ഒരു​ കലാകാരിയുടെ
ജീവിതം മാറ്റിവരച്ച
ബിനാലെ

‘‘ബിനാലെ എനിക്കുമുന്നിൽ തുറന്നിട്ട ഏറ്റവും വലിയ സത്യം, ഏറ്റവും ശക്തമായ അനുഭവം ഇതാണ്: കല ഒരു വ്യക്തിയുടെ സ്വത്തല്ല; അത് കാണുന്നവർക്കൊപ്പം ജീവിക്കുന്നു, മാറുന്നു, വളർന്നുകൊണ്ടിരിക്കുന്നു. കൊച്ചി മുസിരിസ് ബിനാലെ എന്നെ പഠിപ്പിച്ചത് അതാണ്’’- ചിത്രകാരി അഞ്ജു ആചാര്യ എഴുതുന്നു.

കൊച്ചി മുസിരിസ് ബിനാലെ എന്നത് എനിക്കൊരു പ്രദർശനമോ പരിപാടിയോ മാത്രമല്ല, അത് തീക്ഷ്ണാനുഭവങ്ങളും കാലത്തിന്റെ ശബ്ദങ്ങളും മനുഷ്യാവസ്ഥകളുടെ സൂക്ഷ്മ വിചിത്രങ്ങളുമെല്ലാം ചേർന്ന സമ്പൂർണ കലാനുഭവമാണ്.

ഫോർട്ട് കൊച്ചിയുടെ ഈർപ്പമുള്ള കാറ്റിലൂടെ നടക്കുമ്പോൾ ശതാബ്ദങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ കലാകാരരുടെ സ്പർശത്തോടെ പുതുതായി ശ്വസിക്കുന്നു എന്നു ഞാൻ അനുഭവിക്കുന്നു. വെളിച്ചവും നിഴലും ചേർന്ന് കഥകൾ പിറവിയെടുക്കുന്നു. ചരിത്രം ഇവിടെ ഒരു പശ്ചാത്തലം മാത്രമല്ല; കലാകാരരുടെ കൈപ്പിണയത്തിൽ അത് വീണ്ടും ജീവിക്കുന്നു.

എന്നെ ഏറ്റവും ആകർഷിക്കുന്നത് ബിനാലെയിലെ അവസാനമില്ലാത്ത വ്യാഖ്യാനസ്വാതന്ത്ര്യമാണ്. ഒരു ഇൻസ്റ്റലേഷനു മുമ്പിൽ നിൽക്കുമ്പോൾ ഞാൻ കാണുന്നത് ആ മെറ്റീരിയലും അതുമായി ബന്ധപ്പെട്ട ആലോചനയും മാത്രമല്ല; എന്റെ അനുഭവങ്ങളും ചോദ്യങ്ങളും ആശങ്കകളും സന്തോഷങ്ങളുമെല്ലാം അതിലേക്കു പതിയുകയാണ്. ഒരൊറ്റ കലാസൃഷ്ടി എത്രപേർക്ക് എത്രവിധം വഴികൾ തുറക്കാം എന്ന് ഇവിടെ മനസ്സിലാക്കാം.

മറുനാടുകളിൽനിന്നുള്ള കലാകാരരുമായി സംസാരിക്കുമ്പോൾ, സമകാലിക ലോകത്തിന്റെ പല നിറങ്ങളും വേദനകളും ആവേശങ്ങളും ഒരുമിച്ച് ചേർന്ന പൊതുവായ മനുഷ്യാനുഭവം ഞാൻ കാണുന്നു. ഭാഷ വ്യത്യസ്തമായാലും, കലയുടെ നിശ്ശബ്ദരാഗം നമ്മെ ഒരേ താളത്തിലേക്ക് കൊണ്ടു പോകുന്നു.

‘‘ഫോർട്ട് കൊച്ചിയുടെ ഈർപ്പമുള്ള കാറ്റിലൂടെ നടന്നപ്പോൾ, ശതാബ്ദങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ കലാകാരന്റെ സ്പർശത്തോടെ പുതുതായി ശ്വസിക്കുന്നു എന്ന് ഞാൻ അനുഭവിക്കുന്നു’’.
‘‘ഫോർട്ട് കൊച്ചിയുടെ ഈർപ്പമുള്ള കാറ്റിലൂടെ നടന്നപ്പോൾ, ശതാബ്ദങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ കലാകാരന്റെ സ്പർശത്തോടെ പുതുതായി ശ്വസിക്കുന്നു എന്ന് ഞാൻ അനുഭവിക്കുന്നു’’.

