ബിനാലെ എന്റെ ഉള്ളിലെ കാഴ്ചകളെ, എങ്ങനെ കാണണമെന്ന കാഴ്ചപ്പാടിനെ തിരുത്തിയ ഇടമാണ്. 2025- ലെത്തിനിൽക്കുമ്പോൾ ബിനാലെ അന്നുണ്ടാക്കിയ സംവാദങ്ങൾ എന്റെയുള്ളിൽ തുടരുന്നുമുണ്ട്. ബി എഫ് എ പഠനത്തിനുശേഷം കലയെ കുറിച്ച് വലിയ ധാരണകളൊന്നുമില്ലാത്ത സമയത്ത് എന്റെ ദൃശ്യകലാവിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിൽ ബിനാലെയുടെ ദൃശ്യസമ്പത്ത് വലിയ പങ്കുവഹിച്ചു. ബിനാലെക്കു മുമ്പുള്ള കൊച്ചി മറ്റേതോ കാലത്തിലേതെന്ന തോന്നലാണ് അക്കാലത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോൾ മനസ്സിൽ വരുന്നത്. കാഴ്ചയുടെ വിശാലതയാവാം അങ്ങനെ തോന്നാൻ കാരണം.
2012- ലെ തുടക്കം മുതൽ എന്റെ പാർട്ണറായ അനിൽ സേവ്യർ ബിനാലെയുടെ ഭാഗമായി പ്രവർത്തിച്ചതിനാൽ കുറെക്കൂടി ആഴത്തിൽ ബിനാലെ പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ എനിക്കായിട്ടുണ്ട്. കലാകാരരുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പുമായി ബന്ധപ്പെട്ട പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽനിന്ന് ബിനാലെയെ ഏറ്റവും പ്രൊഡക്റ്റീവായ കലാവിനിമയത്തിന്റെ ഇടമാക്കി മാറ്റുന്നതിൽ സംഘാടകരും ഒപ്പം കൂടെ നിന്ന കലാകാരരും നിർവഹിച്ച പങ്ക് ചെറുതല്ല. അനിൽ കൂടി ഭാഗമായ ബിനാലെ സപ്പോർട്ടേഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അടുത്തറിയാൻ സാധിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് ഇത്ര തെളിച്ചത്തോടെ എനിക്കിത് ഇന്ന് പറയാനാകുന്നത്.
ആദ്യ ബിനാലെ കാലം തുടങ്ങുന്നത് കോളേജ് ലൈബ്രറി പുസ്തകങ്ങളിൽ മാത്രം കാണാൻ സാധിച്ചിരുന്ന ചില വർക്കുകൾ നേരിട്ട് കാണാനായതിന്റെ സന്തോഷത്തിലാണ്. വാങേച്ചി മുത്തുവിന്റെ (Wangechi muthu) ഇൻസ്റ്റലേഷന്റെ ഓർമകളിൽ നിന്ന് തുടങ്ങി എൽ.എൻ. തല്ലൂരിന്റെ tiles, വിവാൻ സുന്ദരത്തിന്റെ മുസിരിസ് ജീവിതമൊൾക്കൊള്ളുന്ന ഇൻസ്റ്റലേഷൻ, കേരളത്തിലെ ചിത്രകാരികളായ ജലജയുടെയും സിജിയുടെയും ശോശയുടെയും ചിത്രങ്ങൾ, കെ.പി. റെജിയുടെ കപ്പൽക്കാഴ്ച, രതീഷ് ടി. യുടെ വലിയ ക്യാൻവാസിലുള്ള സർപ്പരൂപങ്ങൾ തുടങ്ങിയവയെല്ലാം കൊണ്ട് സമ്പന്നമായിരുന്നു ആ കാലം. അത്തരത്തിൽ ഓരോ വർക്കുകളും ഓർമിച്ചെടുക്കാവുന്നവിധം ഓരോ ഇടങ്ങളും പലവട്ട സന്ദർശനങ്ങളിലൂടെ, കലാകാരരുമായുള്ള സംഭാഷങ്ങളിലൂടെ പരിചിതമായിരുന്നു.

