കോമിക് ശേഖരത്തോടൊപ്പം അരുൺ പ്രസാദ്‌ / ഫോട്ടോകൾ: കെ.ആർ. സുനിൽ

വിചി​ത്ര ചിത്രകഥാജീവിതം

ഫാന്റം, മാൻഡ്രേക്ക്​, ലോതർ, കപീഷ്, മായാവി, ഡിങ്കൻ, ബഹാദൂർ തുടങ്ങിയവരെ അടുത്ത സുഹൃത്തുക്കളാക്കിയ, ചിത്രകഥകളുടെ ഗവേഷകനും സൂക്ഷിപ്പുകാരനുമായ അരുൺപ്രസാദിന്റെ, കഥ പോലെ കൗതുകങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച്​

ട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബറിലെ ചിത്രപ്രദർശന നാളുകളിലാണ് ബാംഗ്ലൂരിൽ നിന്നെത്തിയ അരുൺ പ്രസാദിനെ പരിചയപ്പെട്ടത്. ഗ്യാലറിയിലെ തിരക്കൊഴിയുംവരെ കാത്തുനിന്ന ആ സൗമ്യനായ മനുഷ്യൻ പങ്കുവെച്ചത് കൗതുകകരവും വ്യത്യസ്തവുമായ ചില അനുഭവങ്ങൾ. അദ്ദേഹം ചിത്രകഥകളുടെ സൂക്ഷിപ്പുകാരനും ഗവേഷകനുമാണ്. കൈവശമുള്ളത് കാലങ്ങളായി പല ഭാഷകളിലിറങ്ങിയ ഇരുപതിനായിരത്തോളം ചിത്രകഥകൾ. പാഠപുസ്തകങ്ങളേക്കാൾ ചിത്രകഥകളെ സ്‌നേഹിച്ച കാലം പലരേയും പോലെ ഞാനും പിന്നിട്ടതിനാലാവാം അദ്ദേഹത്തെ കൂടുതലറിയാൻ തോന്നി.

അരുൺ പ്രസാദിന്റെ കുട്ടിക്കാലം മുത്തശ്ശി പറഞ്ഞ കഥകളാൽ സമ്പന്നമായിരുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും നാടോടിക്കഥകളും മാത്രമല്ല, ചരിത്രങ്ങൾ അറിഞ്ഞതുപോലും അന്നുകേട്ട കഥകളിലൂടെയായിരുന്നു. എന്നാൽ മുത്തശ്ശിയുടെ മരണം സ്വതവേ അന്തർമുഖനായ അരുണിന് വലിയ വേദനയും നഷ്ടവുമായി. ചിത്രകഥകളുടെ വായന ആരംഭിച്ചതും ആ നാളുകളിൽത്തന്നെ. അതിലെ കഥകളും കഥാപാത്രങ്ങളും ഉള്ളിലേക്ക് കയറിയ കാലമായിരുന്നു അത്. ഫാന്റം, മാൻഡ്രേക്ക്​, ലോതർ, കപീഷ്, മായാവി, ഡിങ്കൻ, ബഹാദൂർ തുടങ്ങിയവർ അരുണിന്റെ അടുത്ത കൂട്ടുകാരെപ്പോലെയായി. അവർ വീടിന്റെ ചുവരുകളിലും വാതിലിലും നിറഞ്ഞു, സ്വപ്നങ്ങളിൽപ്പോലും കടന്നുവന്നു. ഫാന്റത്തെയായിരുന്നു ഏറ്റവുമിഷ്ടം. പാഠപുസ്തകത്തിൽ ഫാന്റത്തെ വരച്ചുചേർത്തതിന് അധ്യാപകരിൽനിന്ന് നിരന്തരം വഴക്കുകേട്ടു. ഒരിക്കൽ ക്ലാസിൽനിന്ന് പുറത്താക്കുക പോലുമുണ്ടായി. അങ്ങനെ കുറേ സംഭവങ്ങൾ.