ബിനാലെയുടെ വഴികളിലൂടെ നടന്നുപോകുമ്പോൾ, തീരത്തടിഞ്ഞുവരുന്ന തിരകളെ പോലെ, മനസ്സിൽ വീണ്ടും വീണ്ടും ഉയരുന്നത് ഒരേയൊരു ചിന്തയാണ്; ‘മനുഷ്യർ തമ്മിലുള്ള ദൂരങ്ങൾ മായ്ച്ചുകളയാനുള്ള ഏറ്റവും സൗമ്യമായ ശക്തിയാണ് കല’.

കൊച്ചിയിലെ ആ പഴമ നിറഞ്ഞ വഴികളും കെട്ടിടങ്ങളും കലയുടെ പ്രകാശത്തിൽ മെല്ലെ പ്രഭാപൂരിതമാകുമ്പോൾ, ഒരു കലാകാരി എന്ന നിലയിൽ എനിക്കത് ആത്മീയാനുഭവമാകുന്നു: വ്യക്തിപരം, പൊതുവായതും, അതേസമയം നിർവചിക്കാനാകാത്തതുമായ ഒരനുഭവം. അതുകൊണ്ടുതന്നെ, കൊച്ചി മുസിരിസ് ബിനാ​ലെ അനുഭവിക്കാനുള്ള യാത്രയാണ്; കണ്ണിലൂടെ, ചെവിയിലൂടെ, ഹൃദയത്തിലൂടെ… അങ്ങനെ, ബിനാലെ എന്നത് ഒരു വേദി മാത്രമല്ലാതാകുന്നു, അതൊരു ‘പരിവർത്തന’മായിത്തീരുന്നു.

ബിനാലെയിൽ ഞാൻ ആദ്യമായി സൃഷ്ടി പ്രദർശിപ്പിച്ചപ്പോൾ, അത് പ്രകടനത്തിനോ പ്രദർശനത്തിനോ വേണ്ടിയുള്ള അവസരം മാത്രമല്ലായിരുന്നു. അത് എന്റെ കലയെ തന്നെ പുതുതായി ചിന്തിപ്പിച്ച ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. കാണികൾ കലാസൃഷ്ടിയെ നോക്കുന്ന കണ്ണുകളിലൂടെ ഞാൻ എന്റെ സൃഷ്ടിയെ തന്നെ വീണ്ടും കണ്ടു. കലാകാരരെ സംബന്ധിച്ച് അതിലേക്കാൾ വലിയ പഠനമൊന്നില്ല.

ലോകത്തിന്റെ പല ഇടങ്ങളിൽ നിന്നെത്തിയ കലാകാരരുടെ സൃഷ്ടികളുമൊത്ത് പ്രദർശിപ്പിക്കപ്പെടുന്നത് ഒരു വലിയ ഉത്തരവാദിത്വവും അതിലും വലിയ പ്രചോദനവുമാണ്.

പ്രേക്ഷകരുമായി നിസ്സാരമായെങ്കിലും ഗൗരവമേറിയ സംഭാഷണങ്ങളുണ്ടായി. എന്റെ ഇൻസ്റ്റലേഷന്റെ മുന്നിൽ നിൽക്കുന്നവർ ചിലപ്പോൾ അതിശയത്തോടെ, ചിലപ്പോൾ ആശങ്കയോടെ, ചിലപ്പോൾ ചോദ്യങ്ങളോടെ എന്നെ സമീപിച്ചു. പലരും മലയാളികൾ തന്നെ.
“ഇത് എന്താണ് പറയുന്നത്?”
“എന്തിനാണ് ഈ രീതിയിൽ വായുവിൽ പ്രദർശിപ്പിച്ചത്?”
ഇത്തരം ചെറിയ ചോദ്യങ്ങൾ പോലും എന്റെ കലയെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. ഞാൻ ഉദ്ദേശിച്ച അർത്ഥം പ്രേക്ഷകർ പുനർനിർമിക്കുമ്പോൾ, കലയ്ക്ക് ഒരു പുതിയ ആയുസ്സു ലഭിക്കുന്നു.

ലോകത്തിന്റെ പല ഇടങ്ങളിൽ നിന്നെത്തിയ കലാകാരരുടെ സൃഷ്ടികളുമൊത്ത് പ്രദർശിപ്പിക്കപ്പെടുന്നത് ഒരു വലിയ ഉത്തരവാദിത്വവും അതിലും വലിയ പ്രചോദനവുമാണ്. വിവിധ രാജ്യങ്ങളിലെ കലാകാരർ അവരുടെ ജീവിതവും വേദനയും സാംസ്കാരിക താളങ്ങളും കലയുടെ ഭാഷയിലൂടെ തുറന്നിടുമ്പോൾ, നമ്മുടെ ലോകദർശനം തന്നെ മാറുന്നു.

