ടായി. എന്റെ അമ്മ, സംഗീതം, ആദർശബോധം, കുട്ടിക്കാലം മുതൽ ഞാൻ വിലമതിക്കുന്ന സ്വതന്ത്ര മനോഭാവം എന്നിവയുമായി എന്നെ ബന്ധിപ്പിക്കുന്ന വളരെ വ്യക്തിപരമായ ഒന്നിലേക്ക് എന്റെ പെയിൻ്റിംഗ് പുനഃക്രമീകരിക്കാൻ ഞാനാഗ്രഹിച്ചു. ഒരു ഭാഷയ്‌ക്കായുള്ള എന്റെ അന്വേഷണത്തിൽ, ഒരു സ്ത്രീശരീരത്തെ മുൻനിർത്തി, മനുഷ്യന്റെ ശാരീരികമായ മാസ്മരികതയിലും വ്യത്യസ്ത സംഗീത മൂഡുകളിലേക്കുള്ള സംക്രമണത്തിലും പ്രവർത്തിക്കുന്ന ഒരു രൂപം ഞാൻ ചിത്രീകരിക്കാൻ ഇടയായി. നിർഭാഗ്യവശാൽ, കഴിഞ്ഞ ദിവസം 'നഗ്നചിത്രം' വരയ്ക്കുന്നതിനെതിരെ എന്റെ അധ്യാപിക എനിക്ക് മുന്നറിയിപ്പ് നൽകുകയും അത് ആ സ്ഥാപനത്തിൽ അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു ഘട്ടത്തിൽ നഗ്നചിത്രം വരയ്ക്കുന്നത് അനിസ്ലാമികമാണെന്ന് അറിയിച്ചു. അമുസ്‌ലിം വിദ്യാർത്ഥികൾക്കും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ ഇടപെടലുകളും 'വിശദീകരിക്കപ്പെട്ട കാരണങ്ങളും' ഒരു കലാവിദ്യാർത്ഥി എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തുന്നതായി തോന്നി. ഈ സ്ഥാപനത്തിൽ വിദ്യാർഥികൾ നൂഡ് വരയ്ക്കുക എന്ന പതിവില്ലത്രേ. ഒരു അധ്യാപികയുടെ ഉപദേശം എന്ന നിലയിൽ ഞാൻ അത് ബഹുമാനത്തോടെ സ്വീകരിച്ചു, പക്ഷേ ഞാൻ ആ പെയിൻ്റിംഗിൽ ജോലി അതേപടി തുടർന്നു, കാരണം മറ്റാരുടെയും ഇടം ലംഘിക്കില്ലെന്ന് ഉറപ്പുള്ള വിധത്തിൽ എനിക്ക് എന്റെ കലാപരമായ സ്വാതന്ത്ര്യം വിനിയോഗിക്കണം. എന്നാൽ ഇന്ന് രാവിലെ ഞാൻ വരച്ച മനുഷ്യരൂപത്തിന്റെ പ്യൂബിക് ഭാഗത്തും പൊക്കിളിലും മുലയിലും അജ്ഞാതമായ ചുവപ്പും കറുപ്പും അടയാളങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പെട്ടെന്ന് ഞാൻ വരച്ച ശരീരാനുഭവം ഒരു അശ്ലീല ശരീരത്തിലേക്ക് വളച്ചൊടിച്ചതായി തോന്നി. എന്റെ പെയിൻ്റിംഗിന്റെ വല്ലാത്ത അപമാനിതമായ ഈ അവസ്ഥ ക്യാമറയിൽ രേഖപ്പെടുത്താൻ എനിക്ക് കഴിഞ്ഞുവെങ്കിലും അത് വീണ്ടും നോക്കുന്നത് എനിക്ക് വളരെ സങ്കടകരമായിരുന്നു. ഈ നിമിഷം എനിക്ക് വല്ലാതെ അപമാനിക്കപ്പെട്ടതായി തോന്നുന്നു. ഈ പെയിൻ്റിംഗിന്റെ ജോലി നിർത്താൻ ഞാൻ തീരുമാനിച്ചു. ഇത് ഏതോ അജ്ഞാതനായ Mr.Predator വൃത്തികേടാക്കിയ ഒരു പെയിൻ്റിംഗ് ആയി മാറിയിരിക്കുന്നു. ഇത് എനിക്ക് നേരത്തെ ലഭിച്ച മുന്നറിയിപ്പിന്റെ ബാക്കിയായിരിക്കണം. യഥാർത്ഥത്തിൽ, എന്റെ കലാസൃഷ്ടിയിൽ മനുഷ്യശരീരത്തെ അത്തരമൊരു രീതിയിൽ കൈകാര്യം ചെയ്യാനുള്ള എന്റെ ഉദ്ദേശ്യങ്ങൾ രൂപപ്പെടുന്നതെയുള്ളൂ. ആ സമയവും സ്വാതന്ത്ര്യവും കണക്കിലെടുത്ത് ഞാൻ അത് നന്നായി പ്രകടിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. ഈ പെയിൻ്റിംഗിൽ സത്യത്തിൽ ഞാൻ നഗ്നതയോ അശ്ലീലമോ കാണിക്കുകയല്ല, എന്റെ സംഗീത ആശയങ്ങളും ആത്മീയ അനുഭവങ്ങളും കൈകാര്യം ചെയ്യുകയായിരുന്നു’’.

ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്‌സിൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയായ അനസ് അബൂബക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം.
ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്‌സിൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയായ അനസ് അബൂബക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം.

നഗ്നത അശ്ലീലമായതിന്റെ ചരിത്രം

‘എല്ലാ നൂഡ് പെയിന്റിങ്ങുകളും അശ്ലീലമല്ല’ എന്നാണ് സൂസയുടെയും പദംസിയുടെയും ചിത്രങ്ങളെ മുൻനിർത്തി കോടതി ഓർമ്മിപ്പിച്ചത്. നഗ്നതയെ അശ്ലീലമെന്ന പരികൽപ്പനയുമായി നമ്മൾ കൂട്ടിക്കെട്ടാൻ തുടങ്ങിയതെപ്പോഴാണ്?

നഗ്നത ‘ശരീരത്തിന്റെ വസ്ത്രനിരപേക്ഷമായ ഉണ്മ’യാണ് എന്ന നിലയിലുള്ള ഒരു സവിശേഷാശയമെന്ന നിലയിൽ ഉരുത്തിരിയുന്നത് യൂറോപ്പിലാണ്. അതുകൊണ്ട് കലാചരിത്രത്തിൽ നൂഡ് ഒരു ശരീരം മാത്രമല്ല, ഒരു ‘ഫോം’ ആണ്. ശരീരം എന്ന നിലയിൽ മാത്രം കാണുമ്പോൾ അത് വസ്ത്രം കൊണ്ടോ ആഭരണം കൊണ്ടോ പ്രത്യേകം ധ്വനിപ്പിക്കപ്പെടുന്ന ഉടൽഭാഗമേ ആകുന്നുള്ളൂ. ശരീരത്തിന് അങ്ങനെ വേറെ കുറെ അനുഭവ പരിസരമുണ്ട്. നൂഡ് ഈ അനുഭവപരിസരങ്ങളെയോ നാണത്തെയോ ഒക്കെ കവിഞ്ഞിട്ട് ഒരു ബൗദ്ധികാശയം ആയിട്ടാണ് നിൽക്കുന്നത്. നാണത്തിന്റെ ഒരു ഘടകം നൂഡിൽ ഇല്ല. നഗ്നത (naked) യിൽനിന്ന് വിവേചിച്ചിട്ടാണ് നൂഡിന്റെ നിൽപ്പ്. നഗ്നത വരുമ്പോഴേ സാമൂഹികമായ മര്യാദാ പ്രശ്നം ഉദിക്കുന്നുള്ളൂ. ‘നാണക്കേടുളവാക്കുന്ന’ (nakedness) ശരീരം ഉണ്ടാകുന്നതാകട്ടെ, വസ്ത്രം പ്രധാന മൂല്യമാകുമ്പോഴാണ്. നാണം ശരീരത്തിൽ സഹജമായി ഉള്ളതല്ല, വേറെ എടുത്തിട്ട വസ്ത്രം കൊണ്ടുള്ള സാമൂഹികജീവിതം നിമിത്തം ഉണ്ടാകുന്നതാണ്. അതുകൊണ്ട് ഒരു മനുഷ്യശരീരത്തിൽ നാണത്തിന്റെ പരിഗണന തന്നെ ഇല്ലാതാക്കുന്ന വിധത്തിൽ, വസ്ത്രത്തെ / സാമൂഹിക ജീവിതത്തെ ഒഴിവാക്കിക്കൊണ്ടുള്ള ശരീരത്തിന്റെ നിൽപ്പ് സാധ്യമാണ് എന്നതിന്റെ ഒരു ‘ആശയരൂപം’ ആണ് നൂഡ്. ആ അർത്ഥത്തിൽ യൂറോപ്പിൽ അത് പ്രാക്ടീസ് ചെയ്യാൻ ഗ്രെക്കോ- റോമൻ പൗരാണികതയിൽ സാധിച്ചിട്ടുണ്ട് എന്നത് ശരിയാണ്.