പത്താം ക്ലാസിലെ പഠനശേഷം സ്വന്തം സ്ഥലമായ മാവേലിക്കരയിൽ നിന്ന് അരുണിന് കുടുംബത്തോടൊപ്പം ബാംഗ്ലൂരിലേക്ക് മാറേണ്ടിവന്നു. എയർഫോഴ്‌സിൽ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ആ പറിച്ചുനടൽ. അന്ന് നഷ്ടമായത് വായനയുടെ നല്ല കാലത്തോടൊപ്പം കൈവശമുണ്ടായിരുന്ന നിരവധി ചിത്രകഥകളുമാണ്. പഠനവും തിരക്കുനിറഞ്ഞ നഗരജീവിതവും മറ്റുമായി കാലങ്ങളേറെ കടന്നുപോയി. ജേണലിസത്തിൽ ബിരുദമെടുത്ത ശേഷം പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. അതിനിടെ വിവാഹിതനുമായി. തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുത്തും വായനയുമൊതുങ്ങി, ജീവിതം തികച്ചും യാന്ത്രികമായ ആ നാളുകളിലാണ് കുട്ടിക്കാലത്ത് വായിച്ചിരുന്ന പുസ്തകങ്ങൾ ഒന്നുകൂടി കാണെണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ വീണ്ടും ആ ചിത്രകഥകൾ തേടിയിറങ്ങി. നിരാശയായിരുന്നു ഫലം. അവയിലേറെയും ഇതിനകം പ്രസിദ്ധീകരണം നിർത്തുകയും ഇഷ്ട കഥാപാത്രങ്ങളിൽ പലരും ഓർമയാവുകയും ചെയ്തിരുന്നു. അരുണിനെ വല്ലാതെ നിരാശപ്പെടുത്തിയ അറിവായിരുന്നു അത്. ഇതിനിടെ സഹപ്രവർത്തകരിലൊരാൾ പഴയ ചിത്രകഥകളിലൊന്ന് സംഘടിപ്പിച്ചുകൊണ്ടുവന്നു, പ്രിയ കഥാപാത്രമായ ഫാന്റം! മനസ്സ് പിന്നെയും കുട്ടിക്കാലത്തേക്കു മറിഞ്ഞു. വലിയ സന്തോഷമായിരുന്നു അന്നെന്ന് അരുൺ പറഞ്ഞു. ഒട്ടും താമസിയാതെ പഴയ കഥാപുസ്തകങ്ങളെ തേടിയിറങ്ങി. പലയിടങ്ങളിലായി ഒരുപാടലഞ്ഞു, ഓരോന്നായി കണ്ടെത്താനും തുടങ്ങി. ആ യാത്രകൾ ശീലമായിത്തീരുകയായിരുന്നു. തുടർന്നുള്ള കാൽ നൂറ്റാണ്ടിനിടയിൽ ശേഖരിച്ചത് വിവിധ ഭാഷകളിലെ ഇരുപതിനായിരത്തോളം ചിത്രകഥകൾ!

ബാംഗ്ലൂരിലെ ‘കോമിക്-കോൺ' ഫെസ്റ്റിവലിൽ അരുണിന്റെ ശേഖരം പ്രദർശിപ്പിച്ചപ്പോൾ ബോംബെയിൽനിന്ന് സാക്ഷാൽ അമർ ചിത്രകഥയുടെ പ്രസാധകർ വരെ അന്വേഷിച്ചെത്തി. അവരുടെ ശേഖരത്തിലില്ലാത്ത ആദ്യത്തെ ചില ലക്കങ്ങൾ കണ്ട് അത്ഭുതപ്പെട്ടു! ഞങ്ങൾ ചെയ്യേണ്ട ജോലിയാണ് താങ്കൾ ചെയ്തിരിക്കുന്നത് എന്നു പറഞ്ഞ് അമർ ചിത്രകഥയുടെ എഡിറ്ററായ റിനാപൂരി അഭിനന്ദിക്കുകയും ചെയ്തു.

ബാംഗ്ലൂർ ദൊഢബീരപ്പ സ്ട്രീറ്റിലാണ് അരുൺ പ്രസാദിന്റെ വീട്. താഴത്തെ നിലയിലെ എല്ലാ മുറികളിലും ചിത്രകഥകൾ നിറഞ്ഞിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള അൻപതിൽപ്പരം പ്രസാധകരുടെ അപൂർവ്വമായ നിരവധി ശേഖരങ്ങൾ അവിടെയുണ്ട്. ഭാഷ, കാലം, പ്രസാധകർ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് അവയെല്ലാം വിവിധയിടങ്ങളിൽ തരംതിരിച്ചിരിക്കുന്നു. ആസിഡ് ഫ്രീ ബോർഡുകളിലും പോളി പ്രൊപ്പലിൻ കവറുകളിലും പ്രത്യേകം തയ്യാറാക്കിയ അലമാരകളിലുമായാണ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. കഥകളേയും കഥാപാത്രങ്ങളേയും മനസിൽ കൊണ്ടുനടക്കുന്നവരും ഇന്ത്യക്കകത്തും പൂറത്തുമുള്ള ഗവേഷണ വിദ്യാർത്ഥികളും ആ പുസ്തകങ്ങൾ തേടിയെത്തുന്നു !

