സ്കൂൾ കലോത്സവങ്ങൾ ഇന്ന് വിദ്വേഷത്തിന്റെയും കുടിപ്പകയുടേയും അരങ്ങായി ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുകയാണല്ലോ. സർഗാത്മകതയുടേയും സൗഹൃദത്തിന്റെയും ഉത്സവങ്ങളാവേണ്ട ഈ വേദി ഈ വിധം മലിനമാവുന്നത് എന്തുകൊണ്ട് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരും കലാസ്നേഹികളും ചിന്തിക്കേണ്ടതിന്റെയും അടിയന്തര പരിഹാരം കാണേണ്ടതിന്റെയും സമയം അതിക്രമിച്ചു. മത്സരവും ഗ്രേസ്മാർക്കും വിജയികൾക്ക് ലഭിക്കുന്ന പല മട്ടിലുള്ള ആംഗീകാരങ്ങളുമാണ് വിദ്യാർത്ഥികളെയും അധ്യാപകരേയും രക്ഷാകർത്താക്കളെയും ഈ അനാരോഗ്യകരമായ മത്സരത്തിന് അരയും തലയും മുറുക്കി ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്.
ശരിക്കും യുവജനോത്സവ മത്സരവേദികളിൽ എന്താണ് നടക്കുന്നത് എന്നത് പ്രഹേളികയാണ്. പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്ന സഹകരണാത്മക പഠനത്തിന്റെയും സർഗാത്മക ആവിഷ്ക്കാരത്തിന്റെയും നേർവിപരീത ദിശയിലേക്കാണ് അതിന്റെ സഞ്ചാരം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഗ്ലാമർ പരിവേഷത്തെ തൊടാൻ അധികാരികളും മടിക്കുന്നു. അതിനാൽ ഈ അനാരോഗ്യകരമായ മത്സരത്തിനായി വേദികൾ നിരന്തരം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
നൃത്ത ഇനങ്ങളും വൃന്ദവാദ്യവും നാടകവും ബാന്റ് മേളവുമൊക്കെ ലക്ഷങ്ങൾ പൊടിച്ചാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നത്. മറ്റ് സംഗീത പരിപാടികളും മാപ്പിളകലകളും ഗോത്രകലാ ഇനങ്ങളും ഇത്തരം അനാരോഗ്യകരമായ മത്സരസ്വഭാവത്തിലും പണച്ചെലവിലും ഏറെ പിന്നിലല്ലാതെ ഉണ്ടുതാനും. സ്കൂളിലെ അധ്യാപകർ തന്നെ പരിശീലിപ്പിച്ച് സംസ്ഥാനതലം വരെ എത്തുന്ന അപൂർവം ഇനങ്ങൾ ഈ വിഭാഗങ്ങളിലെല്ലാം ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. രചനാമത്സരവിഭാഗത്തിൽ മാത്രമാവും പണച്ചെലവിൽ ആശ്വസിക്കാൻ വകനൽകുന്ന ഇനങ്ങളുണ്ടാവുക.
പരിശീലകരും വിധികർത്താക്കളും സംഘാടകരും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പുറമേ കലോത്സവത്തിൽ നേരിട്ട് ഇടപെടുന്നത്.