കേവല ദൃശ്യഭാഷക്കുമപ്പുറം കലയ്ക്ക് മറ്റനേകം ഭാഷകളുണ്ടെന്നും അത് പഠിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ഇത്തരം സന്ദർശനങ്ങളിലൂടെ വ്യക്തമായിരുന്നു. അന്നേവരെ ഉണ്ടായിരുന്ന ചിത്രത്തിനും ശിൽപത്തിനും അപ്പുറത്തേക്ക് വീഡിയോയുടെയും ശബ്ദത്തിന്റെയും ഇൻസ്റ്റലേഷന്റെയും വിശാലസാധ്യതയിലേക്കാണ് ബിനാലെ വിദ്യാർത്ഥികളെയും കലാകാരരെയും കൊണ്ടുപോയത്. ഇങ്ങനെയും കല ചെയ്യാനാകും എന്ന തിരിച്ചറിവാണ് ആദ്യ ബിനാലെ കാലത്ത് എനിക്കുണ്ടായത്. വികസിച്ചുവന്ന ദൃശ്യപരതയിലൂടെ കുറെക്കൂടി മുന്നോട്ടുപോകാനുള്ള ഊർജ്ജവും കുറെ സൗഹൃദങ്ങളും അന്നുണ്ടായി.
2014- ലെയും 2016- ലെയും ബിനാലെകൾ വലിയ സംവാദങ്ങൾക്ക് അവസരമൊരുക്കിയിരുന്നു. കലയുടെ ലോകത്തിൽ എന്തൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉൾക്കാഴ്ച പോലെയായിരുന്നു അത്. ബോസിന്റെയും റിയാസിന്റെയും ക്യൂറേഷനുശേഷം വന്ന ഓരോ പുതിയ ക്യൂറേഷനിലും ക്യൂറേറ്റർമാരുടെ മാജിക് പോലെ പുതിയതെന്തെങ്കിലും കരുതിവച്ചിരുന്നു. 2022- ലെ ബിനാലെ കോവിഡിനുശേഷമുള്ള പ്രശ്നകലുഷിതമായ സാഹചര്യത്തിൽ ചില കൺഫ്യൂഷനുകളിലൂടെയാണ് തുടങ്ങിയത്. ആ ക്യൂറേഷനും മികച്ചതായിരുന്നു.
ആർട്ട് ഫെയറുകളും മികച്ച ഷോകളും കേരളത്തിന് പ്രാപ്യമല്ലാതിരുന്ന കാലത്താണ് എന്നെപ്പോലുള്ള വിദ്യാർത്ഥികൾക്കും കലാകാരർക്കും സഹായകമായ രീതിയിൽ, കലയുടെ നീണ്ട ഉത്സവകാലമായി ബിനാലെ പ്ലേസ് ചെയ്യപ്പെടുന്നത്. അത് പിന്നീട് കേരളത്തിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ വർക്കുകളിലും നിഴലിച്ചു.
കലയെ കുറിച്ച് സാധാരണ ജനങ്ങളെ എഡ്യുക്കേറ്റ് ചെയ്യുന്നതിൽ ബിനാലെ വഹിച്ച പങ്ക് ചെറുതല്ല. മറ്റു കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളിസമൂഹം ദൃശ്യകലയോടു പുലർത്തുന്ന സമീപനത്തിലെ വിടവ് കുറഞ്ഞുവരുന്നതായി കാണാനാകും.