വികാരഭരിതമായ സൂക്ഷിപ്പുകൾ

അരുൺ പ്രസാദിന്റെ പ്രിയപ്പെട്ട ചിത്രകഥകളിലൊന്നാണ് ‘ഇന്ദ്രജാൽ'. വിവിധ ഭാഷകളിലായി ടൈംസ് ഓഫ് ഇന്ത്യയാണ് 1964ൽ ആ പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 803 ലക്കങ്ങൾക്കുശേഷം ചില കാരണങ്ങളാൽ 1990ൽ അവർ പ്രസിദ്ധീകരണമവസാനിപ്പിച്ചു. ഇന്ദ്രജാലിന്റെ ഇംഗ്ലീഷ്, കന്നട ഭാഷകളിലുള്ള ലക്കങ്ങൾ മുഴുവനായും മലയാളം,തമിഴ്, മറാഠി , ഹിന്ദി, ബംഗാളി തുടങ്ങിയവ ഒട്ടുമിക്കതും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അതു മാത്രമല്ല, ഇന്ത്യൻ ചിത്രകഥകളുടെ അമരക്കാരൻ എന്നറിയപ്പെടുന്നന അനന്ത പൈയുടെ നേതൃത്വത്തിൽ 1967ൽ ബോംബെയിലെ ഇന്ത്യാ ബുക്ക് ഹൗസ് തുടക്കമിട്ടതും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നതുമായ‘അമർ ചിത്രകഥ'യുടെ വിവിധ ഭാഷകളിലിറങ്ങിയ മുഴുവൻ കോപ്പികളും അരുൺ പ്രസാദ് സൂക്ഷിക്കുന്നു.

ബോംബെ, ഹൈദ്രാബാദ്, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ ചിത്രകഥാ ശേഖരം പ്രദർശിപ്പിച്ചപ്പോൾ തന്റെ തലമുറയിലെ പലരുംവന്ന് അവ കൗതുകത്തോടെ നോക്കിനിന്നതും അനുഭവമായിരുന്നു ! ചിലർ വൈകാരികതയോടെ ആ പേജുകൾ മറിച്ചു, പഴയ പുസ്തകങ്ങൾ കണ്ട് ചിലരുടെ കണ്ണുകൾ നിറഞ്ഞു. വീണ്ടും വീണ്ടും കാണാനെത്തിയവരുമുണ്ട്. ഒരിക്കൽ ബാംഗ്ലൂരിലെ ‘കോമിക്-കോൺ' ഫെസ്റ്റിവലിൽ അവ പ്രദർശിപ്പിച്ചപ്പോൾ ബോംബെയിൽനിന്ന് സാക്ഷാൽ അമർ ചിത്രകഥയുടെ പ്രസാധകർ വരെ അന്വേഷിച്ചെത്തി. അവരുടെ ശേഖരത്തിലില്ലാത്ത ആദ്യത്തെ ചില ലക്കങ്ങൾ കണ്ട് അത്ഭുതപ്പെടുകയുണ്ടായി! ഞങ്ങൾ ചെയ്യേണ്ട ജോലിയാണ് താങ്കൾ ചെയ്തിരിക്കുന്നത് എന്നു പറഞ്ഞ് അമർ ചിത്രകഥയുടെ എഡിറ്ററായ റിനാപൂരി അഭിനന്ദിക്കുകയും ചെയ്തു.

കഥാപാത്രം പോലൊരു പെൺകുട്ടി

പ്രായപൂർത്തിയായവർക്കു മാത്രമായി വിദേശത്ത് പ്രസിദ്ധീകരിച്ചിരുന്ന പ്രശസ്ത ചിത്രകഥയാണ് ആക്‌സ (AXA). ഡൽഹിയിലെ സൺ പബ്ലിഷേഴ്‌സ് അത് ഹിന്ദിയിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിരുന്നു. അർദ്ധനഗ്‌ന ശരീരങ്ങൾ വരച്ചുചേർത്ത ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിന്നീട് ഇന്ത്യയിൽ അവസാനിപ്പിച്ചു.

