അരവുചായത്തിലെ കിടാരജീവിതം, ഉത്തരമലബാറിന്റെ കലാഗോത്രം

കിടാരർ ഉത്തരമലബാറിന്റെ മണ്ണടരുകളിൽ കാറ്റും വെയിലും കുടിച്ച് നിറം വെച്ച ചായക്കല്ലുകളാണ്. നിറത്തിന്റെ രസായനശാലകൾ സ്വന്തം കുടിലുകളിൽ വികസിപ്പിച്ചെടുത്ത പുരാതനമായ കലാപരമ്പരയാണ് കിടാരരുടേത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില ഗ്രാമങ്ങളിൽ മാത്രമാണ് ദൈവത്തെ മിനുക്കുന്ന ഈ കലാഗോത്രം നിലനിൽക്കുന്നത് - ചായം നിർമ്മാണവും ചിത്രകലയും കുലത്തൊഴിലായ കേരളത്തിലെ ഒരേയൊരു ജാതിസമൂഹമായ കിടാരരെക്കുറിച്ച് വി.കെ. അനിൽകുമാർ എഴുതുന്നു…

കിടാരൻ ബാലേട്ടൻ ദൈവത്തെ അമ്മിക്കല്ലിൽ അരച്ചെടുക്കുന്ന മനുഷ്യനാണ്. ഒരു സാധാരണക്കാരൻ തൊഴിലാളി. കലാകാരനെന്ന വിളിപ്പേരില്ലെങ്കിലും അയാൾ തൃക്കരിപ്പൂരിന്റെ ചിത്രകാരനാണ്. ചായം നിർമ്മാണവും ചിത്രകലയും കുലത്തൊഴിലായ കേരളത്തിലെ ഒരേയൊരു ജാതിസമൂഹമാണ് കിടാരർ. പ്രകൃതിയിൽ നിന്നും ലഭ്യമായ നിറക്കല്ലുകളും ഇലകളും അമ്മിയിൽ പ്രത്യേകാനുപാതത്തിൽ അരച്ച് സ്ഫുടം ചെയ്തെടുക്കുന്ന കലയുടെ രാസവിദ്യകൾ പാരമ്പര്യമായി സ്വായത്തമാക്കിയ പുരാതന ജാതിവിഭാഗം. ചായനിർമ്മാണവും ചിത്രമെഴുത്തുമായി ബന്ധപ്പെട്ട കുലങ്ങൾ കേരളത്തിൽ വേറെയുണ്ടോ എന്നറിയില്ല.

കിടാരർ ഉത്തരമലബാറിന്റെ മണ്ണടരുകളിൽ കാറ്റും വെയിലും കുടിച്ച് നിറം വെച്ച ചായക്കല്ലുകളാണ്. നിറത്തിന്റെ രസായനശാലകൾ സ്വന്തം കുടിലുകളിൽ വികസിപ്പിച്ചെടുത്ത പുരാതനമായ കലാപരമ്പരയാണ് കിടാരരുടേത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില ഗ്രാമങ്ങളിൽ മാത്രമാണ് ദൈവത്തെ മിനുക്കുന്ന ഈ കലാഗോത്രം നിലനിൽക്കുന്നത്. കിടാരരുടെ ഉത്തരമലബാറിലേക്കുള്ള ആഗമനത്തെക്കുറിച്ച് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ല. കർണ്ണാടകയിലെ കുടക് ദേശത്ത് നിന്നും ചിറക്കൽ തമ്പുരാൻ ചിത്ര വേലക്കായി വടക്കൻ കേരളത്തിലേക്ക് കൊണ്ടുവന്ന ജാതിസമൂഹമാണ് കിടാരരെന്ന് പറയപ്പെടുന്നു.

തൃക്കരിപ്പൂരിലെ ബാലേട്ടന്റെയും മകൻ മനോജിന്റെയും അരവുചായം
തൃക്കരിപ്പൂരിലെ ബാലേട്ടന്റെയും മകൻ മനോജിന്റെയും അരവുചായം

നീലേശ്വരം, തൃക്കരിപ്പൂർ, മാതമംഗലം കുഞ്ഞിമംഗലം , ആലക്കാട്, പെരുന്തട്ട, ചിറക്കൽ കടലായി, കൂത്ത് പറമ്പ്, അഴീക്കോട് എന്നിവിടങ്ങളിലാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. ചരിത്രവും കാലവും കയ്യൊഴിഞ്ഞിട്ടും ദൈവങ്ങൾക്ക് കുപ്പായങ്ങൾ തുന്നിയും പൊട്ടിപ്പോയ കിരീടവും മുടിയും നിർമ്മിച്ചും മുറിഞ്ഞു പോയ കൈകാലുകൾ തുന്നിച്ചേർത്തും ഒരു കലാകുലം ഉത്തരമലബാറിന്റെ മണ്ണിൽ അതിജീവിക്കുന്നുണ്ട്.