അക്ബർ പദംസിയുടെ  ചിത്രം
അക്ബർ പദംസിയുടെ ചിത്രം

പക്ഷേ അതിനുശേഷം യൂറോപ്പിലും അത് സാധിച്ചിട്ടില്ല. ഇന്ദ്രിയാനുഭവങ്ങളുടെയും ആനന്ദാസ്വാദനത്തിന്റെയും രൂപമായി എടുക്കാവുന്നവിധം ശരീരത്തെ കാണിക്കുന്നത് ക്രിസ്ത്യാനിറ്റിയിൽ വിലക്കപ്പെട്ടു. ദൈവനിർമ്മിതമായ ജൈവരൂപരഹസ്യങ്ങൾ പഠിക്കരുത്, നിരീക്ഷിക്കരുത് എന്നായി. ഇതനുസരിക്കാത്ത കല മധ്യകാലത്തുണ്ടായിരുന്നു. പക്ഷേ സുന്ദരരൂപങ്ങളായിട്ടല്ല, ചരിത്രവൽക്കരിക്കാൻ അർഹതയില്ലാത്ത വൈരൂപ്യങ്ങളായിട്ടാണ് അവ പരിഗണിക്കപ്പെട്ടത്. നാണക്കേടിന്റെയും അജ്ഞതയുടെയും അധികാരത്തിലാണ് ദീർഘകാലം നൂഡ്, വെറും വസ്ത്രമില്ലാത്ത പീഡനശരീരമായി നിലനിന്നിട്ടുള്ളത്. നവോത്ഥാന കാലത്ത് ‘വിട്രൂവിയൻ മാൻ’ എന്ന ദാവിഞ്ചി ഡ്രോയിങ് ഉണ്ടാകുന്നു. ഹ്യൂമനിസ്റ്റുകളുടെ ശരീരസങ്കൽപ്പം എന്നത് അളവിന്റെ / അഴകിന്റെ ആദർശ പുരുഷരൂപം കൊണ്ട് ഗ്രെക്കോ- റോമൻ പൗരാണികതയിലെ ആദർശരൂപത്തെ സാധൂകരിച്ചു. ആദർശരൂപ മാതൃകയെന്ന നിലയിൽ പിൽക്കാലത്ത് ‘നൂഡ്’ പെരുകുന്നുണ്ട്. അത് 16, 17 നൂറ്റാണ്ടുകളിലൊക്കെ യൂറോപ്യൻ മാസ്റ്റർപീസുകളായി പരിഗണിക്കപ്പെട്ടിട്ടുള്ള ഇറോട്ടിക് സ്ത്രീരൂപങ്ങളായിട്ടാണ്.

നഗ്നത ‘ശരീരത്തിന്റെ വസ്ത്രനിരപേക്ഷമായ ഉണ്മ’യാണ് എന്ന നിലയിലുള്ള ഒരു സവിശേഷാശയമെന്ന നിലയിൽ ഉരുത്തിരിയുന്നത് യൂറോപ്പിലാണ്. അതുകൊണ്ട് കലാചരിത്രത്തിൽ നൂഡ് ഒരു ശരീരം മാത്രമല്ല, ഒരു ‘ഫോം’ ആണ്.