ലോകത്തിലെ മികച്ച കലാനഗരങ്ങളിൽ എന്ന പോലെ കലയുടെ പരിപ്രേക്ഷ്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതിന് അനുസൃതമായിട്ടാണ് ഇവിടെയും ആശയങ്ങൾ രൂപപ്പെട്ടുവന്നത്. പണ്ടത്തെപ്പോലെ നീണ്ട കാത്തിരിപ്പിന്റെ ദൈർഘ്യം കല റിഫ്ലക്ട് ചെയ്യുന്നതിൽ ഇപ്പോൾ കാണാനാകുന്നില്ല. കലയെ കുറിച്ച് സാധാരണ ജനങ്ങളെ എഡ്യുക്കേറ്റ് ചെയ്യുന്നതിൽ ബിനാലെ വഹിച്ച പങ്ക് ചെറുതല്ല. മറ്റു കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളിസമൂഹം ദൃശ്യകലയോടു പുലർത്തുന്ന സമീപനത്തിലെ വിടവ് കുറഞ്ഞുവരുന്നതായി കാണാനാകും. ഇത്തരത്തിൽ കൂടുതൽ സംസാരങ്ങൾ, അറിയുന്നതിനുള്ള ആകാംക്ഷ പലപ്പോഴും സാധാരണക്കാരിലുണ്ടായി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

ഹൈദരബാദിലെ പഠനശേഷമുള്ള 2018- ലെ ബിനാലെ കൂടുതൽ അടുത്തറിയാനും അതിനായി സമയം ചെലവഴിക്കാനും സാധിച്ച ഇടമായിരുന്നു. സുഹൃത്തു കൂടിയായ വിപിൻ ധനുർദ്ധരൻ്റെ കമ്യൂണിറ്റി കിച്ചനും അത്തരത്തിൽ വ്യത്യസ്ത അനുഭവം സമ്മാനിച്ചു. ഒരുമിച്ച് ഭക്ഷണമുണ്ടാക്കുന്നതും കലയായി മാറുന്നതിന്റെ വിശാലതയെ ഉൾക്കൊള്ളുന്നു എന്ന ബോധ്യം.
എന്റെ പങ്കാളി അനിൽ പ്രൊഡക്ഷൻ ടീമിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതിനാൽ എപ്പോഴും ബിനാലെ കാഴ്ചകളിലേക്കുള്ള യാത്രകൾ പതിവായിരുന്നു. ആ മൂന്ന് മാസങ്ങളും അത്രയും ഹൃദ്യമായ ഓർമകളാണ് ബാക്കിയാക്കിയത്. ആ ബിനാലെയിലാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അഞ്ജു ദോദിയയുടെ വർക്കിന്റെ ഇൻസ്റ്റലേഷനുവേണ്ടി അവർക്കൊപ്പം അസ്സിസ്റ്റ് ചെയ്യാനായത്. കടലിന്റെ വിശാലതയിലേക്ക് തുറക്കുന്ന വിശാലമായ മുറിയിലാണ്, വ്യത്യസ്ത പ്രതലങ്ങളിൽ ചെയ്തൃ അഞ്ജുവിന്റെ വർക്കുകൾ ഡിസ്പ്ലേ ചെയ്യുന്നത്. ഒരു കലാകാരി എങ്ങനെ വർക്കിനെ സമീപിക്കുന്നു, കൂടെയുള്ളവരോട് ഇടപെടുന്നു, എത്തരത്തിലാണ് ചുറ്റുപാടുകളോട് പ്രതികരിച്ച് അവർ ചിത്രങ്ങൾ രൂപപ്പെടുത്തുന്നത് എന്നെല്ലാം അന്നത്തെ ഇടപെടലുകളിലൂടെ മനസ്സിലായിട്ടുണ്ട്.
പ്രശസ്ത അന്താരാഷ്ട്ര കലാകാരനായ തോമസ് ഹിർഷ്ഹോണിന്റെ (Thomas Hirschhorn) വർക്ക് ഷോപ്പിന്റെ ഭാഗമാകാനായതും കാലടി ഫൈൻ ആർട്സ് കോളേജിൽനിന്ന് മടങ്ങുന്ന വഴി അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വരുന്നതും ഞങ്ങളുടെ ചെറിയ സ്റ്റുഡിയോയിൽ എന്റെ വർക്കുകൾ നേരിട്ട് കണ്ട് അതിനെക്കുറിച്ച് സംസാരിച്ചതുമെല്ലാം വലിയ ഓർമ്മകളാണ്. അനിലും അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നത്. അദ്ദേഹത്തിന്റെ വർക്ക് ഷോപ്പിൽ വച്ച് ഒരു കലാസൃഷ്ടിയെ എന്തെല്ലാം മാനദണ്ഡങ്ങളിലൂടെ വിലയിരുത്താം, അതിന്റെ visual element- ലൂടെ, conceptual എൻഗേജ്മെൻറിലൂടെ എങ്ങനെ മനസ്സിലാക്കാം എന്നത് പുതിയ അനുഭവമായിരുന്നു.