കിമ്പുരുഷന്റെ നെറം

കിടാരരുടെ കുലപ്പിറവിയിൽ ഒരു പൂർവവൃത്താന്ത കഥനമുണ്ട്. പണ്ട് പണ്ട് രാജാക്കന്മാരുടെ പ്രതാപകാലം. അന്ന് കിടാരർ ഉണ്ടായിരുന്നില്ല, പകരം പിടാരർ എന്ന ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വടക്കൻ കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും പൂജകളും താന്ത്രിക കർമ്മങ്ങളും ചെയ്യുന്ന കൗളവ സമ്പ്രദായത്തിലുള്ള പ്രത്യേക ജാതി വിഭാഗമാണ് പിടാരർ. ഉത്തരമലബാറിലെ ചില പ്രമുഖ ക്ഷേത്രങ്ങളിൽ പൂജകൾ ചെയ്യുന്നതിനായി കൊണ്ടുവന്ന പ്രത്യേക അവകാശ അധികാരമുള്ള പൂജാരിമാരാണിവർ.

ചിറക്കൽ കോവിലകത്തെ പ്രതാപിയായ തമ്പുരാന് ഒരു പിടാരപ്പെൺകൊടിയിൽ മോഹമുണർന്നു. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന പിടാരപ്പെണ്ണിനോടും അവളുടെ കുടുംബത്തോടും തമ്പുരാന് കോപമുണ്ടായി. അക്കാലത്ത് മൃഗങ്ങളുടെ തുകൽ ഉപയോഗിച്ചുള്ള തൊഴിൽ പെൺകുട്ടിയുടെ കുടുംബക്കാർ ചെയ്തിരുന്നു. മൃഗങ്ങളുടെ തോല് കത്തിച്ച് ദുർഗന്ധമുണ്ടാക്കി എന്ന കുറ്റമാരോപിച്ച് തമ്പുരാൻ പിടാരപ്പെണ്ണിനെയും അവളുടെ കുടുംബത്തെയും ജാതിഭ്രഷ്ഠരാക്കി.

ബാലേട്ടന്റെയും മകൻ മനോജിന്റെയും അരവുചായം
ബാലേട്ടന്റെയും മകൻ മനോജിന്റെയും അരവുചായം

പിടാരരിൽ നിന്നും വിഭിന്നമായി കിടാരർ എന്ന ജാതിപ്പേര് നൽകുകയും അവർക്ക് തുകലിലും മരത്തിലും തുണികളിലും ചായം തേച്ച് ചിത്രവേലകൾ ചെയ്യുന്നതിനുള്ള അവകാശാധികാരങ്ങൾ കല്പിച്ച് നൽകുകയും ചെയ്തു. പിടാരജാതിയിൽ നിന്നും പുറത്താക്കിയ സ്ത്രീയുടെയും കുടുംബത്തിന്റെയും സന്തതിപരമ്പരകളിൽ നിന്നാണ് കിടാര കുലം ഉണ്ടായത്. നെറനിർമ്മാണവും സംസ്കരണവിദ്യയും സ്വായത്തമാക്കിയ സവിശേഷമായ ചരിത്രവും സംസ്കാരവുമുള്ള കിടാരർ ഒരു പ്രത്യേക ജാതി സമൂഹമായി പിന്നീട് വളരുകയാണുണ്ടായത്.

പിടാരരിൽ നിന്ന് കിടാരരെ വേർതിരിക്കുകയും തമ്പുരാൻ അവർക്ക് മറ്റ് ജാതി വിഭാഗങ്ങളിൽ നിന്നും വിഭിന്നമായ കുലത്തൊഴിലും ജമ്മാധികാരവും കല്പിച്ചു കൊടുക്കുകയും ചെയ്തു. ചായനിർമ്മാണവും ചായം തേക്കലുമാണ് പിടാരരുടെ കുലവൃത്തി. മഹാക്ഷേത്രങ്ങളുടേതല്ല കാവുകളുടെ ചിത്ര വേലയാണ് കിടാരർ അനശ്വരമാക്കുന്നത്. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള കിടാരവൃത്തിയും തെയ്യം പോലെ ഒരനുഷ്ഠാനമാണ്. മുഖയാമം, വ്യാളിമുഖം, മകരത്തല, മൊതലവായി, മകരക്കാല്, പാവത്തട്ട്, മാടപ്പല, അയിക്കൂട് നമസ്ക്കാര മണ്ഡപം, വീരാളിപട്ട് എന്നിങ്ങനെ കാവുകളിലെ വ്യത്യസ്ത സ്ഥാനങ്ങളിലും വിവിധ തെയ്യങ്ങളുടെ വ്യത്യസ്തമായ ആയുധങ്ങളിലും നാട്ടുചായം തേക്കുന്ന ചിത്രമെഴുത്തുകാരാണ് കിടാരർ.