പക്ഷേ സ്ത്രീശരീരം വസ്ത്രമില്ലാതെ നിലനിന്നത് നാണത്തിന്റെ ശല്യമില്ലാത്ത ആദർശ രൂപങ്ങളായിട്ടല്ല. ആ ഘട്ടത്തിൽ സ്ത്രീയുടെ രതിജനകശരീരമെന്നതിനെ നിർമ്മിച്ചത് പുരുഷന്റെ കൗതുക- കാമനാ നോട്ടമായിരുന്നു. നാണക്കേടിന്റെ ചിഹ്നവ്യവസ്ഥയ്ക്കുള്ളിൽ സ്ത്രീയെ തളച്ചിടുന്ന പുരുഷനോട്ടം വ്യാപക സ്വീകാര്യത നേടി. കലാകാരരും പരിപോഷകരും എല്ലാം പുരുഷന്മാരായിരിക്കുന്ന അതിഭീകരമായ പുരുഷാധിപത്യത്തിനുള്ളിലാണ് 17-ാം നൂറ്റാണ്ട് മുതൽ ‘നൂഡ് സ്റ്റഡി’ യും ‘നൂഡ് ശരീരവും’ വ്യവസ്ഥപ്പെട്ടത്. ശരീരത്തിന്റെ വസ്ത്രനിരപേക്ഷമായ ഉണ്മയെ മുൻനിർത്താനല്ല, അതിന്റെ നിഷ്ക്രിയമായ വസ്തുപരതയെ (objecthood) മുൻനിർത്താനാണ് ആ ഭിന്നലൈംഗികതയുടെ സദാചാരനിഷ്ഠയുള്ള പുരുഷലോകം താത്പര്യപ്പെട്ടത്. വികസിക്കുകയായിരുന്ന അവരുടെ മൂലധന മുതലാളിത്തം എന്തിനേയും കച്ചവടവൽക്കരിക്കാൻ ഇഷ്ടപ്പെട്ടു. മാസ്റ്റർപീസുകൾ ആയില്ലെങ്കിൽ പോലും അവയുടെ അനുകരണങ്ങളായി കണക്കാക്കപ്പെട്ട നാച്ചുറലിസ്റ്റ് ഭാഷയിലുള്ള സ്ത്രീരൂപനഗ്നത പരസ്പരം കച്ചവടം ചെയ്ത് ആനന്ദിക്കുന്ന രഹസ്യമായ കലാശേഖരണലോകം തന്നെ ഉണ്ടായിവന്നു. നൂഡ് അങ്ങനെ വിൽപ്പനയ്ക്ക് യോഗ്യമായ കലാജനുസ്സായി മാറി. അപ്പോൾ നൂഡിന്റെ സൗന്ദര്യാത്മകവും ആദർശാത്മകവുമായ തലങ്ങൾ അതിൽനിന്ന് ഏറെയും വിട്ടുപോയി. നാണത്തിന്റെ തലവും വിട്ടുപോയി.

അക്ബർ പദംസിയുടെ  ചിത്രം
അക്ബർ പദംസിയുടെ ചിത്രം

നൂഡ് എന്ന ജനുസ്സിന്റെ പരിപോഷകരായവർക്ക് ഒരു നൂഡ് സ്ത്രീരൂപം കയ്യിലിരിക്കുക എന്നത് അവരുടെ സ്വകാര്യഅഭിമാനങ്ങളിൽ ഒന്നാണ്. പഴങ്ങളുടെ, പൂക്കളുടെ, സ്ത്രീകളുടെ, പക്ഷികളുടെ, മൃഗങ്ങളുടെ, ഭൂഭാഗങ്ങളുടെ ഒക്കെ വസ്തുവൽകൃത എണ്ണച്ചായാചിത്രങ്ങൾക്ക് ഇഷ്ടം പോലെ ഉത്പാദകരും ആവശ്യക്കാരും ഉണ്ടായി. ഒരു ബിസിനസ് ക്ലാസ്, അവരുടെ വളരെ ചെറിയ വ്യക്തിവൽകൃത ഇടങ്ങളിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തുവന്നു. പൊതുവിടങ്ങളിൽ അവ അധികം കാണിക്കാറില്ല. മാസ്റ്റർപീസുകൾ മാത്രമേ കാണിക്കൂ. സ്വകാര്യ ഇടങ്ങളിലെ സ്വത്തുകളായി മാറുമ്പോഴുള്ള ഒരു സവിശേഷത, അതിന് വലിയ കച്ചവടക്ഷമത കൈവരുന്നു എന്നതാണ്. അത് ഉത്പാദിപ്പിക്കാൻ കുറെ ആളുകളെ ആവശ്യമാകുന്നു. അപ്പോൾ ഈ ജനുസ്സ് അക്കാദമിക് ആയി പഠിപ്പിക്കാവുന്നതാണെന്നു വന്നു. മെർക്കന്റയിൽ കാപ്പിറ്റലിസം ഉണ്ടാക്കിയിട്ടുള്ള കലാശേഖരണ സമൂഹവും, അവരുടെ subject – object നിലപാടുകളും ‘സൗന്ദര്യം’ എന്നതിന്റെ മറ്റൊരു അർത്ഥം സ്വരൂപിച്ചു. ആദർശ ശരീരമെന്നോ, നിർമ്മിതിജ്ഞാനം എന്നോ അല്ല അവിടെ അർത്ഥം. അത് ഉപഭോഗത്തിന് വിധേയമാക്കാവുന്ന consumable അവസ്ഥയെ കുറിക്കുന്നു. എനിക്കു വാങ്ങാനുള്ള പ്രകൃതിയേയും സ്ത്രീയെയും അടിമയേയുമാണ് ചിത്രത്തിലാക്കുന്നത് എന്ന ഹെറ്ററോസെക്ഷ്വൽ ആൺകോയ്മയുടെ ധാരണയിലാണ് ചിത്രങ്ങൾ ഉത്പ്പാദിപ്പിക്കപ്പെട്ടതും ശേഖരിക്കപ്പെട്ടതും ഏറെക്കുറെ രഹസ്യമായി ആസ്വദിക്കപ്പെട്ടതും. നൂഡ്, ഒബ്ജക്റ്റ് സ്റ്റഡി, ലൈഫ് സ്റ്റഡി, നേച്ചർ സ്റ്റഡി തുടങ്ങിയ അക്കാദമിക് കലാപരിശീലനത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ മിക്കതും രൂപപ്പെടുന്നത് ആ സോഷ്യൽ ഡിമാന്റ് കണ്ടിട്ടു കൂടിയാണ്. അതിന്റെ കൊളോണിയൽ ആധുനിക സന്ദർഭത്തിലാണ് ഇന്ത്യക്കാർ ‘നൂഡ്’ പരിചയപ്പെടുന്നത്.

