ITFoK നിർത്തിവെക്കുന്നത് ധിക്കാരം, വെല്ലുവിളി

2025 ഫെബ്രുവരിയിൽ നടത്താനിരുന്ന ‘ITFok’ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് നീട്ടിവെക്കുകയാണെന്ന് കേരള സംഗീത നാടക അക്കാദമി അറിയിച്ചിരിക്കുന്നു. നാടകക്കാർക്ക് അഭിമാനത്തോടെ ഒത്തുചേരാവുന്ന പ്രാധാന്യമേറിയ ഒരിടമായ ഈ ഫെസ്റ്റിവൽ നിർത്തിവെക്കാനുള്ള തീരുമാനം വലിയ ധിക്കാരവും അനീതിയുമാണെന്ന് ദീപൻ ശിവരാമൻ.

ന്തർദേശീയ നാടകോത്സവം (International Theatre Festival of Kerala - ITFoK) നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നു. സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണ് ഇന്ത്യയുടെ തന്നെ അഭിമാനമായ അന്തർദേശീയ നാടക ഫെസ്റ്റിവൽ നിർത്തിവെക്കുന്നത് അല്ലെങ്കിൽ നീട്ടിവെക്കുന്നത് എന്ന ന്യായം പറയുമ്പോൾ, നിങ്ങൾ എത്ര പണമാണ് കേരളത്തിൽ നടത്താൻ പോവുന്ന അർജന്റീനയുടെ ഫുട്‌ബോൾ മാമാങ്കത്തിന് ചെലവിടാൻ പോകുന്നത് എന്ന് ഞങ്ങളോട് പറയണം. തലസ്ഥാനനഗരിയിൽ ഏതാനും മാസം മുൻപ് നടത്തിയ ഓണാഘോഷ മാമാങ്കത്തിന് നിങ്ങൾ ചെലവിട്ട തുകയെത്ര എന്ന് പറയണം.

കേരളത്തിൽ ഏറ്റവും സാമൂഹിക പ്രതിബദ്ധത കാണിച്ചിട്ടുള്ള കലാകാരർ നാടകപ്രവർത്തകരാണ് എന്നത് ചരിത്രമാണ്. എന്നിട്ടും മാറിവരുന്ന സർക്കാർ സംവിധാനങ്ങൾ അവർക്ക് ഒരുകാലത്തും ഒരു ചുക്കും കൊടുത്തിട്ടില്ല. ഇവിടെ നാടകക്കാർ നിലനിൽക്കുന്നതും നാടകങ്ങൾ ഉണ്ടാകുന്നതും അവരുടെ സ്വയപ്രയത്‌നത്താൽ മാത്രമാണ്.

കേരളത്തിൽ അന്തർദേശീയ നാടകോത്സവം ഉണ്ടായിവന്നത് ഇവിടെ പണിയെടുക്കുന്ന നാടകക്കാർ അത്തരമൊരു ഫെസ്റ്റിവൽ ഉണ്ടാക്കിയെടുക്കാൻ, അതിൽ പങ്കെടുക്കാൻ പ്രാപ്തമാകുന്ന വിധം സ്വയം പ്രയത്‌നത്താൽ വളർന്നുവന്നതുകൊണ്ടാണ്. കേരളത്തിലുള്ള നാടകക്കാർക്ക് അഭിമാനത്തോടെ ഒത്തുചേരാവുന്ന പ്രാധാന്യമേറിയ ഇടമാണ് ITFoK. ആയതുകൊണ്ടുതന്നെ ഈ ഫെസ്റ്റിവൽ നിർത്തുന്നത് വഴി നിങ്ങൾ ചെയ്യുന്നത് വലിയ ധിക്കാരവും അനീതിയുമാണ്.

നാടകം കൊണ്ടും നാടകക്കാരെ കൊണ്ടും സർക്കാരിന് എന്തുഗുണം എന്നാലോചിക്കുന്നുണ്ടാകും? സിനിമാതാരത്തിന്റെ കൂടെ നിന്ന് കുടുംബസമേതം സെൽഫിയെടുക്കാൻ തിക്കും തിരക്കുമിട്ട് കയ്യും കാലും ഒടിക്കുന്ന രാഷ്ട്രീയക്കാർ, കലയുടെ പേരിൽ നീക്കിവച്ചിട്ടുള്ള ഇത്തിരിപ്പോന്ന കസേരകളിൽ കയറിയിരുന്ന്, കലാകാരർക്കായി പണിതിട്ടുള്ള സ്ഥാപനങ്ങളുടെ ഗേറ്റ് അടച്ച് താക്കോൽ കഴുത്തിലിട്ട് ഗമയിൽ പ്രമാണിമാരായി നടക്കുന്ന നാട്. അത്തരക്കാർക്ക് എന്ത് അന്തർദേശീയ നാടകോത്സവം?

ഏതാനും വർഷങ്ങൾക്കുമുൻപ് കേരളത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പ് നേരാംവണ്ണം നടത്തിക്കൊണ്ടുപോയിരുന്ന ഒരു നാഷണൽ തിയറ്റർ ഫെസ്റ്റിവലുണ്ടായിയുരുന്നു. അന്ന് അത് നിറുത്തി കളഞ്ഞത് ഇതേ ന്യായം പറഞ്ഞുതന്നെയായിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഒന്നാംതരം നാടക ഫെസ്റ്റിവലുകളിൽ ഒന്നായ ‘ഇറ്റ്ഫോക്കും’. നാടകക്കാരെല്ലാം പാർട്ടിക്കാരായതുകൊണ്ട് സംഗതി സമാധാനമായി പോയിക്കൊള്ളും എന്ന് നമ്മടെ സർക്കാരിന് അറിയാം. ‘ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താടാ കോൺഗ്രസേ’ എന്ന പഴയ മുദ്രാവാക്യമാണ് ഓർമ വരുന്നത്.

ഈ ഭോഷ്‌ക് ഇനിയും എത്രനാൾ കേരളത്തിലെ മൂല്യബോധമുള്ള നാടകക്കാർ കാണണം?


ദീപൻ ശിവരാമൻ

നാടക സംവിധായകൻ, സീനോഗ്രാഫർ. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ പെർഫോർമൻസ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസർ. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ നാടകാവിഷ്‌കാരം നടത്തി. സ്‌പൈനൽ കോഡ്, പിയർ ജിൻറ്​, ഉബു റോയ്, ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി തുടങ്ങിയവ സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ. ‘ഇറ്റ്‌ഫോക്ക്- 2023'ന്റെ ക്യുറേറ്റർ.

Comments