തെയ്യങ്ങളിലെ അതിബലവാനായ വീരൻ പൂമാരന്റെ കയ്യിലെ വലിപ്പമേറിയ പലിശത്തട്ടിലെ നിറവിന്യാസം ആരെയും വിസ്മയിപ്പിക്കുന്നതാണ്. വേട്ടക്കൊരുമകൻ പോലുള്ള തെയ്യങ്ങൾ കയ്യിൽ കൊണ്ടുനടക്കുന്ന ഒപ്പന ചൊന്തി എന്ന മരത്തിൽ കടഞ്ഞ പ്രത്യേക ആയുധത്തിലെ നിറലേഖനത്തിൽ കിടാരരുടെ സൂക്ഷ്മനിരീക്ഷണവും കയ്യടക്കവും കാണാം. കിടാരരുടെ വർണ്ണക്കൈകൾ മെനയുന്ന നാട്ടുശിൽപ്പ ചാതുരിയെപ്പറ്റി പുറംലോകത്തിന് വലിയ ധാരണകളൊന്നുമില്ല. ഇങ്ങനെയൊരു ജാതിവിഭാഗത്തെക്കുറിച്ചോ അവരുടെ കുലത്തൊഴിലിനെ കുറിച്ചോ സർഗ്ഗ വൈഭവത്തെക്കുറിച്ചോ കാര്യമായ പഠനമൊന്നും നടത്തിയതായി അറിവില്ല.

ചിത്രപ്പണിക്കിടെ മനോജ്
ചിത്രപ്പണിക്കിടെ മനോജ്

യുഗങ്ങളുടെ അങ്ങേയറ്റത്തിരുന്ന് നമ്മുടെ നേർക്ക് നീണ്ടു വരുന്ന അറ്റമില്ലാത്ത കാല ബാഹുക്കൾ, ചോരയൊലിക്കുന്ന നീണ്ട നാവ് തുറിച്ച കണ്ണുകൾ, പേടിപ്പെടുത്തുന്ന കൊന്തൻ പല്ലുകൾ... കുട്ടിക്കാലത്തെ തെയ്യക്കാഴ്ച്ചകളിൽ കൗതുകം വിട്ടുമാറാതെ ഇന്നും നിലനിൽക്കുന്ന ഭീതിത രൂപം. കിമ്പുരുഷൻ. പേരുപോലെതന്നെ ഭയാനകം. എന്താണ് ഈ നീണ്ട കയ്യുകൾ? എന്താണ് ഈ ഉണ്ടക്കണ്ണുകൾ ? കുട്ടിക്കാലത്തെ ഇങ്ങനെ കുഴപ്പിച്ച ഈ കിമ്പുരുഷൻ ഏട്ന്നാന്ന് വെര്ന്നത്...? തെയ്യക്കാവുകളിൽ വലിയ കൈകൾ വിരിച്ച് നിൽക്കുന്ന കിമ്പുരുഷന്റെ ബീഭത്സരൂപത്തെ വർണ്ണച്ചായത്തിൽ മുക്കി നെറപ്പെടുത്തുന്നതിനുള്ള അവകാശം കിടാരർക്കാണ്. ഇവരുടെ കരവിരുതിലാണ് കേരളത്തിൽ മറ്റെവിടെയും കാണാത്ത കിമ്പുരുഷന്മാർ ഇങ്ങനെ കണ്ണുരുട്ടി നാക്ക് നീട്ടി പേടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നീണ്ട ബാഹുക്കളിൽ കത്തുന്ന പൊള്ളക്കണ്ണുകളിൽ പിളർന്ന വ്യാളീ വായയിൽ കാലം കുത്തിയിരുന്ന് കല്ലരക്കുന്നത് കാണാം.