അക്കാദമിക് ഫിഗർ സ്റ്റഡി ഒരു 'യാഥാസ്ഥിതിക വിഷയം' എന്ന ചാപ്പ കുത്തപ്പെട്ട ഒന്നാണ്. നഗ്നപഠനം, ഏറെയും രഹസ്യമായി ആർട്ട് കോളേജുകളിൽ പരിശീലിക്കുകയുണ്ടായി.

കൊളോണിയൽ ആർട്ട് സ്ക്കൂൾ പരിചയത്തിൽ നിന്ന് ചരിത്രപരമായി തുടങ്ങിയെങ്കിലും, ഇന്ത്യൻ കലാവിദ്യാഭ്യാസത്തിൽ ‘നൂഡ്’ എന്ന ജനുസ്സ്, വ്യത്യസ്തമായ പല വിധത്തിൽ തങ്ങളുടേതാക്കിയ മാസ്റ്റേഴ്സിനെ സാധ്യമാക്കിയിട്ടുണ്ട് എന്നതാണ് വാസ്തവം. സൂസയുടെയും പദംസിയുടെയുമൊക്കെ നൂഡിനോടുള്ള സമീപനം ഇന്ത്യൻ കലാസ്ഥാപനങ്ങളിലെ ആധുനികതയുടെ ചരിത്രത്തിലാണ് പ്രവർത്തിക്കുന്നത്.

അക്കാദമിക് ഫിഗർ സ്റ്റഡി ഒരു 'യാഥാസ്ഥിതിക വിഷയം' എന്ന ചാപ്പ കുത്തപ്പെട്ട ഒന്നാണ്. നഗ്നപഠനം, ഏറെയും രഹസ്യമായി ആർട്ട് കോളേജുകളിൽ പരിശീലിക്കുകയുണ്ടായി. അതുപോലും ശക്തമായ 'കൊളോണിയൽ ആധുനിക' വേരുകളുള്ള സ്ഥാപനങ്ങളിലേ നടന്നിരുന്നുള്ളൂ. അപ്പോഴും ആർട്ട് സ്ക്കൂളുകളിലെ സ്റ്റുഡിയോകളിൽ മോഡലുകളായി പ്രവർത്തിച്ചിരുന്ന സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ആ ജോലി അധിക ധാർമ്മികഭാരം ചുമത്തി. കലാകാരരെ സംബന്ധിച്ച്, നഗ്നപഠനം മൂല്യം സൃഷ്ടിക്കുന്നു, അശ്ലീലതയുടെയും സെൻസർഷിപ്പിന്റെയും പേരിൽ വിവാദപരമായ ഒഴിവാക്കലുകളും, ആൾക്കൂട്ട ആക്രമണവും ഉണ്ടായിട്ടുണ്ടെങ്കിലും.

ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഓപ്പണിംഗ് ടൈറ്റിലായി ജൂറി ഏകകണ്ഠമായി തിരഞ്ഞെടുത്തതിനുശേഷം അശ്ലീലത ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് മൂലം 2018-ൽ മറാത്തി ഭാഷയിലുള്ള ഒരു ചിത്രം, ദി ന്യൂഡ്, ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മുംബൈയിലെ ജെ ജെ സ്കൂൾ ഓഫ് ആർട്ട് ഈ സിനിമയിലെ സ്ഥാപനപരമായ ലൊക്കേഷനാണ്. കൂടാതെ നഗ്നപഠനം നൽകുന്ന ധീരമായ ചരിത്രവും ഈ ഫിലിമിൽ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഓപ്പണിംഗ് ടൈറ്റിലായി ജൂറി ഏകകണ്ഠമായി തിരഞ്ഞെടുത്തതിനുശേഷം അശ്ലീലത ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് മൂലം 2018-ൽ മറാത്തി ചിത്രം, ദി ന്യൂഡ്, ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഓപ്പണിംഗ് ടൈറ്റിലായി ജൂറി ഏകകണ്ഠമായി തിരഞ്ഞെടുത്തതിനുശേഷം അശ്ലീലത ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് മൂലം 2018-ൽ മറാത്തി ചിത്രം, ദി ന്യൂഡ്, ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

20-ാം നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഇന്ത്യയിലെ പല ഫൈൻ ആർട്ട് സ്ഥാപനങ്ങളും അവരുടെ പാഠ്യപദ്ധതിയിൽ മുഖ്യമായ ചട്ടക്കൂട് എന്ന നിലയിൽ പ്രകൃതിപഠനം ഇപ്പോഴും നൽകുന്നു. നഗ്നപഠനം, ശരീരഘടനാപഠനം തുടങ്ങിയ കൊളോണിയൽ ജനറിക് വകഭേദങ്ങളിലല്ല ഇന്ന് അവരുടെ ഊന്നൽ. ലൈഫ് സ്റ്റഡി, പോർട്രെയിറ്റ് സ്റ്റഡി, ക്രിയേറ്റീവ് കോമ്പോസിഷനുകൾ എന്നിവയിലൂടെ വ്യക്തിനിഷ്ഠവും വ്യക്തിപരവുമായ കലകളുടെ വികസനത്തിൽ മാത്രം പ്രതിബദ്ധതയുള്ള കലയാണ് വിദ്യാർഥികളിൽ നിന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. സൃഷ്ടിപരമായ രചനകളിലൂടെ അവർ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നു. 'നഗ്നത' എന്ന് തിരിച്ചറിയാൻ കഴിയുന്ന എന്തെങ്കിലും വരയ്ക്കാൻ ഇപ്പോഴും ചില (പ്രോത്സാഹിപ്പിക്കപ്പെടാത്ത) ഇടം കലയുടെ അക്കാദമിക് സ്ഥാപനങ്ങൾ നൽകുന്നുണ്ട്. പുരോഗമനപരമെന്ന് അഭിമാനിക്കുന്ന ഒരു ധാർമ്മിക ഇന്ത്യൻ മധ്യവർഗ സമൂഹത്തിന്, നഗ്നതയുടെ കലാപരമായ പ്രതിനിധാനം ഒരു നിഷിദ്ധക്രിയ അല്ല. ആധുനികർ നഗ്നശരീരത്തെ വരകളും വർണങ്ങളും ഉപയോഗിച്ചുള്ള തങ്ങളുടെ ആംഗ്യവിക്ഷേപങ്ങളുടെയും കാമനകളുടെയും ഒരു പിക്റ്റോറിയൽ ഘടകം മാത്രമായി മാറ്റി. സമകാലിക കലയിൽ, ഒരു പ്രകടന വിഷയമായോ അല്ലെങ്കിൽ പ്രാതിനിധ്യ ഇമേജറിയായോ, മനുഷ്യശരീരം / ഫിഗറേഷൻ സന്നിഹിതമാകുന്നു. നൂഡ് നിരവധി കലാകാരരുടെ സാമൂഹിക സ്വത്വരാഷ്ട്രീയ പോരാട്ടങ്ങളെ ഇന്ന് എൻകോഡ് ചെയ്യുന്നുണ്ട്. എന്നിരിക്കിലും, കലയിലെ നഗ്നതാപഠന ജനുസ്സായ നൂഡിനെ അശ്ലീലമെന്ന പരികൽപ്പനയുമായും ദൈവദൂഷണം എന്ന പാപവുമായും കൂട്ടിക്കെട്ടാൻ പൊതുസമൂഹമെന്നല്ല, യൂണിവേഴ്സിറ്റികളിലെ കലാദ്ധ്യാപകർ പോലും തുനിയുന്ന സന്ദർഭങ്ങൾ ഉണ്ടെന്നാണ് അനസ് അബൂബക്കറിന്റെ അവസ്ഥ സൂചിപ്പിക്കുന്നത്.