പരിശീലകരുടെ
തിണ്ണമിടുക്ക്
ഗ്രൂപ്പിനങ്ങളിലാണ് പരിശീലകർ ഏറെ നിർണായക പങ്ക് വഹിക്കുന്നത്. മോണോ ആക്ട്, കാവ്യകേളി, ഉപകരണ സംഗീതം തുടങ്ങി ചില വ്യക്തിഗത ഇനങ്ങളിലും ഇവരുടെ സ്വാധീനം ശക്തമാണ്. മത്സരിക്കുന്ന വിദ്യാർഥികളേക്കാൾ മത്സരഫലം തന്റെ നിലനിൽപ്പിനെ ബാധിക്കും എന്നതിനാൽ ഇവരിൽ ഭൂരിപക്ഷവും ഏത് മത്സരത്തിലും ഒന്നാം സ്ഥാനം എന്നതിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാവില്ല. സ്കൂളിന്റെയും രക്ഷിതാക്കളുടെയും പിന്തുണയുണ്ട് എന്ന ഉറപ്പുള്ളത്കൊണ്ട് ഇവർ നടത്തുന്ന ഇപെടലുകളാണ് മേളകളിൽ അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കുന്നത്. താൻ പരിശീലിപ്പിച്ച കുട്ടിക്ക് സമ്മാനം കിട്ടിയില്ലങ്കിൽ ഉടനെ ഇവർ വിധികർത്താക്കളെയും സംഘാടകരെയും കുറ്റം പറയും. അത് വിശ്വസിച്ച് മത്സരാർഥികളും അധ്യാപകരും രക്ഷിതാക്കളും വിധികർത്താക്കൾക്കും സംഘാടകർക്കുമെതിരെ തിരിയുകയും ചെയ്യും.
ചില പരിശീലകർ തന്റെ ശിഷ്യ / ശിഷ്യൻ ആണ് സ്റ്റേജിലുള്ളത് എന്ന് കാണിക്കാൻ വേദിക്കും വിധികർത്താക്കൾക്കും ഇടയിലൂടെ സാന്നിധ്യം അറിയിച്ച് ഉലാത്തുന്നത് കാണാം. ഒരു പവൻ ദക്ഷിണയും അതിനുപുറമെ ഒന്നും രണ്ടും ലക്ഷം രൂപ പ്രതിഫലവും വാങ്ങിയിരുന്ന തൊണ്ണൂറുകളിലെ പ്രശസ്ത നൃത്താധ്യാപികയെക്കുറിച്ച് കലോത്സവവുമായി ബന്ധമുള്ളവർ കേട്ടു കാണും. മറ്റുള്ളവരുടെ പ്രതിഫലതുകയിൽ ചെറിയ കുറവുണ്ടാവും എന്നതൊഴിച്ചാൽ ഇടപെടൽ രീതിയിൽ മാറ്റമുണ്ടാവാൻ തരമില്ല. ഇത്തരം പരിശീലകരുടെ ശിഷ്യർ മത്സരത്തിലുണ്ടെന്നു മനസ്സിലാക്കുന്ന വിധികർത്താക്കൾ തങ്ങളുടെ വിധിനിർണയം അവർക്കനുകൂലമായി മാറ്റും. പരിശീലകർ തമ്മിലുള്ള കിടമത്സരവും അടുത്ത വർഷത്തേക്കുള്ള ഇരപിടുത്തവുമായി ഓരോ കലോത്സവവേദിയും മാറുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.
വിധികർത്താക്കളുടെ
അഭ്യാസങ്ങൾ
അപൂർവം ചിലരെ മാറ്റിനിർത്തിയാൽ മറ്റുള്ളവർ വിധികർത്താക്കളാകാൻ ഉഴറി നടക്കുന്നവരാണ്. താൻ വിധികർത്താവായി ഇരുന്നിട്ടുണ്ട് എന്ന് സോഷ്യൽ മീഡിയവഴി പരസ്യപ്പെടുത്തുകയും മറ്റ് സബ്ജില്ലയിലും ജില്ലയിലും വിളിക്കപ്പെടാനുള്ള കരുക്കൾ നീക്കാനും മിടുക്കരാണിവർ. മറ്റൊരു രസകരമായ കാര്യം സബ്ജില്ല / ജില്ലാ കലാമേളകളിൽ വിധികർത്താക്കളായി വരുന്ന പലരും മറ്റ് സബ്ജില്ലയിലും ജില്ലയിലും പരിശീലകരായിരിക്കും എന്നതാണ്. തങ്ങളുടെ ശിഷ്യഗണങ്ങൾക്ക് ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ ഭീഷണിയാവാൻ സാധ്യതയുള്ള മത്സരാർത്ഥികളുടെ പരാജയം ഇവർ വിധിനിർണയിക്കുമ്പോൾ ഉറപ്പുവരുത്തും. ഇവരിലെ കൗശലക്കാർ ചെയ്യുന്ന മറ്റൊരു വിദഗ്ദ്ധ നീക്കമുണ്ട്. താൻ ഒന്നാം സ്ഥാനം നൽകാൻ ഉദ്ദേശിക്കുന്ന കുട്ടിക്ക് നൂറിൽ തൊണ്ണൂറിന് മുകളിൽ സ്കോർ നൽകും. മറ്റ് രണ്ട് വിധികർത്താക്കളും തങ്ങൾ ഒന്നാം സ്ഥാനം നൽകിയ മത്സരാർത്ഥിക്ക് അറുപതിനും എൺപതിനും ഇടയിലാണ് സ്കോർ നൽകിയതെങ്കിൽ സ്കോറുകൾ കൂട്ടിയിട്ട് വരുമ്പോൾ മത്സരഫലം താൻ ഉദ്ദേശിച്ച കുട്ടിയ്ക്ക് അനുകൂലമാക്കാൻ ഈ അധിക സ്കോർ സഹായകമാവും.