അത്തരത്തിൽ കലാകാരരെ കാണാനായതും സംഭാഷണങ്ങളിലൂടെ ചെറിയ പാഠങ്ങൾ ഉൾക്കൊള്ളാനായതുമെല്ലാം പഠനത്തിന്റെ ഭാഗമായിരുന്നു. ഓരോരുത്തർക്കും വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ആശയങ്ങളാകും ഓരോ കലാസൃഷ്ടിയിലൂടെയും പങ്കുവെക്കാനുണ്ടാവുക. അത്തരത്തിൽ ഏറെ വൈവിധ്യങ്ങൾ കാണാനായിട്ടുണ്ട്.

ബിനാലെ എല്ലാതരത്തിലും ദൃശ്യഭാഷയുടെ ശക്തമായ സാന്നിധ്യമായി മാറിയതോടെ ഇന്ത്യയിലെ കലാകാരർക്കിടയിൽ കൊച്ചി സവിശേഷമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഗങ്ങളിൽനിന്നുള്ള കലാസ്വാദകർ രണ്ട് വർഷത്തിലൊരിക്കൽ കൊച്ചി കാണാൻ നിർബന്ധിതരായി. ഈ കാലയളവിൽ അണിനിരക്കുന്ന collateral ഷോകളുടെയും മറ്റു ഷോകളുടെയും ഭാഗമാകാൻ പലയിടങ്ങളിൽ നിന്നുള്ള കലാസംവിധാനങ്ങൾ കൊച്ചിയിലെത്താൻ തുടങ്ങി. മൂന്നുമാസം നീളുന്ന കലയുടെ ഉത്സവത്തിന്റെ തുടക്കം എന്ന രീതിയ്ക്ക് കൊച്ചിയിലെ ഡിസംബറിന് സ്ഥാനവും ലഭിച്ചു.
കേരളത്തിന്റെ പ്രബുദ്ധതയെ, കേരളീയ സമൂഹത്തിന്റെ ദൃശ്യകലയോടുള്ള സമീപനത്തെ പോസിറ്റീവ് ആയിട്ടാണ് സ്വാധീനിച്ചിട്ടുള്ളത് ബിനാലെ എന്ന് നിസ്സംശയം പറയാനാകും. ആ സ്വാധീനം കലാവിദ്യാർത്ഥികളിലും കലകാരരിലും ഒതുങ്ങുന്നില്ല, കലയെ മമതയോടുകൂടി സമീപിക്കാനാകുന്ന ഒരു സമൂഹത്തെ കൂടി അതിന് ഉണ്ടാക്കിയെടുക്കാനായിട്ടുണ്ട്. അതിനുവേണ്ടി തുടക്കം മുതൽ ബിനാലെ നടത്തിയ പ്രവർത്തനങ്ങൾ എളുപ്പമായിരുന്നില്ല. ഇതിൽ പ്രവർത്തിച്ചവരുടെ വലിയ ത്യാഗത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും തീർത്തും വ്യത്യസ്തമായ സംഘാടന മികവിലൂടെയുമെല്ലാമാണ് അത് രൂപപ്പെട്ടുവന്നിട്ടുള്ളത്. അവരെ കൂടി ഓർക്കാതെ ബിനാലെയുടെ ഓർമ്മകൾ പൂർണമാകുന്നില്ല.
നിഖിൽ ചോപ്രയുടെയും HHArt space- ന്റെയും നേതൃത്വത്തിലുള്ള ഈ ബിനാലെ വലിയ പ്രതീക്ഷകളോടെയാണ് കലാകാരർ ഉറ്റുനോക്കുന്നത്.