ബാംഗ്ലൂരിലെ തന്റെ പുസ്തക പ്രദർശനത്തിനിടെ ഒരു പെൺകുട്ടിയും അവളുടെ പിതാവും ‘ആക്‌സ സീരീസ്' കൗതുകത്തോടെ നോക്കുന്നത് അരുണിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ കാരണം പറഞ്ഞുതന്നത് ആക്‌സയുടെ പഴയ വായനക്കാരനായിരുന്ന പിതാവായിരുന്നു. തന്റെ മകൾക്ക് ചിത്രകഥയിലെ പ്രധാന കഥാപാത്രമായ‘ആക്‌സ' യുടെ രൂപസാമ്യമുള്ളതിനാൽ ആ പേരുതന്നെയാണ് അദ്ദേഹം അവൾക്കിട്ടത്! മകൾ വലുതായപ്പോൾ സ്വന്തം പേരിന്റെ ഉറവിടം പറഞ്ഞുകൊടുക്കാൻ ആ പിതാവ് മടിച്ചില്ല. അവൾക്ക് യഥാർത്ഥ ആക്‌സയെ കാണണമെന്ന് വലിയ ആഗ്രഹമായി മാറി. അങ്ങനെയാണ് അവരെത്തിയത്. അതുവരെ കാണാത്ത ആ കഥാപാത്രത്തിന്റെ ഹെയർ സ്‌റ്റൈൽ തന്നെയാണ് ആ കുട്ടിയും പിൻതുടർന്നതെന്ന കാര്യം തന്നെ അതിശയിപ്പിച്ചുവെന്നും അരുൺ പറഞ്ഞു.

സിനിമയും ചിത്രകഥയും

പ്രസിദ്ധ സിനിമകളേയും അതിലഭിനയിച്ച നടീനടൻമാരേയും കഥാപാത്രങ്ങളാക്കി നിരവധി ചിത്രകഥകളിറങ്ങിയിട്ടുണ്ട്. ചാർളി ചാപ്ലിൻ മുതൽ ഭാസി ബഹാദൂർ വരെയുള്ള നിരവധി ഉദാഹരണങ്ങൾ. അമിതാബ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ‘സുപ്രീമോ' ചിത്രകഥകൾ പ്രസിദ്ധീകരിച്ചത് സ്റ്റാർ കോമിക്‌സ് ആയിരുന്നു. പത്തു ലക്കങ്ങൾ മാത്രമായിരുന്നു അവയുടെ ആയുസ്സ്. എന്നാൽ, ഇന്നവശേഷിക്കുന്ന ചുരുക്കം ചില പഴയ കോപ്പികൾക്ക് ആവശ്യക്കാരേറെയാണ്.

അന്നിറങ്ങിയ തമിഴ് ചിത്രകഥകളിൽ പലതിലേയും നായകന് എം.ജി.ആറിന്റെ ഛായയായിരുന്നു. ദിലീപ് കുമാറിനേയും വിഷ്ണുവർദ്ധനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയും ചില പ്രസിദ്ധീകരണങ്ങളിറങ്ങി.‘ചെമ്മീൻ' സിനിമയുടെ ജനപ്രീതിയറിഞ്ഞ് ഡൽഹിയിൽ നിന്നുള്ള പ്രസാധകർ സിനിമയിലെ താരങ്ങളുടെ മുഖഛായയുള്ള കഥാപാത്രങ്ങളുമായി ചിത്രകഥ ഇറക്കിയിരുന്നു. ബോളിവുഡിലെ പോപ്പുലർ സിനിമകളെ ആസ്പദമാക്കി ‘ഡൈമണ്ട് കോമിക്‌സ്' പ്രസിദ്ധീകരിച്ചത് മുന്നൂറിൽപ്പരം ചിത്രകഥകൾ, ഇന്ത്യയിൽ ഏറ്റവുമധികം ചിത്രകഥകളിറക്കിയ ആ പ്രസാധകർ ഇന്നും സജീവമാണ്. എന്നാൽ അരുൺ ഏറ്റവുമധികം തേടിനടന്നത് പ്രിയ സംവിധായകൻ സത്യജിത്ത് റായ് ‘സന്ദേശ്' എന്ന മാഗസിനു വേണ്ടി വരച്ച ചിത്രകഥക്കു വേണ്ടിയായിരുന്നു. നീണ്ട പത്തുവർഷങ്ങൾക്കു ശേഷം കൽക്കത്തയിലെ തെരുവിൽ നിന്നാണ് സന്ദേശിന്റെ നാലു ലക്കങ്ങൾ കയ്യിൽ കിട്ടിയത്. അന്നനുഭവിച്ചത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. ഇന്ത്യൻ റെയിൽവെ, ഇന്ത്യൻ എയർലൈൻസ്, തിരുപ്പതി ക്ഷേത്രം, റിസർവ്വ് ബാങ്ക്, സ്റ്റോക് എക്‌സ്‌ചേഞ്ച് തുടങ്ങിയവർ അവരുടെ ചരിത്രം പറയുന്ന ചിത്രകഥളും പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെല്ലാം അരുണിന്റെ ശേഖരത്തിലുണ്ട്.