മൺമറഞ്ഞു പോയ കിടാരഗുരു പരമ്പര ചരിത്രത്തെ നോക്കിച്ചിരിക്കുന്ന വർത്തമാനകാല ശിൽപ്പ നിർമ്മിതിയാണ് കിമ്പുരുഷന്റേത്. മുരിക്കരിഞ്ഞ് മനോഹരമായ ശിൽപ്പങ്ങൾ മെനയുന്നതിലും കിടാരർക്ക് വൈദഗ്ധ്യമുണ്ട്. ചല്ലനും ചൊറയും ഉറുമാലും കെട്ടിയ തീയ്യശരീരത്തിന്റെ ആഘോഷമായ പൂരക്കളിയല്ലേ നിങ്ങൾ കണ്ടിട്ടുള്ളു. കളിക്കാർ നിറഞ്ഞ നാല്പത്തീരടി കളിപ്പന്തലിന് നടുവിൽ വിളങ്ങുന്ന ചിത്രസ്തംഭമുണ്ട്. കിടാരൻ എന്ന ചിത്രമെഴുത്തുകാരൻ നെറവും കനവും ചേർത്തുയിർപ്പിച്ച ചിത്രത്തുണിയിൽ ചിത്രകലയുടെ ശില്പകലയുടെ മനോജ്ഞമായ കാഴ്ച്ചയുണ്ട്. ഉത്തരമലബാറിന്റെ ചായപ്പണിക്കാരുടെ ആരുമറിയാത്ത ചരിത്രം നിങ്ങളെ വിസ്മയിപ്പിക്കും. സംശയമില്ല.

അരവ്ചായത്തിലെ ജീവിതം

തൃക്കരിപ്പൂരിലെ ഏറ്റവും പഴക്കമുള്ള കിടാര തറവാട് ബാലേട്ടന്റെതാണ്. തൃക്കരിപ്പൂരിൽ വേറെ കിടാര തറവാടുകളില്ല. ഉത്തര മലബാറിൽ അധികമാരുടെയും കാഴ്ചകളിൽ കടന്നുവന്നിട്ടില്ലാത്ത ചരിത്രവും സംസ്കാരവുമാണ് കിടാരരുടേത്. ശിൽപ്പ ചാരുതയുടെ മനം മയക്കുന്ന കാഴ്ച്ചയ്ക്ക് പിറകിൽ കിടാരൻ ബാലേട്ടന്റെയും അനിയൻ കിടാരൻ പപ്പേട്ടന്റെയും കഠിനാധ്വാനമുണ്ട്.

ഇപ്പോൾ എൺപത്തി രണ്ട് വയസ്സായ ബാലേട്ടൻ കിടാരവൃത്തിയിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്. എൺപത് വയസ്സ് വരെ ചിത്ര വേല ചെയ്തു. ചിത്രപ്പണി കുലവൃത്തിയായതിനാൽ കിടാരൻ ബാലനെ ആരും ആർട്ടിസ്റ്റ് ബാലൻ എന്നു വിളിച്ചില്ല. നിറങ്ങളുടെയും ചായക്കല്ലുകളുടെയും അരവുകളുടെയും വർണ്ണദീപ്തമായ ലോകത്ത് ദീർഘകാലത്തെ അനുഭവപാരമ്പര്യം ബാലേട്ടനുണ്ട്. ബാലേട്ടനെ ഒരു ശിൽപ്പിയായോ ചിത്രകാരനായോ പരിഗണിക്കപ്പെടാതെ പോകുന്നത് എന്തു കൊണ്ടായിരിക്കാം?

ചായ നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയ്ക്കപ്പുറം പ്രതിഭയുടെ ധാരാളിത്തം ബാലേട്ടനില്ലായിരിക്കാം. പക്ഷേ കല്ലിനെ അരച്ചലിയിച്ച് ദൈവമാക്കാൻ ബാലേട്ടനേ അറിയൂ. ചായില്യം, മനേല (മനയോല) കട്ടനീലം, നീലയമരിച്ചാറ് , മഷി, വെള്ളാരങ്കല്ല്... പ്രകൃതിയിലെ വർണ്ണ സ്രോതസ്സുകളാണ്. ഇവയിൽ നിന്നും നിറങ്ങളുടെ മാസ്മരികമായ ചേരുവകളെ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ബാലേട്ടന് വേണ്ടുവോളമുണ്ട്. ചോപ്പ്, മഞ്ഞ, നീല, കറുപ്പ്, വെളുപ്പ്… കിടാരന്റെ അമ്മിയിൽ ദൈവത്തെ അരച്ചെടുക്കുകയാണ്. നിറങ്ങളിൽ വിരിയുന്ന രസക്കൂട്ടുകളിലാണ് ഉത്തരകേരളത്തിലെ കാവുകളും ക്ഷേത്രങ്ങളും നെറപ്പെടുന്നത്.

എല്ലാ നിറങ്ങളുടെയും സ്രോതസ്സ് ഭൂമിയാണ്. മണ്ണിൽ നിന്നും കിട്ടുന്ന വ്യത്യസ്തമായ നിറക്കല്ലുകളിൽ നിന്നുമാണ് കിടാരർ നിറങ്ങൾ നിർമ്മിക്കുന്നത്. ചായില്യം പോലുള്ള നിറങ്ങളെ വിവേചിച്ചെടുക്കുന്ന ചായില്യക്കല്ലും മഞ്ഞയുടെ അന്തരങ്ങൾ സൃഷ്ടിക്കുന്ന മനേലക്കല്ലും പ്രകൃതിയിൽനിന്ന് വേറെ വേറെ തന്നെ ലഭിക്കുന്നു. ഇങ്ങനെ കിട്ടുന്ന കല്ലുകൾ പ്രത്യേകാനുപാതത്തിൽ അമ്മിയിൽ അരച്ചരച്ച് എണ്ണ പരുവത്തിലാക്കിയെടുക്കണം.