നൂഡ് ഇന്ന് ആർക്ക് ആവശ്യമുള്ള ഭാഷയാണ്?

സ്വന്തം പരിസരം നവീകരിക്കാനുള്ള കലാകാരരുടെ പോരാട്ടങ്ങൾ ഇന്നും പ്രകോപനപരമാണ്. അനസ് അബൂബക്കറിന്റെ ജീവിതത്തിലെ ഈ സംഭവത്തെ, മതം, കുടുംബം മുതലായവ സ്ഥാപിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി കലയെ അനുവദനീയമായ പെരുമാറ്റമായി മാറ്റാനുള്ള പരിശീലനക്രിയയും കാലോചിതമല്ലാത്ത വിലക്കുകളും അയാളിൽ സൃഷ്ടിച്ച ആധുനികമനസ്സിന്റെ സംഘർഷമായി കണക്കാക്കണം. ആധുനിക വിദ്യാഭ്യാസത്തിന്റെ മതേതര സ്ഥാപന ഘടനയിൽ പ്രവർത്തിക്കുന്ന ചില മതപരമായ മുൻഗണനകളിൽനിന്ന് വന്നതാണ് ആ പരിശീലനക്രിയ. 20-ാം നൂറ്റാണ്ടിൽ ആധുനികകല ഉയർത്തിയ അസാധാരണമായ സാധ്യതകളെ മാനിക്കാതെ, അടിസ്ഥാനപരമായി സാമൂഹികമായ ആചാരങ്ങളെയും സേവിക്കുന്ന കല എന്ന നാമമാത്രമായ ആശയത്തിൽ നിന്നാണ് ഇത് വരുന്നത്.

ഇന്നുവരെ യാതൊരു കോടതിവിധിയും കലയുടെ അക്കാദമിക് ഓട്ടോണമിയെ തുണയ്ക്കുന്ന ഒരു വിധി പ്രസ്താവിച്ചിട്ടില്ല. ഇന്ത്യയിലെ കലയുടെ പെഡഗോഗിക്കൽ സമ്പ്രദായങ്ങളിൽ വ്യാപകമായ സ്വയം സെൻസർഷിപ്പിനും കലാപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തലിനും ഇടയാക്കിയ ആഘാതകരമായ സാമൂഹിക ഓർമ്മകളിൽ ഒന്നാണത്.

ആധുനിക കല, നിയന്ത്രണങ്ങൾക്ക് വഴങ്ങാത്ത ഒരു സാമൂഹിക സ്ഥാനമാണ്. മതപൗരോഹിത്യവും ആൺകോയ്മയിൽ വേവുന്ന സദാചാരബോധവും ഉയർത്തുന്ന സംഘർഷത്തോട് ഏറെക്കാലം അത് വലിയതോതിൽ നിസ്സംഗമായിരുന്നു. പക്ഷേ ഭരണഘടനാമൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ആധുനിക കലയുടെ മൂല്യങ്ങളിൽ തുടരുന്ന ഒരാൾക്ക് ഈ സംഘർഷത്തെ നേരിട്ടേ മതിയാകൂ. അത് ഉയർത്തുന്ന ചോദ്യങ്ങളിൽ മർമ്മപ്രധാനമായ ഒന്നാണ് ‘കലയുടെ വിധികർത്താക്കൾ’ ആരാണ് എന്നത്.

