പോളണ്ടിൽ നിന്നുള്ള ‘അനിമൽ സ്കൂൾ’, ഇറ്റാലിയൻ ‘കുബോ’; രാജ്യാന്തര കലാപ്രകടനങ്ങളുടെ രാഗ്ബാഗ് ഫെസ്റ്റിവെൽ

തിരുവനന്തപുരത്ത് 2025 ജനുവരി 14 മുതൽ 19 വരെ നടക്കുന്ന രാജ്യാന്തര ഫെസ്റ്റിവെലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങൾ. സർക്കസ് തിയേറ്റർ, ഫിസിക്കൽ തിയേറ്റർ, കല, സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന കലാ അവതരണങ്ങളാണ് ‘ഓഷ്യാനിക് സർക്കിൾസ്’ എന്ന തീമിൽ അവതരിപ്പിക്കപ്പെടാൻ പോവുന്നത്…

News Desk

ആറ് ദിവസം നീണ്ടുനിൽക്കുന്ന ‘രാഗ്ബാഗ്’ അന്താരാഷ്ട്ര പെർഫോമിങ് ആർട്സ് ഫെസ്റ്റിവെലിന് വേദിയാവാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. കോവളത്തെ കേരള ആർട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജാണ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. ‘ഓഷ്യാനിക് സർക്കിൾസ്’ എന്ന തീമിൽ സാങ്കേതികവിദ്യയും ഭാവനയും സമന്വയിപ്പിക്കുന്ന മൾട്ടിമീഡിയ, ഇൻ്റർ ഡിസിപ്ലിനറി പ്രകടനങ്ങൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവതരിപ്പിക്കും. സർക്കസ് തിയേറ്റർ, ഫിസിക്കൽ തിയേറ്റർ, കല, സംഗീതം, കരകൗശലം, തുടങ്ങീ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള അവതരണങ്ങൾ ഫെസ്റ്റിവെലിലുണ്ടാവും. യുദ്ധം, പാരിസ്ഥിതിക പ്രശ്നങ്ങൾ, ആഗോളവൽക്കരണം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിലെ സമകാലിക പ്രതിസന്ധികളും അവതരങ്ങളുടെ വിഷയമാവും. കേരളത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ രാജ്യാന്തര പെർഫോമൻസ് തിയേറ്ററിലെ നവപരീക്ഷണങ്ങളുമായി യോജിപ്പിച്ചാണ് ഫെസ്റ്റിവെൽ രൂപകൽപന ചെയ്തിരിക്കുന്നത്.

രാഗ്ബാഗ് ഫെസ്റ്റിവെലിലെ അന്താരാഷ്ട്ര അവതരണങ്ങൾ:

ആലീസ് ഇൻ വണ്ടർലാൻഡ് - ഡെൻമാർക്ക്

നർത്തകിയും അവതാരകയുമായ ടിൽഡെ ക്നുഡ്സെനാണ് ലൂയിസ് കരോളിൻ്റെ വിഖ്യാത പുസ്തകമായ ആലീസ് ഇൻ വണ്ടർലാൻഡിനെ അവലംബിച്ച് അവതരണം നടത്തുന്നത്. ജ്യാമിതീയ രൂപങ്ങളായ വൃത്തങ്ങൾ, ത്രികോണങ്ങൾ, ചതുരങ്ങൾ എന്നിവയെ ഉപയോഗപ്പെടുത്തി മോഡുലാർ വസ്ത്രങ്ങളുടെ ഒരു സ്യൂട്ട്കേസ് ഉപയോഗിച്ചാണ് ഈ പ്രകടനം. ആലീസിൻെറ അത്ഭുതലോകത്തെ അതിൻെറ സത്തയുൾക്കൊണ്ട് വേദിയിൽ അവതരിപ്പിക്കും.

ആൻഡ മ്യൂസിക് യൂണിയൻ - മംഗോളിയ

പരമ്പരാഗത സംഗീതത്തിനൊപ്പം ആദിവാസികളുടെ വാദ്യോപകരണങ്ങളും പാട്ട് ശൈലിയും സംയോജിപ്പിച്ച് മംഗോളിയയുടെ ഉൾനാടുകളിലെ നാടോടി സംസ്കാരത്തെ വേദിയിലെത്തിക്കുന്ന ഫ്യൂഷൻ പെർഫോമൻസാണ് ‘ആൻഡ മ്യൂസിക് യൂണിയൻ’. ഒമ്പത് പേർ ചേർന്നവതരിപ്പിക്കുന്ന ഈ പ്രകടനം ആഫ്രിക്കൻ സംസ്കാരത്തിൻെറ വ്യത്യസ്തമായ ഒരു തലത്തെയാണ് പ്രതിനിധാനം ചെയ്യാൻ പോവുന്നത്. കഴിഞ്ഞ 15 വർഷത്തോളമായി ലോകത്തിൻെറ വിവിധഭാഗങ്ങളിൽ സംഘം ഈ അവതരണം നടത്തിയിട്ടുണ്ട്.