ചായില്യം മനേലക്കല്ലുകൾ കടയുന്നതിനായി തയ്യാറാക്കിയ പ്രത്യേകം അമ്മിയും കോലുമുണ്ട്. അത്രയും ക്ഷമയോടെ കരുതലോടെയുള്ള ഒരു പണിയാണ് പ്രകൃതിജന്യമായ ചായക്കല്ലുകളെ അരച്ചെടുക്കുക എന്നത്. വെയിലത്തിട്ട് ഉണക്കലാണ് നിറ നിർമ്മാണത്തിന്റെ അടുത്ത ഘട്ടം. ഇങ്ങനെ ഉണക്കി കട്ടിയാകുന്ന വർണ്ണക്കൂട്ടുകൾ പൊട്ടിച്ച് പ്രത്യേകം പ്രത്യേകം പാത്രങ്ങളിൽ ശേഖരിക്കണം. പിന്നീട് ആവശ്യത്തിന് വേണ്ട വർണ്ണധൂളികൾ ചിരട്ടയിൽ ചാലിച്ചാണ് നിറങ്ങളെടുക്കുന്നത്.

ബാലേട്ടൻ
ബാലേട്ടൻ

അരവ് ചായം മരത്തിലോ കല്ലിലോ തേച്ചുപിടിപ്പിച്ച് കേടുകൂടാതെ ദീർഘകാലം നിലനിൽക്കുന്നതിനായി പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ കൂടിയുണ്ട്. പൈൽ മരത്തിൽ നിന്നും ഊറിവരുന്ന നീര്, പശ ചേർത്തുണ്ടാക്കുന്ന പന്തം പ്രത്യേക അനുപാതത്തിൽ മിശ്രണം ചെയ്താണ് അരവ് ചായം മരത്തിലും കല്ലിലുമുള്ള ശില്പങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത്. ഇങ്ങനെ ചായം തേച്ചു കഴിഞ്ഞാൽ ദീർഘകാലം കേടുകൂടാതെ നിറം കെട്ടുപോകാതെ അതേ തിളക്കത്തോടെ നിലനിൽക്കും. വർണ്ണം ചാലിക്കുന്ന ചിരട്ടകൾക്കും സവിശേഷതകളേറെയുണ്ട്. അടിവശം കൂർത്ത വിസ്താരം കുറഞ്ഞ ചിരട്ടകൾ കടയാനുപയോഗിക്കില്ല.

വായ് വട്ടം കൂടിയ വലിയ ചിരട്ട തിരഞ്ഞെടുത്ത് പീശക്കത്തി കൊണ്ട് പാങ്ങാക്കി വെള്ളത്തിൽ പൊതിരാൻ വെക്കും. വെള്ളത്തിൽ കുതിർന്ന് പ്രത്യേക പരുവത്തിൽ പാകപ്പെടുത്തിയുണക്കിയാണ് അരവ് ചായം കടയുന്നത്. ചിരട്ടയിൽ മരത്തിന്റെ കോലുപയോഗിച്ചാണ് കടയുന്നത്. ഇങ്ങനെ കടഞ്ഞു കടഞ്ഞ് തയച്ച് തയച്ചെടുത്ത് ഏറ്റവും ശുദ്ധമായ രൂപമാണ് നിറങ്ങളായി മാറുന്നത്. ഇങ്ങനെ കടയുമ്പോൾ ചുവപ്പിന്റെയും മഞ്ഞയുടെയും വ്യത്യസ്തങ്ങളായ നിറങ്ങളെ ചിരട്ടയിൽ ഏറ്റവും ശുദ്ധമായ രൂപത്തിൽ ലഭിക്കുന്നു. ചോപ്പും മഞ്ഞയും കടുപ്പം കൂട്ടിയും കുറച്ചും നിറഭേദങ്ങൾ ഉണ്ടാക്കാൻ കഴിയും.