2007- ൽ ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയുടെ സ്ഥാപന ഇടങ്ങളിലേക്ക് വലതുപക്ഷ ഹിന്ദുത്വ ആളുകൾ നുഴഞ്ഞുകയറിയ സംഭവങ്ങൾ പ്രധാന വിരൽചൂണ്ടലായിരുന്നു. ഇന്നുവരെ യാതൊരു കോടതിവിധിയും കലയുടെ അക്കാദമിക് ഓട്ടോണമിയെ തുണയ്ക്കുന്ന ഒരു വിധി പ്രസ്താവിച്ചിട്ടില്ല. ഇന്ത്യയിലെ കലയുടെ പെഡഗോഗിക്കൽ സമ്പ്രദായങ്ങളിൽ വ്യാപകമായ സ്വയം സെൻസർഷിപ്പിനും കലാപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തലിനും ഇടയാക്കിയ ആഘാതകരമായ സാമൂഹിക ഓർമ്മകളിൽ ഒന്നാണത്. ‘ഈ സ്ഥാപനത്തിൽ നൂഡ് സ്റ്റഡി നടത്തുന്ന പതിവില്ല’ എന്ന് അധ്യാപകർ വിദ്യാർത്ഥിയെ ഓർമ്മിപ്പിക്കുന്നത് ഈ സ്വയം സെൻസർഷിപ്പിന്റെ ഭാഗമാണ്. ‘നൂഡ് സ്റ്റഡി വേണമെന്നു തന്നെ ഇത്ര നിർബന്ധമെന്താണ്’ എന്ന ചോദ്യവും ചില ആർട്ട് അക്കാദമിക്കുകൾ വിദ്യാർത്ഥികളോട് ഉയർത്തുന്നുണ്ട്.

ഇവിടെ ഓർക്കേണ്ട കാര്യം, നൂഡ് ഒരു പിക്റ്റോറിയൽ ഭാഷ മാത്രമല്ല. അത് ഒരു സിസ്റ്റം കൂടിയാണ്. അതിനകത്ത് കൃത്യമായ ചില സാമൂഹിക ബന്ധങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവ നൂറു ശതമാനവും സ്ത്രീവിരുദ്ധവും ചൂഷണപരവും ഹെറ്ററോസെക്ഷ്വൽ മൂല്യങ്ങൾ വഹിക്കുന്നതുമാണ്, അങ്ങനെയുള്ള ഒരു കലാബോധന ജനുസ്സ് ഇനിയെന്തിന് പഠിക്കണം എന്നാണെങ്കിൽ, ഈ രീതി വ്യാപിപ്പിക്കാനായി ഇത് പഠിക്കേണ്ട ആവശ്യമില്ല എന്നുതന്നെയാണുത്തരം. പക്ഷേ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലിരുന്ന് ആലോചിക്കുമ്പോൾ, ആൺകോയ്മക്കെതിരെയും അതിന്റെ ഹോമോഫോബിയക്കെതിരെയും പ്രവർത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു ഭാഷയാണ് നൂഡ്. അങ്ങനെ പ്രവർത്തിക്കേണ്ടവർക്ക് നൂഡ് ഒരു കലാഭാഷാഘടകം എന്ന നിലയിൽ ഇനിയും ചെയ്യേണ്ടതായ ആവശ്യമുണ്ട്.

എല്ലാ നഗ്നതയും അശ്ലീലമല്ല എന്ന കോടതിയുത്തരവിന്റെ സാരം അതാണ്. ആ ഉത്തരവ് വിടുതൽ കൊടുത്തത് കലയെക്കുറിച്ചുള്ള ചരിത്രപരമായ അജ്ഞതയാൽ പിടിച്ചുവയ്ക്കപ്പെട്ട ആ പ്രശസ്തരുടെ കലാകൃതികൾക്ക് മാത്രമല്ല, നൂഡ് എന്ന ചരിത്രപരമായ ആശയത്തിന്റെ പ്രഹരശേഷിക്കുകൂടിയാണ്.


Summary: The language of nudity in art is one of the effective language for working against masculinity and its homophobia. Kavitha balakrishnan writes.


ഡോ. കവിത ബാലകൃഷ്​ണൻ

ചിത്രകാരി, കവി, കലാ ഗവേഷക. തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽ ആർട്ട് ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിൽ ഡീൻ. കലാകാരി: ദൃശ്യകലയിലെ ജെൻഡർ രാഷ്ട്രീയം, വായനാമനുഷ്യന്റെ കലാചരിത്രം, കലയുടെ നവലോകം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments