പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഒരു മോഡേൺ ആർട്ട് ഫോം എന്ന രീതിയിൽ നാടകം പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിഫലനമായിരിക്കും എന്ന ധാരണയിൽ തന്നെയാണ് കഴിഞ്ഞദിവസം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ, 'കബൂയി കയോയിബാ' (മനുഷ്യപ്പുലി) എന്ന മണിപ്പുരി നാടകം കാണാൻ പോയത്. ഹസ്നം തോംബ സംവിധാനം ചെയ്ത നാടകത്തിൻെറ രചന കനയ്യലാലാണ്. സ്കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് അഭിനേതാക്കൾ. മണിപ്പുരിലെ ഇപ്പോഴത്തെ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യത്തിൽ ഈ നാടകം കാണുകയെന്നതുതന്നെ വലിയൊരു സാംസ്കാരിക പ്രവർത്തനമായാണ് മനസ്സിലാക്കിയത്.
മണിപ്പുരി മിത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'കബൂയി കയോയിബാ' രൂപകൽപന ചെയ്തിരിക്കുന്നത്. മണിപ്പുരി നാടോടിക്കഥയിൽ നിന്നും ‘കയോയിബാ’ അഥവാ മനുഷ്യപ്പുലിയും ‘പൻതൊയിബി’ എന്ന യുദ്ധദേവതയും ‘തബറ്റോൺ’ എന്ന പെൺ അവതാരവുമെല്ലാം ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വന്യമൃഗങ്ങളോടും കയ്യേറ്റക്കാരോടും എതിരിട്ടുനിൽക്കാൻ ഗ്രാമീണജനത അവരുടേതായ മൂർത്തികളെ ആശ്രയിക്കുന്നത് ഗ്രാമാന്തരീക്ഷത്തിൽ പതിവുകാഴ്ചയാണ്. അത്തരമൊരു ഗ്രാമത്തിൽ നിന്നാണ് നാടകം തുടങ്ങുന്നത്.
മണിപ്പുരിന്റെ ഗ്രാമീണജീവിതത്തെ അടയാളപ്പെടുത്തുന്ന പിന്നണിസംഗീതവും മലനിരകളുടെ പശ്ചാത്തലവും കയറ്റിറക്കങ്ങൾക്കായുള്ള റാമ്പും ചെറിയ കൂരകളും കൃഷിയിടങ്ങളുമാണ് പ്രാഥമിക രംഗ കാഴ്ചകൾ. പ്രകൃതിയുടെ താളത്തോട് ലയിച്ച്, മൗത്ത് ഓർഗൻ നാദത്തിന്റെ വളരെ സിംഫണിക്കായ പശ്ചാത്തലമാണ് ആ ഗ്രാമത്തിന് കൊടുത്തിരിക്കുന്നത്. മൗത്ത് ഓർഗൻ സംഗീതം മലയടിവാരത്തിലേക്കെത്തുന്ന കാറ്റിനെയും ഗ്രാമത്തെയാകെയും ധ്വനിപ്പിക്കുന്നുണ്ട്. ഗാന്ധിയും അംബേദ്കറും അവരുടെ കുഞ്ഞുകൂരകളിൽ ചിത്രങ്ങളായ് കാവലുണ്ട്. അധഃസ്ഥിത ഗോത്രങ്ങളുടെ പ്രതിഷേധ സമരങ്ങളും പൂർണ്ണ സ്വരാജും ഓർമിപ്പിക്കുന്നുണ്ട്. വളരെ സമാധാനപരമായി മുന്നോട്ട് പോവുന്ന ഗ്രാമത്തിൽ കാർഷിക വൃത്തിക്കായുള്ള പണിയായുധങ്ങൾ മാത്രമാണുള്ളത്. സംരക്ഷകയായ മൂർത്തി ദേവതയുടെ വാൾ മാത്രമാണ് അതിനൊരപവാദം. എന്നാൽ ഇരു കൈകളിലേന്തിയ വാളുമായി നൃത്തം ചെയ്തു കുന്നിറങ്ങുന്ന ‘പൻതൊയിബി’ ചെറു കാറ്റിലെ തീ നാളം പോലെ നന്നായി കൊറിയോഗ്രാഫി ചെയ്ത ഒരു ദൃശ്യമാണ്.
ഇങ്ങനെ നിഷ്കളങ്കരായ മനുഷ്യർ അവരുടെ ജീവിതക്രമത്തെ പ്രകൃതിയോടു ചേർത്തുനിർത്തി മുന്നോട്ടുപോകവെ, മൗത്ത് ഓർഗൻ സംഗീതത്തെ മുറിച്ചുകൊണ്ട് വെടിയൊച്ചകൾ കേട്ടുതുടങ്ങുന്നു. പിന്നാലെ അനൗൺസ്മെന്റും സൈറണും മുഴങ്ങുന്നു. തുറവിയുള്ള വീടുകളിൽ താമസിക്കുന്ന, ഒളിക്കാൻ ഇടം ഒരുക്കുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിക്കാതിരുന്ന സമൂഹത്തിലേക്ക് അധിനിവേശവും അതിക്രമവും എങ്ങനെ കടന്നുവരുന്നു, അതെങ്ങനെ ബാധിക്കുന്നു എന്ന് ഈ സന്ദർഭത്തിൽ തന്നെ കാണിച്ചുതരാൻ നാടകത്തിന് സാധിക്കുന്നുണ്ട്. നാട്ടു സംഗീതത്തിന്റെ അനലോഗ് വീചികളെ കൃത്യ ഇടവേളകളുള്ള ഡിജിറ്റൽ ബൈനറി ഒച്ചയിലേക്ക് പരിവർത്തനം ചെയ്യപ്പെടുത്തുന്നു.
സ്റ്റേറ്റിന്റെ അഥവാ സൈന്യത്തിന്റെ ഇടപെടൽ അവരുടെ ജീവിതതാളക്രമങ്ങളെ തകർത്തെറിയുന്നു. അവർ അഭയാർത്ഥികളാക്കപ്പെടുന്നു. നിരാലംബരായ മനുഷ്യർ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്നു. പാതി നെയ്ത പായയും കുട്ടയും പണിതുകൊണ്ടിരുന്ന തൂമ്പയും കൈക്കോട്ടുമൊക്കെ ഫ്രീസ് ചെയ്യപ്പെട്ട സ്റ്റാൻഡ് സ്റ്റിൽ ബിംബങ്ങളായി വേദിയിൽ കാണാം. അധിനിവേശത്തിന്റെ പ്രതീകമായി അത് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മൗത്ത് ഓർഗൻ സംഗീതത്തെ വിഴുങ്ങി സൈറൺ മൂളൽ വരുന്നതുപോലെ, പൻതൊയിബിയുടെ വാളുകളെ മായ്ച്ചുകളഞ്ഞാണ് കുഴൽത്തോക്കുകളുമായി സൈന്യം രംഗപ്രവേശം ചെയ്യുന്നത്.
ആളുകളെ പിടിച്ചുകൊണ്ടുപോകുന്നതും മർദ്ദിക്കുന്നതും തുടരെ തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിലെ അമ്മയും പെൺകുഞ്ഞും മാത്രമായുറങ്ങുന്ന കുടിൽ… തടവറയിലാക്കപ്പെട്ട അച്ഛൻ കുഞ്ഞിന്റെ സ്വപ്നത്തിലും പ്രത്യക്ഷമാവുന്നു... സാമൂഹ്യതിൻമയുടെ പ്രതീകമായ മനുഷ്യപ്പുലി പല രൂപത്തിലുള്ള കഥാപാത്രങ്ങളിലേറി രംഗപ്രവേശം ചെയ്യുന്നുണ്ട്. നാടോടിക്കഥയിലെ തബറ്റോണിനെ മനുഷ്യപ്പുലി തട്ടിക്കൊണ്ടുപോകുന്ന പോലെ കുട്ടിയെയും കൊണ്ടുപോകുന്നു. വേറൊരു സീനിൽ പൻതൊയിബി ദേവതയുടെ രൂപസാദൃശ്യമുള്ള തബറ്റോൺ എന്ന് തോന്നിപ്പിക്കുന്ന സ്ത്രീകഥാപാത്രത്തെ മൂന്ന് വേട്ടക്കാരോ അല്ലെങ്കിൽ സൈനികരോ ചേർന്ന് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. അവൾക്കുനേരെയുള്ള അക്രമത്തിന്റെ ദൃശ്യാവിഷ്കാരം ഭീകരമാണ്. പിന്നിൽ കൈകെട്ടി നിർത്തിയ ഒരു സ്ത്രീയുടെ വായിലേക്ക് മൗത്ത് ഓർഗൻ ബലം പ്രയോഗിച്ച് തിരുകി കയറ്റുന്നു. അതുകൊണ്ട് തന്നെ അവളുടെ ശബ്ദം നിലയ്ക്കുന്നു. ഒരു ഗ്രാമത്തിന്റെ സ്വച്ഛന്ദതയെ തകർത്തതിന് ഇതിൽപ്പരം വലിയൊരു ഇമേജറിയില്ലെന്ന് തോന്നുന്നു.