പലപ്പോഴും വിധികർത്താക്കളായി എത്തുന്നത് ആ ഇനം ജഡ്ജ് ചെയ്യാൻ യഥാർത്ഥത്തിൽ അർഹതയുള്ളവരാണെന്ന് ഉറപ്പിക്കാനും പറ്റാറില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപേ ഈ ലേഖകനുണ്ടായ ഒരനുഭവം പങ്കുവെക്കുന്നത്, വിധിനിർണ്ണയത്തിന്റെ ദുരവസ്ഥകൾ എന്തെന്ന് മനസ്സിലാവാൻ സഹായിക്കും.
അയൽ ജില്ലയിലെ ജില്ലാ കലോത്സവത്തിന് വിധികർത്താവാവാനുള്ള ക്ഷണം ഈ ലേഖകന് ലഭിക്കുന്നു. മറ്റ് വിധികർത്താക്കൾ ആരൊക്കെ എന്ന് അന്വേഷിച്ചപ്പോൾ ഒരാൾ ബാഗ്ലൂരിലെ പ്രശസ്തമായ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറാണന്നും മറ്റൊരാൾ എന്റെ തൊട്ടു മുൻ ബാച്ചിൽ ബാംഗ്ലൂരിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച മികച്ച അധ്യാപികയാണെന്നും മനസ്സിലാക്കുന്നു (അവർ ഇന്ന് പ്രശസ്തയായ ജനപ്രതിനിധിയും ഭരണാധികാരിയുമാണ്). എന്നേക്കാൾ മിടുക്കരായ വിധികർത്താക്കളുണ്ട് എന്ന ധൈര്യത്തിൽ വിധികർത്താവാകാൻ സമ്മതം മൂളുന്നു. പ്രസ്തുത ജില്ലയിൽ ഉച്ചയ്ക്ക് മുൻപേ വിധി നിർണ്ണയിക്കേണ്ട ഇനങ്ങൾ അരങ്ങേറും എന്നതിനാൽ വളരെ നേരത്തെ പുറപ്പെട്ട് രാവിലെ പത്തുമണിക്ക് മുൻപായി കലോത്സവം നടക്കുന്ന സ്കൂളിലെത്തുന്നു. വൈകീട്ട് നാലു മണിയായിട്ടും പരിപാടി തുടങ്ങുന്നില്ല എന്നുമാത്രമല്ല, കൂടെയുണ്ടാവും എന്ന് സംഘാടകർ പറഞ്ഞ വിധികർത്താക്കളെ കാണാനുമില്ല.