അരവുചായം നിർമ്മാണം ഒരർത്ഥത്തിൽ അനുഷ്ഠാനം തന്നെയാണ്. അത്രയും ക്ഷമയും ഏകാഗ്രതയും ആവശ്യമാണ്. കുളുത്തും മീനും വരഞ്ഞ് വ്രത ശുദ്ധിയോടെയാണ് കല്ലരക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള എന്നീ അഞ്ചു നിറങ്ങളാണ് കിടാരരുടെ പ്രാഥമിക നിറങ്ങൾ. വെള്ള നിറമുണ്ടാക്കുന്നത് പാറയിൽ നിന്നും ലഭിക്കുന്ന വെങ്കല്ലും ചേടിക്കല്ലും കടഞ്ഞാണ്. സിങ്ക് വൈറ്റ് പോലുള്ള പ്രത്യേക പൗഡറിൽ നിന്നും വെളുപ്പ് വേർതിരിക്കാനാകും. നീലയമരിച്ചാറും കല്ലരച്ചുണ്ടാക്കുന്ന മഞ്ഞയും കൂട്ടി കലർത്തിയാൽ പച്ചയാണ് ബാക്കിയാകുന്നത്. കട്ട നീലവും മഞ്ഞയും കട്ടിക്കലർത്തിയും പച്ചയുണ്ടാക്കാം. ഓട് കമിച്ച് വിളക്കിൽ എള്ളെണ്ണ കത്തിച്ച് കരിയെടുത്താണ് മഷിക്കറുപ്പുണ്ടാക്കുന്നത്.

മാടായിക്കാവ്, പൂഴാതി സോമേശ്വരി ക്ഷേത്രം, ഇരുവേരി അമ്പിളിയാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, പാണത്തൂർ തുളുർവനം മഞ്ഞത്തൂർ കാവ്, നടാൽ ഊർപ്പഴശ്ശിക്കാവ്, കയ്യൂർ വിഷ്ണുമൂർത്തി മുണ്ട്യ തുടങ്ങിയ ദേവസ്ഥാനങ്ങളിൽ പ്രകൃതിജന്യമായ നിറങ്ങളുടെ സർഗ്ഗ വൈഭവം കാണാം. നടാൽ ഊർപ്പഴശ്ശിക്കാവിലെ മേലെ തട്ടിലെ മച്ചിൽ അരവ്ചായമെഴുത്തിന്റെ വിസ്മയങ്ങൾ കാണാം. ക്ഷേത്രങ്ങളിലെ ശില്പങ്ങളിലും തെയ്യങ്ങളുടെ ആയുധങ്ങളിലും അരവുചായമിടുമ്പോൾ അത്രയും ഏകാഗ്രത വേണമെന്ന നിഷ്കർഷ പഴയ കാലം മുതലേ പാലിച്ച് വരുന്നതാണ്.

ബാലേട്ടന്റെ നെറമെഴുത്തുകൾ

കിടാരൻ ബാലേട്ടൻ അരുവുചായത്തിന്റെ ചിത്രവിദ്യ അഭ്യസിച്ചത് അച്ഛൻ രാമൻ കുരിക്കളിൽ നിന്നുമാണ്. പഴയകാലത്ത് കിടാരർ ചിത്രമെഴുത്തിൽ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞാൽ പട്ടും വളയും ഗുരുക്കൾ സ്ഥാനവും നൽകി ആദരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കുരിക്കൾ ചിത്രമെഴുത്തിലെ കിടാരരിലെ ആചാര്യനാണ്. അരവ് ചായ ലിഖിതത്തിൽ ഇങ്ങനെയൊരാചാര പദവി ഇന്ന് നിലനിൽക്കുന്നില്ല. ചെറുവത്തൂർ കേളുക്കുരിക്കൾ, കാഞ്ഞങ്ങാട് അലാമിക്കുരിക്കൾ, തവിടിശ്ശേരി രാമൻ കുരിക്കൾ, കണ്ണൂർ അനന്തൻ കുരിക്കൾ ഇങ്ങനെ വലിയ ഗുരുപരമ്പരകൾ കിടാരരുടെ കലാജീവിതത്തിലുണ്ടായിരുന്നു. തവിടിശ്ശേരി രാമൻ കുരിക്കൾ പേരും പെരുമയുമുള്ള അരവ് ചായക്കാരനായിരുന്നു. നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തവിടിശ്ശേരി രാമൻ കുരിക്കളുടെ വർണ്ണ വിസ്മയം കാണാം. കാഞ്ഞങ്ങാട്ടെ അലാമി കുരിക്കളാണ് അവസാനമായി പട്ടും വളയും സ്വീകരിച്ച ചിത്രമെഴുത്തുകാരനായ ആചാരക്കാരൻ.