കഴിഞ്ഞ മാസം ഇറ്റലിയിൽ (മിലാൻ) ഗ്രൂപ്പ്‌ എക്സിബിഷന് എനിക്ക് ക്ഷണം ലഭിച്ചത്, കഴിഞ്ഞ ബിനാലെയിൽ ഞാൻ പ്രദർശിപ്പിച്ച കലാസൃഷ്ടി Raqs Media Collective- ന്റെ ശ്രദ്ധയാകർഷിച്ചതു കൊണ്ടുമാത്രമാണ്. ബോസ് കൃഷ്ണമാചാരിക്കും അഞ്ചാം എഡിഷൻ ക്യൂറേറ്റർ ഷുബിഗി റാവുവിനുമാണ് ഇതിന് നന്ദി പറയേണ്ടത്.

ഒരു സഹകലാകാരൻ പറഞ്ഞിരുന്നു:
“Art is the language we speak even before we learn words’’.
എത്ര സത്യമാണിത്.

‘‘കലാകാരരുടെ ജീവിതം പലപ്പോഴും ഒറ്റപ്പെട്ടതായിരിക്കും. എന്നാൽ, ബിനാലെ എന്നത് സൃഷ്ടിപരമായ ഒറ്റപ്പെടലിൽനിന്ന് സാംസ്കാരിക കൂട്ടായ്മയിലേക്കുള്ള യാത്രയാണ്’’- അഞ്ജു ആചാര്യ.
‘‘കലാകാരരുടെ ജീവിതം പലപ്പോഴും ഒറ്റപ്പെട്ടതായിരിക്കും. എന്നാൽ, ബിനാലെ എന്നത് സൃഷ്ടിപരമായ ഒറ്റപ്പെടലിൽനിന്ന് സാംസ്കാരിക കൂട്ടായ്മയിലേക്കുള്ള യാത്രയാണ്’’- അഞ്ജു ആചാര്യ.

കലാകാരരുടെ ജീവിതം പലപ്പോഴും ഒറ്റപ്പെട്ടതായിരിക്കും. എന്നാൽ, ബിനാലെ എന്നത് സൃഷ്ടിപരമായ ഒറ്റപ്പെടലിൽനിന്ന് സാംസ്കാരിക കൂട്ടായ്മയിലേക്കുള്ള യാത്രയാണ്. സ്റ്റുഡിയോയിലൊതുങ്ങി, തന്നോടുതന്നെ ചോദ്യങ്ങൾ ചോദിച്ച്, തനിക്കുതന്നെ മറുപടി നൽകി മുന്നേറുന്ന ഒരു യാത്ര. അതുകൊണ്ടുതന്നെ ബിനാലെയിൽ പങ്കെടുക്കുമ്പോൾ, ഒറ്റപ്പെടലിനുപകരം സാംസ്കാരിക കൂട്ടായ്മയുടെ ഊഷ്മളം ലഭിക്കുന്നു. അത് ഒരു കുടുംബം പോലെയാണ്: വിചാരങ്ങൾ പങ്കിടുന്നവർ, സംശയങ്ങൾ ചർച്ചചെയ്യുന്നവർ, സൃഷ്ടിയിൽ വഴിതെറ്റുമ്പോൾ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നവർ.

ബിനാലെ എനിക്കുമുന്നിൽ തുറന്നിട്ട ഏറ്റവും വലിയ സത്യം, ഏറ്റവും ശക്തമായ അനുഭവം ഇതാണ്: കല ഒരു വ്യക്തിയുടെ സ്വത്തല്ല; അത് കാണുന്നവർക്കൊപ്പം ജീവിക്കുന്നു, മാറുന്നു, വളർന്നുകൊണ്ടിരിക്കുന്നു. കൊച്ചി മുസിരിസ് ബിനാലെ എന്നെ പഠിപ്പിച്ചത് അതാണ്. അത് സ്വയമൊരു കലാകാരിയാകാനുള്ള ഊർജ്ജം എനിക്കു നൽകി. അതിലും പ്രധാനമായി, എന്നെയൊരു മനുഷ്യനാക്കി.  


Summary: Kochi-Muziris Biennale, an International exhibition of contemporary art reaches it's 6th edition. Anju Acharya writes Biennale personal experiences as an Artist.


അഞ്ജു ആചാര്യ

ചിത്രകാരി. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽനിന്ന് MFA. ദേശീയ- അന്തർദേശീയ ഷോകളിൽ പ​ങ്കെടുത്തിട്ടുണ്ട്.

Comments