ഒടുവിൽ സംഘാടകരിൽ ഒരാൾ എന്നെ കൂട്ടിക്കൊണ്ടുപോകാനെത്തി. മറ്റ് വിധികർത്താക്കൾ എവിടെ എന്നന്വേഷിച്ചപ്പോൾ അവർ വേദിക്കുമുൻപിൽ ഇരിപ്പുണ്ടെന്നും പരിപാടി ആരംഭിക്കാൻ പോവുന്നു എന്നും അറിയിച്ചു. പക്ഷെ അവിടെ ഞാൻ കണ്ടത് ഇളമുറക്കാരായ രണ്ട് അധ്യാപികമാരെയാണ്. നേരത്തെ സഹവിധികർത്താക്കളായി ഉണ്ടാവും എന്ന് സംഘാടകർ പറഞ്ഞ രണ്ടുപേരും എത്തിയിട്ടില്ല. ഈ ടീച്ചർമാരാവട്ടെ പരിഭ്രമം കൊണ്ടാവാം എന്നോട് ഒന്നും സംസാരിച്ചതുമില്ല.
ആദ്യ മത്സരയിനം ടി ടി ഐ വിഭാഗത്തിന്റേതായിരുന്നു. മൂന്നുപേർ മാത്രം മത്സരിച്ച ആ ഇനത്തിൽ ഭേദപ്പെട്ടത് എന്ന് തോന്നിയ ഒന്നിന് സംസ്ഥാനതലത്തിൽ പങ്കെടുക്കണമെങ്കിൽ എ ഗ്രേഡ് നിർബന്ധമാണ് എന്നതിനാൽ 'എ' ഗ്രേഡ് നൽകുകയും മറ്റു രണ്ടുപേർക്കും 'ബി' ഗ്രേഡ് നൽകുകയും ചെയ്തു. എന്റെ സഹജഡ്‌ജസ് ഒരു ചർച്ചയ്ക്കും തയ്യാറാവാത്തതിനാൽ ഞാൻ അവരുമായി ആശയവിനിമയം നടത്തിയതുമില്ല. മത്സരഇനം പൂർത്തിയായ ഉടൻ ഞങ്ങൾ വിധിനിർണ്ണയം നടത്തിയ സ്കോർഷീറ്റ് സംഘാടകരിൽ ഒരാൾ വാങ്ങിക്കൊണ്ടുപോയി. വളരെ നേരം കാത്തിരുന്നിട്ടും സംഘാടകർ കോൺസോളിഡേറ്റഡ് സ്കോർഷീറ്റുമായി വരുന്നില്ല. ഒടുവിൽ ഒരാൾ എന്റെ അടുത്തുവന്ന് രഹസ്യമായി പറയുന്നു, ‘സാറെ, ഒന്നാം സ്ഥാനത്ത് എത്തിയ കുട്ടി സംസ്ഥാനതലത്തിൽ പോവേണ്ടുന്ന കുട്ടിയല്ലേ? സ്കോറുകൾ കൂട്ടിയിട്ടപ്പോൾ ആ കുട്ടിക്ക് ഒരു ഗ്രേഡിനും അർഹത ലഭിച്ചതായി കാണുന്നില്ല’. പ്രഗത്ഭരായ മറ്റു രണ്ടു ജഡ്ജസും എത്താതെപോയതിനാൽ ഏതോ അൺ എയ്ഡഡ് സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്ന് ഈ പാവങ്ങളെ കൂട്ടിക്കൊണ്ടുവന്നതാണ് സംഘാടകർ. ഇങ്ങനെ രണ്ടുപേരെ ഒപ്പിക്കാൻതന്നെ ഏറെ പണിപ്പെട്ടതുകൊണ്ടാണ് രാവിലെ പത്തുമണിക്ക് തുടങ്ങേണ്ട മത്സരയിനം വൈകീട്ട് നാലുമണി വരെ വൈകിയത്. വിധിനിർണയത്തിന് ഇതുവരെ ഇരുന്നിട്ടില്ലാത്ത ആ അധ്യാപികമാർ സ്‌കോർ നൂറിൽ നൽകുന്നതിനുപകരം പത്തിലാണ് നൽകിയത്. പുതിയ സ്കോർ ഷീറ്റ് നൽകി സ്‌കോറുകൾ വീണ്ടും നൂറിലാക്കിയാണ് അന്ന് ഫലപ്രഖ്യാപനം നടത്തിയത്. ഒരു ജില്ലാ കലോത്സവത്തിന്റെ വിധിർണയം ഇങ്ങനെയൊക്കെയാണ് നടക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് എത്ര ലാഘവത്തോടെയാണ് ഇക്കാര്യങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് എന്ന് നമ്മൾ തിരിച്ചറിയുക. അന്നുമുതൽ വിധികർത്താവായി മേളകൾക്കുപോകുന്ന പരിപാടി ഈ ലേഖകൻ അവസാനിപ്പിച്ചു.