അരവ് ചായമെഴുത്തുകാർ തെയ്യത്തിലുമുണ്ട്

കിടാരുടെ വർണ്ണവിദ്യ തന്നെയാണ് മുഖത്തെഴുത്തിനായി തെയ്യക്കാരും പിൻതുടരുന്നത്. വരകളും കുറികളും പൂക്കളും ദളങ്ങളും നേത്രങ്ങളുമടങ്ങുന്ന സങ്കീർണമായ തെയ്യം മുഖത്തെഴുത്തിലെ എല്ലാ സാങ്കേതികവിദ്യയും കിടാരർക്കും അറിയാം. വള്ളിപുള്ളി വില്ലിവിസർഗ്ഗം തെറ്റാതെ ഒരു കോലക്കാരന്റെ മുഖം എങ്ങനെയാണോ ദേവചൈതന്യത്തോടെ വിളങ്ങുന്നത് അങ്ങനെയുള്ള മുഖത്തെഴുത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ചിത്രകാരനായ കിടാരനും ഹൃദിസ്ഥമാക്കണ്ടതുണ്ട്. അതേ സങ്കേതം ഉപയോഗിച്ചാണ് കിടാരർ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്കും കൊത്തുവേലകൾക്കും നമസ്കാര മണ്ഡപങ്ങൾക്കും അരവ്ചായം തേക്കുന്നത്.

കിടാര വിഭാഗത്തിൽ പെടുന്നില്ലെങ്കിലും അരവ്ചായത്തിന്റെ എല്ലാ സാങ്കേതികവിദ്യയും കരസ്ഥമാക്കിയ അതുല്യ കലാകാരനായിരുന്നു തൃക്കരിപ്പൂർ പൂച്ചോലിലെ കലാകാരൻ ചന്തുക്കുട്ടി. ചന്തൂട്ടിയേട്ടൻ മൺമറഞ്ഞു പോയെങ്കിലും അദ്ദേഹം നിറം പകർന്ന അതിമനോഹരമായ തെയ്യചിത്രങ്ങൾ ധാരാളമായി ഈയടുത്ത കാലംവരെ കാവുകളിലുണ്ടായിരുന്നു. കിടാരൻ രാമൻ കുരുക്കളാണ് തട്ടാനായ ചന്തുക്കുട്ടിക്ക് അരവ് ചായത്തിന്റെ സാങ്കേതികജ്ഞാനം പകർന്നു കൊടുത്തത്. കലാകാരൻ ചന്തുക്കുട്ടിയുടെ നിറസ്പർശമില്ലാത്ത കാവുകൾ വിരളമായിരുന്നു. കാവിലെ ചുമരുകളിൽ കലാകാരൻ ചന്തുക്കുട്ടി വരച്ച തെയ്യചിത്രങ്ങൾ എക്കാലത്തെയും മനോഹരമായ കാഴ്ചകളായിരുന്നു. പുനപ്രതിഷ്ഠാ നവീകരണത്തിന്റെയും കാവ് പരിഷ്കരണത്തിന്റെയും ഭാഗമായി ചന്തുക്കുട്ടിയേട്ടന്റെ ചിത്രങ്ങൾ കാവുകളിലെ ചുമരുകളിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കിടാരൻ ബാലേട്ടന്റെ അച്ഛൻ രാമൻ കുരുക്കളിൽ നിന്നും പകർന്ന് കിട്ടിയ നിറവിജ്ഞാനീയത്തിൽ ചന്തുക്കുട്ടിയെന്ന ബഹുമുഖ പ്രതിഭ ഉടലെടുക്കുകയായിരുന്നു.

കെ.പി. മനോജിന്റെ അരവുചായം
കെ.പി. മനോജിന്റെ അരവുചായം

അദ്ദേഹത്തിൻറെ മകനും പ്രമുഖ ചിത്രകാരനുമായ ആർട്ടിസ്റ്റ് കെ.പി. മനോജ് അച്ഛനിൽ നിന്നും അരവുചായ നിർമ്മാണത്തിന്റെയും സംസ്കരണത്തിന്റെയും എല്ലാ സാങ്കേതികവിദ്യയും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ ഒരേയൊരു കിടാരക്കാരണവരായ ബാലേട്ടൻ എൺപത്തി രണ്ട് വർഷക്കാലം ഇവിടെ ജീവിച്ചു. അരവുചായ മുണ്ടാക്കുമെങ്കിലും ശില്പങ്ങളിലും കൊത്തുപണികളിലും നിറങ്ങൾ പകരുമെങ്കിലും ബാലേട്ടനെ കലാകാരനായി ആരും പരിഗണിക്കാറില്ല. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ നിരവധി നിരവധിയായ ക്ഷേത്രങ്ങളെ ബാലേട്ടൻ നെറപ്പെടുത്തി. അരവ് ചായം കൊണ്ട് മാത്രം അരി വേവില്ലല്ലോ. ചിത്രപ്പണി കുറയുന്ന സമയങ്ങളിൽ ബാലേട്ടൻ ബീഡിപ്പണിയെടുത്തു. കലയിലൂടെ മാത്രം ജീവസന്ധാരണം സാധ്യമല്ലെന്ന് മറ്റാരെക്കാളും നന്നായി കിടാരൻ ബാലനറിയാം.