‘ചെമ്മീൻ' സിനിമയുടെ ജനപ്രീതിയറിഞ്ഞ് ഡൽഹിയിൽ നിന്നുള്ള പ്രസാധകർ സിനിമയിലെ താരങ്ങളുടെ മുഖഛായയുള്ള കഥാപാത്രങ്ങളുമായി പ്രസിദ്ധീകരിച്ച ചിത്രകഥ

ആണ്ടാളിനെത്തേടുന്ന അഛനും മകളും.

കൗതുകം നിറഞ്ഞ മറ്റൊരനുഭവംകൂടി പങ്കുവെച്ചു അരുൺ: ഒരിക്കൽ ചെന്നൈയിൽ നിന്ന് ഒരു റിട്ടയേഡ് പൈലറ്റ് ഒരു മെയിലയച്ചു. അദ്ദേഹത്തിന്റെ മകൾ കുറേ വർഷങ്ങളായി ‘ആണ്ടാൾ' എന്ന പഴയ തമിഴ് ചിത്രകഥ തിരയുന്നു. സെക്കൻറ്​ ഹാൻറ്​ പുസ്തകക്കടകൾ പോലുള്ള പലയിടങ്ങളിലും അവൾ അന്വേഷിച്ച് പലവട്ടം പോയെന്നും അത് തങ്ങളെ അലോസരപ്പെടുത്തുന്നു എന്നുമായിരുന്നു ആ പിതാവിന്റെ എഴുത്ത്. അരുണിന്റെ ശേഖരത്തെക്കുറിച്ച് ആയിടെ വന്ന വാർത്തയറിഞ്ഞ് സഹായമഭ്യർത്ഥിച്ചാണ് അദ്ദേഹം എഴുതിയത്.

ആ പുസ്തകം തന്റെ ശേഖരത്തിലുണ്ടോയെന്ന് ഉറപ്പില്ലെങ്കിൽക്കൂടി അതുവരെ ആ അഛനും മകൾക്കുംവേണ്ടി ഏറെ സമയമെടുത്ത് പരതി. അവസാനം ‘ആണ്ടാൾ' കൈയ്യിൽകിട്ടി ! വലിയ സന്തോഷത്തോടെയാണ് റിട്ടയേഡ് പൈലറ്റ് ആ വാർത്തകേട്ടത്. ഒരുപാട് നന്ദിയും പറഞ്ഞു, ആ ചിത്രകഥയുടെ പേജുകളുടെ പകർപ്പെടുത്ത് അയച്ചുകൊടുത്താൽ തന്റെ മകൾക്കുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. എന്നാൽ അരുൺ പ്രസാദ് അയച്ചത് ആ പുസ്തകം തന്നെയായിരുന്നു. ഒപ്പം രണ്ടുവരിയുള്ള കത്തും: ‘ഈ ചിത്രകഥയുടെ യഥാർത്ഥ അവകാശി താങ്കളുടെ മകൾ തന്നെയാണ്, ഇത് അവളുടെ കയ്യിൽ എന്നേക്കാൾ ഭദ്രമായിരിക്കുമെന്ന് വിശ്വസിക്കുന്നു'. നന്ദിവാക്കുകളുമായി ആ പിതാവിന്റെ വിളികൾ പിന്നെയും വന്നു; മകളുടെ ചെറിയ ഉപഹാരവും.
ആ കുട്ടിയെക്കുറിച്ചോ അവർ പുസ്തകം തേടി ഇത്രയും നാളുകൾ അലയാനുള്ള കാരണത്തെകുറിച്ചോ ഒരിക്കലെങ്കിലും തിരക്കിയോ എന്ന എന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അരുണിന്റെ മറുപടി.

കഥകളുടെ ചിത്രകാരൻമാർ

ഇന്ത്യൻ ചിത്രകഥയിലെ ഏറ്ററും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നാണ് ബഹാദൂർ. ഒരിക്കൽ ആ ചിത്രകഥാ പരമ്പരയിലെ പഴയ ലക്കങ്ങൾ തേടി അപരിചിതനായ ഒരാളെത്തി, ബഹാദൂറിന്റെ സ്രഷ്ടാവായ ആബിദ് സുർത്തി! മറ്റൊരിക്കൽ ഇന്ദ്രജാൽ സീരീസിനു വേണ്ടി വരച്ച ജഹാങ്കീർ കേരാവാലയേയും കണ്ടുമുട്ടി. ചിത്രകഥാ ശേഖരം പകരംതരുന്ന ചില വിസ്മയങ്ങളായിരുന്നു അതെല്ലാം. എന്നാൽ സോഷ്യൽ മീഡിയയുടെ പുതിയ കാലത്ത് കുട്ടികളിൽ ഏറെപ്പേരും കഥകൾ വായിക്കാതെയായി. അതിനാൽ പ്രസിദ്ധീകരണങ്ങളേറെയും നിർത്തലാക്കിയപ്പോൾ കഥകൾ വരച്ചിരുന്ന പലരും മറ്റു തൊഴിലുകൾ തേടാൻ നിർബന്ധിതരായി.

ഒരിക്കൽ, പ്രായമേറിയതും ക്ഷീണിതനുമായ ഒരാൾ കാണാനെത്തിയ കാര്യം അരുൺ സൂചിപ്പിച്ചു. കുട്ടിക്കാലത്തെ തന്റെ പ്രിയപ്പെട്ട ചിത്രകഥകളിലൊന്ന് വരച്ചിരുന്നത് അദ്ദേഹമായിരുന്നെന്ന് സംസാരത്തിൽ നിന്നറിഞ്ഞു. ജീവിതം പ്രതിസന്ധിയിലാണെന്നും കുടുംബം പട്ടിണിയാവുന്നത് കാണാനാവുന്നില്ലെന്നും പറഞ്ഞു. അവശേഷിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഏതിലേക്കെങ്കിലും തന്നെ ഒരു തൊഴിലിനായി ശുപാർശ ചെയ്യണം എന്നതായിരുന്നു ആ മനുഷ്യന്റെ ആവശ്യം. എന്നാൽ തന്റെ പരിമിതിയെക്കുറിച്ച് അദ്ദേഹത്തോടു പറയാൻ അരുണിന് കഴിഞ്ഞില്ല. പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം യാത്ര പറഞ്ഞിറങ്ങിയത്. ഏറെ നാളുകൾക്കുശേഷം ഒരു പ്രസിദ്ധീകരണത്തിൽ ഒഴിവുണ്ടെന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തെ തേടിയിറങ്ങി. കുറേ അന്വേഷിച്ചലഞ്ഞ ശേഷമായിരുന്നു കണ്ടെത്താനായത്. എന്നാൽ ആ കലാകാരന്റെ ഓർമകളേറേയും നഷ്ടമായിരുന്നു. വല്ലാതെ നൊമ്പരപ്പെടുത്തിയ അനുഭവമായിരുന്നു അതെന്ന് അരുൺ പ്രസാദ് പറഞ്ഞു.

ഇന്ന്, ചിത്രകഥകൾ ഗൗരവത്തോടെ സൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം പേരിലൊരാളാണ് അരുൺ പ്രസാദ്. അവ കേവലം പുസ്തകങ്ങൾ മാത്രമല്ലെന്നും ചരിത്രത്തിൽ രേഖപ്പെടാതെ പോയ കുറേ മനുഷ്യരുടെ അധ്വാനം കൂടിയാണെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.ആർ. സുനിൽ

ഫോട്ടോഗ്രാഫർ. ഇന്ത്യയിലും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തി. ‘റെഡ് ഡിവോഷൻ', ‘വാനിഷിങ് ലൈഫ് വേൾഡ്‌സ്' തുടങ്ങിയ ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Comments