വിധികർത്താക്കളെ സ്വാധീനിക്കാൻ ചില ഗ്ലാമർ സ്കൂളുകൾ കൈയ്യടിക്കാൻ ആളെ ഏർപ്പാടാക്കുന്ന പരിപാടിവരെ ഉണ്ട്. പ്രസ്തുത സ്കൂളിലെ കുട്ടികളുടെ വേദിയിലെ അവതരണ സമയത്ത് നിരന്തരം കൈയ്യടിച്ച് ഗ്രൗണ്ട് സപ്പോർട്ട് ഇന്ന കുട്ടിയ്ക്കാണ് / ഗ്രൂപ്പിനാണ് എന്ന് വിധികർത്താക്കൾക്ക് സൂചന നൽകുകയാണ് ഈ കൈയ്യടി കലാപരിപാടിയുടെ ഉദ്ദേശ്യം. അവർക്ക് ഒന്നാം സ്ഥാനം നൽകിയില്ലങ്കിൽ തടികേടാവും എന്ന സൂചനയും ഈ കൈയ്യടിയിൽ ഉള്ളടങ്ങിയിട്ടുണ്ട്. സ്വരക്ഷയ്ക്കായി മിക്ക വിധികർത്താക്കളും ഈ കൈയ്യടിയെ കണക്കിലെടുക്കാറുണ്ട് എന്നതാണ് അനുഭവം.
സംഘാടനം എന്ന കഠിനപ്രയത്നം
സ്കൂൾ കലോത്സവത്തിന്റെ പ്രധാന സംഘാടകർ സബ്ജില്ലാതലം വരെ അധ്യാപക സംഘടനകളാണ്. ജില്ലാ തലം മുതൽ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങളുടെ വിധികർത്താക്കളെ ഏർപ്പാടാക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ്. യക്ഷഗാനം, വഞ്ചിപ്പാട്ട്, പൂരക്കളി, പരിചമുട്ട്കളി, ഈ വർഷം എർപ്പെടുത്തിയ ഗോത്രകലകൾ എന്നിങ്ങനെ ചില ജില്ലകളിൽ മാത്രം പ്രചാരത്തിലുള്ള മത്സര ഇനങ്ങൾക്ക് എല്ലാ ജില്ലകളിലും വിധികർത്താവായിരിക്കാൻ ആളെ കിട്ടുക വലിയ ബുദ്ധിമുട്ടാണ്. ഈ വർഷം ഗോത്രകല ജഡ്ജ് ചെയ്യാൻ വന്ന വിധികർത്താക്കൾക്കെതിരെ ഒരു ജില്ലയിലുണ്ടായ പ്രതിഷേധം സംഘാടകർ ഈ നിലയിൽ അനുഭവിക്കുന്ന പല പ്രയാസങ്ങളിൽ ഒന്നു മാത്രമാണ്.