കിടാരർ ഒരു ഫോക് ലോർ സംജ്ഞയല്ല

കിടാരർ എന്ന അപൂർവ്വ കുലത്തെയും കലയുടെ അന്തസത്ത പേറുന്ന കുലവിദ്യയെയും പരിരക്ഷിക്കേണ്ടുന്ന എന്തെന്ത് സംവിധാനങ്ങളാണ് ഇന്ന് നിലനിൽക്കുന്നത്. പ്രകൃതിയിൽ ലഭ്യമായ അസംസ്കൃത വസ്തുക്കളിൽ നിന്നും ചായമുണ്ടാക്കുന്ന ഇവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാങ്കേതിക വിദ്യയെ കടലെടുക്കാതെ കാക്കേണ്ടുന്നവർ ആരാണ്?

കെ.പി. മനോജിന്റെ അരവുചായം
കെ.പി. മനോജിന്റെ അരവുചായം

അതിസാങ്കേതിക വിദ്യയുടെ നവകാലത്ത് വംശനാശ ഭീഷണിയുടെ ഒന്നാമത്തെ പേരുകാരനായി ബാലേട്ടൻ നിറവിദ്യയുടെ കുലത്തിലെ അവസാനത്തെ കണ്ണിയായി നിലനിൽക്കുന്നുണ്ട്. വർണ്ണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പുതിയ കൂടിക്കലരലിനെ അരവ്ചായക്കാരനായ കിടാരന് അതിജീവിക്കാകുമോ? അരവുചായത്തിന്റെ മാന്ത്രികവും ജൈവികവുമായ സൗന്ദര്യത്തെ മറ്റ് ചായങ്ങൾക്ക് പകർന്നുനല്കാനാകില്ല. കാവുകളിലെ നമസ്കാര മണ്ഡപങ്ങളിലും ചിത്ര സ്തംഭത്തിലും അയിക്കൂടിലും മേൽക്കൂരയിലും മുഖയാമത്തിലും തെയ്യങ്ങളുടെ മരത്തിൽ പണിത ആയുധങ്ങളിലുമുണ്ടാക്കുന്ന വിസ്മയിപ്പിക്കുന്ന മാന്ത്രിക സൗന്ദര്യം മറ്റ് നിറങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അരവുചായങ്ങൾ ഉണ്ടാക്കുന്ന നിറങ്ങളുടെ സമന്വയത്തെ മറ്റു നിറങ്ങൾക്ക് രൂപപ്പെടുത്താൻ സാധിക്കില്ലെന്നും അരവുചായത്തിലെ പുതുതലമുറയിൽ പെട്ട കലാകാരർ പറയുന്നു.

ബാലേട്ടന്റെ മകനായ മനോജ് ഇപ്പോഴും ഈ സാങ്കേതികവിദ്യ അതിന്റെ പൂർണാർത്ഥത്തിൽ സ്വായത്തമാക്കിയ കലാകാരനാണ്. ഉത്തര മലബാറിലെ പല ക്ഷേത്രങ്ങളിലെയും അരവ് ചായത്തിലെ പണികൾ ഇപ്പോൾ മനോജിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്. സാങ്കേതികവിദ്യയുടെ നവകാലത്ത് ചിത്രകല അതിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കുമ്പോൾ കിടാരർ എന്നത് കേവലമൊരു ഫോക് ലോറായി ചുരുങ്ങിപ്പോയേക്കും. അമ്മിയിൽ കല്ലരച്ച് ഉണക്കി പൊടിയാക്കി ചിരട്ടയിൽ കടഞ്ഞുകടഞ്ഞ് ഒരു വർണ്ണചിത്രം മെനയുന്ന പാരമ്പര്യവഴക്കത്തിലെ നിഷ്ഠയെ നമുക്ക് തിരിച്ചറിയാനാകണമെന്നില്ല. പുതുതലമുറയിലെ ചിത്രകാരനായ തൃക്കരിപ്പൂരിലെ മനോജ് അത്യപൂർവ്വമായ ഈ ചിത്രമെഴുത്ത് ഇപ്പോഴും തുടരുന്നുണ്ട്. ഈ ചെറുപ്പക്കാരനെ പോലെയുള്ള അരവ് ചായക്കാരിലൂടെ കിടാരൻ എന്ന ചിത്രകുലം അതിന്റെ കാലത്തെ ചരിത്രത്തെ സംസ്കാരത്തെ കണ്ണിപൊട്ടാതെ കാക്കുന്നുണ്ട്.

കെ.പി. മനോജിന്റെ അരവുചായങ്ങൾ
കെ.പി. മനോജിന്റെ അരവുചായങ്ങൾ

Comments