അനിമൽ സ്കൂൾ - പോളണ്ട്

ഒരു പന്നിഫാമിൽ സെറ്റ് ചെയ്തിരിക്കുന്ന ഈ അവതരണം ജോർജ് ഓർവെലിൻെറ അനിമൽ ഫാം എന്ന നോവലിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതാണ്. മുതിർന്ന പന്നികൾ ഇളയ പന്നികളെ വളർത്തുകയും അവയ്ക്ക് അറിവ് പകരുകയും ചെയ്യുന്ന ഒരു ഉട്ടോപ്യ ഇവിടെ കാണാം. പന്നിഫാമിലുണ്ടാവുന്ന ഒരു കലാപത്തെ മുതിർന്ന പന്നികൾ അതിക്രൂരമായി അടിച്ചമർത്തുകയും ചെറിയവർക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ തിയേറ്ററിക്കൽ പെർഫോമൻസ് കൃത്രിമത്വം, കലാപം, മൂല്യങ്ങളോട് സമരസപ്പെട്ട് പോവൽ തുടങ്ങിയ കാര്യങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു.

ബനാൻ ഒ രമ - ജർമനി

ഫിസിക്കൽ കോമഡി, മൈം, സർക്കസ് വൈദഗ്ദ്യം എന്നിവ സംയോജിപ്പിച്ചുള്ള ഒരു അവതരണമാണിത്. ദൈവം, സൂപ്പർഹീറോകൾ, മനുഷ്യരുടെ വിശ്വാസങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അടിസ്ഥാന വിഷയങ്ങൾ. പ്രേക്ഷകരെ പ്രകോപിപ്പിക്കുന്നതിനൊപ്പം ഹ്യൂമറാണ് ഈ പ്രകടനത്തിൻെറ കാതൽ. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒപ്പം കൊണ്ടുപോവുന്നു.

ക്യാറ്റ് വാക്ക് - നെതർലാൻഡ്സ്

ഒരു വയലിനിസ്റ്റും രണ്ട് കലാകാരും ചേർന്നവതരിപ്പിക്കുന്ന ഈ പ്രകടനത്തിൽ മനുഷ്യാസ്തിത്വത്തിൻെറ സങ്കീർണതകളെയാണ് തുറന്നുകാണിക്കുന്നത്. പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കൺസ്യൂമറിസം, ഫാസ്റ്റ് ഫാഷൻ, ജെൻഡർ ഫ്ലൂയിഡിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ലൈവ് ഷോ, ഇൻസ്റ്റലേഷൻ, വീഡിയോകൾ എന്നിവയുടെ സംയോജനം കൂടിയാണ് ക്യാറ്റ് വാക്ക്.

കുബോ - ഇറ്റലി

ഒരു ക്രെയ്നിൽ ഉയർത്തിയ ക്യൂബിൽ അവതരിപ്പിക്കുന്ന ഇറ്റാലിയൻ ഏരിയൽ സർക്കസ് പെർഫോമൻസാണ് കുബോ. ഗ്രൗണ്ടിൽ നിന്നും 50 മീറ്റർ ഉയരത്തിൽ വെച്ച് നടക്കുന്ന ഈ പ്രകടനത്തിൽ ലൈറ്റ് പ്രൊജക്ഷൻസ്, വെർട്ടിക്കൽ ഡാൻസ്, അക്രോബാറ്റിക്സ് എന്നിവ സംയോജിപ്പിച്ചിരിക്കുന്നു. നാടകത്തിൻെറ സ്പെയ്സിനെ പുനർനിർവചിക്കുന്ന അവതരണം ശരീരത്തിൻെറയും വെളിച്ചത്തിൻെറയും നിഴലുകളുടെയുമെല്ലാം ഏകോപനത്തോടെയാണ് വ്യത്യസ്തമാവുന്നത്.

മാംഗനിയാർ സെഡക്ഷൻ - ഇന്ത്യ

റോയ്സ്റ്റൺ അബേൽ സംവിധാനം ചെയ്ത ഈ പെർഫോമൻസിൽ നാൽപ്പതിലധികം രാജസ്ഥാനി സംഗീതജ്ഞരാണ് അണിനിരക്കുന്നത്. ലോകത്തെ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുള്ള മാംഗനിയാർ സെഡക്ഷൻ ഇറ്റ്ഫോക്കിലും അവതരിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻെറ സംഗീത പാരമ്പര്യത്തിൻെറ ആഘോഷമാണ് ഇതിൽ കാണാനാവുക. മനോഹരമായ സംഗീതത്തിനൊപ്പം മികവാർന്ന ദൃശ്യ അവതരണം കൂടിയാണിത്.