അപ്പീലുമായി എത്തുന്നവർ മേളയുടെ സമയക്രമീകരണം താറുമാറാക്കുന്നു എന്നതാണ് പ്രോഗ്രാം കമ്മറ്റിക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിധികർത്താക്കളായി നൂറുകണക്കിന് ആളുകളെയാണ് ഒരു മേളയ്ക്ക് കണ്ടെത്തേണ്ടത്. സംസ്ഥാന- ജില്ലാ തലങ്ങളിൽ ഈ കാര്യം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ചെയ്യുമ്പോൾ സബ്ജില്ലാ തലത്തിൽ പ്രോഗ്രാം കമ്മിറ്റിക്കാണ് ഈ ഉത്തരവാദിത്വം. താഴെത്തട്ടിലെ മേളകൾ മിക്കതും ഏകദേശം ഒരേസമയത്തിനു നടക്കുന്നതിനാൽ വിധികർത്താക്കളെ കിട്ടുക പ്രയാസമമാണ്. അഥവാ കിട്ടിയാൽ തന്നെ ഇവരിൽ ചിലർ പല കാരണങ്ങൾകൊണ്ട് അവസാന നിമിഷം പിന്മാറുന്ന അനുഭവവും ഉണ്ട്. അങ്ങനെ വരുമ്പോളാണ് ചില താത്ക്കാലിക വിധികർത്താക്കൾ ജനിക്കുന്നത്.
മാപ്പിളകലകളിലും ഫോക് ഇനങ്ങളിലും അക്കാദമിക് യോഗ്യത നേടിയവർ അപൂർവമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഇനങ്ങളുടെ വിധിനിർണയം പലപ്പോഴും വിവാദങ്ങൾക്കും വഴിവെക്കും.
സംഘാടനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ് ഭക്ഷണക്കമ്മറ്റിയും ട്രോഫിക്കമ്മറ്റിയും റിസപ്‌ഷൻ കമ്മറ്റിയുമൊക്കെ. പേരിനു ഒരു ഫിനാൻസ് കമ്മറ്റി ഉണ്ടെങ്കിലും ഇവർ സ്വന്തം നിലയിൽ പണം കണ്ടെത്തിവേണം താഴെത്തട്ടിൽ പ്രവർത്തിക്കാൻ. ഇങ്ങനെ പലമട്ടിലുള്ള പ്രശ്നങ്ങൾ നേരിട്ടാണ് ഒരു മേള സംഘടിപ്പിക്കപ്പെടുന്നത് എന്നത് മാധ്യമങ്ങളും പൊതുസമൂഹവും പലപ്പോഴും മനസ്സിലാക്കാറില്ല.
പരിഹാരം എന്ത്?
കേരളം മുന്നോട്ടുവെക്കുന്ന പാഠ്യപദ്ധതിയുടെ സ്പിരിറ്റുമായി ചേർന്നുപോകാത്ത സ്‌കൂൾ കലോത്സവം ഉപേക്ഷിക്കുക എന്നതാണ് നിലവിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനുമുള്ള ഏറ്റവും എളുപ്പവഴി. എന്നാൽ സ്‌കൂൾകലോത്സവങ്ങൾ ചില നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട് എന്നത് മറന്നുകൂടാ. അന്യം നിന്നുപോകാൻ സാധ്യതയുള്ള പല കലാരൂപങ്ങളും ഇന്ന് കലോത്സവങ്ങളിൽ മാത്രമാണ് ജീവിക്കുന്നത്. സർഗാത്മകവും കലാപരവുമായ ആവിഷ്ക്കാരങ്ങൾ മനുഷ്യസംസ്കാരത്തിൽ സുപ്രധാനമാണ് എന്ന ബോധം വിദ്യാർഥികളിൽ സൃഷ്ടിക്കാനും കലോത്സവങ്ങൾക്ക് കഴിയുന്നു. പക്ഷെ ഇന്നത്തെ രൂപത്തിൽ കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത് എന്നത് പകൽ പോലെ വ്യക്തമാണുതാനും. അപ്പോൾ കലോത്സവ സംഘാടനത്തിനു പുതിയ മാർഗങ്ങൾ തേടുക എന്നതാണ് അഭികാമ്യം.