തകർന്നുകൊണ്ടിരിക്കുന്ന ഗ്രാമത്തിലേക്ക് അനുഗ്രഹവുമായി എത്തുന്ന ആത്മീയഗുരു, കൊല്ലപ്പെട്ട അക്രമികളെ പുനരുജ്ജീവിപ്പിക്കുകയും അവരെ പരിശീലിപ്പിക്കുകയും അങ്ങനെ അവരുടെ മേധാവിയായും തീരുന്നു. സ്റ്റേറ്റിന്റെ പ്രതിനിധിയായ അധികാരി സദസ്സിൽനിന്നുമാണ് വരുന്നത്. വളരെ സാത്വികഭാവത്തിലാണ് ഇടപെടുന്നത്. ഇടത്തേ കൈകൊണ്ട് അനുഗ്രഹിക്കുമ്പോൾ പിന്നിലേക്ക് പിടിച്ച വലത്തേ കയ്യിൽ ആയുധമാണെന്ന് പ്രേക്ഷകന് ഉറപ്പിക്കാവുന്നതാണ്. ചെറിയ വിവിധ തരത്തിലുള്ള കൂരകളായി, അതിനു പിന്നിലെ ആൾ ശബ്ദങ്ങളായ് അഭയം കൊണ്ടിരുന്ന മനുഷ്യർക്ക് അധികാരിയുടെ വരവോടുകൂടി ഒറ്റക്കൂരയിലേക്ക്, ഏകജാലകത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു. ചെറിയ കൂരകളുടെ പ്രതീകങ്ങളായ മനുഷ്യർ വൈവിധ്യത്തിന്റെ കഥകൾ ഓർമ്മിപ്പിക്കുന്നു. അവസാന രംഗത്തിൽ അധികാരിയും സൈനിക മേധാവിയും ആത്മീയ നേതാവും പർവ്വതത്തിന്റെ മുകളിൽ കയറിനിന്ന് കേൾക്കരുത്, കാണരുത് ശബ്ദിക്കരുത്, എന്ന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ബഹുമുഖമുള്ള രാജ്യമുദ്രയായ് അത് പരിണമിക്കുന്നു. താഴെ തകർന്നുവീണ വീടിനുമുന്നിൽ ആദ്യം പാവയുമായി, പിന്നെ തലയോട്ടിയുമായി ആ പെൺകുട്ടി. അട്ടിമറിക്കപ്പെട്ടുകിടക്കുന്ന നിരാലംബ ഗ്രാമത്തിന്റെ ഇരുഭാഗത്തുമായി പൻതൊയിബി ദേവതയും മനുഷ്യാവതാരവും. തകർന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ അവസ്ഥയും, കൂരകൾ തെറിച്ചുപോയ ഭൂമിയും, ഒരുമ നശിച്ചുപോയ താഴ്‌വരയും ചേർന്ന ക്ലൈമാക്സ് . ഗ്രാമീണജനതയുടെ ആശ്വാസത്തിന്റെ നെടുവീർപ്പുകൾ മൗത്ത് ഓർഗൻ സംഗീത മായി നിറയുന്നുണ്ടോ എന്നു ആശിച്ചുപോവും.
വടക്കുകിഴക്കൻ മലനിരകളുടെയും പ്രകൃതിയോടൊപ്പം ജീവിക്കുന്ന ജനതയുടെയും മുകളിലേക്കുള്ള കടന്നുകയറ്റവും സ്റ്റേറ്റിന്റെ അധിനിവേശവും പ്രതീകാത്മകമായീ അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് 'കബൂയി കയോയിബാ'യുടെ പ്രസക്തി. മണിപ്പുരിൽ നടക്കുന്ന കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അധികാരി വർഗത്തിന്റെ പല രൂപത്തിലുള്ള അക്രമോത്സുകതയെയും ഈ നാടകത്തിൽ സമന്വയിപ്പിച്ചിരിക്കുന്ന രീതി ശ്രദ്ധേയമാണ്. പാരമ്പര്യ രീതികളോടു ചേർന്നു നിൽക്കുന്നതാണ് നാടകശൈലി എന്നതിൽ വിമർശനമൊക്കെ ഉണ്ടാകാമെങ്കിലും മിത്തും ചരിത്രവും സമകാലീന രാഷ്ട്രീയ സാഹചര്യത്തോടു ചേർത്തുനിർത്തി സംവദിക്കുന്നു എന്നിടത്ത് എല്ലാ വിമർശനങ്ങളുടെയും വായ്മൂടിപ്പോകുന്നു.