മൈ വിങ്സ് - ഫ്രാൻസ്

നഷ്ടം, വീണ്ടെടുക്കൽ തുടങ്ങിയ പ്രമേയങ്ങളെ കാവ്യാത്മകമായ ഒരു സർക്കസ് പെർഫോമൻസാക്കി മാറ്റുകയാണ് മൈ വിങ്സ്. ചിറക് നഷ്ടപ്പെടുന്ന ഒരു കഥാപാത്രം ആ ഘട്ടത്തിന് ശേഷം തൻെറ ശക്തി എന്താണെന്ന് തിരിച്ചറിയുകയാണ്. പാവകളി, പാരച്യൂട്ട് ഡാൻസ്, ലൈവ് മ്യൂസിക് എന്നിവ സംയോജിപ്പിച്ചാണ് അവതരണം. മനുഷ്യബന്ധങ്ങളെ ആഘോഷിക്കുന്ന ഈ ഷോ ജീവിതത്തിൻെറ നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും ഭംഗി കൂടിയാണ് അവതരിപ്പിക്കുന്നത്.

ഒരു പൂമാലകഥ - ഇന്ത്യ

സർക്കസ്, മാജിക്, പാവകളി, ജഗ്ലിങ്, ട്രപ്പീസ്, വീഡിയോ ആർട്ട് എന്നിവയെ ചേർത്തിണക്കിയുള്ള ഹൈബ്രിഡ് പ്രകടനമാണ് ഒരു പൂമാലകഥ. സംസാരങ്ങൾ വളരെ കുറവുള്ള ഈ പെർഫോമൻസ് മിത്തിക്കൽ ആഖ്യാനമെന്ന നിലയിലാണ് മുന്നോട്ട് പോവുന്നത്. സമകാലിക സൗന്ദര്യശാസ്ത്രത്തിനൊപ്പം പരമ്പരാഗതവും ആധുനികവുമായ കലാരൂപങ്ങളെ സംയോജിപ്പിക്കുന്നുണ്ട് ഇന്ത്യയിൽ നിന്നുള്ള ഒരു പൂമാലകഥ.

Rito para un Vals – ചിലി

കോമഡിയും അക്രോബാറ്റിസവും യോജിപ്പിച്ച് കൊണ്ടുള്ള ചിലിയിൽ നിന്നുള്ള പെർഫോമൻസാണ് Rito para un Vals. സർക്കസും തിയേറ്ററും ചേർത്തുള്ള അവതരണരീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. തമാശ നിറഞ്ഞ സംഭാഷണങ്ങളിലൂടെ ഏരിയൽ കലാരൂപങ്ങളുടെയൊപ്പം പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്നതാണ് ഈ കലാ പ്രകടനം.

ഷാഡോ ഡാൻസ് - ബെൽജിയം

ഫൗണ്ടെയ്നിൽ നിന്ന് വരുന്ന രണ്ട് പേരുടെ നൃത്ത പ്രകടനമാണ് ബെൽജിയത്തിൽ നിന്നുള്ള ഷാഡോ ഡാൻസ്. വെള്ളത്തിൻെറ സ്ക്രീൻ പ്രൊജക്ഷനൊപ്പം നിഴൽ നാടകത്തെ സംയോജിപ്പിച്ചാണ് അവതരണം. ജെസ്സി, ബെൻ ഡി കെയ്സർ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെള്ളവും വെളിച്ചവും ഉപയോഗപ്പെടുത്തി ജീവിതത്തിൻെറ നിഗൂഢതകളെയും ഒഴുക്കുകളെയും കൂടി അവതരിപ്പിക്കുകയാണ് ഷാഡോ ഡാൻസ്.

Wooooow!! – കാറ്റലോണിയ

ലാ ചുരി അവതരിപ്പിക്കുന്ന തെരുവ് ക്ലൗൺ ഷോയാണ് Wooooow!! എന്നത്. ജീവിതത്തിലെ വളരെ ലളിതമായ, എന്നാൽ മനസ്സിൽ തങ്ങിനിൽക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ ഭംഗി ഈ കലാപ്രകടനം നമ്മളെ ഓർമ്മിപ്പിക്കുന്നു.

മുടിയേറ്റ്, നിഴൽ പാവക്കൂത്ത്, ജലീലും ഷാനവാസും ചേർന്ന് അവതരിപ്പിക്കുന്ന കബീർ ദാസിൻെറ ദോഹകൾ എന്നിവയും ഫെസ്റ്റിവെലിൻെറ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.


Summary: Kerala Arts and Crafts Village at Kovalam to host six day International performing arts festival Ragbag in 2025 January. Event to showcase performances from many countries.


Comments