ലോവർ പ്രൈമറി വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ടമായി പഞ്ചായത്ത് ക്ലസ്റ്റർ തലത്തിലും പിന്നീട് സബ്ജില്ലാ തലംവരെയും മാത്രമേ മത്സരമുള്ളൂ. അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കാവട്ടെ ജില്ലാതലം വരെയാണ് മത്സരങ്ങൾ. നേരത്തെ അപ്പർ പ്രൈമറി വിദ്യാർഥികൾ സംസ്ഥാനതലത്തിലും മത്സരിച്ചിരുന്നു. അത് ഒഴിവാക്കിയപ്പോൾ വലിയ വിവാദങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംഘാടനത്തിന്റെ രീതി മാറ്റുന്നതിൽ അധികാരികൾ ഏറെ ആശങ്കപ്പെടേണ്ടതില്ല എന്നർത്ഥം.
പഠന വിഷയങ്ങൾക്ക് സ്‌കോർ കൂട്ടിനൽകുന്ന ഗ്രേസ് മാർക്ക് സമ്പ്രദായം അവസാനിപ്പിക്കുകയും ജില്ലാ മേളകളിൽ 'എ' ഗ്രേഡ് നേടുന്നവർക്ക് തുടർ പഠനത്തിന് ഒരു പോയിന്റ് വെയിറ്റേജും സംസ്ഥാനതലത്തിൽ 'എ' ഗ്രേഡ് നേടുന്നവർക്ക് രണ്ടുപോയിന്റ് വെയിറ്റേജും നൽകാവുന്നതാണ്. ജില്ലാതലത്തിൽ 'എ' ഗ്രേഡിന് മുകളിൽ ‘ഒ’ ഗ്രേഡ് (outstanding - 90 % നുമുകളിൽ) നേടുന്നവർക്ക്മാത്രം സംസ്ഥാനമേളയിൽ അവതരണാനുമതി നൽകാം. ഒരിനത്തിൽ പരമാവധി രണ്ടു കുട്ടികളെ അല്ലങ്കിൽ ഗ്രൂപ്പുകളെ മാത്രമേ ഒരു ജില്ലയിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കാൻ പാടുള്ളൂ. സംസ്ഥാനതലത്തിൽ സ്‌കോർ നൽകാതെ അബ്സല്യൂട്ട് ഗ്രേഡിംഗ് രീതിയിൽ 'ഒ', 'എ', 'ബി' എന്നിങ്ങനെ ഗ്രേഡ് നൽകാം. സാങ്കേതിക പിഴവുകൊണ്ടോ അനാരോഗ്യംമൂലമോ അല്ലാതെ 'എ' ഗ്രേഡിന് താഴേക്കുപോയ ഇനങ്ങളുടെ ജില്ലാ തല വിധിനിർണയം നടത്തിയവരിൽനിന്ന് വിശദീകരണം തേടുകയും ചെയ്യാം.
കലോത്സവ ഇനങ്ങളുടെ ബാഹുല്യം കുറയ്ക്കാൻ ചില മാർഗങ്ങൾ സ്‌കൂൾ തലത്തിൽ നിലവിലുണ്ട്. സബ്ജില്ലാ തലത്തിലും ഇത്തരം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. സാഹിത്യ രചനാമത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പദ്യം ചൊല്ലൽ ഇനങ്ങൾ, മാപ്പിളകലകൾ, സംഗീത ഇനങ്ങൾ, നൃത്ത ഇനങ്ങൾ, ഫോക്ക് ഇനങ്ങൾ എന്നിവയെ ക്ലസ്റ്റർ ചെയ്ത് അവയിൽ കൂടുതൽ സ്‌കോർ നേടുന്ന രണ്ടോ മൂന്നോ ഇനങ്ങൾമാത്രം ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കുന്നതും ആലോചിക്കാം.
ഏതായാലും വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും മാധ്യമപ്രവർത്തകരും പൊതുസമൂഹവും സ്‌കൂൾ കലോത്സവത്തിലെ അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കാൻ കൂട്ടായി ആലോചിക്കേണ്ടതുണ്ട്.